നിന്റെ ഇഷ്ടത്തിന് അടിമപ്പെടുത്താൻ ശ്രമിച്ചു. ചുരുക്കി പറഞ്ഞാൽ, റേ,,പ്പ് ചെയ്യാൻ ശ്രമിച്ചെന്ന്”

അഥീനയുടെ സ്വന്തം

രചന: ഭാവനാ ബാബു

 

നേരം പാതിരയോട് അടുത്തിരിക്കുന്നു…. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്ന ആലസ്യത്തിൽ ആലീസ് ബെഡിൽ ഒന്നും അറിയാതെ സുഖമായി ഉറങ്ങുകയാണ്…

 

ഉറക്കം വരാതെ അസ്വസ്ഥമായപ്പോഴാണ് താൻ ഹാളിലെ ഈ സോഫയിലേക്ക് ചുരുണ്ട് കൂടിയത്…. പാതി വെന്ത സിഗരട്ടുകൾ ഓരോന്നായി അഷ്ട്രേ യിൽ ഞെരിഞ്ഞമരുമ്പോഴും… എൻ്റെ മനസ്സിൽ ഇപ്പോഴും അയാളുടെ മുഴക്കമുള്ള ശബ്ദമാണ് മായാതെ നിൽക്കുന്നത്.

 

ഓഫീസിലെ വീഡിയോ കോൺഫ്രൻസിനിടെയായിരുന്നു ആ കോൾ എന്നെ തേടി വന്നത്…. നിർത്താതെ വന്ന ഒരു അനോണിമസ് കാൾ… അതിനപ്പുറം ഞാനതിന് പ്രാധാന്യം കൊടുത്തിരുന്നില്ല…അത് കൊണ്ട് തന്നെ തിരിച്ചു വിളിക്കാൻ ഏകദേശം രണ്ട് മണിക്കൂറെങ്കിലും എടുത്തിട്ടുണ്ടാകും .

 

ഒട്ടും പരിചിതമല്ലാതൊരു ശബ്ദമായിരുന്നു അയാളുടേത്.

 

“ആരാണ് മനസ്സിലായില്ലല്ലോ എന്ന് ചോദിച്ചതും… ഒരു പൊട്ടിച്ചിരിച്ചിരിയോടെ അയാൾ മറുപടി പറഞ്ഞു….

 

“സാം, ഞാൻ മുകുന്ദ്, ഇവാനിയോസ് കോളേജിൽ തൻ്റെ സീനിയർ ആയിരുന്ന എന്നെ താൻ ഇത്ര വേഗം മറന്നുവോ?

 

മുകുന്ദ്….അ പേര് മനസ്സിലിട്ടു ഒത്തിരി തവണ ഞാൻ പറഞ്ഞു നോക്കി…ഇല്ല…അങ്ങ നെ ഒരാളെ എനിക്കോർമ്മയില്ല…

 

“സോറി മുകുന്ദ് ,എനിക്ക് ഇയാളെ അറിയില്ല ഒരുപക്ഷേ ….ഈ പേര് പോലും ഞാനാദ്യമായി കേൾക്കുകയാണ് “.

 

എൻ്റെ മറുപടി കേട്ടിട്ടും , അയാളെന്നെ വിടുന്ന മട്ടില്ല….

 

“ഏഴെട്ട് വർഷം ആയില്ലേ സാം,അതിൻ്റെ പ്രശ്നമായിരിക്കും…അതൊക്കെ പോട്ടെ,എനിക്ക് തന്നെയൊന്ന് കാ ണണമല്ലോ..എപ്പോഴാ ഫ്രീ ആവുക?

 

“സോറി മുകുന്ദ് ,ഞാനിപ്പോൾ ഒട്ടും ഫ്രീ അല്ല…നാളെ എനിക്ക് പ്രത്യേകിച്ച് അപ്പോയിൻ്റ്മെൻ്റ്സ് ഒന്നുമില്ല… താൻ എൻ്റെ വീട്ടിലേക്ക് വന്നോളു ”

 

സത്യത്തിൽ അയാളെ ഒഴിവാക്കാനാണ് ഞാൻ അങ്ങനെ പറഞ്ഞത്…

 

പക്ഷേ മുകുന്ദ് ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്യുകയാണ് ഉണ്ടായത്…

 

ആരാണ് അയാൾ? ഉത്തരം കിട്ടാത്ത ചോദ്യം പോലെ ഇപ്പോഴും അതെൻ്റെ ഉറക്കം കെടുത്തുന്നു….

 

“ഇച്ചായ, ഇച്ചായനെ കാണാൻ ഏതോ ഫ്രണ്ട് വന്നിരിക്കുന്നു” എന്നും പറഞ്ഞ് അലീസെന്നെ കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്…

 

അതാരാ ? രാവിലെ തന്നെ എന്നെ തിരക്കി വരാൻ? ടോം ആണോ…ഞാൻ അലീസിനോട് ചോദിച്ചു….

