മകന്റെ കല്യാണം കഴിഞ്ഞ് പുതിയ മരുമകൾ വീട്ടിലേക്ക് വന്നിട്ട് മൂന്നു ദിവസമേ ആയിട്ടേയുള്ളു. വർഷങ്ങളായി ഞങ്ങളുടെ മകന്റെ ശബ്ദം മാത്രം നിറഞ്ഞുനിന്നിരുന്ന വീട്ടിലിപ്പോൾ മറ്റൊരു….

മകന്റെ കല്യാണം കഴിഞ്ഞ് പുതിയ മരുമകൾ വീട്ടിലേക്ക് വന്നിട്ട് മൂന്നു ദിവസമേ ആയിട്ടേയുള്ളു.

വർഷങ്ങളായി ഞങ്ങളുടെ മകന്റെ ശബ്ദം മാത്രം നിറഞ്ഞുനിന്നിരുന്ന വീട്ടിലിപ്പോൾ മറ്റൊരു പെൺകുട്ടിയുടെ ശബ്ദം കൂടി ഉണ്ടായിരിക്കുന്നു.

അവൾ വന്നതോടെ എന്റെ മകന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായമാണ് തുടങ്ങിയിരിക്കുന്നത്.

പുതുമോടിയാണ്, ജീവിതം എന്താണെന്ന് അറിഞ്ഞു വരുന്നതേയുള്ളു,അവർക്കു രണ്ടാൾക്കും പരസ്പരം മനസ്സിലാക്കാൻ സമയം കൊടുക്കണം എന്ന ഉദ്ദേശത്തോടെ ഞാനും ഭർത്താവും കൂടെ തൊട്ടടുത്തുള്ള തറവാട്ടു വീട്ടിലേക്ക് മാറാൻ തീരുമാനിച്ചു.

പോകുമ്പോൾ ഞങ്ങൾക്ക് കൊണ്ട് പോകാനുള്ള അത്യാവശ്യം സാധനങ്ങൾ ഒതുക്കി വെക്കുന്നതിനിടയിലാണ് മരുമകൾ എന്നെ ശ്രദ്ധിക്കുന്നത്.

ഞാൻ തുണികൾ മടക്കി ബാഗിൽ വെക്കുന്നത് കണ്ടപ്പോൾ കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്ന ശേഷം അവൾ പതുക്കെ എന്റെ അടുത്തേക്ക് കടന്നു വന്നു.

“എങ്ങോട്ടാണമ്മേ നിങ്ങൾ രണ്ടാളും പോകുന്നത്?”

അവളുടെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു.

ഞങ്ങൾ രണ്ടാളും തറവാട്ടു വീട്ടിലേക്ക് മാറാമെന്ന് കരുതുകയാണ് മോളെ,

അവൾ എന്റെ നേരെയെന്നു നോക്കിയ ശേഷം പതുക്കെ ചോദിച്ചു,

എന്തിനാണമ്മേ ഇത്ര പെട്ടെന്നങ്ങോട്ട് പോകുന്നത്?

ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ?”

ആ ചോദ്യം കേട്ടപ്പോൾ അറിയാതെ എനിക്ക് ചിരി വന്നു.

പക്ഷേ, ആ ചിരിയുടെ പിന്നിൽ അവളോടുള്ള വാത്സല്യമായിരുന്നു.

ഞാൻ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു,

“എന്റെ മോളേ…നീ തെറ്റൊന്നും ചെയ്തിട്ടില്ല.”

അവൾ എന്റെ മുഖത്തേക്ക് നോക്കി നിന്നു.

“പിന്നെന്തിനാണമ്മേ പോകുന്നത്?”

ഞാൻ അവളുടെ നെറ്റിയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ,പരസ്പരം അറിയാനും മനസ്സിലാക്കാനും,തമ്മിൽ തമ്മിൽ ഒരു ജീവിതം പടുത്തുയർത്താനും ഉള്ള സമയമാണ്.ആ സമയത്ത് ഞാനും അച്ഛനും നിങ്ങളുടെ ഇടയിൽ ഉണ്ടാകേണ്ടതുണ്ടോ മോളേ?”

അവൾ ഒന്നും മിണ്ടിയില്ല.

നിങ്ങൾക്ക് നിങ്ങളുടേതായൊരു ലോകം വേണം.നിങ്ങൾക്കിഷ്ടമുള്ള പോലെ ചിരിക്കാനും, തുറന്നു സംസാരിക്കാനും, ചെറിയ കാര്യങ്ങൾക്ക് പിണങ്ങാനും, പിന്നെ അതിലും ചെറിയൊരു കാര്യത്തിന് വീണ്ടും സ്നേഹത്തോടെ ഒത്തുചേരാനും… അതൊക്കെ നിങ്ങളുടെ മാത്രം നിമിഷങ്ങളാണ്.

അവളുടെ കണ്ണുകളിൽ പതിഞ്ഞിരുന്ന പേടി പതുക്കെ അലിഞ്ഞുതുടങ്ങി.

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

നിങ്ങൾക്കും ഒരു പ്രൈവസി വേണ്ടേ മോളെ?

പക്ഷേ അമ്മയും അച്ഛനും ഇവിടെ ഇല്ലെങ്കിൽ…”

അവൾ വാക്ക് പൂർത്തിയാക്കിയില്ല.

ഞാൻ അവളുടെ കൈ മുറുകെ പിടിച്ചു.

ഞങ്ങളതിനു ദൂരെ എവിടേക്കും പോകുന്നില്ലല്ലോ മോളേ.തൊട്ടപ്പുറത്തെ തറവാട്ടിലേക്കല്ലേ മാറുന്നത്.ഒരു വിളിപ്പുറത്ത് ഞങ്ങളുണ്ടാകും.നിനക്കമ്മയെ വിളിക്കണമെന്ന് തോന്നിയാൽ വിളിക്കാം. എന്തെങ്കിലും വിഷമമുണ്ടെങ്കിൽ ഓടിവരാം.

“പിന്നെ ഒരു കാര്യം കൂടി നീ മനസ്സിലാക്കണം…”

“എന്താ അമ്മേ?”

അവൻ എന്റെ മകനാണ്‌.അവനെ ഞാൻ നല്ല പോലെ വളർത്തി വലുതാക്കിയതോടെ എന്റെ ചുമതല കഴിഞ്ഞു ഇനിയവൻ നിന്റേതാണ് അവന്റെ ജീവിതം ഇനി നിനക്കൊപ്പമാണ്.

അവന്റെ കൈപിടിച്ചീ വീട്ടിലേക്ക് വന്ന നിമിഷം മുതൽ,
നീ അവന്റെ ഭാര്യ മാത്രമല്ല
എന്റെ മകൾ കൂടിയാണ്.

നീ എന്റെ മകനെ സ്നേഹിച്ച് കൂടെ നിൽക്കണം.അവനു തെറ്റ് പറ്റുമ്പോൾ നീയത് തിരുത്തണം.തളരുമ്പോൾ ചേർത്തുപിടിക്കണം.

പക്ഷേ, ഒരിക്കൽ അവൻ നിന്നോടെന്തെങ്കിലും മോശമായി പെരുമാറിയാൽ അത് ഭർത്താവിന്റെ തെറ്റാണെന്ന് കരുതി ഒരിക്കലും നീ സഹിച്ച് നിൽക്കരുത് മോളെ…..

എന്ത് പ്രശ്നം നിനക്കുണ്ടായാലും ഞങ്ങളോട് നീയത് തുറന്ന് പറയണം കാരണം നിന്റെ അച്ഛനും അമ്മയും ഞാൻ എന്റെ മോനെ എങ്ങനെ വളർത്തിയോ അതുപോലെ തന്നെയാണ് നിന്നെയും വളർത്തിയിട്ടുണ്ടാവുക അത്കൊണ്ടീ വീട്ടിൽ ഒരിക്കലും നിന്റെ കണ്ണുനീർ വീഴാനിട വരരുത്.

അവളുടെ കണ്ണുകൾ നിറഞ്ഞു.

ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു,

വർഷങ്ങളോളം നെഞ്ചോട് ചേർത്തു വളർത്തിയ മകനെ മറ്റൊരാളുടെ കൈപിടിച്ചേൽപ്പിക്കുമ്പോൾ,എന്റെ മനസ്സിൽ ചെറിയൊരു ശൂന്യത ഉണ്ടാകുമെന്നത് സത്യമാണ് മോളെ.

അവൻ ജനിച്ച നാൾ മുതൽ അവന്റെ ഓരോ വളർച്ചയും ഞാൻ കണ്ടതാണ്.
രാത്രികളിൽ ഉറക്കമൊഴിച്ചവനെ താലോലിച്ചതും,അവന് പനി വരുമ്പോൾ സ്വന്തം വേദന പോലെ കരഞ്ഞതും, അവന്റെ ചെറിയൊരു ചിരിക്ക് വേണ്ടി സ്വന്തം സന്തോഷങ്ങൾ പോലും മാറ്റിവെച്ചതും ഞാനാണ്.

അവന്റെ ആദ്യത്തെ കാൽവെപ്പ് മുതൽ ആദ്യത്തെ വാക്ക് വരെ…
സ്കൂളിലെ ആദ്യദിവസം മുതൽ ജീവിതത്തിലെ ആദ്യ പരാജയം വരെ…
അവൻ വീഴുമ്പോഴൊക്കെ കൈപിടിച്ചുയർത്തിയതും,അവൻ തോൽക്കുമ്പോഴൊക്കെ “നിനക്ക് കഴിയും” എന്ന് പറഞ്ഞ് അവന്റെ ഉള്ളിൽ പ്രതീക്ഷ നിറച്ചതും ഞാൻ തന്നെയാണ്.

സ്വന്തം ആഗ്രഹങ്ങൾ പലതും മാറ്റിവെച്ചാണ് ഞാൻ അവനെ വളർത്തിയത്.
അവന് നല്ലൊരു ഭാവി വേണമെന്ന ഒറ്റ ആഗ്രഹത്തിൽ,എന്റെ ഇന്നലെകളെ പോലും ഞാൻ മറന്നുപോയിട്ടുണ്ട്.

എന്തൊക്കെ ഞാനവന് വേണ്ടി ചെയ്താലും എന്റെ മകനെന്നും അവന്റെ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചുനിൽക്കേണ്ടവനല്ല.

ഒരു ദിവസം അവനാ സാരിത്തുമ്പിൽ നിന്ന് കൈവിടും.അമ്മയുടെ കൈപിടിച്ച് നടന്നിരുന്ന ആ കൈ മറ്റൊരു കൈ തേടും.അമ്മയോട് പറഞ്ഞിരുന്ന രഹസ്യങ്ങൾ മറ്റൊരാളോട് പറയാൻ തുടങ്ങും.അമ്മയുടെ മടിയിൽ തലവെച്ച് ഉറങ്ങിയിരുന്ന മകൻ, മറ്റൊരാളുടെ തോളിൽ ചാരിയാകും തന്റെ സമാധാനം കണ്ടെത്തുക.

അതാ അമ്മയ്ക്ക് വേദനയാകാം.
പക്ഷേ അതിനേക്കാൾ വലിയൊരു സന്തോഷവും അവളുടെ ഉള്ളിലുണ്ടാകും.

കാരണം,അവളാ മകനെ വളർത്തിയത് തന്റെ അരികിൽ എന്നും നിർത്താനല്ല… അവൻ തന്റെ ജീവിതം സ്വയം പടുത്തുയർത്താൻ വേണ്ടിയാണ്.

അതുകൊണ്ടാണ് മോളെ, നിന്നെ അവന്റെ ജീവിതത്തിലേക്ക് ചേർത്തുനിർത്തുമ്പോൾ എന്റെ മനസ്സിൽ നഷ്ടബോധത്തേക്കാൾ സന്തോഷം കൂടുതലായുണ്ടാകുന്നത്.

വർഷങ്ങളോളം ഞാൻ നെഞ്ചോട് ചേർത്തുവളർത്തിയ എന്റെ മകനെയിന്ന് ഞാൻ നിന്റെ കൈകളിലേക്ക് ഏൽപ്പിക്കുകയാണ്.

അവനെ എന്റെ മകനായി മാത്രം കാണരുത് നിന്റെ ജീവിതപങ്കാളിയായി കാണണം.

അവന്റെ കുറവുകൾ മനസ്സിലാക്കണം.
അവന്റെ മൗനങ്ങൾ വായിക്കണം.
അവൻ തളരുമ്പോൾ കൈപിടിക്കണം.
അവൻ തെറ്റുമ്പോൾ തിരുത്തണം.

