അലക്സ് ,കുഞ്ഞിനെ കാണുന്നില്ല , നിലവിളിയുടെ അകമ്പടിയോടെ നീന പറഞ്ഞത് കേട്ടിട്ടും വിശ്വസിക്കാൻ തയ്യാറാകാതെ അലക്സ് ഒന്നുകൂടെ എന്താ എന്ന് ചോദിച്ചു പോയി.….

അലക്സ് ,കുഞ്ഞിനെ കാണുന്നില്ല , നിലവിളിയുടെ അകമ്പടിയോടെ നീന പറഞ്ഞത് കേട്ടിട്ടും വിശ്വസിക്കാൻ തയ്യാറാകാതെ അലക്സ് ഒന്നുകൂടെ എന്താ എന്ന് ചോദിച്ചു പോയി.

അലക്സ്, ഒന്ന് പെട്ടെന്ന് വാ, കുഞ്ഞിനെ ഇവിടെങ്ങും കാണുന്നില്ല. ഞാൻ.. എനിക്ക്… പറഞ്ഞു മുഴുവിക്കാൻ ആകാതെ നീനയുടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ മാത്രമേ കേൾക്കുന്നുള്ളൂ.

അലക്സ് വേഗം കാറിന്റെ ചാവി എടുത്തു, വിറയൽ കാരണം അത് കയ്യിൽ നിന്ന് താഴെപ്പോയി. ഒരുവിധത്തിൽ അയാൾ ഓടി കാറിനടുത്തെത്തി. ഡ്രൈവ് ചെയ്യുന്നതിനിടയിൽ പോലീസിൽ വിവരം അറിയിച്ചു. വീട്ടിലെത്തിയപ്പോഴേക്കും നീന ഭ്രാന്തിയെപ്പോലെ ഓടിവന്നു നെഞ്ചിലേക്ക് വീണു.

അലക്സ്,, നമ്മുടെ കുഞ്ഞ്, ഉറക്കികിടത്തി ഞാൻ കുളിക്കാൻ പോയതേ ഉളളൂ,, ഇറങ്ങി വന്നപ്പോൾ തൊട്ടിലിൽ ഇല്ല. എനിക്കറിയില്ല അലക്സ്, എന്റെ കുഞ്ഞിനെ ആരോ കൊണ്ടുപോയതാ…

എന്താ പറയേണ്ടത് എന്നറിയാതെ അലക്സ് അവളെ മുറുക്കെ പിടിച്ചു നിന്നു.

ഒട്ടും വൈകാതെ പോലീസ് എത്തി. ചോദ്യങ്ങൾക്കൊക്കെ നീനയും അലക്സും കൃത്യമായി മറുപടി കൊടുത്തു. ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം ഐവിഎഫി ലൂടെ കിട്ടിയ കുഞ്ഞാണ്. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആരോ കടത്തിക്കൊണ്ട് പോയത് ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോലീസ് നടപടികൾ തുടങ്ങി, കണ്ട്രോൾ റൂമിലേക്കും ഹൈവേ പട്രോളിംഗ് ടീമിനും, സമീപ സ്റ്റേഷനുകളിലേക്കും വിവരം പാഞ്ഞു. വാഹന പരിശോധനകൾ നടത്താൻ നിർദേശം നൽകി. സോഷ്യൽ മീഡിയയിലും ന്യൂസ്‌ ചാനലുകളിലും ഫ്ലാഷ് ന്യൂസ്‌ പോയി.

തകർന്ന മനസ്സോടെ അലക്സും നീനയും ഇനിയെന്ത് എന്നറിയാതിരുന്നു. പോലീസിനെ വിശ്വസിച്ചു കാത്തിരിക്കുക എന്നത് മാത്രമേ അവർക്കു ചെയ്യാനുണ്ടായിരുന്നുള്ളൂ.

രാത്രി ഏഴുമണിയോടെ പത്തനംതിട്ടയിൽ നിന്നും കമ്പത്തേക്ക് പോകുന്ന തമിഴ്നാട് സ്റ്റേറ്റ് ബസ് കുട്ടിക്കാനത്തേക്കുള്ള ചുരം കയറിക്കൊണ്ടിരുന്നു. ഫസ്റ്റ് ഗിയർ താങ്ങി വണ്ടി മെല്ലെ മെല്ലെ കയറ്റം കയറിക്കൊണ്ടിരുന്നു. ഒരു വശത്തു കുത്തനെയുള്ള മലയും മറുവശത്തു അഗാധമായ താഴ്ചയും. കോടമഞ്ഞിലൂടെ വണ്ടിയുടെ ഹെഡ്ലൈറ്റിന്റെ പ്രകാശം നേർരേഖ പോലെ മുന്നോട്ടു നീണ്ടു. തുറന്നു കിടന്ന ഗ്ലാസ്സിലൂടെ തണുത്ത കാറ്റിനൊപ്പം കരിഞ്ഞ മണവും കൂടി അകത്തേക്ക് വീശിയടിച്ചു കൊണ്ടിരുന്നു. കൂടെക്കൂടെ ബസിന്റെ നടുഭാഗത്ത്‌ നിന്നും പിഞ്ചു കുഞ്ഞിന്റെ നിർത്താതെ ഉള്ള കരച്ചിൽ കേട്ട് കണ്ടക്ടർ വന്നു സീറ്റിലേക്കു നോക്കി. ഒരു സ്ത്രീ തലയടക്കം മൂടിപ്പുതച്ചു മാസ്ക് ഒക്കെ വെച്ചു ഒരു കുഞ്ഞിനേയും ചേർത്തു പിടിച്ചു ജനൽ സൈഡിൽ ഇരിപ്പുണ്ട്.

എന്നമ്മാ? കൊഴന്ത റൊമ്പ അഴുതുക്കിട്ടെ ഇറിക്കറാ?

“അത് വന്ത് കുളിര് അടിക്കിറുതിനാല താൻ, ഒന്നും പ്രച്ചനൈ ഇല്ലൈ, ഇപ്പൊ തൂങ്കിടും”

ആമാ, ഉങ്കളെ പാർത്താലേ ഇന്ത കൊഴന്തയുടെ അമ്മ മാതിരി തെരിയലെ?

അയാളുടെ മുഖത്ത് സംശയം നിറഞ്ഞു നിന്നിരുന്നു.

സ്ത്രീ ഒന്നുകൂടെ കുഞ്ഞിനെ നെഞ്ചോട്‌ ചേർത്തു പിടിച്ചു.

സാർ, ഇത് എന്നോട മകളോട കുഴന്തൈ. എന്നോട മകൾ കോട്ടയം മെഡിക്കൽ കോളേജില അഡ്മിറ്റ് ആയിരിക്കാങ്ക. കുഴന്തൈയയും കൂട്ടിക്കിട്ട് അങ്കേ ഇരിക്ക മുടിയാതതാല, നാൻ വീട്ടുക്കു പോറേൻ.

അപ്പടിയാ,, ചെരി, കൊഴന്തയെ പാർത്തുക്കുങ്കോ

കണ്ടക്ടർ ബസിന്റെ മുന്നിലേക്ക്‌ പോയി ഫോണിലേക്ക് മുഖം താഴ്ത്തി. ഇനി കുട്ടിക്കാനം എത്തിയാലേ വണ്ടിക്കു സ്റ്റോപ്പുള്ളൂ. അര മുക്കാൽ മണിക്കൂർ കൊണ്ട് വണ്ടി കുട്ടിക്കാനത്തെത്തി. വലത്തേക്ക് കുമിളി റോഡും ഇടത്തേക്ക് ഏലപ്പാറ – കട്ടപ്പന റോഡും തേയിലകാടുകളുടെ ഇടയിലൂടെ വളഞ്ഞു പുളഞ്ഞു കിടന്നു. മരിയൻ കോളേജിൽ നിന്നും അവധിക്കു വീട്ടിലേക്കു പോകുന്ന കുട്ടികളും പണി കഴിഞ്ഞു നാട്ടിലേക്കു പോകുന്ന തോട്ടം തൊഴിലാളികളും ബസിൽ കയറി. ബസ് വലത്തേക്ക് തിരിഞ്ഞു കുമളി റൂട്ട് ലക്ഷ്യമാക്കി നീങ്ങി.

കുഞ്ഞ് ഉറക്കമായിരുന്നു. ഉടുത്തിരുന്ന കോട്ടൺ സാരിയുടെ മുന്താണീ കൂടി ചേർത്തു സെൽവി കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു. വണ്ടിപ്പെരിയാർ എത്തിയപ്പോൾ കുറെ ആളുകൾ അവിടെ ഇറങ്ങി.ഇരുപതു മിനിറ്റു കൊണ്ട് ബസ് കുമളി സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും സെൽവി ധൃതിയിൽ അവിടെ ഇറങ്ങി. അവിടെ പിങ്ക് പോലീസിന്റെ വണ്ടി കിടക്കുന്നതു കണ്ടു അവർ നേരെ ഓപ്പോസിറ്റു ഭാഗത്തേക്ക്‌ പോയിരുന്നു. പോലീസ്‌കാർ പുതിയതായി വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ട്.

തന്റെയടുത്തേക്ക് ഒരു പോലീസ്‌കാരൻ വരുന്നത് പോലെ തോന്നിയ സെൽവി പെട്ടെന്ന് ബ്ലൗസിന്റെ ഹുക്കുകൾ വിടർത്തി മുലഞെട്ട് കുഞ്ഞിന്റെ വായിലേക്ക് തിരുകി വെച്ചു കൊടുത്തു. വിശന്നു തുടങ്ങിയ കുഞ്ഞ് ആർത്തിയോടെ പാലില്ലാത്ത മുലയിൽ ആഞ്ഞു വലിച്ചു. അവൾ മനഃപൂർവം മുലയുടെ പകുതി ഭാഗവും പുറത്തേക്കു കാണാത്തക്ക വിധം പ്രദർശിപ്പിച്ചിരുന്നു. കുഞ്ഞിനെ പാലൂട്ടുന്നത് കണ്ട പോലീസ്കാരൻ തിരിഞ്ഞു നടന്നു പോയി. ആ തക്കം നോക്കി ആശ്വാസത്തോടെ സെൽവി ജീപ്പ് സ്റ്റാൻഡിലേക്ക് നടന്നു. കുമളിയിൽ നിന്നും ഗൂഢല്ലൂർക്ക് ഷട്ടിൽ സർവീസ് നടത്തുന്ന ജീപ്പിലൊന്നിലേക്ക് അവൾ തിക്കി തിരക്കി കയറിയിരുന്നു.

അവസാന ട്രിപ്പ് ആയതിനാൽ ജീപ്പ് നിറയെ ആളുകൾ ഉണ്ടായിരുന്നു. തമിഴ് വംശജരായ തോട്ടം തൊഴിലാളികൾ ആണ് എല്ലാവരും . വിയർപ്പും മുറുക്കാനും കൂടിക്കുഴഞ്ഞ ഒരുതരം വാടമണത്തിൽ കുളിച്ചു ആണുങ്ങളും പെണ്ണുങ്ങളും സംസാരിച്ചു കൊണ്ടിരുന്നു. ചെക്പോസ്റ്റ്ന് അടുത്ത് എത്തിയതും താൻ വന്ന ബസിൽ കേരള പോലീസ് ചെക്ക് ചെയ്യുന്നത് കണ്ടു സെൽവി ജീപ്പിനുള്ളിലേക്ക് കൂനിക്കൂടി . ജീപ്പിന്റെ ഡ്രൈവർ കയ്യുയർത്തി ചെക്ക്പോസ്റ്റിനു അപ്പുറമുള്ള തമിഴ്നാട് പോലീസിനെ അഭിവാദ്യം ചെയ്തു. പതിവായി കാണുന്നവർ ആയതിനാൽ പോലീസ് ഒരു ചിരിയോടെ ജീപ്പ് കടത്തിവിട്ടു. അത് ലോവർ ക്യാമ്പ് ലക്ഷ്യമാക്കി ഇറക്കം ഇറങ്ങിത്തുടങ്ങി.
എന്ന സാർ, ഏതാവത് പ്രച്ചനൈ ഇരുക്കാ? പതിവില്ലാതെ ബസിനുള്ളിൽ കയറിയുള്ള
ചെക്കിങ് കണ്ടാണ് കണ്ടക്ടർ ചോദിച്ചത്.

ഒരു മിസ്സിംഗ്‌ കേസുണ്ട്. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഒരു ചെറിയ കുഞ്ഞിനെ കാണാനില്ല. സംശയാസ്പദമായി ആരെങ്കിലും കുഞ്ഞുങ്ങളെയും കൊണ്ട് ഈ ബസിൽ യാത്ര ചെയ്തിരുന്നോ?

അയാൾക്ക്‌ പെട്ടെന്ന് സെൽവിയുടെ കയ്യിലിരുന്ന് കരഞ്ഞ കുഞ്ഞിനെ ഓർമ്മ വന്നു.

ആമാ സർ, ഒരു ലേഡി, അവര് ഇങ്ക കുമലിയില് താൻ ഇറങ്കിനാങ്ക
പോലീസ്കാരൻ കുഞ്ഞിന്റെ ഫോട്ടോ ഫോണിൽ കാണിച്ചു.
ഈ കുഞ്ഞായിരുന്നോ അവരുടെ കയ്യിൽ?

അതൈ പാർക്കല സാർ. കുഴന്തൈ അഴുതുക്കിട്ടേ ഇരുന്തുച്ചു. കേട്ടപ്പോ, തന്നോട മകളോട കുഴന്തൈനു സൊന്നാങ്ക. കുളിരാ ഇരുന്തതാല പോർത്തി വെച്ചിരുന്താങ്ക.

പോലീസ് ബസ് അതിർത്തി കടന്നു പോകാൻ അനുവദിച്ചതിനു ശേഷം സംഘങ്ങളായി തിരിഞ്ഞു കുമിളി സ്റ്റാൻഡും പരിസരവും അരിച്ചു പെറുക്കി. ബസ് വന്നിട്ട് പത്തുമിനിറ്റ് പോലും ആകാത്തതിനാൽ കുഞ്ഞിനേയും കൊണ്ട് അധികം ദൂരം എങ്ങോട്ടും പോയിട്ടുണ്ടാവില്ല എന്നാണ് പോലീസ് നിഗമനം. അതിനിടെ കുഞ്ഞ് കുമളിയിൽ ഉള്ളതായി സംശയം എന്ന രീതിയിൽ വാർത്ത പരന്നു. അതോടെ നാട്ടുകാരും പോലീസിനൊപ്പം തിരച്ചിലിൽ പങ്കാളികൾ ആയി. പക്ഷെ നിരാശ ആയിരുന്നു ഫലം.

കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ ജലപാനം പോലും കഴിക്കാതെ അലക്സും നീനയും തളർന്നു കിടന്നു.എല്ലാവരും ഒരേ സ്വരത്തിൽ നീനയെ ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. സോഷ്യൽമീഡിയയിലും സ്ഥിതി വിഭിന്നമായിരുന്നില്ല. കുഞ്ഞിനെ നോക്കാതെ അമ്മ റീൽസ് എടുക്കുകയായിരുന്നു എന്ന് വരെ ആളുകൾ എഴുതി വിട്ടു. കുഞ്ഞിനെയും കടത്തിക്കൊണ്ട് പോയ ആളെയും കണ്ടെത്താൻ ആകാതെ നേരം പുലർന്നു. നീനയെ ബിപി താഴ്ന്ന നിലയിൽ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു. അലക്സിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. വിങ്ങുന്ന ഹൃദയത്തോടെ അയാൾ നീനയ്‌ക്കരികിൽ നിന്നും മാറാതെ ഇരുന്നു.

കുമളി ബസ്സ്റ്റാൻഡിലെ സി സി ടി വി ക്യാമെറയിൽ ബസ്സിൽ നിന്നിറങ്ങുന്ന സെൽവിയുടെ ദൃശ്യം പോലീസിന് കിട്ടി എങ്കിലും അവരെങ്ങോട്ട് പോയി എന്ന കാര്യം ക്യാമെറയിൽ വ്യക്തമായിരുന്നില്ല. കാരണം സ്റ്റാൻഡിനുള്ളിലെ കാമറകളിൽ മിക്കതും പ്രവർത്തനരഹിതമായിരുന്നു. ഒരാഴ്ച മുൻപ് നടന്ന അടിപിടിയിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച കാമറകൾ ശരിയാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ സെൽവി ഏതു ഭാഗത്തേക്കാണ് പോയത് എന്ന് ഉറപ്പിക്കാൻ ആയില്ല. അന്വേഷണം തമിഴ്‌നാട്ടിലേക്കും നീട്ടിയതിന്റെ ഭാഗമായി തമിഴ് ചാനലുകളിലും വാർത്ത വരാൻ തുടങ്ങി.

രാവിലെ കുമളിയിലേക്കുള്ള ഫസ്റ്റ് ട്രിപ്പ്‌ പോകാനായി മുരുഗൻ നേരത്തെ എണീറ്റു.ഫോണിൽ നോക്കുന്നതിനിടയ്ക്കാണ് കുഞ്ഞിനെ കാണാതെ പോയ വാർത്ത കണ്ടത്. വാർത്തയോടൊപ്പം സെൽവിയുടെ അവ്യക്ത ദൃശ്യവും ഉണ്ടായിരുന്നു. വിശദാമ്ശങ്ങൾ വായിച്ച ശേഷം അയാൾ പെട്ടെന്ന് ജീപ്പ് എടുത്തു പുറത്തേക്കു പോയി.

ഗൂഢല്ലൂരിലെ മുന്തിരിപ്പാടങ്ങൾ കടന്നു പോലീസ് ജീപ്പ് പൊടി പറത്തി ഗ്രാമീണ പാതയിലൂടെ സുരുളിപ്പെട്ടി എന്ന ഗ്രാമം ലക്ഷ്യമാക്കി പാഞ്ഞു. വഴിയുടെ ഇരുവശങ്ങളിലെ പാടത്തു പച്ചക്കറികൾ വിളവെടുക്കാറായി നിൽപ്പുണ്ട്. പാടത്തിനപ്പുറം വലിയൊരു തെങ്ങിൻതോപ്പും കഴിഞ്ഞ് ജീപ്പ് കുറെയധികം വീടുകൾ ഉള്ള ഒരു ഭാഗത്തേക്ക്‌ പ്രവേശിച്ചു. ചെറിയ തിണ്ണ ഉള്ള ഒരു പഴയ മോഡൽ ചായം പൂശിയ വീടിന് മുന്നിൽ ജീപ്പ് നിന്നു. പോലീസ് ജീപ്പ് കണ്ടു കൗതുകത്തോടെ കുട്ടികളും ആകാംഷയോടെ മുതിർന്നവരും കൂട്ടം കൂടി നിന്നു. വനിതാ പോലീസ് അടക്കമുള്ള സംഘം വീടിന്റെ മുറ്റത്തേക്ക് കയറി. അകത്തു നിന്നും ചെറിയ ശബ്ദത്തിൽ താരാട്ടു കേൾക്കുന്നുണ്ട്.

“എൻ കണ്ണേ നീ തൂങ്കായോ
അമ്മാ മടിയിലേ ആടി ആടി,
അൻപേ കണ്ണേ തൂങ്കായോ…
മല്ലികൈ പൂ മണം വീസും
പാട്ടി സൊല്ലും കഥൈകേട്ട്,
പാപ്പാ കണ്ണൈ മൂടാച്ചെ ”

വനിതാ പോലീസ് ചാരിയിട്ടിരുന്ന കതകു തുറന്ന് അകത്തേക്ക് കയറി. സെൽവി കുഞ്ഞിനെ മടിയിൽ വെച്ചു മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ട് ഉറക്കുകയാണ്. അടിയിൽ അൽപ്പം പാൽ അവശേഷിപ്പിച്ചു ഒരു പാൽക്കുപ്പിയും കയ്യിലുണ്ട്. അകത്തേക്ക് കയറി വരുന്ന പോലീസ്കാരെ കണ്ടു സെൽവി നടുങ്ങി. ഉറങ്ങിത്തുടങ്ങിയ കുഞ്ഞിനെ അവൾ മാറോടു ചേർത്തു പിടിച്ചു.

ഈ കുഞ്ഞ് ആരുടേതാണ്?

എന്റെ… എന്റെ കുഞ്ഞാ സാർ, നാൻ പെറ്റ കൊഴന്ത താൻ..!

കള്ളം പറഞ്ഞാൽ അടിച്ചു കരണം പൊട്ടിക്കും ഞാൻ, എല്ലാം അറിഞ്ഞിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്. ഈ കുഞ്ഞിനെ നിങ്ങൾ കാഞ്ഞിരപ്പള്ളിയിൽ നിന്നും കടത്തിക്കൊണ്ട് വന്നതല്ലേ?

അയ്യോ,, സാറെ, നാൻ സത്യമാ സോൾറെൻ!

സെൽവി സമ്മതിക്കാൻ തയ്യാറായിരുന്നില്ല. എസ് ഐ തിരിഞ്ഞു നിന്ന് മുരുഗനോട് വരാൻ പറഞ്ഞു.
ഇവരെയാണോ നീ ജീപ്പിൽ കുമളിയിൽ നിന്നും ഗൂഡല്ലൂരിൽ ഇറക്കിയത്?
മുരുഗൻ സെൽവിയെ നോക്കി അതേയെന്നു തലയാട്ടി.
“ആമാ സർ, ഇവര് താൻ.. ഗൂഡല്ലൂരിൽ നാൻ ഇവരെ ഇറക്കി, പോകാൻ നേരം ഇന്ത അക്കാ വീട്ടില് വിടുമോ കാസു കൂടുതൽ തരാമെന്ന് പറഞ്ചു. അന്ത നേരം വേറെ വണ്ടി യഥാവുത് കെടയ്ക്കാത്, പാപ്പാവും ഇറുക്കെ,അങ്കനെ നാൻ താൻ ഇവരെ ഇങ്കെ വീട്ടുക്കു കൊണ്ട് വിട്ടത്”.
തമിഴും മലയാളവും കലർത്തി മുരുഗൻ പറഞ്ഞു.

മുരുഗനെ കണ്ടതും സെൽവിക്ക് താൻ പിടിക്കപ്പെട്ടു എന്ന് മനസ്സിലായി. എസ് ഐയുടെ നിർദ്ദേശപ്രകാരം കുഞ്ഞിനെ പോലീസ്കാർ കയ്യിൽ വാങ്ങി. ഉടനെ തന്നെ വനിതാ പോലീസിൽ ഒരാൾ കൈവീശി അവളുടെ കവിളിൽ അടിച്ചു. സെൽവിയുടെ കണ്ണിൽ കുറച്ചു നേരത്തേക്ക് എന്തോ മിന്നുന്നത് പോലെ തോന്നി.

വന്നു ജീപ്പിൽ കയറെടി !

തല കുനിച്ചു അപമാനഭാരത്തോടെ സെൽവി പോലീസുകാരുടെ പിന്നാലെ ജീപ്പിനടുത്തേക്ക് നടന്നു. പുറത്തു കൂടി നിന്ന ആൾക്കാരും ബന്ധുക്കളും അവളെ കൂകി വിളിച്ചു. കലങ്ങിയ കണ്ണുകളോടെ സെൽവി ജീപ്പിനുള്ളിൽ കുനിഞ്ഞിരുന്നു.

കുഞ്ഞിനെ കിട്ടിയ വിവരം അറിഞ്ഞു അലക്സും നീനയും കുമളി സ്റ്റേഷനിലേക്ക് വന്നിരുന്നു. കുഞ്ഞിനേയും സെൽവിയെയും കൊണ്ട് പോലീസ് സംഘം സ്റ്റേഷനിൽ എത്തിയപ്പോഴേക്കും നീന പാഞ്ഞു ജീപ്പിനടുത്തേക്ക് എത്തി. വനിതാ പോലീസിന്റെ കയ്യിലായിരുന്ന കുഞ്ഞിനെ വാരിയെടുത്തവൾ നെഞ്ചോട്‌ ചേർത്തു. അമ്മേടെ പൊന്നേ എന്ന വിളിയോടെ കുഞ്ഞുമുഖം ഉമ്മകൾ കൊണ്ട് മൂടി. അമ്മയുടെ മണം അറിഞ്ഞ കുഞ്ഞ് പരാതിയോടെ നെഞ്ചിൽ മുഖം കൊണ്ട് പരതി. കുഞ്ഞിക്കൈ കൊണ്ട് നീനയുടെ മാറിൽ തല്ലി പ്രതിഷേധിച്ചു. പാല് നിറഞ്ഞു വിങ്ങികൊണ്ടിരുന്ന നീനയുടെ മുലകളിൽ നിന്നും പാൽ ചുരന്നു അവളുടെ ചുരിദാറിന്റെ നെഞ്ചുഭാഗം നനഞ്ഞു.

വാടീ, ഇറങ്ങടി ഇങ്ങോട്ട്,

ജീപ്പിന്റെ പിന്നിൽ നീനയുടെ പ്രവൃത്തികൾ കണ്ണിമയ്ക്കാതെ വീക്ഷിച്ചു കൊണ്ടിരുന്ന സെൽവിയെ പോലീസ് വലിച്ചിറക്കി. അടിയേറ്റ് അവളുടെ മുഖം നീര് വെച്ചു വീർത്തിരുന്നു.
സെൽവിയെ കണ്ടതും നീന അമ്പരന്നു പോയി . മൂന്ന് മാസങ്ങൾക്കു മുൻപ് കാഞ്ഞിരപ്പള്ളി മേരി ക്വീൻ ആശുപത്രിയിൽ വെച്ചു അവരെ കണ്ടത് മുതലുള്ള കാര്യങ്ങൾ നീനയുടെ ഓർമ്മയിലേക്ക് വന്നു. അന്ന് തങ്ങളെ സഹായിച്ചു കൂടെ നിന്ന ആളാണ്‌ ഈ കൃത്യം ചെയ്തത് എന്ന് അവൾക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല.

അപ്പോ സെൽവിക്ക് മലയാളം അറിയാമല്ലോ, ഇനി പറ എന്തിനാ സെൽവി ഇവരുടെ കുഞ്ഞിനെ തട്ടിയെടുത്തത്?
എസ് ഐ സാജൻ സക്കറിയ സെൽവിയുടെ മുന്നിലേക്ക്‌ വന്നു.
കള്ളമാണ് പറയുന്നതെങ്കിൽ പെണ്ണാണ് എന്നുനോക്കില്ല, അടിച്ചു കരണം പുകയ്ക്കും.

സെൽവി തല കുനിച്ചു നിന്നു. അവളുടെ കണ്ണുകളിൽ നിന്നും മിഴിനീർ ഉതിർന്നു തറയിൽ വീണു കൊണ്ടിരുന്നു.
ഇവിടെ നിന്റെ കണ്ണീർ നാടകമൊന്നും വേണ്ട, വേഗം സത്യം പറ !
കൊതികൊണ്ടാ സാറെ,, കുറച്ചു നാൾ എങ്കിലും ഒരു കുഞ്ഞിന്റെ അമ്മ ആകാനുള്ള കൊതി കൊണ്ടാ! പറഞ്ഞതും തികട്ടിവന്നൊരു തേങ്ങൽ അവൾ കടിച്ചമർത്തി.
മനസ്സിലായില്ല ? എസ് ഐ മുഖം ചുളിച്ചു.

സാർ, കൊഞ്ചം വെള്ളം …
മേശയിലിരിക്കുന്ന ബോട്ടിലിൽ നിന്നും പകുതിയോളം സെൽവി കുടിച്ചു. ശേഷം ഏകദേശം ഒന്നേകാൽ വർഷത്തോളം നീണ്ട കൃത്യമായ പ്ലാനിംഗിന്റെ കഥ പറയാൻ തുടങ്ങി.

സെൽവിയും ഭർത്താവ് തങ്കമുത്തുവും ഗൂഢല്ലൂരിലെ മുന്തിരിത്തോട്ടത്തിലെ പണിക്കാർ ആയിരുന്നു. കല്യാണം കഴിഞ്ഞ് വർഷങ്ങൾ ആയിട്ടും ഒരു കുഞ്ഞ് എന്ന അവരുടെ ആഗ്രഹം പൂവണിഞ്ഞില്ല. തുച്ഛമായ വരുമാനം കൂട്ടിവെച്ച് ആശുപത്രികൾ തോറും കയറിയിറങ്ങി. എവിടെ നിന്നും അവർക്കു അനുകൂലമായ ഒരു മറുപടി ലഭിച്ചില്ല. അവസാനം അവർ ഒറ്റമൂലികളും മന്ത്രവാദവും പരീക്ഷിച്ചു. അപ്പോഴേക്കും തങ്കമുത്തുവിന്റെ വീട്ടുകാരും ബന്ധുക്കളും സെൽവിയെ പരിഹാസത്തോടെ കാണാനും മച്ചിയെന്ന് വിളിച്ചു അവഹേളിക്കാനും തുടങ്ങിയിരുന്നു .

വിശേഷങ്ങൾക്കും കുടുംബത്തിലെ ചടങ്ങുകൾക്കും അവളെ ആരും ക്ഷണിക്കാതെ ആയി. കുഞ്ഞുങ്ങളെയും കൊണ്ട് അവളുടെ മുന്നിൽ നിന്നും മാറി നടക്കാൻ തുടങ്ങി. ഒരു കുഞ്ഞെന്ന മോഹം ദിവസങ്ങൾ ചെല്ലുന്തോറും അവളിൽ കൂടിക്കൊണ്ടിരുന്നു. അങ്ങനെ ഇരിക്കെ തോട്ടത്തിൽ പണിയ്ക്കിടയിൽ തങ്കമുത്തു കുഴഞ്ഞു വീണു മരിച്ചു. അതോടെ വീട്ടുകാരും നാട്ടുകാരും സെൽവിയെ തീർത്തും ഒറ്റപ്പെടുത്തി. അവളുടെ ദോഷം കൊണ്ടാണ് തങ്കമുത്തു ആയുസ്സ് എത്താതെ മരിച്ചത് എന്നും കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് എന്നും ആളുകൾ പറഞ്ഞു നടന്നു. തന്റെ ജീവിതത്തിൽ ഒരു കുഞ്ഞ് വന്നേ തീരൂ എന്ന് തീരുമാനിച്ച സെൽവി അതിനായി പദ്ധതി തയ്യാറാക്കി.

തങ്കമുത്തു മരിച്ചു കൃത്യം ഒരു മാസത്തിനു ശേഷം സെൽവി താൻ ഗർഭിണി ആണെന്ന് എല്ലാവരെയും അറിയിച്ചു. മികച്ച ചികിത്സക്കായി കേരളത്തിലേക്ക് പോവുകയാണെന്നും പറഞ്ഞു അവൾ സുരുളിപ്പെട്ടി വിട്ടു കോട്ടയത്തേക്ക് എത്തി. അവിടെ ഓരോ സ്ഥാപനങ്ങളിലും കയറിയിറങ്ങി ജോലി ചോദിച്ചു. കോട്ടയത്ത്‌ ജോലി കിട്ടില്ല എന്ന് മനസ്സിലായപ്പോൾ അവിടെ നിന്നും കിട്ടിയ ബസിനു കയറി കാഞ്ഞിരപ്പള്ളിയിൽ എത്തി.
ടൗണിൽ തന്നെയുള്ള കത്തീഡ്രൽ പള്ളിയുടെ നടയിൽ തളർന്നിരിക്കുന്നത് കണ്ടു ഒരു കന്യാസ്ത്രീ വിളിച്ചു കൊണ്ട് പോയി ഭക്ഷണവും വെള്ളവും വാങ്ങിക്കൊടുത്തു. അവരാണ് നാട്ടുകാർ ഇരുപത്താറാശുപത്രി എന്ന് വിളിക്കുന്ന മേരി ക്വീൻ ആശുപത്രിയിൽ ക്ലീനിങ് ജോലി കിട്ടാൻ സഹായിച്ചത്. നല്ല പെരുമാറ്റവും ജോലിയിലെ ആത്മാർത്ഥതയും കൊണ്ട് സെൽവി എല്ലാവരുടെയും ഇഷ്ടപാത്രമായി.

ഇടയ്ക്ക് ലീവെടുത്തു അവൾ സ്വന്തം നാട്ടിലേക്ക് പോകും. വയറിൽ പാഡ് കെട്ടി വെച്ച് ഗർഭിണി ആണെന്ന് തോന്നത്തക്ക രീതിയിൽ ആയിരുന്നു നാട്ടിലേക്കു പോയിരുന്നത്. അവസാനം പോയ സമയത്തു ഇനി പ്രസവം കഴിഞ്ഞ് കുഞ്ഞിനേയും കൊണ്ടേ വരൂ എന്ന് പറഞ്ഞാണ് സെൽവി തിരികെ കാഞ്ഞിരപ്പള്ളിയിലേക്ക് വന്നത്. ആ സമയത്തു ആണ് നീനയും അലക്സും മേരി ക്വീൻ ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റ്‌ ആയതു. അവരുമായി വളരെ പെട്ടെന്ന് അടുത്ത സെൽവി തന്റെ പദ്ധതിയുടെ അവസാന ഘട്ടം ആസൂത്രണം ചെയ്തു. മുറി ക്ലീൻ ചെയ്യുന്നതിനിടയിൽ നീനയോടു ചോദിച്ചു എല്ലാ കാര്യങ്ങളും മനസ്സിലാക്കി. പ്രസവസമയത്തു തന്റെയോ അലക്സിന്റെയോ അമ്മമാർ കൂടെ ഉണ്ടാവില്ല എന്ന് സങ്കടപ്പെട്ട നീനയെ ഞാൻ ഉണ്ടല്ലോ എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു. നീനയുടെ അമ്മ ആ സമയം കാനഡയിൽ ഇളയ മകളുടെ കുഞ്ഞിനെ നോക്കാനായി പോയിരിക്കുകയാണ്. അലക്സിന്റെ അമ്മ വീണു കൈയൊടിഞ്ഞിരിക്കുന്ന സമയവും. പറഞ്ഞത് പോലെ തന്നെ നീനയ്ക്ക് വേദന വന്ന സമയത്തും പ്രസവം കഴിഞ്ഞുമൊക്കെ സെൽവി തന്നെ കൂടെ നിന്നു ശുശ്രൂഷിച്ചു. ജോലിയുടെ ഇടവേളകളിൽ കുഞ്ഞിനെ നോക്കാനും താലോലിക്കാനും ഓടിയെത്തുന്ന സെൽവിയെ നീനയ്ക്കും ഒരുപാട് ഇഷ്ടമായി. വീട്ടിലേക്കു പോകാൻ നേരം അവർ നല്ലൊരു തുക സെൽവിയ്ക്ക് സമ്മാനിക്കുകയും ചെയ്തു. പിന്നീട് ലീവെടുക്കുന്ന ദിവസങ്ങളിൽ സെൽവി നീനയുടെയും അലക്സിന്റെയും വീട്ടിൽ ചെല്ലുന്നതു പതിവാക്കി. കുഞ്ഞിന്റെ കാര്യങ്ങൾ വളരെ ഇഷ്ടത്തോടെ ചെയ്യുന്നത് കൊണ്ടും വീട്ടിലെ കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്നത് കൊണ്ടും സെൽവി ചെല്ലുന്നതു നീനയ്ക്കു ഒരുപാട് ആശ്വാസവും ഇഷ്ടവും ആയിരുന്നു. അങ്ങനെ അവരുടെ വീട്ടിൽ എപ്പോൾ വേണമെങ്കിലും ചെല്ലാം എന്ന സ്ഥിതിയിലേക്ക് സെൽവി കാര്യങ്ങൾ എത്തിച്ചു.

കുഞ്ഞിനെ കാണാതായതിന്റെ തലേന്നും സെൽവി വീട്ടിൽ എത്തിയിരുന്നു. വൈകുന്നേരത്തോടെ നീനയോടു തിരികെ പോവാണെന്ന് പറഞ്ഞു ഇറങ്ങുകയും ചെയ്തു. പക്ഷെ സെൽവി അന്ന് പോയില്ല. അപൂർവ്വമായി മാത്രം തുറക്കുന്ന സ്റ്റോർറൂമിൽ അവൾ രാത്രി മുഴുവനും പിറ്റേന്ന് പകലും ഒളിച്ചിരുന്നു. വൈകുന്നേരത്തോടെ അലക്സ് അയാളുടെ ഇലക്ട്രോണിക്സ് ഷോറൂമിലേക്ക്‌ പോയി. അയാൾ പോയതിനു ശേഷം കുഞ്ഞിനെ പാല് കൊടുത്തു ഉറക്കി നീന കുളിക്കാൻ കയറി. ആ സമയം ഏകദേശം രണ്ട് മണിക്കൂറോളം കുഞ്ഞ് സുഖമായി ഉറങ്ങും. അതുകൊണ്ട് തന്നെ നീന എന്നും അപ്പോഴാണ് കുളിക്കാറ്. അതറിയാവുന്ന സെൽവി നീന ബാത്‌റൂമിൽ കയറിയ ഉടനെ സ്റ്റോർ റൂമിൽ നിന്നും പുറത്തിറങ്ങി കുഞ്ഞിനെ എടുത്ത് അതിവേഗം പുറത്തിറങ്ങി. ഗേറ്റ് കടന്ന് റോഡിൽ ഇറങ്ങിയതും കട്ടപ്പനയ്ക്കുള്ള കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ് വന്നു. അതിൽ കയറി ഇരുപതു മിനിറ്റ് കൊണ്ട് മുണ്ടക്കയത്തു എത്തി. ഏകദേശം അതേ സമയം തന്നെയാണ് പത്തനംതിട്ടയിൽ നിന്നും കമ്പത്തേക്കുള്ള തമിഴ്നാട് സ്റ്റേറ്റ് ബസ് മുണ്ടക്കയം സ്റ്റാൻഡിൽ എത്തുന്നത് . കുഞ്ഞിനെ കാണാനില്ല എന്ന വിവരം നീന അലക്സിനെ അറിയിക്കുമ്പോഴേക്കും സെൽവി കുഞ്ഞിനേയും കൊണ്ട് കമ്പം ബസിൽ യാത്ര തുടങ്ങിയിരുന്നു.

മ്മ് മതി.. ബാക്കി കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നത് ആണല്ലോ. എസ് ഐ കസേര വലിച്ചിട്ടു അതിലേക്കു ഇരുന്നു. നീന എന്ത് പറയണമെന്നറിയാതെ, കേട്ട കാര്യങ്ങൾ വിശ്വസിക്കാൻ ആകാതെ നിന്നു. അലക്സ് സെൽവിയുടെ മുന്നിലെത്തി. നിങ്ങളെ ഒരുപാട് വിശ്വസിച്ചു പോയതിന്റെ കൂലി ആയിരുന്നല്ലേ ഇത്? എങ്ങനെ തോന്നി ഞങ്ങളോട് ഇങ്ങനെ ചെയ്യാൻ?

സെൽവി അലക്സിനു നേരെ കൈകൂപ്പി. അവൾക്കു ഇനിയൊന്നും പറയാൻ ഇല്ലായിരുന്നു.
കേസിന്റെ തുടർനടപടികൾക്കായി സെൽവിയെ കാഞ്ഞിരപ്പള്ളിയിലേക്ക് എത്തിക്കേണ്ടത് ഉണ്ടായിരുന്നു. കുമളി പോലീസ് സ്റ്റേഷനിലെ പോലീസ്കാരോട് നന്ദി പറഞ്ഞു നീനയും അലക്സും കുഞ്ഞിനേയും കൊണ്ട് പോകാൻ ഇറങ്ങിയതും സെൽവി ഒരു കാറ്റ് പോലെ അവർക്കരികിലേക്ക് പാഞ്ഞു വന്നു.

നീനമ്മാ,, ഒരു വട്ടം, ഒരേയൊരു വട്ടം ഞാൻ ഒന്നെടുത്തോട്ടെ? ഒരു ദിവസം എങ്കിലും എനിക്കൊരമ്മയായി ജീവിക്കാൻ ഭാഗ്യം തന്നത് ഇവനാ.. എൻ തങ്കക്കട്ടി. ഒരു വട്ടം, ഒന്ന് എടുത്തോട്ടെ?? രണ്ട് കൈയ്യും തനിക്കു നേരെ നീട്ടി കണ്ണീരൊഴുക്കി നിൽക്കുന്ന സെൽവിയെ അവഗണിക്കാൻ നീനയിലെ അമ്മമനസ്സിന് സാധിക്കുമായിരുന്നില്ല. അലക്സ് തടഞ്ഞിട്ടും അവൾ കുഞ്ഞിനെ സെൽവിയുടെ കയ്യിലേക്ക് വെച്ച് കൊടുത്തു.

ഒരു തേങ്ങലോടെ സെൽവി കുഞ്ഞിന്റെ കയ്യിലും കാലിലും ഉമ്മ വെച്ചു.

എൻ കണ്ണാ,, എൻ ചെല്ലോം
നല്ലപടിയാ വളരണും,
നല്ല പുള്ളയ്യാ ഇരിക്കണും…
അപ്പാവെയും അമ്മാവെയും
അൻപോട കാപ്പാത്തണം…
അവങ്കളുക്ക് കഷ്ടം ഇല്ലാമ,
കണ്ണു നിറയ സിരിക്കണം…
എൻ കണ്ണൻ പൊന്നു മകൻ,
ഊരു പോറ്റും പുള്ളയ്യാക…
നല്ല മനസും, നല്ല ഗുണവും
ഉന്നോട എന്നും ഇരിക്കണം… കുഞ്ഞിന്റെ നെറുകയിൽ ഒന്ന് മുത്തി സെൽവി തിരികെ നീനയുടെ കയ്യിലേക്ക് കൊടുത്തു. നീനയുടെ മുന്നിൽ കൈകൂപ്പി സെൽവി പൊട്ടിക്കരഞ്ഞു.

ശപിക്കല്ലേ നീനമ്മാ, കുഞ്ഞിനെ ഉപദ്രവിക്കാൻ അല്ല, കൊതി കൊണ്ട് സെയ്ത് പോയതാ മന്നിച്ചിടണം.

നീന അവരുടെ കൂപ്പിപ്പിടിച്ച കൈകളിൽ വലതു കൈ കൊണ്ട് ഒന്ന് തലോടി.
സാരമില്ല, ജാമ്യത്തിലിറക്കാൻ ഞങ്ങൾ വരും.ഇപ്പോൾ പോട്ടെ,

സെൽവി നിറകണ്ണുകളോടെ തലയാട്ടി.

ഒരു കുഞ്ഞിന് വേണ്ടി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് താണ്ടിയ രണ്ട് സ്ത്രീകളായിരുന്നു ഇരുവരും. ഒരാളെ ഭാഗ്യം കടാക്ഷിച്ചപ്പോൾ മറ്റെയാൾ നിർഭാഗ്യത്തിന്റെ പടുകുഴിയിലേക്ക് വീണുപോയി. നിരാശയുടെ കയ്പ്പ്നീർക്കയത്തിൽ മുങ്ങിപ്പോയ സെൽവിയുടെ അവസാന കച്ചിത്തുരുമ്പായിരുന്നു കഴിഞ്ഞതൊക്കെയും എന്ന് മറ്റാരേക്കാളും നന്നായി നീനയ്ക്ക് മനസ്സിലാകുമായിരുന്നു. കാരണം ഇരുവരിലും തുടിച്ചിരുന്നത് ഒരേ അമ്മമനമായിരുന്നു.

✍️സൗമ്യ സാബു

Leave a Reply

Your email address will not be published. Required fields are marked *