തന്റെ ഭാര്യയുടെ ഇടത് പള്ളയിൽ ഒരു പൂമ്പാറ്റയുടെ റ്റാറ്റൂ. മൂന്നാല് കളറിൽ ഒരു കുഞ്ഞൻ ബട്ടർഫ്‌ളൈ. വിപിന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.

ഭർത്താവുദ്യോഗം
രചന: Vijay Lalitwilloli Sathya

ആദ്യരാത്രിയിൽ വിപിൻ അത് കണ്ടു അമ്പരന്നു. തന്റെ ഭാര്യയുടെ ഇടത് പള്ളയിൽ ഒരു പൂമ്പാറ്റയുടെ റ്റാറ്റൂ. മൂന്നാല് കളറിൽ ഒരു കുഞ്ഞൻ ബട്ടർഫ്‌ളൈ.

വിപിന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. എഫ് ബിയിലും, വാട്സ്ആപ്പ് മെസ്സേജുകളിലും ചില സ്ത്രീകൾക്ക്‌ ടാറ്റൂ ചെയ്യുന്ന വിഡിയോ കണ്ടിട്ടുണ്ട്.

പരിഷ്കാരത്തിന്റെ പാശ്ചാത്യ ശേഷിപോടുള്ള ഭ്രമം ആയിട്ടേ അന്ന് താനതിനെ കണ്ടുള്ളൂ.

തന്റെ ശരീരത്തിന്റെ ചില ഭാഗങ്ങിൽ ടാറ്റൂ ചെയ്യാൻ അപരന്റെ മുന്നിൽ മണിക്കൂറുകളോളം ചിലവഴിക്കാൻ ഇവർക്കുള്ള അപാര ധൈര്യം തന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.

ടാറ്റൂ ചെയ്യുന്ന സ്ത്രീ ഡിസൈൻമാരെ കണ്ടിട്ടുമില്ല. എങ്കിലും നാട്ടിൻ പുറക്കാരിയായ തന്റെ കെട്ട്യോൾക്ക് ഇതെങ്ങനെ വന്നു.

സൗന്ദര്യത്തിന്റെ നിറകുടമായതിനാലാണ് സർക്കാർ ജോലിക്കാരനായ താൻ ആർകിടെക്-ഇന്റീരിയർ ഡിസൈനർ പഠിച്ചു ജോലിയൊന്നുമില്ലാത്ത വിട്ടിൽ കുത്തിയിരുന്ന ഇവളെ കല്യാണം കഴിച്ചത്.

എവിടെയെങ്കിലും ജോബ് തരപ്പെടുത്തി കൊടുക്കാമെന്നും കരുതി…!

പെണ്ണിനെ കാണാൻ ചെന്നപ്പോൾ ഇത് ശ്രദ്ധയിൽ പെട്ടില്ല. ഓ അന്ന് ചുരിദാറിൽ ആയിരുന്നല്ലോ മുന്നിൽ വന്നത്….!

അവളെയും തഴുകിയിരിക്കുന്ന സമയത്ത് വിപിൻ ഓർത്തു ഇതിനെ കുറിച്ച് ചോദിച്ചാലോ. കുഴപ്പമാകുമോ?

പിന്നീട് ചോദിച്ചാൽ മതിയോ. ഏയ്യ് അത് ശരിയല്ല കൗതുകമായ ഈ കാര്യം കണ്ടിട്ട് ഒന്നും ചോദിക്കാതിരിക്കുന്നത് ഉചിതമല്ല. ഇതിനെ കുറിച്ച് ചോദിക്കുമെന്നുള്ളത് കൊണ്ട് തന്നെ അവൾ ഒരു ആൻസർ റെഡി ആക്കി വെച്ചിട്ടുണ്ടാകും. ഏതായാലും എന്താണെന്നു അറിയുക തന്നെ.

അവൻ അവളുടെ കാതിൽ മന്ത്രിച്ചു

“ബട്ടർ ഫ്ലൈയെ വളരെ ഇഷ്ടമാണോ? ”

ചോദ്യം കേട്ടതോടെ അവൾക്ക് കാര്യം പിടികിട്ടി.

ആദ്യം അവളിൽ നിന്നും മുത്ത് കിലുങ്ങുന്ന ഒച്ചയിൽ ചിരി മുഴങ്ങി.

