ആദിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ വേണ്ടി അനാഥാലയത്തിൽ എത്തിയ ദിവസം ഇന്നുമെന്റെ മനസ്സിലുണ്ട്.
സ്കൂൾ അവധിക്കാലത്ത് ആരോരുമില്ലാത്ത ഒരു കുട്ടിക്ക് കുറച്ചു ദിവസത്തേക്കൊരു കുടുംബത്തോടൊപ്പം താമസിക്കാൻ അവസരം നൽകുന്നയൊരു പദ്ധതിയിലൂടെയാണ് ആദിയെ ഞങ്ങൾ ആദ്യമായി കാണുന്നത്.
അനാഥരായ കുഞ്ഞുങ്ങൾക്ക് കുറച്ചു ദിവസമെങ്കിലും ഒരു വീട്ടിൽ താമസിച്ചാ വീട്ടുകാരുടെ കരുതലും സ്നേഹവും ലഭിക്കുക എന്നത് എത്ര നല്ലൊരു കാര്യമാണെന്ന് ഞാൻ മനസ്സിൽ ഓർത്തു.
കുറച്ചു നേരത്തെ പേപ്പർ വർക്കിന് ശേഷം അനാഥാലത്തിൽ നിന്നും ആദിയെ ഇരുപതു ദിവസത്തേക്ക് ഞങ്ങളുടെ വീട്ടിലേക്ക് അയക്കാം എന്ന ധാരണയിലെത്തി.
അവനെയും കൂട്ടി ഞങ്ങൾ വീട്ടിലെത്തിയപ്പോൾ എന്റെ മകൾ ഓടിവന്നവന്റെ കൈപിടിച്ചു.
“വാ… ഞാൻ നിനക്ക് നമ്മുടെ വീട് കാണിച്ചുതരാം.”
ആ നിമിഷം അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.
അവിടെ നിന്നാണ് ആ ഇരുപതു ദിവസങ്ങളുടെ കഥ തുടങ്ങിയത്.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ആ പത്തു വയസുകാരൻ ഞങ്ങടെ വീട്ടിലെ ഒരു കുട്ടിയായി മാറി.
അവൻ നല്ല ഐശ്വര്യമുള്ളൊരു കുഞ്ഞായിരുന്നു.
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ ശേഷം സ്വന്തം കിടക്ക വൃത്തിയാക്കുകയും.ഇട്ടിരുന്ന തുണികൾ അലക്കുകയും,ചായ കുടിച്ച ഗ്ലാസ് കഴുകിവെക്കുകയും ഒക്കെ അവൻ കൃത്യമായി ചെയ്തിരുന്നു.
എന്തിനേറെ പറയുന്നു കളിയ്ക്കാൻ എടുത്ത കളിപ്പാട്ടങ്ങൾ തിരികെ അടുക്കിവെക്കുകയും, വീട്ടിലെ മുതിർന്നവരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞായിരുന്നു അവൻ.
അവന് ഏറ്റവും ഇഷ്ടമുള്ള കാര്യം
“ആന്റി, ഞാൻ എന്തെങ്കിലും ചെയ്യാൻ സഹായിക്കട്ടെ?”എന്ന് ചോദിച്ചെന്റെ പിന്നാലെ നടക്കലായിരുന്നു.
ഓ!വേണ്ട മോനെ നീ പോയി കളിച്ചോ എന്ന് ഞാൻ സ്നേഹത്തോടെ പറഞ്ഞാലും അവൻ അടുക്കളയിൽ വന്നെനിക്ക് ഓരോന്ന് എടുത്തു തരികയും, ചെടി നനയ്ക്കുകയും ഒക്കെ ചെയ്യുമായിരുന്നു.
അങ്ങനെ ഒരു ദിവസം അടുക്കളയിൽ ഞാൻ പച്ചക്കറി അരിഞ്ഞോണ്ടിരിക്കുമ്പോൾ അവൻ എന്നോട് ചോദിച്ചു, ആന്റി ഒരു ദിവസം ദൈവം പ്രത്യക്ഷപ്പെട്ടാൽ ആന്റി എന്ത് ചോദിക്കും?
ഞാനോ?
ഒന്നും ചോദിക്കില്ല കാരണം എനിക്കിപ്പോൾ എല്ലാം ഇണ്ടല്ലോ ഇനി ചോദിച്ചാൽ അത്യാഗ്രഹം ആവില്ലേ മോനെ?
ആട്ടെ നീയെന്താ ചോദിക്കാൻ പോകുന്നെ?
അവന്റെ ഉത്തരം എന്തായിരിക്കും എന്നറിയാൻ വേണ്ടി ഞാൻ അവനെ തല ചെരിച്ചു നോക്കി.
ഈ ലോകത്ത് അനാഥർ ആയിട്ടിരിക്കുന്ന എല്ലാ കുട്ടികൾക്കും അച്ഛനെയും അമ്മയേയെയും കൊടുക്കാമോ എന്ന് ഞാൻ ചോദിക്കും.
അച്ഛനും,അമ്മയും ഉള്ള കുട്ടികൾ ആണ് ഏറ്റവും ഭാഗ്യം ചെയ്തവർ.
എന്റെ പൊന്നു മോനെ…..
ഞാനവനെ കെട്ടിപ്പിടിച്ചു.നല്ല മനസ്സോടെ പ്രാർത്ഥിച്ചാൽ ദൈവം നിനക്കെല്ലാം തരും മോനെ….ഞാൻ അവന്റെ നെറുകിൽ ചുംബിച്ചു.
നിഷ്കളങ്കൻ ആയ ആ കുഞ്ഞിനെ ഉപേക്ഷിച്ചു പോയ അവന്റെ മാതാപിതാക്കളെ ഞാൻ മനസ്സുകൊണ്ട് ശപിച്ചു.
എന്റെ മകൾ അവനെ സ്വന്തം അനിയനെപ്പോലെയാണ് കണ്ടിരുന്നത്. അവർ രണ്ടാളും.ഒരുമിച്ച് ഭക്ഷണം കഴിച്ചും,കളിച്ചു, രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഒരുപാട് സംസാരിച്ചും അവരുടേതായ സമയം പങ്കിട്ടു.പക്ഷേ ആ സന്തോഷം അധികം നീണ്ടില്ല.അവനു തിരിച്ചു പോകേണ്ട സമയം വന്നെത്തി.
അവൻ തിരിച്ചു പോകാൻ വേണ്ടി ബാഗൊക്കെ അടുക്കിവെക്കുമ്പോൾ കട്ടിലിൽ കിടന്നിരുന്ന ടെഡി ബിയർ മാത്രം അവിടെ തിരികെ വെച്ചു.
“ഇത് കൊണ്ടുപോകുന്നില്ലേ മോനേ?”
ഞാനിത് നിനക്കായി വാങ്ങിയതാണ്…ഞാൻ അവനോടു പറഞ്ഞു,
“ഇതിവിടെ ഇരിക്കട്ടെ …ഞാൻ വീണ്ടും വരുമ്പോൾ എടുത്തു കളിക്കാം.”
എന്നെ ഇനിയും വിളിക്കില്ലേ ആന്റി?
അവൻ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി.
എനിക്കെന്റെ നെഞ്ചു വിങ്ങുന്നത് പോലെ തോന്നി.
ഇനിയവൻ വരുമോ?
അവനു വരാൻ ആഗ്രഹം ഉണ്ടെങ്കിലും അവിടെ ഉളളവർ അതിനു സമ്മതിക്കോ എന്നൊക്കെ ഞാനെന്റെ ഭർത്താവിനോട് ചോദിച്ചോണ്ടിരുന്നു.
വ്യക്തമായ ഒരുത്തരം തരാൻ കഴിയാതെ ആ മനുഷ്യനും വിഷമിച്ചു.
അവനെ കൊണ്ടുപോകാനുള്ള വാൻ മുറ്റത്ത് വന്നു നിന്നപ്പോൾ എന്റെ മകൾ അവന്റെ കൈപിടിച്ച് കരഞ്ഞു.
“നീ പോകല്ലേടാ…”ഇവിടെ നിന്നോ….അവൾ അവന്റെ നേരെ നോക്കി കരഞ്ഞു കൊണ്ട് പറഞ്ഞു.
ആദി മെല്ലെ എന്റെ അരികിലേക്ക് വന്ന ശേഷം എന്നോട് ചോദിച്ചു,
“ആന്റി… ഞാൻ ഇവിടെ നിന്ന ദിവസങ്ങളിൽ എന്തെങ്കിലും തെറ്റ് ചെയ്താരുന്നോ?”
ആ ചോദ്യം കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നു.
“അയ്യോ!!ഇല്ലല്ലോ മോനേ… നീ ഒരു തെറ്റും ചെയ്തിട്ടില്ല….
എന്നാൽ എന്നെ കുറച്ചു ദിവസം കൂടി ഇവിടെ നിർത്താമോ? നിങ്ങളെ പിരിഞ്ഞു പോകാൻ എനിക്ക് മനസ്സ് വരുന്നില്ല. അവന്റെ കണ്ണുകൾ നിറഞ്ഞു.
അവനെ ചേർത്തുപിടിച്ച്കൊണ്ട് ഞാൻ പറഞ്ഞു—
“എന്റെ പൊന്നുമോനെ നിന്നെ വിടണമെന്ന് ഞങ്ങൾക്കും ആഗ്രഹമില്ല.പക്ഷെ നിയമം നിന്നെ ഇവിടെ നിർത്താൻ അനുവദിക്കില്ല.നീ ഞങ്ങളുടെ കൂടെ കുറച്ചു ദിവസത്തേക്ക് വന്നതല്ലേ… ഇനി തിരിച്ചു പോകേണ്ട സമയമായി.”നീ പോയല്ലേ മതിയാവു.
എന്റെ നെഞ്ചിൽ മുഖം ചേർത്തുകൊണ്ടവവൻ പതുക്കെ ചോദിച്ചു.
“ഞാൻ പോയി കഴിഞ്ഞാൽ നിങ്ങൾ ആരെങ്കിലുമെന്നെ ഓർക്കുമോ?”
“എല്ലാവരും ഓർക്കും മോനേ…”
“എത്ര ദിവസം?”
അവന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് ഞാൻ പറഞ്ഞു—
“നീ ഇവിടെ നിന്നത് വെറും ഇരുപത് ദിവസമാണ് പക്ഷേ നിന്നെ മറക്കാൻ ഞങ്ങൾക്ക് ഇരുപത് ജന്മം പോലും മതിയാകില്ല.”
വാനിൽ കയറുന്നതിന് മുന്പവൻ അവസാനമായി എന്നെയൊന്നു നോക്കി.
ആന്റി എന്നെ നിങ്ങൾ ഇനിയും ഇങ്ങോട്ട് കൊണ്ട് വരുമോ?
കൊണ്ട് വരാം മോനെ,ഈ വീട് നിനക്കായി എപ്പോഴുമിവിടെ ഉണ്ടാകും.”
വാൻ എന്റെ കണ്മുന്നിൽ നിന്നും അകന്നുപോയി.
ഞങ്ങൾ എല്ലാവരും അവിടെ തന്നെ കുറച്ചു നേരം നിന്നും നിന്നു.
അകത്തേക്ക് കയറിയപ്പോൾ അവന്റെ മുറിയിലെ കട്ടിലിൽ ആ ടെഡി ബിയർ ഇരിക്കുന്നുണ്ടായിരുന്നു..
ഇനിയും വരുമെന്ന പ്രതീക്ഷയിൽ ആ കുഞ്ഞിനിഷ്ടപ്പെട്ടിട്ടും കൊണ്ടുപോകാതെ വെച്ചിട്ട് പോയത്…..
അത് കണ്ടപ്പോൾ എന്റെ മകൾ വാവിട്ടു കരഞ്ഞുകൊണ്ടവളുടെ മുറിയിലേക്ക് പോയി.
നമ്മൾ അവനോടു ക്രൂരതയാണ് കാണിച്ചത്. ആ അനാഥാലത്തിൽ മറ്റു കുട്ടികളോടൊപ്പം വല്യ പ്രതീക്ഷകൾ ഒന്നുമില്ലാതെ സന്തോഷത്തോടെ കഴിഞ്ഞയവനെ നമ്മൾ ഇവിടെ കൊണ്ട് വന്നു പ്രതീക്ഷ കൊടുത്തു,അച്ഛനും അമ്മയും എങ്ങനെയാണെന്നും ഒരു കുടുംബം എങ്ങനെയാണെന്നും ആ കുഞ്ഞിനെ അറിയിച്ചു കൊടുത്തു.
അതിന്റെ മനസ്സിൽ നിന്നും നമ്മളിനി പോകില്ല.പാവം കുഞ്ഞ് ഒരച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനു വേണ്ടി അത് കൊതിക്കില്ലേ ഏട്ടാ?… ഞാനെന്റെ ഭർത്താവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ആ മനുഷ്യനും എന്റെ അതെ അവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നു.
അന്ന് രാത്രി ഞങ്ങൾ രണ്ടാളും ഭക്ഷണം കഴിച്ചില്ല, കരഞ്ഞു തളർന്നുറങ്ങുന്ന മകളെ നോക്കി ഞങ്ങൾ നെടുവീർപ്പിട്ടു…
രാത്രി നീണ്ടു നിന്ന അസ്വസ്ഥതതയ്ക്കും, മനസമാധാനക്കേടിനും വിരാമം ഇട്ടുകൊണ്ട് ഞങ്ങളാ തീരുമാനമെടുത്തു….
ആദിയെ സ്വന്തം മകനായി ദത്തെടുക്കാം..
ഞങ്ങളുടെ തീരുമാനം കേട്ട് ആദ്യം ഞെട്ടിയത് ഞങ്ങളുടെ വീട്ടുകാർ ആയിരുന്നു.ഒരു കുഞ്ഞുള്ള ഞങ്ങൾ വേറൊരു കുഞ്ഞിനെ ദത്തെടുക്കുന്നതിൽ ഉള്ള അമർഷം അറിയിച്ചു.
നാട്ടുകാരും ബന്ധുക്കളും ഞങ്ങൾക്ക് വട്ടാണെന്ന് പറഞ്ഞെങ്കിലും കുറച്ചു സുഹൃത്തുക്കൾ മാത്രം ഞങ്ങൾക്കൊപ്പം നിന്നു.
അനാഥാലയത്തിൽ നിന്ന് ആദിയെ തിരികെ കൊണ്ടുവരാൻ തീരുമാനിച്ച ശേഷം കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.
ദത്തെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു.
പല രേഖകളിലും ഒപ്പിടണം.പല ചോദ്യങ്ങൾക്കും മറുപടി നൽകണം, അവന്റെ പേരിൽ കുറച്ചു സ്വത്തുക്കൾ എഴുതി വെക്കണം അങ്ങനെ ഓരോ നടപടിയും പൂർത്തിയാകുമ്പോഴും ഞങ്ങളുടെ മനസ്സിൽ ഒരേയൊരു ചിന്തയായിരുന്നു,
എപ്പോൾ ഈ കുഞ്ഞിനെ ഞങ്ങളുടെ സ്വന്തം മകനായി വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയും?
അങ്ങനെ ഒടുവിൽ ആ ദിവസവും വന്നെത്തി.
നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ആദിയെ ഞങ്ങൾക്ക് കൈമാറുമ്പോൾ ഞാൻ ശരിക്കും കരയുകയായിരുന്നു.
കാര്യം എന്താണെന്നു മനസ്സിലാകാതെ അവൻ കുറച്ചു നേരം ഞങ്ങളെ നോക്കി നിന്നു.
അവൻ പതുക്കെ എന്റെ അടുത്തേക്ക് വന്നു.
“ആന്റി …”
ഞാൻ പെട്ടെന്ന് നിശ്ചലമായി.
“എന്താ മോനേ?”
“ഇനി ഞാൻ ശരിക്കും നിങ്ങളുടെ കൂടെ വരുവാണോ?”
അതെ മോനെ.
എത്ര ദിവസത്തേക്ക്.
ആ ചോദ്യം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.
ഇനിയെന്നും നീ ഞങ്ങടെ കൂടെയാണ് നിൽക്കാൻ പോകുന്നത് നിന്റെ വീടാണത്.
ശരിക്കും?
അവന്റെ കണ്ണുകൾ വിടർന്നു.
ഞാൻ അവനെ ചേർത്തുപിടിച്ചു.
“അതെ മോനേ… ഇനി ആരും നിന്നെ ഞങ്ങളിൽ നിന്ന് കൊണ്ടുപോകില്ല.”
അവൻ എന്റെ നെഞ്ചിൽ മുഖം ചേർത്തു.
“അപ്പോൾ ഞാനിനി ആന്റിയെ അമ്മുവേച്ചി വിളിക്കും പോലെ അമ്മേ എന്ന് വിളിച്ചോട്ടെ?”
ആ വാക്കുകൾ കേട്ടപ്പോൾ അവിടെ നിന്നിരുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.
“വിളിക്കാം മോനേ… എത്ര വേണമെങ്കിലും വിളിക്കാം.”
അവൻ കരഞ്ഞുകൊണ്ട് എന്നെ മുറുകെ കെട്ടിപ്പിടിച്ചു.
“അമ്മേ…”
അവൻ വീണ്ടുമെന്നെ വിളിച്ചു.
എന്റെ ഭർത്താവ് അത് കണ്ടപ്പോൾ മുഖം തിരിച്ചു കണ്ണുനീർ തുടച്ചു.
എന്റെ മകൾ ഓടിവന്ന് ആദിയെ കെട്ടിപ്പിടിച്ചു.
“ഇനി നീ എന്റെ അനിയനാണ്.”
