അയാളെന്നെ പിച്ചിച്ചീന്തി.. ചുറ്റിലും കള്ളിന്റെ മണമായിരുന്നു.. ഓർമ വരുമ്പോൾ പിന്നെ വീട്ടിലാണ്.. ദേഹം മുഴുവൻ ഇടിച്ചു പിഴിഞ്ഞ പോലെ വേദനയായിരുന്നു..

പ്രായ്ശ്ചിത്തം
(രചന: Vandana M Jithesh)

” ഞാനീ കേട്ടത് സത്യമാണോ അമ്മേ??? ” അമ്മുവിന്റെ ചോദ്യത്തിന് മുന്നിൽ നിറഞ്ഞ കണ്ണുകളോടെ നിൽക്കാൻ മാത്രമേ ഭാമയ്ക്ക് കഴിഞ്ഞുള്ളൂ..

” പറയമ്മേ.. അമ്മയെ റേ പ്പ് ചെയ്ത ആളാണോ അച്ഛൻ? ആ പാപത്തിന്റെ ബാക്കിയാണോ ഞാൻ..?? എനിക്ക് വേണ്ടിയാണോ അമ്മ?? ”

അമ്മുവിന്റെ വാക്കുകൾ ഇടറി പോയിരുന്നു.. ഭാമ ഒന്നും പറയാനാവാതെ വായിലേക്ക് തിരുകിയ സാരിതലപ്പുമായി ചുവരിലൂടെ ഊർന്നിരുന്നു.. അവളുടെ മിഴികൾ അപ്പോളും പെയ്യുകയായിരുന്നു..

ഒരു കണ്ണാടി പോലെ ചിതറിപ്പോയിരുന്നു അമ്മുവിന്റെ മനസ്സ്..! ഓർമ വെച്ച കാലം മുതൽ അമ്മയും അച്ഛനും അവളും അച്ഛന്റെ ജോലിസ്ഥലത്തെ ക്വാർട്ടേഴ്‌സ്സിൽ ആണ്..

റെയിൽവേ ഉദ്യോഗസ്ഥനായ അച്ഛൻ വർഷത്തിൽ ഒരിക്കൽ അച്ഛന്റെ വീട്ടിലേക്ക് ഒരു യാത്ര പോകും ..

അതും ഒരു ദിവസം പോയി പിറ്റേന്ന് മടങ്ങാൻ.. അതുകൊണ്ട് തന്നെ അവളുടെ ലോകം അച്ഛനും അമ്മയും മാത്രമായിരുന്നു..

അമ്മ പണ്ട് തൊട്ടേ അന്തർമുഖിയാണ്.. അച്ഛനോട് പോലും ഒട്ടും സംസാരമില്ല.. എപ്പോളും ഒറ്റയ്ക്കിരുന്ന് ആലോചനയും കണ്ണീർ വാർക്കലുമാണ്.. ആദ്യമൊക്കെ തനിക്ക് അതൊന്നും മനസ്സിലായിരുന്നില്ല..

പക്ഷേ തന്നെ അമ്മയ്ക്ക് പ്രാണനായിരുന്നു.. സ്കൂളിൽ നിന്നു വരാൻ ഒരു മിനുട്ട് വൈകിയാൽ ഗേറ്റിൽ ആധി പിടിച്ചു നിൽക്കുന്നത് കാണാം..

അധികം ആരോടെങ്കിലും അതിപ്പൊ അച്ഛനോട് പോലും താനൊന്നു അടുത്തിടപ്പെട്ടാൽ അമ്മ അസ്വസ്ഥയാവും.. അതിന്റെ ഒക്കെ അർത്ഥം ഇപ്പോൾ മനസ്സിലാവുന്നുണ്ട്..

വല്യച്ഛന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വന്നതാണ് തങ്ങൾ..വളരെ യാദൃശ്ചികമായിട്ടാണ് കല്യാണത്തിന് വന്ന രണ്ടു സ്ത്രീകൾ സംസാരിക്കുന്നത് കേട്ടത്..