എന്നിട്ട് പറഞ്ഞു

“ഞാൻ വിചാരിച്ചു…കണ്ടിട്ട് ഇത്രേം സമയമായിട്ടും എന്തെ ഇതിനെ കുറിച്ച് ചോദിക്കാതെ എന്ന്.. ”

എന്നിട്ടവൾ ഒന്ന് പുഞ്ചിരിച്ചു.

“ഇത് ഞങ്ങൾ ഇന്റീരിയർ ഡിസൈനിങ് പഠിക്കുന്ന സമയത്തു അഞ്ചു കൂട്ടുകാരികൾ ചേർന്ന് ഈ ബട്ടർഫ്‌ളൈയുടെ ടാറ്റൂ എല്ലാവരുടെയും വയറ്റത്ത് വരയിപ്പിക്കുകയായിരുന്നു.”

“എവിടെ നിന്നാ ആരാ.. ”

ചോദ്യത്തിൽ വിഹ്വലമായ ആക്രാന്തം പ്രകടമായി..

“കൊച്ചിയിൽ പോയപ്പോൾ ശ്യാമ ചേച്ചിടെ ടാറ്റൂ ഡിസൈൻ സെന്റർ നിന്നാണ് ചെയ്തത്”

ആവൂ ആശ്വാസമായി. മനസിൽ രൂപം കൊണ്ട തിരമാലകൾ പതഞ്ഞു ആവിയായി പോയി.

“ഏട്ടാ കതക് ഒന്ന് തുറക്കുമോ… ”

ങേ സഹോദരി വാതിലിനു മുട്ടിയപ്പോൾ വിപിൻ ചിന്തയിൽ നിന്നും ഉണർന്നു.

അത്താഴം കഴിഞ്ഞു കിടന്നതായിരുന്നു വിപിൻ.

ഭാര്യ പ്രസവം കഴിഞ്ഞു നാളെ അമ്മ വീട്ടിൽ നിന്നും വരാനിരിക്കെയാണ്.വിപിൻ പതിവ് പോലെ കിടക്കുമ്പോൾ അവളെ വിളിച്ചു സൊള്ളാറുണ്ട്. നേരം വൈകിയപ്പോൾ ‘മോളുണർന്നു ഇനി അവൾക്കുള്ളത് കൊടുക്കണം സംസാരമൊക്കെ ഇനി നാളെ നേരിട്ട് കണ്ടിട്ട് മതി മോൻ ഇപ്പോൾ ഫോൺ വെച്ചോ ‘ എന്നൊക്കെ പറഞ്ഞു ഫോൺ വെച്ചപ്പോളാണ് വിപിൻ ഭാര്യയുടെ ചിന്തയിൽ മുഴുകിയതു.

തന്റെ ഇഷ്ടം പോലെ ആദ്യ സന്താനം ആയി പെൺകുഞ്ഞിനെ തന്നെ കിട്ടിയ ആനന്ദവും, കുറെ നാളുകൾക്കു ശേഷം നാളെ ഭാര്യയും കുഞ്ഞും വീട്ടിൽ വരുന്ന സന്തോഷവും കൊണ്ട് വിപിന് ഉറക്കമേ വന്നില്ല.

“ഏട്ടാ ഒന്ന് വേഗം തുറക്ക്… ”

റൂമിനു പുറത്ത് നിന്നും സഹോദരി വിളിക്കുന്നു.

” എന്താ മോളെ.. ”

അവൻ കതക് തുറന്നു. അവൾ നാണിച്ചു അകത്തു കയറി, എന്നിട്ടു

“ഏട്ടാ ചേച്ചിയുടെ ഈ അലമാര ഒന്ന് തുറക്കുമോ? ”

“എന്താ മോളെ കാര്യം? ”

അവൾ തല കുനിച്ചു.. എന്നിട്ടു പറഞ്ഞു

“ഒന്ന് തുറക്ക് ഏട്ടാ ”

അപ്പോഴേക്കും ഭാര്യയുടെ ഫോൺ വന്നു.
വിപിൻ അത് അറ്റന്റ് ചെയ്യുന്നത് കണ്ടപ്പോൾ പെങ്ങൾകുട്ടിക്ക് സമാധാനം ആയി.

“എന്താടി? ”

വിപിൻ ഭാര്യയോട് ചോദിച്ചു.

