ഒന്നരകാലി…
അയാൾ മാത്രമായിരുന്നു ഈ ഒന്നരകാലിയെ സ്നേഹിച്ചത്. ഉറക്കമില്ലാതെ പല രാത്രികളിലും കണ്ണടയ്ക്കുമ്പോൾ തെളിഞ്ഞ് വരുന്നത് വലുതുകാലിൽ കൂടി വണ്ടി കയറി ഇറങ്ങിയെന്റെ ബോധം മറയും മുന്നേ കോരിയെടുത്ത് ഓടുന്ന ആ മനുഷ്യന്റെ മുഖമാണ്….
പിന്നേ അങ്ങോട്ടുള്ള ആശുപത്രിവാസം, എന്ത് കണ്ടാലും ദേഷ്യപെട്ട്, ആരോടും മിണ്ടാതെ, ആരെയും കാണാൻ കൂട്ടാതെ, ഒരു മുറിയിൽ അടച്ചിരുന്ന ദിനങ്ങൾ. മുൻപൊരു അപകടത്തിൽ അച്ഛനും അമ്മയും നഷ്ടമായവൾക്ക് അവരുടെ വിധി തന്നിരുന്നെങ്കിലെന്ന് പ്രാർത്ഥിച്ച ദിനങ്ങൾ..
ഒന്നര കാലിന്റെ താഴേക്ക് വെപ്പുകാൽ വച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ഒന്നരകാലിയെന്ന് വിളിച്ച ആ നാട്ടിൽ എന്നെ കളിയാക്കാതിരുന്ന ഒരു മനുഷ്യൻ ചുമട്ടുതോഴിലാളിയായ അയാൾ മാത്രമായിരുന്നു. പൊതുവെ അയാൾ ആരോടും മിണ്ടുന്നത് പോയിട്ടൊന്ന് ചിരിക്കുന്നത് പോലും കണ്ടിട്ടില്ല…
സഹതാപത്തിന്റെ പുറത്താണോ എനിക്കർഹത ഉണ്ടായിട്ടാണോ എന്നറിയാതെ കിട്ടിയ ജോലിക്ക് പോയി തുടങ്ങുമ്പോഴാണ് മനസിലൊരു സന്തോഷമൊക്കെ വന്നു തുടങ്ങിയത്. എന്നാലും ഞാൻ പുറത്ത് ഇറങ്ങുമ്പോൾ മുത്തശ്ശി നെഞ്ചിൽ കൈവച്ച് പ്രാർത്ഥനയാണ്…
” ഒന്നരക്കാലും വച്ച് അടുത്ത ബസ്സിൽ എങ്ങാനും വന്നാൽ പോരെ, എന്തിനാ ഇതിൽ വലിഞ്ഞു കയറി ബാക്കിയുള്ളവരുടെ സമയം കൂടി കളയുന്നത്… ”
ഒരിക്കൽ ബസ്സ് കയറാൻ നിൽക്കുമ്പോഴാണ് കണ്ടക്ടർ വിളിച്ചു ചോദിക്കുന്നത്. എന്നെ തട്ടി മാറ്റിയാരോ കടന്ന് പോകുന്നതും കണ്ടക്ടർ പുറത്തേക്ക് വീണതും ഒരു നിമിഷം കൊണ്ട് കഴിഞ്ഞിരുന്നു….
” നീ വല്യ ജാഡ കാണിച്ചാൽ നാളെമുതൽ ഇവളുടെ വീടിന്റെ മുന്നിൽ വണ്ടി നിർത്തി നീ ഇവളെ കയറ്റും കാണണോടാ… ”
അത് പറയും മുന്നേ കണ്ടക്ടറുടെ ചെള്ളയ്ക്ക് കിട്ടിയ അടിയുടെ വേദന സഹിച്ച് കവിളും തടവി അയാൾ ഒന്നും മിണ്ടാതെ നിന്നു. അപ്പോഴേക്കും ആരൊക്കെയോ വന്ന് അയാളെ പിടിച്ചു മാറ്റി ബസ്സിൽ കയറ്റുമ്പോൾ, ആരോടും ചോദിക്കാതെ എനിക്ക് വേണ്ടിയൊരാൾ സീറ്റ് ഒഴിഞ്ഞു തന്നിരുന്നു…
” നിങ്ങടെ മോളെ എനിക്ക് കെട്ടിച്ചു തരുമോ.. ”
അതും ചോദിച്ചാണ് സന്ധ്യയ്ക്ക് ആ മനുഷ്യൻ വീട്ടിലേക്ക് വന്നത്. അത് കേട്ട് നിലവിളക്കിന്റെ മുന്നിലിരുന്ന മുത്തശ്ശി ഭദ്രകാളിയാകാൻ അധികസമയം വേണ്ടി വന്നില്ല…
” പിന്നേ കള്ളും കുടിച്ച്, നാട്ടിൽ അടിയും ഉണ്ടാക്കി നടക്കുന്ന നിനക്കിനി വയ്യാത്ത എന്റെ കുട്ടിയെ കെട്ടിച്ചു തരാൻ പോകുവല്ലേ… ”
മുത്തശ്ശി ഉറഞ്ഞു തുള്ളുമ്പോൾ അയാൾ എന്നെയൊന്നു നോക്കി നിസ്സഹയാതയോടെ ഞാനും നിന്നു….
” ഞാൻ അന്തസ്സായി ജോലി എടുത്താ ജീവിക്കുന്നെ, പിന്നെ എന്റെ കൂടെ വന്നാൽ നിങ്ങടെ മോളെ ആരുമൊന്നും പറഞ്ഞു കളിയാക്കില്ല, അതെനിക്കുറപ്പാ… ”
അത് പറഞ്ഞയാൾ കടന്ന് പോകുമ്പോൾ, മുത്തശ്ശി നെഞ്ചിൽ കൈ വച്ച് എനിക്ക് വേണ്ടി പ്രാർത്ഥിച്ചു തുടങ്ങി…
” അയാൾ ഒന്നും ചെയ്യില്ല മുത്തശ്ശി പേടിക്കേണ്ട…. ”
രാത്രി കിടക്കുമ്പോൾ പതിവില്ലാതെ മുത്തശ്ശി മുറുക്കെ പിടിക്കുമ്പോഴാണ് ഞാനത് പറഞ്ഞത്. ആ മനസ്സിലെ ഭയം എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു…
” എടോ… എനിക്കൊരു കാര്യം പറയാനുണ്ട്… ”
പിറ്റേന്ന് കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ് ഞാനത് പറഞ്ഞതും ഒന്നും മിണ്ടാതെ അയാളെന്റെ അരികിലേക്ക് വന്നതും..
” എവിടെയാ നിങ്ങളുടെ വീട് എനിക്കൊന്ന് കാണണം.. ”
അത് കേട്ടയാൾ ആദ്യം സംശയത്തോടെ എന്നെ നോക്കി…
” അതേ ഈ കാലും വച്ചു എനിക്കവിടെ കയറി വന്നു താമസിക്കാൻ പറ്റോ എന്ന് നോക്കണ്ടേ… ”
” അതിന് ആ തള്ള സമ്മതിക്കോ… ”
” തള്ളയല്ല മുത്തശ്ശി…. ”
” മുത്തശ്ശി എങ്കിൽ മുത്തശ്ശി… ”
” അദ്യം ഞാൻ വീട് കാണട്ടെ… ”
അയാൾ ഒന്ന് മൂളി നടന്നു….
” അതേ ഓട്ടോ വിളിക്ക്…. ”
അത് കേട്ടെന്നെയൊന്ന് നോക്കി അയാൾ വിളിച്ച ഓട്ടോയിൽ ഞാനും അയാളും കയറി..
