“സാർ എന്റെ അച്ഛന് സെഫ്റ്റിക്ക് ടാങ്ക് ക്ലീനിങ് ചെയ്യുന്ന ജോലി ആണ് ”
തുമ്മൽ വരുമ്പോൾ അറിയാതെ കൈത്തലം പോകുന്നപോലെ പെട്ടന്ന് വർമ്മ സാറിന്റെ മൂക്ക് കൈത്തലം മറക്കുന്നത് ശ്രദ്ധിച്ച പാർവതി സ്വയം ശപിച്ചു പോയി
“ശേ…തന്റെ ഉത്തരത്തിനു ഇത്രക്ക് ആദ്മാർത്ഥത വേണമായിരുന്നോ. കിട്ടാൻ സാധ്യത ഉണ്ടായിരുന്ന ജോലി സ്വയം തട്ടികളഞ്ഞല്ലോ…അതും നഗര ഹൃദയഭാഗത്ത് സെവൻ സ്റ്റാർ ഹോട്ടൽ എന്ന പേരിൽ തുടങ്ങുന്ന ഹോട്ടലിന്റെ റീസെപ്ഷനിസ്റ്റ്”
ഇന്റർവ്യൂ ബോർഡ് മെമ്പർ ആയ വർമ്മ സാറിന്റെ മേഡത്തിന്റെ കണ്ണുകളിലും തന്നോടുള്ള ജാള്യത പാർവതി തിരിച്ചറിഞ്ഞു
“പാർവതീ…എടീ ഇന്റർവ്യൂ എന്നാൽ മനസ്സിന്റെ ചടുലതയും വിവേകവും ആണ്..ഓരോ കോർപറേറ്റ് സ്ഥാപനങ്ങളും ആഗ്രഹിക്കുന്നതും അതാണ്….അല്ലാതെ ജീവിതത്തിലെ സത്യസന്ധത അല്ല ”
പാർവതിയുടെ ഉറ്റ സുഹൃത്ത് നിമിഷ അത് പറഞ്ഞപ്പോഴേക്കും പാർവതി പറഞ്ഞു
“എടീ നീ പറയ് ഞാൻ എന്ത് മറുപടി പറയണമായിരുന്നു അപ്പോൾ ”
“എടീ… അത്..ങാ .. പിന്നെ..
“എടീ സെഫ്റ്റിക്ക് ടാങ്ക് ക്ലീനിങ് കോൺട്രാക്ടർ ആണെന്ന് പറഞ്ഞാൽ പോരായിരുന്നോ….ശരിക്കും നിന്റെ അച്ഛൻ ഇപ്പോൾ അങ്ങനെ അല്ലേ ”
പറഞ്ഞു തീരും മുൻപേ പാർവതി പൊട്ടി ചിരിച്ചു
എന്താടീ പൊട്ടിച്ചിരിച്ചത് എന്ന് ചോദിച്ചെങ്കിലും പാർവതി മറുപടി ഒന്നും പറഞ്ഞില്ല
“ചേട്ടാ എന്ന് ഞാൻ വിളിക്കുന്നില്ല Mr വർമ്മ…. ഇന്റർവ്യൂ ബോർഡ് മെമ്പർ എന്ന നിലയിൽ ഞാൻ നിങ്ങളോട് ചോദിക്കുവാ. ഒരു തോട്ടി പണിക്കാരന്റെ മകൾ, ഐ മീൻ സെഫ്റ്റിക്ക് ടാങ്ക് ക്ലീനിങ് , അവൾ എത്ര ടാലെന്റെഡ് ആണെങ്കിലും കാഴ്ചയിൽ സുന്ദരി ആണെങ്കിലും നമ്മുടെ ലക്ഷ്യറി ഹോട്ടൽ ബിസിനസ്സിന്റെ സ്റ്റാൻഡേർഡിന് അനുസരിച്ചു പോകും എന്ന് ഉറപ്പുണ്ടോ.
രാത്രിയിൽ കിടക്കയിൽ വച്ച് ബോർഡ് മെമ്പർ ആയ ഭാര്യ ഉയർത്തിയ സംശയത്തിൽ കഴമ്പ് ഉണ്ടെന്നരീതിയിൽ അയാൾ വർമ്മ സാർ തലയാട്ടി
“എടീ നീ പറഞ്ഞത് ഒരു കണക്കിന് ശരിയാ.. എന്തായാലും നമുക്ക് നോക്കാം ഫൈനൽ ഇന്റർവ്യൂ ആ രണ്ടു പേര് തമ്മിൽ അല്ലെ”
“അവർ രണ്ട് പേരുടെയും ഓരോ ചോദ്യത്തിന് മാത്രം ഉള്ള ഫൈനൽ ഇന്റർവ്യു. ”
പാർവതിയും, ശ്രേയയും ഫൈനൽ ഇന്റർവ്യൂവിന് അകത്തേക്കുള്ള വിളി കാത്ത് വെളിയിൽ കസേരയിൽ ഇരിക്കുകയാണ്
രണ്ട് പേരുടെയും മുഖത്തെ പിരിമുറുക്കം പ്രകടം ആണ്. കിട്ടാൻ പോകുന്നത് ഗ്ലാമറസ് ആയ ജോലി ആണ്. സെലിബ്രിറ്റികളെയും, രാഷ്ട്രീയത്തിലെ ഉന്നതന്മാരെയും ബിസിനസ്സ് ഭീമന്മാരെയും നേരിട്ട് സ്വീകരിക്കാനും ഒപ്പം മുഖ പരിചയം സ്ഥാപിക്കാനും പറ്റിയ ജോലി
പാർവതി അപ്പോഴാണ് തന്റെ വെള്ള ഫുൾ സ്ലീവ് ഷർട്ടിൽ വട്ടത്തിൽ പറ്റി പിടിച്ചിരിക്കുന്ന കറുത്ത അഴുക്കു ശ്രദ്ധിച്ചത്.
“ങേ. ഇതെങ്ങനെ പറ്റി, അവൾ മുകളിലോട്ട് നോക്കി ഇത് ലക്ക്ഷ്വറി ഹാൾ ആണല്ലോ ഇവിടെ ഇങ്ങനെ വരാൻ ഒരു സാധ്യതയും ഇല്ലല്ലോ. പെട്ടന്ന് അവളുടെ മനസ്സിലൂടെ ഓട്ടോയിൽ താൻ ഇരുന്ന ദൃശ്യം മിന്നി മറഞ്ഞു പോയി
പാർവതി തന്റെ ബ്ലാക്ക് പാന്റിൽ നിന്ന് വെള്ള കർചീഫ് എടുത്തു വെള്ള ഫുൾ സ്ലീവ് ഷർട്ടിലെ കറുത്ത അഴുക്കു തുടച്ചു കളഞ്ഞു. ശേഷം അറിയാതെ മുഖത്തേക്കും തുടച്ചു
ഇതെല്ലാം ശ്രേയ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും അവിടേക്ക് വന്ന ചെറുപ്പക്കാരരനായ ഒരു സായിപ്പ് പാർവതിയുടെയും ശ്രേയയുടെയും എതിർവശത്തെ കസേരയിൽ വന്നിരുന്നു.
പാർവതിയും, ശ്രേയയും ആ സായിപ്പിനെ നോക്കി പുഞ്ചിരിച്ചെങ്കിലും അയാൾ പാർവതിയെ തന്നെ നോക്കി ഇരുന്നു. അതിൽ അല്പം കുശുമ്പ് ശ്രേയയുടെ മുഖത്ത് പ്രകടമായിരുന്നു. എങ്കിലും പാർവതിയുടെ മുഖത്തേക്ക് കണ്ണെറിഞ്ഞ ശ്രേയയുടെ മുഖം തെളിഞ്ഞു. അവളുടെ മുഖത്ത് ആത്മവിശ്വാസം പെട്ടന്ന് പ്രകടമായി
സായിപ്പ് എഴുന്നേറ്റു പരിചയപ്പെടാനായി കൈ നീട്ടിയതും ശ്രേയ പുഞ്ചിരിയോടെ കൈ നീട്ടി
അപ്പോഴേക്കും അകത്തേക്കുള്ള വിളി വന്നതും ശ്രേയ ഇന്റർവ്യൂവിനായി നടന്നു നീങ്ങി
പാർവതിയുടെ അടുത്തേക്ക് വന്നതും എഴുന്നേറ്റു നിന്നുകൊണ്ട് ഹസ്തദാനത്തിനൊപ്പം സായിപ്പിനെ ആലിംഗനം ചെയ്ത പാർവതി സ്വയം പരിചയപ്പെടുത്തി
സായിപ്പും പറഞ്ഞു താൻ സ്ഥിരമായി കേരളത്തിൽ ടുറിനു വരാറുള്ള ആൾ ആണ് എന്ന്..
നിങ്ങളുടെ മുഖത്ത് ബ്ലാക്ക് സ്പോർട്ട് ഉണ്ടെന്ന് സായിപ്പ് പറഞ്ഞതും പാർവതി മൊബൈലൽ ക്യാമറയിലൂടെ മുഖം നോക്കി
പുഞ്ചിരിയോടെ സായിപ്പിനോട് താങ്ക്സ് പറഞ്ഞ പാർവതി മൊബൈലിൽ നോക്കി മുഖം തുടച്ചു വൃത്തിയാക്കി
ഇന്റർവ്യൂ കഴിഞ്ഞ് ശ്രേയ വെളിയിലേക്ക് ഇറങ്ങി വന്നതും പാർവതി ഇന്റർവ്യൂവിനായി ഉള്ളിലേക്ക് കയറി
മിസ്സിസ് & മിസ്റ്റർ വർമ്മയുടെ മുൻപിൽ ഇരിക്കുന്ന പാർവതിയോട് ഒരു ചോദ്യവും അവർ രണ്ട് പേരും ചോദിക്കുന്നില്ല
എന്താ ഞങ്ങൾ വല്ലതും ചോദിക്കണോ?
