“എനിക്ക് ഡിവോഴ്സ് വേണം രാജീവ്..നിങ്ങളുടെ വിഴുപ്പ് അലക്കിയും വെച്ചു വിളമ്പിയും നിങ്ങളുടെ ഇഷ്ടങ്ങൾക്ക് കീഴടങ്ങിയും മാത്രം ജീവിച്ചു തീർക്കാൻ ആണോ എന്റെ ജീവിതം? എനിക്ക് ഡിവോഴ്സ് വേണം.”
പുറകിൽ നിന്ന് ഭാര്യ വേണി അത്രയും പറഞ്ഞിട്ട് പോലും രാജീവ് ലാപ്ടോപ്പിൽ നിന്ന് കണ്ണെടുത്തില്ല.
“നിനക്ക് പുതിയ കാര്യം ഒന്നും പറയാനില്ലേ വേണി?എല്ലാ മാസവും ഇതുതന്നെയല്ലേ പറയുന്നത്” രാജീവ് കൂസലില്ലാതെ പറഞ്ഞു.
വേണി കുറച്ചു നിമിഷം അയാളെ നോക്കി നിന്നു “അതെ… എല്ലാ മാസവും ഇതുതന്നെയാണ് പറയുന്നത്. കാരണം എന്റെ ജീവിതത്തിൽ മാറാതെ നിൽക്കുന്നതും ഇതുതന്നെയാണ്.”
രാജീവ് ഒരു ദീർഘനിശ്വാസം എടുത്തു
“നിനക്ക് ഈ വീട്ടിൽ എന്തിന്റെ കുറവാണ് വേണി ഉള്ളത്? ഭക്ഷണമുണ്ട്, വസ്ത്രം ഉണ്ട് എല്ലാ സൗകര്യവും ഉണ്ട് പിന്നെന്താ പ്രശ്നം?”
അത് കേട്ടതും വേണി ചിരിച്ചു ആ ചിരിയിൽ പക്ഷേ സന്തോഷമായിരുന്നില്ല ഒരുപാട് വർഷങ്ങളായി അടക്കിപ്പിടിച്ച വേദന മാത്രമായിരുന്നു.
” ഒരു സ്ത്രീക്ക് ജീവിക്കാൻ ഇതുമാത്രം മതിയെന്നാണോ രാജീവ് ധരിച്ചുവച്ചിരിക്കുന്നത്? എങ്കിൽ ശമ്പളം കൊടുത്ത് ഒരു വേലക്കാരിയെ നിർത്തിയാൽ പോരേ..എന്തിനാണ് ഭാര്യ? ”
ആ ചോദ്യം കേട്ട് രാജീവ് അസ്വസ്ഥനായി. “വെറുതെ ഡ്രാമ കളിക്കാതെ വേണി.”
“ഡ്രാമ കളിക്കുന്നത് ഞാനല്ല രാജീവ്…പത്ത് വർഷങ്ങളായി അഭിനയിക്കുന്നത് നിങ്ങളാണ് സമൂഹത്തിന് മുന്നിൽ നല്ല ഭർത്താവായി.” അതും പറഞ്ഞ് വേണി അടുക്കളയിലേക്ക് നടന്നു.
വിവാഹം കഴിഞ്ഞ് പത്ത് വർഷമായി. ആ വീട്ടിൽ എല്ലാവർക്കും വേണിയേ ആവശ്യമായിരുന്നു. അമ്മയ്ക്ക് മരുമകൾ,കുട്ടികൾക്ക് അമ്മ, ബന്ധുക്കൾക്ക് ആതിഥേയ,രാജീവിന്…..
വീട്ടിലെ എല്ലാ ജോലിയും ചെയ്തു തീർക്കുന്ന ഒരാൾ. പക്ഷേ ഒരിക്കൽ പോലും നീ കഴിച്ചോ, ക്ഷീണിച്ചോ, നിനക്ക് എന്താണ് ഇഷ്ടം എന്ന് പോലും ചോദിച്ചിരുന്നില്ല.
ജന്മദിനം മറന്നു, വിവാഹ വാർഷികം മറന്നു, അവൾ കരഞ്ഞ ദിവസങ്ങളും മറന്നു. ഓർമ്മയുണ്ടായിരുന്നത് ഓഫീസിലെ ഓരോ മീറ്റിങ്ങും ഫ്രണ്ട്സിനോടൊപ്പമുള്ള ഔട്ടിങ്ങും മാത്രം.
അന്ന് രാത്രി ഒന്നും സംഭവിക്കാത്ത മട്ടിൽ രാജീവ് ഭക്ഷണം കഴിച്ച് എഴുന്നേറ്റുപോയി. വേണി എന്നത്തേയും പോലെ അടുക്കളയിൽ പാത്രം കഴുകുകയായിരുന്നു. സിങ്കിലേക്ക് വെള്ളം ഒഴുകുന്നതിനോടൊപ്പം അവളുടെ കണ്ണുനീരും വീണുകൊണ്ടിരുന്നു. ” ഞാൻ മരിച്ചാൽ പോലും ഇങ്ങനെ തന്നെയായിരിക്കും അല്ലേ? ” അവൾ സ്വയം ചോദിച്ചു. പിന്നെ കണ്ണാടിയിലേക്ക് നോക്കി.
” ഇല്ല..ഇങ്ങനെ ജീവിക്കാൻ ഇനി വയ്യ. ” അവൾ കണ്ണുകൾ തുടച്ചു.
അടുത്ത ദിവസം രാവിലെ വീണ്ടും അവൾ രാജുവിന്റെ മുന്നിൽ നിന്നു
” എനിക്ക് ഡിവോഴ്സ് വേണം ഇല്ലെങ്കിൽ ഞാൻ നിയമപരമായി പോരാടും. ”
രാജിവ് ചിരിച്ചു.
” നീ എവിടെയും പോകില്ല.. നിനക്കതിന് പറ്റില്ല. ”
” എന്തുകൊണ്ട്? ”
” കാരണം നീ എന്നെ ആശ്രയിക്കാതെ ജീവിക്കാൻ പഠിച്ചിട്ടില്ല. ” ആ വാക്ക് കേട്ടപ്പോൾ വേണിയുടെ കണ്ണ് നിറഞ്ഞു.
” ഇല്ല രാജീവ്.. നിങ്ങൾ ഇല്ലാതെ ജീവിക്കാൻ എനിക്ക് കഴിയും പക്ഷേ സ്നേഹം ഇല്ലാതെ ജീവിക്കാൻ ഇനി കഴിയില്ല. ”
രാജീവ് മറുപടി പറഞ്ഞില്ല നേരെ ഓഫീസിലേക്ക് പോയി. അന്ന് രാവിലെ വേണി തന്റെ പഴയ സുഹൃത്ത് അനിതയെ കണ്ടു എല്ലാം അനിതയോട് തുറന്നു പറഞ്ഞു. എല്ലാം കേട്ട ശേഷം അനിത ചോദിച്ചു.
“എന്താ രാജീവിന്റെ സ്റ്റാൻഡ്?”
” ഡിവോഴ്സ് തരുന്നില്ല അനിത.. ”
” അപ്പോൾ ഇനി? ”
വേണി കുറച്ചുനേരം മിണ്ടാതിരുന്നു ശേഷം തുടർന്നു
“അയാൾക്ക് ഞാൻ നഷ്ടമാകും എന്നൊരു പേടി പോലും ഇല്ല അനിത…”
” അതുണ്ടായാൽ…? ”
” ഉണ്ടായാൽ ഒരുപക്ഷേ സ്വന്തം തെറ്റ് മനസ്സിലായേക്കും. ”
” നീ എന്താണ് ചെയ്യാൻ പോകുന്നത്? ”
അനിതയുടെ ചോദ്യത്തിന് വേണി പുഞ്ചിരിച്ചു.
“ഞാൻ ഒരാളെ സ്നേഹിക്കുന്നതായി അഭിനയിക്കും.”
” അത് അപകടമല്ലേ വേണി? “അനിത സംശയം പ്രകടിപ്പിച്ചു.
“അറിയാം പക്ഷേ ഇനിയും എന്റെ ജീവിതം വെച്ച് കളിക്കാൻ എനിക്കാവില്ല. ഇത് അവസാനം പരീക്ഷണമാണ്.”
അടുത്തദിവസം മുതൽ വേണി മാറാൻ തുടങ്ങി പുലർച്ചെ എഴുന്നേറ്റ് ജോലി ചെയ്യുന്നതിനോടൊപ്പം അവൾ മൂളി പാട്ടുകൾ പാടാൻ തുടങ്ങി. എപ്പോഴും മുഖത്ത് പുഞ്ചിരി നിറഞ്ഞുനിന്നു. ഇടയ്ക്ക് ഫോൺ നോക്കി ചിരിക്കും. വൈകുന്നേരം പൂന്തോട്ടത്തിൽ പോയിരുന്നു ആരോടോ സംസാരിക്കും. ഇതെല്ലാം രാജീവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അയാൾ ചോദിച്ചു
“ആരോടാണ് നീ ഇങ്ങനെ സംസാരിക്കുന്നത്?”
