അമ്മ മോശം സ്ത്രീയാണെന്നും രാത്രിയിൽ നിങ്ങൾ ഉള്ളപ്പോ പോലും അമ്മ പലരെയും വിളിച്ചു കയറ്റാറുണ്ടെന്നും അത് കൊണ്ടാണ് നിങ്ങൾ അമ്മയെ ഉപേക്ഷിച്ചതെന്നും ഞാൻ നിങ്ങളുടെ….

“നിങ്ങൾ ഉപേക്ഷിച്ചിട്ട് പോയ ആ വേശ്യയുടെ മകനാണ് ഞാൻ.”

വാതിൽ തുറന്ന രാഘവൻ ആ വാക്കുകൾ കേട്ട് ഞെട്ടി.

മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരന്റെ മുഖത്തേക്ക് അയാൾ സൂക്ഷിച്ചുനോക്കി. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മുഖം. പക്ഷേ ആ കണ്ണുകൾ…
ആ കണ്ണുകൾക്ക് മുന്നിൽ സ്വന്തം ഭൂതകാലം വന്ന് നിന്നതുപോലെ തോന്നി.

“നിഖിൽ…?”

അയാളുടെ ശബ്ദം ഇടറി.

“ഭാഗ്യം ജന്മം നൽകിയ മകന്റെ പേരെങ്കിലും ഓർത്തു വെച്ചല്ലോ… “അവൻ പുച്ഛത്തോടെ പറഞ്ഞു.

രാഘവന്റെ കണ്ണുകളിൽ കുറ്റബോധം നിറഞ്ഞു. ഒരിക്കൽ താൻ കൈകളിൽ എടുത്ത് തലോടിയ കുഞ്ഞ് ഇത്രയും വലുതായി മുന്നിൽ നിൽക്കുമെന്ന് അയാൾ ഒരിക്കലും കരുതിയിരുന്നില്ല.

“അകത്തേക്ക് വാ.”

നിഖിൽ അനങ്ങിയില്ല.

“എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാനില്ല.”

അവൻ കൈയിലിരുന്ന ചെറിയ തുണിപ്പൊതി അയാൾക്ക് മുന്നിലേക്ക് നീട്ടി.

“ഇത് തരാനാണ് ഞാൻ വന്നത്.”

രാഘവൻ പൊതി വാങ്ങിയില്ല.

“എന്താണത്?”

“അമ്മ ഏൽപ്പിച്ചതാണ്.”

ആ വാക്ക് കേട്ടപ്പോൾ അയാളുടെ മുഖം വീണ്ടും മാറി.

“സുമിത്ര…?”

നിഖിൽ തലയാട്ടി.

“അതെ അമ്മ ഇതെന്നെ ഏൽപ്പിച്ചതാണ് നിങ്ങൾക്ക് തരാൻ.”

രാഘവൻ കുറച്ചുനേരം അവനെ നോക്കി നിന്നു.

“കയറി വാ.”

ഇത്തവണ നിഖിൽ അകത്തേക്ക് കയറി.

വലിയ വീടായിരുന്നു എങ്കിലും അതിനുള്ളിൽ ജീവിതത്തിന്റെ ചൂടൊന്നും ഉണ്ടായിരുന്നില്ല. ചുമരുകളിൽ പഴയ ചിത്രങ്ങൾ. മേശപ്പുറത്ത് മരുന്നുകളുടെ സ്ട്രിപ്പുകൾ. ജനലിനരികിൽ പൊടിപിടിച്ച കസേര. അടുക്കളയിൽ കഴുകാതെ കിടക്കുന്ന രണ്ട് കപ്പുകൾ.അവൻ ചുറ്റിനും വെറുതെ കണ്ണോടിച്ചു.

“വീട്ടിൽ മറ്റാരുമില്ലേ.”നിഖിൽ താല്പര്യം ഇല്ലാത്ത മട്ടിൽ ചോദിച്ചു.

രാഘവൻ ചെറുതായി ചിരിച്ചു.
“ചായ ഉണ്ടാക്കി തരാൻ കൂടി ഇവിടെ ആരുമില്ല. വർഷങ്ങളായി ഞാൻ ഒറ്റയ്ക്കാണ്.”

