എൻ്റെ പുലിക്കുട്ടി
(രചന: വൈഖരി)
പെണ്ണുകാണാൻ പോയ അന്നു തന്നെ മനസിൽ ഉറപ്പിച്ചതാണ് നല്ല പാതിയായി അവൾ മതിയെന്ന്..
അവളുടെ ഭംഗിയുള്ള ചിരിയും കുസൃതിക്കണ്ണുകളും വല്ലാതെ ഇഷ്ടപ്പെട്ടു.. അങ്ങനെ പെൺകുട്ടികളില്ലാത്ത ഞങ്ങളുടെ വീട്ടിൽ ഒരംഗമായി അവൾ വന്നു.
പുതുമോടിയെല്ലാം പതിയെ തീർന്നു. അവൾ വീടുമായി ഇണങ്ങി ചേർന്നു. എല്ലായിടത്തും അവൾ.. അവളുടെ ശബ്ദം.. അവളുടെ ചിരി
അനിയനും അവളും ഒരമ്മ പെറ്റ മക്കളെപ്പോലെ കൂട്ടാണ്..
പക്ഷേ പതിയെ അമ്മയിൽ ഒരു ഭാവമാറ്റം വരുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അത് പതിയെ അച്ഛനിലേക്കും പടർന്നു.
അനിയനും അവളും ഇതൊന്നും അറിഞ്ഞിട്ടില്ല. എന്തായിരിക്കും കാരണം എന്ന് എത്ര ചിന്തിച്ചിട്ടും പിടി കിട്ടിയില്ല .
ആയിടയ്ക്കാണ് ഒരു ദിവസം അവൾ വീട്ടിൽ നിൽക്കാൻ പോയത്. പഴയ പോലെ ഞങ്ങൾ അച്ഛനും അമ്മയും ആൺമക്കളും മാത്രമുള്ള ആ വൈകുന്നേരം , ഞാൻ അവരോടായി ചോദിച്ചു
” അമ്മയ്ക്കും അച്ഛനും അമ്മുവിനോട് വല്ല പിണക്കവും ഉണ്ടോ?”
പ്രതീക്ഷിക്കാതിരുന്നതു കൊണ്ടോ, മൂന്നു പേരും ഞെട്ടി
“ഒന്നു പോയേ ഏട്ടാ.. അമ്മുച്ചേച്ചി വന്നപ്പളാ ഇതൊരു വീടായേ.. ചേച്ചി ഇല്ലാഞ്ഞിട്ട് ആകെ വട്ടായി… ഏട്ടൻ അതിനെ പോയി കൊണ്ടോരാൻ നോക്ക്”
” നീ മിണ്ടാതിരിക്ക് അച്ചൂ …അമ്മേം അച്ഛനും ഒന്നും പറഞ്ഞില്ലല്ലോ?”
” എന്ത് പറയാൻ ഞങ്ങളെ ആദ്യായി അച്ഛാന്നും അമ്മേ ന്നും വിളിച്ച മോളാണ്.. അതിനോട് പിണങ്ങാൻ പറ്റ്വോടാ …”
“അതല്ലച്ഛാ.. അമ്മക്ക് എന്തോ വിഷമം ഉള്ള പോലെ തോന്നി.. എന്നെങ്കിലും വിഷയം ഉണ്ടെങ്കിൽ തുടക്കത്തിൽ തന്നെ തീർക്കാലോ എന്ന് കരുതി.. അല്ലാതെ.”
”എടാ അപ്പൂ.. ”
“വിശ്വേട്ടാ…. ”
എന്തോ പറയാൻ വന്ന അച്ചനെ അമ്മ വിലക്കി. അമ്മയുടെ മുഖം ഗൗരവത്തിലായിരുന്നു.
” അപ്പൂ.. അമ്മു നല്ല മോളാണ്.. നിൻ്റെ അനിയൻ പറഞ്ഞത് പോലെ ഈ വീടിൻ്റെ തെളിച്ചം അവളുടെ ചിരിയാണ്. പക്ഷേ… ”
“എന്താമ്മേ ?” ഞാൻ ആകുലതയോടെ ചോദിച്ചു.
” അപ്പൂ.. പക്ഷേ അവളുടെ കാര്യത്തിൽ എനിക്ക് പേടിയുണ്ടെടാ.. ഞാൻ ഒന്നു വീണാൽ നിങ്ങൾക്കൊക്കെ ആരുണ്ട്? നാഴിയരിയിട്ട് കഞ്ഞി വെക്കണമെങ്കിൽ അച്ഛൻ വേണ്ടി വരും.
അതോർക്കുമ്പോ ആകെ ഒരു ആധി . നേരിട്ട് അതിനോടിത് പറയാൻവയ്യ.. എന്നാൽ തനിയെ മനസ്സിലാക്കുന്നുമില്ല..” അമ്മ പറഞ്ഞു നിർത്തി…
ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. കിടക്കാൻ നേരം ഓർത്തു.. അമ്മ പറഞ്ഞത് ശരിയാണ്. കാലത്ത് എണീക്കാൻ മടിയാണ്.. താൻ ഉന്തിത്തള്ളി വിടണം.
പിന്നെ അമ്മ അടുക്കളയിൽ പണികളൊക്കെ ചെയ്യുമ്പോ അവൾ അവിടെയൊക്കെ നടക്കുന്നുണ്ടാവും. മൊത്തത്തിൽ ഒരു അലസതയും കുട്ടിക്കളിയും..
പക്ഷേ, ദേഷ്യക്കാരനായ അച്ഛനോട് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കാനും ,
ഗൗരവക്കാരിയായ അമ്മക്ക് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനും , അച്ചുവുമായി അടി കൂടി ഈ വീടിനെ ഉണർത്താൻ അമ്മുവിന് കഴിഞ്ഞിരുന്നു.
നല്ലൊരു കൂട്ടുകാരിയും ഭാര്യയും മകളും ഒക്കെയാണെങ്കിലും , നല്ലൊരു മരുമകൾ അഥവാ കുടുംബിനിയായി അവൾ അത്ര പോര എന്ന് സാരം. എന്തായാലും ചെറിയ രീതിയിൽ ഒന്ന് ഉപദേശിക്കാനും ബാക്കി അതിൻ്റെ വഴിക്ക് വിടാനും തീരുമാനിച്ചു.
കാര്യങ്ങൾ അങ്ങനെ തന്നെ മുന്നോട് പോകുമ്പോഴാണ് അവിചാരിതമായി അമ്മ മുറ്റത്ത് തെന്നി വീഴുന്നതും, ഒരാഴ്ച റെസ്റ്റ് പറയുന്നതും.
ഇനിയെന്ത് എന്നത് വലിയൊരു ചോദ്യചിഹ്നമായി
” എല്ലാവരും കൂടി എന്തെങ്കിലും ചെയ്യ് വന്നു കഴിക്കുന്ന അത്ര സുഖമില്ല ഇതൊക്കെ ഉണ്ടാക്കാൻ എന്ന് മനസിലാവട്ടെ”
അമ്മയുടെ വാക്കുകളിൽ സങ്കടവും ദേഷ്യവും നിസ്സഹായതയും ഒക്കെ ഉണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റു. അടുത്ത് അമ്മുവില്ല സാധാരണ മൂടിപ്പുതച്ച് ഉറക്കമാണ് പതിവ്..
തെരഞ്ഞ് അടുക്കള വരെ എത്തി. അതാ അമ്മു ഞാൻ വന്നത് കണ്ടിട്ടില്ല. പാട്ടൊക്കെ വെച്ച് പണിയിലാണ്. കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട് .
അടുപ്പത്ത് ചോറിന് വെള്ളം കളിക്കുന്നു ‘ അവൾ കൂട്ടാനും മറ്റും കഷ്ണം അരിയുന്നുണ്ട്. എന്നെ കണ്ടതും ചിരിച്ചു കൊണ്ട് ചായ എടുത്തു തന്നു.
ആകെപ്പാടെ ഒരു മാറ്റം.. അവളെ സഹായിക്കാൻ തുടങ്ങിയപ്പോൾ അവൾ ചിരിച്ചോണ്ട് തടഞ്ഞ്, അച്ഛനും അച്ചൂനും ചായ തന്നു. ഞാനതുമായി ചെല്ലുമ്പോൾ അമ്മയും അച്ഛനും അച്ചുവും അതേ അവസ്ഥയിലാണ്.
കൃത്യസമയത്ത് ബ്രേക്ക് ഫാസ്റ്റിനുള്ള വിളി വന്നു. ദോശയും ചട്ണിയുമാണ്. അമ്മയാണെങ്കിൽ ഒരു ചമ്മന്തിപ്പൊടി കൂടെ കാണും.
” ഒന്ന് അഡ്ജസ്റ്റ് ചെയ്യണോട്ടോ ”
അവളുടെ ആ പറച്ചിലിന് എല്ലാവരും നിറഞ്ഞ പുഞ്ചിരി നൽകി.
അച്ചുവിനും അച്ഛനും എനിക്കും ലഞ്ച് അവൾ പാത്രത്തിലാക്കി തന്നു. വെള്ളം നിറച്ചു തന്നു .
“ചോറിന് വെണ്ടക്കാ കൂട്ടാനും പയറുപ്പേരിയും ഉണ്ട്. പിന്നെ ചുക്ക് വെള്ളല്ല ട്ടോ.. ബാക്കി ഒക്കെ നാളേക്ക് സെറ്റ് ആക്കാം. ”
അത്ര നാളും കുട്ടിക്കളിയായി നടന്നവൾ പെട്ടെന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ നെഞ്ചിലൊരു ഭാരമാണ് തോന്നിയത്. അമ്മയ്ക്കും അച്ഛനും അങ്ങനെത്തന്നെയാണ് എന്ന് അവരുടെ നിറഞ്ഞ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.
ഓഫീസിലിരിക്കുമ്പോഴെല്ലാം അവളുടെ ഓർമയായിരുന്നു.. അവളുടെ മെസേജുകൾ ഇല്ല . വിളിയില്ല. അവൾ വിഷമിച്ചിട്ടുണ്ടാവുമോ? പിണങ്ങിയതാണോ ?. അങ്ങനെ ചിന്തകൾ കാടു കയറി.
വൈകീട്ട് വീട്ടിലെത്തി ആദ്യം അമ്മയെ കണ്ടു. കുളിച്ച് സുന്ദരിയായിരിക്കുന്നു. അച്ചനും അച്ചുവും എന്തൊക്യോ കളിയാക്കുന്നുണ്ട്.
അവൾ കുളിപ്പിച്ചെന്നും കണ്ണെഴുതി, പൊട്ടു വച്ചെന്നും പറയുമ്പോൾ അമ്മയുടെ സ്വരം വിതുമ്പുന്നുണ്ടായിരുന്നു.
“അവള് പാവമാണ് മോനേ ” അമ്മയുടെ വാക്കുകളിൽ മുൻപുണ്ടായിരുന്ന പരിഭവത്തിൻ്റെ നേരിയ കണിക പോലും ഉണ്ടായിരുന്നില്ല.
അമ്മ അവളറിയാതെ ഞങ്ങളെ മൂന്നു പേരെയും വിളിച്ച് ചെയ്യേണ്ട പണികൾ പറഞ്ഞു തന്നു. അവളോടൊപ്പം കൂടാൻ ഞങ്ങൾക്കും സമ്മതമായിരുന്നു.
രാത്രി അവളുറങ്ങുന്നത് ഞാൻ അലിവോടെ നോക്കി. പിറ്റേന്ന് അവൾക്കൊപ്പം ഞങ്ങളും കൂടി .
റെസ്റ്റിലായ അമ്മയും ഞങ്ങൾക്കൊപ്പം കൂടി.. ഒരാഴ്ച വേഗം കടന്നു പോയി.
അമ്മ സുഖമായി വന്നെങ്കിലും വീട് പഴയ പോലെയായില്ല. .. എല്ലാവരും ഒന്നിച്ച് സന്തോഷത്തോടെ പണികൾ ചെയ്യുന്ന പതിവ് തുടർന്നു.
ഒരു രാത്രി ഞാനവളോട് ചോദിച്ചു.
“നീയെങ്ങനെയാടി പെട്ടെന്ന് കുടുംബിനിയായേ?’
”അതൊക്കെ എനിക്കറിയാരുന്നു. പിന്നെ അമ്മ ഒന്നിനും സമ്മതിക്കില്ല ഞാൻ ചെയ്താ ശരിയാവില്ലന്ന വിചാരവും.. പിന്നെ ഞാനെന്ത് ചെയ്യാനാ അവസരം കിട്ടിയപ്പോ മനസിലായില്ല ഞാൻ പുലിയാണെന്ന്”
ആൾ കുറുമ്പോടെ ചോദിച്ചു.
“എൻ്റെ പുലിക്കുട്ടീ .. ഞാനവളെ നെഞ്ചോട് ചേർത്തു…