അമ്മ
രചന: Vijay Lalitwilloli Sathya
.
മാറിക്കോ മാറിക്കോ..എന്റെ അച്ഛന്റെ കൂടെ കിടക്കണ്ടാ..
അതും പറഞ്ഞു ഉണ്ണിക്കുട്ടൻ ഉച്ചത്തിൽ ബഹളം വെച്ചു.
ഹരിയുടെ കൂടെ കിടന്ന ഹിമ അവന്റെ പരാക്രമം കണ്ട് ഞെട്ടിയുണർന്നു അന്തംവിട്ടുപോയി..
അച്ഛൻ ഹരിയുടെയും ഹിമയുടെയും ഗ്യാപ്പിൽ കയറി കിടന്നുകൊണ്ട് അവളെ കാല് കൊണ്ട് തള്ളി ബെഡിന് പുറത്തേക്ക് കളയാൻ ശ്രമിക്കുകയാണ് അവൻ..
മൂന്നുവയസ്സേയുള്ളൂവെങ്കിലും നല്ല ആരോഗ്യമുള്ള അവന്റെ കുഞ്ഞികാലുകൾ ഒരുമിച്ചു ചേർത്തു കൊണ്ടുള്ള പ്രഹരം ഏറ്റ് ഹിമയ്ക്ക് അവിടവിടങ്ങളിൽ വേദനിച്ചു എന്ന് തോന്നുന്നു..
അവൻ അവളുടെ ചന്തിക്കും നടുവിനും പുറത്തും ചവിട്ടുന്നുണ്ട്.. വേദനിച്ചിടങ്ങിൽ തടവിക്കൊണ്ട് പൊട്ടിച്ചിരിച്ചു കൊണ്ടവൾ ചാടിയെണീറ്റു.
കരഞ്ഞു ബഹളം വയ്ക്കുന്ന അവനെ ഹരി വേഗം വാരിയെടുത്തു ചുമലിലോട്ടു കിടത്തി ആശ്വസിപ്പിച്ചു..
അച്ഛന്റെ കൂടെ ആരും കിടക്കണ്ട.. ഉണ്ണിക്കുട്ടൻ മാത്രം കിടക്കും..
അവൻ അച്ഛനോട് പദം പറഞ്ഞു കരഞ്ഞു..
ആയി മോനെ ആരും കിടക്കില്ല കേട്ടോ.. കരയല്ലേ വേഗമുറങ്ങു.
അതുകേട്ടു അവൻ കരച്ചിൽ നിർത്തി.. എങ്കിലും ഒച്ചവെച്ചു കരഞ്ഞതിന്റെ സങ്കടവും എങ്ങലും മാറാൻ കുറച്ചു സമയമെടുത്തു.ഉറങ്ങിയില്ല. പിന്നെയും എന്തെക്കൊയോ പറയാൻ ശ്രമിച്ചു..
രാത്രി ഒരുപാടായി,മാണ്ടൂകൻ വരും വേഗം ഉറങ്ങിക്കോ..
വീടിനു പുറത്ത് നിശബ്ദത കാണിച്ചത് ഹരി അവനെ പേടിപ്പിച്ച് ഉറക്കം ശ്രമിച്ചു.
എന്നിട്ട് ഹരി ഹിമയുടെ മുഖത്തുനോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു..
അവളും പുഞ്ചിരിച്ചുകൊണ്ട് ഹരിയെ കുഴപ്പമില്ല എന്നു കണ്ണുകൊണ്ടു കാണിച്ചു അശ്വസിപ്പിച്ചു..
ഹിമ മുഷിയുമൊ എന്ന ചെറിയൊരു ഉൾക്കണ്ട ഹരിക്കുണ്ട്..
ഉറക്കം കണ്ണുകളിൽ വരുമ്പോഴാണ് ഹിമ പെട്ടെന്നുള്ള ഈ ആക്രമണവും ഇടിയും തൊഴിയും ബഹളവും കേട്ട് ഞെട്ടിയുണർന്നത്..
അവളുടെ മുഖത്തു അൽപം മുഷിച്ചിൽ കാണുന്നുണ്ടോ എന്നു ഹരി തിരഞ്ഞു..
