(രചന: Vipin PG)
പെൺകുട്ടികളുടെ മൂത്രപ്പുരയിൽ ഫോൺ വച്ചതിന് മനുവിനെ സ്കൂളിൽ നിന്ന് പുറത്താക്കി.
ആ വാർത്ത നാട്ടിൽ വലിയൊരു ഓളം ഉണ്ടാക്കാൻ അധികം താമസയുണ്ടായില്ല. കാരണം അന്നത്തെ സോഷ്യൽ മീഡിയയിൽ അവനായിരുന്നു താരം.
പ്രതീക്ഷിച്ചതെന്തോ അതിനപ്പുറത്തെയ്ക്ക് കാര്യങ്ങള്‍ കടന്നു പോയത് കൊണ്ട് സ്കൂള്‍ മാനേജ്മെന്റ് ഉള്‍പ്പെടെ നിസ്സഹായരായി. മീഡിയ ഭീകരരാണ്. അവര്‍ക്ക് ഇന്ന് കിട്ടിയ ഇറച്ചി കഷണം അവര്‍ കടിച്ചു കീറി.
മനു ഓഫീസ് റൂമില്‍ വിറച്ചു വിറങ്ങലിച്ച് ഇരിക്കുകയാണ്. ആര് ചോദിച്ചിട്ടും അവനൊന്നും പറയുന്നില്ല. ആര്‍ക്കും ഒന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല. മനുവിന്റെ പാരന്റ്സ് വന്നേ പറ്റൂ.
അച്ഛന് ജോലി സ്ഥലത്ത് നിന്നും പെട്ടെന്ന് വരാന്‍ സാധിക്കില്ല. അമ്മ സ്കൂളില്‍ വരാന്‍ പറ്റിയ മാനസികാവസ്ഥയിലല്ല. അതുകൊണ്ട് തന്നെ സ്കൂളില്‍ നിന്ന് അവന്റെ ക്ലാസ്സ് ടീച്ചര്‍ അയാളുടെ കാറില്‍ അവനെ വീട്ടില്‍ കൊണ്ടുവന്നു വിട്ടു.
വീട്ടിൽ വന്ന ശേഷം അവന്റെ അമ്മയുടെ പൊതിരെ തല്ലു വാങ്ങിയ ശേഷം അവൻ റൂമിൽ കയറിയതാണ്.
ആരും അമ്മയെ തടുക്കാന്‍ പോയില്ല. വന്നവരെല്ലാം കണ്ടു നിന്നു. ചിലര്‍ അതും വീഡിയോ പിടിച്ചു. അവന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല. കാരണം തെളിവുകൾ എല്ലാം അവന് എതിരെ ആരുന്നു.
തവിക്കണയ്ക്ക് തല്ലിയ പാട് മനുവിന്റെ കൈത്തണ്ടയില്‍ തെളിഞ്ഞു വന്നു. മുഖം മാന്തി കീറിയിരുന്നു. തുടയില്‍ ചുവന്ന പാടുകള്‍ കുറെ വീണു. ഉള്ളു നീറുന്ന പോലെ അവന്റെ ശരീരവും നീറി.
ഇനി അവന്റെ അമ്മയ്ക്ക് മനുഷ്യരുടെ മുഖത്തു നോക്കാൻ പറ്റുമോ. പുറത്തിറങ്ങി നടക്കാൻ പറ്റുമോ. വളർത്തു ദോഷമെന്നേ എല്ലാവരും പറയൂ.
കാര്യമറിഞ്ഞു വന്ന അയല്പക്കക്കാരുടെ മുന്നിൽ അവന്റെ അമ്മ കരഞ്ഞു തളർന്നു. അയല്‍ക്കാരില്‍ ചിലര്‍ അവന്റെ അമ്മയെ സമാധാനിപ്പിച്ചു. ചിലര്‍ കിട്ടിയ അവസരം മുതലെടുത്തു.
അതങ്ങനെയാണ്,, കൂടെ നില്ക്കേണ്ടവര് തന്നെ ചിലപ്പോള്‍ കൂടെ നിന്ന് കുതികാല് വെട്ടും. അതിന്റെ വരും വരായ്ക ആ നിമിഷത്തില്‍ അവര്‍ ചിന്തിക്കില്ല. അതിന്റെ ആഘാതം എത്രത്തോളം ആകുമെന്നും അവര്‍ ചിന്തിക്കില്ല.
അവര്‍ക്ക് ആ നിമിഷത്തെ മനസ്സുഖം. ഇത് മുതലെടുത്തവരില്‍ അടുത്ത കുടുംബങ്ങളും എപ്പോഴും കാണുന്നവരും പെടും. ഒരു നിമിഷം കൊണ്ട് ഭൂലോകം ഒരറ്റത്ത് നിന്നും കത്തിയമരുന്നത് പോലെ മനുവിന് തോന്നി. അവന്റെ അമ്മയ്ക്കും.
ആദ്യമായാണ് അവന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു പ്രവണത. കൂടെ പഠിക്കുന്ന പെൺകുട്ടികളോട് വളരെ മാന്യമായേ അവൻ പെരുമാറിയിട്ടുള്ളു.
അവൻ ക്ലാസ്സിൽ നന്നായി പഠിക്കുന്ന കുട്ടിയാണ്,,, എല്ലാ കാര്യത്തിലും മുന്നിൽ നിക്കുന്നതാണ്. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നിട്ടും അവന്റെ കാര്യത്തിൽ വീട്ടിൽ ഒരു കുറവും വരുത്തിയിട്ടില്ല.
അവന് അവന്റെ അച്ഛൻ ഫോൺ വാങ്ങി കൊടുത്തിട്ട് അധിക നാൾ ആയില്ല. അവൻ ഫോൺ വേണമെന്ന് പറഞ്ഞപ്പോൾ എതിരൊന്നും പറയാതെ അച്ഛൻ വാങ്ങി കൊടുത്തു.
അവന്റെ ആവശ്യങ്ങള്‍ അവന്റെ അച്ഛന് തിരിച്ചറിയാറുണ്ട്. അവന് ആവശ്യങ്ങള്‍ മാത്രമേ പറയാറുള്ളു. ഒന്നിലും ഒരു കാര്യത്തിലും ഇന്നുവരെ പിടിവാശി കാണിച്ചിട്ടില്ല.
എല്ലാവര്ക്കും അത്ഭുതമാണ്,, സംശയവും. തലേന്ന് വൈകിട്ട് സ്കൂൾ വിട്ട് വന്നപ്പോൾ മുതൽ അവന്റെ മുഖം വാടിയിരുന്നു. ആരോടും അധികം മിണ്ടിയില്ല,,,, അവന്റെ മനസ്സിൽ ഇങ്ങനെ ഒരു കാര്യമുള്ളതായി ആരും സ്വപ്നത്തിൽ ചിന്തിച്ചില്ല.
അന്ന് അവന്റെ അച്ഛൻ വരാൻ പതിവിലും വൈകി,,, അത്യാവശ്യം പോലീസു കാരുമായിട്ട് ബന്ധങ്ങൾ ഉള്ള അയാൾ ആ കേസിന്റെ പുറകെ ഒന്നുകൂടി പോയി.
അവൻ എങ്ങനെ പെൺകുട്ടികളുടെ മൂത്രപ്പുരയിൽ കയറി. രാവിലെ ഒമ്പത് മണി കഴിഞ്ഞാണ് അവൻ സ്കൂളിൽ ചെന്നത്.
ആ സമയത്ത് അവന് ഗേൾസിന്റെ മൂത്രപ്പുരയിലേക്ക് പോകാൻ പറ്റില്ല,,, അതിനുള്ളിൽ കയറാനും പറ്റില്ല. കാര്യം മെല്ലെ മല്ലെ വഴി മാറാന്‍ തുടങ്ങി. അവന് സ്കൂളില്‍ ചെന്ന ശേഷം പറ്റിയില്ലെങ്കില്‍ അവന് ഇന്നലെ ചെയ്ത് കാണണം.
പക്ഷെ ഒന്നുകില്‍ രാവിലെ ആരും എത്തുന്നെനു മുന്നേ,, അതല്ലെങ്കില്‍ വൈകിട്ട് എല്ലാവരും പോയ ശേഷം. ഇത് രണ്ടും മനുവിനെക്കൊണ്ട് പറ്റില്ല.
സംശയം തോന്നിയ പോലീസ് അവന്റെ ക്ലാസിലെ എല്ലാ കുട്ടികളെയും ചോദ്യം ചെയ്തു. ചില സമയത്ത് ചോദ്യം ചെയ്യലിന്റെ രീതി കുറച്ചു മാറാന്‍ തുടങ്ങി. ആ സമയം അതിൽ വിറച്ചു കരഞ്ഞ ഷിബിൻ എന്ന കുട്ടി ആ സത്യം പറഞ്ഞു.
ഇത് ചെയ്തത് അവനല്ല,,, തലേന്ന് മനുവിന്റെ കൈയിൽ നിന്നും ഷിബിൻ ഫോൺ മോഷ്ടിച്ചിരുന്നു. രാവിലെ മനു എത്തുന്നതിനു മുന്നേ ഫോൺ മൂത്രപ്പുരയിൽ വെക്കുകയും ചെയ്തു.
മനുവും ഷിബിനും തമ്മിലുണ്ടായ ഈഗോ ക്ലാഷ് ഒരു തമ്മിൽ തല്ലിലേക്ക് പോകുകയും അത് ഇവിടെ എത്തി നിക്കുകയും ചെയ്തതാണ്. മനുവിനെ നാണം കെടുത്താന്‍ വേണ്ടി ഷിബിന്‍ ചെയ്തതാണ്.
കാര്യം കുറച്ചു കടന്നു പോയി. ഷിബിന്റെ പാരന്റ്സ് നെ വിളിപ്പിച്ചു. സ്പോട്ടില്‍ ടി സി കൊടുത്ത് പറഞ്ഞ് വിട്ടു. കാര്യങ്ങള്‍ സ്കൂള്‍ മാനേജ് മെന്റ് ഒളിച്ചു വയ്കാന്‍ ശ്രമിച്ചെങ്കിലും പോലിസ് കാര്യങ്ങള്‍ വെളിപ്പെടുത്തി.
എന്ത് ചെയ്യണമെന്നോ എന്ത് പറയാണമെന്നോ അറിയാത്ത അവസ്ഥ,,,
നേരിട്ട് മാപ്പ് പറയാമെന്നു പറഞ്ഞ് അവന്റെ അച്ഛന്റെയൊപ്പം സ്കൂൾ അധികൃതരും മനുവിന്റെ വീട്ടിലേക്ക് പോയി.
അതാണ് ശരി. കാരണം പക്വതയുള്ള ഒരു സമീപനമായിരുന്നില്ല സ്കൂളിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കാരണം ഫോണ്‍ കിട്ടിയ പാടെ അത് മനു വച്ചതാണ് എന്ന് അവര്‍ ഉറപ്പിച്ചു കഴിഞ്ഞു.
വളരെ നല്ല ബാഗ്രൌണ്ട് ഉള്ള ഒരുന കുട്ടിയെന്ന നിലയില്‍ കുറച്ചുകൂടി വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം മാത്രം ആക്ഷന്‍ എടുക്കണമായിരുന്നു.
ഉണ്ടായ കാര്യം അറിഞ്ഞപ്പോൾ അവന്റെ അമ്മയുടെ മുഖത്ത് തെളിച്ചം വന്നു,,,
” അവൻ എന്റെ മോനാണ്,,, അവൻ അങ്ങനെ ചെയ്യില്ല ”
വൈകിയെങ്കിലും തിരിച്ചറിവുകള്‍ നല്ലതാണ്. ചുറ്റുമുള്ളവരെ മനസ്സിലാക്കാനും അവരുടെ ഉള്ളിലുള്ളത് പുറമേ കൊണ്ടുവരാനും അത് പ്രജോജനപ്പെടും.
കൂടി നിന്നവരും സാഹചര്യം ചൂണനം ചെയ്തവര്‍ക്കും ഒരു കനത്ത തിരിച്ചടിയായെങ്കിലും അവരെ അത് ബാധിക്കുന്നില്ല.
ആ വിഷ വിത്തുകള്‍ അടുത്ത അവസരത്തിന് വേണ്ടി കാത്തിരിക്കും. അതുവരെ ചിരിച്ചു കാണിക്കും. അമ്മയ്ക്ക് സന്തോഷമായി. കാഴ്ച കാണാന്‍ നിന്നവര്‍ പിരിഞ്ഞു പോയി.
അവന്റെ അമ്മ അവന്റെ റൂമിൽ പോയി ഡോറിൽ മുട്ടി വിളിച്ചു. കുറെ തവണ മുട്ടിയിട്ടും അനക്കമൊന്നും ഉണ്ടായില്ല. പിണക്കമില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞിട്ടും അവൻ വാതിൽ തുറന്നില്ല.
ഒടുക്കം അവന്റെ അച്ഛൻ വാതിൽ ചവിട്ടി തുറന്ന് അകത്തു കയറിയപ്പോൾ ഫാനിൽ തൂങ്ങിയാടുന്ന മകനെയാണ് കണ്ടത്. ഇരു ചെവിയും പൊത്തി നിലവിളിക്കാനേ അവന്റെ അമ്മയ്ക്ക് കഴിഞ്ഞുള്ളു…