” അന്നത്തെ ആ പെണ്ണ് തന്നെയല്ലേ ഇപ്പോളും സജീവന്റെ ഭാര്യ?? ”

” അതെയതെ.. അതിലുള്ള കുട്ടിയാണ് ആ പെൺകുട്ടി.. ”

” ഹോ.. അന്നവൾ എന്തൊരു ബഹളമായിരുന്നു പീ ഡിപ്പിച്ചേ പീ ഡിപ്പിച്ചേ എന്നും പറഞ്ഞോണ്ട്.. എന്നിട്ട് ഇപ്പൊ കണ്ടില്ലേ?? ത്ഫൂ ”

” ആ കൊച്ചൻ അന്നേ പറഞ്ഞതാ.. വെള്ളപ്പുറത്തു ഒരു അബദ്ധം പറ്റിയതാണെന്ന്..

ആ എന്നിട്ടെന്താ.. അവളെ തന്നെ കെട്ടിയില്ലേ?? അവളുടെ ഭാഗ്യം! പുളിങ്കൊമ്പല്ലേ.. പിന്നെ പേടിപ്പിച്ചാൽ എന്താ പീ ഡിപ്പിച്ചാൽ എന്താ?? ”

അവരുടെ പൊട്ടിച്ചിരി കൊലച്ചിരി ആയിട്ടാണ് കാതിൽ വീണത്.. പറഞ്ഞത് അവളുടെ അച്ഛനെയും അമ്മയെയും പറ്റിയാണെന്ന് ഉറപ്പായിരുന്നു..

എന്നാലും അമ്മയോടൊന്നു ചോദിച്ചു.. പക്ഷേ അമ്മയുടെ ഉത്തരം മനസ്സിനെ ആകെ തകർത്തിരിക്കുന്നു.. അമ്മു പൊട്ടി പൊട്ടി കരഞ്ഞു..

കാലിലാരോ തൊട്ടപ്പോളാണ് അമ്മു തല ഉയർത്തിയത്.. അമ്മയാണ്.. തളർന്ന മുഖവും കരഞ്ഞു വീർത്ത കണ്ണുകളും കണ്ട് അമ്മുവിന് സങ്കടം തോന്നി..

” അമ്മ നിവർത്തിയില്ലാത്തവൾ ആയിരുന്നു മോളേ.. ഭാഗ്യം കെട്ടവൾ ”

അമ്മയുടെ പൊട്ടിക്കരച്ചിൽ കേട്ട് അമ്മുവും കൂടെ കരഞ്ഞു..

” നിന്റെ അച്ഛൻ വലിയ വീട്ടിലെ ആയിരുന്നു.. പാല് കൊടുക്കാൻ ചെന്നതായിരുന്നു അമ്മ.. അന്നൊക്കെ അയാളെ കാണാറുണ്ടെങ്കിലും സംസാരമോ ചിരിയോ പോലുമില്ല..

ആ നശിച്ച ദിവസം ആ വീട്ടിൽ ആരുമില്ലായിരുന്നു.. പാല് കൊടുക്കാൻ ചെന്നപ്പോ ഒരു ചായ ഇട്ടു തരാമോ എന്നയാൾ ചോദിച്ചു..

അമ്മയ്ക്ക് അതിൽ ഒന്നും തോന്നിയില്ല.. അവിടെ വല്ലപ്പോളും അടുക്കളയിൽ സഹായിക്കാനൊക്കെ അമ്മ പോകാറുള്ളതാണ്.. ചായ ഇടാൻ അടുക്കളയിൽ കയറിയപ്പോൾ അയാൾ.. ”

ഭാമയുടെ വാക്കുകൾ ചിതറി.. അമ്മു തരിച്ചിരിക്കുകയായിരുന്നു.. തന്റെ അമ്മയെ അച്ഛൻ ഉപദ്രവിച്ചതാണെന്ന്.. അതും ഇങ്ങനെ ചതിയിലൂടെ..

അതവളുടെ മനസ്സിനെ തകർത്തു കളഞ്ഞിരുന്നു.. അവളുടെ മനസ്സിൽ സജീവന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു.. ഇന്നലെ വരെ പ്രിയപ്പെട്ട അച്ഛനായിരുന്നു.. പക്ഷേ..ഇപ്പോൾ.

” അയാളെന്നെ പിച്ചിച്ചീന്തി.. ചുറ്റിലും കള്ളിന്റെ മണമായിരുന്നു.. ഓർമ വരുമ്പോൾ പിന്നെ വീട്ടിലാണ്.. ദേഹം മുഴുവൻ ഇടിച്ചു പിഴിഞ്ഞ പോലെ വേദനയായിരുന്നു..

അമ്മ കരയുകയും പ്രാകുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.. അച്ഛൻ ചെറുപ്പത്തിലേ മരിച്ചത് കൊണ്ട് അമ്മയും ഏട്ടനും മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ഏട്ടൻ എന്നേ കൊല്ലാകൊല ചെയ്ത അയാളെ വെട്ടിക്കൊല്ലാൻ ഇറങ്ങിയതാണ്.. പിന്നെ വഴക്കായി.. ബഹളമായി.. ”

ഭാമ നിസ്സംഗതയോടെ കണ്ണുകൾ അമർത്തി തുടച്ചു..

” എന്തു വന്നാലും അയാളെ ജയിലിലാക്കും എന്ന് ഏട്ടൻ ഉറപ്പിച്ചു.. പക്ഷേ.. അമ്മ സമ്മതിച്ചില്ല.. എന്റെ ഭാവി..കുടുംബത്തിന്റെ മാനം. ഞാൻ അയാളെ കണ്ണും കയ്യും കാണിച്ചിട്ടാവും എന്നേ… ”

ഭാമ ചിരിക്കാൻ ശ്രമിച്ചു.. പക്ഷേ അത് വികൃതമായി.

” അയാൾ മദ്യപിച്ചു ബോധമില്ലാതെ പറ്റിയതാണെന്ന് അയാളുടെ വീട്ടുകാർ അമ്മയോട് പറഞ്ഞു.. ഒപ്പം ഒരു ഔദാര്യം.. അയാൾ എന്നേ കല്യാണം കഴിക്കാമെന്നു”

അമ്മു, ഭാമയെ തുറിച്ചു നോക്കി..

” ഒരു ദയയും ഇല്ലാതെ എന്നേ പിച്ചിച്ചീന്തിയവനാണ്.. എന്നെ ഒന്നനങ്ങാൻ പറ്റാത്ത തരത്തിൽ ശരീരവും മനസ്സും മുറിപ്പെടുത്തിയവൻ.. ഒന്ന് കണ്ണ് ചിമ്മാൻ പറ്റാത്ത പോലെ ദുസ്വപ്നമായ ഒരുത്തൻ..

അയാളെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് ഞാൻ കരഞ്ഞു പറഞ്ഞതാണ്.. പക്ഷേ.. അയാളുടെ തെറ്റിനൊക്കെ അതോടെ പരിഹാരം ആകുമല്ലോ..

എനിക്ക് സംഭവിച്ചതൊക്കെ അതോടെ സ്വാഭാവികമാവും..! ഞങ്ങളോട് ആലോചിക്കാതെ അമ്മ സമ്മതിച്ചു. ഒരു അറവുമാടിനോടുള്ള കരുണ പോലും എന്നോട് കാണിക്കാതെ.. ”

ആ ഓർമകളുടെ വേദനയിൽ ഭാമ പിന്നെയും പിടഞ്ഞു..

” അതിൽ ദേഷ്യപ്പെട്ടു ഏട്ടൻ എങ്ങോട്ടോ പോയി.. അതോടെ ഞാൻ ഒറ്റയ്ക്കായി.. മനസും ശരീരവും ചത്ത എന്റെ കഴുത്തിൽ അയാളുടെ കൊലക്കയർ വീണു….

