ഉടുമുണ്ടുരിഞ്ഞയാൾ തോളിലേക്കിട്ടു… എപ്പോഴോ പെയ്തമഴയിൽ തെന്നിക്കിടക്കുന്ന പാടവരമ്പത്ത് കൂടി ആടിയാടി നടക്കവേ പെട്ടന്നയാൾ കാൽവഴുതി വീണു. ….

ഉടുമുണ്ടുരിഞ്ഞയാൾ തോളിലേക്കിട്ടു…

എപ്പോഴോ പെയ്തമഴയിൽ തെന്നിക്കിടക്കുന്ന പാടവരമ്പത്ത് കൂടി ആടിയാടി നടക്കവേ പെട്ടന്നയാൾ കാൽവഴുതി വീണു.

അപ്പോഴും കയ്യിലുള്ള പൊതി താഴെ പോകാതെയയാൾ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു.

അയാൾ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു.

ആഹാ…. ഇന്നും അച്ചായൻ നാലുകാലിൽ ആണോ?
പാടവരമ്പത്ത് കൂടി വന്ന രാമു ചോദിച്ചു.

അതേടാ ഉവ്വേ….. ഇന്നിച്ചിരി കൂടിപ്പോയി.

നീയൊന്ന് എന്നെ പിടിച്ചേ… അയാൾ കൈ നീട്ടി..

രാമു അയാളെ കൈപിടിച്ച് വഴിയിലേക്ക് വലിച്ചുകയറ്റി.

ഹാ… ഈ മുണ്ടങ്ങുടുത്തേ അച്ചായാ.. ഇതിങ്ങനെ പറിച്ച് തോളിൽ ഇടാനുള്ളതാണോ??
രാമു അയാളെ മുണ്ട് ഉടുപ്പിച്ചു…

ഞാൻ പോട്ടെടാ… ഇനീം താമസിച്ചാൽ അവളെന്നോട് കെറുവിക്കും..

ആടിയാടി അയാൾ മുന്നോട്ടു നടക്കുന്നത് രാമു നോക്കി നിന്നു.

എടിയേ…. വീടിനുമുന്നിൽ എത്തുംമുമ്പേ അയാൾ ഉച്ചത്തിൽ വിളിച്ചു
എഡീ…. മേരി പെണ്ണേ…നിന്റെഇച്ചായൻ വന്നു. ഇങ്ങോട്ടിറങ്ങി വാടി…

ദേ….നിനക്കിഷ്ടമുള്ള തലക്കറി ഇച്ചായൻ ഷാപ്പിൽ നിന്നും വാങ്ങിച്ചു കൊണ്ടുവന്നിട്ടുണ്ട്.

മുറ്റത്തെ നാട്ടുമാവിൻ ചോട്ടിൽ ഇട്ട കയറു വരിഞ്ഞ കട്ടിലിലേക്കയാളിരുന്നു.

മുന്നിൽ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഇരുനില വീടിന് നേർക്കയാൾ നോക്കി, ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ട്.

മേരിപ്പെണ്ണിന്റെ കൈപിടിച്ച് ഇവിടേക്ക് വരുമ്പോൾ ഇതൊന്നും ഉണ്ടായിരുന്നില്ല. ഓലമേഞ്ഞ കുടിലായിരുന്നു ആകെയുള്ളത്.താനും മേരിപ്പെണ്ണും കൂടി കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് ഈ കാണുന്ന വീടും അഞ്ചേക്കർ തോട്ടവും.
നല്ല വീട് പണിതപ്പോൾ ഈ കയറു വരിഞ്ഞ കട്ടിൽ ഒരഭംഗി പോലെ കിടന്നിരുന്നു

താനാണ് അത് പുറത്തേക്ക് കളയാൻ കൊണ്ടുവന്നത്.
അന്ന് മേരി പെണ്ണത് തടഞ്ഞു.
കളയണ്ട അച്ചായാ നമ്മൾ ആദ്യമായി വാങ്ങിയ കട്ടിൽ അല്ലേയെന്ന്.

അവൾ വേണ്ട എന്ന് പറഞ്ഞാൽ പിന്നത് ചെയ്യാൻ തന്നെക്കൊണ്ട് ഒക്കുകേലാ.

അന്ന് , ആ കട്ടിൽതാനീ നാട്ടുമാവിന്റെ കീഴിൽ കൊണ്ടുവന്നിട്ടതാണ്.

നിലാവുള്ള രാത്രികളിൽ, താൻ മേരി പെണ്ണിനെയും കൊണ്ട് ഇവിടെ വന്നിരിക്കും കടന്നുവന്ന വഴികളെക്കുറിച്ചൊക്കെ അവൾ പറയുമ്പോൾ അതും കേട്ടവളെ നോക്കിയിരിക്കാൻ എന്ത് രസമാണ്.

അയാളിൽ ഒരു ചിരി വിരിഞ്ഞു..

എടിയെ… ഞാൻ എത്ര നേരമായി നിന്നെ വിളിക്കുന്നു. വേഗം വാടി ഇല്ലേൽ ഞാനീ
കറി മൊത്തം കഴിക്കും.
പിന്നെ വഴക്കുണ്ടാക്കിക്കൊണ്ടുവരരുത്. പൊതിയുടെ ഇടയിൽ നിന്നും ഊറിവന്ന കറിയുടെ ചാറ് കൈവിരൽകൊണ്ട് തോണ്ടിയെടുത്ത് അയാൾ രുചിച്ചു.

അയാൾ വാതിലിനുനേർക്ക് നോക്കി.
ഓഹ്……. ഇന്നും ഇച്ചായൻ ക.ള്ള് കുടിച്ചത് കൊണ്ട് പിണക്കമായിരിക്കും അല്ലേ?

അല്ലേലും അവൾ വഴക്കാളിയാ,
ചെറിയ കാര്യം മതി പിണങ്ങാൻ, മൂക്കിൻ തുമ്പത്താണ് ദേഷ്യം. തന്റെ കൈയും പിടിച്ച് ആ പൊട്ടിപ്പെണ്ണ് ഇറങ്ങിവരുമ്പോൾ പതിനെട്ടു വയസ്സേ ഉള്ളൂ,
പാതിവിരിഞ്ഞ മുല്ലമൊട്ടു പോലെ സുന്ദരിയായ അവളെയും പൊതിഞ്ഞു പിടിച്ച് ഈ കുഞ്ഞു കട്ടിലിൽ കിടക്കുമ്പോൾ ലോകം മുഴുവൻ തന്റെ കൈക്കുള്ളിലാണെന്ന് തനിക്ക് തോന്നിയിരുന്നു.

അന്നും വല്ലപ്പോഴും താനിത്തിരി കള്ള് കുടിക്കും, അപ്പോഴൊക്കെ നല്ല എരിവും പുളിയും പിടിച്ച തലക്കറി കൊണ്ടുവന്ന് അവൾക്കു കൊടുക്കും.
അന്നേരം ആ മുഖമൊന്നു കാണണം ചെന്താമരപ്പൂ വിരിഞ്ഞു നിൽക്കും പോലെയാവും പെണ്ണിന്റെ മുഖം.

ആ പതിവ് താനൊരിക്കലും തെറ്റിച്ചിട്ടില്ല.

അയാൾ പതിയെ എഴുന്നേറ്റുചെന്ന്,വാതിൽ തുറന്നു.
ഈ പെണ്ണ് ലൈറ്റ് എല്ലാം തെളിച്ചിട്ടിട്ട്
എവിടെ പോയി?
മേരി പെണ്ണേ…അയാൾ ഉറക്കെ വിളിച്ചു കൊണ്ട് അവളെ തിരഞ്ഞു.

പെട്ടെന്ന് ഹാളിൽ തൂക്കിയിട്ടിരിക്കുന്ന വലിയ ഫോട്ടോയിലേക്ക് അയാളുടെ നോട്ടം പതിഞ്ഞു.

ഓ… നീ എന്നെ ഇട്ടേച്ച് കർത്താവിന്റെ അടുത്തേക്ക് പോയത് ഞാൻ മറന്നു. അല്ലേലും നിങ്ങൾ പെണ്ണുങ്ങൾക്ക് ഭർത്താവിനെക്കാൾ ഇഷ്ടം കർത്താവിനെ ആണല്ലോ.

എടിയേ എത്ര ദിവസമായി നീയെന്നെ ഇട്ടേച്ചു പോയിട്ട്?
ഇച്ചായൻ ഇവിടെ കിടന്നുരുകുവാ പെണ്ണേ
നിനക്കറിയാൻ മേലാഞ്ഞിട്ടാ..
ഇച്ചായന് നീ ഇല്ലാതെ ജീവിക്കാൻ പറ്റത്തില്ല.

കയ്യിലിരുന്ന കറിയുടെ പൊതി അയാൾ ഉയർത്തി കാണിച്ചു.
ദേ….നിനക്കുവേണ്ടി വാങ്ങിയതാ.
നീ പോയതിൽ പിന്നെയാ ഞാൻ മു.ഴു.ക്കു.ടിയനായത്.

അയാൾ ആ പൊതി താഴെ വച്ചു.

മാവിൻ ചോട്ടിലെ കയറുവരിഞ്ഞ കട്ടിലിൽ മലർന്നു കിടക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അവൾ എന്റെ എല്ലാമായിരുന്നില്ലേ കർത്താവേ, എന്തിനാ അവളെ ആദ്യം കൊണ്ടുപോയത് ?

ആ കണ്ണൊന്നു നിറയാൻപോലും താൻ അനുവദിച്ചിട്ടില്ല.

അയാൾ ഓർമ്മകളിലേക്ക് ഊളിയിട്ടു

കല്യാണം കഴിഞ്ഞു നാലഞ്ചു കൊല്ലം കഴിഞ്ഞിട്ടും ഒരു കുഞ്ഞിന്റെ അച്ഛനുമമ്മയുമാകാൻ തങ്ങൾക്കു കഴിഞ്ഞില്ല.

അതിനായി കയറിയിറങ്ങിയ ആശുപത്രിക്ക് കണക്കില്ല. മേരിപ്പെണ്ണിന് എന്തോ ചെറിയ പ്രശ്നം ഉണ്ടെന്നും മരുന്ന് കഴിച്ചാൽ മതിയെന്നും പറഞ്ഞതിൻ പ്രകാരം, എത്രനാൾ അവൾ മരുന്ന് കഴിച്ചു.

അന്ന് ഇടവപ്പാതി തിമിർത്തു പെയ്ത ഒരു രാത്രിയാണ്, പണികഴിഞ്ഞ് താൻ വീട്ടിലെത്തുമ്പോൾ മൂ.ർ.ച്ചയുള്ള ക.ത്തിയുമായി നിൽക്കുകയാണവൾ, ഇച്ചായന് ഒരു കുഞ്ഞിനെ തരാൻ കഴിയാത്ത ഞാൻ എന്തിനു ജീവിക്കണമെന്ന് പറഞ്ഞ് ആർത്തു കരയുന്ന അവളോട്‌ എനിക്ക് നീ മതി, കുഞ്ഞുങ്ങൾ ജനിക്കാത്തത് വിവാഹജീവിതത്തിലെ പോരായ്മയായി താൻ കാണുന്നില്ലെന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും അവൾ അതൊന്നും ചെവിക്കൊണ്ടില്ല.

എത്രയോ ദിവസങ്ങൾ ഭക്ഷണം പോലും ശരിക്കും കഴിക്കാൻ കൂട്ടാക്കാതെ അവൾ വീട്ടിൽ തളർന്നു കിടന്നു.

പക്ഷെ, ഒടുവിൽ ഞങ്ങളുടെ ആഗ്രഹം പോലെതന്നെ നടന്നു.
ഏഴു വർഷങ്ങൾക്ക് ശേഷം തങ്ങൾക്ക്
ഒരാൺകുട്ടി ജനിച്ചു.

അതോടെ തങ്ങളുടെ ജീവിതം സ്വർഗമായി.
അവൻ മിടുക്കനായി വളർന്നു . പഠിച്ച് ജോലി വാങ്ങി. വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലിയും നേടി. വീട്ടിൽ വരുമ്പോഴേല്ലാം, അവൻ അടുക്കളയിലെ പാചകത്തിന് ഞങ്ങളെ സഹായിക്കും.

മേരി പെണ്ണിന്റെ മുഖമൊന്നു മാറിയാൽ എന്നേക്കാൾ വെപ്രാളമാണ് അവന്.

മേരിപ്പെണ്ണ് അങ്ങ് പോയെന്ന് അറിഞ്ഞതോടെ ഒരു ഭ്രാന്തനെപ്പോലെയാണ് അവൻ നാട്ടിലേക്ക് എത്തിയത്.

എന്റെ മേരിപ്പെണ്ണിനെ സെമിത്തേരിയിൽ കൊണ്ട് അ.ട.ക്കാൻ എനിക്ക് തോന്നിയില്ല.
പള്ളിയേയും പട്ടക്കാരെയും ഒന്നും അനുസരിക്കാതെ താൻ അവളെ തങ്ങളുടെ മണ്ണിൽ തന്നെയാണ് അടക്കം ചെയ്തത്.
അവൾ അങ്ങ് പോയിട്ട് ദിവസം പത്തിരുപത് ആയി

മോൻ പറയുന്നത്,അവൻ വിദേശത്തെ ജോലി മതിയാക്കി നാട്ടിൽ കൂടുകയാണെന്നാണ്.അപ്പച്ചനെ ഒറ്റയ്ക്കാക്കാൻ വയ്യെന്ന്.
അല്ലെങ്കിൽ ഞാൻ അവനോടൊപ്പം വിദേശത്തേക്ക് പോരണമെന്ന്.

വിദേശത്തെ നല്ല ജോലി കളഞ്ഞു അവൻ എന്നോടൊപ്പം നാട്ടിൽ നിന്നാൽ നീ പിണങ്ങുമെന്നെനിക്കറിയാം മേരി പെണ്ണേ. എന്തിനാ അച്ചായാ അവന്റെ ജോലി കളഞ്ഞത്, അച്ചായന് അവന്റെ കൂടെ പോയാലെന്താ എന്നല്ലേ നീ ചോദിക്കൂ…
അതുകൊണ്ട് മറ്റന്നാൾ ഞാനും അവന്റെ കൂടെ പോകുവാടി.
ഞാൻ കാരണം അവൻ ജോലി കളയണ്ട അല്ലിയോടി?

മേരിപ്പെണ്ണേ… ആ ചെക്കനും നിന്നെ പോലെ തന്നെയാണ്, വലിയ സ്നേഹമാ അവന്. അവൻ ബന്ധുക്കളോടൊക്കെ യാത്ര പറയാൻ പോയതാ, ഞാൻ പോയില്ല
അത്രേം നേരംകൂടെ നിന്റെ കൂടെ ഇരിക്കാമല്ലോ.

ഓരോന്ന് ഓർത്ത് അയാൾ പതിയെ മയങ്ങി.

ഇച്ചായോ…… നേർത്തെ വിളിയൊച്ച കേട്ടാണ് അയാൾ കണ്ണു തുറന്നത്.

എന്നത്തെയും പോലെ ഉജാല മുക്കിയ തൂവെള്ള ഉടുപ്പണിഞ്ഞ്,തന്റെ മേരിപ്പെണ്ണ്.

എടിയേ…. അയാൾ അത്ഭുതത്തോടെ നോക്കി

അയാളുടെ നെഞ്ചിലെ നരച്ച രോമക്കാടുകൾക്കിടയിലൂടെ അവൾ വിരലുകൾ ഓടിച്ചു.
എനിക്ക് വയ്യ മനുഷ്യാ നിങ്ങളില്ലാതെ അവിടെ ഒറ്റയ്ക്ക്.

കണ്ടു കൊതി തീരാത്തവണ്ണം അയാൾ അവളുടെ മുഖത്തേക്ക് നോക്കി കിടന്നു.

ഇച്ചായൻ പറയാറില്ലേ മേഘങ്ങൾ ഇണചേരുമ്പോഴാണ് ഭൂമിയിൽ മഴ പെയ്യുന്നതെന്ന്. പക്ഷേ, ഇവിടെയുള്ള പോലെയല്ല, അവിടെ സ്വർണ്ണ നിറമുള്ള മഴയാണ് പെയ്യുന്നത്.
കണ്ണെത്താദൂരത്തോളം പടർന്നുകിടക്കുന്ന വെളുത്ത പൂക്കളുടെ ഇതളുകളിൽ
സ്വർണ്ണ മഴത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാൻ എന്ത് രസമാണെന്നോ.

ആണോ? അയാൾ ചോദിച്ചു.

അതേ, ഇച്ചായാ…

രാത്രിയിൽ നീലവെളിച്ചമുള്ള മിന്നാമിനുങ്ങുകൾ വെളുത്ത പൂക്കൾക്കിടയിൽ ഒരുമിച്ചു തെളിയുകയും കെടുകയും ചെയ്യും.

നമുക്കും നീലവെളിച്ചമുള്ള രണ്ട് മിന്നാമിന്നികളായി ആ പൂക്കൾക്കിടയിൽ പാറിനടക്കണ്ടേ ??
അയാളുടെ ചെവിയിൽ അവൾ മെല്ലെ കുറുകി.

അവളുടെ കൈകളിലേക്ക് തന്റെ കൈകൾ കോർത്തു പിടിക്കുമ്പോൾ ഒട്ടും ഭാരമില്ലാതെ താൻ പറക്കുകയാണെന്ന് അയാൾക്ക്‌ തോന്നി.
അവളുടെ മിഴികളിലപ്പോൾ രണ്ട് നീല വെളിച്ചമുള്ള മിന്നാമിനുങ്ങുകൾ തിളങ്ങുന്നുണ്ടായിരുന്നു.

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *