അവള്‍ കുറച്ചു നേരം റൂമിലിരുന്നാല്‍ അമ്മായിയമ്മ അവള്‍ പോലുമറിയാതെ റൂമില്‍ കയറിവന്ന് കാലില്‍ അടിക്കും. ഒന്നും മിണ്ടാതെ തിരിച്ചു പോകുകേം ചെയ്യും. ഇറയത്ത്‌

അടുക്കളക്കാരി
(രചന: Vipin PG)

കല്യാണം കഴിഞ്ഞു മൂന്നാഴ്ച്ചയെ അര്‍ജ്ജുന്‍ അവളുടെ കൂടെയുണ്ടായിരുന്നുള്ളൂ. വിദേശത്ത് നല്ല ജോലിയാണ്. തിരിച്ചു പോകാന്‍ തന്നെയാണ് തീരുമാനം.

പക്ഷെ ഇത്തവണ അവളെ കൊണ്ടുപോകാന്‍ നിവര്‍ത്തിയില്ല. അവിടെ പോയി ഒരു ഫാമിലി വിസ അറേഞ്ച് ചെയ്തിട്ട് വേണം അവളെ കൊണ്ടുപോകാന്‍.

കരച്ചിലും പിഴിച്ചിലും സ്വാഭാവികമാണ്. അത് പുതുമോടിയെന്നോ പത്ത് കൊല്ലം കഴിഞ്ഞവരെന്നോ വ്യത്യാസമൊന്നുമില്ല. പക്ഷെ അവള്‍ സമാധാനിച്ചു.

വന്നയിടം സ്വര്‍ഗ്ഗമാണ്. എല്ലാവരും വളരെ സ്നേഹത്തോടെ പെരുമാറുന്നു. അതാണ്‌ അവള്‍ കണ്ട ആശ്വാസം.

പക്ഷെ ആ ആശ്വാസം അധിക നാള്‍ നീണ്ടു നിന്നില്ല. ആദ്യമായി അവളത് മനസ്സിലാക്കി തുടങ്ങിയത് അവള്‍ ചെയ്യുന്നതിന് മാത്രം കുറ്റം കണ്ടുപിടിക്കാന്‍ തുടങ്ങിയപ്പോഴാണ്.

കറി ഒന്നും ശരിയാവുന്നില്ല,, തുണി അലക്കീട്ടു ശരിയാവുന്നില്ല. അച്ചടക്കത്തോടെ ഇരിക്കുന്നില്ല. പുതു മോടി കഴിഞ്ഞാല്‍ ഇതും സ്വാഭാവികമെന്ന് കരുതി ആദ്യം അവളെല്ലാം ചിരിച്ചു കൊണ്ട് സമ്മതിച്ചു. പോകെ പോകെ കൂടി വന്നു. തൊട്ടതിനും പിടിച്ചതിനും മുഴുവന്‍ കുറ്റം.

രണ്ടാം ഘട്ടം ദേഹോപദ്രവമാണ്. അവള്‍ കുറച്ചു നേരം റൂമിലിരുന്നാല്‍ അമ്മായിയമ്മ അവള്‍ പോലുമറിയാതെ റൂമില്‍ കയറിവന്ന് കാലില്‍ അടിക്കും.

ഒന്നും മിണ്ടാതെ തിരിച്ചു പോകുകേം ചെയ്യും. ഇറയത്ത്‌ ചെന്ന് നിന്ന് മുടി കെട്ടിയാല്‍ കൈയ്ക്ക് അടിക്കും. പച്ചക്കറിഅരിയുമ്പോള്‍ കൈ തണ്ടയ്ക്ക് അടിക്കും.

ഒന്നിനും അവര്‍ വാ തുറക്കില്ല. ആക്ഷന്‍ മാത്രം. കുറച്ചു കാലം മിണ്ടാതിരുന്നു. പിന്നെ ഇതെന്തിനാ ഇങ്ങനെ ചെയ്യുന്നെന്ന് അവള്‍ ചോദിച്ചപ്പോള്‍ അവളെ അപ്പാടെ വിഴുങ്ങിക്കൊണ്ടുള്ള നോട്ടം.

അവള്‍ക്ക് അവിടെ നടക്കുന്ന കാര്യങ്ങള്‍ ഒന്നും മനസ്സിലാവാതെയായി. എന്ത് ചെയ്യണം ചെയ്യണ്ട എന്ന് മനസ്സിലാകുന്നില്ല. എന്തിനാ ഇവര് തല്ലുന്നെ എന്ന് മനസ്സിലാകുന്നില്ല. ആരും ഒന്നും പറയുന്നുമില്ല.

സംഭവം രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നു. ആള് കുറച്ചു ദൂരെയായി ഏറു തുടങ്ങി. അവര്‍ക്ക് ഇഷ്ടപ്പെടാത്ത എന്ത് കാര്യം വന്നാലും അവര്‍ ഏറിയും.

പാര്‍വ്വതിയുടെ നില തെറ്റാന്‍ തുടങ്ങി. ഒന്നേല്‍ തല്ല കാര്യം പറയണം. അല്ലേല്‍ ഈ കലി നിര്‍ത്തണം. അന്ന് രാത്രി അവള്‍ അര്‍ജ്ജുനെ വിളിച്ച് നിര്‍ത്താതെ കരഞ്ഞു. അര്‍ജ്ജുന്‍ അമ്മയെ വിളിച്ചു കാര്യം ചോദിച്ചു.

“ അവള് ചെയ്യുന്നെന് അവള്‍ക്ക് കിട്ടും.. നീ അത്രേം കേട്ടാ മതി”

എന്ന് പറഞ്ഞ് അമ്മ ഫോണ്‍ വച്ചു. അതോടുകൂടി കാര്യം മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നു. അമ്മയുടെ വിശേഷം മോനെ വിളിച്ചു പറഞ്ഞത് അമ്മയ്ക്ക് ബോധിച്ചില്ല.

അമ്മ ഏറും അടിയും ഒരുമിച്ചാകാന്‍ തുടങ്ങി. സംഭവം സഹിക്ക വയ്യാതായപ്പോള്‍ പാര്‍വ്വതി അവളുടെ നാത്തൂനെ വിളിച്ചു കാര്യം പറഞ്ഞു.

“ അമ്മ ചിലപ്പോഴൊക്കെ അങ്ങനെയാണ്.. കുറച്ചൊക്കെ സഹിച്ചു നില്‍ക്ക്” എന്നായിരുന്നു അവളുടെ മറുപടി.

പാര്‍വ്വതിക്ക് എവിടെയൊക്കെയോ ഒരു ശരികേട് തോന്നി. ഒന്നോരോന്നായി എല്ലാവരുടെയും മുഖം മാറുന്നു. ഒരാശ്വാസത്തിന് വിളിക്കുന്നവര് പോലും കൈയ്യൊഴിയുന്നു.

അവള്‍ അന്ന് രാത്രിയും അര്‍ജ്ജുനെ വിളിച്ചു കരഞ്ഞു. കാര്യമെന്താണെന്ന് അര്‍ജ്ജുന് മനസ്സിലായെങ്കിലും അവന്‍ കാര്യം പറഞ്ഞില്ല.

“ ആറു മാസം കഴിയുമ്പോള്‍ ഞാന്‍ വരും.. അപ്പൊ ഒരു തീരുമാനമെടുക്കാം.. അതുവരെ നീയൊന്ന് അഡ്ജസ്റ്റ് ചെയ്യ്‌ എന്നായിരുന്നു അവന്റെയും മറുപടി. അവളത് സമ്മതിച്ചു. അവളുടെ രാത്രികള്‍ പകലുകളായി മാറി. ഉറക്കമില്ലാതായി.

എന്നാല്‍ വീട്ടിലെ അവസ്ഥ നാലാം ഘട്ടത്തിലേയ്ക്ക് കടന്നു. പലപ്പോഴും പാര്‍വ്വതിയുടെ വീട്ടില്‍ നിന്നും ആര് വന്നാലും അവളുടെ അമ്മായിയമ്മ വന്നവരെ മൈന്റ് ചെയ്യൂല.

അവളെ ഇന്‍സള്‍ട്ട് ചെയ്യാവുന്നതിന്റെ അങ്ങേയറ്റമായി പലപ്പോഴും. കുറച്ചു ദിവസം വീട്ടില്‍ പോയി നില്‍ക്കാന്‍ ചോദിച്ചാല്‍ അമ്മായിയമ്മ സമ്മതിക്കില്ല.

ഒരു ദിവസം അവള്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയ സമയത്ത് നാത്തൂന്‍ വീട്ടില്‍ വന്നു.

അവരെല്ലാവരും കൂടി വിഭവ സമൃദ്ധമായ സദ്യയൊരുക്കുകയും കഴിക്കുകയും ചെയ്തു. ഉച്ച സമയത്ത് വീട്ടില്‍ തിരികെയെത്തിയ പാര്‍വ്വതി കണ്ടത് എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതാണ്.

കുറെ നാള് കൂടി കണ്ടപ്പോള്‍ കൈ കഴുകി കഴിക്കാനിരിക്ക് നാത്തൂനേ എന്നാണ് ആദ്യം തന്നെ നാത്തൂന്‍ അവളോട്‌ പറഞ്ഞത്.

വളരെ സന്തോഷത്തോടെ കൈ കഴുകി ചെന്നപ്പോള്‍ അമ്മായിയമ്മ “ അയ്യോ,, ചോറ് തീര്‍ന്നല്ലോ മോളെ,, നിന്നെ കണക്കില് കൂട്ടാന്‍ മറന്നു പോയി” അമ്മായിയമ്മ പറഞ്ഞ് തീര്‍ന്നതും ടേബിളില്‍ ഇരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു.

പരിഹാസത്തിന്റെ അങ്ങേയറ്റം കണ്ടപ്പോള്‍ കരഞ്ഞു കൊണ്ട് പാര്‍വ്വതി ഡൈനിംഗ് ടേബിളില്‍ നിന്ന് എഴുന്നേറ്റു.

“ അങ്ങനെ പോകല്ല,, ഈ പാത്രം എല്ലാം കഴുകി വെക്കണം.. ഇവര്‍ക്ക് പോകാന്‍ തിരക്കുണ്ട്‌”
നെഞ്ചത്ത് കുത്തിയ പോലെ തോന്നിയ പാര്‍വ്വതി ഒന്ന് നിന്നു.

“ എന്നാണെ നീ നോക്കുന്നെ എന്ന് പറഞ്ഞ് അമ്മായിയമ്മ അവളുടെ നേരെ ചീറി. പാര്‍വ്വതി ഒന്നും മിണ്ടാതെ മാറിപ്പോയി. ഉദ്ദേശിച്ച ദൌത്യം എന്തോ വിജയകരമായത്തിന്റെ സന്തോഷം നാത്തൂന്‍ ഉള്‍പ്പെടെ എല്ലാവരുടെയും മുഖത്ത് കണ്ടു.

ഇത് കൂട്ടം കൂടിയുള്ള ആക്രമണമായിരുന്നു എന്ന് പാര്‍വ്വതിക്ക് മനസ്സിലായി. പക്ഷെ ഇതിന്റെയൊന്നും കാരണം അവള്‍ക്ക് മനസ്സിലാകുന്നില്ല.

എന്തിനാണെന്നും മനസ്സിലാകുന്നില്ല. റൂമില്‍ കയറിയ പാര്‍വ്വതി പൊട്ടിക്കരഞ്ഞു. അന്ന് രാത്രി അവള്‍ വീണ്ടും അര്‍ജ്ജുനോട് കാര്യം പറഞ്ഞു. കുറച്ചു മടിച്ചെങ്കിലും അവന്‍ കാര്യം പറഞ്ഞു.

“ ഈ കല്യാണം വേണ്ടെന്ന് അവനോട് അവരെല്ലാവരും പറഞ്ഞിരുന്നു.

അഥവാ ഇനി അവളെ തന്നെ കല്യാണം കഴിച്ചാല്‍ അവളെയൊരു വീട്ടു വേലക്കാരിയെന്നപോലെയെ കാണൂള്ളൂ എന്നും അവര്‍ പറഞ്ഞിരുന്നു. അന്നത് തമാശയായി കണ്ടെങ്കിലും ഇന്നത് അവര് പ്രാവര്‍ത്തികമാക്കി”

കാര്യം മനസ്സിലായപ്പോള്‍ അവള്‍ തീരുമാനിച്ചു. നാളെ എന്തൊക്കെ വന്നാലും വീട്ടില്‍ തിരികെ പോകും.

അതിനെന്തെങ്കിലും പ്രോബ്ലം ഉണ്ടായാല്‍ പോലീസില്‍ കംപ്ലൈന്റ്റ്‌ ചെയ്യും. ഇനിയും ഇത് സഹിച്ചു നില്‍ക്കേണ്ട ഒരു കാര്യവുമില്ല. കാരണം,, ഞാന്‍ ഈ വീട്ടിലെ വേലക്കാരിയല്ല.

ഇനി വേലക്കാരിയാണെങ്കില്‍ തന്നെ ഇത്രയും സഹിക്കേണ്ട കാര്യമില്ല. അതൊരു അടിയുറച്ച തീരുമാനമായിരുന്നു. കാര്യങ്ങള്‍ വിശദമായി അര്‍ജ്ജുന് മെസ്സേജ് ഇട്ട ശേഷം പാര്‍വ്വതി കിടന്നുറങ്ങി.

അര്‍ജ്ജുന്‍ രാവിലെയാണ് മെസ്സേജ് കണ്ടത്. അര്‍ജ്ജുന്റെ വിളി വന്നപ്പോള്‍ തന്നെ അമ്മായിയമ്മ കൊല വിളിയുമായി പാര്‍വ്വതിയുടെ റൂമിലേയ്ക്ക് വന്നു.

റൂമിന്റെ ഡോര്‍ തുറന്ന സെക്കന്റില്‍ ജഗ്ഗില്‍ ഉണ്ടായിരുന്ന വെള്ളമെടുത്ത് പാര്‍വ്വതി ആ സ്ത്രീയുടെ മുഖത്ത് ഒഴിച്ചു. ആ കാഴ്ച കണ്ടപ്പോള്‍ എല്ലാവരും ഒരു നിമിഷം ഞെട്ടിപ്പോയി.

അത് ചോദ്യം ചെയ്യാന്‍ വന്ന നാത്തൂനെ പിടിച്ചു മാറ്റിയ ശേഷം രണ്ടു കരണത്തും ഓരോന്ന് പൊട്ടിച്ച ശേഷം അവളുടെ കഴുത്തിന്‌ കുത്തി പിടിച്ചു.

“ എന്റെ മോളെ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞ് ആ തള്ള ഓടി വന്നപ്പോഴേയ്ക്കും പാര്‍വ്വതി കൈ വിട്ടു. എല്ലാവരും സ്തംഭിച്ചു നില്‍ക്കുന്ന ആ സമയത്ത് ഇന്നലെ റെഡിയാക്കി വച്ച ബാഗെടുത്ത് അവള്‍ ഇറങ്ങി.

ഇറങ്ങുന്നതിനു തൊട്ട് മുന്നേ അവള്‍ അര്‍ജ്ജുന് വീണ്ടും മെസ്സേജ് ഇട്ടു.

“ ഒന്നുകില്‍ ഇവരെല്ലാവരും ചത്തിട്ട് എന്നെ വിളിക്കുക്ക,, അതല്ലെങ്കില്‍ നമ്മള്‍ മാത്രമുള്ള ഒരിടത്തേയ്ക്ക് എന്നെ വിളിക്കുക,, ഗുഡ് ബൈ”

അവളോട്‌ ചെയ്തതിനുള്ള മറുപടി അവള്‍ തന്നെ കൊടുത്ത ശേഷം അവള്‍ ആ വീടിന്റെ പടിയിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *