“ഇങ്ങനെ വൃത്തിയും വെടിപ്പുമില്ലാതെ ജോലി ചെയ്തു പഠിച്ചാൽ കേറിച്ചെല്ലുന്ന വീട്ടിൽ എനിക്കാണ് ചീത്തപ്പേര്.മകളെ ഒന്നും പഠിപ്പിച്ചിട്ടില്ല എന്നായിരിക്കും അവർ പറയുക.”
അമ്മയുടെ വാക്കുകൾ കേട്ട് ദേവിക പുസ്തകം മടക്കി അവരെ നോക്കി.
“ഞാൻ ജോലി ചെയ്യില്ലെന്ന് പറഞ്ഞോ അമ്മേ?”
“പറയേണ്ട കാര്യമില്ല. ചെയ്യേണ്ടത് ചെയ്തു ശീലം വേണം. പെൺകുട്ടികൾ ആയാൽ അതൊക്കെ ചെറുപ്പത്തിലേ പഠിക്കണം.”
“പെൺകുട്ടികൾക്ക് മാത്രമാണോ ഇതൊക്കെ ബാധകം?”അവൾ നെറ്റി ചുളിച്ചു.
“നീ എന്നെ ചോദ്യം ചെയ്യുവാണോ?.”അവർക്ക് ദേഷ്യം വന്നു.
“അമ്മ പറയുന്നത് കേൾക്കുമ്പോൾ ചോദിക്കാതിരിക്കാൻ പറ്റുന്നില്ല.”
“ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്?രാവിലെ എത്ര മണിക്ക് എഴുന്നേൽക്കണം, എങ്ങനെ വീട് വൃത്തിയാക്കണം, എങ്ങനെ വസ്ത്രം ധരിക്കണം… ഇതൊക്കെ പറഞ്ഞുതരുന്നത് നിന്റെ നന്മയ്ക്കാണ്.”അവർ സ്വന്തം ഭാഗം ന്യായീകരിച്ചു.
“എന്റെ നന്മയ്ക്ക് എന്ന പേരിൽ എന്റെ ജീവിതം മുഴുവൻ മറ്റുള്ളവർ തീരുമാനിക്കണമെന്നാണോ?”
“നിനക്കിപ്പോൾ ജീവിതത്തെക്കുറിച്ച് എന്തറിയാം?”
“എനിക്ക് അറിയാത്തത് അമ്മ പറഞ്ഞു തന്നാൽ മതി . പക്ഷേ ഞാൻ ചോദിക്കുന്നതിനൊക്കെ അമ്മ മറുപടി പറയണം.”അവൾ വിട്ടു കൊടുക്കാൻ തയാറാല്ലായിരുന്നു.
“എല്ലാത്തിനും മറുപടി വേണമെണമെന്നത് ആണോ നിന്റെ പ്രശ്നം ദേവൂ?.”
“അത് പ്രശ്നമാണോ?”
“അതെ… നാളെ കല്യാണം കഴിഞ്ഞ് വേറൊരു വീട്ടിൽ ചെന്നാൽ അത് മനസ്സിലാകും.”അവർ പറഞ്ഞു.
ദേവിക ചെറുതായി ചിരിച്ചു.
“എന്റെ ജീവിതത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടാൻ ഇനി ഞാൻ കല്യാണം കഴിക്കണമെന്നാണോ?”
അമ്മ അവളെ രൂക്ഷമായി നോക്കി.
“നീ ഇപ്പോൾ കളിയാക്കിക്കോ. പക്ഷെ അന്ന് മനസ്സിലാകും ഞാൻ പറഞ്ഞതിൽ കാര്യം ഉണ്ടായിരുന്നു എന്ന്.പെണ്ണായി ജീവിക്കുമ്പോൾ എല്ലാം നമുക്ക് ഇഷ്ടമുള്ളതുപോലെ കിട്ടില്ല ?”
“അതുകൊണ്ടാണ് എനിക്ക് കഴിയുന്നിടത്തോളം എന്റെ ജീവിതം ഞാൻ തന്നെ തീരുമാനിക്കുന്നത്.”
അമ്മ ഒന്നും പറഞ്ഞില്ല.
അവർക്ക് മകളുടെ ചിന്താഗതികൾ ഇഷ്ടം അല്ലെങ്കിലും , ദേവികയെ ഒരു പാവയെപ്പോലെ വളർത്താൻ അവർക്കൊരിക്കലും കഴിഞ്ഞിരുന്നില്ല.
ദേവികയ്ക്ക് സ്വന്തം അഭിപ്രായങ്ങളുണ്ടായിരുന്നു. എന്ത് ധരിക്കണം, എവിടെ പോകണം, എന്ത് പഠിക്കണം, ആരുമായി സൗഹൃദം പുലർത്തണം—ഇതെല്ലാം സംബന്ധിച്ചും അവൾക്ക് വ്യക്തമായ തീരുമാനങ്ങളുണ്ടായിരുന്നു.
അത് തന്നെ ആയിരുന്നു അമ്മയുടെ പ്രശ്നവും.
മകൾക്ക് വ്യക്തിത്വമുണ്ടെന്നത് തന്നെ അമ്മയെ സംബന്ധിച്ചിടത്തോളം ഭയമായിരുന്നു.അവർ ചോദ്യങ്ങൾ ചോദിക്കരുത്, ഇഷ്ടങ്ങൾ പറയരുത്.. തീരുമാനങ്ങൾ എടുക്കരുത്.
ഒരു ദിവസം കോളേജിൽ നിന്ന് ടൂർ പോകാൻ ദേവിക അമ്മയോട് അനുവാദം ചോദിച്ചു.
“നീ എവിടെയും പോണ്ട .” അവർ തീർത്തു പറഞ്ഞു.
“അതെന്താ ?”
“എനിക്ക് ഇഷ്ടമല്ല.”
“ഞാൻ തനിച്ചല്ലല്ലോ അമ്മേ.. മാത്രവുമല്ല എവിടെക്കാണെന്ന് പറഞ്ഞിട്ടല്ലേ പോകുന്നത്?”അവൾ ആസ്വസ്ഥയായി.
“എവിടെക്കായാലും പോണ്ട .പെൺകുട്ടികൾ ഇങ്ങനെ കറങ്ങി നടക്കുന്നത് എനിക്കിഷ്ടമല്ല.എവിടേക്കെങ്കിലും പോകണം എങ്കിൽ കല്യാണം കഴിഞ്ഞു പൊക്കോ.. “അവർ സ്ഥിരം പല്ലവി പാടി.
“അമ്മയ്ക്ക് ചെയ്യാൻ പറ്റാതിരുന്നത് ഒന്നും ഞാനും ചെയ്യരുതെന്നാണോ?”
അമ്മയുടെ മുഖം മാറി.
“നിനക്ക് എന്റെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ല.”
“അറിയില്ല. പക്ഷേ അമ്മയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കണമെന്നില്ലല്ലോ.”
“ഞാൻ നിന്നോട് തർക്കിക്കാൻ ഇല്ല.. ഇതൊക്ക നീ കല്യാണം കഴിഞ്ഞാൽ പഠിക്കും.”അവർ ആവർത്തിച്ചു.
“എന്താണ് കല്യാണം കഴിഞ്ഞാൽ മാത്രം പഠിക്കാൻ പറ്റുന്നത്?”അവൾക്ക് ദേഷ്യം വന്നു.
“വേറെ വീട്ടിൽ ചെന്നു കയറുമ്പോ ജീവിതം എന്താണെന്ന് മനസ്സിലാകും.”
ദേവിക ചിരിച്ചു.
