(രചന: ശ്രേയ)
” എന്റെ കുഞ്ഞിന്റെ കാര്യമല്ലേ.. അപ്പോൾ അഭിപ്രായം പറയാൻ എനിക്ക് അവകാശമില്ലേ..? ”
ആദ്യമായിട്ടായിരുന്നു നിലയുടെ ശബ്ദം ആ വീട്ടിൽ ഉയരുന്നത്. അവളുടെ ചോദ്യം കേട്ട് അമ്മായി അമ്മ അവളെ പുച്ഛിച്ചു.
“നിന്റെ അഭിപ്രായമൊക്കെ നീ നിന്റെ വീട്ടിൽ ചെന്ന് പറഞ്ഞാൽ മതി.. അല്ലാതെ ഇവിടെ പറയാൻ നിൽക്കണ്ട.. ഇവിടെ അഭിപ്രായം പറയാനും കാര്യങ്ങൾ തീരുമാനിക്കാനും ഞങ്ങളൊക്കെ ഉണ്ട്..”
അത് പറഞ്ഞു കഴിഞ്ഞപ്പോൾ നീള നോക്കിയത് തന്റെ ഭർത്താവിന്റെ മുഖത്തേക്ക് ആയിരുന്നു. പക്ഷേ അവിടെയും അമ്മ പറയുന്നത് അംഗീകരിക്കുന്നു എന്നൊരു ഭാവമായിരുന്നു.
ഹൃദയവേദനയോടെ അവൾ തന്റെ മുറിയിലേക്ക് കയറി. തൊട്ടിലിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ ഉള്ളം തണുക്കുന്നത് അറിഞ്ഞു.
പക്ഷേ ഇവിടെ ഇങ്ങനെ എത്ര നാൾ..?
ഇന്ന് തന്നെ വളരെ നിസ്സാരമായ ഒരു പ്രശ്നത്തിന്റെ പേരിലാണ് ഇത്രയും സംസാരം..!!
അവൾ കഴിഞ്ഞു പോയ സംഭവങ്ങൾ ഓർത്തെടുത്തു.
സാധാരണ കുഞ്ഞ് ഉറങ്ങുന്ന സമയത്താണ് തന്റെ കുളി.. പക്ഷേ ഇന്ന് മാസമുറ ആയതുകൊണ്ട് നേരത്തെ കുളിക്കാതെ പറ്റില്ല.. കുഞ്ഞിനെ അമ്മായിയമ്മയെ ഏൽപ്പിച്ചു കുളിക്കാൻ പോയത് അതുകൊണ്ടാണ്.
പക്ഷേ അതൊരു അബദ്ധമായി എന്ന് തോന്നിയത് കുളി കഴിഞ്ഞ് തിരികെ വന്നപ്പോൾ കണ്ട കാഴ്ചയിലാണ്.
താൻ വരുമ്പോൾ നാല് മാസമായ കുഞ്ഞിന് അമ്മായിയമ്മ കഞ്ഞി വെള്ളം കോരി കൊടുക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ തന്നെ ദേഷ്യം കയറി വന്നത് എവിടെ നിന്നാണ് എന്ന് പോലും അറിയില്ല..
“അമ്മയോട് ആരാ കൊച്ചിന് കഞ്ഞിവെള്ളം കൊടുക്കാൻ പറഞ്ഞത്..?”
അവൾ ചോദിച്ചപ്പോൾ അവർ ഒരു നിമിഷം ഞെട്ടിയെങ്കിലും അവളെ രൂക്ഷമായി നോക്കി.
“അങ്ങനെ കൊടുക്കുന്നതു കൊണ്ട് എന്താ കുഴപ്പം..? ഈ പ്രായത്തിൽ കുട്ടികൾക്ക് ഇതൊക്കെ തന്നെയാണ് കൊടുക്കേണ്ടത്..”
അമ്മായമ്മ വാദിച്ചപ്പോൾ അവൾക്കും ദേഷ്യം വന്നു.