വേണി ശാന്തമായി പറഞ്ഞു.
” ഒരു സുഹൃത്തിനോട്. ”
” ആണോ.. പെണ്ണോ..? ” അവൾ മറുപടി പറയാതെ നടന്നുപോയി. അന്ന് ആദ്യമായി രാജീവിന്റെ മനസ്സിൽ സംശയം മുളച്ചു.
ദിവസങ്ങൾ കടന്നുപോയി ഒരു വൈകുന്നേരം വേണി കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങുകയായിരുന്നു. പുതിയ സാരി,ചെറിയ പൊട്ട് കാതിൽ നിറഞ്ഞുനിൽക്കുന്ന കല്ല് വെച്ച കമ്മൽ, മുടിയിൽ മുല്ലപ്പൂവ്.രാജീവ് അത്ഭുതപ്പെട്ടു.
“എവിടേക്കാണ്?”
“പുറത്തേക്ക്..”
” ആരോടൊപ്പം? ”
” അത് രാജീവ് അറിയേണ്ട ആവശ്യമുണ്ടോ?” ആ വാക്ക് രാജീവിനെ വേദനിപ്പിച്ചു.
“ഞാൻ നിന്റെ ഭർത്താവാണ്.”രാജീവ് രണ്ടും കൽപ്പിച്ച് പറഞ്ഞു.
“ഓഹ് ഭർത്താവാണെന്ന് ഓർമ്മയുണ്ടല്ലോ.. ഞാൻ ഭാര്യയാണെന്ന് നിങ്ങൾ അവസാനമായി ഓർത്തത് എപ്പോഴാണ്?” രാജീവ് മിണ്ടിയില്ല.
വേണി പുറത്തേക്ക് നടന്നു യഥാർത്ഥത്തിൽ അവൾ പോയത് അനിതയുടെ വീട്ടിലേക്ക് ആയിരുന്നു. പക്ഷേ രാജീവിന്റെ മനസ്സിൽ അവൾ മറ്റൊരാളുടെ അടുത്തേക്കാണ് പോയതെന്ന ചിന്ത ഉറച്ചു. ആ രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല. ഉറങ്ങാൻ കിടന്നിട്ടും അവൾ എവിടെയാണെന്ന ചിന്ത മാത്രമായിരുന്നു.
“ശരിക്കും അവൾക്ക് മറ്റൊരാളുണ്ടോ? എന്നെ വിട്ടു പോകുമോ?” അവൾ ഇല്ലാത്ത വീട്ടിലെ നിശബ്ദത അവനെ ഭയപ്പെടുത്തി.
പിറ്റേന്ന് രാവിലെ നിത്യ തിരിച്ചെത്തി. തന്നെ നോക്കി നിൽക്കുന്ന രാജാവിനെ വകവയ്ക്കാതെ ഫോൺ മേശപ്പുറത്ത് വെച്ച് അവൾ അടുക്കളയിലേക്ക് പോയി. അപ്പോഴേക്കും ഒരു മെസ്സേജ് വന്നു.രാജീവ് അത് വേഗം എടുത്തുനോക്കി.
“ഇന്നലത്തെ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു.”
അയച്ചത് അനിതയായിരുന്നു എങ്കിലും വേണി ആ നമ്പർ മനപ്പൂർവ്വം ‘A’ എന്ന് മാത്രമാണ് സേവ് ചെയ്തിരുന്നത്. രാജീവിന്റെ കൈകൾ വിറച്ചു അയാളുടെ നെഞ്ചിൽ ഒരു മിന്നൽ പാഞ്ഞു. അവൾ ശരിക്കും തന്നെ വിട്ടുപോകും എന്ന ഭയം അയാളെ പിടികൂടി.
വേണി അടുക്കളയിൽ നിന്ന് പുറത്തുവന്നപ്പോൾ രാജീവ് ദേഷ്യവും വിഷമവും കലർന്ന സ്വരത്തിൽ ചോദിച്ചു.
“ആരാണ് അവൻ?”
വേണി കുറച്ച് സമയം അവനെ നോക്കി നിന്നു. അവളുടെ മുഖത്ത് ഭയമുണ്ടായിരുന്നില്ല വർഷങ്ങളായി കാത്തിരുന്ന ഒരു ചോദ്യത്തിനുള്ള മറുപടി നൽകാനുള്ള ശാന്തത മാത്രമായിരുന്നു.
“അത് ഇപ്പോൾ അറിയേണ്ട കാര്യമാണോ? ”
“ഉത്തരം പറയു വേണി..”രാജീവ് അക്ഷമനായി.
” എന്തിന്? ”
” ഞാൻ നിന്റെ ഭർത്താവാണ്. ” വേണി ചെറുതായി ചിരിച്ചു ആ ചിരിയിൽ പരിഹാസം ഉണ്ടായിരുന്നു.
“ഞാൻ നിങ്ങളുടെ ഭാര്യയാണെന്ന് ഇപ്പോഴാണോ ബോധോദയം വന്നത്?” രാജീവിനെ ഒന്നും പറയാൻ കഴിഞ്ഞില്ല വേണി തുടർന്നു
“ഞാൻ കരഞ്ഞപ്പോൾ നിങ്ങൾക്ക് എന്നെ ഭാര്യയായി തോന്നിയില്ല, ഞാൻ ഇവിടെ ഒറ്റപ്പെട്ടപ്പോൾ നിങ്ങൾക്ക് എന്നെ ഭാര്യയായി തോന്നിയില്ല ഇപ്പോൾ ഞാൻ മറ്റൊരാളുടെ ആകുമെന്ന് തോന്നിയപ്പോൾ മാത്രം നിങ്ങൾക്ക് ഞാൻ ഭാര്യയായി.”
അവൾ ദേഷ്യത്തോടെ മുറിയിലേക്ക് നടന്നു രാജീവ് അവിടെത്തന്നെ നിന്നു. അതിനുശേഷം രാജീവിന്റെ മനസ്സാകെ അസ്വസ്ഥമായി കൊണ്ടിരുന്നു. ഓഫീസിൽ ഇരുന്നിട്ടും ശ്രദ്ധയില്ല. മീറ്റിങ്ങിനിടയിലും വേണിയുടെ മുഖം മാത്രം. അവൾ ശരിക്കും മറ്റൊരാളെ സ്നേഹിക്കുകയാണെങ്കിൽ… അവൾ ശരിക്കും പോയാൽ… ആ ചിന്ത രാജീവിനെ തകർത്തു.
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ വേണി പാട്ടും പാടി ഭക്ഷണം പാചകം ചെയ്യുകയായിരുന്നു. പത്ത് വർഷത്തിനിടയിൽ ആദ്യമായാണ് അവൾ പാടുന്നത് രാജീവ് കേൾക്കുന്നത്. ആ സന്തോഷത്തിന് കാരണക്കാരൻ താൻ അല്ല എന്ന ചിന്ത അവനെ കൂടുതൽ വേദനിപ്പിച്ചു.
“വേണി..” അവൾ തിരിഞ്ഞുനോക്കി.
” കഴിച്ചോ?”
” ഇല്ല “രാജീവ് മറുപടി പറഞ്ഞു.
“വാ വിളമ്പാം.” അവളുടെ ചോദ്യം കേട്ട് രാജീവിന്റെ കണ്ണ് നിറഞ്ഞു.അവൾ എന്നും തന്റെ കടമകൾ ചെയ്യുന്നു പക്ഷേ മനസ്സ് അത് മറ്റവിടെയോ പോയിരിക്കുന്നു എന്ന തോന്നൽ.
ഭക്ഷണം കഴിക്കുമ്പോൾ രാജീവ് ചോദിച്ചു
” നാളെ എവിടെയെങ്കിലും പോകുന്നുണ്ടോ? ”
“ഉണ്ട്.”
” ആരോടൊപ്പം? ”
” എന്നെ പരിഗണിക്കുന്ന ഒരാളോടൊപ്പം. ” ആ വാക്കുകൾ രാജീവിന്റെ നെഞ്ചിൽ കത്തി പോലെ തറച്ചു.
ദിവസങ്ങൾ കടന്നുപോയി രാജീവ് പതിയെ മാറാൻ തുടങ്ങി.രാവിലെ ചായ ഉണ്ടാക്കി വേണിക്കു കൊടുത്തു. വീട്ടുജോലിയിൽ സഹായിച്ചു അവൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങി കൊടുത്തു.വിവാഹത്തിനുശേഷം ആദ്യമായി ഒരു റോസാപ്പൂവുമായി അവൻ അവളുടെ മുന്നിൽനിന്നു.
” ഇത് നിനക്കാണ്… “രാജീവ് സ്നേഹപൂർവ്വം അവൾക്ക് നേരെ പൂവ് നീട്ടി വേണി അത് വാങ്ങിയില്ല.
” പത്ത് വർഷം വൈകിപ്പോയി രാജീവ്.. “അവൻ തലകുനിച്ചു.
” വൈകി. പക്ഷേ ഞാൻ മാറുകയാണ്. “രാജീവ് കുറ്റസമ്മതം നടത്തി.
” നിങ്ങൾ മാറുന്നത് എന്നോടുള്ള സ്നേഹം കൊണ്ടാണോ അതോ എന്നെ നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണോ? ” ആ ചോദ്യം കേട്ട് രാജീവ് നിശബ്ദനായി. കാരണം അവന്റെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല.
പിറ്റേന്ന് വേണി ഒരു ബാഗ് പാക്ക് ചെയ്യുകയായിരുന്നു ആ സമയം രാജീവ്വ് മുറിയിലേക്ക് വന്നു.
“എവിടേക്കാണ്?”
” പോവുകയാണ്. ” അവൾ മുഖം നോക്കാതെ മറുപടി പറഞ്ഞു.
“എവിടെ?”
” എന്നെ മനസ്സിലാക്കുന്ന ഒരാളുടെ അടുത്തേക്ക്.. ”
രാജീവിന്റെ കയ്യിൽ നിന്ന് കാറിന്റെ താക്കോൽ താഴെ വീണു.
” പോകരുത് പ്ലീസ്.. “അവൻ ആദ്യമായി അവളോട് അപേക്ഷിച്ചു.
“ദയവായി വേണി നീ പോകരുത്..”
” എന്തിന്? ഈ തടവറയിൽ ഇനിയും ജീവിതം തീർക്കാനോ? ”
” ഇല്ല വേണി..എനിക്ക് നിന്നെ വേണം പ്ലീസ്… “രാജീവ് പൊട്ടിക്കരഞ്ഞു. “എനിക്ക് ഇപ്പോഴാണ് മനസ്സിലായത് നീ ഇല്ലാത്ത വീട് ചുവരുകൾ മാത്രമാണെന്ന്.”അവൻ അവളുടെ കൈപിടിച്ചു.
“എന്നോട് ക്ഷമിക്കൂ ഞാൻ നിന്നെ ഒരിക്കലും മനസ്സിലാക്കിയില്ല.നീ എന്തൊക്കെ സഹിച്ചാലും എന്റെ കൂടെയുണ്ടാകും എന്ന അഹങ്കാരമായിരുന്നു എനിക്ക്. നിന്നെ നഷ്ടപ്പെടുമെന്ന് ചിന്തയാണ് ഇപ്പോൾ എന്നെ ജീവനോടെ കൊല്ലുന്നത്.’ അത്രയും പറഞ്ഞപ്പോൾ വേണിയുടെ കണ്ണുകളും നിറഞ്ഞു.
അവൾ പതുക്കെ അവന്റെ കൈവിടുച്ചു.
“ഇപ്പോൾ നിറഞ്ഞ ഈ കണ്ണുകൾ പത്ത് വർഷത്തിനിടയിൽ എപ്പോഴെങ്കിലും എന്റെ കണ്ണുനീർ കണ്ടിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു രാജീവ്..”
രാജീവ് നിലത്തിരുന്നു അവന്റെ ശബ്ദം പൊട്ടി പോയി… “പോകരുത്…നിനക്ക് വേണമെങ്കിൽ ഞാൻ ഡിവോഴ്സ് തരാം പക്ഷേ എന്നെ വെറുത്ത് ഇവിടെ നിന്ന് പോകരുത്.”
വേണി കുറച്ചുനേരം മിണ്ടാതെ നിന്നു. ശേഷം അവൾ ബാഗ് താഴെ വച്ചു. രാജീവ് അത് കണ്ട് അവളെ നോക്കി. അവൾ ഫോൺ എടുത്ത് അവന്റെ കയ്യിൽ കൊടുത്തു. “തുറന്നു നോക്ക്.”
ഫോണിൽ അനിതയുടെ ചാറ്റ്. അതിലെ മുഴുവൻ സംഭാഷണവും ഓരോ മെസ്സേജും ഓരോ പ്ലാനും രാജീവ് വായിച്ചു.അവസാന മെസ്സേജ് ഇതായിരുന്നു. ” രാജീവ് കരഞ്ഞുഎന്നോ?എന്നാൽ രാജീവിന് നിന്നോടുള്ള സ്നേഹം മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കാം… ” രാജീവ് ഞെട്ടി.
“ഇത്….?’
വേണി ശാന്തമായി പറഞ്ഞു.”ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല.”
“എന്ത്?” അവൾ പറയുന്നതൊന്നും അവന് വിശ്വാസമായില്ല.
” അതെ.. നിങ്ങളെ വേദനിപ്പിക്കാൻ അല്ല ഞാൻ അഭിനയിച്ചത് നിങ്ങളെ ഉണർത്താൻ… നിങ്ങൾക്ക് എന്നെ നഷ്ടപ്പെടുമെന്ന ഭയം ഉണ്ടോ എന്ന് അറിയാൻ.. ” രാജീവ് നിശ്ചലനായി അവൾ തുടർന്നു
” ഞാൻ ശരിക്കും മറ്റൊരാളെ സ്നേഹിച്ചിരുന്നെങ്കിൽ ഇന്നിവിടെ നിന്ന് പോകുമായിരുന്നു. പക്ഷേ എനിക്ക് വേണ്ടിയിരുന്നത് മറ്റൊരു പുരുഷനെയല്ല എന്റെ ഭർത്താവിനെയാണ്. വിവാഹ ദിവസം എന്റെ കൈ പിടിച്ച ആ മനുഷ്യനെ… ” മുറിയിൽ നിശബ്ദത നിറഞ്ഞു
വേണിയുടെ ശബ്ദം വീണ്ടും ഉയർന്നു
“ഒരു സ്ത്രീക്ക് എന്നും ആഭരണങ്ങളോ വിലകൂടിയ സമ്മാനങ്ങളോ വേണ്ട അവൾ കരയുമ്പോൾ എന്തുപറ്റി നിനക്ക് ഞാനുണ്ട് എന്ന് പറയുന്ന ഒരു മനുഷ്യൻ മതി,അവൾ ഉണ്ടാക്കിയ ചായ കുടിക്കുമ്പോൾ നന്നായിട്ടുണ്ട് എന്ന് പറയുന്ന ഒരാൾ മതി, രാത്രി ഉറങ്ങാൻ പോകുമ്പോൾ ക്ഷീണമുണ്ടോ എന്ന് ചോദിക്കുന്ന ഒരാൾ മതി ആ ചെറിയ കാര്യങ്ങളാണ് ഒരു സ്ത്രീക്ക് ജീവിതകാലം മുഴുവനും ഓർക്കാനുള്ള വലിയ സ്നേഹമാകുന്നത്.”രാജീവിന്റെ കണ്ണ് നിറഞ്ഞു അവൻ അവളുടെ മുന്നിൽ കൈകൂപ്പി
“ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല എന്നല്ല വേണി സ്നേഹം പ്രകടിപ്പിക്കാൻ പഠിച്ചിരുന്നില്ല.”
“സ്നേഹം പ്രകടിപ്പിക്കാൻ പഠിക്കാത്തവർ വിവാഹം കഴിക്കരുത് രാജീവ്… കാരണം അവരുടെ നിശബ്ദത ഒരു സ്ത്രീയെ ജീവനോടെ കൊല്ലും. ”
ആ വാക്കുകൾ രാജീവിന്റെ ഹൃദയത്തിൽ ആഴത്തിൽ പതിച്ചു. കുറച്ചു നിമിഷങ്ങൾക്കു ശേഷം അവൻ ചോദിച്ചു” ഇനി ഒരു അവസരം തരുമോ? ”
വേണി കണ്ണുനീര് തുടച്ചു ചെറിയൊരു പുഞ്ചിരി തൂകി.
“ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.” അവൻ അവളുടെ കൈപിടിച്ചു ചുംബിച്ചു. അവകാശത്തോടെ അല്ല സ്നേഹത്തോടെ. അന്ന് രാജീവ് മനസ്സിലാക്കിയിരുന്നു ഒരു സ്ത്രീയെ ജീവിതത്തിൽ നിലനിർത്തുന്നത് താലികെട്ടിയ നൂലല്ല അവൾക്ക് കൊടുക്കുന്ന സ്നേഹവും പരിഗണനയുമാണ് എന്ന്.
✍️അംബിക ശിവശങ്കരൻ.
