എന്റെ അൻപത്തിയൊൻപതാമത്തെ വയസ്സിലാണ് അവളെന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
ആദ്യ ഭാര്യ എന്റെ മുപ്പത്താമത്തെ വയസ്സിലാണ് മരിക്കുന്നത്.അവൾ പോയതോടെ ജീവിതത്തിന്റെ നിറങ്ങൾ പലതും മങ്ങിപ്പോയെങ്കിലും, മക്കളുടെ മുഖം നോക്കി ഞാൻ പിന്നെയും ജീവിക്കാൻ പഠിച്ചു.
മറ്റൊരു വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല.
എന്റെ മക്കളായിരുന്നു എന്റെ ലോകം.
അവരുടെ ബാല്യത്തിന്റെ ഓരോ ചുവടിലും ഞാൻ കൂടെയുണ്ടായിരുന്നു. അവരുടെ സ്കൂൾകാലം, പഠനം, ജോലി, വിവാഹം… ഓരോ ഘട്ടത്തിലും ഒരു അച്ഛനെന്ന നിലയിൽ ചെയ്യേണ്ടതെല്ലാം ഞാൻ ചെയ്തു.
കാലം കടന്നുപോയി.
മക്കൾ വളർന്നു.പഠിച്ചു,ജോലികളായി.
വിവാഹം കഴിഞ്ഞു പിന്നെ ഓരോരുത്തരും ഓരോ രാജ്യങ്ങളിലേക്ക് പറന്നു സ്വന്തം കുടുംബങ്ങളുമായി സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.
അവരുടെ സന്തോഷം കാണുമ്പോൾ എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയും.
പക്ഷേ ആ സന്തോഷത്തിന്റെ വൃത്തത്തിൽ നിന്ന് ഞാൻ പതിയെ പുറത്തേക്ക് നീങ്ങിപ്പോകുകയായിരുന്നു.
ഒരു ദിവസം തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ അവർക്കിടയിൽ ഉണ്ടായിരുന്നില്ല.
നാട്ടിലെ വലിയ വീട്ടിൽ ഞാൻ മാത്രം ഒറ്റയ്ക്കായിരുന്നു.
രാവിലെ എഴുന്നേറ്റ് വാതിൽ തുറക്കുമ്പോൾ ആരുമില്ല.
“അച്ഛാ, ചായ കുടിച്ചോ?”
എന്ന് ചോദിക്കാൻ ഒരാളില്ല.
എന്തെങ്കിലും ആവശ്യത്തിന് പുറത്തു പോയി വീട്ടിലെത്തുമ്പോൾ,
“ഇന്നെന്താ ഇത്ര വൈകിയത്?”
എന്ന് ചോദിക്കാൻ പോലും ആരുമില്ല.
വീട്ടിൽ നിറയെ മുറികളുണ്ടായിരുന്നു.
പക്ഷേ ഒന്നിലും എന്റെ ശബ്ദം ഒഴികെ മറ്റൊരു ശബ്ദമുണ്ടായിരുന്നില്ല.
മക്കളെല്ലാം വിദേശത്ത് ഒത്തുകൂടി ഓരോന്ന് ആഘോഷിക്കുന്ന ചിത്രങ്ങൾ ഇടയ്ക്കിടെ ഫോണിൽ വരും.
അവർ എല്ലാവരും ഒരുമിച്ച്.
ചിരിച്ചും,കളിച്ചും,ഭക്ഷണം കഴിച്ചും.
ആ ചിത്രങ്ങൾ നോക്കി ഞാൻ സന്തോഷിക്കും.
പക്ഷേ ഫോൺ താഴെ വെച്ചാൽ ആ വലിയ വീടിന്റെ നിശ്ശബ്ദത വീണ്ടും എന്നെ ചുറ്റിപ്പറ്റും.
ഓണം വരും.
വിഷു വരും.
പിറന്നാളുകൾ വരും.
ഓരോ ആഘോഷത്തിനും ഞാൻ മക്കളെ മാറിമാറി വിളിക്കും.വിളിച്ചിട്ട് ഫോൺ എടുത്തില്ലെങ്കിൽ അവർ എനിക്ക് മെസ്സേജ് അയക്കും Iam busy call u later എന്നായിരിക്കും അവരുടെ മറുപടി.