ചോദ്യഭാവത്തോടെ ഇരിക്കുന്ന പാർവതിയെ നോക്കി മിസ്സിസ് വർമ ചോദിച്ചു
“അങ്ങനെ ഒന്നും ഇല്ല മേഡം, സംസാര ഭാഷയിൽ കൂടി അല്ലാതെ താങ്കൾക്ക് എന്നിൽ നിന്ന് എല്ലാം കിട്ടിയെങ്കിൽ ഏറ്റവും നല്ലത് അതല്ലേ..”
“സോറി പാർവതി…ശ്രേയ ആണ് ഞങ്ങളുടെ മനസ്സിൽ ഉള്ള ക്യാണ്ടിഡേറ്റ്. നെക്സ്റ്റ് അപ്പോയ്ന്റ്മെന്റ് എന്തെങ്കിലും വരുവാണെങ്കിൽ ഞങ്ങൾ അറിയിക്കാം ”
ഉള്ളിൽ ചെറിയ നൊമ്പരം ഉണ്ടായെങ്കിലും അത് പ്രകടിപ്പിക്കാതെ പുഞ്ചിരിയോടെ വെളിയിലേക്ക് ഇറങ്ങിയ പാർവതിയെ കാത്ത് ശ്രേയ നിൽപ്പുണ്ടായിരുന്നു.
അവൾ പാർവതിക്കു ഷേക്ക് ഹാൻഡ് കൊടുത്തു. അപ്പോഴേക്കും സായിപ്പ് വർമ്മയുടെ ഓഫീസിലേക്ക് കയറി പോയി
കോൺഗ്രാറ്റ്ലഷൻസ് ശ്രേയ എന്ന് പാർവതി പറഞ്ഞതും ശ്രേയയുടെ മുഖം പെട്ടന്ന് മങ്ങി
“ഇത് ഞാൻ അങ്ങോട്ട് അല്ലെ പറയേണ്ടത് ”
പാർവതിയെ നോക്കി ശ്രേയ പറഞ്ഞതും അതിന്റെ അർഥം മനസ്സിലാകാത്ത പോലെ പാർവതി ഒരേ നിൽപ്പ് നിന്നു
“എന്നോട് അവർ ഒരു ചോദ്യവും ചോദിച്ചില്ല അവരുടെ മനസ്സിൽ പാർവതി ആണ്.. ഇനി എന്തെങ്കിലും അപ്പോയ്ന്റ്മെന്റ് വരുവാണെങ്കിൽ പ്രിയോരിറ്റി തരാം എന്ന് പറഞ്ഞു ”
ശ്രേയ പറഞ്ഞത് കേട്ട് സ്തംഭിച്ചു നിന്നുപോയി പാർവതി..
“അല്ല മിസ്സിസ് വർമ്മ നിങ്ങൾ എന്താണ് പെട്ടന്ന് പാർവതിയിലേക്ക് ചുവട് മാറ്റിയത് ”
അന്ന് രാത്രിയിൽ കിടക്കയിൽ വെച്ച് വർമ്മ സാർ ചോദിച്ചു
“ഞാൻ പാർവതിയെ നിങ്ങൾ അറിയാതെ ഫോണിൽ കോൺടാക്ട് ചെയ്തു ചോദിച്ചായിരുന്നു. ആ ചോദ്യം അത് തന്നെ ആയിരുന്നു ”
“നിങ്ങളുടെ അച്ഛന്റെ ജോലി എന്താണ് എന്ന് ഞാൻ ചോദിക്കും അപ്പോൾ സെഫ്റ്റിക്ക് ടാങ്ക് ക്ലീനിങ് കോൺട്രാക്ടർ ആണെന്ന് മാറ്റി പറയുമോ എന്ന് ”
“അപ്പോൾ അവൾ പറഞ്ഞ മറുപടി ഇതായിരുന്നു, മക്കൾ IAS ഓഫീസർ ആണെങ്കിലും അച്ഛനമ്മമാരുടെ മുന്നിൽ ശിരസ്സ് കുനിച്ചേ നിൽക്കാവൂ എന്ന്. ബാക്കി ഉള്ളവരുടെ മുൻപിൽ നെഞ്ച് വിരിച്ചു നിൽക്കാം എന്ന്..”
ഇന്റർവ്യുവിന് പാർവതിയും, ശ്രേയയും വെളിയിൽ കസേരയിൽ ഇരിക്കുന്നതും, അപ്പോഴേക്കും തന്റെ ഫ്രണ്ട് ആയ ജർമൻ സായിപ്പ് അവിടേക്ക് വരുന്നതും അടക്കം ഉള്ള സിസിടീവി ദൃശ്യങ്ങൾ ഒന്ന് കൂടി മൊബൈലിൽ കണ്ട രണ്ട് പേരുടെയും മുഖത്ത് പുഞ്ചിരി തെളിയുന്നുണ്ടായിരുന്നു……
✍️ഗിരീഷ് കാവാലം
