എനിക്ക്… എനിക്ക് സ്ത്രീ സുഖം അറിയണം.. ” ഇത്തവണ സന്തോഷ്‌ ഒന്ന് ഞെട്ടി..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

“എടാ.. ഗൾഫിൽ പോയിട്ട് കുറെ കാശുണ്ടാക്കി.. എന്നിട്ടും നമ്മളെ ഒന്നും ആരും അറിയുന്നു പോലുമില്ല…. ഇപ്പഴും നാട്ടിൽ എല്ലാരും ആ പഴേ വർക്ക്‌ഷോപ്പ് പണിക്കാരനായി തന്നാ കാണുന്നെ…”

കയ്യിലിരുന്ന പെഗ്ഗിലേക്ക് നോക്കി ഇരുന്ന് രമേശൻ അത് പറയുമ്പോൾ അടുത്ത പെഗ്ഗ് ഒഴിക്കുന്ന തിരക്കിലായിരുന്നു സുഹൃത്ത് സന്തോഷ്‌.

” എന്റെ രമേശാ.. നീ അതടിച്ചേ…. എന്നാലേ ഒരു മൂഡ് ആകുള്ളൂ. എന്നിട്ട് ഈ സെന്റി പറച്ചിൽ ഒക്കെ അങ്ങ് നിർത്ത്. ”

സന്തോഷിനു അപ്പോഴേക്കും മദ്യം തലയ്ക്ക് പിടിച്ചു തുടങ്ങിയിരുന്നു.

” സെന്റി പറച്ചിൽ അല്ലടാ… കുറെ നാളായി രണ്ട് ആഗ്രഹങ്ങൾ എന്റെ മനസ്സിൽ കൂടിയിട്ട്.. അത് നടത്തണമെന്ന് ഉറപ്പിച്ചാ ഇത്തവണ ഞാൻ ലീവിന് വന്നേ… ”

അത്രയും പറഞ്ഞു ഒറ്റ വലിക്ക് ആ പെഗ്ഗ് അകത്താക്കി രമേശ

” അളിയൻ പറയ്… എന്ത് ആഗ്രഹം ആണ് എന്റെ അളിയനുള്ളത്.. എന്തായാലും ഞാൻ നടത്തി തരും.. ”

മദ്യ ലഹരിയിൽ സന്തോഷിന്റെ ആത്മാർത്ഥത രണ്ടിരട്ടിയായി.

” അത് പിന്നെ.. അളിയാ.. ഒന്നാമത്തെ ആഗ്രഹം എനിക്ക് ഒന്ന് പേരെടുക്കണം.. വൈറൽ ആകണം.. നാലാള് കണ്ടാൽ എന്നെ തിരിച്ചറിയണം… ”

ഇതുവരെയും ആരോടും പറയാത്ത ആ ആഗ്രഹങ്ങൾ ഉറ്റ ചങ്ങാതിക്കു മുന്നിൽ തുറന്ന് കാട്ടി രമേശൻ..

” ആഹാ.. ഇനി രണ്ടാമത്തെ കൂടി പറയ്.. ”

സന്തോഷിന്റെ ചോദ്യം കേട്ട് മറുപടി പറയുവാൻ ചെറിയ ചളിപ്പ് തോന്നി രമേശന്..

” അത് അളിയാ… എനിക്ക്… എനിക്ക് സ്ത്രീ സുഖം അറിയണം.. “ഇത്തവണ സന്തോഷ്‌ ഒന്ന് ഞെട്ടി..

” അളിയാ.. എന്തുവാടാ പറഞ്ഞെ.. “സംശയത്തോടെ അവൻ രമേശനെ തന്നെ തുറിച്ചു നോക്കി.

” അതേ ടാ.. ഒരു പെണ്ണിന്റെ സുഖം അറിയണം എനിക്ക് ..ഒരു പെണ്ണിനൊപ്പം കിടക്കണം.. ”

ഇത്തവണ രണ്ടും കല്പ്പിച്ചു വെട്ടി തുറന്ന് പറഞ്ഞു രമേശൻ. അത് കേട്ട് അല്പസമയം മൗനമായി ഇരുന്നു സന്തോഷ്‌. ശേഷം പെട്ടെന്ന് മൊബൈൽ എടുത്ത് സമയം നോക്കി..

” അളിയാ.. ആദ്യത്തെ ആഗ്രഹം എങ്ങിനെ നടപ്പിലാക്കും ന്ന് എനിക്ക് അറിയില്ല.. പക്ഷെ രണ്ടാമത്തേത്… അത് വേണേൽ ഞാൻ സെറ്റ് ചെയ്ത് തരാം.. ഇന്ന് തന്നെ.. ”

ആ മറുപടി കേട്ട് അന്ധാളിപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി രമേശൻ.

” ഉള്ളതാണോ ടാ .. നിനക്ക് സെറ്റ് ചെയ്യാൻ പറ്റോ.. ”

“പറ്റും.. അളിയാ.. നിന്റെ ചങ്കാണ് ഞാൻ.. ഈ സിറ്റിയിൽ അതിനാണോ മോനെ പാട്… നമ്മടെ കയ്യിൽ ആളുണ്ട്.. ”

അത്രയും പറഞ്ഞു തന്റെ ഫോൺ കയ്യിലെക്കെടുത്ത് ഏതോ നമ്പറിൽ കോൾ ചെയ്ത് അല്പം അകലത്തേക്ക് മാറി നിന്നു സന്തോഷ്‌. അവൻ ആരോടോ സംസാരിക്കുന്നത് ആകാംഷയോടെ നോക്കി നിന്നു രമേശൻ. അല്പസമയത്തെ സംസാരത്തിനു ശേഷം പുഞ്ചിരിയോടെ തിരികെയെത്തി സന്തോഷ്‌ .

” അളിയാ സെറ്റ് ആണ്.. ഒരു മൂവായിരം രൂപ ചിലവ് വരും ഓക്കേ ആണേൽ ഇന്ന് നൈറ്റ് ഒരു മണിക്കൂർ.. നിനക്ക് ഒരു പെണ്ണിനൊപ്പം അറുമാദിക്കാം… നിന്റെ ആഗ്രഹങ്ങൾ തീരുന്നത് വരെ.. എന്ത് പറയുന്നു ഓക്കേ ആണോ.. ”

ആ കേട്ട വാക്കുകൾ രമേശന് അവിശ്വസനീയം ആയിരുന്നു.

” അളിയാ ഡബിൾ ഓക്കേ… നീ ഇതെങ്ങിനെ ഒപ്പിച്ചു.. ”

ആവേശത്തിൽ ഒരു പെഗ്ഗ് കൂടി ഒഴിച്ച് ഒറ്റ വലിക്ക് അകത്താക്കി രമേശൻ.

” എടാ… ഞാൻ ഇപ്പോ വിളിച്ചത് ആ ബീച്ച് സൈഡിൽ ഉള്ള ഒരു ആയൂർവേദിക് മസാജ് സെന്ററിൽ ആണ്. സംഭവം ആയൂർവേദ മസാജ് എന്നൊക്കെ ആണ് ബോർഡ് പക്ഷെ അവിടെ എല്ലാ പരിപാടിയും നടക്കും.. നല്ല സൂപ്പർ കിളികൾ ഉണ്ട് അവിടെ ചെന്നാൽ ഫോട്ടോ നോക്കി ആളെ സെലക്ട്‌ ചെയ്യാം.. ഓണർ നമ്മുടെ ഒരു പരിചയക്കാരി ആണ് ”

സന്തോഷിന്റെ വാക്കുകൾ കേട്ട് കുളിരു കോരി രമേശൻ.

” എന്നാ പിന്നെ പോകാം ടാ.. ഇന്ന് ഞാൻ നല്ല മൂഡിൽ ആണ്.. ആ ആഗ്രഹം ഇന്ന് തന്നെ നടപ്പിലാക്കാം ”

ആവേശത്തിന്റെ പരകോടിയിൽ എത്തി രമേശൻ.

” എന്നാ വാ അളിയാ നീ കാറിലേക്ക് കയറ് ”

ആ ആവേശം സന്തോഷിലേക്കും പകരവേ.. കുപ്പിയും ഗ്ലാസും വണ്ടിക്കുള്ളിലേക്കിട്ട് ഡ്രൈവിഗ് സീറ്റിലേക്ക് കയറി അവൻ. പിന്നാലെ രമേശനും. നിമിഷങ്ങൾക്കകം അവർ മസാജ് സെന്ററിലേക്ക് പാഞ്ഞു.

അവിടെയെത്തുമ്പോൾ സമയം രാത്രി പത്തു മണി ആയിരുന്നു.

” അളിയാ.. ഞാൻ നിന്നെ ഒന്ന് പരിചയപ്പെടുത്തി വെളീൽ ഇറങ്ങും.. ബാക്കി ആളെ ഒക്കെ സെലക്ട്‌ ചെയ്ത് കാശിന്റെ പരിപാടികൾ എല്ലാം നീ നോക്കിക്കോണം.. കാര്യം കഴിഞ്ഞു ഇറങ്ങുമ്പോ വിളിച്ചാൽ മതി ഞാൻ ഞാൻ കാർ ഇവിടെ എവിടേലും പാർക്ക് ചെയ്ത് വെയിറ്റ് ചെയ്യാം.”

സന്തോഷ്‌ വേണ്ട നിർദ്ദേശങ്ങൾ നൽകിയാണ് കാറിൽ നിന്നുമിറങ്ങിയത്. ഒക്കെയും കേട്ട് അനുസരണയോടെ പിന്നാലെ ചെന്നു രമേശൻ. മസാജ് സെന്ററിനുള്ളിലേക്ക് കയറവേ കുടിച്ച കള്ളിന്റെ കെട്ടെല്ലാം വിട്ട് ആള് അടി മുടി വിറയ്ക്കുന്നുണ്ടായിരുന്നു.

റിസപ്ഷനിൽ ഇരുന്ന പെൺകുട്ടി കൈ കൂപ്പി വെൽക്കം ചെയ്യുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കാൻ അല്പം ചളിപ്പ് തോന്നി രമേശന്.

” അതെ ചന്ദ്രിക ചേച്ചി ഇല്ലേ… ഞാൻ വിളിച്ചിരുന്നു ”

സന്തോഷ്‌ ആണ് കാര്യങ്ങൾ തിരക്കിയത്. അല്പം പിന്നിലേക്ക് മാറി നിന്ന് അവിടമാകെ അടിമുടി ഒന്ന് നോക്കി രമേശൻ. ഒറ്റ നോട്ടത്തിൽ ഒരു പഴയ തറവാടിന്റെയൊക്കെ മോഡലിലായിരുനു ഇന്റീരിയർ സെറ്റ് ചെയ്തിരുന്നത്..

” ടാ വന്നു ഫോട്ടോസ് നോക്കി ആളെ സെലക്ട്‌ ചെയ്‌തോ.. ചന്ദ്രിക ചേച്ചി ഇവിടില്ല.. കാര്യങ്ങൾ എല്ലാം പറഞ്ഞേൽപ്പിച്ചിട്ടുണ്ട് ”

വളരെ സിമ്പിൾ ആയി ആണ് സന്തോഷ്‌ എല്ലാം ഡീൽ ചെയ്തത്. അതിൽ നിന്നും തന്നെ അവൻ ഇവിടുത്തെ സ്ഥിരം കസ്റ്റമർ ആണെന്ന് മനസിലാക്കി രമേശൻ.

ടാബിൽ ഓരോ പെൺകുട്ടികളുടെ ഫോട്ടോസ് മാറി മാറി നോക്കി ഒടുവിൽ ഒരു കുട്ടിയെ സെലക്ട്‌ ചെയ്തു രമേശൻ..