“അച്ഛൻ ഒറ്റയ്ക്കാണല്ലോ… നമുക്ക് അങ്ങോട്ട് പോയാലോ?എന്നവർ ഒരിക്കലും ചിന്തിച്ചില്ല.
പക്ഷെ ഞാനോ?
അവരുടെ തിരക്കുകൾ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഒരു ദിവസം എന്റെ മനസ്സിൽ ഒരു ചിന്ത വന്നു, ഇങ്ങനെ പോയാൽ പറ്റില്ല എനിക്കും ഒരു കൂട്ടു വേണം.
വാർദ്ധക്യത്തിൽ ഒരാൾക്ക് മറ്റൊരാളുടെ സാമീപ്യം എത്രമാത്രം ആവശ്യമാണെന്ന് ഒറ്റയ്ക്കായപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്.
രാവിലെ എഴുന്നേൾക്കുമ്പോൾ,
“എണീറ്റോ?”
എന്ന് ചോദിക്കുന്ന ഒരാൾ.
ഭക്ഷണം കഴിക്കുമ്പോൾ,
“കുറച്ചുകൂടി എടുക്കട്ടേ?”
എന്ന് ചോദിക്കുന്ന ഒരാൾ.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ,
“നാളെ എന്താണ് ചെയ്യേണ്ടത്?”
എന്ന് സംസാരിക്കാൻ ഒരാൾ.
അത്രയേ എനിക്ക് വേണ്ടിയിരുന്നുള്ളൂ.
ഞാൻ മക്കളോട് കാര്യം പറഞ്ഞു.
അവരുടെ മറുപടി കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് തകർന്നു.
“ഈ വയസാം കാലത്ത് അച്ഛന് തലക്ക് വട്ടാണോ?” എന്നാണവർ ചോദിച്ചത്.
അവർക്ക് പേടി എന്റെ ഏകാന്തതയെക്കുറിച്ചായിരുന്നില്ല.എന്റെ സ്വത്തിനെക്കുറിച്ചായിരുന്നു.
അവരുടെ അച്ഛൻ ഒറ്റയ്ക്കാണോ, വിഷമിച്ചാണോ ജീവിക്കുന്നത് എന്നൊന്നും അവർ ചിന്തിച്ചില്ല.അവർക്ക് വേണ്ടത് എന്റെ വീട്.എന്റെ പറമ്പ്,എന്റെ സമ്പാദ്യം.
അത്ര മാത്രം.
രക്തബന്ധം ഉണ്ടെന്നതുകൊണ്ട് മാത്രം എല്ലാവരും നമ്മുടേതാകണമെന്നില്ല എന്ന് ആ ദിവസം ഞാൻ ആദ്യമായി മനസ്സിലാക്കി.
എന്റെ വീട്ടിൽ വീട്ടുപണി ചെയ്യാൻ വരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു.
സരസ്വതി എന്നായിരുന്നു അവളുടെ പേര്
ഒരു സാധുവായ സ്ത്രീ.
അവൾക്കും എന്നെപ്പോലെ
മക്കളുണ്ടായിരുന്നു,ബന്ധുക്കളുണ്ടായിരുന്നു.പക്ഷേ ആരും അവളുടെ കൂടെയുണ്ടായിരുന്നില്ല.എന്റെ വീട്ടിൽ പണിക്ക് വരുമ്പോൾ കൊടുക്കുന്ന കാശ് കൊണ്ടാണവൾ ജീവിച്ചിരുന്നത്.
എന്നും രാവിലെ അവൾ വീട്ടിലെത്തുമ്പോൾ വീടിനൊരു ജീവൻ വരുന്നതുപോലെയായിരുന്നു.
അവൾ അടുക്കളയിൽ കയറി എനിക്ക് വേണ്ടി ചായ ഉണ്ടാക്കും.
“രാമൻ കൊച്ചേട്ടാ ചൂടാറും മുന്നേ ചായ കുടിച്ചോ എന്ന് പറയും.
ഞാൻ കഴിച്ചില്ലെങ്കിൽ നിർബന്ധിച്ചെന്നെ ഭക്ഷണം കഴിപ്പിക്കും.
ഓണം വന്നാൽ അവൾ സ്വന്തം വീട്ടിൽ ഉണ്ടാക്കിയ പായസം കൊണ്ടുവരും.
“ഇത് കൊച്ചേട്ടനുള്ളതാ എന്ന് പറഞ്ഞെനിക്ക് തരും m
ഞാൻ വിഷമിച്ചിരിക്കുന്ന ദിവസങ്ങളിൽ ഒന്നും ചോദിക്കാതെ എന്റെ അടുത്ത് കുറച്ചുനേരം ഇരിക്കും.
“എന്തുപറ്റി കൊച്ചേട്ടാ?”എന്ന് ചോദിക്കും.
ഞാൻ ഒന്നും പറയാതെ ഇരുന്നാലും അവൾ എന്റെ അരികിൽ തന്നെ ഇരിക്കും.
ചിലപ്പോഴൊക്കെ ആ നിശ്ശബ്ദത തന്നെയായിരുന്നു എനിക്ക് ഏറ്റവും വലിയ ആശ്വാസം.
ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു.
“സരസ്വതി…”
“എന്താ കൊച്ചേട്ടാ?”
“തനിക്ക് എന്നെക്കുറിച്ച് എന്താണ് തോന്നുന്നത്?”
അവൾ ചിരിച്ചു.
“എന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കുന്നത്?”
ഞാൻ കുറച്ചുനേരം മിണ്ടാതിരുന്നു.
പിന്നെ പറഞ്ഞു.
തനിക്ക് ഈ കൊച്ചേട്ടാ എന്നുള്ള വിളി സ്ഥിരമാക്കാൻ ആഗ്രഹമുണ്ടോ?
കാര്യം മനസിലാകാതെ അവളെന്നെ മിഴിച്ചു നോക്കി.
“എടോ തനിക്ക് സമ്മതമാണെങ്കിൽഞാൻ തന്നെ വിവാഹം കഴിക്കട്ടെ എന്നാണ് ഞാൻ ചോദിച്ചത്”
അവളുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു.
അവൾ മറുപടി ഒന്നും പറയാതെ എന്നെ തന്നെ നോക്കി നിന്നു.
എടോ നമ്മൾ തമ്മിൽ ഉള്ളയീ വിവാഹം കേവലം “ശാരീരിക സുഖത്തിന് വേണ്ടി മാത്രമാണെന്ന് താൻ കരുതരുത്.”
അവൾ തല താഴ്ത്തി.
“എനിക്ക് ഒറ്റയ്ക്കുള്ള ജീവിതം മടുത്തെടോ.”
എന്റെ ശബ്ദം പതറി.
“എനിക്ക് വേണ്ടി കാത്തിരിക്കാൻ ഒരാളുണ്ടെന്നൊരു തോന്നൽ വേണ്ടേ?”
അവൾ പതിയെ എന്റെ മുഖത്തേക്ക് നോക്കി.
“രാവിലെ കണ്ണു തുറക്കുമ്പോൾ ആരെങ്കിലും അടുത്തുണ്ടാകണം.”
വിഷമങ്ങൾ പങ്കു വെക്കാനും, സന്തോഷം പങ്കിടാനും,”എനിക്ക് അസുഖം വന്നാൽ മരുന്ന് തരട്ടെ എന്ന് ചോദിക്കാൻ ഒരാൾ.”
ഞാൻ പതിയെ അവളോട് പറഞ്ഞു.
“നമുക്ക് ബാക്കിയുള്ള ജീവിതം ഒരുമിച്ച് ജീവിച്ചുകൂടെടോ ?”
അവളുടെ കണ്ണുകൾ നിറഞ്ഞു.
“കൊച്ചേട്ടാ…ആളുകൾ എന്ത് പറയും?”
ഞാൻ ചിരിച്ചു.
“ഇത്രയും കാലം ആളുകൾ പറഞ്ഞത് കേട്ടാണ് നമ്മൾ ജീവിച്ചത്.”
“ഇനി കുറച്ചു കാലമെങ്കിലും നമ്മുടെ മനസ്സ് പറയുന്നത് കേട്ട് ജീവിക്കാം.”
അവൾ ഒന്നും പറഞ്ഞില്ല.
കണ്ണുനീർ തുടച്ചുകൊണ്ടവൾ അടുക്കളയിലേക്ക് നടന്നു.
അന്ന് വൈകുന്നേരം അവൾ പോകുമ്പോൾ വാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു.