“ഏട്ടാ എന്റെ അലമാരി ഒന്ന് തുറന്നു കൊടുക്കൂ വിപിനയ്ക്ക് മെൻസ്ട്രഷൻ… അവളുടെ നാപ്കിൻ തീർന്നിരിക്കുകയാണ്. ഈ രാത്രിയിൽ എവിടെ പോകാനാണ് എന്റെ അലമാരയുടെ അടിയിലെ തട്ടിൽ ഉണ്ട്.അവളതെടുത്തോളും . ഒന്ന് തുറന്നു കൊടുത്തേര്… ”

ഇതും പറഞ്ഞു ഭാര്യ ഫോൺ കട്ട് ചെയ്തു.

അലമാരി തുറന്നു കൊടുത്തപ്പോൾ അവളത്തെടുത്തു ചിരിച്ചുകൊണ്ട് ഓടി.

ഈ പെണ്ണുങ്ങളുടെ ജീവിക്കാനുള്ള ഒരു ബുദ്ധിമുട്ടെ..

അവൻ ചിരിച്ചു.

അപ്പോഴേക്കും ഭാര്യ വീണ്ടും വിളിച്ചു.

“കൊണ്ട് പോയോ? ”

“ഉം ”

“ഏട്ടാ നാളെയും മറ്റന്നാളും ലിവാണല്ലോ.. മറ്റന്നാൾ എന്നെ അപ്രൈസ്സറുടെ അടുത്ത് കാതു കുത്താൻ കൊണ്ട് പോകണം”

“അതിനു മോൾക്ക് കാതു കുത്തുക അഞ്ചാം വയസിൽ അല്ലെ..? ”

“മോൾക്കല്ല എനിക്ക് ”

“നിനക്ക് കാതു കുത്തിയതാണല്ലോ. മാത്രമല്ല വിവാഹം കഴിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അല്ലെ മൂക്കും കുത്തി മൂക്കുത്തി ഇട്ടത്.ഇനി എന്നാ കുത്താനാ !!”

“അതൊക്ക ശരി തന്നെ…എന്റെ കാതിന്റെ മുകളിൽ രണ്ടു സ്റ്റഡിനു വേണ്ടി. അവിടെ സ്റ്റഡിടുന്നത് ഇപ്പോൾ പാഷനാ. ”

“ഓ അത് ശരി… അന്ന് മൂക്കുത്തി ഇടാൻ ചെന്നപ്പോൾ അടികൂടേണ്ടതായിരുന്നു. അപ്രൈസർ നിന്റെ കവിളിൽ പിടിച്ചു മൂക്ക് കുത്താൻ തുടങ്ങിയപ്പോൾ.. ഇനി ചെവിയിലും പിടിക്കും കഷ്ടം. ഞാൻ വരുന്നില്ലെടി വിപിനയെയും കൂട്ടി ചെന്നാൽ മതി.”

“അവൾക്ക് ക്ലാസ്സ് ഉണ്ടല്ലോ.. നമുക്ക് പോവാം ചേട്ടാ..പ്ലീസ്.. ”

“ഉം ”

അവളുടെ കൊഞ്ചൽ കേട്ടാൽ പിന്നെ താൻ ഫ്ലാറ്റ്.

അപ്പോഴേക്കും വിപിന്റെ ഒരലവലാതി ഫ്രണ്ടിന്റെ വീഡിയോ മെസ്സേജ് വാട്ട്‌സ് ആപ്പിൽ വന്നു.

വിപിൻ തുറന്നു നോക്കി.
ഹമ്മോ ചില പാശ്ചാത്യ സ്ത്രീകൾ റിങ്, സ്റ്റഡ് തുടങ്ങിയവ ചുണ്ടിനും, മാറത്തും, പൊക്കിളിനും… അവിടന്ന് താഴോട്ടും… ഒക്ക ഇട്ടിട്ടുള്ള വീഡിയോ…!

‘ഈശ്വരാ..ഇതൊക്കെ തന്റെ ഭാര്യയുടെ ശ്രദ്ധയിൽപെട്ടാൽ…. പിന്നെ തീർന്നു… ഇടണം എന്ന് വാശി വിളിച്ചാൽ… അവളുടെ ശ്രദ്ധയിൽപ്പെടല്ലേ ഈ നശിച്ചതൊന്നും…

എന്ന പ്രാർത്ഥയോടെ വിപിൻ വിഡിയോ ഡിലീറ്റ് ചെയ്തു ആ അലവലാതി ഫ്രണ്ടിനെ ബ്ലോക്ക്‌ ചെയ്ത് കിടന്നുറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *