ഇവളെ ഒന്നും എൻ്റെ ഭാര്യയാണെന്ന് പറഞ്ഞ് ഞാൻ ആർക്കും പരിചയപെടുത്തില്ല… എൻ്റെ കൂടെ പുറത്തേയ്ക്കും കൊണ്ടുപോയിട്ടില്ലിന്നു വരെ… എന്തിന് ഈ വീടിൻ്റെ….

“ഇവളെ ഒന്നും എൻ്റെ ഭാര്യയാണെന്ന് പറഞ്ഞ് ഞാൻ ആർക്കും പരിചയപെടുത്തില്ല… എൻ്റെ കൂടെ പുറത്തേയ്ക്കും കൊണ്ടുപോയിട്ടില്ലിന്നു വരെ…
എന്തിന് ഈ വീടിൻ്റെ പുറത്തേക്ക് പോലും ഞാനിതുവരെ ഇറക്കിയിട്ടില്ല ഇവളെ…വെറുതെ ആളുകളുടെ ഇടയിൽ നാണം കെടാനായിട്ട് ഞാൻ തന്നെ എന്തിനാ ഓരോന്നുണ്ടാക്കുന്നത്….

കയ്യിലൊരു ട്രേയും അതിൽ മൂന്നാലു ഗ്ലാസ് ജ്യൂസും ആയി മുന്നിൽ വന്നു തലകുനിച്ച് നിൽക്കുന്നവളെ നോക്കി പരിഹസിച്ച് ചിരിച്ച് വിക്കി പറയുന്നത് കേട്ടതും അവനു ചുറ്റുമുള്ള അവൻ്റെ സുഹൃത്തുക്കളുടെ നോട്ടം ആ പെണ്ണിലേക്ക് ചെന്നെത്തി

അരുണ….

വിക്കി എന്നെല്ലാവരും വിളിയ്ക്കുന്ന വിനായകിൻ്റെ ഭാര്യ… ഒരു തനി നാട്ടിൻ പുറത്തുക്കാരി പെണ്ണ്…. ഒരാഴ്ചയോളമായ് വിക്കിയുടെ വിവാഹം കഴിഞ്ഞിട്ട് … രണ്ടു ദിവസമായവൻ അവളുമായ് നാട്ടിൽ നിന്ന് ബാംഗ്ലൂരിലെത്തിയിട്ട്…

“നീ പറഞ്ഞത് സത്യം തന്നെയാടാ വിക്കീ… ഇവളെ ഈ കോലത്തിൽ നീ പുറത്തേക്കിറക്കിയാൽ എൻ്റെ മോനെ എല്ലാവരും കൂടി നിന്നെ കളിയാക്കി കൊല്ലും… ഇതെന്തൊരു വേഷവും രൂപവും ആണെടാ…ഇവളിത്ര ദൂരെ നിന്നിട്ടു പോലും ഒരു വല്ലാത്ത സ്മെൽ വരുന്നില്ലേ ഇവളിൽ നിന്ന് നിങ്ങൾക്കെല്ലാം…?

വിക്കിയുടെ തോളിലേക്ക് ചാഞ്ഞ് അവനോടൊട്ടി ഇരുന്നു കൊണ്ട് വല്ലാത്തൊരു അനിഷ്ടത്തോടെ റിയ ചോദിച്ചതും ആ പെണ്ണിൻ്റെ കൈ ഒന്ന് വിറച്ച് ഗ്ലാസിലെ ജ്യൂസ് ട്രേയിലേക്ക് തുളുമ്പി വീണത് വ്യക്തമായ് തന്നെ കണ്ടു അലക്സ്…

അവൻ്റെ കണ്ണുകൾ അപ്പോൾ മാത്രമാണ് ആ പെൺകുട്ടിയിലേക്കെത്തിയത്…

നാടൻ സൗന്ദര്യം വിളങ്ങി തെളിഞ്ഞു നിൽക്കുന്നൊരു പാവം പെൺക്കുട്ടി…

എണ്ണ തേച്ച് ചീകിയൊതുക്കി നീട്ടി പിന്നിയിട്ട അവളുടെ അരക്കവിഞ്ഞുള്ള മുടിയഴകിൽ തങ്ങി നിന്നു അലക്സിൻ്റെ കണ്ണുകളല്പ നേരം

“അതവിടെ വെച്ചിട്ട് അകത്തെങ്ങാനും കയറി പോയിരിക്കെടീ നീ… ആവശ്യം വല്ലതും വന്നാൽ വിളിയ്ക്കും ഞാൻ അപ്പോൾ വന്നാൽ മതി…”

ഉയർന്ന വിക്കിയുടെ ശബ്‌ദത്തിൽ കയ്യിലെ ട്രേ വിറയലടക്കി ടീപ്പോയിൽ വെച്ചിട്ട് അരുണ തിരിഞ്ഞു നടന്നതും വിക്കിയുടെ വലതു വശത്തിരുന്ന ജാഫറിൻ്റെ നോട്ടം നടന്നു മറയുന്ന അരുണയുടെ പിൻ ഭംഗിയിലുടക്കി നിന്നു ഏറെ നേരം..

അതു കണ്ടതും ഒന്നു ചുരുണ്ടു അലക്സിൻ്റെ വലം കൈ

“വിനായക് നിൻ്റെ ഭാര്യ ആണ് ആ പോയ പെൺകുട്ടി ….. നീ തൊട്ട് താലിക്കെട്ടിയ നിൻ്റെ ഭാര്യ… എന്തിൻ്റെ പേരിലാണെങ്കിലും നിൻ്റെ ഭാര്യയെ നിൻ്റെ സുഹൃത്തുക്കളായ ഞങ്ങളുടെ മുന്നിലിട്ട് ഈ വിധം നീ വാക്കുകൾ കൊണ്ടപമാനിച്ചത് ഒട്ടും ശരിയായില്ല… അതുപോലെ തന്നെ റിയ ഈ ഈ ചെയ്തതും ഒട്ടും ശരിയല്ല … അവൾ വിക്കിയുടെ ഭാര്യയാണ്..എന്ത് ബന്ധത്തിൻ്റെ പേരിലാണെങ്കിലും അവൾക്ക് മുന്നിൽ വെച്ച് നി വിക്കിയോട് ഒട്ടിപിടിച്ചിരുന്നതും വിക്കിയെ സപ്പോർട്ടു ചെയ്തവളെ കളിയാക്കിയതൊന്നും നല്ലൊരു കാര്യമല്ല റിയാ…”

അരുണ മുന്നിൽ നിന്ന് പോയെന്നുറപ്പിച്ച് അലക്സ് വിക്കിയ്ക്കും റിയയ്ക്കും നേരെ തിരിഞ്ഞ് രൂക്ഷമായ നോട്ടത്തോടെ പറഞ്ഞതും ഒരു ഞെട്ടലോടെ വേഗം വിക്കിയിൽ നിന്ന് അടർന്നു മാറി ഇരുന്നു റിയ

തങ്ങൾ നാലു പേരുള്ള ഗ്രൂപ്പിൽ മറ്റു മൂന്നുപേരും ഒരുപോലെ അല്പം ഭയക്കുന്നൊരുവനാണ് അലക്സ്

ആരോടും എന്തും എപ്പോഴും തുറന്നു സംസാരിക്കുന്നവൻ… അതുപോലെ തന്നെ ഒന്നിനെയും ആരെയും ഭയവുമില്ലവന്… കൂടാതെ തെറ്റുകൾക്ക് കൂട്ടു നിൽക്കുകയുമില്ലവൻ …

“എൻ്റെ അലക്സേ…നീയിത്രയ്ക്ക് ദേഷ്യം പിടിക്കാൻ മാത്രം ഒന്നുമില്ലെടാ ഇതിൽ… ഞാൻ തൊട്ട് താലി കെട്ടിയവൾ എന്ന് നീയ്യിപ്പോ പറഞ്ഞില്ലേ സത്യം പറഞ്ഞാൽ ഞാനിന്നു വരെ അവളെ തൊട്ടിട്ടില്ല… തൊട്ടുകയുമില്ല…ഇവളെ പോലുള്ള വളൊന്നും എൻ്റെ ടേസ്റ്റേ അല്ലെടാ….”

“അമ്മയുടെ മരിച്ചു പോയ ഏട്ടൻ്റെ മകളെന്നൊരു സെൻ്റിമെൻസിൽ കുടുക്കി എൻ്റെ അമ്മ എൻ്റെ തലയിലാക്കിയതാണി വളെ… ഇതുപോലെ ഉള്ള പട്ടിക്കാട്ടു പെണ്ണുങ്ങളെയൊന്നും എനിയ്ക്ക് വേണ്ടെന്ന് എൻ്റെ അമ്മയുടെ കാലുപിടിച്ച് പറഞ്ഞതാണ് ഞാൻ … പക്ഷെ അമ്മ സമ്മതിച്ചില്ല… ചാവുമെന്ന എൻ്റെ അമ്മയുടെ ഭീഷണിയിലാണ് ഞാനവളെ താലിക്കെട്ടിയത്… വിവാഹം പോലും രജിസ്റ്റർ ചെയ്തിട്ടില്ല ഞങ്ങളുടെ..എന്തിന് ഞാനവളെ താലി കെട്ടിയതു പോലും നാട്ടിലാർക്കും അധികം അറിയില്ല… അന്നും ഇന്നും എന്നും എനിയ്ക്കൊരു പെണ്ണേ ഉള്ളൂ…അതീ ഇരിയ്ക്കുന്ന എൻ്റെ റിയ ആണ്….”

അലക്സിൻ്റെ ദേഷ്യം അറിഞ്ഞ് വിക്കി തുറന്നുള്ള കാര്യം പറഞ്ഞതും അവനിൽ തറഞ്ഞു നിന്നു പോയ് അലക്‌സിൻ്റെ നോട്ടം…

“ഇവളാണ് നിൻ്റെ പെണ്ണെങ്കിൽ ആ അകത്തിരിയ്ക്കുന്നവളെ നീ എന്തു ചെയ്യും..? കൊല്ലോ…?
അതോ ബാംഗ്ലൂർ എന്ന ഈ മഹാ നഗരത്തിലുപേക്ഷിച്ചു കളയുമോ അവളെ…?

ചോദിക്കാതിരിക്കാനായില്ല
അലക്സിന്…

കാരണം വിക്കി എത്രമാത്രം നീചനാണെന്ന് ശരിയ്ക്കും അറിയുന്നവൻ തന്നെയാണ് അലക്സ്…

സ്വന്തം നേട്ടങ്ങൾക്കും താല്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അപ്പുറം മറ്റൊന്നില്ല വിക്കിയ്ക്ക്… നാളെ ഒരു പക്ഷെ ഈ ബംഗ്ലൂർ നഗരത്തിൻ്റെ ഇരുണ്ട അറയിലേക്കൊന്നിലേക്ക് ആ പാവം പെണ്ണിനെ തള്ളിയിടാനും മടിക്കില്ല അവനെന്ന് കൃത്യമായ് അറിയാം അലക്സിന്….

“എനിയ്ക്ക് എൻ്റെ അമ്മയെ ധിക്കരിക്കാനേ അന്നേരം ബുദ്ധിമുട്ടുണ്ടായുള്ളു അലക്സ്… ഇവളെ കെട്ടിയാലേ നാട്ടിലെ വീടും പറമ്പും തരുള്ളുവെന്ന് പറഞ്ഞു അമ്മ… അതുകൊണ്ട് കെട്ടി… മുതലും കിട്ടി… ഇനിയിവളെന്തായാലും അതെന്നെ ബാധിക്കില്ല… ഞാനീ കാര്യമൊക്കെ അവളോടു തുറന്നു പറഞ്ഞിട്ടുണ്ട് ആദ്യമേ… അപ്പോ ഇവിടെയൊരു വേലക്കാരി ആയിട്ടാണെങ്കിലും നിന്നോളാമെന്ന് എന്നോട് പറഞ്ഞതും അവൾ തന്നെയാണ്… ”

നട്ടാൽ മുളയ്ക്കാത്ത പച്ച കള്ളം പറഞ്ഞ് തൻ്റെ ഭാഗമെല്ലാം ന്യായീകരിച്ച് അലക്സിനെ പറഞ്ഞു തോല്പിച്ചൊരു സന്തോഷത്തോടെ റിയയേയും ചേർത്തുപിടിച്ച് സോഫയിലേക്ക് ഞെളിഞ്ഞിരുന്നു വിക്കി…

“എൻ്റെ പൊന്നു
അലക്സേ ആ പെണ്ണിൻ്റെ കാര്യം അവനെന്തെങ്കിലുമൊക്കെ ചെയ്തോട്ടെ … നിനക്കെന്താ… ബാക്കിയുള്ളവൻ എങ്ങനേലും ഇവനെ സോപ്പിട്ട് അവളെ ഒന്നനുഭവിക്കാനുള്ള വഴി ആലോചിക്കുമ്പോഴാ നിൻ്റെ ഈ വക ചോദ്യങ്ങൾ… അവളെ പറ്റി അവനില്ലാത്ത ദണ്ണമൊന്നും നിനക്കും വേണ്ട…”

വിക്കിയുടെ പരിഹാസത്തിനും സംസാരത്തിനും മറുപടിയായ് അലക്സ് എന്തോ തിരികെ പറയാൻ തുടങ്ങിയതും അവനെ തടഞ്ഞു കൊണ്ടുയർന്നു ജാഫറിൻ്റെ ശബ്ദമവിടെ…

“ഒരു പെണ്ണിനെ കാണുമ്പോഴേയ്ക്കും നിനക്കെല്ലാം ഇത് എന്തിൻ്റെ കേടാണ് ജാഫറേ…?
ഒന്നൂല്ലെങ്കിലും നിൻ്റെ ഒക്കെ വീട്ടിൽ തന്നെ അമ്മയായും പെങ്ങളായും ഇതുപോലുള്ള പെണ്ണുങ്ങളില്ലേടാ… അതൊക്കെ ഇടയ്ക്ക് ഒന്നോർക്കുന്നത് നല്ലതാ…”

അമർഷമൊതുക്കി അലക്സ് പറഞ്ഞതും അലക്സിൻ്റെ കാതോരം ചെരിഞ്ഞു വന്നു ജാഫർ

“വീട്ടിലുള്ള പെണ്ണുങ്ങളെയെല്ലാം അവരുടെ സ്ഥാനത്തിനനുസരിച്ച് കണ്ടു ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവനാണ് മോനെ അലക്സേ ഞാൻ…ഇവളോടു തോന്നുന്നത് പക്ഷെ ഒരാണിന് പെണ്ണിനോടു തോന്നുന്ന കാമമെന്ന വികാരമാണ്… ആ വികാരമെന്തായാലും സ്വന്തമായിട്ട് ഭാര്യ ഇല്ലാത്ത എനിയ്ക്ക് വിട്ടിലുള്ളവരോട് കാണിക്കാൻ പറ്റില്ലല്ലോ… ഇവളെ പോലുള്ളവർ തന്നെ വേണ്ടേ നമ്മുക്കതൊന്ന് തീർക്കാൻ…. നീയും കൂടിക്കോടാ ഇവൻ സമ്മതിക്കുവാണെങ്കിൽ … എനിയ്ക്ക് യാതൊരു എതിർപ്പുമില്ല…”

മുഖത്തു നിറഞ്ഞുനിൽക്കുന്ന വഷളൻ ചിരിയോടെ ജാഫർ പറഞ്ഞു തീർത്തതും അവനു നേരെ ശക്തിയിൽ ചെന്നിരുന്നു അലക്സിൻ്റെ ചുരുട്ടിയ മുഷ്‌ടി

“ആരും പേരും ഇല്ലാത്ത ഒരു പാവം പെണ്ണിനെ കല്യാണം എന്ന പേരിൽ പറ്റിച്ചിവിടെ നീ കൊണ്ടുവന്നത് ഇവനെ പോലുള്ള ചെറ്റകൾക്ക് കൂട്ടിക്കൊടുക്കാനാണോടാ ..?

സോഫയിലിരുന്നിരുന്ന വിക്കിയെ വലിച്ചുയർത്തി അലക്സ് ചോദിച്ചതും അവൻ്റെ ആ ഭാവത്തിനു മുമ്പിൽ പതറി നിന്നു വിക്കിയും…

” കരുതിയിട്ടില്ല… ഇവൻ വായിൽ തോന്നിയത് വല്ലതും വിളിച്ചു പറയുന്നതിന് നീ എന്തിനാ എന്നോട് ദേഷ്യപെടുന്നത് അലക്സ്….?
അവളെ എനിയ്ക്കിഷ്ടമില്ല… കൂടെ കൂട്ടുകയുമില്ല ഞാൻ…. അവളെ കല്യാണം കഴിച്ചാൽ ലഭിയ്ക്കുന്ന സമ്പത്തിനപ്പുറം അവളുടെ കാര്യത്തിൽ യാതൊരു ദുരുദ്ദേശവും ഇല്ലെനിയ്ക്ക്….അതുപോലെ അവളിൽ ഉത്തരവാദിതവും ഇല്ലെനിയ്ക്ക്….”

വിക്കി പറഞ്ഞു നിർത്തുമ്പോൾ അകത്തു നിന്ന് തൻ്റെ ബാഗുമെടുത്ത് പുറത്തേയ്ക്ക് വന്നിരുന്നു അരുണ….

വന്നതും അവൾ അവിടെ നിൽക്കുന്ന ആരെയും ശ്രദ്ധിക്കാതെ നേരെ അലക്സിനു മുമ്പിൽ ചെന്ന് കൈകൾ കൂപ്പിയതും അമ്പരന്നവരെ രണ്ടാളെയും നോക്കി മറ്റുള്ളവർ

” എല്ലാം എടുത്തിട്ടില്ലേ…?
ഒന്നും മറന്നിട്ടില്ലല്ലോ,…..?

സ്‌നേഹത്തോടെ അലക്സ് ചോദിച്ചതിന് ചിരിയോടെ മറുപടി പറഞ്ഞു അരുണ

“ഇതാണ് ട്രെയിൻ ടിക്കറ്റ്… അവിടെ സ്‌റ്റേഷനിലുണ്ടാവും തന്നെയും കാത്ത് തൻ്റെ അമ്മായി… ചെന്നിട്ടിനിയെങ്കിലും ആരുടെയും ഔദാര്യം പറ്റാതെ നന്നായ് ജീവിക്കാൻ നോക്കണം… എന്തെങ്കിലും ഒരാവശ്യം വന്നാൽ ഏതു സമയത്തും നേരവും കാലവും നോക്കാതെ വിളിയ്ക്കണം എന്നെ… ഒരു നല്ല സുഹൃത്തായ് കൂടെ ഉണ്ടാവും ഞാനെന്നും ഇതുപോലെ…’

അരുണയ്ക്ക് നേരെ ട്രയിൻ ടിക്കറ്റ് നീട്ടി അലക്സ് പറയുമ്പോൾ കാര്യമറിയാതെ അവരെ മിഴിച്ചു നോക്കി നിന്നു പോയ് മറ്റുള്ളവർ….

“എന്താടാ വിക്കീ നീയ്യിങ്ങനെ തുറിച്ചു നോക്കുന്നത് …?
ഒന്നും മനസ്സിലായില്ല അല്ലേ…?

അരുണ അവർക്കിടയിൽ നിന്ന് നടന്നു മറഞ്ഞതും വിക്കിയെ നോക്കി ചിരിയോടെ ചോദിച്ചലക്സ്… അതിന് ഇല്ലെന്നതു പോലെ തലയാട്ടുമ്പോൾ സത്യത്തിൽ വിക്കിയ്ക്ക് ആകെയൊരു പകപ്പാണ്

നിൻ്റെ അമ്മയുടെ സമ്പാദ്യവും സ്വത്തും കണ്ടിട്ടാണോ നീ ആ പാവത്തിനെ കെട്ടി യതെന്നൊരു സംശയം നിൻ്റെ അമ്മയ്ക് ഉണ്ടായിരുന്നു ..അതമ്മ തിരക്കിയത് എന്നോടാണ്… നിൻ്റെ യഥാർത്ഥ സ്വഭാവം ഞാൻ പറഞ്ഞ് നിൻ്റെ അമ്മ അറിഞ്ഞപ്പോഴേയ്ക്കും നീ അവളെയും കൊണ്ട് ഇങ്ങോട്ടു പോന്നിട്ടുണ്ടായിരുന്നു… സത്യം പറഞ്ഞാൽ എൻ്റെ ഈ വരവ് അതവളെ ഇവിടെ നിന്ന് രക്ഷിക്കാനായിരുന്നു…. രക്ഷിയ്ക്കുകയും ചെയ്തു… അപ്പോ ഇനി ഞാനും പോട്ടെ വിക്കീ…”

പറഞ്ഞ് രണ്ടടി മുന്നോട്ടു നടന്ന അലക്സ് എന്തോ ഓർത്തെന്നപോലെ തിരിഞ്ഞു നിന്നതും പക പ്പൊഴിയാതെ അവനെ തുറിച്ചു നോക്കി വിക്കി…

“ഇനി നീ തിരികെ നിൻ്റെ നാട്ടിലേക്കും വീട്ടിലേക്കും ചെല്ലാതിരിയ്ക്കുന്നതാണ് വിക്കീ നല്ലത്… ഇത്രനേരം ഇവിടെ നിന്ന് നീയും ഞാനും പിന്നെ ദേ ഇവനുമൊക്കെ സംസാരിച്ചത് ലൈവായ് അങ്ങ് നിൻ്റെ വീട്ടിലും നാട്ടിലും എല്ലാം ചെന്നിട്ടുണ്ട് അരുണയുടെ ഫോണിലൂടെ….. നീയെന്താണെന്ന് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് അവിടെ നിൻ്റെ അമ്മ ഉൾപ്പെടെ ഓരോരുത്തരും….. ഒന്ന് സൂക്ഷിയ്ക്കുന്നത് നല്ലതാണ് നീ…”

അലക്സ് പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ തലയ്ക്കടിയേറ്റതു പോലെ തരിച്ചു നിന്നു ബാക്കി മൂന്നു പേരും… കാരണം അലക്സ് പറഞ്ഞത്
സത്യമാണെങ്കിൽ അവിടെ നടന്നതും സംസാരിച്ചതുമെല്ലാം ജാഫറിൻ്റെ വീട്ടിലും റിയയുടെ വീട്ടിലുമെല്ലാം അറിഞ്ഞിട്ടുണ്ടാവും… തങ്ങളാരെണെന്ന് തങ്ങളുടെ സ്വഭാവം എന്താണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു നാട്ടുക്കാർ എന്ന ചിന്തയിലവർ തളർന്ന് നിൽക്കേ നാട്ടിലേക്കുള്ള ട്രയിൻ കയറിയിരുന്നു അരുണ… പുതിയ സ്വപ്നങ്ങളും മോഹങ്ങളും നെഞ്ചിലേറ്റി കൊണ്ട്….

അവൾക്കായ് , അവളുടെ നന്മയ്ക്കായ് പ്രാർത്ഥിച്ചുകൊണ്ടൊരുവൻ ഇവിടെ ഈ ബാംഗ്ലൂരിലും …

✍️RJ

Leave a Reply

Your email address will not be published. Required fields are marked *