(രചന: ശ്രേയ)
“ഇന്ന് അവളുടെ അവസാനമാണ്.. അവൾ എന്താ കരുതിയത് എല്ലാ കാലത്തും എന്നെ പറ്റിച്ച് സുഖമായി ജീവിക്കാം എന്നോ..?”
ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് സുനിൽ വേഗത്തിൽ പുറത്തേക്കിറങ്ങി. വീട്ടിൽ നിന്നും വണ്ടിയിൽ കയറുന്നതിന് തൊട്ടുമുമ്പ് തന്റെ ഇടുപ്പിൽ താൻ അന്വേഷിക്കുന്ന സാധനം ഇല്ലേ എന്ന് അവൻ ഒരിക്കൽ കൂടി ഉറപ്പാക്കി.
അവന്റെ കയ്യിൽ സാധനം തടഞ്ഞപ്പോൾ സന്തോഷത്തോടെ അവൻ ഒന്ന് ചിരിച്ചു. പിന്നെ വേഗത്തിൽ വണ്ടി മുന്നോട്ട് എടുത്തു.
പോകുന്ന വഴിയിൽ അവന്റെ മനസ്സിൽ ഉണ്ടായിരുന്നത് തന്റെ താലിക്ക് വേണ്ടി തലകുനിച്ചു തന്ന ഒരു പെണ്ണിന്റെ മുഖമായിരുന്നു.
പിന്നെ തന്റെ വീട്ടിൽ നിന്ന് പെട്ടിയുമായി ഇറങ്ങിപ്പോകുന്ന അവളുടെ മുഖം ഉള്ളിൽ തെളിഞ്ഞപ്പോൾ അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു.
അവന്റെ വണ്ടിയുടെ സ്പീഡ് കൂടി. അവളുടെ വീടിന്റെ അടുത്ത് എത്താറായി അപ്പോഴേക്കും അവൻ ബൈക്ക് ഓഫ് ചെയ്തു റോഡിലേക്ക് മാറ്റിവെച്ചു. പിന്നെ പതിയെ നടന്ന് അവളുടെ വീട്ടിലേക്ക് പോയി.
വഴിയിൽ കാണുന്ന പലരും അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ കല്യാണത്തിന് മറ്റോ കണ്ട പരിചയം കൊണ്ടായിരിക്കണം.
തന്നെ നോക്കി ചിരിച്ചവർക്കൊക്കെ ചെറിയ ഒരു ചിരി നൽകിക്കൊണ്ട് അവൻ മുന്നോട്ട് നടന്നു.
താൻ ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഓർത്തപ്പോൾ അവന് വലിയൊരു ടെൻഷൻ തോന്നി. അതോടെ ആരുടെയും മുഖത്ത് നോക്കാതെ തലകുനിച്ചു കൊണ്ട് അവൻ മുന്നോട്ടു നടന്നു.
അവളുടെ വീടിന്റെ മുന്നിലെത്തി കോളിംഗ് ബെൽ അടിച്ചപ്പോൾ അവൾ തന്നെ ആയിരിക്കണം വാതിൽ തുറക്കേണ്ടത് എന്ന് അവന് വല്ലാത്തൊരു ആഗ്രഹം ഉണ്ടായിരുന്നു.
അവന്റെ ആഗ്രഹം ദൈവം സാധിച്ചു കൊടുത്തതു പോലെ അവൾ തന്നെയായിരുന്നു വാതിൽ തുറന്നത്. അത് കണ്ടപ്പോൾ അവന്റെ മുഖം തെളിഞ്ഞു.
പക്ഷേ പുറത്തു നിൽക്കുന്ന അവനെ കണ്ടപ്പോൾ അവളുടെ മുഖം വീർത്തു. വേഗം തന്നെ അവൾ വാതിൽ അടയ്ക്കാൻ തുടങ്ങിയപ്പോൾ അവൻ ബലം പ്രയോഗിച്ച് അകത്തേക്ക് കയറി.
ആ ബഹളങ്ങളൊക്കെ കേട്ടു കൊണ്ട് അവളുടെ അച്ഛനും അമ്മയും പുറത്തേക്ക് വരികയും ചെയ്തു.