 

“പിന്നേ യു. എസിലെ ടോം ഇപ്പൊ രാവിലെ ഇങ്ങ് പ്രത്യക്ഷപ്പെടുകയല്ലേ… ഇച്ചായൻ ഓരോന്നും ഉറക്കപ്പിച്ച് പറയാതെ നേരിട്ട് ചെന്ന് നോക്ക്.ഞാനയാളെ നമ്മുടെ ഗെസ്റ്റ് ഹൗസിൽ ഇരുത്തിയിട്ടുണ്ട്…പിന്നെ സൽക്കാരം, ചായ, കാപ്പി എന്നൊക്കെ പറഞ്ഞ് എന്നെ കഷ്ടപ്പെടുത്തല്ലെ…പറഞ്ഞേക്കാം”

 

ബ്രഷ് ചെയ്ത് ഒരു ബനിയനും വലിച്ച്കേറ്റി ഗസ്റ്റ് ഹൗസിലേക്ക് നടക്കുമ്പോൾ ടോമും, റാമും അല്ലെങ്കിൽ പിന്നെയാരാണ് എന്ന ചോദ്യമായിരുന്നു മനസ്സ് നിറയെ.

 

” ഹലോ ആരാ?,എൻ്റെ ഫോട്ടോയും നോക്കി പുറം തിരിഞ്ഞു നിൽക്കുന്ന ചെറുപ്പക്കാരനോടായി ഞാൻ ചോദിച്ചു…

 

മുകുന്ദ്…ഒരു ചെറു ചിരിയോടെ അയാളെന്റെ അഭിമുഖമായി നിന്ന് സ്വയം പരിചയപ്പെടുത്തി…

 

നല്ല പ്രസരിപ്പ് തോന്നുന്ന മുഖഭാവം ആയിരുന്നു അയാളുടേത്…. ഒറ്റ നോട്ടത്തിൽ ഒരു സുന്ദരനെന്നു പറയാം…

 

“മിസ്റ്റർ…മുകുന്ദ് എനിക്ക് നിങ്ങളെ ഓർമ്മ കിട്ടുന്നില്ല…അത് ഞാൻ ഇന്നലെ പറഞ്ഞതല്ലേ…അപ്പോൾ പിന്നെ ഈ വരവിൻ്റെ ഉദ്ദേശ്യം എന്താണെന്ന് പറഞ്ഞിരുന്നെങ്കിൽ ഈ മീറ്റിങ്ങിനൊരു ക്ലാരിറ്റി കിട്ടിയേനെ”

 

“അപ്പോൾ എൻ്റെ ചോദ്യത്തിന് വ്യക്തത ഇല്ലാത്തതാണ് തൻ്റെ പ്രശ്നം. ശെരി ഓപ്പൺ ആയി തന്നെ ഞാൻ ചോദിച്ചേക്കാം”

 

“ഇവാനിയോസ് കോളേജിലെ സ്റ്റാർ ഗ്രൂപ്പിലെ സാം,ടോം , അഥീന പിന്നെ റാം…ഇതിൽ ടോമിനെയും, റാമിനേം ഒക്കെ ഞാൻ വിളിച്ചിരുന്നു…അവരിൽ നിന്നൊക്കെ ഞാൻ അന്വേഷിക്കുന്ന കാര്യത്തിൻ്റെ ഫുൾ പിക്ച്ചർ എനിക്ക് അറിയാൻ കഴിഞ്ഞില്ല…അത് തനിക്ക് അറിയാം…അതിനാണ് ഞാൻ ഏറ്റവും ഒടുവിലായി തന്നെ തിരഞ്ഞ് വന്നത് സാം…”

 

“കഥയോ…എന്ത് കഥ…തനിക്കെന്താണ് വേണ്ടത്”?

 

എനിക്ക് അറിയേണ്ട ആളെ പറഞാൽ അവരെ ഈ നിമിഷം ജീവനോടെ നീയെൻ്റെ മുന്നിൽ കൊണ്ട് തരുമോ? എങ്കിൽ പറയ് എവിടെ എൻ്റെ അഥീന? അപ്പനും മോനും കൂടി അവളെ ആരും അറിയാതെ കൊന്നു കളഞ്ഞ പിന്നാമ്പുറ കഥകൾ ഞാൻ ഒത്തിരി കേട്ട് പഴകിയതാണ്. ആ സത്യം ഇന്നെനിക്ക് നിൻ്റെ വായിൽ നിന്നും കേൾക്കണം. അറിഞ്ഞിട്ടെ ഞാൻ പോകൂ.”

 

അതൊരു ചോദ്യമായിരുന്നില്ല… അല ർച്ചയായിരുന്നു… മുകുന്ദിൻ്റെ പെട്ടെന്നുള്ള ഭാവമാറ്റം അക്ഷരാർത്ഥത്തിലെന്നെ അമ്പരപ്പിച്ചു.

 

അഥീന, ഒരിക്കൽ ഞാനെൻ്റെ പ്രാണനോളം സ്നേഹിച്ചവൾ …ഒടുവിൽ ഒരു നിമിഷം കൊണ്ട് ഞാൻ നഷ്പ്പെടുത്തിയവൾ…

 

അധീനയെ തേടി ഇത്രയും വർഷങ്ങൾക്ക് ശേഷം.വന്ന ഇയാൾ ആരായിരിക്കും ?.