“അപ്പോൾ അമ്മേ, എനിക്ക് ജീവിതം മനസ്സിലാകണമെങ്കിൽ ആദ്യം കല്യാണം കഴിക്കണം. അതിനുശേഷം മാത്രമേ അമ്മയുടെ ഉത്തരങ്ങൾ കിട്ടൂ. നല്ല സംവിധാനമാണല്ലോ.”അവൾ കളിയാക്കി
“ദേവൂ നിർത്തുന്നുണ്ടോ നീ ”അവരുടെ ശബ്ദം ഉയർന്നു.
“ഞാൻ ചോദിച്ചതാണ് …അതിനു അമ്മ ദേഷ്യപ്പെടേണ്ട.”
അവൾ മുറിയിലേക്ക് പോയി.
പക്ഷേ ആ വാക്കുകൾ അവളുടെ മനസ്സിൽ തന്നെ കിടന്നു.
“കല്യാണം കഴിഞ്ഞാൽ പഠിക്കും”.
അവളുടെ ജീവിതത്തിൽ അമ്മ പലപ്പോഴും ഉപയോഗിച്ചിരുന്ന ഒരു വാക്കായിരുന്നു അത്.
അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചാൽ—
“കല്യാണം കഴിഞ്ഞാൽ ഇങ്ങനെ നടക്കാൻ പറ്റില്ല.”
കൂട്ടുകാരുടെ കൂടെ പുറത്തു പോകാൻ അനുവാദം ചോദിച്ചാൽ ചോദിച്ചാൽ—
“കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ പോയാൽ മതി.”
വൈകി എഴുന്നേറ്റാൽ—
“ഇങ്ങനെ പോയാൽ കേറിച്ചെല്ലുന്ന വീട്ടിൽ പ്രശ്നമാകും .”
മാസമുറയായിട്ട് മുറിയിൽ അടങ്ങിയിരിക്കാതെ പുറത്തുവന്നാൽ—
“പെൺകുട്ടികൾക്ക് കുറച്ചൊക്കെ അടക്കവും ഒതുക്കവും വേണം.”
ഓരോ കാര്യത്തിനും ഒരേ ഒരു ഉത്തരം.
“കല്യാണം കഴിഞ്ഞാൽ…”
അതുകൊണ്ടുതന്നെ വിവാഹം എന്ന വാക്കിനോട് ദേവികയ്ക്ക് ഒരു പ്രത്യേക ഭയം ഉണ്ടായിരുന്നു.
അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം ദേവിക ഭയന്ന പോലെ തന്നെ അവൾക്ക് ഒരു വിവാഹ ആലോചന വന്നു.ആദ്യം അവൾ ശക്തമായി എതിർത്തു പക്ഷെ വീട്ടുകാരുടെ വാശിക്കും ഇമോഷണൽ ഡ്രാമക്കും ഒടുവിൽ അവൾക്ക് സമ്മതം മൂളേണ്ടി വന്നു.
ആദിത്യൻ.
ബാങ്കിൽ ജോലി. അച്ഛനും അമ്മയും മാത്രമുള്ള കുടുംബം.എല്ലാവർക്കും നല്ല അഭിപ്രായം.
ഒരു ദിവസം ആദിത്യനും വീട്ടുകാരും പെണ്ണ് കാണാൻ വന്നെത്തി.ആദ്യ കൂടിക്കാഴ്ചയിൽ ദേവിക അധികം സംസാരിച്ചില്ല.
ആദിത്യനും അവളോട് അനാവശ്യമായ ചോദ്യങ്ങളൊന്നും ചോദിച്ചില്ല.
പിന്നീട് എല്ലാവരുടെയും സമ്മതപ്രകാരം വിവാഹം ഉറപ്പിച്ചു..
ആദിത്യനോട് കൂടുതൽ സംസാരിക്കുംതോറും ദേവികക്ക് അവന്റെ വ്യക്തിത്വം ഇഷ്ടപ്പെടാൻ തുടങ്ങി.
പക്ഷേ അവളുടെ മനസ്സിൽ അപ്പോഴും ഒരു പേടി മാത്രം മായാതെ കിടന്നു.
അവന്റെ അമ്മ എങ്ങനെയായിരിക്കും?
അവൾ ആദിത്യനോട് നേരിട്ട് ചോദിച്ചില്ല.
അത് ശരിയായി അവൾക്ക് തോന്നിയില്ല.
പകരം ഓരോ വട്ടവും അവരെ കാണുമ്പോൾ അവൾ തെല്ലൊരു ഭയത്തോടെ അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു.
ഒരു ദിവസം അമ്മയോട് പറഞ്ഞു,
“എനിക്ക് പേടിയുണ്ട് അമ്മേ…”
“എന്തിന്?”അവർ ചോദിച്ചു.
“ആദിയുടെ അമ്മയും അമ്മയെ പോലത്തെ ആളാണെങ്കിൽ..?”
അവരുടെ മുഖം മങ്ങി.
“ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ?”
“അമ്മ എന്നെ സ്നേഹിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞില്ല.”
“പിന്നെ?”
“അമ്മ അനുഭവിച്ചതെല്ലാം എന്നിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു . അതാണ് എനിക്ക് പേടി.”
അമ്മ കുറച്ചുനേരം മിണ്ടാതെ നിന്നു.
“എല്ലാ വീടും ഒരുപോലെയല്ല.ചിലപ്പോൾ എന്നേ പോലെ ആയിരിക്കണം എന്നില്ല ആദിയുടെ അമ്മ.
എല്ലാ സ്ത്രീകളും ഈ ഘട്ടം കഴിഞ്ഞാണ് വരുന്നത്.ഇങ്ങനെ പേടിച്ച് ഇരുന്നാൽ…ജീവിതകാലം മുഴുവൻ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും.”
ദേവിക അമ്മയെ നോക്കി.
“അമ്മേ…”
“എന്താ?”
“അമ്മ പറയുംപോലെ എന്റെ ജീവിതത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടാൻ ഞാൻ വിവാഹം കഴിക്കാൻ പോകുകയാണ്. ”
അമ്മയ്ക്ക് ഒന്നും പറയാനായില്ല. അവളും പിന്നീട് ഒന്നും പറഞ്ഞില്ല.
എല്ലാവരും ആഗ്രഹിച്ചത് പോലെ തന്നെ അതിഗംഭീരമായി വിവാഹ ചടങ്ങുകൾ നടന്നു.വിവാഹം കഴിഞ്ഞ് ആദ്യത്തെ രാത്രി ദേവികയ്ക്ക് ഉറക്കം വന്നില്ല.
പുതിയ വീട്.
പുതിയ മുറി.
പുതിയ ആളുകൾ.
അവൾ അമ്മയെ ഓർത്തു.വേറൊരു വീട്ടിൽ കയറി ചെന്നാൽ പഠിച്ചോളും എന്ന അമ്മയുടെ വാക്കുകൾ ഓർത്തു..
“ഇവിടെ ഇനി എന്തായിരിക്കും അവസ്ഥ ?”
ആ പേടി അവളുടെ ഉള്ളിലുണ്ടായിരുന്നു.
പിറ്റേന്ന് പതിവുപോലെ രാവിലെ നേരത്തെ തന്നെ ദേവിക എഴുന്നേറ്റു.
വാതിൽ തുറന്ന് നേരെ അടുക്കളയിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു അവൾ .
അപ്പോഴാണ് സാവിത്രി അവളെ കണ്ടത്.
“മോളെ?”
ദേവിക തിരിഞ്ഞുനോക്കി.
“എന്താ അമ്മേ?”
“നീ ഇത്ര നേരത്തെ എഴുന്നേറ്റോ?”
“എനിക്കിത് ശീലമാണ് അമ്മേ…”
സാവിത്രി ചിരിച്ചു.
“അതുകൊണ്ടാണോ കണ്ണൊക്കെ പാതിയടഞ്ഞിരിക്കുന്നത്?”
ദേവികയ്ക്ക് ചിരി വന്നു.
“നിനക്ക് ഇഷ്ടമല്ലെങ്കിൽ നേരത്തെ എഴുന്നേൽക്കേണ്ട.ഇപ്പോൾ അല്ലാതെ എപ്പോഴാ ഉറങ്ങുക ഒരു കുഞ്ഞൊക്കെ ആയി കഴിഞ്ഞാൽ പിന്നെ അവരുടെ പിന്നാലെ ഓടാനെ സമയം കാണൂ.. ”
ദേവിക ചിരിച്ചു.
“ഇവിടത്തെ പണിയൊക്കെ ചെയ്യാൻ ആളുണ്ട്.അതോർത്ത് ടെൻഷൻ ആവേണ്ട.. ”
“ഞാനും സഹായിക്കാം.”അവൾ പറഞ്ഞു.
“തീർച്ചയായും. നിനക്ക് ഇഷ്ടമാണെങ്കിൽ ചെയ്യാം.ഇല്ലെങ്കിൽ വേണ്ട ”
സാവിത്രി അടുക്കളയിലേക്ക് തിരിഞ്ഞു.
“പിന്നെ ഇന്ന് ഇവിടെ ഇഡലിയാണ് , അത് ഇഷ്ടം അല്ലെങ്കിൽ എന്തെങ്കിലും കഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ ഉണ്ടാക്കി കഴിച്ചോളൂ.”
ദേവിക അത്ഭുതത്തോടെ നോക്കി.
“ഞാൻ?”
“അതെ. നിനക്ക് എന്തെങ്കിലും സ്പെഷ്യൽ ആയി വേണമെങ്കിൽ ഉണ്ടാക്കി കഴിച്ചോളൂ മറ്റുള്ളവർക്ക് വേണ്ടത് ഇവിടെ റെഡിയാണ് .”അവർ പുഞ്ചിരിയോടെ പറഞ്ഞു.
“അമ്മയ്ക്ക് പ്രശ്നമില്ലേ?”അവൾ അതിശയത്തോടെ ചോദിച്ചു.
സാവിത്രി തിരിഞ്ഞുനോക്കി.
“എന്തിനാണ് പ്രശ്നം?”
“ഞാൻ രാവിലെ എഴുന്നേറ്റ് അടുക്കളയിൽ പണി ചെയ്യാതിരുന്നാൽ…”
“അങ്ങനെയൊക്കെ നിയമം ഉണ്ടോ ?”
ദേവിക മിണ്ടാതെ നിന്നു.
“മോളെ, നീ ഇവിടെ വന്നത് ഈ വീട്ടിലെ പണികൾ ചെയ്യാനല്ല.”
നീ നീയായി ഇവിടെ ജീവിക്കുമ്പോൾ ആണ് ഞങ്ങളും മനുഷ്യരായി മാറുന്നത്.. ഞാനിവിടെ വന്നു കയറുന്ന സമയത്ത് ആദിയുടെ അച്ഛമ്മ വളരെ സ്ട്രിക്ട് ആയിരുന്നു എല്ലാ കാര്യത്തിലും നിർബന്ധങ്ങൾ ഉണ്ടായിരുന്നു അന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചതാണ് എന്റെ മരുമകളെ അങ്ങനെയൊന്നും ഞാൻ ബുദ്ധിമുട്ടിക്കില്ലെന്ന്.. അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്നിലൂടെ തീരണം. അത് അടുത്ത തലമുറയ്ക്ക് പകർന്നു നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിനക്ക് ജോലിക്ക് പോകണമെങ്കിൽ പോകാം. പഠിക്കണമെങ്കിൽ പഠിക്കാം. കൂട്ടുകാരുടെ കൂടെ പോകണമെങ്കിൽ പോകാം. അതൊക്കെ നിന്റെ ഇഷ്ടം .. ”
ദേവിക പതുക്കെ ചോദിച്ചു.
“അപ്പോൾ ഇവിടുത്തെ കാര്യങ്ങൾ?”