” അച്ഛാ അമ്മേ എനിക്ക് ഇവളോട് ഒന്ന് സംസാരിക്കണം എന്ന് ഇവളോട് പറയു..എന്നെ എന്തിനാ ഇങ്ങനെ അകറ്റി നിർത്തുന്നത്..? ഞാൻ അവളുടെ ഭർത്താവല്ലേ.? ”
വരുത്തി തീർത്ത സങ്കടം കൊണ്ട് അവൻ ചോദിച്ചപ്പോൾ അച്ഛനും അമ്മയും അവളെ ദയനീയമായി നോക്കി. അവന് പറയാനുള്ളത് കേട്ടുകൂടെ എന്നൊരു ഭാവം അവരുടെ മുഖത്തുള്ളത് അവൾക്ക് മനസ്സിലായി.
അച്ഛനെയും അമ്മയെയും തനിക്ക് ഒരുകാലത്തും വേദനിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് മാത്രമാണ് അവനുമായുള്ള വിവാഹം പോലും നടന്നത്. ഇപ്പോൾ അവനോട് സംസാരിക്കാൻ തയ്യാറാക്കുന്നതും അവർക്ക് വേണ്ടി തന്നെ.
അവനെ ഹാളിലേക്ക് സ്വീകരിച്ച് ഇരുത്തി.
“എന്താ പറയാനുള്ളത് എന്ന് വെച്ചാൽ വേഗം പറഞ്ഞിട്ട് പോകണം..”
അവൾ ശക്തമായ ഭാഷയിൽ തന്നെ അവനോട് പറഞ്ഞു. ഒരു നിമിഷം അവളെ നോക്കിയിരുന്ന അവന്റെ കണ്ണുകൾ നിറഞ്ഞു.
” നിന്നോട് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് നീ എന്നെ വിട്ടു ഇവിടെ വന്ന് നിൽക്കുന്നത്..? നമുക്കിടയിൽ എന്തെങ്കിലുമൊക്കെ ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ട് എന്ന് കരുതി അതിന്റെ ഇടയിലേക്ക് വീട്ടുകാരെ വലിച്ചിഴക്കേണ്ട എന്തെങ്കിലും കാര്യമുണ്ടോ..? ”
സങ്കടം കലർന്ന ശബ്ദത്തിൽ അവൻ ചോദിച്ചപ്പോൾ അവൾ അത്ഭുതത്തോടെ അവനെ നോക്കി. അവളുടെ അച്ഛനും അമ്മയും ആകട്ടെ അവന്റെ സംസാരം കേട്ടപ്പോൾ ആകെപ്പാടെ സങ്കടം വന്നു നിൽക്കുകയായിരുന്നു.
” നിങ്ങൾ എന്താ പറഞ്ഞത് നമ്മൾ തമ്മിൽ സൗന്ദര്യ പിണക്കം ആണെന്നോ..? ശരിക്കും അങ്ങനെയാണോ..? നിങ്ങളുടെ ഇഷ്ടം കൊണ്ടല്ല ഈ വിവാഹം നടന്നത് എന്ന് വരെ നിങ്ങൾ എന്നോട് പറഞ്ഞിട്ടില്ലേ..?
അതിന്റെ പേരിൽ ഞാൻ എന്തൊക്കെ അനുഭവിച്ചിരിക്കുന്നു..? എന്നിട്ട് അതൊക്കെയും സൗന്ദര്യ പിണക്കമാണ് എന്ന പേരിൽ തള്ളിക്കളയാൻ എന്നെക്കൊണ്ട് പറ്റില്ല.. ”
അവൾ പറഞ്ഞപ്പോൾ അവൻ ദയനീയമായി അവളെ നോക്കി.
” അത് വിവാഹം കഴിഞ്ഞ ആദ്യകാലത്ത് ഞാൻ നിന്നോട് പറഞ്ഞതല്ലേ..? അതിനുശേഷം ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല എന്ന് നിനക്ക് പറയാനാകുമോ..?
നിന്നെ ആത്മാർത്ഥമായി തന്നെയല്ലേ ഞാൻ സ്നേഹിച്ചത്..? എന്നിട്ടും ഞാൻ എന്തോ ഒരു വാക്ക് പറഞ്ഞതിന്റെ പേരിൽ ഇങ്ങനെ പിണങ്ങി മാറി നിൽക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു..? ”
പറയുന്നതിന്റെ കൂടെ അവന്റെ കണ്ണിൽ നിന്ന് കണ്ണുനീരും വരുന്നുണ്ടായിരുന്നു.
അവർക്കിടയിലുള്ള പ്രശ്നങ്ങളെക്കുറിച്ച് പൂർണ്ണമായും അറിയാത്തതു കൊണ്ട് തന്നെ അച്ഛനും അമ്മയ്ക്കും ഒന്നും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
” നിങ്ങൾ ഇങ്ങനെ വെറുതെ പഞ്ചപാവം പോലെ എന്റെ വീട്ടുകാരുടെ മുന്നിൽ അഭിനയിക്കരുത്. നിങ്ങൾ എന്നോട് ചെയ്തത് ഒന്നും മറക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല.
നിങ്ങളുടെ കൂടെ ഇനി ഒരു ജീവിതത്തിന് ഞാൻ തയ്യാറുമല്ല. അത്രത്തോളം ഞാൻ ആ വീട്ടിൽ അനുഭവിച്ചു കഴിഞ്ഞു. ”
അവൾ ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവളുടെ അമ്മ വന്നു അവളുടെ കയ്യിൽ ഒന്ന് തട്ടി.
“എന്തൊക്കെ അനാവശ്യങ്ങളാണ് നീ ഇവനോട് പറയുന്നത്..? നീ തെറ്റ് ചെയ്ത് അവിടെ നിന്ന് ഇറങ്ങി വന്നിട്ടും നിന്നെ തിരിച്ചു വിളിച്ചു കൊണ്ടു പോകാനാണ് ഇവൻ വന്നത്.
അപ്പോൾ അഹങ്കാരം കാണിച്ചു നിൽക്കാതെ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു അവന്റെ കൂടെ പോവുകയാണ് വേണ്ടത്.
വീണ്ടും വീണ്ടും നീ ഇവിടെ കടിച്ചു തൂങ്ങി നിൽക്കുന്നത് ഞങ്ങൾ നിന്റെ കൂടെ ഉണ്ടാകും എന്ന് കരുതിയിട്ടാണെങ്കിൽ നിനക്ക് തെറ്റി. തെറ്റ് നിന്റെ ഭാഗത്താണെങ്കിൽ ഒരിക്കലും ഞങ്ങൾ ആരും നിന്നെ സപ്പോർട്ട് ചെയ്യില്ല..”
അമ്മ അത് പറയുമ്പോൾ അവൾ പകപ്പോടെ അച്ഛനെ നോക്കി. അവളെ നോക്കാതെ അദ്ദേഹം മുഖം തിരിച്ചതോടെ അച്ഛനും പറയാനുള്ളത് അതൊക്കെ തന്നെയാകും എന്ന് അവൾക്ക് തോന്നി.
” നിങ്ങളൊക്കെ കരുതുന്നതു പോലെ ഞങ്ങൾക്കിടയിൽ ഉള്ളത് നിസ്സാരമായ പ്രശ്നങ്ങൾ ഒന്നുമല്ല. ദയവു ചെയ്ത് എന്നെ ഇയാളുടെ കൂടെ പറഞ്ഞയക്കരുത്..നിങ്ങൾ വേറെന്തു പറഞ്ഞാലും ഞാൻ അനുസരിച്ചോളാം.. ”
കരഞ്ഞ് കൈകൂപ്പി കൊണ്ട് അവൾ അത് പറഞ്ഞിട്ടും അച്ഛനും അമ്മയും അത് ശ്രദ്ധിക്കാതെ തങ്ങളുടെ മുറിയിലേക്ക് കയറി വാതിൽ അടച്ചു. അങ്ങനെയെങ്കിലും അവൾ അവനോടൊപ്പം പോകട്ടെ എന്ന് അവർ കരുതി.
പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.
” കണ്ടോടി നിന്റെ വീട്ടുകാർക്ക് പോലും എന്നെയാണ് വിശ്വാസം. ഇത്രയും കാലം നിന്നെ പെറ്റുവളർത്തി അവർക്ക് നിന്നെ വിശ്വാസമില്ലെങ്കിൽ പിന്നെ ഇന്നലെ നിന്നെ കണ്ട എനിക്ക് നിന്നെ എങ്ങനെ വിശ്വാസം ഉണ്ടാകാനാണ്..?
എനിക്ക് തരാനുള്ള സ്ത്രീധനമോ തന്നില്ല.. എന്നാൽ ഞാൻ പറയുന്നത് കേട്ട് മര്യാദയ്ക്ക് ജീവിക്കാൻ പറഞ്ഞാൽ അതും പറ്റില്ല.. ”
അവൻ പുച്ഛത്തോടെ ചിരിച്ചപ്പോൾ അവൾക്ക് ദേഷ്യം വർദ്ധിക്കുകയാണ് ചെയ്തത്.
” നിങ്ങൾക്ക് തരാൻ സ്ത്രീധനമായി ഇവിടെ ഒന്നും ഉണ്ടാകില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ ഇവിടേക്ക് നിങ്ങൾ കല്യാണം ആലോചിച്ചു വന്നത്..? അന്ന് നിങ്ങൾ നോക്കിയ ഒരേയൊരു ഘടകം എന്റെ സൗന്ദര്യമായിരുന്നു.
