എന്റെ അമ്മയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ എനിക്ക് കഴിയില്ല അച്ഛാ… ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് സമ്മതിക്കില്ല.” ശേഖർ നിശബ്ദനായി. കാരണം മകളുടെ വാക്കുകൾ തന്റെ….

“എന്റെ അമ്മയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ എനിക്ക് കഴിയില്ല അച്ഛാ… ഞാൻ ജീവിച്ചിരിക്കുമ്പോൾ അച്ഛൻ മറ്റൊരു വിവാഹം കഴിക്കാൻ ഞാൻ സമ്മതിക്കില്ല.”

അനഘയുടെ ശബ്ദം വിറച്ചിരുന്നു. ആ വാക്കുകൾ കേട്ടപ്പോൾ ശേഖറിന്റെ മുഖത്ത് ഒരു നിമിഷം വേദന നിറഞ്ഞു. പക്ഷേ അയാൾ മകളോട് ദേഷ്യപ്പെട്ടില്ല.
കാരണം അവളുടെ വാക്കുകൾക്കു പിന്നിൽ തന്റെ മകൾക്ക് അമ്മയോട് ഉള്ള സ്നേഹമാണെന്ന് അയാൾക്ക് അറിയാമായിരുന്നു.
എന്നാൽ അവൾക്ക് അറിയില്ലായിരുന്നു വർഷങ്ങളായി അച്ഛൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ എന്താണെന്ന്.

ഒരിക്കൽ സന്തോഷം മാത്രം നിറഞ്ഞിരുന്നതായിരുന്നു ശേഖറിന്റ ജീവിതം . ഭാര്യ രമയും രണ്ട് പെൺമക്കളായ അശ്വതിയും അനഘയും ആയിരുന്നു അയാളുടെ ലോകം.
ചെറിയൊരു ജോലിയായിരുന്നു ശേഖറിന്. വലിയ സമ്പത്തൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ സ്നേഹത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.
രമയുടെ ചിരിയും മക്കളുടെ കളിയും കൊണ്ട് ആ ചെറിയ വീട് സ്വർഗം പോലെയായിരുന്നു.
എന്നാൽ വിധി അവർക്ക് വേണ്ടി മറ്റൊന്ന് കരുതിയിരുന്നു.
ഒരു അസുഖം രമയെ പതുക്കെ അവരിൽ നിന്ന് പറിച്ചു മാറ്റി.
അന്ന് മൂത്ത മകൾ അശ്വതിക്ക് പതിനേഴും, ഇളയ മകൾ അനഘയ്ക്ക് പതിമൂന്നും വയസ്സായിരുന്നു.
ഭാര്യയുടെ വേർപാടിൽ തകർന്ന ശേഖറിന് കരയാൻ പോലും സാധിച്ചിരുന്നില്ല
കാരണം മുന്നിൽ രണ്ട് പെൺമക്കളുണ്ടായിരുന്നു.

“ഇനി ഈ മക്കൾക്ക് അമ്മയും അച്ഛനും ഞാനാണ്.ഇവരെ യാതൊരു കുറവും അറിയിക്കാതെ, വിഷമിപ്പിക്കാതെ ഞാൻ നോക്കും”
അന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു.

രണ്ട് പേരുടെയും പഠനം , തന്റെ മക്കളുടെ ചെറിയ ആഗ്രഹങ്ങൾ, അവരുടെ സുരക്ഷ… എല്ലാം അയാൾ തന്റെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യമാക്കി.
രാവിലെ ജോലിക്ക് പോകും.
വൈകിട്ട് വീട്ടിലെത്തി മക്കൾക്കായി ഭക്ഷണം ഉണ്ടാക്കും.
അവർ ഉറങ്ങുന്നതുവരെ അവരുടെ കാര്യങ്ങൾ നോക്കും.
പലപ്പോഴും സ്വന്തം വിഷമങ്ങൾ മറച്ച് ചിരിക്കും.
അവരുടെ ജീവിതത്തിൽ അമ്മയില്ലെന്ന ചിന്ത കടന്ന് വരാൻ പോലും ശേഖർ അനുവദിച്ചിരുന്നില്ല.
അതിനു വേണ്ടി ആ അച്ഛൻ പകരം നൽകിയത് തന്റെ ജീവിതം തന്നെ ആയിരുന്നു.

കാലം കടന്നു പോയി.
അശ്വതി വളർന്നു.ഒരുപാട് കണ്ടെത്തലുകൾക്ക് ഒടുവിൽ നല്ലൊരു കുടുംബത്തിലേക്ക് തന്നെ അവളെ വിവാഹം കഴിച്ചുവിട്ടു.
മകളെ യാത്രയാക്കുന്ന ദിവസം ശേഖർ പുറമേ കരഞ്ഞില്ല
പക്ഷേ എല്ലാത്തിരക്കും കഴിഞ്ഞു മുറിയിലേക്ക് കയറിയതും രമയുടെ ചിത്രത്തിന് മുന്നിൽ ഇരുന്ന് അയാൾ പൊട്ടി പൊട്ടി കരഞ്ഞു.

“നമ്മുടെ ആദ്യത്തെ മകൾ പോയി രമ…നീ എന്നേ തനിച്ചാക്കി പോയപ്പോ ഞാൻ ജീവിച്ചിരുന്നത് തന്നെ നമ്മുടെ മക്കൾക്ക് വേണ്ടിയാണു ഇപ്പോൾ മോളും കൂടി പോയപ്പോ വീട് പെട്ടെന്ന് ശൂന്യമായി.” അയാൾ തേങ്ങി കരഞ്ഞു കൊണ്ടിരുന്നു
അപ്പോഴും അയാൾക്ക് ഒരു ആശ്വാസമുണ്ടായിരുന്നു.
അനഘ ഉണ്ടല്ലോ എന്ന് .

അനഘ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു.
അവളുടെ ചിരിയും സംസാരവും കൊണ്ട് ആ വീട് ഇപ്പോഴും ജീവിച്ചിരിക്കുന്നു.
പക്ഷേ പോകെ പോകെ അച്ഛന്റെ മനസ്സിൽ ഒരു പേടി പതുക്കെ വളർന്നു തുടങ്ങി.
നാളെ അനഘയും പഠനം കഴിഞ്ഞ് വിവാഹം കഴിച്ച് പോയാൽ…?
ഈ വീട്ടിൽ താൻ മാത്രം ബാക്കിയാകില്ലേ..?
അസുഖം വന്നാൽ ഒന്ന് വെള്ളം എടുത്തു തരാൻ ആരുമില്ലാതെ പോകുമോ?
സന്തോഷം പറയാനും ദുഃഖം പങ്കിടാനും ഒരാൾ പോലും ഇല്ലാത്ത ജീവിതം എങ്ങനെയായിരിക്കും?ഇപ്പോഴത്തെ ഒറ്റപ്പെടൽ പോലും താങ്ങാൻ ആകാത്ത താൻ പിന്നീട് അനഘ കൂടി പോയാൽ പൂർണമായും ഭ്രാന്തനായി മാറും.

ഈ ചിന്തകളാണ് ശേഖറിനെ വീണ്ടും ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിച്ചത്.
അത് ഒരു പുതിയ ജീവിതം തേടിയല്ലായിരുന്നു.
വർഷങ്ങളായി ഒറ്റയ്ക്ക് പോരാടിയ ഒരു മനുഷ്യന് ഒരു തുണയ്ക്ക് വേണ്ടിയായിരുന്നു.പലകുറി ആലോചിച്ചു.. രമയോട് അനുവാദം വാങ്ങി അവരോട് മാപ്പ് പറഞ്ഞു.. ഇനി മക്കളോട് കാര്യം പറയുക എന്നതാണ് അയാളെ സംബന്ധിച്ച് വലിയ കാര്യം..
ഒടുവിൽ ഒരു ദിവസം അയാൾ അനഘയോട് രണ്ടും കല്പിച്ച് കാര്യം പറഞ്ഞു.

“മോളെ… നിന്നോട് അച്ഛന് ഒരു കാര്യം പറയാനുണ്ട്.”
അനഘ അച്ഛനെ നോക്കി.

“ഞാൻ വീണ്ടും ഒരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.”
ആ വാക്കുകൾ കേട്ട നിമിഷം അനഘയുടെ മുഖം മാറി.
അവളുടെ മനസ്സിലേക്ക് ആദ്യം വന്നത് അമ്മയുടെ മുഖമായിരുന്നു.

അവൾ കണ്ണീരോടെ പറഞ്ഞു…
“എന്റെ അമ്മയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ എനിക്ക് കഴിയില്ല അച്ഛാ… ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് സമ്മതിക്കില്ല.”
ശേഖർ നിശബ്ദനായി.
കാരണം മകളുടെ വാക്കുകൾ തന്റെ ഹൃദയത്തെ വേദനിപ്പിച്ചെങ്കിലും, അവളുടെ മനസ്സിലെ അമ്മയോടുള്ള സ്നേഹം അയാൾക്ക് മനസ്സിലായിരുന്നു.

അനഘയുടെ വാക്കുകൾക്ക് ശേഷം ശേഖർ പിന്നെ ആ വിഷയം മകളോട് സംസാരിച്ചില്ല.
പക്ഷേ ആ നിശബ്ദതയിൽ ഒരുപാട് വേദന ഒളിഞ്ഞിരുന്നു.
അനഘ കരുതിയത് താൻ അച്ഛനെ സംരക്ഷിക്കുകയാണെന്നാണ്.
അമ്മയുടെ ഓർമ്മകൾക്ക് കാവൽ നിൽക്കുകയാണെന്നാണ്.
പക്ഷേ അവൾ അറിഞ്ഞിരുന്നില്ല…
അച്ഛൻ വർഷങ്ങളായി തന്റെ സന്തോഷങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരാളാണെന്ന്.

ദിവസങ്ങൾ കടന്നുപോയി.
അശ്വതി ഇടയ്ക്കിടെ വീട്ടിലേക്ക് വരും. പക്ഷേ അവൾക്കും ഇപ്പോൾ സ്വന്തം കുടുംബവും ഉത്തരവാദിത്തങ്ങളും ഉണ്ടായിരുന്നു.

ഒരു ദിവസം അശ്വതി അച്ഛനോട് പറഞ്ഞു.
“അച്ഛാ, അനഘയും കുറച്ച് കാലം കഴിഞ്ഞാൽ സ്വന്തം ജീവിതത്തിലേക്ക് പോകും. അപ്പോൾ അച്ഛൻ ഒറ്റയ്ക്ക് ആകില്ലേ?”

ശേഖർ ചെറുതായി ചിരിച്ചു.
“എന്റെ മക്കൾ സന്തോഷമായി ഇരിക്കുന്നത് കണ്ടാൽ മതി മോളെ.”
ആ ചിരിയുടെ പിന്നിലെ വിഷമം അശ്വതിക്ക് മനസ്സിലായി.
അച്ഛൻ ഒരിക്കലും തന്റെ വേദന മക്കളോട് പറയില്ലെന്ന് അവൾക്ക് അറിയാമായിരുന്നു.

ഒരു ദിവസം അനഘ കോളേജിൽ നിന്ന് നേരത്തെ വീട്ടിലെത്തി.
വീട്ടിൽ കയറിയപ്പോൾ അച്ഛൻ മുറിയിൽ പഴയൊരു പെട്ടി തുറന്ന് ഇരിക്കുന്നത് കണ്ടു.
അത് അമ്മ രമയുടെ സാധനങ്ങളായിരുന്നു.
അവരുടെ സാരികൾ, പഴയ കത്തുകൾ, ഫോട്ടോകൾ…എല്ലാം ഭദ്രമായി അയാൾ സൂക്ഷിച്ചു വെച്ചിരുന്നു.

അച്ഛൻ അമ്മയുടെ ഒരു പഴയ ഫോട്ടോ കൈയിൽ പിടിച്ച് ഇരിക്കുന്ന ദൃശ്യം അവളെ വേദനിപ്പിച്ചു.

“രമ… നമ്മുടെ മക്കൾ വലിയ കുട്ടികളായി. ഞാൻ എന്റെ വാക്ക് പാലിച്ചു. അവരെ നല്ല രീതിയിൽ വളർത്തി. പക്ഷേ ഇനി അവർ അവരുടെ ജീവിതത്തിലേക്ക് പോകുമ്പോൾ ഞാൻ മാത്രം ഇവിടെ ബാക്കിയാകുമോ എന്നൊരു പേടി തോന്നുന്നു.”
ആ വാക്കുകൾ കേട്ട അനഘയുടെ കണ്ണുകൾ നിറഞ്ഞു.
അന്ന് ആദ്യമായാണ് അവൾ അച്ഛന്റെ ഒറ്റപ്പെടൽ മനസിലാക്കിയത്.
ചെറുപ്പത്തിൽ പനി വന്നപ്പോൾ രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരുന്ന അച്ഛനെ അവൾക്ക് പെട്ടെന്ന് ഓർമ്മ വന്നു….
തന്റെ സ്കൂൾ ഫീസിനായി സ്വന്തം ആവശ്യങ്ങൾ മാറ്റിവെച്ച അച്ഛനെ…
മക്കൾക്ക് ഒരു നല്ല ഭാവി നൽകാൻ ജീവിതം മുഴുവൻ അധ്വാനിച്ച അച്ഛനെ…
അവൾ അമ്മയെ നഷ്ടപ്പെട്ട തന്റെ വേദന മാത്രമേ കണ്ടിരുന്നുള്ളൂ .
പക്ഷേ അച്ഛന് ഭാര്യയെ മാത്രമല്ല, തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയെയും കൂടിയാണ് നഷ്ടപ്പെട്ടതെന്ന് അവൾ മനസ്സിലാക്കിയിരുന്നില്ല.
അന്ന് രാത്രി അനഘയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
അവളുടെ മനസ്സിൽ അച്ഛന്റെ വാക്കുകൾ മാത്രം മുഴങ്ങി.
“നാളെ അവർ അവരുടെ ജീവിതത്തിലേക്ക് പോകുമ്പോൾ ഈ വീട്ടിൽ ഞാൻ മാത്രം ബാക്കിയാകും…”
പിറ്റേന്ന് രാവിലെ അനഘ അച്ഛന്റെ അടുത്തെത്തി.

“അച്ഛാ…”
ശേഖർ അവളെ നോക്കി.
അവളുടെ കണ്ണുകളിൽ പഴയ വാശിയില്ലായിരുന്നു.
പകരം സ്നേഹവും കുറ്റബോധവും മാത്രം ആയിരുന്നു.

“എന്നോട് ക്ഷമിക്കണം അച്ഛാ.”
ശേഖർ ഞെട്ടി.

“എന്തിനാ മോളെ?”

അനഘ അച്ഛന്റെ കൈ പിടിച്ചു.
“അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. പക്ഷേ അമ്മയെ സ്നേഹിക്കുന്നതിന്റെ പേരിൽ അച്ഛന്റെ ജീവിതത്തിലെ സന്തോഷം ഞാൻ ഇല്ലാതാക്കാൻ പാടില്ലായിരുന്നു.”

ശേഖറിന്റെ കണ്ണുകൾ നിറഞ്ഞു.
“നീ എന്റെ മകളാണ് മോളെ… നിനക്ക് അങ്ങനെ തോന്നിയത് സ്വാഭാവികമാണ്.”

അനഘ കരഞ്ഞുകൊണ്ട് പറഞ്ഞു.
“അമ്മയുടെ സ്ഥാനം ആരും എടുക്കില്ല അച്ഛാ… അത് ഒരിക്കലും സാധിക്കില്ല. പക്ഷേ അച്ഛന്റെ ജീവിതത്തിൽ കൂട്ടായി ഒരാൾ വരുന്നത് നല്ലത് ആണെന്ന് ഇന്ന് എനിക്ക് മനസ്സിലായി.”
ആ വാക്കുകൾ ശേഖറിന് വർഷങ്ങൾക്ക് ശേഷം ഒരു ആശ്വാസമായി.

എല്ലാവരുടെയും സമ്മതത്തോടെ അങ്ങനെ കുറച്ച് മാസങ്ങൾക്ക് ശേഷം ശേഖറിന്റെ ജീവിതത്തിലേക്ക് ഭാര്യയായി ഇന്ദു കടന്നു വന്നു.
ഇന്ദു ഒരിക്കലും രമയുടെ സ്ഥാനം നേടാൻ ശ്രമിച്ചില്ല.
അവൾ അനഘയോട് പറഞ്ഞത് ഒന്ന് മാത്രം.
“നിന്റെ അമ്മയുടെ സ്ഥാനം ഞാൻ തട്ടിയെടുക്കാൻ വന്നതല്ല മോളെ… നിന്റെ അച്ഛന് ഒറ്റപ്പെടലിൽ ഒരു കൂട്ടായി നിൽക്കാനാണ് വന്നത്.”
ആ വാക്കുകൾ അനഘയുടെ മനസ്സിൽ തട്ടി.
പതുക്കെ ആ വീട്ടിൽ വീണ്ടും ചിരി തിരികെ വന്നു.
അനഘ പഠനം പൂർത്തിയാക്കി ജോലി നേടി.കൂടി പഠിച്ചിരുന്ന പയ്യനെ തന്നെ വിവാഹം കഴിച്ചു തരണം എന്ന് അവൾ അച്ഛനോട് പറഞ്ഞു.. അയാൾ അത് എതിർത്തില്ല.

തന്റെ വിവാഹത്തിന് മുമ്പ് ഒരു ദിവസം അവൾ തന്റെ അച്ഛന്റെ അരികിൽ ഇരുന്നു.
“അച്ഛാ, ഒരിക്കൽ ഞാൻ അച്ഛനെ മനസ്സിലാക്കിയില്ല. അമ്മയെ നഷ്ടപ്പെടുമോ എന്ന പേടിയിൽ അച്ഛനെ ഒറ്റയ്ക്കാക്കി.”

ശേഖർ പുഞ്ചിരിച്ചു.
“മക്കൾ തെറ്റ് മനസ്സിലാക്കുമ്പോഴാണ് അവർ വളരുന്നത് മോളെ.”

അനഘ അച്ഛനെ ചേർത്തുപിടിച്ചു.
“അച്ഛാ… അച്ഛൻ ഞങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ ജീവിച്ചു. ഇനി നിങ്ങളുടെ സന്തോഷത്തിനായി ഞങ്ങൾ ഉണ്ടാകും.”
ശേഖർ കണ്ണുകൾ അടച്ചു..

ഒരു അച്ഛന് മക്കളുടെ സ്നേഹം മാത്രം കാത്ത് ജീവിക്കാൻ കഴിയില്ല കാരണം
അവർക്കും സ്വന്തം ജീവിതവും സന്തോഷവും വേണം.
അതുപോലെ തന്നെ, മക്കൾ വളർന്ന് സ്വന്തം ലോകം കണ്ടെത്തുമ്പോൾ…
അച്ഛനും തന്റെ ബാക്കിയുള്ള ജീവിതത്തിൽ ഒരു കൂട്ടിനും കരുതലിനും അർഹനാണ്.

രമയുടെ ചിത്രം ആ വീട്ടിൽ ഇന്നും ഉണ്ടായിരുന്നു.അയാളോ ഇന്ദുവോ അതെന്നും വൃത്തിയാക്കി വെക്കും..

ചിലത് മറക്കാൻ കഴിയില്ല .
അവരുടെ ഓർമ്മകളെ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് പുതിയ കാര്യങ്ങളെ സ്വീകരിക്കാനെ കഴിയൂ.

✍️അംബിക ശിവശങ്കരൻ

Leave a Reply

Your email address will not be published. Required fields are marked *