” കുട്ടികൾക്ക് ദഹിക്കാവുന്ന ആഹാരങ്ങൾ വേണം കൊടുക്കാൻ. അവൾക്ക് ഇപ്പോൾ മുലപ്പാൽ അല്ലാതെ വേറൊരു സാധനവും ദഹിപ്പിക്കാൻ പറ്റില്ല. അങ്ങനെ എന്തെങ്കിലും വയറ്റിൽ എത്തിയാൽ വയറുവേദനയും ശർദ്ദിയും ഒക്കെ ഉണ്ടായെന്നു വരും. അതുകൊണ്ടല്ലേ ആറുമാസം വരെ മുലപ്പാൽ തന്നെ കുട്ടികൾക്ക് കൊടുക്കണമെന്ന് ഡോക്ടർമാർ പറയുന്നത്.. ”
അവൾ പറഞ്ഞപ്പോൾ അവർ പുച്ഛത്തോടെ ചിരിച്ചു.
“അതൊക്കെ ഇപ്പോഴത്തെ ഡോക്ടർമാർ പറയുന്നതല്ലേ.. അവർ ഇതൊക്കെ എന്ത് അറിഞ്ഞിട്ട്..? മുൻപ് ഞങ്ങളും പിള്ളേരെ ഒക്കെ വളർത്തിയതാണ്. ഞങ്ങളുടെ കുട്ടികൾ വളർന്നത് ഇതൊക്കെ കഴിച്ചിട്ട് തന്നെയാണ്. നിന്റെ കെട്ടിയോനെയും ഞാൻ അങ്ങനെ തന്നെയാണ് വളർത്തിയത്.. എന്നിട്ട് അവൻ എന്തെങ്കിലും കുഴപ്പമുണ്ടായോ.. ഇനിയുള്ള കുട്ടികളും അങ്ങനെയൊക്കെ തന്നെ വളർന്നോളും..”
അവർ പറഞ്ഞത് കേട്ട് അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു.
“അമ്മ അമ്മയുടെ മക്കൾക്ക് എന്തു കൊടുത്തു വളർത്തി എന്നല്ല ഞാൻ ചോദിച്ചത്.എന്റെ കുട്ടിക്ക് ഇത് കൊടുക്കണ്ട എന്നാണ് പറഞ്ഞത്.. ”
അവൾ അല്പം കടുപ്പത്തിൽ തന്നെയാണ് സംസാരിച്ചത്.
” നീ അതിനെ പ്രസവിച്ചു എന്ന് കരുതി നിന്റെ മാത്രം അല്ലല്ലോ..എന്റെ മകന്റെ കുട്ടിയാണ്.. അതിന്റെ കാര്യത്തിൽ എനിക്കും അവകാശമുണ്ട്.. ”
അമ്മ ഒരു പ്രതിവാദത്തിന് തയ്യാറായി തന്നെയാണ് നിൽക്കുന്നത് എന്ന് കണ്ടതോടെ അവൾ അമ്മയെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് കുഞ്ഞിനെ കയ്യിലെടുത്ത് മുറിയിലേക്ക് കയറി.
കുഞ്ഞിനെ പാല് കൊടുത്തു ഉറക്കി കൊണ്ടിരിക്കുന്ന സമയത്ത് ഭർത്താവ് തിരികെയെത്തി. അയാൾ എത്തിയപ്പോൾ തന്നെ ഇവിടെ നടന്നതൊക്കെ പലതും കൂട്ടിച്ചേർത്ത് അമ്മായിയമ്മ പറഞ്ഞു കേൾപ്പിക്കുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു.
” ഡീ…. ”
ഭർത്താവിന്റെ അലർച്ച കേട്ടപ്പോൾ തന്നെ മനസ്സിലായി അമ്മായിയമ്മ പറഞ്ഞു കൊടുത്തതൊക്കെ അവിടെ കൃത്യമായി ഏറ്റിട്ടുണ്ട്.
ഉറങ്ങിയ കുഞ്ഞിനെ തൊട്ടിലിലേക്ക് കിടത്തിയിട്ട് ചെന്നു.
“നീ അമ്മയായിട്ട് നാലുമാസമല്ലേ ഉള്ളൂ..? പക്ഷേ എന്റെ അമ്മ എന്നെ ഉൾപ്പെടെ മൂന്നു മക്കളെ വളർത്തിയതാണ്. ആ അമ്മ അനുഭവത്തിന്റെ വെളിച്ചത്തിൽ എന്തെങ്കിലും പറഞ്ഞു തരുമ്പോഴോ ചെയ്യുമ്പോഴോ നീ എന്തിനാണ് ഇങ്ങനെ പ്രശ്നമുണ്ടാക്കുന്നത്..?ഇത് ഇപ്പോൾ അമ്മ പറഞ്ഞതു പോലെ എന്റെ കൊച്ചിനെ എന്റെ വീട്ടുകാർക്ക് തൊടാൻ പോലും പറ്റാത്ത അവസ്ഥയാണല്ലോ..”
അവൻ പറഞ്ഞത് കേട്ട് സങ്കടം അവളുടെ തൊണ്ട കുഴിയിൽ തങ്ങി..
“ഇവിടെ ആരോടും കുഞ്ഞിനെ എടുക്കേണ്ടെന്ന് സ്നേഹിക്കേണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല.. പക്ഷേ അവൾക്ക് കഞ്ഞി വെള്ളം കൊടുക്കരുത് എന്ന് ഞാൻ പറഞ്ഞു. അതൊരു തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല. ഡോക്ടർമാർ പോലും അങ്ങനെ തന്നെയാണ് പറയാറ്. എന്റെ കുഞ്ഞിന്റെ ആരോഗ്യത്തെ സംബന്ധിക്കുന്ന കാര്യമായതുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞത് ഒരു തെറ്റല്ല.. ”
അവൾ ഉറപ്പോടെ മറുപടി പറഞ്ഞപ്പോൾ അമ്മായിയമ്മയുടെ മുഖം ഇരുണ്ടു.
“നീ എന്തിനാ ആവശ്യമില്ലാത്തതൊക്കെ സംസാരിക്കാൻ പോകുന്നത്..?”
അമ്മായിയമ്മയും ഉണ്ടായ വാദപ്രതിവാദം ഭർത്താവിന് തീരെ ബോധിച്ചിട്ടില്ല എന്ന് അവന്റെ ആ ചോദ്യത്തിൽ നിന്ന് തന്നെ മനസ്സിലാക്കാമായിരുന്നു.
“എന്റെ കുഞ്ഞിന്റെ കാര്യത്തിൽ എനിക്ക് അഭിപ്രായം പറഞ്ഞുകൂടെ..?”
അവളുടെ ആ ചോദ്യം അമ്മായിയമ്മയെ ചൊടിപ്പിച്ചു. അതിന്റെ പരിണിതഫലമായിരുന്നു പിന്നീട് ഉണ്ടായ വഴക്ക്.
ഒക്കെയും ഓർക്കുമ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ടെങ്കിൽ തനിക്ക് ഇവിടെ പിടിച്ചു നിൽക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ലാ എന്ന് അറിയാമായിരുന്നു.
സ്വന്തം വീട്ടിലേക്ക് തിരികെ പോകാൻ പറ്റില്ല.അച്ഛൻ മരിച്ചതോടെ അവിടുത്തെ ഭരണം ആങ്ങളയും ആങ്ങളയുടെ ഭാര്യയും കൂടിയാണ്.അമ്മ പോലും അവിടെ ഒരു അഭയാർത്ഥിയെ പോലെയാണ്.
അതിനിടയിൽ തന്നെയും കൂടി നോക്കുന്നത് അവർക്ക് ബുദ്ധിമുട്ടാണ്. പ്രസവത്തിന് തന്നെ അവിടെ ചെന്നുനിന്നത് നാത്തൂനെ തീരെ ഇഷ്ടമായിട്ടില്ല.. പക്ഷേ അത് താങ്കളുടെ കടമയാണ് എന്ന് പലതവണ ആങ്ങളയും അമ്മയും പറഞ്ഞതുകൊണ്ട് മാത്രമാണ് അങ്ങനെ ഒരു അവസരം ഉണ്ടായത്.
വിവാഹം കഴിഞ്ഞ് ആറുവർഷത്തോളം കാത്തിരുന്നതിനു ശേഷം കിട്ടിയതാണ് കുഞ്ഞിനെ. അവൾക്ക് ഒരു മുള്ള് കൊള്ളുന്നത് പോലും തനിക്ക് സഹിക്കില്ല. അങ്ങനെയുള്ളപ്പോൾ ഇന്നത്തെ അമ്മായിയമ്മയുടെ പ്രവർത്തി താൻ എങ്ങനെ ക്ഷമിക്കാനാണ്..പക്ഷേ ക്ഷമിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലല്ലോ.. പ്രതികരിക്കാനോ അഭിപ്രായത്തിനു സ്വാതന്ത്ര്യം ഇല്ലാത്ത കുറെയേറെ ജന്മങ്ങൾ..!! അതിലൊന്ന് തന്നെയാണല്ലോ താനും..!!!
അവൾ ഓർത്തു.
പിന്നീടും പലപ്പോഴും പല അവസരങ്ങളിലായി അവൾ കേട്ടു നിന്റെ അഭിപ്രായം നിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി എന്ന്.. സ്വന്തം വീട്ടിൽ എന്തെങ്കിലും കാര്യത്തിന് ഒരു അഭിപ്രായം പറഞ്ഞാൽ ഇതല്ല നിന്റെ വീട് നിന്റെ കെട്ടിയോന്റെ വീടാണ് ഇനി മുതൽ നിന്റെ വീട് എന്ന് പറയും.
കെട്ടിയോന്റെ വീട്ടിൽ ആണെങ്കിലും അത് നമ്മുടെ വീട് ഒരിക്കലും ആവില്ല എന്ന് ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തികളാണ് അമ്മായിയമ്മയുടെ.
തന്നെപ്പോലെ തന്നെ അവരും ആ വീട്ടിലേക്ക് വന്നു കയറിയതാണ് എന്നൊരു ചിന്ത പോലും ആ നിമിഷം അവർക്ക് ഉണ്ടാവില്ല. ആ വീടും അവിടെയുള്ള സകലതും അവരുടേത് മാത്രമാണ് എന്ന ചിന്തയാണ്.
സ്വന്തമായി ഒരു വീടില്ലാത്ത, എന്റേത് എന്ന് വ്യക്തമായി ഒന്നും ഉറപ്പിച്ച് പറയാൻ പറ്റാത്ത നിസ്സഹായ അവസ്ഥയിൽ നിൽക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും..
പലപ്പോഴും അവർക്ക് ആ തോന്നൽ ഉണ്ടാക്കി കൊടുക്കുന്നത് ഭർത്താവിന്റെ അമ്മയും സഹോദരിയും ഒക്കെ തന്നെയായിരിക്കും. ഒരു പെൺകുട്ടി പുതുതായി ഒരു വീട്ടിലേക്ക് വന്നു കയറുമ്പോൾ അവളെ ഏറ്റവും കംഫർട്ട് ആയി വയ്ക്കേണ്ട ആള് അവിടുത്തെ അമ്മയാണ്.
പക്ഷേ പലപ്പോഴും ആ അമ്മമാർക്ക് വന്നു കയറുന്ന പെൺകുട്ടികൾ ശത്രുക്കളായിരിക്കും.തങ്ങളുടെ സ്ഥാനം തട്ടിയെടുക്കാൻ വരുന്നവർ.. ഇന്നലെ വരെ മകന്റെ നിയന്ത്രണം തന്റെ കയ്യിൽ ആയിരുന്നെങ്കിൽ ഇന്നുമുതൽ ഇവളുടെ കയ്യിൽ ആയിരിക്കുമല്ലോ എന്ന് തോന്നലിൽ ഉണ്ടാവുന്ന ദേഷ്യം..
പലപ്പോഴും അടിസ്ഥാനരഹിതമായ ഒന്ന്..!!
ഇപ്പോഴും ഇനിയും എത്രയോ പേർ കേൾക്കുന്നു …
നീ നിന്റെ അഭിപ്രായം നിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി…!!!