(രചന: വരുണിക വരുണി)
“”കണ്ണീർ കാണിച്ചു എന്റെ ജീവിതത്തിലേക്ക് കയറി പറ്റാമെന്ന് എന്തെങ്കിലും ചിന്തയുടെങ്കിൽ അതൊന്നും വേണ്ട ആതിരെ. ഒരിക്കൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു എന്നത് നേരാണ്. പക്ഷെ എന്ന് നീ ഈ ഹരിയെ വേണ്ടെന്ന് പറഞ്ഞു മറ്റൊരുവന്റെ കൂടെ പോയോ, ആ ദിവസം നീയും ഞാനുമായുള്ള എല്ലാ ബന്ധവും കഴിഞ്ഞു.
സ്നേഹിച്ചിരുന്നു നിന്നെ ഞാൻ. എന്റെ ജീവനേക്കാൾ.. പക്ഷെ ഇപ്പോൾ അങ്ങനെയൊന്നുമില്ല. ഇനി മറ്റാരെ ഞാൻ സ്നേഹിച്ചാലും, ഒരിക്കലും നിന്നെ ആ സ്ഥാനത്തേക്ക് കാണാൻ പറ്റില്ല. അത് കൊണ്ട്, മോൾ ഒരുപാട് സ്വപ്നം കാണാതെ വന്ന വഴി തന്നെ പോകാൻ നോക്ക്. വെറുതെ നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാതെ….””
ഹരി തീർത്തു പറഞ്ഞതും, ആതിര എന്തോ പറയാൻ വന്നത് അവന്റെ ഒറ്റ നോട്ടത്തിൽ നിർത്തി. പറയുന്നതെല്ലാം സത്യമാണെന്ന് മറ്റാരേക്കാളും നന്നായി അറിയാം. പക്ഷെ എന്തോ മറക്കാൻ കഴിയുനില്ല.
“”എനിക്ക് ഒരു അവസരം കൂടി തന്നുടെ ഹരിയേട്ടാ??? ഒരബദ്ധം പറ്റി. അത് തിരുത്താൻ ഒരു അവസരം മാത്രമാണ് ഞാൻ ചോദിക്കുന്നത്….””
ആതിര കെഞ്ചിയതും, ഹരിയിൽ പുച്ഛമായിരുന്നു. ഒരിക്കൽ പ്രാണനെ പോലെ സ്നേഹിച്ചവളാണ്. മറ്റൊരുത്തന്റെ പണം കണ്ടപ്പോൾ തന്നെ വേണ്ടെന്ന് പറഞ്ഞു പോയത്. ഇനിയും അവളെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കാനും വേണ്ടി വിഡ്ഢിയല്ലായിരുന്നു അവൻ. കഴിഞ്ഞത് കഴിഞ്ഞു. അത്ര മാത്രം.
“”എന്റെ പൊന്ന് കുഞ്ഞേ. ഇനിയും ആരെങ്കിലും അറിഞ്ഞു കൊണ്ട് ട്രെയിനിന്റ കീഴിൽ കൊണ്ട് തല വെച്ചു കൊടുക്കുമോ??? അല്ലെങ്കിൽ തന്നെ ഒരു ചാൻസ് താ എന്ന് പറഞ്ഞു പുറകെ വരാൻ ഒരല്പം ഉളുപ്പില്ലേ നിനക്ക്??? വെറുതെ എന്റെ സമയം കളയാതെ പോടീ പുല്ലേ….””
ഹരിയുടെ ശബ്ദം മാറിയതും, ആതിര പതിയെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. അവനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല പുറകെ വീണ്ടും വന്നത്. തന്റെ കാമുകൻ അജിത്തിനു കുറച്ചു ഫിനാൻഷ്യൽ issues. ഒരിക്കൽ ഹരിയ്ക്ക് ഒന്നുമില്ലെന്ന് പറഞ്ഞായിരുന്നു അവനെ ഉപേക്ഷിച്ചതെങ്കിലും, ഇന്നവൻ ഒരു മൾട്ടി നാഷണൽ കമ്പനിയിലെ ഉയർന്ന ജോലിക്കാരനാണ്.
കൈ നിറയെ പണം. അപ്പോൾ കുറച്ചു സെന്റിയിട്ട് ഇഷ്ടം പറഞ്ഞു ചെന്നാൽ മനസ് അലിഞ്ഞാലോ എന്ന് മാത്രം കരുതി. പക്ഷെ ഇനിയും പുറകെ നടന്നാൽ പൊലീസ് കേസ് കൊടുക്കാൻ പോലും അവൻ മടിയ്ക്കില്ലെന്ന് ഇപ്പോൾ മനസിലായി. ഇനിയും വേണ്ട വെറുതെ റിസ്ക്….!
ഓഫീസിൽ റൂമിലിരിക്കുമ്പോൾ ഹരിയുടെ മനസിൽ മുഴുവൻ രാവിലെ ആതിരയെ കണ്ടതായിരുന്നു. അവൾ പറഞ്ഞ ഓരോ വാക്കുകളും.. ഒരിക്കൽ കൂടി ഒരു ചാൻസ് കൊടുക്കാമോ ഹരിയേട്ടാ പോലും.
കഴിഞ്ഞ ദിവസവും അവളെ നഗരത്തിലെ ഒരു ഹോട്ടലിൽ നിന്നും ഇറങ്ങി വരുന്നത് താൻ കണ്ടതാണ്. കൂടെ മറ്റവനും. ഒരിക്കൽ അവൾ ആർക്കു വേണ്ടിയാണോ തന്നെ ഉപേക്ഷിച്ചത്, ആ അവൻ തന്നെ.
ഇടയ്ക്ക് തിരക്കിയപ്പോൾ അറിഞ്ഞു, ഇപ്പോൾ കൊച്ചിയിൽ എവിടെയോ രണ്ട് പേരും കൂടി വാടകയ്ക്ക് ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട് പോലും. അവിടെ ലിവിങ് റിലേഷനിൽ ആണെന്ന്. അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല.
പ്രയാപൂർത്തിയായ രണ്ട് പേർക്ക് അവരുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ട്. പക്ഷെ എന്തിനു വീണ്ടും തന്റെ ജീവിതത്തിലേക്ക് അവൾ വരാൻ നോക്കുന്നു??? എന്തായാലും ആത്മാർത്ഥ പ്രണയമല്ലെന്ന് ഉറപ്പാണ്. പണത്തിനു വേണ്ടി മാത്രം.. പക്ഷെ എപ്പോഴും എപ്പോഴും മണ്ടനാകാൻ തനിക്ക് പറ്റില്ലല്ലോ…
ചിന്തകൾ പലവഴി പോയപ്പോഴേക്കും റൂമിലേക്ക് സീമ ഒരു ഫയലുമായി കയറി വന്നിരുന്നു. താൻ ഇവിടെ ജോലിയ്ക്ക് വന്ന ആദ്യ ദിവസം മുതൽ പരിചയമായതാണ് സീമയെ. എന്തും തുറന്നു പറയാൻ പറ്റിയ നല്ലൊരു സുഹൃത്താണ് അവൾ തനിക്ക്. ഇപ്പോൾ കല്യാണം കഴിഞ്ഞൊരു മോനുമുണ്ട്.
“”എന്താ ഹരി നീയിങ്ങനെ എന്തോ പോയ ആരെയോ പോലീയിരിക്കുന്നത്??? ഇങ്ങനെ സങ്കടപ്പെടാനും വേണ്ടി എന്താ നിനക്ക്???””
ഒരു ചിരിയോടെ അടുത്തേക്ക് വന്നിരുന്നു അവൾ ചോദിച്ചതും, എന്തോ കള്ളം പറയാൻ തോന്നിയില്ല. എല്ലാം പറഞ്ഞു തീരുമ്പോൾ തന്നെ പോലെ തന്നെ അവളുടെ മുഖത്തും ദേഷ്യം തന്നെയായിരുന്നു.
“”ഇവളൊക്കെ ഒരു പെണ്ണ് തന്നെയാണോ ഹരി??? എങ്ങനെ ഇത് പോലെ സംസാരിക്കാൻ കഴിയുന്നു??? ഞാനും സ്നേഹിച്ചു തന്നെയാണ് ദേവേട്ടനെ കല്യാണം കഴിച്ചത്. പ്രേമിച്ചു നടന്ന കാലത്ത് പോലും ഒരിക്കലും ആ മനുഷ്യനെയല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് കാണാൻ എനിക്ക് തോന്നിയിട്ടില്ല.. പക്ഷെ ഇവളൊ??? ഒരേ സമയം തന്നെ….
എന്നെ കൊണ്ട് വെറുതെ നീ കൂടുതൽ പറയിപ്പിക്കരുത്. എന്നിട്ട് അതെല്ലാം ആലോചിച്ചു കുറെ ചിന്തിച്ചിരിക്കാൻ ഇവിടെയൊരുത്തനും. നിനക്ക് വേറെ ഒരു പണിയുമില്ലേ ഹരി?? മര്യാദക്ക് ഇരുന്നു ജോലി ചെയ്യാൻ നോക്ക് ചെക്കാ… എന്നിട്ട് അമ്മ ഒരു പെണ്ണിനെ കണ്ട് പിടിച്ചു വെച്ചിട്ടില്ലേ??? ഈ ഞായർ ഒന്ന് പോയി കാണാൻ നോക്ക് നീ. വെറുതെ ഇങ്ങനെ ഓരോ കാര്യം ചിന്തിച്ചിരിക്കാതെ…””
അവസാനവാക്ക് പോലെ സീമ പറഞ്ഞതും, ഹരി ഒരു ചിരിയോടെ തന്റെ ജോലിയിലേക്ക് തിരിഞ്ഞു. അവൾ പറഞ്ഞതൊക്കെയാണ് ശെരിയെന്നു അവനും നല്ല ബോധമുണ്ടായിരുന്നു എന്നതായിരുന്നു സത്യം.!
പെണ്ണ് കാണാൻ അമ്മയുടെ കൂടെ പോയപ്പോൾ പ്രത്യേകിച്ച് ഒരു ഫീലിങ്സും ഇല്ലായിരുന്നു എന്നതായിരുന്നു സത്യം. പെണ്ണിനെ കാണണം, സംസാരിക്കണം. അത്ര മാത്രം. അവിടെ ചെന്നപ്പോൾ പ്രത്യേകിച്ച് ഇഷ്ടമാകാതിരിക്കാനും വേണ്ടിയുള്ള കാരണങ്ങൾ ഒന്നും തന്നെയില്ലായിരുന്നു.. പെണ്ണിന്റെ പേര് അനീഷ. ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആണ്. ഭാവിയെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളുള്ള പാവം പെണ്ണ്.
ഇടയ്ക്കൊക്കെ കാണാമെന്ന ഉറപ്പിൽ, ഏകദേശം കല്യാണം ഉറപ്പിച്ച ശേഷമാണ് അവിടെ നിന്നും ഇറങ്ങിയത്.
പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. എന്തിനും കൂടെ നല്ലൊരു മെന്റൽ സപ്പോർട്ട് ആയി സീമയും, ഓരോ കാര്യങ്ങൾക്ക് ഓടി നടക്കാനും വേണ്ടി കൂട്ടുകാരും..
ഹരിയ്ക്ക് കാണണമെന്ന് പറഞ്ഞത് കാരണം, അവൻ പറഞ്ഞ കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ, അവന് തന്നെ ഇഷ്ടമാണെന്ന് പറയാനായിരിക്കുമെന്നാണ് ആതിര കരുതിയത്. പറഞ്ഞ സമയത്ത് തന്നെ ഹരി വന്നതും, അവന്റെ മുഖത്തു നല്ലൊരു പുഞ്ചിരിയുണ്ടായിരുന്നു. അതും കൂടിയായപ്പോൾ അവൾ എന്തൊക്കെയോ ചിന്തിച്ചു കൂടിയിരുന്നു എന്നതായിരുന്നു സത്യം.
“”വന്നിട്ട് കുറെ നേരമായോ???””
ആതിരയെ കണ്ടയുടനെ ഹരി ചോദിച്ചതും, അതിനു ഒരു ചിരിയായിരുന്നു അവളുടെ മറുപടി.
“”ഹ്മ്മ്… എന്തായാലും വന്ന കാര്യം പ്രത്യേകിച്ചും ഒരു വളച്ചു കെട്ടുമില്ലാതെ പറയാം ഞാൻ. എന്റെ കല്യാണമാണ് ഈ വരുന്ന 20 നു. ഇവിടെയെടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ്. പെണ്ണ് സ്കൂൾ ടീച്ചർ.
എന്റെ സൈഡിൽ നിന്നും അങ്ങനെ അധികം ആരുമില്ല. എന്തായാലും നീയും നിന്റെ കാമുകനും വരാതിരിക്കരുത്. ഒന്നുമല്ലെങ്കിലും കഷ്ടപ്പെട്ട് കുറെ ഡ്രാമ കളിച്ചതല്ലേ. എന്തായാലും വന്നു സദ്യ കഴിച്ചിട്ട് പോയാൽ മതി…””
ഒരു ചിരിയോടെ തന്നെ ഹരി പറഞ്ഞതും, ആതിരയുടെ മുഖം വിളറി വെളുത്തു. അതിൽ നിന്നും തന്നെ അവൾക്ക് മനസിലായി അവന് എല്ലാം അറിയാമെന്നു. പ്രത്യേകിച്ച് ഒരു ഭാവവുമില്ലാതെ ഹരി നടന്നകന്നപ്പോൾ, ഒന്നും പറയാതെ നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു.
അല്ലെങ്കിലും എപ്പോഴും ചതിയും വഞ്ചനയും നിലനിൽക്കില്ലല്ലോ. അങ്ങനെയെങ്കിൽ സ്നേഹത്തിനു എന്ത് പ്രസക്തി…????