(രചന: സൂര്യ ഗായത്രി)
ഇനി ഒരിക്കൽ കൂടി എന്നെ ഇവിടെ വരുത്തരുത് ദാക്ഷായണി.നിന്നോട് പല ആവർത്തി ഞാൻ പറഞ്ഞു എന്റെ അളിയനുമായി ഒരു ബന്ധവും പാടില്ലെന്ന്.
അതിനു നിങ്ങളെ അളിയനെ ഞാൻ വിളിച്ചു വീട്ടിൽ കയറ്റുന്നതല്ല അയാൾ വന്നുകയറുന്നതാണു…… ഞാനതിനു എന്ത് ചെയ്യാൻ…
കല്യാണം കഴിഞ്ഞു വർഷം ഒന്നായില്ലേ ഇതുവരെ ഒരു കുഞ്ഞികാലു കാണാനുള്ള ഭാഗ്യം അവനുണ്ടായോ എത്ര എന്നുവച്ച അവൻ സഹിക്കുന്നത്…
അതിന് അവൻ ഇവിടെ വന്നു കിടക്കുന്നതിന്റെ കാര്യം എന്താ…
അതിപ്പോൾ എന്നോട് ചോദിച്ചാൽ ഞാൻ അത് എങ്ങനെയാ പറയാൻ. ഇവിടെ വരുമ്പോൾ അവന് ചിലപ്പോൾ സന്തോഷവും സമാധാനവും കിട്ടുന്നുണ്ടാകും.. അത് കിട്ടുന്നിടം തേടി അവൻ വരും അത്രയേ ഉള്ളൂ…
ദിനേശന് പിന്നെ അവളോട് ഒന്നും പറയാൻ കഴിഞ്ഞില്ല അവൻ നേരെ വീട്ടിലേക്ക് പോയി…
വീട്ടിൽ ചെല്ലുമ്പോൾ ഉമ്മറത്ത് കമല ഇരിപ്പുണ്ടായിരുന്നു…
ചേട്ടൻ ഇത് എവിടെ പോയിരിക്കുകയായിരുന്നു നാത്തൂൻ എത്ര നേരമായി അന്വേഷിക്കുന്നു. ദിനേശനെ കണ്ടപ്പോൾ തന്നെ കമല ചോദിച്ചു…
ഞാനിവിടെ വന്നു നിൽക്കുന്നതിന്റെ പേരിൽ ചേട്ടൻ ഒരു ബുദ്ധിമുട്ടുണ്ടാകരുത് ചേട്ടൻ എന്തിനാ അയാളെയും തിരക്കി നടക്കുന്നത്. അതുകൊണ്ടല്ലേ നാത്തൂൻ പറയുന്നത് എനിക്ക് കൂടി കേൾക്കേണ്ടി വരുന്നത്..
കമലയുടെ നിസ്സഹായവസ്ഥ കണ്ടപ്പോൾ ദിനേശന് സങ്കടം തോന്നി അങ്ങനെ അവളുടെ വായിൽ ഇരിക്കുന്നതു കേൾക്കേണ്ട ആവശ്യം നിനക്കില്ല.ഇത് നിന്റെയും കൂടി വീടാണ്..
അമ്മ മരിക്കുമ്പോൾ ഇത് നമ്മുടെ രണ്ടുപേരുടെയും പേരിലാണ് എഴുതിവെച്ചിരിക്കുന്നത്. അതുകൊണ്ട് ഈ വീട്ടിൽ എനിക്കുള്ള അതേ അവകാശം നിനക്കുമുണ്ട്.
ഓ വന്നു കയറിയ ഉടനെ തന്നെ അനിയത്തിയുടെ അവകാശത്തെക്കുറിച്ചായി. ഞാൻ എത്ര തവണ പറഞ്ഞതാണ് കുറച്ചു കാശുകൊടുത്ത് അവളുടെ അവകാശം ഒഴിവാക്കാൻ. അപ്പോൾ നിങ്ങൾക്ക് കേൾക്കാൻ വയ്യ..
എന്തിനാ സുമേ അങ്ങനെ അവളുടെ അവകാശം പൈസ കൊടുത്തു സ്വന്തമാക്കുന്നത്. ഈ വീട് അവൾക്ക് അവകാശപ്പെട്ടത് തന്നെയാണ്.
അവളുടെ പേരിൽ തന്നെയാണ് ഇത് ഇരുന്നത്. അവളുടെ നിർബന്ധം കാരണമാണ് അമ്മ മരിക്കുന്നതിന് മുമ്പ് എന്റെയും കൂടി പേര് ചേർത്തത്.
കാരണം എനിക്ക് അവളും അവൾക്ക് ഞാനും മാത്രമേയുള്ളൂ കൂടപ്പിറപ്പായി. അവളുടെ വിവാഹം കഴിപ്പിച്ചു വിട്ടു എന്ന് പറഞ്ഞ് എനിക്ക് അവളിൽ ഒരു അവകാശവും ഇല്ലാതാകുന്നില്ല.
ഓ ഇതൊക്കെ പറയുന്നതിന് ഒരു കുറവുമില്ല അനിയത്തിയുടെ കല്യാണം കഴിഞ്ഞു ഒരു വർഷമായി. ഭർത്താവ് ഇപ്പോഴും വല്ലവരുടെയും കൂടെയാണ് താമസിക്കുന്നത്.
അതെങ്ങനെയാ ഇത്ര നാളായിട്ടും ഒരു കുഞ്ഞുണ്ടായോ. ആർക്കറിയാം നിങ്ങളുടെ സഹോദരി മച്ചി ആണോ എന്ന്….
നിൽക്കുന്നിടത്തുനിന്ന് കൈവീശി ഒറ്റ അടിയായിരുന്നു ദിനേശൻ… എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും പറയാം എന്നായോ..
ഇനി എന്റെ അനിയത്തിയെപ്പറ്റി ആവശ്യമില്ലാത്തത് പറഞ്ഞാൽ ഈ വീട്ടിൽ നിന്ന് തന്നെ ചവിട്ടി ഇറക്കും ഞാൻ നിന്നെ… നീയൊരു പെണ്ണാണോ നിനക്ക് എങ്ങനെ പറയാൻ കഴിയുന്നു മറ്റൊരു പെണ്ണിനെ….
എല്ലാം കേട്ടുകൊണ്ട് കണ്ണുനീർ പൊഴിച്ചു നിൽക്കാൻ മാത്രമേ കമലക്കു കഴിഞ്ഞുള്ളൂ.
നിന്റെ ഈ സ്വഭാവമാണ് ആദ്യം നിർത്തേണ്ടത് ആരെന്തു പറഞ്ഞാലും കേട്ടുകൊണ്ട് കരഞ്ഞു നിൽക്കുന്ന ഈ സ്വഭാവം. നിന്നെ ഇങ്ങനെയാണോ നമ്മുടെ അച്ഛനും അമ്മയും വളർത്തിയത്.
തെറ്റ് കണ്ടാൽ പ്രതികരിക്കണം. അല്ലാതെ വായും പൂട്ടി മിണ്ടാതെ ഇരിക്കുകയല്ല വേണ്ടത്. നീ ഇങ്ങനെ എളുപ്പം കൊടുത്തത് കൊണ്ട് തന്നെയാണ് അവൻ ആവശ്യമില്ലാത്ത ബന്ധങ്ങളിലൊക്കെ ചെന്ന് ചാടുന്നത്.
നിന്റെ മാത്രം കുറ്റം കൊണ്ടാണോ ഇതുവരെ കുഞ്ഞുങ്ങൾ ഉണ്ടാകാത്തത്. ഇത്രയും നാളായിട്ടും ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ പോയി കാണിക്കാൻ തോന്നിയോ നിങ്ങൾക്ക്. നീ അവനോട് ഇതിനെക്കുറിച്ച് ഒരിക്കലെങ്കിലും സംസാരിച്ചിട്ടുണ്ടോ…..
ഞാൻ ഒരുപാട് തവണ ഒരു ഹോസ്പിറ്റലിൽ പോകുന്നതിനെപ്പറ്റി രാജീവേട്ടനോട് സംസാരിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ എന്തെങ്കിലും കാര്യം പറഞ്ഞു എന്നെ ഉപദ്രവിക്കും. നീ ആ തല്ലും കൊണ്ട് മിണ്ടാതെ നിൽക്കും അതുതന്നെയാണ് അവന്റെ എളുപ്പം.
നിനക്ക് അവനോട് സംസാരിക്കാൻ പറ്റില്ലെങ്കിൽ നീ എന്നോട് പറയു ഞാൻ സംസാരിക്കാം .. ദിനേശന്റെ ഭാവവും മട്ടുമോക്കെ കണ്ടപ്പോൾ കമലക്കു പേടിയായി..
ഏട്ടൻ ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ ഒന്നും ഇടപെടേണ്ട ഞാൻ തന്നെ ചോദിച്ചോളാം…
ലോകത്തൊന്നുമില്ലാത്ത ഒരു ഏട്ടനും അനിയത്തിയും വന്നിരിക്കുന്നു. നിങ്ങൾ എന്നെ തല്ലാൻ കാണിക്കുന്നതിന്റെ പകുതി ധൈര്യം അവനെ വിളിച്ചു നിർത്തി രണ്ട് കാര്യം ചോദിച്ചിരുന്നെങ്കിൽ അതിന്റെ പ്രയോജനം അവൾക്ക് ഉണ്ടായിരുന്നേനെ… പറഞ്ഞുകൊണ്ട് വെട്ടിത്തിരഞ്ഞ് സുമ അകത്തേക്ക് പോയി…
എല്ലാവരും ഉറങ്ങിയതിനു ശേഷം രാത്രിയിൽ വളരെ വൈകിയാണ് രാജീവൻ വീട്ടിലേക്ക് വന്നത്…
വന്ന പാടെ തന്നെ.പുകില് തുടങ്ങി.
നിന്റെ ഏട്ടനോട് ആരാടീ പറഞ്ഞത് എന്നെ അന്വേഷിച്ച് ദാഷായണിയുടെ വീട്ടിൽ പോകാൻ… അതോ ഇനി നിന്റെ ഏട്ടൻ ഞാൻ അറിയാതെ അവിടെ പറ്റ് തുടങ്ങിയോ…
ദേ അനാവശ്യം പറയരുത്.എല്ലാവരും നിങ്ങളെ പോലെയാണെന്ന് കരുതിയോ..
എന്താടി നിന്റെ സംസാരത്തിലും ഭാവത്തിലും ഒക്കെ ഒരു വ്യത്യാസം. എന്റെ നേരെ ഒച്ചയുയർത്തിയാൽ നിന്റെ പല്ലടിച്ചു ഞാൻ കൊഴിക്കും.
അവൾ ഒരു ശീലവതി വന്നേക്കുന്നു നിന്നെക്കൊണ്ട് എന്തിന് കൊള്ളാം. വർഷം ഒന്നായില്ലേടി നമ്മുടെ കല്യാണം കഴിഞ്ഞിട്ട്. എനിക്കൊരു കുഞ്ഞിനെ തരാൻ നിന്നെക്കൊണ്ട് കഴിഞ്ഞോ…..
നിനക്ക് അതിനുള്ള കഴിവില്ല അത് തന്നെ കാര്യം…. രാജീവൻ വായിൽ തോന്നിയ അസഭ്യം എല്ലാം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..
ഛീ. നിർത്തടോ ഇത്രയും പ്രസംഗിക്കുന്ന നിങ്ങൾക്ക് അതിനുള്ള കഴിവുണ്ടോ…..
കുടിച്ചു ബോധമില്ലാതെ അല്ലാതെ അല്ലാതെ നിങ്ങൾ ഒരിക്കൽ എങ്കിലും എന്റെ അടുത്ത് വന്നിട്ടുണ്ടോ…
ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താനുള്ള കഴിവ് തനിക്കില്ല അത് ആദ്യം ഞാൻ മനസ്സിലാക്കിക്കോ…. തനിക്ക് ആ കഴിവുണ്ടാകുമ്പോൾ തനിക്കൊരു കുഞ്ഞിനെ തരാൻ എനിക്ക് പറ്റും……
തന്റെ കഴിവുകേട് മറക്കുന്നതിന് വേണ്ടിയിട്ടല്ലേ വെള്ളമടിച്ച് താനിങ്ങനെ കോൺ തെറ്റി നടക്കുന്നത്….
രാജീവൻ കള്ളം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ അവളുടെ മുന്നിൽ നിന്നു.
അവന്റെ കുനിഞ്ഞ ശിരസ്സും കണ്ണിൽ നിന്ന് ഒഴുകുന്ന നീർത്തുള്ളികളും അവൾക്കു മനസ്സിലാക്കി കൊടുത്തു അവൻ അനുഭവിക്കുന്ന ഹൃദയവേദന…
കമല രാജീവിന്റെ അടുത്ത് വന്ന് നിന്നു അയാളുടെ മുഖം പിടിച്ചുയർത്തി… കൊച്ചു കുഞ്ഞുങ്ങളെ പോലെ അവളുടെ വയറിൽ വട്ടം പിടിച്ച് പൊട്ടിക്കരഞ്ഞു…
വിവാഹത്തിന് ഒരു വർഷം മുമ്പ് നടന്ന ആക്സിഡന്റ്…. അതാണ് എന്റെ ജീവിതമാകെ മാറ്റിമറിച്ചു കളഞ്ഞത്..
ഇനി ഒരു വിവാഹം വേണ്ട എന്ന് പല ആവർത്തി ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞതാണ്. പക്ഷേ അവരത് സമ്മതിക്കാതെ നീയുമായുള്ള വിവാഹനിശ്ചയിച്ചപ്പോൾ….
എല്ലാവരോടുമുള്ള ദേഷ്യം കൂടി.അത് പ്രകടിപ്പിക്കുന്നത്. നിന്നോട് മാത്രമായി. ദാഷായണിയുടെ വീട്ടിൽ പോകുന്നത് മറ്റും എന്റെ കഴിവുകേട് മറക്കുന്നതിന് വേണ്ടിയായിരുന്നു.. നിന്നെ കുറ്റകാരിയാക്കാൻ.. നിന്റെ കുറവുകൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാക്കാത്തത് എന്ന് കേൾപ്പിക്കാൻ…
എല്ലാം കേട്ടുകൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ തറഞ്ഞു നിന്നുപോയി കമല …
അന്ന് രാത്രി ഇരുവർക്കും പരസ്പരം തുറന്നുപറച്ചുകളുടെ രാത്രിയായിരുന്നു…
ജീവിതത്തിൽ ഒരു കുഞ്ഞു ഉണ്ടാവുക എന്ന് മാത്രമല്ല ഏറ്റവും പ്രഥമമായ കാര്യം. ഈ കുടിയും മറ്റു അവസാനിപ്പിച്ച് നമുക്ക് സന്തോഷത്തോടുകൂടി ജീവിക്കണം. ട്രീറ്റ്മെന്റ് ചെയ്യാം… അപ്പോൾ ഒരു പരിധിവരെ ഇതിൽ നിന്നൊക്കെ മാറും…..
പക്ഷേ നിങ്ങളുടെ കുടി അവസാനിപ്പിച്ച് സ്നേഹത്തോടുകൂടി വരണം. എങ്കിൽ എത്ര കാലം വേണമെങ്കിലും ഞാൻ നിങ്ങളോട് ഒപ്പം കാണും…….നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കാം… നമ്മുടേതാക്കി വളർത്താം.. അപ്പോൾ തീരുന്ന പ്രശ്നമേ ഉള്ളു….
ഒരു പുതിയ ജീവിതത്തിന്റെ തുടക്കം കുറിക്കലായിരുന്നു പിനീട് അങ്ങോട്ട്…