 

“അന്ന് ,മാർച്ച് മാസത്തിലെ അവസാന ഞായറാഴ്ച. ഡിഗ്രി കംപ്ലീറ്റ് ആയതിൻ്റെ സന്തോഷത്തിൽ പാർട്ടി നടത്താനാണ് നിങ്ങൾ നാല് കൂട്ടുകാർ അന്നാ ബീച്ചിൽ ഒരുമിച്ച് കൂടിയത്… അന്ന് നീ നിന്റെ പ്രണയം അവളോട് തുറന്നു പറയുന്നു. എന്നാൽ അവൾ നിന്റെ പ്രണയാഭ്യർത്ഥന . തള്ളിക്കളയുന്നു. അവളോടുള്ള പ്രണയവും, അത് അവൾ നിരസിച്ചത്തിലെ ദേഷ്യവും കാരണം, നീ വല്ലാതെ മദ്യപിച്ചു… അഥീനയെ നീ നിന്റെ ഇഷ്ടത്തിന് അടിമപ്പെടുത്താൻ ശ്രമിച്ചു. ചുരുക്കി പറഞ്ഞാൽ, റേപ്പ് ചെയ്യാൻ ശ്രമിച്ചെന്ന്”

 

“നോ …. ദേഷ്യത്തോടെ ഞാനവൻ്റെ ഷർട്ടിന് കുത്തിപ്പിടിച്ചു.

 

“ആരാ നിന്നോട് ഈ നോൺ സെൻസ് ഒക്കെ പറഞ്ഞത് ?”

 

“നിന്റെ കൂട്ടുകാർ പറഞ്ഞ സംഭവങ്ങളുടെ ഒടുക്കം ഇതൊക്കെ തന്നെയാണ് സാം ”

 

“ഇല്ല മുകുന്ദ്, ഇതൊക്കെ ഞാൻ അവരോട് ആ സിറ്റുവേഷനിൽ എന്തിനോ വേണ്ടി പറഞ്ഞ ചില കാര്യങ്ങൾ മാത്രമാണ്… സത്യത്തിൽ ഞാനും അഥീനയും തമ്മിൽ പ്രശ്നം ഉണ്ടാകുമ്പോൾ അവന്മാർ രണ്ടും വെള്ളമടിച്ചു ഫിറ്റായിരുന്നു.”

 

“എങ്കിൽ നീ പറയ് അഥീനയ്ക്ക് അന്ന് രാത്രി എന്താണ് സംഭവിച്ചതെന്ന്?”

 

“മുകുന്ദ്, ഞാൻ. അഥീനയെ സ്നേഹിച്ചിരുന്നു… ജീവനോളം എന്ന് പറഞ്ഞാലും തെറ്റില്ല…. ഇവാനിയോസ് കോളേജിലെ വാനമ്പാടി ആയിരുന്നു അവൾ…

 

“കോടീശ്വരനായ വർഗീസിന്റെ മകൻ സാമിന് അനാഥയായ അഥീനയോട് എപ്പോഴാണ് പ്രണയം തോന്നിയതെന്ന് ഒടേ തമ്പുരാന് പോലും അറിയില്ല…. അവളുടെ വിഷാദ ഛായ നിറച്ച കവിതകളാണോ എന്നിൽ പ്രണയത്തിന്റെ തിരി കൊളുത്തിയതെന്ന് ചോദിച്ചാൽ അതുമെനിക്കറിയില്ല….

 

സിനിമയ്ക്കും, ബീച്ചിലും, പിന്നെ അവളുടെ പ്രോഗ്രാമിനുമൊക്കെ ഒരേ ബൈക്കിന്റെ പിറകിലിരുന്ന് പോകുമ്പോൾ ഈ പെണ്ണിനെ എന്നുമിങ്ങനെ സ്വന്തമാക്കാൻ കഴിയണേ എന്ന പ്രാർത്ഥനയെ എനിക്കെന്നും ഉണ്ടായിരുന്നുള്ളു…..

 

“തന്റെ മനസ്സിലുള്ള പ്രണയം തുറന്ന് പറയാൻ ഇനിയും വൈകരുതെന്ന് ടോമും, റാംമും ഇടയ്ക്കിടെ പറയുമായിരുന്നെങ്കിലും, അതിന് സമയമായിട്ടില്ലെടാ എന്ന് പറഞ്ഞു ഞാനവരെ സമാധാനിപ്പിക്കുമായിരുന്നു….”

 

“അങ്ങനെ മാർച്ചിലെ , ഞായറാഴ്ച ദിവസമാണ് ഞാൻ എന്റെ മനസ്സിലുള്ള പ്രണയം അവളോട് പറയാൻ തീരുമാനിച്ചത്…. റാംമും, ടോമും ഒരു സൈഡിൽ മാറിയിരുന്നു അവരുടെ ആഘോഷം തുടങ്ങിയിരുന്നു…

 

അന്ന് അഥീന പതിവിലേറെ സുന്ദരിയായി എനിക്ക് തോന്നി…. കടൽ കാറ്റേറ്റ് തോളറ്റം വെട്ടിയ മുടി അവളുടെ മുഖത്തെ തഴുകി യുണർത്തികൊണ്ടിരുന്നു.

 

“ഇനിയെന്നാണ് സാം നമ്മൾ കാണുന്നത്? നിന്നെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യുമെടാ എന്ന് പറഞ്ഞതും, ഇതാണ് അവളെ പ്രൊപ്പോസ് ചെയ്യാനുള്ള കറക്റ്റ് സമയം എന്നെനിക്ക് തോന്നി….

 

പോക്കറ്റിനുള്ളിൽ ആരും കാണാതെ ഞാനൊളിപ്പിച്ചു വച്ച കുഞ്ഞു മോതിരമെടുത്തു അവൾക്ക് നേരെയായി ഞാൻ മുട്ട് കാലിൽ ഇരുന്നു….

 

“അധീന, കുറേ നാളായി ഞാൻ എന്റെ മനസ്സിലുള്ളത് നിന്നോട് പറയാൻ ശ്രമിക്കുന്നു… ഈ അലയടിക്കുന്ന സാഗരം സാക്ഷിയാക്കി നിന്നോട് ഞാനിപ്പോൾ ചോദിക്കുന്നു “നിനക്കെന്നെ പ്രണയിക്കുവാനും, ഒടുവിലെന്നെ വിവാഹം കഴിക്കുവാനും സമ്മതമാണോ “?

 

എന്റെ പ്രൊപോസൽ അവളെ സന്തോഷിപ്പിക്കുമെന്നാണ് ഞാൻ കരുതിയത്.. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചും.

 

“സാം നിനക്കെന്താ ഭ്രാന്ത് പിടിച്ചോ? നീയെന്നും എൻ്റെ ബെസ്റ്റ് ഫ്രണ്ട് മാത്രമാണ്. പക്ഷെ പ്രണയിക്കാനൊരാൾ അതെൻ്റെ കിച്ചുവിനെയല്ലാതെ മറ്റൊരാളെ ഞാനെന്റെ ജീവിതത്തിൽ സങ്കല്പിച്ചിട്ട് കൂടിയില്ല…”

 

“കിച്ചുവോ…. നീ അങ്ങനെ ഒരാളെ പറ്റി ഇതുവരെ എന്നോട് പറഞ്ഞിട്ടില്ലല്ലോ…..”?

 

വിഷമവും, നിരാശയും നിറഞ്ഞ സ്വരത്തിൽ ഞാൻ അവളോട് ചോദിച്ചു….

 

“ഒരു നിമിത്തം പോലെ കണ്ട് മുട്ടിയവരാണ് ഞാനും, കിച്ചുവും…. ആദ്യ കാഴ്ച്ചയിൽ തന്നെ ഞങ്ങൾക്കെന്തോ അടുപ്പം തോന്നി. വൈകാതെ പ്രണയവും . നിനക്കറിയോ, കഴിഞ്ഞ ഒരു വർഷമായി ഞാനവനെ ഒന്ന് കണ്ടിട്ട്, നാളെ അവൻ എന്നെ കാണാൻ വരുമ്പോ നിങ്ങൾക്കൊക്കെ സർപ്രൈസ് തരാൻ വച്ചിരുന്നതാണ് . അതിനിടയിലാണ് അവന്റെ ഒരു കോപ്പിലെ പ്രൊപോസൽ…. തെണ്ടി ഒക്കെ നശിപ്പിച്ചു ”

 

ഇതും പറഞ്ഞു, ദേഷ്യവും, സങ്കടവും ഉള്ളിൽ നിറച്ചു എന്നെ ഒന്നാഞ്ഞു തള്ളി അവൾ ഇരുട്ടിലേക്ക് ഓടിപ്പോയി…..

 

ഏകദേശം ഒരു മാസത്തോളം, പിണങ്ങി നടന്നും, നിരാഹാരം ഇരുന്നുമാണ് അപ്പനേം അമ്മയെയും ഞാൻ അഥീനയെ കെട്ടാനുള്ള സമ്മതം വാങ്ങിച്ചെടുത്തത്…. അപ്പോഴാണ് എവിടുന്നോ കേറി വന്ന അവളുടെ ഒരു കിച്ചു…. ഇല്ല. അവളെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല..

 

ആ ഇരുട്ടിൽ ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ച് ഞാൻ അവളെ അവിടെയൊക്കെ തേടി നടന്നു… അഥീനയെ നഷ്ടപ്പെടുത്തുന്ന കാര്യം എനിക്ക് ഓർക്കാനേ കഴിഞ്ഞിരുന്നില്ല…

 

എന്തോ ഓർത്തെന്റെ മനസ്സൊന്നു വിങ്ങി ഞാൻ നിശബ്ദനായി.

 

” എന്നിട്ട്?എന്താണ് സാം നീ ആലോചിച്ചു നിൽക്കുന്നത്? എവിടേക്കാണ് അവൾ ഓടിപ്പോയത് “?എന്നിട്ട് അവൾക്കെന്തു സംഭവിച്ചു.”????

 

ആശങ്കയോടെ മുകുന്ദ് ചോദിച്ചു.

 

“നീ മുകുന്ദ് അല്ലെ…. അപ്പോൾ അഥീന പ്രണയിച്ച കിച്ചു ആരാണ്?”

 

“ഞാൻ തന്നെയാണ് അവളുടെ കിച്ചു…. എത്രയോ വർഷമായി ഞാൻ അവളെ തേടി നടക്കുന്നു…. അവൾ പോയതോടെ ഞാനൊരു ഭ്രാന്തനെപ്പോലെയായി ഒടുവിലൊരു സ്വപ്നം പോലെ വീണ്ടുമവളുടെ ഓർമ്മകളെന്നെ വേട്ടയാടാൻ തുടങ്ങിയപ്പോഴാണ് ഞാൻ അവൾക്കായി തിരച്ചിൽ തുടങ്ങിയത്.”

 

മുകുന്ദിന്റെ മനസ്സെനിക്ക് വായിച്ചെടുക്കുവാൻ കഴിയുമായിരുന്നു. സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന താനൊരിക്കൽ അനുഭവിച്ചതാണ്.അവന്റെ പ്രണയിനിക്ക് എന്താണ് സംഭവിച്ചതെന്ന് അവിനറിയണമെന്നെനിക്ക് തോന്നി.

 

“മുകുന്ദ്, താനൊരു മിനിറ്റ് വെയ്റ്റ് ചെയ്യ്, ഞാനീ ഡ്രസ്സ്‌ ഒന്ന് മാറ്റി വേഗം വരാം. നമുക്കൊരിടം വരെ പോകാനുണ്ട് ”

 

“അഥീന ഉറങ്ങുന്നത് ഇവിടെയാണെന്നും പറഞ്ഞ് ഏതെങ്കിലും പള്ളി പറമ്പിലേക്കാണ് നമ്മുടെയീ യാത്രയെങ്കിൽ…. അത് വേണ്ട സാം…. അവൾ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നു എന്നാശ്വസിച്ചു ഞാൻ കാത്തിരുന്നോളാം ”

 

മുകുന്ദിന്റെ മുഖഭാവം അപ്പോൾ ആരെയും സങ്കടപ്പെടുത്തുന്നതായിരുന്നു….

 

“ഇപ്പൊ വരാമെടോ എന്നും പറഞ്ഞു ഞാൻ അവന്റെ തോളിൽ ചെറുതായൊന്ന് തട്ടി.

 

“അലീസേ ഞാനൊന്ന് പുറത്തേക്ക് ഇറങ്ങുകയാണെ…. തിരിച്ചെത്താൻ കുറച്ചു വൈകും ”

 

ഷർട്ടും, ജീൻസും ഇട്ട് ധൃതിയിൽ ഇറങ്ങുന്ന എന്നോട് “ഇച്ചായ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നില്ലേ” എന്ന അവളുടെ ചോദ്യമൊന്നും ഞാൻ കേട്ടതായി ഭാവിച്ചില്ല

 

മുകുന്ദിനോട് കാറിൽ കേറിയിരിക്കാൻ പറഞ്ഞു എ. സി ഫുൾ ഓണാക്കി ഞാൻ ഡ്രൈവ് ചെയ്യാൻ തുടങ്ങി….

 

നഗരത്തിന്റെ തിരക്കുകളിൽ നിന്നുമൊഴിഞ്ഞു ഞങ്ങളിപ്പോൾ പോകുന്നത് ഒരൽപ്പം വിജനമായ വഴിയിലൂടെയാണ്…. ടാറിട്ട റോഡിന്റെ അവസാനമെന്നോണം ചെറിയൊരു ഊട് വഴിയിലൂടെ ഏകദേശം അര മണിക്കൂറോളം യാത്ര ചെയ്ത് ഒടുവിൽ കാർ ഒരു ബിൽഡിങ്ങിന്റെ മുന്നിൽ നിർത്തി….

“കാരുണ്യ ഓർഫനേജ് “മുകുന്ദിന്റെ കണ്ണുകൾ നിറം മങ്ങി തുടങ്ങിയ ആ ബോർഡിലെ അക്ഷരങ്ങളിലായിരുന്നു.

 

“വരൂ, മുകുന്ദ്, ഒരൽപ്പം ആശങ്കയോടെ മാറി നിന്ന അവനെയും കൊണ്ട് ഞാനാ ഓർഫനേജിലേക്ക് കയറി….

 

ഗേറ്റ് തട്ടി ഉള്ളിലേക്ക് ചെന്നതും സൈഡിലൊരു സെക്യൂരിറ്റി നിൽപ്പുണ്ടായിരുന്നു….. പതിവ് ചിരിയോടെ ഒന്നും മിണ്ടാതെ അയാൾ തലയൊന്ന് ചെരിച്ചു…. ഉള്ളിലേക്ക് പോകാനുള്ള മൗനാനുവാദം ആയിരുന്നത്…..

 

ആ വഴി നേരെ പോയാൽ എത്തുന്നത് സെമിത്തേരിയിലേക്കാണ്….. തല ഉയർത്തി നിൽക്കുന്ന കുരിശു രൂപങ്ങളും, നിശബ്ദമായി നിൽക്കൊള്ളുന്ന ശവ മഞ്ചങ്ങളും…….

 

ധൃതിയിൽ എന്റെ പിന്നാലെ നടന്നു കൊണ്ടിരുന്ന മുകുന്ദ് സെമിത്തേരി കണ്ടതും സഡൻ ബ്രേക്കിട്ടത് പോലെ നിന്നു …..

 

“സാം ഞാൻ പ്രതീക്ഷിച്ചത് പോലെയാണ് കാര്യങ്ങളുടെ പോക്ക്…. ഇനി മുന്നോട്ടുള്ള യാത്രയിൽ ഞാനില്ല നിനക്കൊപ്പം. നീ ഒറ്റക്ക് പോയാൽ മതി…..”