കാരണം, ഒരമ്മയ്ക്ക് മകനെ നഷ്ടപ്പെടുന്നതല്ല ഏറ്റവും വലിയ പേടി
താൻ ഇത്രയും സ്നേഹത്തോടെ വളർത്തിയ മകൻ, ജീവിതത്തിൽ സന്തോഷമില്ലാതെ കഴിയുന്നതാണ്.

നീ അവന്റെ ജീവിതത്തിൽ സന്തോഷമായി മാറുന്നുവെങ്കിൽ,അവനെ നിന്നിലേക്ക് ഏൽപ്പിച്ച എന്റെ കൈകൾക്ക് ഒരിക്കലും ശൂന്യത തോന്നില്ല.

കാരണം എന്റെ മകൻ എന്റെ സാരിത്തുമ്പിൽ നിന്ന് അകന്നുപോയതല്ല…
അവന്റെ ജീവിതത്തിൽ മറ്റൊരു സ്നേഹമുള്ള കൈ കൂടി ചേർന്നതാണ്..
ഇനിയിത് നിന്റെ കൂടി വീടാണ്.നിങ്ങൾ രണ്ടാളും സന്തോഷമായി ഇരിക്കുന്നതാണ് ഞങ്ങളുടെയും സന്തോഷം.

അമ്മേ…

അവളെന്നെ കെട്ടിപ്പിടിച്ചു.

ഞാനവളുടെ നെറുകിൽ സ്നേഹപൂർവ്വം തലോടിയ ശേഷം പറഞ്ഞു,നിന്നോടീ പറഞ്ഞതൊക്കെ ഞാൻ അവനോടും പറഞ്ഞു കൊടുത്തിട്ടുണ്ട് പിന്നെ അത്യാവശ്യം പാചകം,മുറ്റമടി,പാത്രം കഴുകൽ ഒക്കെ അവനും അറിയാം കേട്ടോ എല്ലാം മോള് തന്നെ ചെയ്യാൻ നിക്കണ്ട.

അത് കേട്ടപ്പോൾ അവളെന്നെ നോക്കി ചിരിച്ചു.

നിങ്ങൾ രണ്ടാളും സന്തോഷമായി ജീവിക്കാൻ വേണ്ടി ഞങ്ങളീ വീട്ടിൽ നിന്ന് താൽക്കാലത്തേക്കൊന്ന് മാറി നിൽക്കുന്നതാണ് അല്ലാതെ ഒരിക്കലും നിങ്ങളിൽ നിന്നും അകന്നു പോകുന്നതല്ല.

അവളെന്നെ കെട്ടിപ്പിടിച്ചു.

അവളുടെ കണ്ണുനീർ എന്റെ തോളിൽ വീണപ്പോൾ, വർഷങ്ങളായി നെഞ്ചിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ചെറിയ വേദന പതുക്കെ അലിഞ്ഞുപോകുന്നതുപോലെ എനിക്ക് തോന്നി.

മക്കളോട് രണ്ടാളോടും യാത്ര പറഞ്ഞ ശേഷം ആ വീടിന്റെ പടിയിറങ്ങുമ്പോൾ എന്റെ ഭർത്താവെന്നോട് പതുക്കെ ചോദിച്ചു,

“നിനക്ക് വിഷമമില്ലേ?”

ഞാൻ ഒന്ന് തിരിഞ്ഞുനോക്കി.

ഇന്നലെ വരെ ആ വീട്ടിലെ ഓരോ മുറിയിലും എന്റെ മകന്റെ ബാല്യത്തിന്റെ ഓർമ്മകളായിരുന്നു.ഇന്നതേ മുറികളിൽ മറ്റൊരു പെൺകുട്ടിയുടെ ചിരിയും സ്വപ്നങ്ങളും കൂടി നിറയുകയാണ്.

ഞാൻ പതുക്കെ പറഞ്ഞു,

വിഷമമുണ്ട്…

പക്ഷേ അതിനേക്കാളേറെ സന്തോഷമുണ്ട്.”

എന്തുകൊണ്ട്?

ഞാൻ കണ്ണുകൾ തുടച്ച ശേഷമൊന്നു ചിരിച്ചു.

ഇത്രയും വർഷം ഞാനവനെ എന്റെ കൈകളിൽ ചേർത്തുപിടിച്ചു വളർത്തി. ഇനി അവൻ മറ്റൊരു കൈയിൽ സ്വന്തം കൈ ചേർത്തു ജീവിതം പഠിക്കട്ടെ.

