ഭർത്താവിന്റെ മൃതദേഹം വീട്ടുമുറ്റത്ത് കിടക്കുമ്പോൾ മീരയുടെ ചുറ്റും ആളുകൾ കൂടി നിന്നിരുന്നു.
കരച്ചിലുകൾ.
ബന്ധുക്കളുടെ തിരക്ക്.
ആശ്വസിപ്പിക്കാൻ വന്ന സ്ത്രീകളുടെ നെടുവീർപ്പുകൾ.
“പാവം മീര…”
“ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചിട്ട് ഇപ്പോൾ ഒറ്റയ്ക്കായല്ലോ…”
“ഇനി അവൾ എങ്ങനെ ജീവിക്കും?”
ആ വാക്കുകൾ കേൾക്കുമ്പോഴെല്ലാം മീര തലകുനിച്ച് ഇരുന്നു.
അവളുടെ മുഖത്ത് ദുഃഖമുണ്ടായിരുന്നു. പതിനാറ് വർഷം ഒരുമിച്ച് ജീവിച്ച ഒരാൾ മരിച്ചുകിടക്കുമ്പോൾ ദുഃഖമില്ലാതിരിക്കാൻ കഴിയില്ലല്ലോ.
പക്ഷേ അവളുടെ ഉള്ളിൽ മറ്റൊരു വികാരവും ഉണ്ടായിരുന്നു.
അതിനെക്കുറിച്ച് ആരോടും പറയാൻ അവൾക്ക് കഴിഞ്ഞില്ല.
ഒരു വിചിത്രമായ ലാഘവം.
വർഷങ്ങളായി നെഞ്ചിനുള്ളിൽ കെട്ടിക്കിടന്നിരുന്ന എന്തോ ഒന്ന് പതുക്കെ അഴിയുന്നതുപോലെ.
ആ വികാരത്തെ ഓർത്ത് അവൾക്ക് തന്നെ കുറ്റബോധം തോന്നി.
“ഞാൻ ഇങ്ങനെ ചിന്തിക്കാൻ പാടില്ല”.
അവൾ വീണ്ടും അയാളുടെ ജീവനറ്റ ശരീരത്തിലേക്ക് നോക്കി.
രഘു.
പതിനാറ് വർഷം തന്റെ ജീവിതത്തിന്റെ എല്ലാ തീരുമാനങ്ങളും എടുത്തിരുന്ന മനുഷ്യൻ.
ഇന്ന് ആദ്യമായി അയാൾ ഒന്നും പറയുന്നില്ല.
ആ നിശ്ശബ്ദതയെ മീര നോക്കി നിന്നു.
അത് അവൾക്ക് അപരിചിതമായിരുന്നു.
വിവാഹത്തിന്റെ ആദ്യകാലത്ത് മീരയും രഘുവും സാധാരണ ദമ്പതികളായിരുന്നു.
അവൾക്ക് ഭർത്താവിനെ ഇഷ്ടമായിരുന്നു.
അയാളോടൊപ്പം ഒരു നല്ല ജീവിതം സ്വപ്നം കണ്ടിരുന്നു.
പക്ഷേ വിവാഹം കഴിഞ്ഞ് അധികം വൈകാതെ രാഘവന്റെ സ്വഭാവം അവൾ തിരിച്ചറിഞ്ഞു.
അയാൾക്ക് ഭാര്യ എന്നത് സ്നേഹിക്കേണ്ട ഒരാളേക്കാൾ, തന്റെ ജീവിതം തന്റെ ഇഷ്ടപ്രകാരം നടത്താൻ ബാധ്യതപ്പെട്ട ഒരാളായിരുന്നു.
മീര ധരിക്കുന്ന വസ്ത്രം മുതൽ അവൾ സംസാരിക്കുന്ന ആളുകൾ വരെ അയാളുടെ തീരുമാനമായിരുന്നു.
ഒരു ദിവസം അവൾ സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാൻ ഒരുങ്ങുമ്പോൾ രഘു ചോദിച്ചു.
“എവിടേക്കാ?”
“ഇന്ദുവും കൂട്ടുകാരികളും കൂടി ഒരു സിനിമയ്ക്ക് പോകുന്നുണ്ട്.എന്നോട് ചെല്ലുമോ എന്ന് ചോദിച്ചു”
“പോകണ്ട.”
“അതെന്താ?”
“എനിക്ക് ഇഷ്ടമല്ല.”അയാൾ തീർത്തു പറഞ്ഞു.
മീര അയാളെ നോക്കി.
“ ഞാൻ ഒരുപാട് നാളായി അവരെയൊക്കെ കണ്ടിട്ട്. വേഗം വരാം.”അവൾ കെഞ്ചി.
“ഞാൻ പറഞ്ഞില്ലേ പോകണ്ടെന്ന്?”
അയാൾ അത്ര മാത്രം പറഞ്ഞു .
വലിയ വഴക്കൊന്നും ഉണ്ടായില്ല.
അവൾ സാരി മാറ്റി വീട്ടിൽ തന്നെ ഇരുന്നു.
അന്ന് അത് ചെറിയൊരു വിട്ടുവീഴ്ചയാണെന്ന് കരുതി.
പിന്നീട് അത്തരം വിട്ടുവീഴ്ചകൾ അവളുടെ ജീവിതത്തിൽ സ്ഥിരമായി.
അവൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ അലമാരയുടെ അടിയിലേക്ക് സ്ഥാനം പിടിച്ചു .
സുഹൃത്തുക്കളുടെ ഫോൺ കോളുകൾ കുറയാൻ തുടങ്ങി.
പുറത്തേക്കുള്ള യാത്രകൾ ഇല്ലാതായി.
വീട്ടിലെത്താൻ വൈകിയാൽ ചോദ്യം ചെയ്യപ്പെടും.
ഫോണിൽ കൂടുതൽ നേരം സംസാരിച്ചാൽ സംശയം.
അവൾ ചിരിക്കുന്നതുപോലും ചിലപ്പോൾ അയാൾക്ക് അസ്വസ്ഥതയുണ്ടാക്കും.
“എന്തിനാ ഇത്ര ചിരിക്കുന്നത്?”
അവൾ പതുക്കെ പതുക്കെ ചിരി നിർത്തി.
കാലം കഴിഞ്ഞപ്പോൾ അവൾക്ക് ഒരു കാര്യം മനസ്സിലായി.
തനിക്ക് ഇഷ്ടങ്ങളുണ്ടെന്ന കാര്യം തന്നെ സ്വയം മറന്നുകൊണ്ടിരിക്കുകയാണ് എന്ന്
രാത്രികളെ ആയിരുന്നു അവൾ ഏറെ ഭയപ്പെട്ടത്
അവളുടെ ഇഷ്ടങ്ങളോ താല്പര്യങ്ങളോ അയാൾ ഒരിക്കൽ പോലും ചോദിച്ചിരുന്നില്ല.
അവൾ ക്ഷീണിച്ചിട്ടുണ്ടോ, താല്പര്യം ഉണ്ടോ,ശരീരത്തിന് സുഖമാണോ—അവന്റെ ആഗ്രഹത്തിന് മുന്നിൽ അതൊന്നും പ്രധാനമായിരുന്നില്ല.
ഒരു രാത്രി അവൾ പതുക്കെ പറഞ്ഞു.
“രഘുവേട്ട … ഇന്ന് വേണ്ട തീരെ വയ്യ .”
അയാൾ തിരിഞ്ഞുനോക്കി.
“എന്താ?”
“ശരീരം വല്ലാതെ ക്ഷീണിച്ചു.”
“എന്നും ഓരോ കാരണം ഉണ്ടാകുമല്ലോ.. ഇതിനും ഞാൻ ഇനി വേറെ പോണോ?.”
അവൾ പിന്നെ ഒന്നും പറഞ്ഞില്ല.
ആ രാത്രി അവൾക്ക് മനസ്സിലായി—
തന്റെ ശരീരം പോലും തന്റേതായി അവശേഷിച്ചിട്ടില്ല എന്നത് .
അവൾ ഭാര്യയായിരുന്നു.
പക്ഷേ ഭാര്യ എന്ന വാക്കിനുള്ളിൽ അവൾക്ക് ഒരു സ്ത്രീയായി ജീവിക്കാനുള്ള അവകാശം പതുക്കെ നഷ്ടപ്പെട്ടു കൊണ്ടിരുന്നു.
പിറ്റേന്ന് രാവിലെ കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ അവൾ സ്വന്തം മുഖത്തേക്ക് നോക്കി.
കണ്ണുകൾക്ക് താഴെ കറുപ്പ്,
മുഖത്ത് ക്ഷീണം,
ചിരി ഇല്ല.
അവൾ സ്വയം ചോദിച്ചു.
“എന്താണ് മീരാ നിനക്ക് പറ്റിയത്? ”
മറുപടി കിട്ടിയില്ല.