” ഇത് സൂര്യ.. ആളെ കാണണോ… വേണേൽ വിളിക്കാം.. ”

റിസപ്‌ഷനിലെ പെൺകുട്ടി ഒരു കുസൃതി ചിരിയോടെ ചോദിക്കുമ്പോൾ ആകെ നാണമായി അവന് .

” വേ. വേണ്ട. അങ്ങിനെ കാണാനായൊന്നും വിളിക്കേണ്ട.. ”

“എന്നാൽ പേയ്‌മെന്റ് ചെയ്താൽ മുറി കാട്ടി തരാം .. ”

“ശെരി..”

അത് കേട്ടപാടെ പേഴ്‌സ് കയ്യിലെക്കെടുത്തു രമേശൻ. ആ സമയം പതിയെ അവന്റെ ചുമലിൽ തട്ടി സന്തോഷ്‌.

” അളിയാ.. ബാക്കി കാര്യങ്ങൾ ഒക്കെ നീ നോക്കിക്കോ.. ഞാൻ പുറത്ത് ഉണ്ടാകും.. ആൾ ദി ബെസ്റ്റ് അളിയോ…

വഷളൻ ചിരിയോടെ സന്തോഷ്‌ പറയുമ്പോൾ അവനെ ഒന്ന് പുണർന്നു രമേശൻ.

” നീയാണെടാ എന്റെ ചങ്ക് ”

മദ്യമുള്ളിൽ ഉള്ളതിനാൽ വികാരങ്ങൾ ഒക്കെ ഇരട്ടിയായിരുന്നു. അമിതമായ സന്തോഷത്തിൽ അപ്പോൾ രമേശന്റെ മിഴികളിൽ നനവ് പടർന്നിരുന്നു.

” ഞാൻ ഉണ്ടെടാ എല്ലാത്തിനും. ”

മറുപടി പറഞ്ഞു കൊണ്ട് സംതൃപ്തിയിൽ സന്തോഷ്‌ പുറത്തേക്ക് പോകുമ്പോൾ റിസപ്ഷനിലെ പെൺകുട്ടിയും പതിയെ മുഖം താഴ്ത്തി ചിരിച്ചു.

വേഗത്തിൽ ക്യാഷ് എടുത്ത് കൊടുത്തു രമേശൻ.

” ചേട്ടൻ ഫസ്റ്റ് ടൈം ആണോ.. ”

അവളുടെ ചോദ്യം കേട്ട് ചെറിയ നാണത്തിൽ അതെ എന്ന് തലയാട്ടി അവൻ.

അപ്പോഴേക്കും ഫോട്ടോ നോക്കി സെലക്ട്‌ ചെയ്ത പെൺകുട്ടി അവനു മുന്നിലേക്ക് എത്തിയിരുന്നു. അവളെ കണ്ട മാത്രയിൽ രമേശന്റെ മിഴികൾ തിളങ്ങി. ഫോട്ടോയിൽ കണ്ടതിനേക്കാൾ സുന്ദരിയായിരുന്നു അവൾ. അവളുടെ പുഞ്ചിരിയിൽ അവന്റെ ഉള്ളം കുളിരു കോരി.

” സൂര്യ.. റൂം നമ്പർ അഞ്ചിലേക്ക് പൊയ്ക്കോളൂ.. ”

നിർദ്ദേശം കിട്ടിയ പാടെ ആ പെൺകുട്ടി രമേശന് നേരെ തിരിഞ്ഞു.

” വാ ചേട്ടാ.. ”

അവളുടെ സ്വരം അവനു കുളിർമഴയായി.. അനുസരണയോടെ അവൾക്കൊപ്പം ചെന്നു അവൻ.

കാറ് അല്പം മാറ്റി പാർക്ക് ചെയ്ത് കുപ്പിയിൽ നിന്നും ഒരു പെഗ്ഗ് കൂടി അടിച്ചു സീറ്റ് പിന്നിലേക്ക് ചായ്ച്ചു നിവർന്നു കിടന്നു സന്തോഷ്‌.

” പാവം .. അവൻ ഇന്ന് പൊളിക്കും.. ഇനി ആ ആദ്യത്തെ ആഗ്രഹം.. അതൂടെ നടത്തി കൊടുക്കണം…. നാട്ടിൽ നാലാള് അറിയണം അവനെ.. ”

സംതൃപ്തിയോടെ ആത്മഗതം പറഞ്ഞു പതിയെ മിഴികൾ പൂട്ടി അവൻ. ശേഷം പതിയെ പതിയെ ഉറക്കത്തിലേക്ക് ആണ്ടു.

പുറത്ത് എന്തോ ബഹളം കേട്ടാണ് സന്തോഷ്‌ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. മദ്യ ലഹരിയിൽ ആദ്യം ഒന്നും മനസിലായില്ല അവന്. കാറിന്റെ ഗ്ലാസ് താഴ്ത്തി പുറത്തേക്ക് നോക്കുമ്പോൾ ആകെ ആളും ബഹളവും പോലീസ് ജീപ്പും മീഡിയാക്കാരെയുമൊക്കെ കണ്ടു .

” ങേ… ഇതെന്തോന്ന് സെറ്റപ്പ്.. ”

ഒന്നും മനസിലാകാതെ പതിയെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി അവൻ . ആൾക്കൂട്ടം മസാജ് സെന്ററിന് മുന്നിൽ ആണെന്ന് മനസിലാക്കവേ അവന്റെ ഉള്ളൊന്ന് കാളി.

” ചേട്ടാ.. ഇതെന്താ സംഭവം.. പോലീസ് ഒക്കെ.. ”

അടുത്തു കണ്ട നാട്ടുകാരിൽ ഒരാളോട് പതിയെ കാര്യം തിരക്കി സന്തോഷ്‌.

” ദേ.. ഇവിടെ ആയൂർവേദ ട്രീറ്റ്‌മെന്റ്.. മസാജ് എന്നൊക്കെ ബോർഡും വച്ചിട്ട് അകത്ത് മറ്റേ പരിപാടി ആയിരുന്നു അനാശാസ്യം…. പോലീസ് വന്നു എല്ലാത്തിനേം പൊക്കി.. അകത്ത് മൂന്നാല് പേരുണ്ടെന്ന് കേൾക്കുന്നു.. ”

മറുപടി കേട്ട് വിളറി വെളുത്തങ്ങിനെ നിന്ന് പോയി സന്തോഷ്‌

ആൾക്കൂട്ടത്തിനിടയിൽ നിന്നും കൂകി വിളികളും പരിഹാസങ്ങളും കേട്ടു തുടങ്ങവേ.. വെപ്രാളത്തിൽ എല്ലാവരെയും വകഞ്ഞു മാറ്റി മുന്നിലേക്ക് കേറി അവൻ. മനസ്സിലെ ആശങ്ക സത്യമായി പോലീസ് അകത്ത് നിന്നും പിടിച്ചിറക്കി കൊണ്ട് വന്ന നാല് ചെറുപ്പക്കാരിൽ ആദ്യത്തെ ആളിന്റെ മുഖം കാൺകെ തന്നെ അവന്റെ കിളി പോയി..

” ഭഗവാനെ… രമേശൻ… ”

കൈ കൊണ്ട് മുഖം മറച്ചു രമേശൻ ജീപ്പിലേക്ക് കയറുമ്പോൾ കൂടി നിന്നവർ ഉച്ചത്തിൽ പരിഹസിക്കുന്നുണ്ടായിരുന്നു.

” മോളെ.. എങ്ങിനുണ്ട് അകത്ത് സുഖിച്ചോ നീ.. ”

” നല്ല ക്ഷീണം കാണുന്നുണ്ടല്ലോ മുഖത്ത്.. ”

കമന്റുകൾ പലതും ഉയർന്നു.

രമേശനെ ജീപ്പിൽ കയറ്റിയ പാടെ ഓടി അരികിലെത്തി സന്തോഷ്‌.