” ഒരു പത്തു മിനിറ്റ് ഇപ്പോൾ വരാം.. ”
വീടിനു മുന്നിൽ നിർത്തിയ ഓട്ടോയിൽ നിന്നതും പറഞ്ഞയാളും ഞാനുമിറങ്ങി…
” നിങ്ങൾ നടന്നോ ഞാൻ വരാൻ സമയമെടുക്കും… ”
എനിക്ക് പിന്നിൽ നടക്കുന്ന അയാളോട് അത് പറഞ്ഞെങ്കിലും എന്നോട് നടക്കാൻ കൈ കൊണ്ട് ആംഗ്യം കാട്ടി അയാളെന്റെ പിന്നാലെ നടന്നു…
” ഈ സ്റ്റെപ്പ് കയറാൻ ഇത്തിരി പാടാണ്.. ”
ഉമ്മറത്തേക്കുള്ള പടികൾക്ക് മുന്നിൽ നിന്ന് പറയുമ്പോഴും അയാൾ ഒന്നും മിണ്ടിയില്ല…
” നോക്കി നിൽക്കാതെ ആ കൈ താടോ… ”
ഞാനത് പറഞ്ഞിട്ടാണ് അയാൾ കൈൾ എനിക്ക് നേരെ നീട്ടിയത്…
” കൈ നല്ല വിറയൽ ഉണ്ടല്ലോ, രാവിലെ രണ്ടെണ്ണം അടിക്കാഞ്ഞിട്ടാണോ… ”
എനിക്ക് നേരെ നീട്ടിയ കൈകൾ വിറയ്ക്കുന്നത് കണ്ടാണ് ഞാൻ ചോദിച്ചത്…
” ഞാനങ്ങനെ പെണ്ണുങ്ങളുമായിട്ട്… ”
അയാൾ വിറയ്ക്കുന്ന കൈകളിൽ നോക്കി വിക്കി വിക്കി പറയുമ്പോൾ ഞാൻ ചിരി പുറത്തേക്ക് വരാതെയിരിക്കാൻ ശ്രമിച്ചു കൊണ്ട് അയാളുടെ കൈകളിൽ മുറുക്കെ പിടിച്ചുകൊണ്ടു വീട്ടിലേക്ക് കയറി….
” ഇയാൾക്ക് വേറെ പെണ്ണ് കിട്ടാഞ്ഞിട്ടാണോ ഈ ഒന്നര കാലിയെ കെട്ടാൻ നടക്കുന്നെ…”
വീടിന്റെ ഉള്ളിലെ മുറികൾ കയറി ഇറങ്ങി ചോദിക്കുമ്പോഴും അയാൾ മൗനത്തിലായിരുന്നു….
” അതോ വേറെയാരും പെണ്ണ് തരാഞ്ഞിട്ടാണോ … ”
ഞാൻ പിന്നെയും ചോദിക്കുമ്പോൾ അയാൾ എന്റെ മുഖത്തേക്ക് നോക്കി നിന്നു…
” ഞാൻ നിന്നെ നിർബന്ധിച്ചോ, നിന്റെ പുറകെ നടന്നോ, ഒന്നുമില്ല ല്ലോ. എനിക്ക് താല്പര്യം തോന്നി, ആ തള്ളയോട് വന്നു ചോദിച്ചു. നിനക്ക് പറ്റില്ലേ കെട്ടണ്ട… ”
” തള്ളയല്ല മുത്തശ്ശി…”
ഞാനയാളെ പിന്നെയും തിരുത്തി…
” എനിക്ക് മുത്തശ്ശി മാത്രേയുള്ളൂ, ഇനി അഥവാ എന്നെ കെട്ടിയാൽ മുത്തശ്ശിയെ കൂടി നോക്കേണ്ടി വരും… ”
അയാളുടെ മറുപടിക്കൊന്നും കാത്ത് നിൽക്കാതെ ഞാൻ അടുക്കള ഭാഗത്തേക്ക് നടന്നു…
” എന്നോടുള്ള സഹതാപം കൊണ്ടാണെങ്കിൽ നിങ്ങൾ ഒന്നുകൂടി അലോചിച്ചിട്ട് മതി… ”
വീടിന്റെ ഉള്ള് മൊത്തം കറങ്ങി നടന്ന് ഉമ്മറത്ത് ഇരിക്കുന്ന അയാളോട് അത് പറയുമ്പോൾ അയാൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു…
” എങ്ങനെ പറയണമെന്നറിയില്ല എനിക്ക് നിന്നെ ഇഷ്ടമാണ്. ഒരിക്കലും കൈ വിടില്ല… ”
അത്രമാത്രം പറഞ്ഞുകൊണ്ട് അയാൾ വാതിൽ പൂട്ടി പടികൾ ഇറങ്ങാൻ നിൽക്കുന്ന എനിക്കരികിൽ വന്ന്, പിടിച്ചിറങ്ങാൻ കൈ എനിക്ക് നേരെ നീട്ടി…
” ഇനി ബസ്സിന് പോകാൻ നിന്നാൽ താമസിക്കും, ഞാനീ ഓട്ടോയ്ക്ക് പോകുവാ. ഇതിന്റെ പൈസ കൊടുത്തേക്കണേ… ”
കവലയിൽ ചെന്നയാൾ ഇറങ്ങുമ്പോൾ ഞാനതും പറഞ്ഞ് ഓട്ടോയിൽ തന്നെയിരുന്നു. അയാൾ ഡ്രൈവറോഡ് പൈസ തരാമെന്ന് ആംഗ്യം കാട്ടി കഴിഞ്ഞിട്ടാണ് അയാൾ വണ്ടി എടുത്തത്….
വൈകുന്നേരം തിരികെ കവലയിൽ ബസ്സ് ഇറങ്ങുമ്പോൾ ഏതോ ലോറിയിൽ നിന്ന് ചാക്കും തലയിൽ വച്ച് അയാൾ ലോഡ് ഇറക്കുന്നുണ്ടായിരുന്നു….
” മുത്തശ്ശി ഇന്നലെ വന്നയാളെ ഞാനിന്ന് കണ്ടിരുന്നു…”
ഞാനത് പറഞ്ഞു തീരും മുന്നേ മുത്തശ്ശി നെഞ്ചിൽ കൈ വച്ചു…
” ആളൊരു പാവമാണ്, നമ്മളെപ്പോലെ തന്നെ ആരുമില്ല, മുത്തശ്ശിക്ക് സമ്മതം ആണെങ്കിൽ… ”
ഞാനത് പറഞ്ഞു തീരുമ്പോഴും മുത്തശ്ശി നെഞ്ചിൽ നിന്ന് കൈ എടുത്തില്ല…
” മോൾക്ക് ഇഷ്ടം ആണെങ്കിൽ അത് മതി, എന്റെ മോളെ പൊന്നുപോലെ നോക്കിയാൽ മതി…. ”
മുത്തശ്ശി അതും പറഞ്ഞ് ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിച്ചു കൊണ്ടുപോയി…
അന്ന് രാത്രിയാണ് ആദ്യമായി ഒരാളെ ഓർത്തോർത്ത് കിടന്നത്. അയാളുടെ സംസാരവും, നടത്തവും, മുഖംഭാവവുമൊക്കെ പിന്നെയും പിന്നെയും ഓർക്കുമ്പോൾ ചുണ്ടിൽ വിരിയുന്ന ചിരി മുത്തശ്ശി കാണാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…
പിറ്റേന്ന് രാവിലെ കവലയിൽ ചെല്ലുമ്പോൾ അയാളെ അവിടെയെങ്ങും കണ്ടില്ല, ബസ്സ് വരുന്നത് വരെ അയാളെ പ്രതീക്ഷിച്ചു നിന്നിരുന്നു. വൈകുന്നേരം ബസ്സിറങ്ങുമ്പോഴും അദ്യം തിരഞ്ഞത് ആ മനുഷ്യനെയാണ്. കവലയിലെ ചായ കടയ്ക്ക് മുന്നിൽ നിന്ന് ചായ ഊതിയറ്റി കുടിക്കുന്ന അയാളെ കണ്ടപ്പോഴാണ് മനസ്സിന് ആശ്വാസമായത്. ഞാൻ അയാൾക്ക് അരികിലേക്ക് നടന്ന് വരുന്നത് കണ്ടാണ് അയാൾ എനിക്കരികിലേക്ക് വന്നത്…
” മുത്തശ്ശിക്ക് കുഴപ്പമൊന്നും ഇല്ല,… ”
അത് കേട്ടയാൾ ആദ്യമായി എന്നെ നോക്കിയൊന്ന് ചിരിച്ചു…
” അതേ എനിക്ക് ചോദിക്കാനും പറയാനും വേറെയാരുമില്ല, എന്നെ ചതിക്കരുത്… ”
ഉള്ളിലെ ഭയം ഞാനറിയാതെ പുറത്തേക്ക് വന്നു…
” വാ ഒരു ചായ കുടിക്കാം… ”
അയാൾ അതും പറഞ്ഞു കൈ നീട്ടുമ്പോൾ ആ കൈകൾ എന്നെ തനിച്ചാക്കില്ലെന്ന ഉറപ്പോടെ ആ കയ്യിൽ പിടിച്ച് നടന്നു… ആ ചെറിയ കടയിൽ അയാൾക്കൊപ്പം ചായ കുടിച്ച് ഇരിക്കുമ്പോൾ ഇങ്ങനെയൊന്നും എന്റെ ജീവിതത്തിൽ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതയിരുന്നില്ല…
” മുത്തശ്ശിക്ക് ഏതേലും അമ്പലത്തിൽ വച്ച് നടത്തണമെന്നാണ് ആഗ്രഹം.. ”
” അത് മതി, എനിക്ക് പിന്നേ പ്രത്യേകിച്ച് ആരും വരാൻ ഇല്ല, കുറച്ച് അടുത്ത സുഹൃത്തുക്കൾ മാത്രം… ”
” ഞങ്ങൾക്കും അതേ ചുറ്റുമുള്ള ഒന്ന് രണ്ടു വീട്ടുകാർ കാണും… ”
ചായ ഊതിയാറ്റി കുടിച്ചു കൊണ്ടാണ് സംസാരിച്ചത്….
” എന്നാ ആ തള്ളയോട്… അല്ല മുത്തശ്ശിയോട് നല്ല സമയം നോക്കാൻ പറ… ”
തള്ള തിരുത്തി മുത്തശ്ശി ആക്കിയത് കേട്ട് വന്ന ചിരിയിൽ തല കുലുക്കി ഞാനിരുന്നു…
” അതേ ആ നമ്പർ തരുമോ… മുത്തശ്ശിയോട് ചോദിച്ചിട്ട് വിളിക്കാം… ”
ഞാനത് പറയുമ്പോൾ പോക്കറ്റിൽ നിന്നൊരു പഴയ കീപാഡ് മൊബൈൽ എനിക്ക് നേരെ അയാൾ നീട്ടി. ഞാനതിൽ അദ്യമെന്റെ നമ്പർ സേവ് ആക്കി….
” ഒന്നരകാലി യെന്ന് ഇട്ടാൽ മതിയോ പേര്… ”
ഞാനത് ചോദിക്കുമ്പോൾ അയാൾ കണ്ണുരുട്ടി എന്നെ കാണിച്ചു…
” ദേ ഈ ചുവന്ന ഹൃദയമാണ് എന്റെ നമ്പർ, പേര് ഇട്ടിട്ടില്ല… ”
ഞാൻ മൊബൈൽ തിരിച്ചയാളെ കാണിക്കുമ്പോൾ, അയാൾ ചിരിച്ചു കൊണ്ടിരുന്നു…
” അല്ല നിങ്ങടെ പേര് ചോദിക്കാൻ മറന്നു പോയി…. ”
അതുവരെ പേര് ചോദിക്കത്ത കാര്യം ഓർത്തത് അയാളുടെ നമ്പർ സേവ് ആക്കുമ്പോഴാണ്…
” എനിക്ക് ചുവന്ന ഹൃദയമല്ലേ അപ്പോൾ നീയും ചുവന്ന ഹൃദയം വച്ചോ..”
അത് പറഞ്ഞ് ചിരിക്കുന്ന അയാളെ നോക്കി ഞാൻ ഇരുന്നപ്പോൾ അയാൾക്കൊപ്പം ജോലി ചെയ്യുന്നൊരാൾ അവിടേക്ക് വന്നു…
” മഹേഷേ വണ്ടി വന്നിട്ടുണ്ട് ട്ടാ… ”
” നിങ്ങൾ വിട്ടോ ഞാനിപ്പോ വരാം… ”
അയാളോട് അത് പറയുമ്പോൾ പേര് കണ്ടു പിടിച്ച സന്തോഷമായിരുന്നു എന്റെ മുഖത്ത്…
” ഞാൻ വിളിച്ചോളാം… ”
അത് പറഞ്ഞ് ഞാൻ എണീക്കുമ്പോൾ അയാളും പോകാനായി ഇറങ്ങി…
രാത്രി അത്താഴം കഴിച്ചു കഴിഞ്ഞാണ് അയാളെ ഫോൺ വിളിച്ചത്…
” ഹലോ ആരാ… ”
രണ്ടാമത്തെ റിങ്ങിൽ ആ ഫോൺ എടുത്ത് ചോദിക്കുന്നത് കേട്ടിട്ട് ദേഷ്യമാണ് വന്നത്..
” അതെന്താ നിങ്ങടെ മൊബൈലിൽ ചുവന്ന ഹൃദയം വേറെ ആർക്കേലും ഉണ്ടോ… ”
എന്റെ ചോദ്യം കേട്ട് മറുവശത്ത് അല്പനേരം മൗനവും പിന്നേ പതിഞ്ഞ ചിരി ഉയരുന്നതും ഞാൻ കേട്ടു …
” മ്മ്, അവിടെന്തെടുക്കുവാ.. ”
” ഞാൻ ഇച്ചിരി കഞ്ഞി വയ്ക്കുന്നു.. ”
” അത് നല്ലതാ എനിക്ക് ആഹാരം ഒന്നും ഉണ്ടാക്കാൻ അറിയില്ല, അപ്പൊ ഒരാളെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാ… ”
” അതിനാതള്ള…. സോറി മുത്തശ്ശി ഉണ്ടല്ലോ… ”
അയാളുടെ സംസാരം കേട്ട് ചിരിക്കുന്ന എന്നെ നോക്കി മുത്തശ്ശിയൊന്ന് മൂളിക്കൊണ്ട് പോയി. പിന്നെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പരസ്പരം കാണുകയും, ഇടയ്ക്ക് ഫോൺ വിളിച്ചും രണ്ടാളും പരസ്പരം അടുത്തറിഞ്ഞു കൊണ്ടിരുന്നു…
രണ്ട് പേരുടെയും അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത വിവാഹം അടുത്തുള്ള അമ്പലത്തിൽ വച്ചായിരുന്നു…
” അതേ ഈ പടികൾ എന്നെ എടുത്തുകൊണ്ട് ഇറങ്ങുമോ.. ”
താലി കെട്ട് കഴിഞ്ഞമ്പലത്തിൽ നിന്ന് ഇറങ്ങുമ്പോഴാണ് ആരും കേൾക്കാതെ പതിയെ ആ മനുഷ്യനോട് ചോദിച്ചത്. അത് കേട്ടയാൾ അല്പം നേരം എന്നെ തന്നെ നോക്കി നിന്നു…
” വല്യ അരി ചാക്കൊക്കെ പുഷ്പം പോലെ തലയിൽ വച്ചു പോകുന്ന ആളല്ലേ…. ”
അതും ചോദിച്ച് ചിറി കോട്ടി നിൽക്കുമ്പോൾ ആ മനുഷ്യനെന്നെ കോരിയെടുത്ത് കൊണ്ട് പടികൾ ഓരോന്നിറങ്ങി, ആ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുമ്പോൾ ഒന്നരകാലിയുടെ ഒരു സ്വപ്നം കൂടി സഭലമാവുകയായിരുന്നു….