“എനിക്ക് ചായ വേണ്ട.”

“ശരി.”
രാഘവൻ മുന്നിലെ കസേരയിലേക്ക് വിരൽ ചൂണ്ടി അവനോട് ഇരിക്കാൻ പറഞ്ഞു
നിഖിൽ ഇരുന്നു.
അയാൾ എതിർവശത്തും ഇരുന്നു.

കുറച്ചുനേരം ഇരുവരും മിണ്ടാതിരുന്നു.

രാഘവന് മകനെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല.അയാളുടെ നോട്ടം ഇടയ്ക്കിടെ അവനിൽ പതിച്ചു.
നിഖിലിന് അത് അസ്വസ്ഥതയുണ്ടാക്കി.

“ഇത്രയും വർഷം കഴിഞ്ഞ് മകനെ കാണുമ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ലല്ലേ ?”

അവന്റെ ചോദ്യത്തിന് മുന്നിൽ അയാൾ തലകുനിച്ചു.

“അതെ അറിയുന്നില്ല .”

“പക്ഷേ നിങ്ങളോട് എന്താ പറയേണ്ടത് എന്ന് എനിക്ക് വ്യക്തമായി അറിയാം.”
അവൻ മേശപ്പുറത്തേക്ക് പൊതി വെച്ചു.

“ഇത് വാങ്ങൂ.”

രാഘവൻ പൊതി തുറന്നു.

അതിനകത്തു പഴയൊരു വാച്ചായിരുന്നു.
അത് കണ്ടതും അയാളുടെ വിരലുകൾ വിറച്ചു.

“ഇത്…?”

“തിരിച്ചറിയുന്നുണ്ടോ?”

രാഘവൻ വാച്ച് കൈയിലെടുത്തു.

“ഞാൻ സുമിത്രയ്ക്ക് കൊടുത്തതാണ്.”

“അമ്മ ഇത്രയും കാലം ഇത് ഭദ്രമായി വെച്ചിരുന്നു .”

അയാൾ വാച്ചിലേക്ക് നോക്കി നിന്നു.

“അവൾ ഇത് എല്ലാം ഉപേക്ഷിച്ചു കാണുമെന്നു ഞാൻ കരുതി ”അയാൾ കുറ്റബോധത്തോടെ പറഞ്ഞു

“അമ്മ ഒന്നും ഉപേക്ഷിച്ചില്ല അതിനു അവർക്ക് കഴിയുമായിരുന്നില്ല.. അത് തന്നെ ആണ് അമ്മയെ ജീവിതത്തിൽ തോൽപിച്ചതും .”

രാഘവൻ പതുക്കെ തല ഉയർത്തി.

“അവൾ… എന്നെക്കുറിച്ച് എന്തെങ്കിലും പറയാറുണ്ടായിരുന്നോ?”

“നിങ്ങളെക്കുറിച്ച് ഒരിക്കലും മോശമായി ഒന്നും പറഞ്ഞിട്ടില്ല.”

ആ മറുപടി അയാളെ കൂടുതൽ വേദനിപ്പിച്ചു.

“എന്നിട്ടും നീ എന്നെ വെറുത്തല്ലേ?”

നിഖിൽ അയാളെ നോക്കി.

“വെറുക്കാൻ നിങ്ങൾ തന്നെയല്ലേ എനിക്ക് കാരണങ്ങൾ തന്നിരുന്നത്?.”

രാഘവൻ മിണ്ടാതെ ഇരുന്നു.

“ ചെറുപ്പത്തിൽ നിങ്ങളെക്കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷകൾ ആയിരുന്നു.. ഇതുവരെ കാണാത്ത അച്ഛനോട് ഒരുപാട് ഇഷ്ടം ആയിരുന്നു .”

“മോനെ….”

“നിങ്ങൾ ദൂരെയെങ്ങോ ജോലി ചെയ്യുകയാണെന്നും ഒരുനാൾ തിരിച്ചു വരുമെന്നും അമ്മ പറയുമായിരുന്നു.ഞാൻ അത് വിശ്വസിച്ച് കാത്തിരുന്നു. പക്ഷെ ഒരിക്കൽ പോലും നിങ്ങൾ മകനെ തേടി വന്നില്ല. ”

രാഘവൻ തല താഴ്ത്തി.

“പിന്നെ ഞാൻ വളർന്നു. നാട്ടുകാർ അമ്മയെ കുറിച്ച് പറയുന്ന മോശം വാക്കുകൾ കേൾക്കാൻ തുടങ്ങി.നാട്ടുകാർ വെറുതെ പറഞ്ഞത് അല്ലല്ലോ നിങ്ങൾ അവരെ പറഞ്ഞു പഠിപ്പിച്ചതല്ലേ…? ”

അവൻ രാഘവനെ നോക്കി.

“അമ്മ മോശം സ്ത്രീയാണെന്നും രാത്രിയിൽ നിങ്ങൾ ഉള്ളപ്പോ പോലും അമ്മ പലരെയും വിളിച്ചു കയറ്റാറുണ്ടെന്നും അത് കൊണ്ടാണ് നിങ്ങൾ അമ്മയെ ഉപേക്ഷിച്ചതെന്നും ഞാൻ നിങ്ങളുടെ മകനല്ലെന്നും.”

രാഘവന്റെ കൈയിലെ വാച്ച് വിറച്ചു.

“ഇതൊക്കെ നിങ്ങൾ പറഞ് ഉണ്ടാക്കിയതായിരുന്നില്ലേ?”

രാഘവൻ മറുപടി പറഞ്ഞില്ല.

“അന്ന് ഞാൻ നിങ്ങളെ കണ്ടിട്ട് പോലുമില്ലായിരുന്നു പക്ഷെ മറ്റുള്ളവരുടെ വാക്ക് കേട്ട് നിങ്ങൾ നല്ലവനാനെന്നും അമ്മയാണ് മോശമെന്നും ഞാൻ കരുതി.”

അവന്റെ ശബ്ദം പതുക്കെ മാറി.

“ഒരു ദിവസം ഞാൻ ഇഷ്ടപ്പെട്ട പെൺകുട്ടിയോട് വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ ചോദിച്ചു—”

ഒരു ചീത്ത സ്ത്രീയുടെ മകനെ ഞാൻ എങ്ങനെ വിവാഹം കഴിക്കും എന്ന് ”

ആ വാക്കുകൾ കേട്ടപ്പോൾ രാഘവന് തല ഉയർത്താനായില്ല.

“അന്നാണ് ആദ്യമായി ഞാൻ അമ്മയെ അത്രത്തോളം വെറുത്തത്. വീട്ടിലെത്തി അമ്മയോട് വഴക്കിട്ടു. അവർ കരഞ്ഞു. പക്ഷേ അപ്പോഴേക്കും നിങ്ങളെ കുറിച്ച് ഒരു മോശം വാക്ക് പോലും എന്നോട് പറഞ്ഞില്ല.”

“അപ്പൊ ഇതെല്ലാം നീ എങ്ങനെ?”
രാഘവൻ വാക്ക് നിർത്തി.

“ഞാൻ സത്യം അറിയാൻ വൈകി.
അമ്മയുടെ പഴയ പെട്ടിയിൽ നിങ്ങളുടെ കത്തുകൾ ഉണ്ടായിരുന്നു. അമ്മ ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ ആയിരുന്നു എനിക്കത് കിട്ടിയത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ കത്തുകൾ. അമ്മയെ കൂട്ടിക്കൊണ്ടുപോകാമെന്ന് പറഞ്ഞ വാഗ്ദാനങ്ങൾ. ജനിക്കാത്ത കുഞ്ഞിനെ പറ്റി സ്വപ്നം കണ്ടിരുന്ന ഒരഛന്റെ വാക്കുകൾ .”

രാഘവന്റെ കണ്ണുകൾ നിറഞ്ഞു.

അവൻ മുന്നോട്ടു ചാഞ്ഞു.

“പിന്നീട് ഞാൻ സത്യം ചികഞ്ഞു അത് അറിയേണ്ടത് എന്റെ ആവശ്യമായിരുന്നു. അമ്മ ഒളിപ്പിച്ചു വെച്ച ഡയറിയിൽ നിന്നാണ് ഞാൻ എല്ലാം അറിഞ്ഞത്.

അപ്പോഴാണ് മനസ്സിലായത്… അമ്മയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവന്നത് നിങ്ങളാണെന്നും, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നിങ്ങൾ വിളിച്ചപ്പോൾ സ്വന്തം വീട്ടുകാരെ പോലും എതിർത്താണ് അമ്മ നിങ്ങളുടെ കൂടെ വന്നതെന്നും .”

രാഘവൻ കണ്ണുകൾ അടച്ചു.

“ഞാൻ ജനിച്ചതിന് ശേഷം നിങ്ങൾ മറ്റൊരു സ്ത്രീയുടെ കൂടെ പോയതും,അമ്മയ്ക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥയായതുമെല്ലാം അമ്മ ആ ഡയറിയുടെ താളിൽ ഭദ്രമായി അടക്കം ചെയ്തിരുന്നു.

നിഖിലിന്റെ ശബ്ദത്തിൽ ദേഷ്യം നിറഞ്ഞു.

“അതിനുശേഷം അമ്മയെ മോശക്കാരിയാക്കാൻ നിങ്ങൾ കഥകൾ ഉണ്ടാക്കി. ആളുകൾ അത് വിശ്വസിച്ചു. ഞാനും.”

രാഘവൻ പതുക്കെ പറഞ്ഞു:

“എനിക്ക് പേടിയായിരുന്നു മോനെ …”

നിഖിൽ അയാളെ നോക്കി.

“എന്തിന് ?”

“സത്യം തുറന്നു പറയാൻ.. മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് നാട്ടുകാർ അറിഞ്ഞാൽ എന്റെ പേര് പോകുമെന്ന പേടി.”

നിഖിൽ കുറച്ചുനേരം ഒന്നും പറഞ്ഞില്ല.

പിന്നെ പതുക്കെ പറഞ്ഞു:

“നിങ്ങൾക്ക് സ്വന്തം ആത്മാഭിമാനം നഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു പക്ഷെ അമ്മയ്ക്ക് പേടി സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുമോ എന്നായിരുന്നു. അതുകൊണ്ടാണ് അവർ എല്ലാം സഹിച്ചും എന്നെ ചേർത്തുപിടിച്ചത്.. നിങ്ങൾ ഭയത്തോടെ ഒളിച്ചോടിയപ്പോൾ അവർ ധൈര്യപൂർവ്വം ജീവിച്ചു. എനിക്ക് വേണ്ടി. ”

രാഘവന്റെ കണ്ണുകൾ നിറഞ്ഞു.

“നിങ്ങൾ ആരോപണം ചുമത്തി ഉപേക്ഷിച്ചു പോയപ്പോൾ അവർക്ക് മുന്നിൽ എത്ര വാതിലുകൾ അടഞ്ഞുവെന്ന് നിങ്ങൾക്കറിയാമോ? വീട്ടിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞില്ല. നാട്ടുകാരുടെ വാക്കുകൾ കേൾക്കേണ്ടിവന്നു. എന്നെയും വളർത്തണം. എന്നിട്ടും അമ്മ എന്നെകൈ വിട്ടില്ല.”

നിഖിൽ കുറച്ചുനേരം മിണ്ടാതിരുന്നു.

“അമ്മയ്ക്ക് വിഷമമില്ലായിരുന്നില്ല എന്ന് അതിനു അർത്ഥമില്ല ഒരുപാട് ഉണ്ടായിരുന്നു. പക്ഷേ എന്റെ മുന്നിൽ അവർ തളർന്നില്ല. സ്വന്തം വയറു കാലിയായ ദിവസങ്ങളിലും എനിക്ക് ഭക്ഷണം തന്നിട്ടുണ്ട്.”

അവന്റെ കണ്ണുകൾ നിറഞ്ഞു.

“നിങ്ങൾ നിങ്ങളുടെ പേര് രക്ഷിക്കാൻ വേണ്ടി നിങ്ങളെ വിശ്വസിച്ചു കൂടെ വന്നവളെ ഒറ്റയ്ക്കാക്കി. അമ്മയ്ക്ക് വേണമെങ്കിൽ നിങ്ങളെ പോലെ തന്നെ സ്വന്തം കാര്യം നോക്കി പോകാമായിരുന്നു പക്ഷേ അവരത് ചെയ്തില്ല എനിക്ക് വേണ്ടി മാത്രം. പക്ഷേ നിങ്ങൾ പറഞ്ഞു പരത്തിയ കഥയും വിശ്വസിച്ച് ഞാൻ അമ്മയെ തെറ്റിദ്ധരിച്ചു ഒരുപാട് കുറ്റപ്പെടുത്തി.

രാഘവൻ മുഖം താഴ്ത്തി.

“എനിക്ക് അവളോട് മാപ്പ് ചോദിക്കണം മോനെ.. ഇല്ലെങ്കിൽ സമാധാനമായി മരിക്കാൻ പോലും എനിക്ക് ആകില്ല.”

നിഖിൽ ഒന്നും പറഞ്ഞില്ല.

“അവൾ എവിടെയാണ് ഞാൻ അവിടെ വന്ന് അവളുടെ കാലുപിടിച്ചു മാപ്പ് പറഞ്ഞോളാം ”

മുറിയിൽ പെട്ടെന്ന് നിശ്ശബ്ദത നിറഞ്ഞു.
നിഖിൽ പതുക്കെ എഴുന്നേറ്റു.

“അമ്മയെ കാണാൻ ഇനി കഴിയില്ല.”

രാഘവൻ അവനെ നോക്കി.

“എന്താ?”

“അമ്മ മരിച്ചു.”

രാഘവൻ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

“എപ്പോൾ?”

“പതിനാറു ദിവസം മുമ്പ്.”

അയാളുടെ കണ്ണുകൾ നിറഞ്ഞു.

“നീ… അവളുടെ കൂടെയുണ്ടായിരുന്നോ?”

“ഉണ്ടായിരുന്നു അവസാനം വരെ. മരിക്കും എന്ന് സ്വയം ഉറപ്പായപ്പോഴാണ് നിങ്ങളെ ഇത് ഏൽപ്പിക്കണം എന്ന് എന്നോട് പറഞ്ഞത് ”

രാഘവൻ തലകുനിച്ചു.

“അവസാനമായി അവൾ എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ?” അയാൾ കുറ്റബോധത്തോടെ ചോദിച്ചു.
നിഖിൽ കുറച്ചുനേരം അയാളെ നോക്കി.

“പറഞ്ഞു.”

“എന്ത്?”

നിഖിൽ പൊതി വീണ്ടും തുറന്നു.

വാച്ചിനടിയിൽ മടക്കിവെച്ചിരുന്ന ഒരു കഷണം പേപ്പർ പുറത്തെടുത്തു.

“ഇതും നിങ്ങൾക്കുള്ളതാണ്.”

രാഘവൻ വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി.

കത്ത് തുറന്നു.

സുമിത്രയുടെ കൈയക്ഷരം.

“മോൻ നിങ്ങളെ കാണാൻ വന്നാൽ അവനോട് ഒന്നും ചോദിക്കരുത്. അവന്റെ മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനം എന്താണെന്ന് അവൻ തന്നെ തീരുമാനിക്കട്ടെ.”

രാഘവന്റെ കണ്ണുകൾ നിറഞ്ഞു.

അടുത്ത വരി വായിച്ചു.

“നിഖിൽ ചെറുപ്പത്തിൽ നിങ്ങളെ പറ്റി ഒരുപാട് ചോദിച്ചിരുന്നു. നിങ്ങൾ വരുമെന്ന് ഞാൻ പറഞ്ഞിരുന്നു പക്ഷെ വന്നില്ല എങ്കിലും നിങ്ങളെക്കുറിച്ച് അവന്റെ മനസ്സിൽ നാളിതുവരെ ഞാൻ വെറുപ്പ് നിറച്ചിട്ടില്ല.”

കത്ത് വായിക്കുമ്പോൾ അയാളുടെ കൈ വിറച്ചു.

“ഞാൻ നിങ്ങളെ മറന്നിരുന്നോ എന്ന് അറിയില്ല. പക്ഷേ നിങ്ങൾ ചെയ്തതിന്റെ ശിക്ഷ മോനു കിട്ടരുതെന്ന് മാത്രമാണ് ആഗ്രഹിച്ചത് .”

രാഘവൻ കത്ത് നെഞ്ചോട് ചേർത്തു.