നിന്നെ ആരും ഇനി കൊണ്ടുപോകില്ല.
ആദി ചിരിച്ചുകൊണ്ടവളെയും ചേർത്തുപിടിച്ചു.
അന്ന് ഞങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ കാറിന്റെ പിന്നിലെ സീറ്റിൽ ആദി ഇരിക്കുകയായിരുന്നു.
കുറച്ചു നേരം ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്ന അവൻ പെട്ടെന്ന് ചോദിച്ചു—
“അമ്മേ…”
“എന്താ?”
“നമ്മുടെ വീട്ടിൽ എന്റെ ടെഡ്ഢി ബിയർ ഇപ്പഴും ഉണ്ടോ?
എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ച് വന്നു.
“ഉണ്ട് മോനേ.അത് മാത്രം അല്ല നിനക്കായി ഒരു മുറി തന്നെ അമ്മ ഒരുക്കിയിട്ടുണ്ട്.”
അവൻ ചിരിച്ചു.
വീട്ടിലെത്തിയപ്പോൾ
അവൻ അകത്തേക്കോടി കയറിയ ശേഷം
റൂമിലെ കട്ടിലിൽ പോയിരുന്നു.
പിന്നെ പതുക്കെയാ ടെഡി ബിയറിനെ കട്ടിലിൽ വെച്ചു.
കുറച്ചു നേരം അതിനെ നോക്കിനിന്ന ശേഷമവൻ എന്റെ നേരെ തിരിഞ്ഞു നോക്കി.
“അമ്മേ…”ഇവിടുന്നു പോകുന്നതിനു മുന്നേയുള്ള രാത്രിയിൽ ദൈവം എന്റെ സ്വപ്നത്തിൽ വന്നു അന്നേരം ഞാൻ ദൈവത്തിനോട് എന്താ ചോദിച്ചതെന്നോ… അടുത്ത ജന്മത്തിൽ എങ്കിലും നിങ്ങളെയെന്റെ അച്ഛനും അമ്മയും ആയിട്ട് തരണേ എന്ന്.അമ്മ പറഞ്ഞില്ലേ നല്ല മനസ്സോടെ ചോദിച്ചാൽ ദൈവം എല്ലാം തരുമെന്ന്.അത് സത്യമാണമ്മേ… എനിക്കിപ്പോ എല്ലാരും ഉണ്ട്.അച്ഛൻ,അമ്മ, ചേച്ചി അങ്ങനെ എല്ലാരും അവന്റെ കണ്ണുകൾ നിറഞ്ഞു…
ഞാൻ അവന്റെ അടുത്തേക്ക് ചെന്ന ശേഷം പതിയെ അവന്റെ നെറ്റിയിൽ ചുംബിച്ചു.
“അതെ മോനേ…”
അവനെ നെഞ്ചോട് ചേർത്തുകൊണ്ട് ഞാൻ പറഞ്ഞു നിന്റെ നല്ല മനസ്സാണ്. നീ ഞങ്ങളെ ആഗ്രഹിച്ചു ഞങ്ങൾ നിന്നെയും അതുകൊണ്ടാണ് ദൈവം നിന്നെ ഞങ്ങൾക്ക് നൽകിയത്.
ഇനിയിത് നിന്റെ വീടാണ് ഞങ്ങൾ നിന്റെ അമ്മയും,അച്ഛനും,അമ്മുവേച്ചി നിന്റെ ചേച്ചിയുമാണ് .ഇനി നീ ഒരിക്കലും അനാഥനല്ല മോനെ.
അവൻ കൂടുതൽ ഒന്നും പറയാതെ എന്റെ നെഞ്ചിൽ തലചായ്ച്ച ശേഷം കണ്ണുകൾ അടച്ചു.
ആ നിമിഷം ഞാൻ തിരിച്ചറിയുകയായിരുന്നു.
ഒരു കുഞ്ഞിനെ ദത്തെടുക്കുന്നുവെന്നതിനർത്ഥം അവനൊരു ഒരു കുടുംബപ്പേര് നൽകുന്നുവെന്നല്ല മറിച്ച് ഞാൻ ആരുടേതാണ്?”എന്നൊരു കുഞ്ഞിന്റെ ജീവിതകാലം മുഴുവൻ നീണ്ട ചോദ്യത്തിന്,
“നീ ഞങ്ങളുടേതാണ് ”എന്ന് മറുപടി നൽകുന്നതാണ്.
കഥ : ആദിയുടെ വീട്
✍️രചന: അച്ചു വിപിൻ