അങ്ങനെ വർഷങ്ങൾ കടന്നുപോയി.
പുറത്തുള്ളവർക്ക് അവരുടെ വിവാഹജീവിതം സാധാരണമായിരുന്നു.
രഘു നല്ല അധ്വാനിയായ ഭർത്താവ്.
മീര നല്ല വീട്ടമ്മ.
വിരുന്നുകളിൽ ഒരുമിച്ച് ഇരിക്കും.
ഫോട്ടോകളിൽ ചിരിക്കും.
ആ ചിത്രങ്ങൾ കണ്ടാൽ ആരും സംശയിക്കില്ല.
പക്ഷേ ഫോട്ടോയ്ക്ക് പുറത്തുള്ള മീരയെ ആരും കണ്ടിരുന്നില്ല.
അവൾ പതുക്കെ അകത്തേക്ക് മാഞ്ഞുപോകുകയായിരുന്നു.
അവൾക്ക് ഹെഡ് ഫോൺ വച്ച് പാട്ടുകൾ ഒരുപാട് ഇഷ്ടമായിരുന്നു.
എന്നാൽ പിന്നീട് ഹെഡ്ഫോൺ അലമാരയ്ക്കടിയിൽ ജീവനില്ലാതെ കിടന്നു .
അവൾക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമായിരുന്നു.
പിന്നീട് പുസ്തകങ്ങൾ ഷെൽഫിൽ പൊടിപിടിച്ചു കിടന്നു .
യാത്രകൾ ഇഷ്ടമായിരുന്ന അവൾ ഓരോ സ്ഥലങ്ങളും ഫോണിൽ മാത്രം കാണാൻ തുടങ്ങി
അവളുടെ ലോകം വീടിന്റെ നാല് ചുവരുകൾക്കുള്ളിലായി.
രഘുവിന്റെ മരണം അപ്രതീക്ഷിതമായിരുന്നു.
ഒരു ദിവസം രാവിലെ ഓഫീസിലേക്ക് പോകാൻ തയ്യാറായ മനുഷ്യൻ.
വൈകുന്നേരം ആശുപത്രിയിലെ ഐസിയുവിൽ.
അടുത്ത ദിവസം..
വീട്ടിലെ മുറ്റത്ത് വെള്ള പുതപ്പിനുള്ളിൽ.
എല്ലാം ഇത്ര വേഗത്തിൽ അവസാനിക്കുമെന്ന് മീര കരുതിയിരുന്നില്ല.
മൃതശരീരം എടുത്തുകൊണ്ടുപോകുമ്പോൾ അവൾ എല്ലാവരോടും കൂടെ നടന്നു.
കണ്ണുനീർ ഉണ്ടായിരുന്നു.
പക്ഷേ ആ കണ്ണുനീരിനൊപ്പം മറ്റൊന്നും ഉണ്ടായിരുന്നു.
വർഷങ്ങളായി തനിക്ക് പരിചിതമായ ആക്ജ്ഞ ഇനി ഒരിക്കലും കേൾക്കില്ല എന്ന ആശ്വാസം.
“എവിടേക്കാ പോകുന്നത്?”
“എന്തിനാണ് ഈ വസ്ത്രം?”
“ഇത്ര വൈകിയത് എന്തിന്?”
“ആരോടാണ് സംസാരിച്ചത്?”
ആ ശബ്ദം ഇനി ഉണ്ടാകില്ല.
ആ ചിന്ത വന്നപ്പോൾ അവളുടെ നെഞ്ചിൽ ഒരു വിചിത്രമായ ശൂന്യത നിറഞ്ഞു. ശ്വാസം എടുക്കുമ്പോൾ അവൾക്ക് ശ്വാസം മുട്ടിയില്ല.
അടുത്ത കുറച്ച് ആഴ്ചകൾ അവൾ വീട്ടിൽ തന്നെയായിരുന്നു.
ബന്ധുക്കളുടെ വരവും പോക്കും.
ആശ്വസിപ്പിക്കലുകൾ.
“ വിഷമിക്കരുത്.”
“ധൈര്യമായി ഇരിക്കണം .”
“ഇനി ജീവിതം ദൈവത്തിന് സമർപ്പിച്ച് ജീവിക്കണം.”
മീര എല്ലാം കേട്ടു.
ആരും അവളോട് ചോദിച്ചില്ല—
“മീര, നീ ഇനി എന്താണ് ആഗ്രഹിക്കുന്നത്?”എന്ന്.
കാരണം അവൾക്കും ആ ചോദ്യത്തിന് ഉത്തരം അറിയില്ലായിരുന്നു.
പതിനാറ് വർഷമായി ആരും അത് ചോദിച്ചിട്ടില്ലല്ലോ.
ഒരു ദിവസം അലമാര വൃത്തിയാക്കുന്നതിനിടെ അവളുടെ പഴയ ഒരു നോട്ട്ബുക്ക് കിട്ടി.
വിവാഹത്തിന് മുമ്പുള്ള കാലത്ത് എഴുതിയിരുന്നത്.
അവൾ പേജുകൾ മറിച്ചു.
ഒരു സ്ഥലത്ത് കുറിച്ചിട്ട വാക്കുകളിലേക്ക് അവളുടെ മിഴികൾ തങ്ങിനിന്നു :
“ ഒറ്റയ്ക്ക് കടൽ കാണണം.”
മീര ആ വരിയിലേക്ക് കുറേ നേരം നോക്കി നിന്നു.
പിന്നെ അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വന്നു.
അവൾ നോട്ട്ബുക്ക് അടച്ചു.
കുറേ വർഷങ്ങളായി ആ ആഗ്രഹം അവൾ പൂർണ്ണമായി മറന്നിരുന്നു.
മാസങ്ങൾ കഴിഞ്ഞു.
ബന്ധുക്കളുടെ വരവ് കുറഞ്ഞു.
വീട്ടിലെ നിശ്ശബ്ദത സാധാരണയായി.
മീര പതുക്കെ പുറത്തേക്കിറങ്ങാൻ തുടങ്ങി.
ആദ്യം അടുത്തുള്ള കടയിലേക്ക്.
പിന്നെ നഗരത്തിലേക്ക്.
ഒരു ദിവസം അവൾ തനിക്കിഷ്ടപ്പെട്ട ഒരു സാരി വാങ്ങി.
വളരെ സാധാരണമായൊരു സാരി.
പക്ഷേ അത് വാങ്ങുമ്പോൾ അവൾക്ക് എന്തോ വലിയൊരു കാര്യം നേടിയതുപോലെ തോന്നി.
കടക്കാരൻ ചോദിച്ചു.
“മാഡം, വേറെ നിറം നോക്കണോ?”
മീര കണ്ണാടിയിൽ സാരി നോക്കി.
“ഇല്ല. ഇതുതന്നെ മതി.”
വീട്ടിലെത്തി അവൾ അത് അലമാരയിൽ വച്ചു.
ധരിച്ചില്ല. അവൾ അത് ധരിക്കാനുള്ള കൊതി കൊണ്ടായിരുന്നില്ല വാങ്ങിയിരുന്നത്. തന്റെ മനസ്സിൽ വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ഒരാഗ്രഹത്തെ തുറന്നു വിടലായിരുന്നു.
ഒരു ഞായറാഴ്ച അവൾ ഒറ്റയ്ക്ക് പുറത്തുപോയി.
ആദ്യം ഒരു ചെറിയ റെസ്റ്റോറന്റിൽ കയറി.
മെനു നോക്കി.
വർഷങ്ങളായി കഴിക്കാത്ത ഒരു വിഭവം കണ്ടപ്പോൾ അവൾ ഓർഡർ ചെയ്തു.
ഭക്ഷണം മുന്നിൽ വന്നപ്പോൾ അവൾ കുറച്ചു നേരം അതിലേക്ക് നോക്കി.
ഒരിക്കൽ രഘു പറഞ്ഞിരുന്നു—
“ഇതൊന്നും കഴിക്കണ്ട. നിനക്ക് ഇഷ്ടമാണെന്ന് കരുതി കണ്ണിൽ കണ്ടതൊക്കെ കഴിക്കാൻ പറ്റുമോ.”
ഒരു കഷണം എടുത്തു വായിലേക്ക് വയ്ക്കുമ്പോൾ അവൾ അതോർത്തു പോയി
അവൾ സമയം എടുത്ത് പതുക്കെ കഴിച്ചു.
ആരും അവളെ നോക്കിയില്ല.
ആരും തടഞ്ഞില്ല.
ആരും തിരക്ക് കൂട്ടിയതും ഇല്ല .
ഭക്ഷണം കഴിച്ചു തീർന്നപ്പോൾ അവൾക്ക് തോന്നി
ഇത്രയും ചെറിയ കാര്യങ്ങൾക്കുപോലും ഞാൻ ഇത്രയും വർഷം കാത്തിരുന്നല്ലോ എന്ന്.
അതിനുശേഷം ഇടയ്ക്കിടെ അവൾ ചെറിയ യാത്രകൾ ചെയ്യാൻ തുടങ്ങി. കടൽ കണ്ടു,മല കണ്ടു.
പുതിയ നഗരങ്ങളിലൂടെ ഒറ്റയ്ക്ക് നടന്നു.
ട്രെയിൻ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് മണിക്കൂറുകളോളം യാത്ര ചെയ്തു.
ഒരു ദിവസം കടൽത്തീരത്ത് ഇരിക്കുമ്പോൾ അവളുടെ അടുത്തിരുന്ന ഒരു സ്ത്രീ ചോദിച്ചു.
“ഒറ്റയ്ക്കാണോ?”
മീര ചിരിച്ചു.
“അതെ.”
“ഭയമില്ലേ?”
മീര കുറച്ചു നേരം തിരമാലകളെ നോക്കി.
“ഒരിക്കൽ ഉണ്ടായിരുന്നു.”
“ഇപ്പോൾ?”
അവൾ പതുക്കെ പറഞ്ഞു.
“ ഭയമില്ല ഇപ്പോൾ എനിക്ക് ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം .”
ആ സ്ത്രീ അവളെ നോക്കി പുഞ്ചിരിച്ചു.
മീര തിരമാലകളെ ലക്ഷ്യമാക്കി നടന്നു.
കാലിൽ വെള്ളം തട്ടിയപ്പോൾ അവൾ കണ്ണുകൾ അടച്ചു.
വർഷങ്ങൾക്ക് ശേഷം അവൾക്ക് സ്വന്തം ജീവിതത്തിന്റെ ശബ്ദം കേൾക്കുന്നതുപോലെ തോന്നി.
ഒരു ദിവസം പഴയ സുഹൃത്ത് ഇന്ദു അവളെ കാണാൻ വന്നു.
“മീര, നിന്നെ കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.”
“അതെന്താ ”
“ നീ ആളാകെ മാറിയിരിക്കുന്നു.”
മീര ചിരിച്ചു.
“പഴയ മീര എങ്ങനെയായിരുന്നു?”
ഇന്ദു കുറച്ചു നേരം മിണ്ടാതെ നിന്നു.
“എപ്പോഴും പേടിച്ചിരിക്കും. എന്ത് പറയണം, എങ്ങനെ പറയണം എന്നൊക്കെ ആലോചിച്ചിരിക്കും. നീ ഇപ്പോൾ… അങ്ങനെ ഒന്നുമല്ല ”
മീര ജനലിലൂടെ പുറത്തേക്ക് നോക്കി.
“ഞാൻ മാറിയതല്ല .”
അവൾ പറഞ്ഞു.
“ഞാൻ ഇത്രയും കാലം ആരുടെയോ നിഴലിലായിരുന്നു. ഇപ്പോഴാണ് എന്റെ സ്വന്തം രൂപം കാണുന്നത്.”
ഇന്ദു അവളുടെ കൈ പിടിച്ചു.
“നിനക്ക് അയാളെ ഓർമ്മ വരാറില്ലേ?”
മീര കുറച്ചു നേരം മിണ്ടാതെ ഇരുന്നു.
“വരും.”
അവൾ സത്യസന്ധമായി പറഞ്ഞു.
“ഒരുമിച്ച് ജീവിച്ച പതിനാറ് വർഷം ഇല്ലാതാക്കാൻ ഒരു കാലത്തിനും പറ്റില്ലല്ലോ . നല്ല ഓർമ്മകളും ഉണ്ടായിരുന്നു. മോശം ഓർമ്മകളും.”
“അപ്പോൾ?”
“അവന്റെ മരണം എന്നെ സന്തോഷിപ്പിച്ചിട്ടില്ല, ഇന്ദു .”
അവൾ പതുക്കെ ശ്വാസം വിട്ടു.
“പക്ഷേ അയാൾ പോയതോടെ ഞാൻ വീണ്ടും എന്നെ കണ്ടെത്തി. അതിനെക്കുറിച്ച് എനിക്ക് കുറ്റബോധം തോന്നേണ്ടതില്ലെന്ന് ഇപ്പോൾ മനസ്സിലായി.”
പതിയെ പതിയെ അവൾ ഒരു കാര്യം മനസ്സിലാക്കിയിരുന്നു
സ്വാതന്ത്ര്യം എന്നത് വലിയൊരു പ്രഖ്യാപനമല്ല.
ഭർത്താവ് മരിച്ച അടുത്ത ദിവസം ജീവിതം മുഴുവൻ മാറ്റിമറിക്കുന്നതോ
ഒരു ദിവസം പെട്ടെന്ന് നിറമുള്ള സാരി ധരിച്ച് തെരുവിലൂടെ നടക്കുന്നതുമല്ല.
സ്വാതന്ത്ര്യം വളരെ ചെറിയ കാര്യങ്ങളിൽ നിന്നാണ് തുടങ്ങുന്നത്.
സ്വന്തം അലമാരയിൽ നിന്ന് ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ,
മെനു നോക്കി ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ,
ആരുടെയും സമ്മതം കാത്തു നിൽക്കാതെ ഒരു യാത്ര തീരുമാനിക്കുമ്പോൾ,
ഫോൺ എടുത്ത് ഇഷ്ടമുള്ള ഒരാളെ വിളിക്കുമ്പോൾ,
രാത്രിയിൽ പുസ്തകം വായിച്ച് ഉറങ്ങുമ്പോൾ
അല്ലെങ്കിൽ…
ഒന്നും ചെയ്യാതെ ഒരു ജനലരികിൽ ഇരുന്ന് പുറത്തേക്ക് നോക്കുമ്പോൾ.
ആരും അനുവാദം നൽകേണ്ടതില്ലെന്ന് തിരിച്ചറിയുന്ന ആ നിമിഷത്തിൽ ആണ് നാം സ്വാതന്ത്ര്യം അനുഭവിച്ചറിയുന്നത്.
ഒരു വർഷം കഴിഞ്ഞപ്പോൾ രാഘവന്റെ ചരമവാർഷികത്തിന് ബന്ധുക്കൾ വീട്ടിൽ ഒത്തുകൂടി.
എല്ലാരും പോയി കഴിഞ്ഞ് അവൾ മുറിയിലേക്ക് പോയി അലമാര തുറന്നു.
അവിടെ പല നിറത്തിലുള്ള സാരികൾ ഉണ്ടായിരുന്നു.
ഒരു യാത്രയ്ക്കായി വാങ്ങിയ ബാഗ്.
പുസ്തകങ്ങൾ.
പഴയ നോട്ട്ബുക്ക്.
അവൾ നോട്ട്ബുക്ക് എടുത്തു.
ആ പഴയ വരി വീണ്ടും വായിച്ചു.
“ ഒറ്റയ്ക്ക് കടൽ കാണണം.”
അവൾ ചിരിച്ചു.
പേജിന്റെ താഴെ ഒരു പുതിയ വരി എഴുതി.
“കണ്ടു. ഇനി കാണാനുള്ളത് ഒരുപാട് ബാക്കിയുണ്ട്.”
നോട്ട്ബുക്ക് അടച്ച് അവൾ ജനൽ തുറന്നു.
പുറത്ത് കാറ്റ് വീശുന്നുണ്ടായിരുന്നു.
മീര കണ്ണുകൾ അടച്ചു.
പതിനാറ് വർഷം അവൾ ജീവിച്ചത് മറ്റൊരാളുടെ ജീവിതമായിരുന്നു.
ഇപ്പോൾ അവൾക്ക് മുന്നിൽ കിടക്കുന്നത് സ്വന്തം ജീവിതമായിരുന്നു.
അത് എങ്ങനെയാകണമെന്ന് തീരുമാനിക്കാൻ ഇനി ആരുമില്ല.
മീര യാത്രയ്ക്കുള്ള ബാഗ് എടുത്തു.
അടുത്ത ദിവസം അവൾ കടൽ ഒരു ദൂരയാത്ര പോകുകയായിരുന്നു .
ഈ പ്രാവശ്യം ആരുടെയും അനുവാദമില്ലാതെ.
ആരെയും ഭയക്കാതെ.
ആരോടും വിശദീകരണം നൽകാതെ.
സ്വന്തം ഇഷ്ടപ്രകാരം.
മീരയുടെ ജീവിതം അവിടെ അവസാനിച്ചില്ല.
അവിടെ നിന്നാണ് അവൾ ആദ്യമായി തന്റെ ഇഷ്ടങ്ങൾക്ക് ചിറകുകകൾ നൽകി ജീവിക്കാൻ തുടങ്ങിയത്..
✍️അംബിക ശിവശങ്കരൻ.