അയാളെ കണ്ട് രാത്രികളിൽ ഞാൻ ഭയന്ന് വിറച്ചു.. അയാൾ എന്നോട് ഒരുപാട് മാപ്പ് ചോദിച്ചു.. എന്റെ അടുത്ത് വരാതെ മാറി നടന്നു..

അയാളുടെ പരിചയത്തിലുള്ള ഏതോ ഡോക്ടറേ കാണിച്ചു.. പിടി വിട്ടു പോകുമായിരുന്ന എന്റെ മനസ്സിനെ അങ്ങനെ പിടിച്ചു നിർത്തി.. എനിക്ക് വലിയൊരു മറയായി നിന്നു.. ”

ഭാമ ഒന്ന് നിശ്വസിച്ചു.

” അയാളുടെ വീട്ടിൽ എല്ലാവർക്കും ഞാൻ മനഃപൂർവം ഒരു പീഡനത്തിനിരയായി പുളിങ്കൊമ്പ് പിടിച്ചവളായിരുന്നു..

അതവര് പല തരത്തിലും പ്രകടിപ്പിച്ചു.. അതൊന്നും എന്നേ ബാധിച്ചിരുന്നില്ല.. കത്തി കൊണ്ട് കുത്തേറ്റു ചോര വാർക്കുന്നവൾക്ക് മൊട്ടുസൂചി കൊണ്ട് പോറിയാൽ അറിയില്ലല്ലോ.. ”

” നീ എന്റെ വയറ്റിൽ ഉണ്ടായി എന്നറിഞ്ഞ നിമിഷം എന്താണ് തോന്നിയതെന്നറിയില്ല.. സന്തോഷമോ വേദനയോ..

എന്തോ ഒരു നിർവികാരത.. കുറച്ചു കഴിഞ്ഞു ബന്ധം ഒഴിവാക്കാൻ നിശ്ചയിച്ച അയാളുടെ വീട്ടുകാർ ഗ ർഭം അലസിപ്പിക്കണം എന്ന് നിർബന്ധിച്ചു..

അന്നയാൾ എന്നെയും കൂട്ടി അവിടെ നിന്നിറങ്ങി.. പിന്നെ ഇങ്ങോട്ട് പോന്നു.. ”

അമ്മു അമ്മയെ തന്നെ നോക്കുകയായിരുന്നു.. ഒട്ടും ആശിക്കാതെ ഇങ്ങനെയൊരു ദുരന്തത്തിന്റെ ശേഷിപ്പ് ആയിട്ടും അമ്മയ്ക്ക് തന്നെ ജീവനാണ്..

” പിന്നെ അയാളും ഞാനും മാത്രമായി.. അയാൾ എനിക്ക് വേണ്ടതൊക്കെ ചെയ്തു തന്നു.. നീ ഉണ്ടായപ്പോൾ നിനക്ക് ഏറ്റവും നല്ല അച്ഛനായി.. മാപ്പ് പറയാത്ത ഒരു ദിവസം പോലുമില്ല.. പക്ഷേ ക്ഷമിക്കാൻ എനിക്കാവില്ല അമ്മൂ.. ”

ഭാമ ഒന്ന് നിർത്തി..

” മ ദ്യ ലഹരിയിൽ പറ്റിയ അബദ്ധം ആണെന്ന് പറയുന്നു.. ആ സമയം സ്വന്തം അമ്മയാണ് വന്നതെങ്കിലോ..

ഇപ്പോൾ അയാളോട് എനിക്ക് ദേഷ്യമോ വെറുപ്പോ ഇല്ലാ.. ഒരു ജന്മം കൊണ്ട് അയാൾ പരിഹാരം ചെയ്തു കൊണ്ടിരിക്കുകയാണ്..