അന്ന് ഹരിയുടെ രണ്ടാം കല്യാണത്തിന് ആദ്യരാത്രി ആയിരുന്നു..
അന്ന് രാത്രി അമ്മ ഉണ്ണികുട്ടനെ അമ്മയുടെ കൂടെ കിടത്താൻ വേണ്ടി കൊണ്ടുപോയിരുന്നു..
എന്നും തന്റെ നെഞ്ചത്തു കേറി കിടന്നു ഉറങ്ങുന്ന അവനു അമ്മയുടെ അടുത്ത് പുതിയ ഉറക്കം പിടിച്ചിട്ടുണ്ടാവില്ല..
അല്പം മുമ്പ് അമ്മയുടെ റൂമിൽ നിന്ന് ബഹളം വെച്ച് അവനെ അമ്മ ഇങ്ങോട്ട് കൊണ്ടുവന്നു തന്നതായിരുന്നു..
ഹരീയും ഹിമയും അപ്പോൾ ഉറങ്ങിയിട്ട് ഉണ്ടായിരുന്നില്ല..
എങ്കിലും ബഹളം കേട്ട് ഉണർന്നെന്ന പോലെ കതകു തുറന്നു അവനെ അകത്തേക്ക് വാങ്ങിച്ചു..
കരയുന്ന അവനെ ഹരി തന്റെ ചുമലിൽ കിടത്തിയുറക്കാൻ അവനെയുമെടുത്തു റൂമിൽ നാലു ചാൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു..
ഉറങ്ങിയപ്പോൾ പതുക്കെ താഴെ അവന്റെ കുഞ്ഞു ബെഡ് വിരിച്ച് അതിൽ കിടത്തി ഇരിക്കുകയായിരുന്നു..
എപ്പോഴോ ഉണർന്നു ബെഡിലേക്ക് കയറി വരുമ്പോഴാണ് താനും ഹിമയും കിടക്കുന്നതിന് ഇടയിൽ വന്നു കിടന്നു ഈ പരാക്രമം കാണിച്ചത്..
സന്ധ്യ മുതൽ രാത്രി വരെ ഇടയ്ക്കിടെ ഹിമയുടെ അടുത്ത് തന്നെ ആയിരുന്നു അവൻ ഉണ്ടായിരുന്നത്..
പിന്നെ എന്തിനാണ് അമ്മ അങ്ങോട്ട് കൊണ്ടു പോയത്.. അതാണ് അവന്റെ ചൊടിപ്പിച്ചത്..
ഹിമ പറഞ്ഞതുപോലെ ഇവിടെത്തന്നെ കിടത്തിയാൽ മതിയായിരുന്നു..
തങ്ങളുടെ സ്വകാര്യതയ്ക്ക് ആദ്യരാത്രി തന്നെ ഒരു വിഘ്നം ആവേണ്ടെന്ന് കരുതിയാവും അമ്മ അങ്ങനെ ചെയ്തത്.
അമ്മയുടെ കൂടെ കിടന്ന് ശീലിക്കട്ടെ എന്നും താനും ഒരുനിമിഷം വിചാരിച്ചു. ഹിമയുടെ പൊന്നും പ്രൌഡിയും കണ്ടപ്പോൾ തന്റെ കണ്ണു മഞ്ഞളിച്ചു പോയോ.. അവനെ ഒഴിവാക്കി കിടത്തിയത് അത് തെറ്റായിപോയി തോന്നുന്നു..
സത്യത്തിൽ അവനു ഒരമ്മയെ വേണമെന്ന തന്റെ ശക്തമായ ആഗ്രഹമാണല്ലോ ഈ വിവാഹം പോലും..
ഹിമയ്ക്കും എല്ലാമറിയാം..
അമ്മയുടെയും തന്റെ ബന്ധുക്കളുടെയും പിന്നെ രജനിയുടെ മാതാപിതാക്കളുടെയും നിർബന്ധത്തിന് വഴങ്ങിയും മോനു വളർന്നു വരാൻ ഒരമ്മ അത്യാവശ്യമാണെന്നും തനിക്കു തന്നെ തോന്നിയത് കൊണ്ടും ആണ് ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചത്.അങ്ങനെയാണ് ഹിമയുടെ പ്രിപോസൽ വന്നത്.മദ്യപാനിയും മയക്കു മരുന്നിനും അടിമയായി കഴിയുന്ന ഭർത്താവിൽ നിന്നും വിവാഹ മോചനം നേടിയിരിക്കുന്ന ഹിമ തന്നെ വിവാഹം കഴിക്കാൻ സമ്മതിക്കുകയായിരുന്നു..