” നീ ഈ സന്ധ്യ നേരത്തിരുന്നിങ്ങന ചിരിക്കാതെ, നാമം ജപിചൂടെ വയറ്റിൽ വളരുന്ന കുഞ്ഞിനെങ്കിലും കുറച്ച് ദൈവഭയം ഉണ്ടായിക്കോട്ടെ…. ”
ഉമ്മറത്തെ അരഭിതിയിലിരുന്ന് ആ മനുഷ്യൻ എന്റേതായ നിമിഷങ്ങൾ ആലോചിച്ചെടുക്കുമ്പോൾ ചുണ്ടിൽ വിരിഞ്ഞ ചിരി കണ്ടാണ് മുത്തശ്ശി അതും പറഞ്ഞ് നിലവിളക്ക് കത്തിച്ചത്. മുത്തശ്ശിക്ക് അറിയില്ലലോ എന്റെയുള്ളിലെ ജീവൻ അവരുടെ അച്ഛനെ പോലെയൊരു മനുഷ്യനായി വളർത്തി എടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്…
പതിവുപോലെ മുത്തശ്ശിയുടെ പ്രാർത്ഥന കഴിഞ്ഞപ്പോൾ ആ മനുഷ്യനെത്തി…
” എന്താണൊരു കള്ള ചിരി… ”
പതിവില്ലാതെ ചിരി കണ്ട് ഞാൻ ചോദിച്ചപ്പോഴാ മനുഷ്യനൊന്ന് പരുങ്ങി…
” നിങ്ങളെകൊണ്ട് അഭിനയമൊന്നും പറ്റൂല മനുഷ്യാ അങ്ങോട്ട് പറ… ”
ഞാനത് പിന്നേം പറയുമ്പോൾ പോക്കറ്റിൽ നിന്ന് രണ്ട് വെള്ളി കൊലുസുകൾ ഉയർത്തി കാട്ടി ചിരിച്ച് നിന്നു. പണ്ടെങ്ങോ ഒരു രാത്രി ആ മനുഷ്യന്റെ നെഞ്ചും പറ്റി കിടക്കുമ്പോൾ പറഞ്ഞ കൂട്ടത്തിൽ ഉണ്ടായിരുന്നതാണ് വെള്ളി കൊലുസിന്റെ കഥ. ഞാൻ ആ മനുഷ്യന്റെ കയ്യിലിരിക്കുന്ന കൊലുസിലേക്കും എന്റെ കാലിലേക്കും മാറി മാറി നോക്കുമ്പോൾ, എനിക്കരികിലിരുന്നാ മനുഷ്യൻ കൊലുസെന്റെ കാലിൽ ഇട്ടുകൊണ്ട് കാൽ പാദങ്ങളിൽ ചുണ്ടമർത്തി….
” കല്യാണം കഴിഞ്ഞിട്ട് വർഷമൊന്ന് കഴിഞ്ഞു രണ്ടിനും ഇപ്പോഴും പ്രേമിച്ചു കൊതി തീർന്നില്ല… ”
മുത്തശ്ശിയുടെ ശബ്ദം കേട്ടതും ആ മനുഷ്യൻ ചമ്മിയ ചിരിയോടെ എനിക്കരികിലേക്ക് ഇരുന്നു…
” ഈ തള്ള…. ”
” തള്ളയല്ല മുത്തശ്ശി… ”
ഞാൻ തിരുത്തുമ്പോൾ ആ മനുഷ്യൻ എന്നെ ചേർത്ത് പിടിച്ചിരുന്നു, കൊലുസും കുലുക്കി ആ മനുഷ്യന്റെ ചൂടും പറ്റി ഞാനുമിരുന്നു….
✍️ ശ്യാം കല്ലുകുഴിയിൽ…
