” ചായക്കുടിക്കാൻ വേണ്ടി ആരും ചായക്കട സ്വന്തമായ് വാങ്ങാറില്ല സുരേഷേ…. കൂടെ പൊറുപ്പിക്കാൻ നിനക്കൊരു പെണ്ണിനെയാണ് വേണ്ടിയിരുന്നതെങ്കിൽ നീയൊരു വാക്ക് പറ നിനക്കെത്ര പെണ്ണുങ്ങളെ വേണോങ്കിലും ഈ മാമൻ കൊണ്ടു തരും…. ഓരോ ദിവസവും ഓരോരുത്തരെ വേണോ അതും മാമൻ ശരിയാക്കി തരും… അതല്ലാതെ പെണ്ണിനെ അറിയാനും പെണ്ണുടലിനെ അറിയാനും ഒരു കല്യാണം കഴിക്കേണ്ട കാര്യമൊന്നും നിനക്കിപ്പോ ഇല്ല… അതൊട്ട് ഞാൻ സമ്മതിക്കുവേം ഇല്ല… അറിയാലോ നിനക്ക് കാര്യങ്ങൾ..?
ചുമലിൽ കിടന്നിരുന്ന തോർത്തെടുത്തൊന്ന് കുടഞ്ഞ് പൂമുഖത്തെ അര തിണ്ണയിലേക്കിട്ട് അതിനടുത്തായ് കയറിയിരുന്ന് വല്ലാതെ ശബ്ദം ഉയർത്തി തന്നോടു സംസാരിക്കുന്ന അമ്മാവനെ കണ്ണെടുക്കാതെ നോക്കി സുരേഷ്…
“എൻ്റെ പൊന്നമ്മാവാ നിങ്ങളെൻ്റെ അമ്മാവനാണ്… അല്ലാതെ എൻ്റെ മാമാ പണി ചെയ്യുന്ന മാമ അല്ല…”
” എനിയ്ക്കൊരു കല്യാണം കഴിക്കണമെന്നും ജീവിതത്തിൽ ഒരു കൂട്ടു വേണമെന്നും തോന്നിയതുകൊണ്ടാണ് എൻ്റെ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ് ഒരു പെൺ കുട്ടിയെ എനിയ്ക്കായ് കണ്ടെത്താൻ ഞാൻ ബ്രോക്കർമാരെ പറഞ്ഞ് ഏല്പിച്ചത്…. അല്ലാതെ എനിയ്ക്കൊരു പെൺ ശരീരം വേണമെന്ന് തോന്നിയിട്ടല്ല… ഇനി അങ്ങനെയൊരു തോന്നൽ എനിയ്ക്കുണ്ടായാൽ അതിനൊരു പെണ്ണിനെ കണ്ടെത്താൻ എനിയ്ക് അമ്മാവൻ്റെ സഹായവും ആവശ്യമില്ല….”
കനമേറിയിരുന്നു മറുപടി പറയുമ്പോൾ സുരേഷിൻ്റെ ശബ്ദത്തിനും…
“നിൻ്റെ ഈ ജന്മം കൊണ്ട് നിനക്കൊരു വിവാഹമോ കുടുംബജീവിതമോ ഒന്നും പറഞ്ഞിട്ടില്ലാന്ന് എന്നെക്കാൾ നന്നായറിയുന്നവനല്ലേ നീ…?
എന്നിട്ടും നീയൊരു കുടുംബം ഉണ്ടാക്കാൻ നോക്കുന്നോ… എന്തിന്… ഒരു പെൺകുട്ടിയുടെ കണ്ണീരും ജീവനും കൂടി നിൻ്റെ ഈ വീട്ടിൽ പൊലിഞ്ഞ് തീരാനോ…?
എനിയ്ക്ക് ജീവനുണ്ടെങ്കിൽ അങ്ങനൊന്നിനി ഈ വീട്ടിൽ നടത്താൻ സമ്മതിക്കില്ല ഞാൻ….”
ചോരകല്ലിച്ചു ചുവന്നതു പോലുള്ള കണ്ണുകളുമായ് വെല്ലുവിളിയ്ക്കുന്ന അമ്മാവനെ കണ്ണെടുക്കാതെ നോക്കി അവനും…
“ഞാൻ പറഞ്ഞത് അമ്മാവൻ ശ്രദ്ധിച്ചില്ലേ… എൻ്റെ എല്ലാകാര്യങ്ങളും തുറന്നു പറഞ്ഞതിനുശേഷവും വിവാഹത്തിന് സമ്മതിക്കുന്ന പെൺകുട്ടിയെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ… ആരെയും നിർമ്പന്ധിച്ചും ബലം പിടിച്ചുമൊന്നും താലി കെട്ടില്ല ഞാൻ… അത്രയ്ക്കും മനസാക്ഷി ഇല്ലാതെയായ് പോയിട്ടില്ല എനിയ്ക്ക്.. ഒരു ഇണ വേണം കൂടെയെന്നു തോന്നി.. അതിനായ് ശ്രമിച്ചു… അത്ര മാത്രം… അതല്ലാതെ അമ്മാവൻ ഇതിലിത്ര രോക്ഷം കൊള്ളുകയൊന്നും വേണ്ട … നടക്കാനുള്ളതാണെങ്കിൽ നടക്കും അത്രയേ ഉള്ളു…..”
ഇനിയൊരു തർക്കത്തിന് വയ്യെന്നതുപോലെ പറഞ്ഞു കഴിഞ്ഞതും വീടിനുള്ളിലേക്ക് കയറി പോയ് സുരേഷ്… ആ പോക്കിൽ അവൻ്റെ കണ്ണുകൾ തെക്കേ തൊടിയിലേക്കൊന്ന് പാളിയതും കണ്ടു നിരന്നുയർന്നു കിടക്കുന്ന നാല് കുഴിമാടങ്ങൾ….
അച്ഛനും അമ്മയും ഏട്ടനും ഏടത്തി അമ്മയും….
ഉള്ളു പിടഞ്ഞു പോയെങ്കിലും കണ്ണുകൾ നിറയാതെ തൻ്റെ മുറിയിലേക്ക് കയറി പോയി സുരേഷും….
“പെണ്ണുങ്ങൾ വാഴാത്ത വീടല്ലേ സുരേഷിൻ്റേത് … അതുപറഞ്ഞാൽ പക്ഷേ അവനു മനസ്സിലാവില്ല….ഇനിയും അവിടെ ജീവനുകൾ പൊലിഞ്ഞു തീരണം എന്നാവും ഈശ്വരനിശ്ചയം … അല്ലാതെ എല്ലാം അറിഞ്ഞിട്ടും ഒരു പെണ്ണു കെട്ടണമെന്ന വാശിയിൽ അവനിങ്ങനെ ഉറച്ചു നിൽക്കുമോ… എനിയ്ക്ക് പറയാനുള്ളതെല്ലാം ഞാനവനോട് പറഞ്ഞതാണ് … തിരുത്താൻ ആവുന്നതും ശ്രമിച്ചതുമാണ്… പക്ഷെ ഒന്നും കേൾക്കാനും അനുസരിക്കാനും ഭാവമില്ല അവന്…”
സുരേഷിൻ്റെ വീട്ടിൽ നിന്നിറങ്ങി സ്വന്തം വീട്ടിലേക്ക് പോക്കും വഴി അവിടെ ഉള്ള ചായക്കടയിലിരുന്ന് കാര്യങ്ങളെല്ലാം വിശദീകരിച്ച് വിവരിച്ചു പറഞ്ഞു കൊണ്ടിരുന്നു അമ്മാവൻ…
ആ ഗ്രാമത്തിൻ്റെ ഹൃദയം തന്നെയാണാ ചായക്കട.. ഏതു ചെറിയ വാർത്തയും അന്താരാഷ്ട്ര വാർത്തയായ് മാറാറുണ്ടവിടെ എന്ന് അമ്മാവനറിയാം.. അതു തന്നെയാണ് അയാളുടെ ആവശ്യവും…
സുരേഷിനു വരുന്ന ആലോചനകളൊന്നും ആ ചായക്കട കടന്ന് മുന്നോട്ടു പോവരുതെന്ന് അയാൾക്ക് അത്രയും നിർബന്ധമുണ്ട്…
“സുരേഷിന് കല്യാണത്തിനോടു താല്പര്യമില്ലാത്തതുകൊണ്ടും ഒരുമ്മിച്ച് നാലു മരണങ്ങൾ നടന്ന് അവൻ പെട്ടന്ന് ഒറ്റപ്പെട്ടതുകൊണ്ടുമാണ് അവനൊരു കല്യാണം കഴിക്കാത്തത് എന്നാണ് ഞങ്ങളിതുവരെ കരുതിയിരുന്നത്… എത്രയോ പ്രാവശ്യം ഞങ്ങളെല്ലാം ഇവിടെ പറഞ്ഞിരിക്കുന്നു ഈ കാര്യം എന്നറിയ്യോ നിങ്ങൾക്ക്… ഒറ്റയ്ക്ക് ജീവിക്കുന്ന അവനെ കാണുന്നതേ സങ്കടാണ് ഞങ്ങൾക്ക്… കൂട്ടി തൊരു പെൺക്കുട്ടിയെ കണ്ടെത്താൻ ഞങ്ങളെല്ലാം എത്ര തവണ പറഞ്ഞിരിക്കുന്നു അവനോട്.. വെറുതെ ഒന്ന് ചിരിയ്ക്കും എന്നല്ലാതെ ഇങ്ങനൊരു കാര്യമുണ്ട് അതിനു പിന്നില്ലെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു കേട്ടോ…
ഹോട്ടലിൽ സഹായി ആയി നിൽക്കുന്ന ഗോവിന്ദൻ അമ്മാവൻ്റെ മുന്നിൽ വന്നു നിന്ന് പറഞ്ഞതും നിറഞ്ഞ ദുഃഖം തോന്നുന്ന മുഖഭാവത്തോടെ അയാളെയും അവിടെ ഇരിക്കുന്നവരെയും നോക്കി അയാളും….
” അവൻ്റെ കാര്യം ഓർക്കുമ്പോൾ വിഷമവും സങ്കടവും എല്ലാം ഉണ്ടെനിയ്ക്കും… പത്തു മുപ്പതു വയസ്സ് കഴിഞ്ഞവന്…. ഒറ്റയ്ക്കാണ്..
എനിക്കാകെ ഉണ്ടായിരുന്ന സഹോദരിയുടെ മകനാണ്.. എല്ലാം ശരിയാണ്…. പക്ഷെ അറിഞ്ഞു കൊണ്ടിനിയും ഒരു പെൺകുട്ടിയുടെ ജീവൻ പൊലിയുന്നത് കാണാൻ വയ്യ… ഇനിയും ഒരമ്മയുടെയും മകളെ നഷ്ടപ്പെട്ട കരച്ചിൽ കേൾക്കാൻ വയ്യ….”
സങ്കടത്തിൽ പറയുന്നതിനൊപ്പം നിറഞ്ഞ കണ്ണുകൾ ഒപ്പിയെടുക്കും പോലെ ചുമലിലെ തോർത്തെടുത്ത് മുഖം അമർത്തി തുടയ്ക്കുക കൂടി ചെയ്തയാൾ അവിടെ നിന്നിറങ്ങി നടന്നതും കടയിലുണ്ടായിരുന്നവരുടെ എല്ലാം സഹതാപം നിറഞ്ഞ നോട്ടം അമ്മാവനിലെത്തി നിന്നു ….
താൻ പോന്നതിന് പിന്നാലെ ഇന്ന് അവിടെ പറഞ്ഞതെല്ലാം കാറ്റിൻ്റെ വേഗത്തിൽ നാടെങ്ങും പരക്കും എന്നൊരു ഗൂഢ ചിരിയോടെ ഓർത്ത് അമ്മാവൻ തൻ്റെ വീടിൻ്റെ പടികയറുമ്പോൾ അയാളെ കാത്തെന്നതുപോലെ വീടിനുമ്മറത്ത് അയാളുടെ ഭാര്യ നിന്നിരുന്നു
“അവൻ കല്യാണം നോക്കുന്നുവെന്ന് കേട്ടത് സത്യം തന്നെയാണോ..?
വല്ലാത്തൊരു വെപ്രാളവും ആകാംക്ഷയും നിറഞ്ഞുനിന്നിരുന്നു അവരുടെ ശമ്പ്ദത്തിലെങ്കിലും ആ ചോദ്യത്തിൽ അമ്മാവൻ്റെ മുഖമൊന്ന് വലിഞ്ഞു മുറുകി
“കേട്ടതൊക്കെ സത്യം തന്നെയാണ്… അവൻ പെണ്ണിനെ നോക്കാൻ ബ്രോക്കർമാരെയും ഏല്പിച്ചിട്ടുണ്ട്…പക്ഷെ ഞാനിവിടെ ജീവനോടെ ഉള്ളപ്പോ അവനൊരു പെണ്ണിനെയും കെട്ടില്ല… കുടുംബവും ഉണ്ടാകില്ല… അവനോടു കൂടി ഇല്ലാതെ ആവണം അവൻ്റെ പരമ്പര….”
പകയും പ്രതികാരവും നിറഞ്ഞുനിന്നിരുന്നത് പറയുമ്പോൾ അയാളിൽ…
“അവൻ്റെ അമ്മ ,എൻ്റെ സഹോദരി എൻ്റെ വാക്കിന് പുല്ലുവില കൊടുത്തിട്ടാണ് എൻ്റെ മുമ്പിലൂടെ അവൻ്റെ അച്ഛനൊപ്പം ഇറങ്ങി പോയത്… അന്ന് ആളുകൾ എന്നെ നോക്കി പരിഹസിച്ച് ചിരിച്ചത് ഇന്നും മായാതെ ഉണ്ട് എൻറെ ഉള്ളിൽ…
അത് ഉള്ളിൽ വച്ച് തന്നെയാണ് ഞാൻ അവരോട് പിന്നീട് മിണ്ടിയിരുന്നതും ഇടപഴകിയിരുന്നതുമെല്ലാം…
” എത്രയെല്ലാം അവളോടും കുടുംബത്തിനോടും അടുപ്പം കാണിക്കുമ്പോഴും എൻറെ ഉള്ളിൽ അവളെയും അവനെയും കൊല്ലാനുള്ള പകയും ദേഷ്യവും ഒരിത്തിരി പോലും കുറയാതെ എപ്പോഴും ഉണ്ടായിരുന്നു എങ്കിലും അന്നൊന്നും എനിക്ക് അവരെ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ… പക്ഷേ എൻറെ മനസ്സറിഞ്ഞതുപോലെ, എൻ്റെ പ്രാർത്ഥന കേട്ടതുപോലെ ദൈവം അവളെയും അവളുടെ കെട്ടിയവനെയും മൂത്ത മകനെയും അവൻറെ ഭാര്യയെയുമെല്ലാം ഒരു അപകടത്തിലൂടെ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാക്കിയില്ലേ ..
അതെനിയ്ക്ക് വേണ്ടിയാണ്… ഇനി അവശേഷിയ്ക്കുന്നത് ഇവനാണ്…ഇവനും
ഇങ്ങനെ മുരടിച്ചു തീരും… കാണും ഞാനത് എൻ്റെ കണ്ണിൽ…”
മരിച്ചാലും മായാത്ത പകയോടെ അയാൾ ഭാര്യയോട് ഓരോന്നും പുലമ്പികൊണ്ടിരുന്നു ….
“നിങ്ങളുടെ സുരേഷിൻ്റെ കല്യാണം കുറച്ചു മുമ്പ് അമ്പലത്തിൽ വെച്ച് കഴിഞ്ഞല്ലോ… ചെക്കനും പെണ്ണും ദേ ഇപ്പോൾ അമ്പലത്തിൽ നിന്നിറങ്ങിയതേ ഉള്ളു…”
ഒന്നു രണ്ടു മാസങ്ങൾക്കപ്പുറം പരിചയത്തിലൊരാൾ ഫോൺ വിളിച്ചു പറഞ്ഞതു കേട്ട് ഞെട്ടി അമ്മാവൻ…
“കല്യാണോ… സുരേഷിൻ്റെയോ…
അതും ഞാൻ അറിയാതെയോ…? നിങ്ങൾക്ക് ആളു മാറി പോയിട്ടുണ്ടാവും… സുരേഷിന്റെ കല്യാണം ഞാൻ അറിയാതെ ഒരിക്കലും നടക്കില്ല അല്ലെങ്കിലും അവനൊന്നും ഈ ജന്മത്ത് കല്യാണമേ നടക്കില്ല….”
