കൂട്ടം തെറ്റിയ പറവകള്‍
(രചന: Vipin PG)
മേലെ കുന്നില്‍ പുതിയ താമസക്കാര് വന്നെന്നു കേട്ടപ്പോള്‍ വെറുതെയൊന്ന് മലകയറാന്‍ പോയതാണ്.
എന്തായാലും പോയത് വെറുതെയായില്ല. വന്ന കുടുംബത്തില്‍ പത്ത് പതിനെട്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. ആഹാ,, ഒരു മാലാഖക്കുട്ടി.
എനിക്ക് ഇരുപത്തിനാല് അവള്‍ക്ക് പതിനെട്ട്,, രണ്ടാളുടെയും പ്രായം ഓക്കേ ആണ്. വന്നവഴി അവളുടെ ഒരു ചിരി കിട്ടുകയും ചെയ്തു. വളരെ സന്തോഷം.
അവര്‍ സെറ്റ് ആയ അന്ന് തൊട്ട്ഞാന്‍ ആ പരിസരം മുഴുവന്‍ കറങ്ങാന്‍ തുടങ്ങി. അവള്‍ പഠിക്കാന്‍ ഇരിക്കുന്നിടത്ത് ചെന്നു.
അവള്‍ നടക്കാന്‍ പോകുന്ന പുറകെ പോയി. അവള്‍ സാധനം വാങ്ങാന്‍ പോയ പുറകെ പോയി. അവള്‍ തുണി കഴുകാന്‍ പോയ പുറകെ പോയി. എവിടെയും ഒരു രക്ഷയുമില്ല.
വെക്കേഷന്‍ ടൈം ആയത് കൊണ്ട് അവള്‍ കോളേജില്‍ പോകുന്നില്ല. പിന്നെയെന്ത് തേങ്ങയാണോ ഈ പഠിക്കുന്നെ. അടുത്ത സെമ്മിന്റെ പ്രിപ്പറെഷന്‍ ആകും. അപ്പൊ അത്യാവശ്യം കാര്യ ഗൌരവമുള്ള കുട്ടിയാണ്.
രക്ഷപ്പെടും. എങ്ങനെയും അവളെയൊന്നു മുന്നില്‍ കിട്ടനമെന്ന് കരുതി അവളുടെ പുറകീന്ന് മാറാതെ കൂടി. ഒടുക്കം കറങ്ങി കറങ്ങി അവളുടെ മുന്നില്‍ ചെന്നു പെട്ടു.
“ ഹലോ ചേട്ടാ”
അവള്‍ ആദ്യം എറിഞ്ഞു.
“ഹായ്”
ഞാന്‍ തിരിച്ചും എറിഞ്ഞു.
“ കുറച്ചു ദിവസം കൊണ്ട് ചേട്ടന്‍ എന്റെ പുറകെ നടക്കുന്നുണ്ടല്ലോ. എന്താ ഉദ്ദേശം”
“ അയ്യോ ഒരു ഉദ്ധേശവുമില്ല,, ഒന്ന് പരിചയപ്പെടാന്‍”
“ ഉം,, പരിചയപ്പെടാന്‍ വീട്ടിലേയ്ക്ക് വന്നാ പോരെ,, ഈ പാട് പെടണോ”
ഞാന്‍ ഒന്നും മിണ്ടാതെ നിന്നു. അവളുടെ സംസാരം കേള്‍ക്കാന്‍ തന്നെ എന്തൊരു രസം. എന്തൊരു നിഷ്കളങ്കത. പ്രായത്തിനൊത്ത മച്യൂരിറ്റി ഇല്ലെന്നു തോന്നുന്നു.
എന്തായാലും ആളെ മുന്നില്‍ കിട്ടി. പക്ഷെ അവിടെയാണ് ആദ്യത്തെ ട്വിസ്റ്റ് നടന്നത്. പറഞ്ഞും പരിചയപ്പെട്ടും വന്നപ്പോള്‍ പെണ്ണ് എഴാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ച്.
എന്നെ തെറ്റ് പറയാന്‍ പറ്റില്ല. അവളെ കണ്ടാല്‍ വയസ്സ് തോന്നും. ആകെ ഇളിഭ്യനായിപ്പോയതിന്റെ വിഷമത്തില്‍ ഞാന്‍ മരച്ചുവട്ടില്‍ പോയി ഇരുന്ന് ഒരു സിഗിരറ്റ് എടുത്ത് വലിക്കാന്‍ തുടങ്ങി. പെട്ടെന്നതാ ഒരു ശബ്ദം
“ വലിക്കാറുണ്ടല്ലേ”
സിനിമാ സ്റ്റൈലില്‍ സിഗിരറ്റ് ചവിട്ടി കെടുത്തി ചാടി എഴുന്നേറ്റപ്പോള്‍ ആ പെണ്ണിന്റെ അമ്മയാണ്. ജാനകി.
അമ്മയെ കണ്ടാല്‍ അധികം പ്രായം തോന്നില്ല. ഒരു ചെറുപ്പക്കാരി. ആ ,, അങ്ങനെയല്ലേ വരൂ. ആ പെണ്ണിന് പണ്ട്രണ്ടു വയസ്സല്ലേ ഉള്ളൂ. ഞാന്‍ വീണിടത്ത് കിടന്ന് ഉരുണ്ടു.
“ വല്ലപ്പോഴും,, വല്ലപ്പോഴും ഓരോന്ന്”
“ വലി മോശമാണ് ട്ടാ. വല്ലപ്പൊഴും കുടിച്ചാലും കുഴപ്പമില്ല”
അതും പറഞ്ഞ് ആ ചേച്ചി പോയി. എന്തായാലും അവരൊരു നല്ല കാര്യം പറഞ്ഞതാണല്ലോ. അപ്പൊ പിന്നെ വലി നിര്‍ത്തിയേക്കാം. ഞാന്‍ വലിക്കാന്‍ ബാക്കി വച്ച സിഗിരറ്റ് എടുത്ത് ചുരുട്ടി കളഞ്ഞു.
അന്ന് വീട്ടില്‍ പോയപ്പോഴാണ് അവരുടെ ചരിത്രം മുഴുവന്‍ അറിയുന്നത്. ആ സ്ത്രീ പതിനാറു തികഞ്ഞപ്പോള്‍ കല്യാണം കഴിഞ്ഞു.
ഈ മോള്‍ ഉണ്ടായി കുറച്ചു കഴിഞ്ഞപ്പോള്‍ കെട്ടിയോന്‍ മരിച്ചു പോയി. ഇപ്പൊ ഒരു രണ്ടാം കല്യാണം പറഞ്ഞ് വച്ചിട്ടുണ്ട്. പക്ഷെ ഈ മോളുടെ കാര്യം പറഞ്ഞ് ഉടക്കി നില്‍ക്കുകയാണ്.
ചേച്ചിയുടെ അവസ്ഥ കേട്ടപ്പോള്‍ സഹതാപം തോന്നി. തോന്നീട്ട് പ്രത്യകിച്ച് കാര്യമൊന്നുമില്ല,, എന്നാലും മനസ്സാക്ഷി എന്നൊന്ന് ഉണ്ടല്ലോ. അങ്ങനെ ഒരു ദിവസം അവരുടെ വീട്ടില്‍ ചെന്നു.
ഇപ്പൊ ധൈര്യമായി ചെല്ലാലോ,, അമ്മയെയും മകളെയും പരിചയപ്പെട്ടല്ലോ. ആദ്യമായി അവരുടെ വീട്ടില്‍ ചെല്ലുന്ന അതിഥിയെ പോലെ അവരെന്നെ സ്വീകരിച്ചു. പല കാരണങ്ങാല്‍ അവിടേയ്ക്ക് ആരും പോകാറില്ല.
അങ്ങനെ പോയാല്‍ ചിലപ്പോള്‍ അവരെക്കൊണ്ട് നാളെ എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് പേടിച്ചാകും. എന്തായാലും ഞാന്‍ പോയി,, അവര് വച്ച് തന്ന ചായയും കുടിച്ചു,, പലഹാരവും കഴിച്ചു.
ദിവസങ്ങള്‍ മുന്നോട്ടു പോയി. ഞാന്‍ ഇടയ്ക്കിടയ്ക്ക് വിടെ പോകാറുണ്ടായി. ചിലപ്പോള്‍ മോള്‍ക്ക് മൂഡ് ഓഫ് ചിലപ്പോള്‍ അമ്മയ്ക്ക് മൂഡോഫ്.
രണ്ടുപേരോടും മാറിമാറി ചോദിച്ചിട്ടും ഒന്നും പറയുന്നില്ല. ഒരിക്കല്‍ ആ പെണ്‍കുട്ടിയെ വഴിയില്‍ വച്ച് കണ്ടപ്പോള്‍ അവളോട് ചോദിച്ചു പ്രശ്നം എന്താണെന്ന്.
അവള്‍ ഏങ്ങല്‍ അടിച്ചു കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല. എല്ലാ ഫാമിലിയിലും ഉണ്ടാകും ഇതേപോലെ നൂറു നൂറു പ്രശ്നങ്ങള്‍. നമുക്ക് സമാധാനം കണ്ടെത്തി കൊടുക്കാന്‍ പറ്റില്ലാലോ.
ഇടയ്ക്ക് രാത്രി വെളുക്കുവോളം അവരുടെ വീട്ടില്‍ വെളിച്ചം കാണാം. ഇടയ്ക്ക് വളരെ നേരത്തെ വെളിച്ചം കെടും. വല്ലാത്തൊരു സംഭവം തന്നെ. കാലം തെറ്റി പെയ്ത മഴയില്‍ ഒരു ദിവസം ആ അമ്മയും മകളും വിറച്ചു പോയി.
കട്ടി കൂടിയ മഴ രാവ് വെളുക്കുവോളം നിന്നപ്പോള്‍ രണ്ടുപേരും ഒരു പോള കണ്ണടച്ചില്ല. അവരാ വീട് മാറുന്നതിനെ പറ്റി ആലോചിച്ചു. പക്ഷെ,, ആ വാടകയ്ക്ക് വേറെ എവിടെയും വീട് കിട്ടാനില്ല.
കുറച്ചു നാളുകള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ആ വീട്ടില്‍ പോയി. പതിവില്ലാത്ത ഒരു സന്തോഷം അന്നവരുടെ മുഖത്ത് കാണാന്‍ പറ്റി. അന്ന് വളരെ സന്തോഷത്തോടെ ഞാന്‍ അവിടെ നിന്നും ഇറങ്ങി.
ചിലര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും. അത് പിന്നെ മാറിപ്പോകാന്‍ പാടാണ്. ആ അമ്മയും മകളും എന്റെ ജീവിതത്തിന്റെ ഭാഗമായി. കൂടെയുള്ളവരും കൂട്ടുകാരും പലതും പറയാന്‍ തുടങ്ങി.
അമ്മയെ വച്ചോണ്ടിരിക്കുന്നു മോളെ വച്ചോണ്ടിരിക്കുന്നു,, അമ്മയെയും മോളെയും വച്ചോണ്ടിരിക്കുന്നു. ആരെന്ത് വേണേല്‍ പറയട്ടെ. ഞാന്‍ ഞാനാണല്ലോ. എനിക്കറിയാം എന്ത് വേണമെന്ന്.
ദിവസങ്ങള്‍ വീണ്ടും മുന്നോട്ടു പോയി. ആ അമ്മയും മകളും കൂടുതല്‍ അടുത്തു. ഞാന്‍ നിത്യ സന്തര്‍ശകന്‍ ആയി. ഒരു ദിവസം ആ പെണ്‍കുട്ടി സ്കൂളില്‍ പോയ സമയം ഞാന്‍ ആ വീട്ടില്‍ ചെന്നു.
ആദ്യമായാണ് അങ്ങനെ പോകുന്നത്. സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല. ആ സ്ത്രീ അവരുടെ കഥകള്‍ വാ തോരാതെ പറഞ്ഞു. പറഞ്ഞ് പറഞ്ഞ് അതൊരു കരച്ചിലില്‍ എത്തി.
ഞാന്‍ പ്രതീക്ഷിച്ചതാണ്. പക്ഷെ കുര്ച്ചുന്‍ നേരത്തെ ആയെന്ന് മാത്രം. ഞാന്‍ അവരെ ആശ്വസിപ്പിച്ചു. രണ്ടുപേരുടെയും മനസ്സ് കൈ വിട്ടു പോകുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.
ഒരു ദുര്‍ബല നിമിഷത്തില്‍ ഞാന്‍ ആ സ്ത്രീയെ കെട്ടി പിടിച്ചു. അവര്‍ എതിര്‍ത്തില്ല. ആ മൌനം സമ്മതമായി ഞാന്‍ കണക്കാക്കി. അതിന്റെ അവസാനമെന്നോണം നമ്മള്‍ ലയിച്ചു ചേര്‍ന്നു.
അന്നത്തെ രാത്രി എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ഞാന്‍ വീണ്ടും പോകാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ഒരവസരം വന്നാല്‍ വീണ്ടും കൂടി ചേരാന്‍ സാധ്യതയുണ്ട്. ഇനി കുറച്ചു നാള്‍ ഒരു ഡിസ്റ്റന്‍സ് ഇടാന്‍ തീരുമാനിച്ചു.
പക്ഷെ എല്ലാ തീരുമാനത്തിന്റെയും ആയുസ്സ് അന്ന് നേരം വെളുക്കുന്നത് വരെയെ ഉണ്ടായിരുന്നുള്ളൂ. ആ രാത്രി ആ അമ്മയും മകളും തൂങ്ങി മരിച്ചു. കാര്യങ്ങള്‍ റിയലൈസ് ചെയ്യാന്‍ എനിക്ക് കുറച്ചു ദിവസങ്ങള്‍ എടുത്തു.
മനസ്സിന്റെ മരവിപ്പ് മാറാന്‍. ഞാന്‍ കാണാന്‍ പോയില്ല,, കാര്യവും ചോദിച്ചില്ല. ഒരു സന്തോഷത്തിന്റെ നിമിഷം തന്നത് മറക്കാന്‍ പറ്റാത്ത സങ്കടം തരാനായിരുന്നെന്ന് ഞാന്‍ അറിഞ്ഞില്ല.