തന്തയുടെ ഗുണം കാട്ടാതിരിക്കുമോയെന്ന് പറഞ്ഞാണ് തങ്കമണിയെ ഗോവിന്ദൻ തളർത്താറുള്ളത്. തുടർന്ന്, ആ തർക്ക വിഷയത്തിൽ ജയിച്ചെന്ന് ഭാവിക്കും. ആരുടെയെങ്കിലും മുമ്പിൽ ജയിച്ചെന്ന് വരുത്താതെ മനുഷ്യർക്ക് ജീവിക്കാൻ ഒക്കാറില്ലല്ലോ…
തന്തയുടെ കാര്യം പറഞ്ഞാൽ തങ്കമണിക്ക് കരച്ചില് വരും. മിക്ക മനുഷ്യരിലുമെന്ന പോലെ കരച്ചില് വന്നാൽ പിന്നെ അവളുടെ നാക്ക് അനങ്ങില്ല. വിങ്ങി പൊട്ടാറായ തൊണ്ടയുമായി മുറിയിലേക്ക് കയറുകയാണ് പതിവ്. അവിടെ വെച്ച് തന്റെ കണ്ണുകളിൽ തിങ്ങിയ മുഴുവൻ സങ്കടങ്ങളേയും അവൾ സ്വതന്ത്രമാക്കും. ഗോവിന്ദനിലേക്ക് എത്താനുള്ള ശബ്ദം ആ കരച്ചിലിന് ഉണ്ടാകാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
തങ്കമണിയുടെ തന്ത വളരേ നല്ല മനുഷ്യനായിരുന്നു. ബാധ്യതകൾ വരുത്തി ഉണ്ടായിരുന്ന വീടും വിറ്റ് അവളേയും അമ്മയേയും ബന്ധുവീട്ടിൽ താമസിപ്പിച്ച് കടന്നുകളഞ്ഞുവെന്നല്ലാതെ മറ്റൊന്നും അയാൾ ചെയ്തിട്ടില്ല.
അന്ന് തങ്കമണി ബാലികയായിരുന്നു. കൗമാരക്കാരി ആയപ്പോൾ ഇഷ്ടം പറഞ്ഞുവന്ന ഗോവിന്ദന്റെ കണ്ണുകളിൽ മുട്ടി അവളുടെ മനസ്സ് അറിയാതെ നിന്നു. മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊന്നും പ്രതീക്ഷിക്കാതെ അയാൾ തങ്കമണിയെ വിവാഹം ചെയ്യുകയായിരുന്നു. അവർക്ക് കലപിലാന്ന് ശബ്ദമുണ്ടാക്കുന്ന രണ്ട് പിള്ളേരുമായി.
ജീവിതം അതിന്റെ പ്രായോഗിക വഴികളിലൂടെ തിരിഞ്ഞ് നോക്കാതെ നടക്കാൻ തുടങ്ങിയപ്പോൾ ഗോവിന്ദൻ പലതും മറന്നു. താൻ മാത്രമാണ് ലോകമെന്ന് കരുതുന്ന തങ്കമണിക്ക് ഒരു മനസ്സുണ്ടെന്നത് ആയിരുന്നു മറന്നതിൽ ആദ്യത്തേത്.
‘പിന്നേ… നീ വീട്ടിന്ന് കൊട്ടക്കണക്കിന് കൊണ്ട് വന്നിട്ടുണ്ടല്ലോ…!’
ചില സാമ്പത്തിക പ്രതിസന്ധികളിൽ വീർപ്പുമുട്ടുന്ന നേരങ്ങളിൽ അയാൾ ചേർക്കുന്ന വാചകമാണ്. വീടിന്റെ ആധാരം പണയപ്പെടുത്തി വാങ്ങിയ ഓട്ടോ കട്ടപ്പുറത്ത് ആയതിന് ശേഷമാണ് അയാളുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം സംഭവിക്കുന്നത്.
‘ഞാൻ കൂടി എന്തെങ്കിലും പണിക്ക് പോകാം…’
‘ഹാ, അപ്പോൾ പിന്നെ നിനക്ക് സൗകര്യമായല്ലോ…. ഉച്ചയ്ക്ക് ഞാൻ വരുമ്പോൾ, നിന്റെ തന്തയെനിക്ക് വിളമ്പി തരോ…!’
ഗോവിന്ദന്റെ പ്രകൃതം ഇങ്ങനെയാണ്. സകല ദേഷ്യങ്ങളും തീർക്കാൻ ഉപയോഗിക്കപ്പെടുന്ന പാവയായി ഭാര്യയെ അയാൾ കാണുന്നുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു…
ഇത്രയൊക്കെ ആയിട്ടും ജീവിതം മടത്തുവെന്ന് തങ്കമണിക്ക് ഇതുവരെ തോന്നിയിട്ടില്ല. എന്തൊക്കെ ഉണ്ടായാലും നിനക്ക് താൻ ഉണ്ടെന്ന സ്നേഹം പിന്നേയും ഗോവിന്ദനിൽ നിന്ന് അവൾക്ക് ലഭിക്കുന്നുണ്ടായിരുന്നു. അതിന് കാരണം തങ്കമണി തന്നെയാണ്. ആർക്കും അവളെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല. അത്രയ്ക്കും തങ്കപ്പെട്ട ഉള്ളായിരുന്നു ആ പെണ്ണിന്…
അന്ന്, മിക്കപ്പോഴും ഉണ്ടാകുന്നത് പോലെ അവരുടെ ഇടയിൽ കരണ്ട് ബില്ല് കാരണമായി ഒരു തർക്കമുണ്ടായി. അരക്കല്ല് ഉണ്ടായിട്ടും മിക്സി കൂടുതൽ ഉപയോഗിച്ചൂവെന്നതാണ് വിഷയം.
‘നിനക്കൊക്കെ കെട്ടിലമ്മ ചമഞ്ഞ് വീട്ടില് ഇരുന്നാൽ പോരെ… മനുഷ്യൻ പെടാപാട് പെടുകയാണ്…’
എന്നൊക്കെ ഗോവിന്ദൻ പറയുന്നുണ്ട്. ഇതൊന്നും വേണമെന്ന് താൻ പറഞ്ഞില്ലല്ലോയെന്ന് പറയുന്ന തങ്കമണിയെ അയാൾ കേൾക്കുന്നതേ ഉണ്ടായിരുന്നില്ല. ഒടുവിൽ പതിവ് സംഭാഷണങ്ങളെല്ലാം പറഞ്ഞ് അവളെ തളർത്തിയതിന് ശേഷം അയാൾ പുറത്തേക്ക് പോയി.
അന്ന് തങ്കമണി വിങ്ങുമ്പോൾ പിള്ളേരിൽ മൂത്തവൻ വന്ന് അമ്മ എന്തിനാണ് കരയുന്നതെന്ന് ചോദിച്ചിരുന്നു. അവന് ഏഴ് വയസ്സ് ആകുന്നതേയുള്ളൂ…
കണ്ണുകൾ തുടച്ചുകൊണ്ട് അച്ഛൻ വഴക്ക് പറഞ്ഞിട്ടാണെന്ന് അവൾ പറഞ്ഞു. എന്തിനാണ് വഴക്ക് പറഞ്ഞതെന്നായി അവന്റെ അടുത്ത ചോദ്യം. കേട്ടപ്പോൾ തെറ്റ് ചെയ്തിട്ടെന്ന് പറഞ്ഞ് തങ്കമണി തല കുനിച്ചു.
‘എന്ത് തെറ്റാ അമ്മ ചെയ്തേ…?’
മറുപടി ഇല്ലാത്തതുകൊണ്ട്, മോൻ വലുതാകുമ്പോൾ പറഞ്ഞ് തരാമെന്ന് പറഞ്ഞ് അവൾ എഴുന്നേറ്റു. പിള്ളേരുടേയും അയാളുടേയും മുഷിഞ്ഞ തുണികളെല്ലാം കഴുകാനായി പുറത്തേക്ക് കൊണ്ടുപോയി. അപ്പോഴാണ് ഒരു കത്തുണ്ടെന്ന് പറഞ്ഞ് പോസ്റ്റുമാൻ വന്നത്. ബാങ്കിൽ നിന്നാണ് പോലും…
തന്റെ പേര് ഒഴികെ മറ്റൊന്നും എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ടുമാത്രം അവളത് പൊട്ടിച്ച് വായിക്കാൻ ശ്രമിച്ചില്ല.
അന്ന് രാത്രിയിൽ ഗോവിന്ദന് നല്ല സന്തോഷമായിരുന്നു. അതിന്റെ തെളിവെന്നോണം, തനിക്ക് ചില സമയത്ത് ഭ്രാന്ത് പിടിക്കുന്നുവെന്നും, താൻ ദേഷ്യം വരുമ്പോൾ പറയുന്നതൊന്നും കാര്യം ആക്കേണ്ടായെന്നും അയാൾ തങ്കമണിയോട് പറഞ്ഞു. അപ്പോൾ അവളുടെ മുഖത്ത് നിന്ന് പരിഭവങ്ങളെല്ലാം മാറി പ്രകാശം തൂകി. തനിക്ക് അറിയാമെന്നും പറഞ്ഞ് ബാങ്കിൽ നിന്ന് വന്ന കത്തെടുത്തിട്ട് അവൾ അയാൾക്ക് കൊടുക്കുകയായിരുന്നു. അത് കണ്ടപ്പോൾ അയാളുടെ മുഖം മങ്ങുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.
‘എന്തുപറ്റി…?’
“ഒന്നുമില്ല…”
ആ മറുപടിയോടെ ഗോവിന്ദൻ തിരിഞ്ഞ് കിടക്കുകയായിരുന്നു. രാത്രി ഏറെ വൈകിയിട്ടും അയാൾക്ക് ഉറക്കം വന്നില്ല. കുറച്ച് കാലമായിട്ട് എപ്പോൾ സംഭവിക്കുമെന്ന് മാത്രം ഓർത്ത് തലപുകഞ്ഞ കാര്യമാണ് നടക്കാൻ പോകുന്നത്. കുടുംബസമേതം വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുന്ന അവസ്ഥ ഓർത്തപ്പോൾ തന്നെ അയാളുടെ മുട്ടും ഹൃദയവും വെപ്രാളപ്പെടുകയാണ്.
മാനക്കേട് ഇല്ലാതെ ഇറങ്ങി നടക്കണമെങ്കിൽ എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂവെന്ന് അയാൾ ഓർത്തു. തുറന്ന ജനൽ അഴികളിൽ പിടിച്ച് നിൽക്കുന്ന ഗോവിന്ദന്റെ മുഖത്തേക്ക് നേർത്ത കാറ്റ് വീശുകയാണ്. ഇനി ഇതുവഴി വരില്ലെന്ന് പറഞ്ഞ് പോകുന്ന ആ തെന്നലുകളാണ് തീരുമാനമെടുക്കാൻ അയാളെ സഹായിച്ചത്…
പിറ്റേന്ന് തങ്കമണി ഏഴുന്നേൽക്കുമ്പോൾ ഗോവിന്ദൻ ആ വീട്ടിൽ ഉണ്ടായിരുന്നില്ല. ഫോണിൽ കിട്ടാതെ വന്നപ്പോൾ അറിയാവുന്ന കൂട്ടുകാരോടെല്ലാം അവൾ കാര്യം തിരക്കി. ആർക്കും അയാളെ കണ്ടെത്താൻ സാധിച്ചില്ല.
എന്തുചെയ്യണമെന്ന് അറിയാതെ പിള്ളേരേയും ചേർത്ത് പകച്ച് നിൽക്കുമ്പോൾ അന്തരീക്ഷം വരെ തങ്കമണിക്ക് എതിരായി നിന്നു. ഭയപ്പെടും വിധം കാറ്റും കുളിരും മഴയും ചുറ്റുപാടുകളെ കോരിത്തരിപ്പിക്കുകയാണ്.
നാളുകൾ മൂന്നെണ്ണം അവളുടെ നെഞ്ചിൽ ചവിട്ടി മലർന്ന് വീണപ്പോൾ, തന്റെ ഭർത്താവെന്ന ലോകത്തിന് വല്ല അപകടവും സംഭവിച്ചിട്ടുണ്ടാകുമോയെന്ന ഭീമൻ ഭയം തങ്കമണിയെ വിഴുങ്ങാൻ തുടങ്ങി. അപ്പോഴാണ് കത്തിലെ ഉള്ളടക്കം എന്തായിരുന്നുവെന്ന് അത് പരിശോധിച്ച അയൽക്കാരൻ വിശദമാക്കിയത്.
കേട്ടപ്പോൾ അതുവരെ ഉണ്ടായിരുന്ന സങ്കടമെല്ലാം തങ്കമണിയിൽ നിന്ന് ഒഴിഞ്ഞു. തുടർന്ന്, എഴുന്നേൽക്കുകയും, കുട്ടികൾക്ക് വല്ലതുമൊക്കെ ഉണ്ടാക്കി കൊടുക്കാനായി അടുക്കളയിലേക്ക് നടക്കുകയും ചെയ്തു. തീർന്നില്ല. കാര്യം അറിഞ്ഞ് വീട്ടിൽ കൂടിയവർക്ക് കട്ടൻ ചായയും ബിസ്ക്കറ്റും കൊടുക്കുമ്പോൾ അവൾ പുഞ്ചിരിക്കുന്നുണ്ടോയെന്ന് പോലും കാണുന്നവർക്ക് സംശയം തോന്നിയിട്ടുണ്ടാകും….
‘വാടകയ്ക്കൊരു വീട് കണ്ടെത്തി തരാൻ പറ്റുമോ…?’
എല്ലാവരും പിരിഞ്ഞ് പോകാൻ നേരം വാർഡ് മെമ്പറോട് തങ്കമണി ചോദിച്ചതാണ്. പറ്റിയാൽ അടക്കാ കമ്പിനിയിൽ ഒരു ജോലിയുമെന്ന് കൂടി പറഞ്ഞപ്പോൾ മിഴിച്ച കണ്ണുകളുമായി വെറുതേ അവളെ നോക്കി മെമ്പറ് തലയാട്ടി. കെട്ടിയോന് പിന്നാലെ കിടപ്പാടവും നഷ്ടപ്പെടാൻ പോകുന്നുവെന്ന് അറിഞ്ഞിട്ടും കല്ലുപോലെ നിൽക്കുന്ന പെണ്ണിനെ കണ്ട അതിശയം, ആ നാട് പിറുപിറുക്കുകയാണ്.
എന്തുകൊണ്ടാണെന്ന് അറിയില്ല. ആ രംഗത്തിന് ശേഷം തങ്കമണി കരഞ്ഞതേയില്ല. അച്ഛൻ എവിടെ പോയെന്ന് ചോദിച്ച പിള്ളേരോട് വരുമെന്ന് മാത്രം പറഞ്ഞു. കിടന്ന കിടപ്പിൽ നിന്ന് കാണാതായ ഗോവിന്ദനെ അവൾ ഓർത്തില്ല. തങ്കം പോലെയുള്ള ആ മനസ്സിൽ മുഴുവൻ അയാൾ മിക്കപ്പോഴും പരിഹസിക്കുന്ന അവളുടെ തന്തയായിരുന്നു….!!!!
✍️ശ്രീജിത്ത് ഇരവിൽ