“ഞാൻ വീട്ടിൽ പോയിട്ട് ആലോചിച്ചിട്ടു പറയാം കൊച്ചേട്ടാ.”
അതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് അവൾ എനിക്കുള്ള മറുപടി പറഞ്ഞത്.
അന്ന് രാവിലെ പതിവുപോലെ അവൾ ചായയുമായി എന്റെ മുന്നിൽ വന്നു.
കപ്പ് മേശപ്പുറത്ത് വെച്ചിട്ട് പറഞ്ഞു.
“കൊച്ചേട്ടാ…”
“എന്താ?”ഞാൻ പ്രതീക്ഷയോടെ അവളെ നോക്കി.
“എനിക്ക് സമ്മതമാണ്.”ഒറ്റയ്ക്കുള്ള ജീവിതം എനിക്കും മടുത്തു.ആർക്കും എന്നെ വേണ്ടാ, ഞാൻ ചത്തോ ജീവിച്ചോ എന്ന് പോലും അന്വേഷിക്കാത്ത എന്റെ മക്കളെ കുറിച്ച് ഞാനിനി എന്തിനു ചിന്തിക്കണം?
എന്റെ കണ്ണുകൾ നിറഞ്ഞു.
തൊട്ടടുത്ത ദിവസം ഞാനവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.
ഞങ്ങളുടെ വിവാഹം വളരെ ലളിതമായിരുന്നു.
വലിയ ആഘോഷങ്ങളൊന്നുമില്ല.
ക്ഷണിച്ചവരും വളരെ കുറവായിരുന്നു.
മക്കളെ ഞാൻ വിവരം അറിയിച്ചു പക്ഷെ ആരും വന്നില്ല.
അവർ ഫോൺ ചെയ്തെന്നോട് പലതും പറഞ്ഞു.
“അച്ഛാ, ഇതൊന്നും വേണ്ടായിരുന്നു.”
“അച്ഛൻ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിയിരുന്നില്ല.”എന്നൊക്കെ
ഞാൻ അതിനൊന്നും മറുപടി പറഞ്ഞില്ല.
കാരണം വർഷങ്ങളായി ഞാൻ അവരുടെ തീരുമാനങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു ജീവിച്ചത്.
ഇത്തവണ…
എന്റെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനം ഞാൻ തന്നെയെടുത്തു.
സരസ്വതിക്ക് ഞാൻ സാരിയും ആഭരങ്ങളും ഒക്കെ വാങ്ങി നൽകി. അവളെയും കൊണ്ട് സിനിമയ്ക്ക് പോയി. അവൾക്കിഷ്ടമുള്ള ഭക്ഷണങ്ങൾ ഞാനവളെ നിർബന്ധിച്ചു കഴിപ്പിച്ചു.പലപ്പോഴും
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.
എല്ലാവരും ഉണ്ടായിട്ടും അനാഥരായിരുന്ന രണ്ടുപേർ…
പരസ്പരം താങ്ങായി മാറിയപ്പോൾ അവരുടെ ജീവിതത്തിൽ വീണ്ടും വസന്തം വന്നതുപോലെയായിരുന്നു.
അങ്ങനെയിരിക്കെ എന്റെ വിവാഹ വാർത്തയറിഞ്ഞ ശേഷം ഇരിക്കപ്പൊറുതി ഇല്ലാതെയായ മക്കൾ വർഷങ്ങൾക്കു ശേഷം നാട്ടിലെത്തി.
പക്ഷെ വീട് പൂട്ടി കിടന്നിരുന്നു.
അവരെന്നെ ഫോണിൽ വിളിച്ചു,
അച്ഛാ ഞങ്ങൾ നാട്ടിലുണ്ട്.
അച്ഛനെവിടെയാ ഹോസ്പിറ്റലിൽ വല്ലോമാണോ?
മക്കളെ അച്ഛനിപ്പോ ഡാർജലിംഗിൽ ആണ്. ഇവിടെ നിന്ന് നേരെ കുളു മണാലിക്ക് പോവും മൂന്നാഴ്ച കഴിഞ്ഞേ നാട്ടിൽ വരു..ഞാൻ മറുപടി പറഞ്ഞു.
അപ്പൊ ഞങ്ങൾ എന്ത് ചെയ്യും.എവിടെ പോയി താമസിക്കും?
എന്ത് ചെയ്യണം എന്ന് നിങ്ങൾ ആലോചിച്ചു തീരുമാച്ചോളൂ,ഇത്രയും നാളും അങ്ങനെ അല്ലാരുന്നോ ഇനിയും അത് മതി.
റേഞ്ച് ഇല്ലാത്തതിനാൽ ഫോൺ കട്ടായി.
അൽപ നേരം കഴിഞ്ഞപ്പോൾ ഞാൻ സരസ്വതിയുമായി നിൽക്കുന്ന ഒരു സെൽഫി എടുത്തവർക്കയച്ചു കൊടുത്തു.അതിനു താഴെ ഒരു മെസ്സേജും Iam busy, call u later.
പലപ്പോഴും അവർ എനിക്കയച്ചിരുന്ന മെസ്സേജ് ആയിരുന്നുവത്.
അവർക്കതിന്റെ അർത്ഥം മനസ്സിലായോ ഇല്ലയോ എന്നെനിക്കറിയില്ല കാരണം
അവരെന്നെ പിന്നെയും പിന്നെയും വിളിച്ചുകൊണ്ടിരുന്നു.സ്ക്രീനിൽ അവരുടെ പേരുകൾ തെളിഞ്ഞും മാഞ്ഞും കൊണ്ടിരുന്നു.
ഫോൺ എന്റെ കൈയിൽ തന്നെയുണ്ടായിരുന്നുവെങ്കിലും ഞാൻ എടുത്തില്ല കാരണം എന്റെ മുന്നിൽ ജീവിതത്തിൽ ആദ്യമായി മഞ്ഞ് കാണുന്ന സന്തോഷം മുഴുവൻ മനസ്സിൽ നിറച്ച് നിൽക്കുന്ന ഒരു സ്ത്രീയുണ്ടായിരുന്നു.
അവളുടെയാ സന്തോഷം ഫോണിൽ ഒപ്പിയെടുക്കാനായിരുന്നു എനിക്ക് കൂടുതൽ താൽപര്യം.
അങ്ങനെ വർഷങ്ങളോളം മക്കളുടെ സന്തോഷത്തിന് വേണ്ടി ജീവിച്ച ഞാൻ, ആദ്യമായി എന്റെ സന്തോഷത്തിനുവേണ്ടി ഒരു നിമിഷം തിരഞ്ഞെടുത്തു.
സരസ്വതിയുടെ കൈയിൽ ഞാൻ പതിയെ പിടിച്ചു.മഞ്ഞിന്റെ തണുപ്പിനിടയിലും ആ കൈയ്ക്ക് നല്ല ചൂടുണ്ടായിരുന്നു.
അവളെന്നെ നോക്കിയൊന്നു ചിരിച്ചു. അത് കണ്ടപ്പോൾ എനിക്ക് തോന്നി ജീവിതത്തിന്റെ അവസാന കാലത്ത് മനുഷ്യന് ഏറ്റവും ആവശ്യം വലിയ വീടോ വലിയ സമ്പാദ്യമോ അല്ല.
വീട്ടിൽ ചെന്നു വാതിൽ തുറക്കുമ്പോൾ അകത്ത് കാത്തിരിക്കുന്ന ഒരാളെയാണ്.
സ്വന്തം എന്ന് വിളിക്കാൻ കഴിയുന്ന ഒരാൾ.
തന്റെ വരവിനായി കാത്തിരിക്കുന്ന ഒരാൾ.
താൻ വൈകിയാൽ വിഷമിക്കുന്ന ഒരാൾ.
താൻ രോഗിയായാൽ ഉറങ്ങാതെ കാവലിരിക്കുന്ന ഒരാൾ.
ഒടുവിൽ കണ്ണുകൾ അടയ്ക്കുമ്പോഴും,
ഞാൻ ഇവിടെയുണ്ടെന്ന് എന്ന് കൈപിടിച്ച് പറയാൻ ഒരാൾ….
അതാണ് സ്നേഹം,അതാണ് വാർദ്ധക്യത്തിലെ ഏറ്റവും വലിയ സമ്പത്ത്.
കഥ :ഒരാൾ മാത്രം
രചന :അച്ചു വിപിൻ
©️copyrightprotected