“ആവശ്യമുള്ളത് നടക്കും. ഓരോരുത്തരുടെയും കാര്യങ്ങൾ അവരവർ നോക്കട്ടെ… വീട്ടിലെ മുഴുവൻ ഭാരവും ഒരു പെൺകുട്ടിയുടെ തലയിൽ വെച്ചിട്ട് അവൾ നല്ല മരുമകളാണെന്ന് തെളിയിക്കേണ്ട കാര്യമില്ല.”
ദേവികയുടെ കണ്ണുകൾ നിറഞ്ഞു.
സാവിത്രി അത് ശ്രദ്ധിച്ചു.
“എന്താ മോളെ?”
ദേവിക പെട്ടെന്ന് കണ്ണുതുടച്ചു.
“ഒന്നുമില്ല അമ്മേ.”
“ഒന്നുമില്ലെങ്കിൽ കരയുന്നത് എന്തിനാ?”
അവൾ ചിരിച്ചു.
ആ ദിവസം ഉച്ചയ്ക്ക് ദേവിക തന്റെ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി.
സാവിത്രി കഴിച്ചിട്ട് പറഞ്ഞു,
“നന്നായിട്ടുണ്ട്.”
ദേവിക ചിരിച്ചു.
“ശരിക്കും?”
“അതെ. പക്ഷേ ഉപ്പ് ലേശം കൂടിപ്പോയി .”
“അയ്യോ!”അവൾക്ക് വിഷമമായി
“അതിന് വിഷമിക്കണ്ട കാര്യമില്ല . അടുത്ത തവണ ശരിയാക്കാം.”
അത്രയേ ഉണ്ടായിരുന്നുള്ളൂ.
തെറ്റിന് ശിക്ഷയില്ല, കുറ്റപ്പെടുത്തലില്ല.
പണിയെടുക്കാത്തതിന് പരിഹാസവുമില്ല.
അവൾക്ക് ഒരു കാര്യം മനസ്സിലാകാൻ തുടങ്ങി.
താൻ പേടിച്ചിരുന്നത് വിവാഹത്തെ അല്ല.
വിവാഹത്തിന് ശേഷം തന്റെ ജീവിതം മറ്റൊരാൾ തീരുമാനിക്കുന്നതെയായിരുന്നു.
പക്ഷേ ഇവിടെ ആരും അവളുടെ ജീവിതം കൈയിലെടുക്കാൻ ശ്രമിച്ചിരുന്നില്ല. ആദി ആയാലും അമ്മയായാലും അച്ഛനായാലും.
ദിവസങ്ങൾ കടന്നു.
ഒരു ദിവസം ദേവികയെ അവളുടെ സുഹൃത്തുക്കൾ പുറത്തുപോകാൻ ക്ഷണിച്ചു..
“അമ്മേ ഞാൻ ഒന്ന് പുറത്തു പൊക്കോട്ടെ..”അവൾ അവരോട് അനുവാദം ചോദിച്ചു
“എവിടേക്കാ?”സാവിത്രി ചോദിച്ചു,
“കൂട്ടുകാരുടെ കൂടെ ഒരു സിനിമക്ക് പോകുകയാണ്. വൈകുന്നേരം വരാം.ആദിയെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ” രണ്ടുദിവസമായി ആദി ഒരു ഒഫീഷ്യൽ ടൂറിലായിരുന്നു
“ശരി. ഫോൺ എടുത്തോളൂ.”
“അമ്മയ്ക്ക് പ്രശ്നമുണ്ടോ ?”അവൾ മടിച്ച് മടിച്ച് ചോദിച്ചു.
“എന്തിന്?”
“ഞാൻ പുറത്തുപോകുന്നതിന് …”
സാവിത്രി ചിരിച്ചു.
“മോളെ, നീ വീട്ടിൽ നിന്ന് പുറത്തുപോകാൻ എന്നോട് അനുമതി വാങ്ങേണ്ടതില്ല. എവിടെയാണ് പോകുന്നത് എന്ന് മാത്രം പറഞ്ഞാൽ മതി. എന്തെങ്കിലും ആവശ്യം വന്നാൽ അറിയാൻ മാത്രം .”