പക്ഷേ അതൊന്നും ഞാനെന്ന പെണ്ണിനേറ്റ വേദനയ്ക്ക് പകരമല്ല.. അയാളെ സ്നേഹിക്കാനോ എല്ലാം മറക്കാനോ അമ്മയ്ക്ക് കഴിയില്ല.. അമ്മയുടെ മരണം വരെ.. ”

അമ്മു അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.. വർഷങ്ങളായി ഉള്ളിൽ ഉരുണ്ടു കൂടിയിരുന്ന കാർമേഘങ്ങൾ പെയ്തൊഴിഞ്ഞതോടെ മനസ്സിലെ ഭാരം മറന്നു ഭാമയും അമ്മുവിനെ ചേർത്തു പിടിച്ചു..

” പലപ്പോളും അമ്മ ചിന്തിച്ചിട്ടുണ്ട് നിന്നെയും എടുത്ത് എവിടെയെങ്കിലും പോകാൻ.. കൂലിപ്പണി ചെയ്തെങ്കിലും ജീവിക്കാമെന്നു..

പക്ഷേ അയാൾ.. അയാൾ നിനക്ക് നല്ലൊരു അച്ഛനാണ് അമ്മു.. നിന്നോടുള്ള അയാളുടെ സ്നേഹത്തിൽ ഒരു കണിക പോലും കള്ളമില്ല.. എന്നോടുള്ള മനോഭാവവും അങ്ങനെ ആയിരിക്കാം..

പക്ഷേ അമ്മയുടെ മനസ്സ് മാറില്ല മോളെ.. അയാളിനി എത്ര നല്ലവനായാലും, എന്തൊക്കെ ചെയ്താലും അമ്മയുടെ ഹൃദയത്തിൽ ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങില്ല.. ”

അമ്മു എന്ത് ചെയ്യണമെന്നറിയാത്ത നിസ്സഹായതയിൽ ഭാമയുടെ മാറിൽ വീണു..

ഒരു ചുവരിനപ്പുറം ആ തുറന്നു പറച്ചിലുകൾക്ക് സാക്ഷിയായ സജീവന്റെ കണ്ണുകളിൽ കണ്ണീർ ഉരുണ്ടുകൂടി..

പാതകമാണ് ചെയ്തത്.. കൊടും പാതകം.. ആദ്യമായി ലഹരി അറിഞ്ഞ നിമിഷം തലച്ചോറിൽ തോന്നിയൊരു കൊതി..!

ആ സമയം അവിടെ എത്തിപ്പെട്ട പെണ്ണുടലിനോട് തോന്നിയ കൗതുകം! അവളുടെ എതിർപ്പുകളിലും കണ്ണീരിലും തോന്നിയ ഹരം!

അവളുടെ നഖങ്ങളും ദന്തങ്ങളും തന്നിൽ മുറിവേലേൽപ്പിച്ചപ്പോൾ തോന്നിയ വാശി..!! എല്ലാം കഴിഞ്ഞ് ലഹരി അടങ്ങിയപ്പോളാണ് ചെയ്തുപോയ ക്രൂരതയുടെ ആഴം തിരിച്ചറിയുന്നത്..!

എന്ത് ചെയ്യണം! എന്തു ചെയ്‌താൽ പരിഹാരമാവും?? ആരോട് ക്ഷമ യാചിക്കും?? ഉറക്കമില്ലാതെ നെഞ്ചുപൊട്ടി കരഞ്ഞ രാത്രികൾ..

അപ്പോളും അതിലുമുറക്കെ കരഞ്ഞൊരു പാവം പെണ്ണിന്റെ മുഖം ഓർമയിൽ വരുമ്പോൾ പിന്നെയും പിന്നെയും മുറിയുന്ന മനസ്സ്.

അങ്ങനെ ആരോ കണ്ടെത്തിയ പരിഹാരമായിരുന്നു അവളുടെ കഴുത്തിൽ കെട്ടിയ താലി..