“അവൾ… എന്നെ വെറുത്തില്ല അല്ലെ..?”

നിഖിൽ മുഖം ഉയർത്താതെ പറഞ്ഞു:

“അറിയില്ല.”

രാഘവൻ കണ്ണുകൾ തുടച്ചു.

“നീ എന്നെ വെറുക്കുന്നുണ്ടോ?”

നിഖിൽ കുറച്ചുനേരം അയാളെ നോക്കി.

“ഒരു കാലത്ത് വെറുത്തിരുന്നു.”

“ഇപ്പോൾ..?”

“ഇപ്പോൾ…”

അവൻ വാക്ക് പൂർത്തിയാക്കിയില്ല.

വാതിലിലേക്ക് നടന്നു.

“മോനെ….”

അവൻ തിരിഞ്ഞുനോക്കി.

“നീ ഇനിയും വരുമോ അച്ഛനെ കാണാൻ ”

നിഖിൽ ഒന്നും പറഞ്ഞില്ല. ആ വാക്ക് ഉച്ചരിക്കാൻ ചെറുപ്പത്തിൽ ഒരുപാട് കൊതിച്ചതാണ് പക്ഷേ ഇപ്പോൾ..

“അച്ഛാ എന്ന് വിളിക്കണമെന്ന് ഞാൻ പറയില്ല. അതിനുള്ള അവകാശം ഞാൻ തന്നെയാണ് നഷ്ടപ്പെടുത്തിയത് .”

നിഖിലിന്റെ കണ്ണുകൾ നിറഞ്ഞു.

“പക്ഷേ… നീ വല്ലപ്പോഴും എങ്കിലും ഒന്ന് വരണമെന്നുണ്ട്.വരില്ലേ? “അയാൾ കെഞ്ചി

നിഖിൽ വാതിൽ തുറന്നു.

“അറിയില്ല.”

അത്രയും പറഞ്ഞ് അവൻ പുറത്തേക്ക് നടന്നു.

രാഘവൻ വാതിൽക്കൽ തന്നെ നിന്നു.
മകൻ അകന്നുപോകുന്നത് അയാൾ കണ്ണീരോടെ നോക്കിനിന്നു.

വർഷങ്ങളായി അടഞ്ഞുകിടന്ന ആ വീട്ടിൽ വീണ്ടും നിശ്ശബ്ദത നിറഞ്ഞു.

രാഘവൻ പതുക്കെ അകത്തേക്ക് നടന്നു. കൈയിലെ വാച്ചിലേക്ക് നോക്കി.

ടിക്… ടിക്… ടിക്…

സമയം മുന്നോട്ട് പോകുകയായിരുന്നു.

പക്ഷേ സ്വയം നഷ്ടപ്പെടുത്തിയ ജീവിതത്തിലേക്ക് തിരികെ പോകാൻ അയാൾക്ക് ഇനി വഴിയില്ലായിരുന്നു.

സുമിത്രയെ തിരികെ കൊണ്ടുവരാൻ കഴിയില്ല.

നിഖിലിന്റെ ബാല്യം തിരികെ കൊടുക്കാനും കഴിയില്ല.

ഒരിക്കൽ സ്വന്തം പേരും മാനവും രക്ഷിക്കാനായി പറഞ്ഞ കള്ളങ്ങൾ ഇന്ന് അയാളുടെ മുന്നിൽ വലിയൊരു ശൂന്യതയായി നിൽക്കുകയായിരുന്നു.

രാഘവൻ കസേരയിൽ ഇരുന്നു.

കത്ത് നെഞ്ചോട് ചേർത്തു.

അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി.

അന്ന് അയാൾക്ക് മനസ്സിലായി—

താൻ ഉപേക്ഷിച്ചത് ഒരു സ്ത്രീയെ മാത്രമായിരുന്നില്ല. തന്റെ മകന്റെ ബാല്യവും, അവന്റെ സ്നേഹവും, ഒടുവിൽ “അച്ഛാ” എന്നൊരു വിളി കേൾക്കാനുള്ള തന്റെ അവകാശവും കൂടിയായിരുന്നു.

അംബിക ശിവശങ്കരൻ

Leave a Reply

Your email address will not be published. Required fields are marked *