ദേവിക കുറച്ചുനേരം അവരെ നോക്കി നിന്നു.
“എന്റെ അമ്മയോട് ആയിരിക്കണം ഇത് പറയേണ്ടത്..”
“അതെന്താ ?” അവർ കൗതുകത്തോടെ ചോദിച്ചു.
“മിനിമം പത്ത് ചോദ്യങ്ങൾ എങ്കിലും ഇപ്പോൾ ചോദിച്ചിട്ടുണ്ടാവും അവസാനം എല്ലാം കേട്ടിട്ട് പോണ്ടെന്നും പറയും.”അവൾ ചിരിച്ചു.
“എനിക്ക് ഇപ്പോൾ ഏതായാലും പത്ത് ചോദ്യങ്ങൾ ചോദിക്കാൻ സമയമില്ല.”
ഇരുവരും ചിരിച്ചു.
അന്ന് രാത്രി ദേവിക വീട്ടിലേക്ക് മടങ്ങിയപ്പോൾ സാവിത്രി വാതിൽ തുറന്നു.
“വന്നോ? ഭക്ഷണം കഴിച്ചോ?”അവളെ കണ്ടതും അവർ തിരക്കി.
“ഇല്ല.”അവൾ ക്ഷീണത്തോടെ പറഞ്ഞു
“പോയി കുളിച്ചിട്ട് വാ. ഞാൻ എടുത്തുവയ്ക്കാം.”
ദേവിക കയ്യിൽ കരുതിയിരുന്ന ഒരു ചോക്ലേറ്റ് ബോക്സ് അവർക്ക് നേരെ നീട്ടി അത് കണ്ടതും അവർക്ക് വലിയ സന്തോഷമായി. തന്റെ അമ്മായിയമ്മയ്ക്ക് മധുരം കഴിക്കുന്നത് ഒരുപാട് ഇഷ്ടമാണെന്ന് അവൾക്കറിയാമായിരുന്നു.ശേഷം അവൾ ഫ്രഷ് ആകാൻ അകത്തേക്ക് നടന്നു.
അവളപ്പോൾ ഒരു കാര്യം ഓർത്ത് സ്വയം ചിരിച്ചു..
“ഇതാണോ താൻ മനസ്സിൽ പേടിയോടെ കണ്ടിരുന്ന അമ്മായിയമ്മയുടെ ഉഗ്രരൂപം ?
കുളി കഴിഞ്ഞു വന്ന് ഇരുവരും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്.
കുറച്ചുമാസങ്ങൾക്കുശേഷം അവൾ സ്വന്തം വീട്ടിലേക്ക് നിൽക്കാൻ പോയി..അവിടെ അവളുടെ അമ്മ ഇപ്പോഴും പഴയപോലെ തന്നെ.
“ഇനിയും എഴുനേൽക്കാൻ ആയില്ലേ സമയം എത്ര ആയെന്ന് അറിയോ?”രാവിലെ അമ്മയുടെ ശബ്ദം കേട്ടാണ് അവൾ ഉണർന്നത്.
“ഏഴു മണി.”
“ഏഴു മണി വരെയാണോ പെൺകുട്ടികൾ കിടന്നു ഉറങ്ങുന്നത്
അവിടെയും ഇങ്ങനെയാണോ?”
ദേവിക ചിരിച്ചു.
“അതെ.”
“നിന്റെ അമ്മായിയമ്മ ഒന്നും പറയില്ലേ?”
“ഇല്ല.”
“വീട്ടുപണി?”
“ആവശ്യമുള്ളത് ചെയ്യും പക്ഷേ എല്ലാം ഞാൻ മാത്രം ചെയ്യണമെന്ന നിർബന്ധം അവിടെ ഇല്ല.”
അമ്മ അവളെ നോക്കി നിന്നു.
“ഓഹ് ഇങ്ങനെ ഒരു അമ്മായിയാമ്മയെ കിട്ടിയത് നിന്റെ ഭാഗ്യം ഇല്ലേൽ കാണാമായിരുന്നു .”