അതൊരു വലിയ തെറ്റായിരുന്നു എന്ന് ചുരുങ്ങിയ കാലം കൊണ്ട് മനസ്സിലായി..

താൻ അന്നത് ചെയ്തില്ലെങ്കിൽ അവളെ മനസ്സിലാക്കുന്ന മറ്റാരെങ്കിലും അവൾക്ക് നല്ലൊരു ജീവിതം കൊടുത്തേനെ.. പലകുറി അത് ചിന്തിച്ചതാണ്..

പക്ഷേ അമ്മു.. അമ്മുവിന്റെ മുഖം അതാണ്‌ തന്നെ സ്വാർത്ഥനാക്കിയത്.. ഇനി എന്തു ചെയ്യണം! സത്യങ്ങളെല്ലാം അമ്മു അറിഞ്ഞ സ്ഥിതിയ്ക്ക് ഇനി അവളെ നേരിടാൻ വയ്യ..!! സജീവൻ വേദനയോടെ കണ്ണുകളടച്ചു..

പിറ്റേന്ന് ഒരു കത്താണ് ഭാമയെ കാത്തിരുന്നത്..

“” പ്രിയപ്പെട്ട.. അങ്ങനെ പറയാമോ..

ഭാമയ്ക്ക്..

ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് നിന്നോട് ഞാൻ ചെയ്തത്.. മാപ്പ് ചോദിക്കാൻ പോലും അർഹതയില്ലാത്ത തെറ്റ്.. അതിലും വലിയ പാപമാണ് നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ താലി..

അതിൽ നിന്നും നിന്നെ സ്വാതന്ത്രയാക്കണമെന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്. പക്ഷേ അമ്മുവിനെ ഓർക്കുമ്പോൾ..

ഇപ്പോൾ എല്ലാം അമ്മു അറിഞ്ഞു.. സ്നേഹം മാത്രം കണ്ടിട്ടുള്ള അവളുടെ കണ്ണുകളിൽ ഇനി എന്നോടുള്ള വെറുപ്പ് നിറയുന്നത് കാണാൻ വയ്യ..

അച്ഛാ എന്നുള്ള അവളുടെ സ്നേഹമുള്ള വിളി മാത്രം മതി ഓർമകളിൽ..

നിന്നോട് ചെയ്ത തെറ്റുകൾക്ക് പരിഹാരമില്ലെന്നു അറിയാം.. എങ്കിലും ചിലതെങ്കിലും ഞാൻ തിരുത്തട്ടെ..

ഇനി നിന്റെയോ അമ്മുവിന്റെയോ ജീവിതത്തിൽ ഒരു കറുത്ത നിഴലായി ഞാനുണ്ടാവില്ല.. നിനക്ക് ഞാൻ തരുന്ന വാക്കാണ്..

എന്റെ എല്ലാ സാമ്പാദ്യങ്ങളും നിന്റെ പേരിലാണ്.. നീയും അമ്മുവും സുഖമായി സന്തോഷത്തോടെ കഴിയുക..

എന്റെ ജോലി വൈകാതെ നിനക്ക് ലഭിക്കും.. എന്റെ പ്രായ്ശ്ചിത്തമായി കാണുക.. പറ്റുമെങ്കിൽ നീയും ഒരു പുതിയ ജീവിതം തിരഞ്ഞെടുക്കുക..

അമ്മുവിനോട് അച്ഛൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് പറയണം. അർഹതയില്ലെങ്കിലും നിന്നെയും ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു..

മാപ്പ്.. സജീവൻ “”””

ഭാമയുടെ കയ്യിലിരുന്ന് ആ കത്തു വിറകൊണ്ടു.. എന്തിനോ അവളുടെ മിഴികൾ നിറഞ്ഞു വന്നു..

അപ്പോൾ സജീവന് പറ്റിയ അപകടമരണം അറിയിച്ചു കൊണ്ടുള്ള ഫോൺകാൾ അവളെ തേടിയെത്തിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *