(രചന: പ്രജിത്ത് സുരേന്ദ്രബാബു)
‘റോക്കിങ് വിത്ത് ഫ്രണ്ട്സ് ‘ഐ സി യൂ വിനു മുന്നിൽ ഇരിക്കെ നീതുവിന്റെ വാട്ട്സപ്പ് സ്റ്റാറ്റസ് നോക്കി പല്ലിറുമ്മി സൂരജ്.
” മോനെ.. ഇപ്പോ എങ്ങിനുണ്ട്.. അവനു ഡോക്ടർ എന്ത് പറഞ്ഞു.. ”
ഓടിയെത്തിയ അച്ഛൻ സുരേഷിനെ കണ്ട് പെട്ടെന്ന് ചാടി എഴുന്നേറ്റു അവൻ.
” അച്ഛാ.. പേടിക്കാൻ ഒന്നും ഇല്ലെന്നാ ഡോക്ടർ പറഞ്ഞത്.. കുറച്ചു കഴിയുമ്പോ ഐ സി യൂ വിൽ നിന്ന് വാർഡിലേക്ക് മാറ്റുമെന്ന്.”
ആ വാക്കുകൾ കേട്ട് ആശാസത്തോടെ അടുത്ത കണ്ട ചെയറിലേക്കിരുന്നു സുരേഷ്.
“എന്തിനാ എന്റെ മോൻ ഈ കടുംകൈ ചെയ്തത് ഭഗവാനെ.. പ്രശ്നങ്ങളെ നേരിടാതെ ഒളിച്ചോടാൻ മാത്രം ഭീരുവായിരുന്നോ അവൻ..”
അയാളുടെ മിഴികൾ നീരണിഞ്ഞു.. പെട്ടെന്ന് എന്തോ ഓർത്തിട്ട് വീണ്ടും സൂരജിന് നേരെ നോക്കി സുരേഷ്.
” ടാ മോനെ.. നീതുവിനെ അറിയിക്കണ്ടേ.. നീ വിളിച്ചോ അവളെ.. “അച്ഛന്റെ ചോദ്യം സൂരജിനെ ചൊടിപ്പിച്ചു.
” എന്തിനാ അറിയിക്കുന്ന.. ഭർത്താവ് ഒരുത്തൻ സാമ്പത്തിക പ്രശ്നങ്ങൾ മൂലം നട്ടം തിരിയുമ്പോൾ ഏട്ടത്തി കൂട്ടുകാരുമൊന്നിച്ചു അടിച്ചു പൊളിച്ചു നടക്കുവല്ലേ… ഇപ്പോ ദേ സ്റ്റാറ്റസ് കണ്ടു റോക്കിങ് വിത്ത് ഫ്രണ്ട്സ്.. കെട്ട്യോൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു ജീവിതത്തിനും മരണത്തിനും ഇടയിൽ കഷ്ടപെടുമ്പോൾ അവര് അവിടെ പഴേ ഫ്രണ്ട്സുമൊത്ത് ഗറ്റുഗതർ നടത്തി അടിച്ചു പൊളിക്കുകയാണ്.. ”
ആ വാക്കുകളിൽ അമരുന്ന രോഷം തിരിച്ചറിയവേ തന്റെ ഫോൺ എടുത്ത് നീതുവിന്റെ നമ്പറിൽ കോൾ ചെയ്ത് കാതോട് ചേർത്തു സുരേഷ്.
കൂട്ടുകാരുമൊത്തു ഡി ജെ പാർട്ടിയിൽ അടിച്ചു പൊളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നീതുവിന്റെ ഫോൺ റിങ് ചെയ്തത്. ഡിസ്പ്ലേയിൽ സുരേഷിന്റെ പേര് കണ്ട് സംശയത്തോടെ അവൾ പതിയെ ബഹളത്തിനിടയിൽ നിന്നും പിന്നിലേക്ക് മാറി.
“നീതു… നീ ഇതെവിടെ പോവാ.. ഇങ്ങട് വാ..”കൂട്ടുകാരി കയ്യിൽ കയറി പിടിക്കവേ തിരിഞ്ഞു നിന്നു അവൾ
” എടാ ഒരു മിനിറ്റ് അമ്മായിഅപ്പന്റെ കോൾ ആണ്.. അച്ഛൻ അത്യാവശ്യം ഒന്നും ഇല്ലേൽ വിളിക്കാറില്ല.. നോക്കട്ടെ എന്താ ന്ന് ”
ബഹളത്തിനിടയിൽ തന്നെ പരമാവധി ഉച്ചത്തിൽ കൂട്ടുകാരിക്ക് മറുപടി കൊടുത്ത് പുറത്തേക്ക് നടന്നു അവൾ.
” അച്ഛാ.. എന്തെ വിളിച്ചേ.. എന്തേലും അത്യാവശ്യം ഉണ്ടോ.. ”
കോൾ അറ്റന്റ് ചെയ്ത് ഫോൺ കാതോട് ചേർത്ത് അവൾ ആദ്യം തിരക്കിയത് അതാണ്.
” മോളൊന്നു സിറ്റി ഹോസ്പിറ്റലിൽ വാ ഒരു അത്യാവശ്യം ഉണ്ട്. കാര്യം ഞാൻ വന്നിട്ട് പറയാം.. ”
ആ വാക്കുകൾ കേട്ട് സംശയത്തോടെ നീതു നെറ്റി ചുളിച്ചു.
“എന്താ അച്ഛാ ഹോസ്പിറ്റലിൽ അച്ഛന് എന്തേലും വയ്യായ്ക ഉണ്ടോ.. ഞാൻ ഇപ്പോ ഫ്രണ്ട്സ് ആയി ഒരു ഗെറ്റുഗതർ പാർട്ടിയിൽ ആണ് അത്യാവശ്യമായി വരണ്ടതുണ്ടോ..”
“വേണം മോളെ… അത്യാവശ്യമായി വാ.. വന്നിട്ട് കാര്യം പറയാം.. ലേറ്റ് ആകരുത്..”
അത്രയും പറഞ്ഞു സുരേഷ് കോൾ കട്ട് ആക്കുമ്പോൾ ആകെ സംശയത്തിലായി നീതു.
‘എന്താ ഇപ്പോ ഇത്ര അത്യാവശ്യം.. ‘പെട്ടെന്ന് എന്തോ ഓർത്തിട്ട് അവൾ ഭർത്താവ് അരുണിന്റെ നമ്പറിൽ വിളിച്ചു. ഫോൺ ഐ സി യു വിനു വെളിയിൽ സൂരജിന്റെ കയ്യിൽ ആയിരുന്നു. നീതുവിന്റെ കോൾ കണ്ട് അവൻ സുരേഷിന്റെ നേരെ നോക്കി.
” ഏട്ടത്തി ആണ് അച്ഛാ .. “” വേണ്ട എടുക്കേണ്ട.. അവള് വേഗം ഇങ്ങ് വരട്ടെ.. “
ആ മറുപടി കേൾക്കെ ഫോൺ സൈലന്റ് ആക്കി സൂരജ്. പലവട്ടം വിളിച്ചിട്ടും അരുൺ കോൾ എടുക്കാതെ വന്നപ്പോൾ സംശയമായി നീതുവിന്. എന്തോ പ്രശ്നമുണ്ട് എന്ന് ഊഹിച്ചു അവൾ. അതുകൊണ്ട് തന്നെ സുരേഷ് പറഞ്ഞ പ്രകാരം ഹോസ്പിറ്റലിൽ പോകാൻ തീരുമാനിച്ചു നീതു.
” നീതു നീ പോകുവാണോ.”
അവൾ ബാഗ് എടുത്തു തിരിയവേ പഴയ ക്ലാസ്സ് മേറ്റ് റോഷൻ അരികിലേക്കെത്തി..
” ഉവ്വ് പോണം ടാ എന്തോ അത്യാവശ്യം ഉണ്ട്. അച്ഛൻ വിളിച്ചു. ഏട്ടനും ഫോൺ എടുക്കുന്നില്ല.. ”
മറുപടി പറഞ്ഞു അവൾ പോകാൻ തിരിയുമ്പോൾ ആകെ നിന്നു പരുങ്ങുകയായിരുന്നു റോഷൻ. അവനു എന്തോ പറയാൻ ഉണ്ടെന്നും അതെന്താണെന്നും നീതുവിനു നല്ലത് പോലെ. അറിയാമായിരുന്നു.
” റോഷാ.. നീ ഇങ്ങനെ എന്റെ പിന്നാലെ കിടന്ന് ഉരുളേണ്ട.. നീ പറഞ്ഞ കാര്യത്തിന് തത്കാലം എനിക്ക് താത്പര്യം ഇല്ല.. എന്നെ കിടപ്പറയിൽ സുഖിപ്പിക്കാൻ എന്റെ കെട്ട്യോനു നല്ല കഴിവുണ്ട്… ആ സുഖം കുറയുവാണേൽ അന്നേരം നമുക്ക് ആലോചിക്കാം.. കേട്ടോ.. ”
ആ മറുപടിയിൽ റോഷന്റെ വായടയ്പ്പിക്കാൻ വേണ്ടതെല്ലാം ഉണ്ടായിരുന്നു.
പുറത്തേക്കിറങ്ങി ആദ്യം കണ്ട ഓട്ടോയ്ക്ക് തന്നെ കൈ കാണിച്ചു നീതു. വേഗത്തിൽ അവൾ സിറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു. അതിനിടയിൽ വാട്ട്സപ്പ് സ്റ്റാറ്റസ് ആയി അന്നത്തെ പാർട്ടിയുടെ കുറച്ചു ഫോട്ടോസ് ഇടാനും മറന്നില്ല അവൾ..
ഹോസ്പിറ്റലിനു മുന്നിൽ എത്തുമ്പോൾ പുറത്ത് സൂരജിനെ കണ്ടിരുന്നു അവൾ… ഓട്ടോ കൂലി കൊടുത്ത് വേഗത്തിൽ അവന്റെ പിന്നാലെ ചെന്നു നീതു.
” സൂരജെ…. ടാ … ”
പിന്നിൽ നിന്നും പേര് വിളിച്ചു കേട്ടപ്പോൾ തിരിഞ്ഞ സൂരജ് നീതുവിനെ കണ്ട് നിന്നു.
” ടാ എന്താ പ്രശ്നം അച്ഛൻ വിളിച്ചിട്ട് വേഗം ഇങ്ങട് വരാൻ പറഞ്ഞു.. കാര്യമെന്താണെന് ഒന്നും പറഞ്ഞില്ല.. ”
“ഏട്ടത്തി മുകളിലേക്ക് വാ.. അച്ഛൻ അവിടുണ്ട് നേരിട്ട് ചോദിക്ക് ”
അത്രയും പറഞ്ഞു സൂരജ് മുന്നേ നടക്കുമ്പോൾ വീണ്ടും സംശയമായി നീതുവിന്.
” ടാ എന്താ എന്താ ഇത്ര സസ്പെൻസ്… അരുണേട്ടന്റെ ഫോണിൽ വിളിച്ചിട്ടും കോൾ അറ്റന്റ് ചെയ്യുന്നില്ല.. ഏട്ടൻ എവിടാ.. ഇവിടിപ്പോ എന്താ അച്ഛന് എന്തേലും വയ്യായ്ക ഉണ്ടോ.. അതോ അമ്മയ്ക്ക്…”
പിന്നാലെ നടക്കുമ്പോൾ കാര്യമെന്തെന്ന് അറിയാനുള്ള ആകാംഷയേറി നീതുവിന്.
” ഏട്ടത്തിടെ പ്രോഗ്രാം എങ്ങനുണ്ടാരുന്നു.. സ്റ്റാറ്റസ് കണ്ടു.. ”
ആ ചോദ്യത്തിൽ പുച്ഛം നിറഞ്ഞിരുന്നു
” ആ കുഴപ്പം ഇല്ലാരുന്നു”
അവൻ വിഷയം മാറ്റിക്കളഞ്ഞത് മനസിലാക്കിയത് കൊണ്ട് തന്നെ മറുപടി ചുരുക്കി നീതു. അപ്പോഴേക്കും അവർ നടന്നു ഐ സി യൂ വിന്റെ മുന്നിൽ എത്തിയിരുന്നു.
അവിടെ സുരേഷ് ഇരിക്കുന്നത് കണ്ട് ഒരു നിമിഷം ഒന്ന് പരുങ്ങി നീതു.
” എന്താ അച്ഛാ.. ഇവിടെ.. എന്താ പ്രശ്നം…. അമ്മയ്ക്ക് എങ്ങാനും…”
വേവലാതി നിറഞ്ഞ നീതുവിന്റെ ചോദ്യത്തിന് ഒരു മറുപടി കൊടുക്കാൻ കഴിയാതെ പതറി സുരേഷ്
” അതെ. അരുണിന്റെ ബന്ധുക്കൾ. ആരാ ഉള്ളെ… ദേ ഈ മെഡിസിൻ വാങ്ങണം.. ”
കൃത്യ സമയത്ത് ഐ സി യൂ വിനുള്ളിൽ നിന്നും നഴ്സ് ഒരു കുറിപ്പുമായി വെളിയിൽ എത്തി…
അവർ പറഞ്ഞത് കേട്ടിട്ട് സൂരജ് ഓടി ചെല്ലുമ്പോൾ ആകെ നടുങ്ങി നിന്നു നീതു.
“അ… അരുൺ ഏട്ടൻ… ഐ സി യൂ വിലോ… എ.. എന്താ.. പറ്റ്യേ..”
അവൾ അറിയാതെ മുഖത്തേക്ക് നോക്കി ചോദിക്കുമ്പോൾ പതിയെ എഴുന്നേറ്റു ചെന്നു സുരേഷ്.
“അവൻ….ഒരു കടും കൈ ചെയ്തു മോളെ… വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു.”
നീതുവിന്റെ നടുക്കം പൂർണ്ണതയിൽ എത്തിയത് അപ്പോൾ ആയിരുന്നു.
” ആത്മഹത്യയോ.. ഏട്ടനോ.. എന്തിനു…”
നടുങ്ങി തരിച്ചു അവൾ നിൽക്കുമ്പോൾ സൂരജിന്റെ ക്ഷമ നശിച്ചിരുന്നു..
” എന്തിനെന്ന് അറിയില്ലേ ഏട്ടത്തിക്ക്.. നിങ്ങൾക്ക് ഒന്നും അറില്ല.. ഗെറ്റുഗതർ.. ടൂർ..റീൽസ്.. ഇങ്ങനെ ഓരോന്ന് പറഞ്ഞു കൂട്ടുകാരുമായി അടിച്ചു പൊളിച്ചു നടക്കുമ്പോൾ ഒരിക്കലെങ്കിലും കെട്ട്യോനെ പറ്റി ചിന്തിച്ചിട്ടുണ്ടോ..
ആ പാവം കടത്തിന്മേൽ കടം കയറി നെട്ടോട്ടം ഓടുന്നത് നിങ്ങൾക്ക് അറിയാമോ….. എന്നിട്ടിപ്പോ എന്തിനു ആത്മഹത്യക്ക് ശ്രമിച്ചു ന്ന് പോലും… കൂട്ടുകാർക്ക് ഒക്കെ വണ്ടിയുണ്ട് അതുകൊണ്ട് സ്‌കൂട്ടി വേണം ന്ന് പറഞ്ഞ് ആ പാവത്തിന്റെ മുന്നിൽ വാശി പിടിച്ചത് ഓർമയില്ലേ.. ഒടുവിൽ ലോൺ ഇട്ടാണ് ഏട്ടൻ ആ സ്‌കൂട്ടി വാങ്ങിയത്..
അതിന്റെ സി സി മുടങ്ങീട്ട് ഇന്ന് ബാങ്കുകാര് വഴീല് തടഞ്ഞു നിർത്തി ആൾക്കാരുടെ മുന്നിലിട്ട് നാണം കെടുത്തി.. അതുകൂടി ആയപ്പോ പാവത്തിന് സഹിച്ചില്ല… ”
പറഞ്ഞു നിർത്തുമ്പോൾ അവന്റെ മിഴികളിൽ നീര് പൊടിഞ്ഞു.
ഒക്കെയും കേട്ട് മരവിച്ചങ്ങിനെ നിന്നു പോയി നീതു.
” മോനെ.. മതി.. നിർത്ത് .. ഇത് ഹോസ്പിറ്റൽ ആണ് അത് മറക്കരുത്.. ”
ശാസനയോടെ സുരേഷ് പതിയെ എഴുന്നേറ്റു. ശേഷം നീതുവിന്റെ മുന്നിലേക്ക് ചെന്നു..
“അവൻ പറഞ്ഞത് മോള് കാര്യമാക്കേണ്ട.. പക്ഷെ അതിൽ കുറച്ചു കാര്യങ്ങൾ നീ മുന്നേ ശ്രദ്ധിക്കേണ്ടതായിരുന്നു. വാ ഇവിടേക്ക് ഇരിക്ക് ”
അത്രയും പറഞ്ഞയാൾ നീതുവിനെ പിടിച്ചു അടുത്ത ചെയറിലേക്കിരുത്തി. ശേഷം ഒപ്പമിരുന്നു.
” അച്ഛാ… ഏട്ടൻ… ”
പൊട്ടിക്കരയുകയായിരുന്നു അവൾ.
” മോളെ പറയണ്ട എന്ന് അച്ഛൻ പലവട്ടം കരുതിയതാണ് പക്ഷെ ഈ ഒരു അവസ്ഥയിൽ ഇനി പറയാതെ വയ്യ.. മോള് ഇനിയെങ്കിലും അരുണിന്റെ അവസ്ഥകൾ അറിഞ്ഞു പെരുമാറാൻ ശ്രമിക്കണം.. അച്ഛന്റെ അപേക്ഷയാണ്.. ”
ആ വാക്കുകൾ കേട്ട് നിറമിഴികളോടെ സുരേഷിന്റെ മുഖത്തേക്ക് നോക്കി പോയി നീതു.
” മോളെ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല… വിവാഹത്തിന് ശേഷം അവൻ വലിയൊരു കടക്കെണിയിൽ പെട്ടിട്ടുണ്ട്… അതൊക്കെ നിനക്ക് അറിയാത്ത കാര്യം അല്ല.. എന്നിട്ടും നീ വാശി പിടിച്ചപ്പോ ആ സ്‌കൂട്ടിയും വാങ്ങി.എല്ലാം കൂടി അവനു താങ്ങാവുന്നതിനും അപ്പുറമായി.
പക്ഷെ മോള് അതൊന്നും ചിന്തിക്കാതെ ഇപ്പോഴും കൂട്ടുകാരുമായി അടിച്ചു പൊളിച്ചു നടക്കുന്നു… അതൊക്കെ തെറ്റ് ആണെന്ന് അല്ല.. പക്ഷെ അങ്ങിനെ നടക്കുമ്പോൾ ഇടക്കെങ്കിലും അരുണിന്റെ മനസ്സ് ഒന്ന് കാണാൻ ശ്രമിക്കണം.. ”
അത്രയും പറഞ്ഞു നിർത്തുമ്പോൾ സുരേഷിന്റെ വാക്കുകൾ ഇടറി..
“അച്ഛാ.. ഞാൻ.. “മറുപടിയില്ലായിരുന്നു നീതുവിന്“മോളെ.. ആ സ്‌കൂട്ടി വാങ്ങി ഒരു മാസം തികച്ചു ഓടിച്ചോ നീ.. വെറും ആവേശം അല്ലായിരുന്നോ.. നേരെ ഓടിച്ചു പഠിച്ചത് പോലും ഇല്ല നീ.. രണ്ട് വട്ടം അതിൽ ന്ന് വീണപ്പോ ആവേശം കെട്ടടങ്ങി. ഇപ്പോ വീണ്ടും ഓട്ടോയിൽ ആയി കറക്കം.. ആ വണ്ടിയാകട്ടെ വീട്ടിൽ മൂടി വച്ചേക്കുന്നു. “
സുരേഷിന്റെ ഓരോ വാക്കുകളും നീതുവിന്റെ ചങ്കിൽ തറയ്ക്കാൻ മാത്രം പവർ ഉള്ളവയായിരുന്നു.
“ഒരു ജോലി ഉണ്ടായിരുന്നതല്ലേ മോളെ വിവാഹത്തിന് മുന്നേ.. വിവാഹം കഴിഞ്ഞു നീ പിന്നെ അതിനു പോയില്ല. ഒരുപക്ഷെ അവന്റെ അവസ്ഥ മനസിലാക്കി നീ കൂടി ഒരു ജോലിക്ക് പോകാൻ തയ്യാറായിരുന്നേൽ ഇന്നിപ്പോ എന്റെ മോന് ഈ ഗതി വരില്ലായിരുന്നു…ആയ കാലത്ത് ഞാൻ മക്കൾക്കായി കഷ്ടപ്പെട്ട് സമ്പാദിച്ചു.. ഇപ്പോ എനിക്കും വയ്യാണ്ടായി..”
അയാളുടെ ശബ്ദമിടറുന്നുണ്ടായിരുന്നു.
” അച്ഛാ.. അത്.. മോൻ ജനിച്ചപ്പോൾ അവന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ വേണ്ടേ.. അതാ ഇപ്പോ ഞാൻ.. ജോലിക്ക് പോകാതെ നിൽക്കുന്നെ..അവനൊന്നു വലുതായാൽ… ”
വാക്കുകൾ മുറിച്ചു സുരേഷിന്റെ മുഖത്തേക്ക് തന്നെ നോക്കി നീതു. എന്നാൽ അയാൾ ഒന്ന് പുഞ്ചിരിച്ചു.
” മോളെ… ഇന്നിപ്പോ നീ പാർട്ടി എന്നും പറഞ്ഞു രാവിലെ വീട്ടിൽ ന്ന് പോയി.. കുഞ്ഞിനെ നോക്കുന്നത് ആരാ.. അരുണിന്റെ അമ്മ.. മുൻപും നീ പലവട്ടം ഇങ്ങനെ ഓരോ ആവശ്യത്തിന് പോയിട്ടുണ്ട് അപ്പോഴൊക്കെയും അവൾ തന്നെയല്ലേ കുഞ്ഞിനെ നോക്ക്യേ.. അപ്പോ പിന്നെ ഇതൊക്കെ ഒരു കാരണം ആണോ മോളെ… ”
മറുപടിയില്ലായിരുന്നു നീതുവിന് . അതോടെ പതിയെ അവളുടെ ചുമലിൽ തട്ടി സുരേഷ്.
“മോളെ നീ തെറ്റ് ചെയ്തു എന്നല്ല അച്ഛൻ പറഞ്ഞത്.. അവന്റെ അവസ്ഥകൾ അറിഞ്ഞു പെരുമാറാൻ നീ ശ്രമിച്ചിരുന്നു എങ്കിൽ.. അവനു പിന്തുണയായി അവന്റൊപ്പം നിന്നിരുന്നുവെങ്കിൽ എന്റെ മോൻ ഇന്നിപ്പോ ഇങ്ങനൊരു കടുംകൈ ചെയ്യാൻ മുതിരില്ലായിരുന്നു എന്ന് എനിക്ക് തോന്നുന്നു.. അതുകൊണ്ട് പറഞ്ഞതാണ്.. ജീവിതം ആഘോഷിക്കുന്ന തന്നെ വേണം.. പക്ഷെ അതിനുള്ളത് കണ്ടെത്തിയിട്ടു വേണം ആഘോഷം നടത്താൻ.. ”
പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല അയാൾ. സൂരജും മൗനമായി. സുരേഷ് പറഞ്ഞ വാക്കുകൾ നീതുവിന്റെ ഉള്ളിൽ തറച്ചിരുന്നു. അതൊക്കെയും ശെരിയാണ് എന്നൊരു തോന്നൽ അവളിലും ഉണ്ടായി.
‘ ഞാൻ അടിച്ചു പൊളിച്ചു നടക്കുമ്പോഴും ഓരോരോ ആവശ്യങ്ങൾക്ക് കാശ് ചോദിക്കുമ്പോഴും ഏട്ടൻ ഇന്നേവരെ എതിരൊന്നും പറഞ്ഞിട്ടില്ല.. പക്ഷേ ആ പാവത്തിന്റെ ബുദ്ധിമുട്ടുകൾ താൻ കൂടി മനസിലാക്കണമായിരുന്നു ‘
ഉള്ളിൽ വല്ലാത്ത കുറ്റബോധം തോന്നി അവൾക്ക്. ഉള്ളുകൊണ്ട് മാപ്പ് പറഞ്ഞു അരുണിന് ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ചു ഉള്ളുരുകി ഇരുന്നു നീതു.
സമയം പിന്നെയും നീങ്ങി.” അരുണിന്റെ ബന്ധുക്കൾ ആരാ.. ആള് ഓക്കേ ആണ് കേട്ടോ.. ഇപ്പോ തന്നെ വാർഡിലേക്ക് മാറ്റും “
ഐ സി യൂ വാതിൽ തുറന്ന് നഴ്സ് വന്നു പറഞ്ഞ വാക്കുകൾ കേൾക്കെ ആശ്വാസത്തോടെ പരസ്പരം നോക്കി നീതുവും സൂരജും സുരേഷും.
” അച്ഛാ.. സൂരജ്.. നിങ്ങൾ എന്നോട് ക്ഷെമിക്കണം.. എന്റെ ഭാഗത്തു ന്ന് ഉണ്ടായ മിസ്റ്റെക്കുകൾ ഇപ്പോ ഞാൻ മനസിലാക്കുന്നു. ഇനി ഒരിക്കലും ആവർത്തിക്കില്ല ഞാൻ. എന്റെ ഏട്ടന്റെ പ്രശ്നങ്ങൾ ഇനി എന്റെയും ആണ്.. ഒന്നിച്ചു നിന്ന് ഞങ്ങൾ അത് നേരിടും… ”
ഉള്ളിൽ തട്ടിയുള്ള ആ വാക്കുകൾ സുരേഷിനും സൂരജിനും ഒരുപോലെ സന്തോഷം പകർന്നു.
” ഞാൻ പറഞ്ഞത് വിഷമം ആയേൽ ഏട്ടത്തി എന്നോടും ക്ഷമിക്കണം ”
സൂരജ് ക്ഷമാപണം നടത്തുമ്പോൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു നീതു..
പിന്നെയും നാളുകൾ കടന്നു. ഹോസ്പിറ്റൽ വാസം വിട്ട് അരുൺ വീട്ടിലെത്തി.ഇന്നിപ്പോൾ അവൻ ഹാപ്പിയാണ്. മുൻപ് ജോലി ചെയ്തിരുന്നു പ്രൈവറ്റ് ബാങ്കിൽ തന്നെ നീതു വീണ്ടും ജോലിക്ക് കയറി. രണ്ടാളുടെയും ശമ്പളം ചേർന്നപ്പോൾ അവരുടെ കടബാധ്യതകൾ ഒരു വിധം തീർന്നു വരുന്നു. പ്രശ്നങ്ങൾ ഒക്കെയും അകന്ന് സന്തോഷകരമായ ഒരു ജീവിതത്തിലേക്ക് അവർ കടന്നു കണ്ടപ്പോൾ സുരേഷിനും ഉള്ള് കൊണ്ട് ഏറെ സന്തോഷമായി…