“രമേശാ…. ടാ.. ”

ആ ശബ്ദം കേട്ട് ദയനീയമായി മുഖം ഉയർത്തി അവനെ ഒന്ന് നോക്കി രമേശൻ.

” പെട്ട് അളിയാ… എന്നെ എങ്ങനേലും ഇതിന്ന് ഒന്ന് ഊരി താടാ.. ”

അത്രമാത്രമേ അവൻ പറഞ്ഞുള്ളു അപ്പോഴേക്കും ബാക്കി ഉള്ളവരെ കൂടി തള്ളി കയറ്റി കയറ്റി ജീപ്പ് എടുത്തു..

” എന്തായാലും കൊള്ളാം.. നല്ല പരിപാടി തന്നെ.. ഇത്ര പേരൊന്നുമല്ല വേറെയും ഉണ്ട് കുറെ അവന്മാര് ഇടക്കിടക്ക് വന്നു പോകുന്നവർ.. എല്ലാത്തിനേം പൊക്കണം.. ഒന്ന് രണ്ട് പേരെ കണ്ടാൽ എനിക്ക് അറിയാം..”

അടുത്ത് പെട്ടിക്കട നടത്തുന്ന വൃദ്ധൻ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറയുമ്പോ പിന്നെ അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കി പതിയെ കൈ കൊണ്ട് മുഖം മറച്ചു കൊണ്ട് പിൻവലിഞ്ഞു സന്തോഷ്‌.

പല വഴിക്കും റെക്കമെന്റെഷൻ നടത്തിയെങ്കിലും മദ്യ ലഹരിയിൽ ആയതിനാൽ അന്നേ ദിവസം രാത്രി രമേശനെ പുറത്ത് വിടാൻ എസ് ഐ സമ്മതിച്ചില്ല. അതിനിടയിൽ മീഡിയാസ് പുറത്ത് വിട്ട വാർത്തയും ആരൊക്കെയോ മൊബൈലിൽ പകർത്തി സോഷ്യൽ മെഡിയാസ് വഴി പുറത്ത് വിട്ട വിഡിയോസും വൈറൽ ആയി. ചാനൽ വാർത്തകളിൽ ആൾക്കാരുടെ മുഖം അവ്യക്തമാക്കിയിരുന്നെങ്കിലും മൊബൈൽ വിഡിയോസിൽ ആൾക്കാരെ വ്യക്തമായി തന്നെ എല്ലാവർക്കും തിരിച്ചറിയാമായിരുന്നു.

പിറ്റേന്ന് രാവിലേ രമേശൻ സ്റ്റേഷനിൽ നിന്നും ഇറങ്ങുമ്പോൾ സന്തോഷ്‌ അവനെ കാത്ത് പുറത്ത് തന്നെ നിന്നിരുന്നു. തലേന്നത്തെ ബാക്കിയെന്നപോലെ ദയനീയമായി ഒന്ന് നോക്കി അവൻ.

“വീഡിയോസ് എല്ലാം വെളീൽ വന്നല്ലേ.. ഞാൻ ഇപ്പോ വൈറൽ ആയിന്ന് ഒന്ന് രണ്ട് പോലീസുകാര് പറഞ്ഞു.. ”

രമേശന്റെ ചോദ്യം കേട്ട് നിർജ്ജീവമായി അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു സന്തോഷ്‌.

“അതെ.. വൈറൽ ആണ് രാവിലെ കവലയിൽ ആരൊക്കെയോ നിന്റെ പോസ്റ്ററും ഒട്ടിച്ചു..”

“സഭാഷ്…!!!”

ഇടി വെട്ടിയവന്റെ തലേൽ തേങ്ങാ വീണു എന്ന അവസ്ഥയിൽ ആയി രമേശൻ.

” എന്നാലും എന്റെ അളിയാ.. രണ്ട് വർഷങ്ങളായി എന്റെ മനസ്സിൽ ഉണ്ടായിരുന്ന രണ്ട് ആഗ്രഹങ്ങൾ ഒരുമിച്ച് ഇന്നലെ നൈറ്റ് നിന്നോട് ഞാൻ പറഞ്ഞു.. അത് രണ്ടും ഒരേസമയം തന്നെ നീ നടത്തി എനിക്ക് തന്നു. നീ ആണ് അളിയാ ചങ്ക് കൂട്ടുകാരൻ.. ”

ആ വാക്കുകൾ കേട്ട് വെളുക്കെ ഒന്ന് ചിരിച്ചു സന്തോഷ്‌.

“എല്ലാവരും ഇപ്പോ നിന്നെ തിരിച്ചറിയുന്നുമുണ്ട്..”

നിഷ്കളങ്കമായ ആ മറുപടി കേട്ട് പല്ലിറുമ്മി പിറു പിറുത്തു കൊണ്ട് കാറിലേക്ക് കയറി രമേശൻ.

‘ ഇവൻ ജന്മനാ പൊട്ടൻ ആണോ അതോ പൊട്ടനായി അഭിനയിക്കുവാണോ..’

ആത്മഗതത്തോടെ വീണ്ടും സന്തോഷിനെ ഒന്ന് നോക്കി അവൻ.

“പോണ വഴിക്ക് ഏതേലും ഒരു ട്രാവൽസിൽ ഒന്ന് നിർത്തണം പറ്റോങ്കിൽ ഇന്നത്തേക്ക് തന്നെ ടിക്കറ്റ് എടുത്ത് എനിക്ക് എങ്ങനേലും ഇവിടുന്ന് കേറി പോണം.. കാര്യങ്ങൾ അറിഞ്ഞ പാടെ പെട്ടിയൊക്കെ അമ്മ ഇന്നലെ രാത്രി തന്നെ പാക്ക് ചെയ്ത് വച്ചിട്ടുണ്ടെന്നാണ് ഇപ്പോ വിളിച്ചപ്പോ പറഞ്ഞത് ”

” ആണോ.. എന്നാൽ പോണ വഴിക്ക് എന്റെ ഒരു ഫ്രണ്ടിന്റെ ട്രാവെൽസ് ഉണ്ട് അളിയാ അവിടുന്ന് ഞാൻ നിനക്ക് കുറഞ്ഞ റേറ്റിൽ ടിക്കറ്റ് എടുത്ത് തരാം.. ”

ആ ദൗത്യവും സന്തോഷ്‌ തന്നെ ഏറ്റെടുക്കവേ അവന്റെ മുഖത്തേക്ക് ദയനീയമായി വീണ്ടുമൊന്ന് നോക്കി രമേശൻ

” അളിയന്റേൽ എല്ലാ സെറ്റപ്പും ഉണ്ടല്ലേ.. ”

ആ ചോദ്യത്തിന്റെ അർത്ഥം മനസിലാകാതെ വീണ്ടും വെളുക്കെ ചിരിച്ചു അവൻ.

” ചങ്ക് ടാ… നിന്റെ എല്ലാ കാര്യത്തിനും ഞാൻ ഒപ്പമുണ്ട്.. ”

അത്രയും പറഞ്ഞു ആക്സിലേറ്ററിൽ കാലമർത്തി സന്തോഷ്‌.

‘ അഭിനയം അല്ല… ഇവൻ ജന്മനാ പൊട്ടൻ തന്നെയാണ് ‘

മനസ്സിൽ ഓർത്തു കൊണ്ട് ദയനീയമായി പതിയെ സീറ്റിലേക്ക് ചാഞ്ഞു രമേശൻ.

അങ്ങിനെ ചങ്ക് കൂട്ടുകാരൻ വഴി തന്റെ രണ്ട് ആഗ്രഹവും ഒരേസമയം തന്നെ സഫലീകരിച്ചു രമേശൻ വീണ്ടും പ്രവാസ ലോകത്തേക്ക് വണ്ടി കയറി..

Leave a Reply

Your email address will not be published. Required fields are marked *