ജീവിതവഴികളിൽ
(രചന: സൃഷ്ടി)
മുൻപിൽ അലയടിയ്ക്കുന്ന കടലിലേയ്ക്ക് കണ്ണും നട്ടിരിക്കുമ്പോൾ ആ കടലിനെക്കാൾ പ്രക്ഷുബ്ദമായിരുന്നു അയാളുടെ മനസ്സ്.
അയാളുടെ കയ്യിൽ ഇരുന്ന പഴയ ആ ഡയറിയിലെ താളുകൾ കടൽക്കാറ്റിൽ അതിവേഗം പാറിക്കൊണ്ടിരുന്നു. കഴിഞ്ഞ പത്തു വർഷങ്ങളായി തന്നെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ആ ഡയറിയിൽ ഉള്ളത്. അയാളുടെ കണ്ണിൽ നിന്നും വീണ നീർമണികൾ ആ ഡയറിയിൽ തട്ടി ചിതറി.
സുമലത.. സുമലതാ ഗണേഷ്. തന്റെ ഭാര്യ. വിവാഹം കഴിഞ്ഞു പത്തു വർഷം ആയിരിക്കുന്നു. വെറും പത്തൊൻപതാം വയസ്സിൽ മുപ്പത്തുകാരനായ തന്റെ ജീവിതത്തിലേക്ക് എന്തൊക്കെയോ വിധി നിയോഗങ്ങൾ കാരണം കടന്നു വന്നതാണ് അവൾ.
അന്നുതൊട്ട് താൻ കാണുന്നതാണ് അവളുടെ നിർവികാരമായ മുഖം. സദാ വിഷാദവും നിരാശയും നിറഞ്ഞ ഭാവം. ഒരു നേർത്ത പുഞ്ചിരി പോലും അപൂർവ്വമായേ കാണൂ.
ഇത്രയേറെ പ്രായവ്യത്യാസം ഉള്ള തന്നെ ഉൾക്കൊള്ളാനുള്ള പ്രയാസമായിരിക്കുമെന്ന് ആദ്യം കരുതി. ചിലപ്പോൾ സർക്കാർ ഉദ്യോഗസ്ഥനായ തന്നെ വിവാഹം ചെയ്യാൻ വീട്ടുകാർ നിർബന്ധിച്ചതാവുമെന്ന് വിശ്വസിച്ചു. പ്രണയത്തെക്കാളും വാത്സല്യമാണ് അവൾക്ക് നൽകിയത്. അവൾക്ക് പൊരുത്തപ്പെടാൻ മതിയാവോളം സമയം കൊടുത്തു.
ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്തുകൊടുത്തു. എന്തൊക്കെ ആയിട്ടും ആ മുഖം മാത്രം തെളിഞ്ഞിരുന്നില്ല. പഠിത്തം നിന്നുപോയത് കൊണ്ടാണ് വിഷമമെങ്കിൽ പഠനം തുടർന്നോളാൻ പറഞ്ഞപ്പോളും വേണ്ടെന്നു തന്നെയായിരുന്നു മറുപടി. തന്റെ വീടിന്റെ ചുവരുകൾക്കുള്ളിൽ അവൾ മറ്റൊരു ലോകത്ത് ഒതുങ്ങി.
അവളുടെ വിരസതയ്ക്ക് ഒരറുതിയെന്നോണം ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിച്ചു. അതിനുവേണ്ടി പ്രണയത്തോടെ അവളെ സമീപിച്ചപ്പോളും അവളുടെ പ്രതികരണത്തിൽ മാറ്റം കണ്ടില്ല. പക്ഷേ തന്റെ സ്നേഹം ഒരു ജീവനായി അവൾക്കുള്ളിൽ തുടിപ്പ് തുടങ്ങിയിരുന്നു.
ഒരുപക്ഷേ, താൻ മാത്രമായിരിക്കാം അവനെ ആഗ്രഹിച്ചത്. കാരണം മകന്റെ ജനനം അവളിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാക്കിയില്ല. മകന്റെ ജനനത്തോടെ ശാരീരികമായ അടുപ്പം ഒട്ടുമില്ലാതെയായി എന്ന് പറയാം.
അല്ലെങ്കിലും തെല്ലും പ്രണയമോ അടുപ്പമോ ഇല്ലാതെ എങ്ങനെ പ്രാപിക്കാൻ സാധിക്കും? തനിക്കത് വശമില്ലായിരുന്നു. പിന്നെ പറ്റുന്ന കാര്യം അവളോട് പൊരുത്തപ്പെടുക എന്നുള്ളതായിരുന്നു. ഇത്രയും വർഷം അതു തന്നെ ചെയ്തു പോന്നു.
ഇത്രയും വർഷത്തെ ദാമ്പത്യജീവിതത്തിൽ ഒന്നിച്ചുള്ള യാത്രകളോ, ഒന്നിച്ചു പങ്കെടുക്കുന്ന പരിപാടികളോ ഇല്ല. അവൾക്ക് ആവശ്യങ്ങളോ പരാതികളോ ഇല്ല. മുഖത്ത് ദേഷ്യമോ സ്നേഹമോ പരിഭവമോ ഇല്ല. എന്തിനേറെ സ്വന്തം വീട്ടിലേയ്ക്ക് പോലും അവൾ അപൂർവ്വമായേ പോയിരുന്നുള്ളൂ.
മകനോട് പോലും കൊഞ്ചലുകളോ കളിചിരികളോ ഇല്ല. അവനെ ശാസിക്കുകയോ അടിക്കുകയോ ഇല്ല. ഈ നിർവികാരതയാണ് അവളെന്ന് തന്നെപ്പോലെ അവനും ഉൾക്കൊണ്ടു കാണണം. എന്നിട്ടും എന്തോ അവളെ ഒരുപാട് ഇഷ്ടമായിരുന്നു. അതെങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ലെങ്കിൽ കൂടി.
ക്രമേണ ഒരു വീട്ടിലെ അന്തേവാസികൾ എന്ന നിലയിലേയ്ക്കോ, സൂരജിന്റെ അച്ഛനും അമ്മയും എന്ന നിലയിലേയ്ക്കോ തങ്ങൾ മാറി. മനസ്സിൽ പലപ്പോളും പല വർണ്ണസ്വപ്‌നങ്ങൾ കണ്ടിരുന്നുവെങ്കിലും എല്ലാം അവസാനം നരച്ച ഏകവർണത്തിൽ എത്തി നിന്നു.
കഴിഞ്ഞ പകലിൽ അവിചാരിതമായി ഉണ്ടായ ഒരു പണിമുടക്ക് കാരണമാണ് നേരത്തെ വീട്ടിൽ എത്തിയത്. ഉച്ച കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. കോളിങ്ങ് ബെൽ ശബ്ദം കേട്ടു വാതിൽ തുറന്ന അവളെ കണ്ടപ്പോൾ സത്യത്തിൽ വല്ലാതെ അമ്പരന്നു. രണ്ടു കണ്ണുകളും കലങ്ങി ചുവന്നിരുന്നു. അവൾ കരയുകയായിരുന്നു എന്ന് വ്യക്തം. അപ്രതീക്ഷിതമായി തന്നെ കണ്ടപ്പോൾ അവളും അമ്പരന്നിരുന്നു.
” എന്താ നേരത്തെ? ”
അവളിൽ നിന്നും ആ ചോദ്യമുണർന്നപ്പോൾ അടുത്ത ഞെട്ടലായി. പരിഭ്രമം കൊണ്ടാവണം അവൾ പതിവുകൾ മറന്ന് ആ ചോദ്യം ചോദിച്ചത്.
പണിമുടക്കായിരുന്നു എന്ന് മറുപടി കൊടുത്തു കിടപ്പുമുറിയിൽ എത്തിയപ്പോളാണ് ആദ്യമായി ഈ ഡയറി കാണുന്നത്. അവളത് എഴുതുകയായിരുന്നു എന്ന് വ്യക്തം.
പിന്നാലെ വന്ന അവൾ താൻ ഡ്രസ്സ് മാറുന്നതിനിടെ അലമാരയിലേയ്ക്ക് വെക്കുന്നത് കണ്ടപ്പോൾ അവളുടെ കണ്ണ് നനയിക്കാൻ മാത്രം അതിലെന്താണ് എന്നറിയാൻ സഹജമായ കൗതുകം തന്നിൽ ഉടലെടുത്തു. ആ കൗതുകമാണ് ഇന്ന് രാവിലെ ഈ ഡയറി എടുപ്പിച്ചതും തന്നെ ഇവിടെ എത്തിച്ചതും..
ആ ഡയറിയിൽ എന്താവുമെന്ന് ആകാംഷയോടെയാണ് വായിക്കാൻ തുടങ്ങിയത്. എന്നാൽ വായിച്ചു തീർത്തതോടെ മനസ്സാകേ ഇരമ്പുകയാണ്. ആ ഡയറി.. അത് അവൾ തന്നെയായിരുന്നു. തന്റെ ഭാര്യയായ സുമലത ഗണേഷ് അല്ല.. വെറും സുമ.. അവളുടെ ബാലേട്ടന്റെ സുമക്കുട്ടി.
മുറച്ചെറുക്കൻ ആയിരുന്ന ബാലചന്ദ്രനുമായി അവൾ പ്രണയത്തിൽ ആയിരുന്നത്രെ. അതും കൗമാരദശയുടെ ആരംഭത്തിൽ എപ്പളോ തുടങ്ങി ഇപ്പോളും അതേ തീവ്രതയോടെ നിൽക്കുന്ന പ്രണയം.
അവളുടെ ജാതകം ഇടയ്ക്ക് വില്ലനായി വന്നപ്പോൾ അവളെക്കാൾ വെറും രണ്ടു വയസ്സ് മാത്രം കൂടുതലുള്ള അവളുടെ ബാലേട്ടൻ തീർത്തും നിസ്സഹായനായി പോയി. എത്ര ശ്രമിച്ചിട്ടും അവൾക്ക് മറ്റൊരു ജീവിതം പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. കൂടാതെ ഇപ്പോളും അവളുടെ ഓർമ്മകളിൽ അവിവാഹിതനായി തുടരുന്ന അയാൾ അവളുടെ മനസ്സിനെ സദാ വിഷമിപ്പിക്കുന്നു.
അവളുടെ മനസ്സിന്റെ വേവുകളും നോവുകളും ഒക്കെ ആ ഡയറിയിൽ എഴുതിയിരുന്നു. പലയിടത്തും വിറങ്ങലിച്ചു കിടക്കുന്ന അക്ഷരങ്ങൾ അവളുടെ കണ്ണീരിനെ ഓർമ്മപ്പെടുത്തി.
അതോടെ തന്റെ മനസ്സും മരവിച്ചുപോയി. ഭാര്യയുടെ പൂർവ്വകാല പ്രണയം അറിയുന്ന ഭർത്താവ് എങ്ങനെ പ്രതികരിക്കണം? സത്യമായും അയാൾക്കതു മനസ്സിലായില്ല. ഏറെ നേരത്തെ ആലോചനകൾക്കൊടുവിൽ അയാൾ എഴുന്നേറ്റു..
വീട്ടിലെത്തിയപ്പോൾ പതിവുപോലെ അവളുണ്ട്. റൂമിലെത്തി ഡ്രസ്സ് മാറുമ്പോളേക്കും പതിവുചായ തന്ന് മടങ്ങാൻ ഒരുങ്ങിയ അവളെ അയാൾ തടുത്തു നിർത്തി. പിന്നെ ബാഗിൽ നിന്നും ആ ഡയറി എടുത്തു അവളുടെ കയ്യിൽ കൊടുത്തു. അവൾ ശരിക്കും ഞെട്ടിപ്പോയിരുന്നു. അവൾക്ക് തനിയെ കുറച്ചു സമയം കൊടുത്തു അയാൾ ഇറങ്ങിപ്പോയി.
അന്ന് രാത്രി അയാൾ കിടക്കാൻ വരുമ്പോൾ അവൾ കാത്തിരിക്കുന്നുണ്ടായിരുന്നു.
” എന്നോട്.. എന്നോട് ക്ഷമിക്കണം ”
ചിലമ്പിച്ച സ്വരത്തിൽ അവളത് പറഞ്ഞപ്പോൾ അയാൾക്ക് വാത്സല്യമാണ് തോന്നിയത്.
” ആ ഡയറിയിൽ പറഞ്ഞത് നേരാണോ? ആ ബാലചന്ദ്രൻ ഇപ്പോളും സുമലതയ്ക്കായി കാത്തിരിക്കുന്നു എന്ന്.. ഇനി ചെന്നാലും സുമലതയെ സ്വീകരിക്കുമെന്ന്.. അതോ വെറുതെ.. ”
” അല്ല.. ബാലേട്ടൻ.. ”
അവളുടെ ആ പെട്ടെന്നുള്ള പ്രതികരണത്തിൽ നിന്നു തന്നെ അവൾക്കുള്ളിൽ എത്ര ആഴത്തിൽ ആ പ്രണയമുണ്ട് എന്ന് വ്യക്തമായിരുന്നു. അയാൾ ആത്മനിന്ദയോടെ ചിരിച്ചു. അവളുടെ പത്തു വർഷത്തെ നിർവികാരതയുടെ.. തങ്ങളുടെ ജീവിതത്തിൽ നിഴലിച്ച മൗനത്തിന്റെ.. തങ്ങളുടെ ഈ നരച്ച ജീവിതത്തിന്റെ കാരണം ഇതാണ്.. അവൾക്കുള്ളിലെ ആ ബാലചന്ദ്രനോടുള്ള പ്രണയം..
ആ സ്കൂളിൽ ബാലചന്ദ്രൻ മാഷേ കാത്തിരിക്കുമ്പോൾ അയാളുടെ ഉള്ളിൽ ശാന്തതയായിരുന്നു. ബാലചന്ദ്രനോട് സുമലതയുടെ ഭർത്താവെന്നു പരിചയപ്പെടുത്തിയപ്പോൾ മുഖത്ത് മിന്നിമാഞ്ഞ നിരാശയും അതു മറച്ചുകൊണ്ട് എടുത്തണിഞ്ഞ കപട പുഞ്ചിരിയും കണ്ടു.
തങ്ങളുടെ വറ്റിവരണ്ടുപോയ ജീവിതത്തെ പറ്റി അന്യനായ ഒരാളോട് പറയുമ്പോൾ ഒട്ടും സങ്കോചം തോന്നിയില്ല. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്. ഒടുവിൽ സംസാരത്തിനോടുവിൽ പരസ്പരം ആലിംഗനം ചെയ്തു പിരിയുമ്പോൾ ഇരുവരും കണ്ണ് നിറച്ചിരുന്നു.
സുമലതയുടെ നേർക്ക് നീട്ടിയ കടലാസ് കണ്ട് അവൾ ചോദ്യഭാവത്തിൽ നോക്കി.
” ഇത് വിവാഹബന്ധം വേർപ്പെടുത്താനുള്ള അപേക്ഷയാണ്. ഞാനതിൽ ഒപ്പിട്ടു. നീയും ചെയ്യൂ ”
അവർ അമ്പരപ്പോടെ അയാളെ നോക്കി.
” ഇത്രയും നാൾ നീ പാകമല്ലാത്ത ഉടുപ്പിൽ കയറിയ പോലെ ശ്വാസം മുട്ടി കഴിഞ്ഞു. ഇനി അതു വേണ്ട. നിനക്ക് ഇനിയും നല്ലൊരു ജീവിതം ബാക്കിയുണ്ട്. അത് സമാധാനത്തോടെ സന്തോഷത്തോടെ ഇഷ്ടപ്പെട്ട ആൾക്കൊപ്പം ജീവിക്കൂ ”
അവൾക്കത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഉൾക്കൊള്ളാനും. അവളൊരുപാട് കരഞ്ഞു. അവളെ പറ്റുന്ന പോലെ സമാധാനിപ്പിക്കുമ്പോളും നെഞ്ചിൽ എരിയുന്ന നേരിപ്പൊട് മറ്റാരും അറിയാതെ സൂക്ഷിച്ചു.
സുമലതയും താനും വിവാഹമോചിതർ ആകുന്നുവെന്ന് ഞങ്ങൾക്ക് ചുറ്റുമുള്ളവരെല്ലാം അതിശയത്തോടെയാണ് നോക്കിക്കണ്ടത്. വിവരമറിഞ്ഞു വന്ന അവളുടെ വീട്ടുകാരോട് പരസ്പരം പൊരുത്തപ്പെടാൻ സാധിക്കുന്നില്ല എന്ന് വ്യക്തമായി പറഞ്ഞു.
ഒടുവിൽ നീണ്ട ആറു മാസത്തെ കാലയളവിനുള്ളിൽ സുമലതയും ഗണേഷനും രണ്ടു അന്യരായ വ്യക്തികൾ മാത്രമായി. കോടതിമുറിയിൽ നിന്നു പിരിഞ്ഞു പോരുമ്പോൾ സുമലതയ്‌ക്കൊപ്പം ബാലചന്ദ്രൻ ഉണ്ടായിരുന്നു. അവർ ഇരുവരും കൈകൂപ്പി തൊഴുതപ്പോൾ എന്തോ.. അയാളുടെ മനസ്സ് വല്ലാതെ വിങ്ങി.
ട്രെയിനിൽ ഡൽഹിയിലേയ്ക്കുള്ള യാത്രയിൽ അയാൾക്കൊപ്പം അയാളുടെ തനിപ്പകർപ്പായ മകൻ സൂരജും ഉണ്ടായിരുന്നു. സുമലതയുമായി അത്ര അടുപ്പം ഇല്ലാത്തതു കൊണ്ടാവാം.. അവളുടെ അഭാവം അവനെ വല്ലാതെ മുറിവേൽപ്പിച്ചില്ല.
ആരോടും യാത്ര പറയാതെ പോകുമ്പോൾ സുമലത അയാളുടെ മനസ്സിൽ ഒരു നോവ് തന്നെയായിരുന്നു. ആദ്യമായും അവസാനമായും പ്രണയം തോന്നിയവൾ. താൻ അറിഞ്ഞവൾ തന്നെ അറിഞ്ഞവൾ. പക്ഷേ വേണ്ട.. ആ സാധു ഇനി നന്നായി ജീവിക്കട്ടെ.. ട്രെയിൻ ആ ദേശം വിട്ടകന്നു.. ഒരുപാട് ദൂരേക്ക്..
ഇരുപത് വർഷങ്ങൾക്ക് ശേഷം…
മുന്നിൽ വന്നുനിന്ന ചെറുപ്പക്കാരൻ ആരെന്നതു മനസ്സിലാക്കാൻ സുമലതയ്ക്കോ, ബാലചന്ദ്രനോ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. ഗണേശന്റെ തനിപ്പകർപ്പായിരുന്നു അവൻ.. സൂരജ്..
സുമലത താൻ ജന്മം കൊടുത്ത മകനെ വർഷങ്ങൾക്ക് ശേഷം കണ്ടതിന്റെ ഞെട്ടലിൽ ആയിരുന്നു.. അവൻ വളർന്നു വലിയൊരു കമ്പനിയിൽ ചാർട്ടെഡ് അക്കൗണ്ടന്റ് ആയിരിക്കുന്നു
” ഗണേഷ് സാറിനു സുഖമാണോ മോനെ? ”
ബാലചന്ദ്രൻ ചോദിച്ചപ്പോൾ സൂരജിന്റെ കണ്ണുകൾ സുമയുടെ മുഖത്തായിരുന്നു. അവരുടെ കണ്ണുകളിലും അതേ ചോദ്യം..
” അച്ഛൻ.. അച്ഛൻ മരിച്ചു.. കഴിഞ്ഞ വർഷം. ഞങ്ങൾ അപ്പോൾ സെക്കന്ദ്രബാദിൽ ആയിരുന്നു. അച്ഛന്റെ ആഗ്രഹമായിരുന്നു ഇവിടെ തിരുന്നെല്ലിയിൽ വെച്ച് ബലി ഇടണമെന്ന്. ഞാൻ അതിനു വന്നതാണ്. അപ്പോൾ ഒന്ന് കാണണം എന്ന് തോന്നി.. നാളെ ഞാൻ തിരിച്ചു പോകും ”
നോർത്തിന്ത്യൻ ചുവയുള്ള മലയാളത്തിൽ സൂരജ് പറഞ്ഞത് കേട്ട് സുമലത തരിച്ചു നിന്നുപോയി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. ബാലചന്ദ്രനും ആകെ പതറിയിരുന്നു.
” ഒന്ന് കാണണം എന്നേ ഉണ്ടായിരുന്നുള്ളൂ.. പോട്ടെ.. ”
അവൻ എണീറ്റപ്പോൾ രണ്ടു പെൺകുട്ടികൾ കയറി വന്നു. സുമലതയുടെ ഇളം മുഖങ്ങൾ അവൻ കൗതുകത്തോടെ നോക്കി.
” ഇത്.. മക്കളാണ്. ഗോപികയും ശാരികയും.. ”
അവൻ അവരേ കണ്ണെടുക്കാതെ നോക്കി.. ഇവരുടെ മക്കൾ എങ്കിൽ, താൻ പിറന്ന അതേ ഉദരത്തിൽ ജന്മം കൊണ്ടവർ.. അനുജത്തിമാർ.. അവന്റെ മനസ്സൊന്നു തുടിച്ചു.. അവൻ പോക്കെറ്റിൽ നിന്നും കുറെ പൈസയെടുതു അവരുടെ കയ്യിൽ കൊടുത്തു.
” ഇവർ.. എനിക്ക് അറിയില്ലായിരുന്നു.. ഇഷ്ടമുള്ള എന്തെങ്കിലും വാങ്ങണം കേട്ടോ ”
ആ പെൺകുട്ടികൾ പകച്ചുകൊണ്ട് അവരുടെ അച്ഛനെ നോക്കി..
” വാങ്ങിച്ചോളു.. ഏട്ടനാണ് ”
പെൺകുട്ടികൾ അവനെ നോക്കി പുഞ്ചിരിച്ചു. അവന്റെ മനസ്സും കണ്ണും നിറഞ്ഞു.
” വരട്ടെ.. ”
അവൻ പോകാനായി ഇറങ്ങി..
” നാട്ടിൽ വരണം ഇടയ്ക്ക് ഇതുപോലെ.. ആരുമില്ല എന്ന് കരുതരുത്. ഞങ്ങൾ ഉണ്ട്. അമ്മയും അച്ഛനും തന്നെയാണ് ”
ബാലചന്ദ്രൻ നിറമിഴികളോടെ അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ അവന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.. അവന്റെ അച്ഛൻ പകർന്ന് കൊടുത്ത സ്നേഹത്തിന്റെ പുഞ്ചിരി…