അൽപ്പം നടന്ന ശേഷം ഞാൻ വീണ്ടും ആ വീട്ടിലേക്ക് തിരിഞ്ഞു നോക്കി.

വാതിലിനരികിൽ നിന്നിരുന്ന എന്റെ മകൻ എന്നെ നോക്കിയൊന്നു ചിരിച്ച ശേഷം കൈ വീശി കാണിച്ചു.

ഞാനും അവനെ നോക്കിയൊന്നു ചിരിച്ചു.

പക്ഷേ ആ നിമിഷം അവന്റെ മുഖത്ത് ഞാൻ കണ്ടത് എന്റെ കുഞ്ഞിന്റെ മുഖമല്ലായിരുന്നു ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഒരു പുരുഷന്റെ മുഖമായിരുന്നു.

എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

അല്പം നടന്ന ശേഷം ഞങ്ങൾ തറവാട്ടു വീടിന്റെ പടിയിലേക്ക് കയറുമ്പോൾ എന്റെ ഭർത്താവ് പിന്നെയും എന്നോട് ചോദിച്ചു,

“അവരെയിങ്ങനെ ഒറ്റയ്ക്ക് വിട്ടാൽ അവൻ നിന്നെ മറന്നുപോകുമോടീ ?”

ഞാൻ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു .

“മറക്കട്ടെ…”

ആ മനുഷ്യൻ അത്ഭുതത്തോടെ എന്നെ നോക്കി.

ഞാൻ പറഞ്ഞു,

“അമ്മയെ മറക്കാൻ കഴിയുന്നത്ര സന്തോഷം അവന്റെ ജീവിതത്തിൽ ഉണ്ടാകട്ടെ.കാരണം, ഒരമ്മയ്ക്ക് മകൻ തന്നെ മാത്രം ഓർത്തിരിക്കണമെന്നല്ല ആഗ്രഹം അവൻ സന്തോഷത്തോടെ ജീവിക്കണമെന്നാണ്.അവൾക്കെന്റെ മകൻ ഉള്ളത് പോലെ എന്നെ സ്നേഹിക്കാൻ
എനിക്കു നിങ്ങളില്ലേ?

അത്രയും പറഞ്ഞ് ഞാൻ പഴയ വീടിന്റെ വാതിൽ തുറന്നു.

അകത്തേക്ക് കയറുമ്പോൾ എന്റെ മനസ്സിൽ ഒരേയൊരു പ്രാർത്ഥനയായിരുന്നു ഉണ്ടായിരുന്നത്.

ദൈവമേ…
ഞാൻ ഇത്രയും വർഷം സ്നേഹിച്ച് വളർത്തിയ എന്റെ മകന്റെ കൈ പിടിച്ചിരിക്കുന്ന ആ പെൺകൊച്ചിനെ ഒരിക്കലും അവൻ വേദനിപ്പിക്കാതിരിക്കട്ടെ. അവളുടെ കണ്ണുനീരിന് കാരണം അവനാകാതിരിക്കട്ടെ. രണ്ടാളും എന്നും സന്തോഷത്തോടെ ജീവിക്കാൻ ഇട വരട്ടെ.

NB:മകൻ വിവാഹം കഴിക്കുന്ന ദിവസം ഒരമ്മയ്ക്ക് മകനെ നഷ്ടപ്പെടുന്നില്ല.പകരം അവളുടെ കുടുംബത്തിലേക്ക് മറ്റൊരു മകളെ കൂടി ദൈവം ചേർത്തുതരികയാണ്.
സ്നേഹം എന്നത് ചേർത്തുപിടിച്ച് സ്വന്തമാക്കി വയ്ക്കുന്നതല്ല
നമ്മൾ സ്നേഹിക്കുന്നവർക്ക് അവരുടെ സ്വന്തം ആകാശം കൊടുത്തിട്ട്,അവർ അതിൽ പറക്കുന്നത് അഭിമാനത്തോടെ നോക്കിനിൽക്കുന്നതാണ്.

കഥ : തണൽ
അച്ചു വിപിൻ
©️copyrightprotected

Leave a Reply

Your email address will not be published. Required fields are marked *