ദേവിക അമ്മയെ നോക്കി
“അമ്മേ…”
“എന്താ?”
“അമ്മ എപ്പോഴും പറഞ്ഞിരുന്നില്ലേ—കല്യാണം കഴിഞ്ഞാൽ പഠിച്ചോളും എന്ന്?”
അമ്മ മിണ്ടാതെ നിന്നു
ദേവിക പുഞ്ചിരിച്ചു.
“ഇപ്പോൾ ഞാൻ എല്ലാം പഠിച്ചു .”
“എന്ത്?”
“കല്യാണം കഴിക്കുന്നത് പണിയെടുക്കാനോ അടക്കമൊതുക്കവും പഠിക്കാനോ അല്ലെന്ന്…”
അവൾ അമ്മയുടെ കൈ പിടിച്ചു.
“നമ്മൾ ഒരാളെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞാൽ മാത്രം പോര അമ്മേ… നമ്മളെ നമ്മളായി ജീവിക്കാൻ അനുവദിക്കുമ്പോഴാണ് ആ സ്നേഹം ശരിക്കും പൂർണമാകുന്നത് .”
അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
“നിനക്ക് എന്നോട് ദേഷ്യമുണ്ടോ?”
ദേവിക കുറച്ചുനേരം മിണ്ടാതെ നിന്നു.
“ഉണ്ടായിരുന്നു.കല്യാണത്തിന് മുൻപ് ”
“ഇപ്പോഴോ?”
“ഇപ്പോൾ ഇല്ല.”
“അതെന്താ.. ”
“അമ്മ എന്റെ അമ്മ ആയത് കൊണ്ട് ” അത് കേട്ടപ്പോൾ അവർ ചിരിച്ചു.
ദേവിക അമ്മയെ ചേർത്തുപിടിച്ചു.
“അമ്മ എന്നെ എങ്ങനെ വളർത്തണം എന്ന് മാത്രം ചിന്തിച്ചു.. അവിടെ ഞാൻ എന്ന വ്യക്തിയെ കുറിച്ച് അമ്മ ഓർത്തില്ല . പക്ഷേ ഞാൻ എങ്ങനെ ഞാനായി ജീവിക്കണമെന്ന് എന്റെ അമ്മായിയമ്മ പഠിപ്പിച്ചു..
അമ്മയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.
അമ്മ മകളെ ചേർത്തുപിടിച്ചു.
കുറച്ചു ദിവസങ്ങൾ അമ്മയോടും അച്ഛനോടും കൂടി അവൾ സ്വന്തം വീട്ടിൽനിന്നു.. ഇക്കുറി പക്ഷേ ശകാരങ്ങളോ വഴക്കുകളോ നിർബന്ധങ്ങളോ ഒന്നും സ്വന്തം അമ്മയിൽ നിന്നും അവൾ കേട്ടില്ല. അവൾക്ക് എന്തോ തന്റെ മുറിയിൽ കിടന്നുറങ്ങുമ്പോൾ വല്ലാത്ത സമാധാനം തോന്നി അമ്മയുടെ മാറ്റം കണ്ട് അത്ഭുതവും
കുറച്ചുദിവസം നിന്ന് തിരികെ ചെല്ലുമ്പോൾ ആദിയുടെ അമ്മ അവളെയും കാത്തു നിൽപ്പുണ്ടായിരുന്നു..
അവൾ ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു.. അന്നേരം അവൾ അവിടെ കണ്ടത് കേവലം തന്റെ ഭർത്താവിന്റെ അമ്മയെ മാത്രമായിരുന്നില്ല
സ്വന്തം അമ്മയിൽ നിന്ന് കിട്ടാതെ പോയ സ്വാതന്ത്ര്യത്തെ സ്നേഹത്തോടെ തിരികെ നൽകിയ ഒരു അമ്മയെ കൂടിയായിരുന്നു .
✍️അംബിക ശിവശങ്കരൻ.