പിന്നെ നിങ്ങൾ പറഞ്ഞിട്ട് ഞാൻ അനുസരിക്കാതെ ഇരുന്ന ഏതു കാര്യത്തിനെ കുറിച്ചാണ് നിങ്ങൾ പറയുന്നത്..? നിങ്ങൾക്ക് പുറമെ നിങ്ങളുടെ കൂട്ടുകാർക്കും കൂടി ഞാൻ പായ വിരിക്കണം എന്ന് പറഞ്ഞതാണോ..?
അങ്ങനെ ചെയ്തുകൊണ്ട് എനിക്ക് നിങ്ങളുടെ ജീവിതത്തിൽ തൂങ്ങിക്കിടക്കേണ്ട ഒരു ആവശ്യവുമില്ല. പട്ടിണി കിടന്നു മരിച്ചാലും എന്റെ അഭിമാനം വിട്ട് ഞാൻ ഒന്നും ചെയ്യില്ല. ”
വാശിയോടെ അവൾ പറഞ്ഞതും അവൻ പൊട്ടിച്ചിരിച്ചതും ഒരുമിച്ച് ആയിരുന്നു.
” നീ പട്ടിണി കിടന്നു മരിക്കാൻ ഒന്നും കാത്തു നിൽക്കണ്ട. അല്ലാതെ തന്നെ അതിൽ ഞാൻ ഒരു പരിഹാരം കണ്ടുപിടിച്ചു വച്ചിട്ടുണ്ട്.. ”
വന്യമായ ഭാവത്തിൽ അവൻ പറഞ്ഞപ്പോൾ തന്നെ അവന്റെ ഉള്ളിൽ മറ്റെന്തോ ചിന്തയുണ്ട് എന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.
അവൾ പിന്തിരിഞ്ഞു ഓടാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ തന്റെ ഇടുപ്പിൽ നിന്ന് ഒരു കത്തി വലിച്ചൂരി അവൻ അവളെ കുത്തി മുറിവേൽപ്പിച്ചിരുന്നു.
അവളിൽ നിന്നും ഒരു ആർത്തനാദം ഉയർന്നു. അവളുടെ കിടപ്പും ആ കരച്ചിലും ഒക്കെ കണ്ട് ആസ്വദിച്ചുകൊണ്ട് അവൻ വീണ്ടും വീണ്ടും അവളുടെ വയറ്റിൽ കത്തി കുത്തിയിറക്കി.
പുറത്തുനിന്ന് കേൾക്കുന്ന ശബ്ദങ്ങളിൽ എന്തൊക്കെയോ വ്യത്യാസം തോന്നിയതോടെ അച്ഛനും അമ്മയും വേഗം തന്നെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. കൺമുന്നിൽ കണ്ട കാഴ്ചയിൽ അവർ പകച്ചു പോയി.
അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് തന്നെ അവൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
“മോളെ…”
ഒരു നിലവിളിയോടെ അച്ഛനും അമ്മയും അവളുടെ അടുത്തേക്ക് പാഞ്ഞ് അടുത്തു. അവൾ അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
” മറ്റുള്ള പുരുഷന്മാർക്ക് കൂടി എന്നെ പങ്കുവയ്ക്കാൻ ശ്രമിക്കുന്ന അയാളും ഞാനും തമ്മിലുള്ളത് സൗന്ദര്യ പിണക്കം ആണെന്ന് നിങ്ങളോട് ആരു പറഞ്ഞു..?
എന്റെ വാക്കുകളെ വിശ്വസിക്കാൻ ഒരിക്കലെങ്കിലും നിങ്ങൾ തയ്യാറായെങ്കിൽ എന്നെ അയാൾക്കു മുന്നിൽ ഇട്ടുകൊണ്ട് നിങ്ങൾ ഒരിക്കലും മുറിയിലേക്ക് മാറി നിൽക്കില്ലായിരുന്നു.. എന്നെ വിശ്വാസമില്ലെന്ന് തെളിയിച്ചതിന് നന്ദി.. ”
കുഴയുന്ന ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അവളുടെ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞു.
ആ മൃതശരീരവും കെട്ടിപ്പിടിച്ചുകൊണ്ട് അച്ഛനും അമ്മയും ആർത്തു കരയുമ്പോൾ അവളുടെ ആത്മാവ് അത് നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.