 

തിരിഞ്ഞു പോകാൻ തുടങ്ങിയ അവനെ ഞാൻ തടഞ്ഞു നിർത്തി…..

 

“മുകുന്ദ്, നമുക്ക് പോകാനുള്ളത് വലത്തേക്ക് അല്ല…. ഇടത്തേക്കാണ്…..”

 

ഇടത് സൈഡിലൂടെയുള്ള ചെറിയ വഴിയിലൂടെ ഞാൻ അവനെയും കൊണ്ട് വേഗത്തിൽ നടന്നു…. ”

 

സത്യത്തിൽ ഇതല്ല ശരിയായിട്ടുള്ള വഴി…. പക്ഷെ നമുക്കിപ്പോൾ ഇതിലെ പോയെ പറ്റു…”

 

കുറച്ചു ദൂരം നടന്നപ്പോൾ ഞങ്ങളുടെ യാത്ര അവസാനിച്ചത് ചെറിയൊരു ഹോസ്പിറ്റലിന്റെ മുന്നിലാണ്…. ഇങ്ങനെ ഒരെണ്ണം ഈ നാല് ചുവരുകൾക്കുള്ളിൽ ഉള്ളത് ആർക്കും വിചിത്രമെന്ന് തോന്നും.

 

അവന്റെ ഹൃദയമിടിപ്പ് എനിക്കിപ്പോൾ വ്യക്തമായി കേൾക്കാൻ കഴിയും. ചോര വാർന്നൊലിച്ച പോലത്തെ അവന്റെ മുഖം, ആ കണ്ണുകളെ നേരിടാൻ കഴിയാതെ ഞാൻ അവനെയും കൊണ്ട് റൂമിലേക്ക് നടന്നു…. വെളുത്ത പെട്ടികൾ പോലെ കട്ടിലുകളിൽ ചിലതൊക്കെ ഒഴിഞ്ഞു കിടക്കുന്നു.

 

ആ ചെറിയ മുറിയിലെ എറ്റവും അവസാനത്തെ ബെഡിലാണ് അവന്റെ അഥീന അനക്കമറ്റ് കിടക്കുന്നത്.

 

അവളെ കണ്ടതും ഉച്ചത്തിൽ കരഞ്ഞു കൊണ്ട് അവനവളെ കെട്ടിപ്പുണർന്നു. അവളുടെ ഇരു കവിളുകളിലും അവൻ തുരു തുരാ ചുംബിച്ചു. അവൻ അവളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അപ്പോഴും അവൾ ഒന്നും മിണ്ടാതെ കിടക്കുകയാണ്.

 

യാതൊരു പ്രതികരണവുമില്ലാത്ത അഥീനയെ കണ്ടതും അവനു സഹിക്കാനായില്ല. എന്താണ് തന്റെ പ്രണയിനിക്ക് സംഭവിച്ചതെന്ന ചോദ്യമായിരുന്നു അവന്റെ മനസ്സ് നിറയെ.

 

“എന്താണ് സാം എന്റെ അഥീന ഒന്നും മിണ്ടാത്തത്? ? ഞാനെത്ര വിളിച്ചിട്ടും അവളൊന്ന് അനങ്ങുന്നത് കൂടെയില്ലല്ലോ ? എന്റെ ശബ്ദമൊന്ന് കേൾക്കുമ്പോൾ തുള്ളി ചാടി വരുന്ന പെണ്ണായിരുന്നു? ആ രാത്രി സംഭവിക്കാൻ പാടില്ലാത്തത് എന്തോ നിങ്ങൾക്കിടയിൽ സംഭവിച്ചിരുന്നു. എന്താ ഞാൻ പറഞ്ഞത് സത്യമല്ലേ?അതെന്താണെന്ന് ഒന്ന് പറഞ്ഞു തൊലയ്ക്കെടോ ?”

 

മുകുന്ദിന് അപ്പോഴെന്നെ കൊല്ലാനുള്ള അരിശം ഉണ്ടായിരുന്നെന്ന് അവന്റെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു.

 

“പറയാം… ഞാനെല്ലാം പറയാം…. ഇനിയും അത് മറച്ചു വച്ചിട്ട് കാര്യമില്ല…. ” അഥീനയെയൊന്നു നോക്കി ഞാൻ തുടർന്നു.

 

“അന്ന് രാത്രി എന്നെയും തള്ളിയിട്ടു ഓടിപ്പോയ അഥീനയെ തേടി ഞാൻ ഒരുപാട് അലഞ്ഞു. അപ്പോഴാണ് ഡ്രിങ്ക്സ് കഴിച്ച് പാതി മയക്കത്തിലായ ടോമിനെയും, റാമിനെയും ഞാൻ കാണുന്നത്. അവരെ ഏറെ നേരം കുലുക്കി വിളിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. അപ്പോഴാണ് അവർ ബാക്കി വച്ച ഡ്രിങ്ക്സിന്റെ ബോട്ടിൽ ഞാൻ കാണുന്നത്. ക്ഷീണം കാരണം മറ്റൊന്നും ഓർക്കാതെ അത് മുഴുവൻ ഞാൻ ഒറ്റവലിക്ക് അകത്താക്കി.