നിശ്ചയം കഴിഞ്ഞു ഫോൺ വിളിയൊക്കെ ആയപ്പോൾ ആണ് എല്ലാ വിവരങ്ങളുടെയും യഥാർത്ഥ രൂപം അവളെ അറിയിച്ചു..
മൂന്നു വർഷമായി രജനിയുടെ ഗന്ധമുറങ്ങുന്ന ഈ റൂമിൽ താനും മോനും അവളുടെ സാരിയും ബെഡിൽ വിരിച്ച് കിടന്നു അവളുടെ ഓർമ്മകളുമായി കഴിയുകയാണെന്നും മോനെ ഗർഭംധരിച്ചന്നാൾ തൊട്ടു അവളെ മുട്ടാതെയും തട്ടാതെയും നടത്തിച്ചു പൊന്നു പോലെ കൊണ്ടു നടന്നിട്ട് കടിഞ്ഞൂൽ പ്രസവത്തിനായി ഏഴാം മാസത്തിൽ അവളുടെ വീട്ടിൽ പോയ അവൾ എട്ടാം മാസത്തെ ചെക്കപ്പിനായി ഹോസ്പിറ്റലിൽ കാണിച്ചു അമ്മയുമൊന്നിച്ചു ഓട്ടോയിൽ വരുമ്പോൾ ആണ് ആ നശിച്ച ദുരന്തം തന്റെ ജീവിതത്തെ തകർത്തത്.. അപകടത്തിൽ പരിക്കേറ്റ രജനിയുടെ നില ഗുരുതരമായപ്പോൾ, അവളെ നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോൾ, മോനെ പുറത്തെടുത്തു അവന്റെ ജീവനെങ്കിലും രക്ഷിക്കുകയായിരുന്നു.
ചോരക്കുഞ്ഞായ ഉണ്ണിക്കുട്ടനെ ഈ കൈകളിൽ ഏല്പിച്ചു രജനി പോയി..
പ്രീമച്ചർ ബർത്ത് ആയ അവനെ രണ്ടു മാസത്തോളം ഇങ്കുബേറ്ററിൽ വെച്ചു പരിചരിക്കേണ്ടി വന്നു..
അവനെ സ്വന്തം മോനെ പോലെ നോക്കണം അതേ ഉള്ളൂ തന്റെ ഒരേഒരാവശ്യം..അവൾക്കത് സ്വീകാര്യമായതിനാലാണ് താനീ വിവാഹത്തിനു ഒരുങ്ങിയത്..
ഹരിയുടെ ചുമലിൽ കിടന്ന് മോൻ ഉറങ്ങി..
ഹിമ അവനെ ഹരിയുടെ ചുമലിൽ നിന്നും അടർത്തിയെടുത്തു ഒരുമ്മ നൽകി.
അവൾ അവനെ ബെഡിൽ തന്നെ കിടത്തി എന്നിട്ടു അവളും അവനോടു ചേർന്നു കിടന്നു..
ഇനി എന്നും മോൻ ഇവിടെത്തന്നെ കിടക്കട്ടെ. അവന്റെ എല്ലാ കാര്യവും ഞാൻ നോക്കിക്കൊള്ളാം..ഇനിതൊട്ടു ഞാനാണ് ഇവന്റെ അമ്മ… ഇവൻ എന്റെ മോനും..
എന്റെ സുഖത്തെ കരുതി മോനെ എന്നിൽ നിന്നും അകറ്റരുത്… സന്ധ്യയ്ക്കു അവൻ എന്നോട് നന്നായി ഇണങ്ങിയതായിരുന്നു…
ഹിമയുടെ വാക്ക് കേട്ട് ഹരിക്കു സന്തോഷമായി…
.
❤❤
കമന്റും ലൈക്കും തരണേ….
രചന : വിജയ് സത്യ പള്ളിക്കര