ഫോണിൽ കേട്ടത് വിശ്വസിക്കാൻ കഴിയാതെ പകച്ചു നിൽക്കുമ്പോഴും ഒരു ആശ്വാസത്തിന് എന്നപോലെ ഫോൺ വിളിച്ചയാളോട് അമ്മാവൻ വിളിച്ചു പറയവേ വീടിനു മുമ്പിലൊരു കാർ വന്നു നിൽക്കുന്നത് കണ്ട് അങ്ങോട്ടേയ്ക്ക് ഒന്നേ നോക്കിയുള്ളു അയൾ… അയാൾ പോലുമറിയാതെ അയാളുടെ കയ്യിൽ നിന്ന് ഫോൺ നിലത്തു വീണ് ചിതറി ….
വരൻ്റെ വേഷത്തിൽ കാറിൽ നിന്നിറങ്ങുന്ന സുരേഷിനൊപ്പം താലിയും സിന്ദൂരവും അണിഞ്ഞ് തൻ്റെ മകൾ ഇന്ദു കൂടി ഇറങ്ങുന്ന കാഴ്ച മുടൽ മഞ്ഞിലെന്നതു പ പോലെ നേർത്തു കണ്ടയാൾ…..
എത്രയോ കാലത്തെ നേർച്ചയ്ക്കും ചികിൽസയ്ക്കും ശേഷം അയാൾക്ക് ഉണ്ടായ ഏക മകളാണ് ഇന്ദു… രണ്ടു മാസം മുമ്പാണവൾക്ക് പത്തൊമ്പത് വയസ് തികഞ്ഞത്….
കൺമുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാൻകഴിയാതെ അയാൾ ഞെട്ടിപ്പകച്ചുനിൽക്കെ അകത്തുനിന്ന് അയാളുടെ ഭാര്യ ഒരു നിലവിളിയോടെ മകൾക്കരികിലേക്ക് ഓടിയെത്തി അവളെ തല്ലാൻ കൈ ഉയർത്തിയതും തന്റെ നെഞ്ചിലായി ഇന്ദുവിനെ പൊതിഞ്ഞു പിടിച്ചു സുരേഷ്….
“തൊട്ടു പോകരുതെൻ്റെ ഭാര്യയെ…”
അവർക്കു നേരെ വിരൽ ചൂണ്ടി പറയുന്നതിനൊപ്പം കാറിൻറെ ഡോർ തുറന്ന് ഇന്ദുവിനെ കാറിനുള്ളിലേക്ക് ഇരുത്തി സുരേഷ്…
“എൻ്റെ അമ്മ അച്ഛനെ സ്നേഹിച്ചതിൻ്റെ പക ഇപ്പോഴും മനസ്സിൽ കൊണ്ടുനടന്ന് എൻ്റെ ഒപ്പം നല്ലവനായ് പറ്റികൂടി ചതിക്കുന്ന ചെന്നായ ആണ് നിങ്ങളെന്ന് തിരിച്ചറിയാൻ ഞാനിത്തിരി വൈകി… തിരിച്ചറിഞ്ഞതും നിങ്ങളുടെ മകളിലൂടെയാണ്… എൻ്റെ പരമ്പരയുടെ നാശം ആഗ്രഹിച്ച് നടക്കുന്നവനല്ലേ നിങ്ങൾ… ആ നിങ്ങളുടെ മകളിലൂടെ തന്നെയാവട്ടെ അവരുടെ ഭൂമിയിലേക്കുള്ള വരവെന്ന് മനസ്സിൽ ഉറപ്പിച്ചു തന്നെയാണ് തൻ്റെ മകളെ ഞാൻ വളച്ചതും കെട്ടിയതും… തനിയ്ക്ക് എന്തു ചെയ്യാൻ പറ്റും… ഞാനൊന്ന് കാണട്ടെ…”
കാറിലിരിക്കുന്ന ഇന്ദു കേൾക്കാതെ ശബ്ദമടക്കി സുരേഷ് അയാളെ വെല്ലുവിളിക്കുമ്പോൾ തിരിച്ചൊരക്ഷരം മിണ്ടാൻ കഴിയാതെ തരിച്ചതേ നില്പ് നിന്നു അയാളും ഭാര്യയും….. ഇനിയെന്ത് എന്നറിയാതെ…
✍️RJ