 

മദ്യം അകത്തു ചെന്നതും അധീനയെ കണ്ടു പിടിക്കാനുള്ള എന്റെ ആവേശം ഇരട്ടിയായി.ഒടുവിൽ ചുറ്റി തിരിഞ്ഞ് പാറക്കൂട്ടത്തിന്റെ മുകളിൽ ഇരിക്കുന്ന അവളെ ഞാൻ കണ്ടു പിടിച്ചു.എന്തോ ഓർത്തു വിഷമിച്ചു കൊണ്ട് ദൂരേക്ക് നോക്കിയാണ് അവളുടെ ഇരിപ്പ്.

 

അവളെ കണ്ടതും എന്റെ ദേഷ്യം ഇരട്ടിച്ചു . ഞാൻ പതിയെ അവളുടെ അരികിലേക്ക് ചെന്ന് അവളുടെ തൊട്ടരികിലായി ഇരുന്നു.

 

“എന്താ അഥീന, നിനക്കിത് എന്തു പറ്റി? ഞാന വളോട് ചോദിച്ചു …. ആ രാത്രിയിലാണ് അവളാദ്യമായി നിന്നെ കുറിച്ച് പറയുന്നത്. നിങ്ങളുടെ കണ്ടുമുട്ടലിനെ കുറിച്ച്, നിങ്ങളുടെ പ്രണയത്തെകുറിച്ച് ഒന്നും മറയ്ക്കാതെ അവളെന്നോട് പറഞ്ഞു….

 

അത് മുഴുവൻ കേട്ടപ്പോൾ എനിക്ക് അവളോട് വല്ലാത്ത സ്നേഹം തോന്നി…. ആ പ്രണയത്തിനോട് വല്ലാത്തൊരു കുശുമ്പും. പക്ഷെ ഇതിനിടയിൽ എപ്പോഴോ എനിക്ക് അവളോട് തോന്നിയ ഒരു മോഹം അതാണ് എല്ലാം തകർത്തെറിഞ്ഞത് .

 

“അഥീന നിന്നെക്കുറിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴാണ് ഞാൻ നേരത്തെ അകത്താക്കിയ ലഹരിയുടെ വീര്യം എന്നെ തെറ്റായ വഴിയിലേക്ക് നയിക്കാൻ തുടങ്ങിയത്. പാതിരാ വെളിച്ചത്തിൽ അവളുടെ സൗന്ദര്യമെന്നെ ഉന്മത്തനാക്കി. അവളുടെയാ മനോഹര അധരങ്ങളെ ചുംബിക്കാൻ കൊതിച്ച് ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു…

 

പെട്ടെന്നുള്ള എന്റെ പെരുമാറ്റത്തിൽ അവളൊന്ന് പതറി…. നീ കുടിച്ചിട്ടുണ്ടോ എന്നും ചോദിച്ചു അവൾ ചാടിയെഴുന്നേറ്റു.

 

“പ്ലീസ് ഡാ “എന്നും കെഞ്ചി ഞാൻ അഥീനയെ പിടിക്കാനാഞ്ഞതും പേടിയോടെ അവൾ പിന്നിലേക്ക് നീങ്ങി.എന്നാൽ അടുത്ത ചുവടിൽ അവൾ നേരെ താഴേക്ക് വീഴുകയായിരുന്നു .എനിക്കൊന്ന് തൊടാനാകും മുന്നേ ഒക്കെ അവസാനിച്ചു. ബോധമില്ലാതെ രക്തത്തിൽ കുളിച്ചു കിടക്കുന്ന അഥീനയെ കണ്ടതും ഞാൻ അലറി വിളിച്ചു. ഒടുവിൽ പപ്പയെയും വിളിച്ച് അവളേം കൊണ്ട് നേരെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

 

ഞാൻ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ “എടാ നീയെന്റെ അഥീനയെ “എന്നും പറഞ്ഞു ആക്രോശിച്ചു കൊണ്ട് മുകുന്ദ് എന്റെ ചെക്കിട്ടത്ത് ആഞ്ഞു തല്ലി.എന്നിട്ടും അവനു കലി തീരുന്നില്ല. അവനെന്നെ ഒരു ഒഴിഞ്ഞ ബെഡിലേക്ക് തള്ളിയിട്ടു എന്റെ കഴുത്തിനു പിടിച്ച് ശ്വാസം മുട്ടിക്കുകയാണ്.

 

മുകുന്ദ് എന്നെ കൊല്ലട്ടെ. അത് ഞാൻ അർഹിക്കുന്ന ശിക്ഷ തന്നെയാണ്.ഒന്ന് കുതറാൻ പോലും ശ്രമിക്കാതെ ഞാൻ അനങ്ങാതെ കിടന്നു.പെട്ടെന്നാണ് ഞാൻ അഥീനയെ കുറിച്ച് ഓർത്തത്….

 

“മുകുന്ദ്, നീയെന്നെ എന്ത് വേണമെങ്കിലും ചെയ്തോ. പക്ഷെ അത് ഇവിടെ വച്ച്, നിന്റെ പെണ്ണിന്റെ മുന്നിൽ വച്ച് വേണ്ട ”

 

അപ്പോഴാണ് മുകുന്ദിനും സ്വബോധം വന്നത്. അവൻ ഞെട്ടി തിരിഞ്ഞ് അഥീനയെ നോക്കി. അവളുടെ മിഴികൾ നിർത്താതെ നിറഞ്ഞു തുളുമ്പുകയാണ് … ചുണ്ടുകൾ എന്തോ പറയുവാനായി വെമ്പുന്നത് പോലെ ….

 

“മുകുന്ദ്, അധീന എന്തോ പറയുവാൻ ശ്രമിക്കുന്നു”സന്തോഷത്തോടെ ഞാൻ പറഞ്ഞു. .

 

സ്നേഹവും,കരുതലും ഉള്ള ഒരാൾ ഒപ്പമുണ്ടെ ങ്കിൽ അഥീനയെ വൈകാതെ തിരിച്ചു കിട്ടും. മുകുന്ദിന്റെ സ്നേഹത്തിന് അവളെ തിരിച്ചു കൊണ്ടുവരാനുള്ള കഴിവുണ്ടെന്നും എനിക്ക് ഉറപ്പായിരുന്നു..

 

“ഇനി അഥീന നിൻ്റെത് മാത്രമാണ് മുകുന്ദ്.ഈ അവസ്ഥയിൽ അവളെ സ്വീകരിക്കാൻ മനസ്സുണ്ടെങ്കിൽ നിനക്ക് ഇവിടുന്ന് അവളെയും കൊണ്ടു് പോകാം.ഇല്ലെങ്കിൽ ഒരു കുഞ്ഞനുജത്തിയെ പോലെ ഞാനവളെ മരണം വരെ നോക്കും.കുറ്റബോധം കൊണ്ടൊന്നുമല്ല. അവളോടുള്ള സ്നേഹം കൊണ്ട് മാത്രം ”

 

എല്ലാം മറന്ന് സ്നേഹത്തോടെ ഞാൻ അവനോട് പറഞ്ഞു.

 

” നിർത്തിക്കോ നിന്റെ പ്രസംഗം ,. ഇനി നീയൊന്നും പറയേണ്ട.ഇവളെ ഓർത്ത് മാത്രമാണ് നീയിപ്പോൾ ജീവനോടെ ഇരിക്കുന്നത്. ഇനിയുള്ള കാര്യങ്ങൾ ഞാനൊറ്റക്ക് നോക്കിക്കൊള്ളാം. സഹായിച്ചിടത്തോളം മതി. തല്ക്കാലം നീയൊന്ന് പോയിത്തരാമോ “?

 

മുകുന്ദിന്റെ വാക്കുകളിലെ പരിഹാസവും, വെറുപ്പും എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.

 

” ഞാൻ ചെയ്തത് നിനക്ക് ക്ഷമിക്കാവുന്ന തെറ്റല്ലെന്ന് എനിക്കറിയാം . ആറേഴ് വർ ഷങ്ങളായി പ്രായശ്ചിതത്തിന്റെ ഉമിത്തിയിൽ ഞാൻ സ്വയം എരിയുകയാണ്.മാസങ്ങളോളം കോമയിൽ കിടന്ന അധീനയെ വളരെ കഷ്ടപ്പെട്ടാണ് ഞാനീ അവസ്ഥയിൽ എത്തിച്ചത്.

 

ഇവളെ ഇവിടുന്ന് കൊണ്ട് പോകും മുന്നേ ഡോക്ടറുടെ ഒപീനിയൻ ചോദിക്കണം അദേഹം അതിന് വില്ലിങ് ആണെങ്കിൽ ഞാൻ നിന്നെ തടയില്ല ഫാദറിനോട് സംസാരിച്ച് നിനക്ക് ഇവിടെ നിൽക്കാനുള്ള പെർമിഷൻ ഞാനിപ്പോൾ റെഡിയാക്കാം.”

 

മനസ്സ് നിറച്ചുള്ള എന്റെ വാക്കുകൾ മുകുന്ദിന്റെ ഉള്ളിൽ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല . ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അവൻ അപ്പോൾ നിറഞ്ഞൊഴുകിയ അഥീനയുടെ മിഴികളൊപ്പി അവളുടെ നെറ്റിയിലൊരു ചുംബനം നൽക്കുകയായിരുന്നു .

 

മുകുന്ദിനോടും, അഥീനയോടും യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഭാരമൊഴിഞ്ഞു മനസ്സ് വല്ലാതെ ശൂന്യമായിരുന്നു. നഷ്ട്‌പ്രണയത്തിൻ്റെ നോവ് നെഞ്ചിൽ കൂട് കൂട്ടിയെങ്കിലും അഥീനയുടെ കിച്ചു അവളെ തേടി വന്നതിൽ ഞാനിപ്പോൾ വല്ലാതെ സന്തോഷിക്കുന്നു….വെറുപ്പിന്റെ കാർമേഘമൊഴിഞ്ഞു സൗഹൃദത്തിന്റെ സ്പർശം എന്നെങ്കിലും അവരിൽ നിന്നുമുണ്ടാകുമെന്ന പ്രതീക്ഷയോടെ ഞാനും മെല്ലെ എന്റെ യാത്ര തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *