അതിപ്പോൾ തന്റെ ഉള്ളിലും ഉണ്ട് തന്റെ ഭാര്യയായ് അവളെ സങ്കല്പ്പിയ്ക്കുമ്പോഴൊരു ഇഷ്ടക്കുറവ്…. അല്ല തൃപ്തിക്കുറവ്… ഗോവിന്ദുമായുള്ള സംസാരത്തോടെ…

“കല്യാണം കഴിക്കാനൊരു പെണ്ണിനെ കിട്ടാനാണ് മോനെ ഇന്നത്തെ കാലത്ത് ഏറെ ബുദ്ധിമുട്ട്…..

“സർക്കാർ ജോലിയും
ബിഎംഡബ്ള്യൂ കാറും ഉള്ളവന്മാരു പോലും പെണ്ണു കിട്ടാതെ തെക്ക് വടക്ക് തെണ്ടിതിരിഞ്ഞ് ബ്രോക്കർമാരും മാര്യേജ് ബ്യൂറോക്കാരും പറയുന്ന സകല ഇടത്തും പെണ്ണുകാണാനെന്നു പറഞ്ഞ് ചെന്ന് ചായയും ജ്യൂസും കുടിച്ച് മടുത്തു നാണംകെട്ട് നിൽക്കുന്ന ഈ കാലത്ത് കെട്ടാനൊരു പെണ്ണിനെ ആദ്യമേ കണ്ടു വെച്ച ഞാൻ മിടുക്കനല്ലേ…?

“മകന് പെണ്ണുകാണാനെന്ന പേരിൽ സകല വീടുകളിലും കയറിയിറങ്ങി നടക്കാൻ എന്റെ അമ്മയ്ക്കുണ്ടായിരുന്ന അവസരം എന്റെ ഈ ഒരൊറ്റ പ്രവർത്തിയിലൂടെ ഇല്ലാതായതല്ലാതെ എന്റെ പ്രണയം കൊണ്ട് എനിയ്ക്കിതുവരെ നേട്ടമേ ഉണ്ടായിട്ടുള്ളൂ… ഇനിയും അതേ ഉണ്ടാവുകയുള്ളു… അറിയ്യോ നിനക്ക്….?

ചുണ്ടിലൊരു മൂളി പാട്ടോടെ പറയുന്ന സുധീറിനെ വല്ലായ്മയോടൊന്ന് നോക്കി ഗോവിന്ദ്… അവൻ പറയുന്നത് ഉൾക്കൊള്ളാൻ വയ്യെന്നതു പോലെ…

“നീയെന്താടാ എന്നെ ഒരു മാതിരി നോക്കുന്നത്… ഞാൻ പറഞ്ഞത് നിനക്ക് പറ്റീലേ….?

ഗോവിന്ദിന്റെ നോട്ടം കണ്ട് ചോദിയ്ക്കുമ്പോൾ സുധീറിന്റെ നെറ്റിയിൽ വരകൾ വീണിരുന്നു

“എനിയ്ക്ക് പറ്റീല നീ പറഞ്ഞത്… അതോണ്ടു തന്നെയാണ് നോക്കിയത്…ചെറുപ്പം മുതൽ ഒന്നിച്ചു വളർന്നവരാണ് നമ്മൾ… നിന്റെ ഇഷ്ടങ്ങളും സ്വഭാവവും ദേഷ്യവുമെല്ലാം നിന്റെ അടുത്ത് നിന്നറിഞ്ഞവൻ… ആ എന്നോടു തന്നെ വേണം നിന്റെ ഈ പ്രണയകഥ വിളമ്പാൻ…. മറ്റാരിത് വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനിത് വിശ്വസിക്കില്ല സുധീ… സത്യമായിട്ടും വിശ്വസിക്കില്ല…”

വാശിയോടെ ഉരുവിടുന്ന ഗോവിന്ദിനെ പുഞ്ചിരിയോടെ നോക്കി സുധീർ… അവനു മനസ്സിലാകുന്നുണ്ട് ഗോവിന്ദിനെ….

“നിനക്ക് നന്നായ് മെലിഞ്ഞ, നീണ്ട മുടിയൊക്കെയുള്ള മുക്കു കുത്തിയ വെളുത്ത പെൺകുട്ടികളെ അല്ലായിരുന്നോ സുധീ ഇഷ്ടം…?
പത്താം ക്ലാസ് മുതൽ നീ പ്രണയിച്ചതെല്ലാം അങ്ങനെയുള്ള പെൺകുട്ടികളെ ആണ്… ഒടുവിൽ നീ വിവാഹം കഴിയ്ക്കും എന്ന് ഞാനുറപ്പിച്ച കീർത്തി വരെ നിന്റെ സങ്കല്പത്തിലെ പെണ്ണായിരുന്നു… എന്നിട്ടിപ്പോൾ നമ്മൾ തമ്മിൽ കാണാത്ത ഈ ഒരു വർഷം കൊണ്ട് നീ വേറൊരുവളെ കണ്ടെത്തി വിവാഹം ഉറപ്പിച്ചിരിയ്ക്കുന്നു…. അതും നിന്റെ സങ്കല്പങ്ങൾക്കും ചിന്തകൾക്കും നേർ വിപരീത സ്വഭാവമുള്ളൊരുവളെ…. നിനക്കെന്തോ പറ്റിയിട്ടുണ്ട് സുധീ… അതാണിതെല്ലാം ഇങ്ങനെ… സത്യം പറ നിനക്കെന്താ പറ്റിയത്…? നീ എന്തിനാ ആര്യയെ പോലൊരുവളെ വിവാഹം കഴിക്കുന്നത് ….?
അവളുടെ ജോലിയും സമ്പത്തും കണ്ടിട്ടല്ലേ….?
നിന്നെ അവൾ അതു കാണിച്ച് വീഴ്ത്തിയതല്ലേ….?

കഴിഞ്ഞു പോയ ഓരോന്നും ഓർത്തെടുത്ത് എണ്ണി ചോദിയ്ക്കുന്നവനെ ഉത്തരമില്ലാത്തവണ്ണം അല്പനേരം നോക്കി നിന്നു സുധീർ….

അവൻ പറയുന്നതെല്ലാം സത്യമായിരിയ്ക്കുമ്പോൾ എന്ത് എതിർക്കും…?
എങ്ങനെ ചോദ്യം ചെയ്യും….?

മനസ്സിലോർത്തു പോയവൻ

തന്റെ ഇഷ്ടങ്ങളെല്ലാം അവൻ പറഞ്ഞതു പോലെ ഉള്ളതു തന്നെയായിരുന്നു….

വല്ലാത്തൊരു ആരാധന തന്നെയായിരുന്നു തനിയ്ക്ക് അതു പോലെ ഉള്ള പെൺകുട്ടികളോട്… അവരെ
സുഹൃത്തുക്കളാക്കാനും അവിടുന്ന് മാറ്റി അവരെ തന്റെ കാമുകിയാക്കാനുമെല്ലാം വളരെ എളുപ്പമായിരുന്നു തനിയ്ക്കന്ന്….

ഓരോ ക്ലാസിലും ഓരോ പെൺകുട്ടി എന്നതുപോലെ താന്നന്ന് പ്രണയിച്ചതെല്ലാം തന്റെ സങ്കല്പങ്ങൾക്ക് ചേരുന്നവരെ ആയിരുന്നു… അന്ന് താനെന്തു ചെയ്താലും അതിനെല്ലാം പ്രോത്സാഹനം നൽകി കൂടെ നിന്നിരുന്നവനാണ് ഗോവിന്ദ്… അങ്ങനെയൊരുവൻ ഈ സംശയങ്ങൾ ചോദിച്ചില്ലെങ്കിലേ അത്ഭുതപെടാനുള്ളു….

“എന്താ നീയിപ്പോ ഒന്നും പറയാത്തത്… എന്റെ ചോദ്യങ്ങൾക്ക് തരാൻ ഉത്തരമില്ല നിന്റെ കയ്യിൽ… ?അതോ എന്നോട് മറുപടി പറയാനുള്ള കള്ളങ്ങൾ ആലോചിക്കുവാണോ നീ…?

സുധീറിന്റെ മൗനത്തിൽ അസ്വസ്ഥനായ് ഗോവിന്ദ്….

“ഞാനെന്തിനാടാ നിന്നോടു കള്ളം പറയുന്നത്… നീ എന്റെ സങ്കല്പങ്ങളെ പറ്റി പറഞ്ഞതെല്ലാം സത്യം തന്നെയാണ്…ഒരിടയ്ക്ക് എന്റെ ഇഷ്ടങ്ങൾ പെണ്ണെന്ന സങ്കല്പം എല്ലാം നീ പറഞ്ഞത് തന്നെ ആയിരുന്നു… പക്ഷെ സങ്കല്പങ്ങളും ഇഷ്ടങ്ങളും മാത്രമല്ല ജീവിതമെന്ന് ഞാൻ തിരിച്ചറിഞ്ഞതും അതേ പ്രണയം കൊണ്ടാണ്… ഞാൻ വിവാഹം കഴിയ്ക്കുമെന്ന് നീയും എന്നെ അറിയുന്നവരുമെല്ലാം ഉറപ്പിച്ച കീർത്തി ഞങ്ങളുടെ പ്രണയത്തിൽ നിന്ന് പിൻമാറി വേറെ വിവാഹം കഴിച്ചത് എനിയ്ക്കൊരു നല്ല സർക്കാർ ജോലി ഇല്ലായെന്ന കാരണം കൊണ്ടാണ്…. അവളുടെ വീട്ടുകാർക്ക് മുമ്പിൽ ഒരു ജോലി ഇല്ലാത്തവനെ ദാ വിവരനെന്ന് പറഞ്ഞു കൊണ്ടുചെന്ന് നിർത്താൻ അവൾക്ക് നാണക്കേടായിട്ടാണ്…. അറിയ്യോ നിനക്ക്….?

നൊമ്പരമുണർത്തുന്ന ഏതോ ഓർമ്മ ചീളിൽ പിടഞ്ഞ് നോവേറിയിരുന്നു സുധീറിന്റെ ശബ്ദത്തിന്….

ജോലി ഇല്ലാത്തത് കൊണ്ടൊരു പെണ്ണ് നിന്നെ വലിച്ചെറിഞ്ഞെന്നു വെച്ച് ഒട്ടും ഉൾക്കൊള്ളാൻ പറ്റാത്ത മറ്റൊരു ബന്ധത്തിൽ പോയ് തല വെയ്ക്കുകയാണോടാ ചെയ്യുന്നത്…?
അങ്ങനെ എന്തെങ്കിലും ചെയ്ത് വച്ചവസാനം നിങ്ങളുടെ കല്യാണം നടന്നാൽ അത് ദീർഘനാൾ മുന്നോട്ടു പോവുമെന്ന് തോന്നുന്നുണ്ടോ നിനക്ക്….?
നിന്റെയും ആ പെണ്ണിന്റെയും ജീവിതം ഒരു പോലെ നശിച്ചുപോവുമെടാ….. നന്നായ് ചിന്തിച്ചൊരു തീരുമാനമെടുക്ക്…. നിന്നെ സ്നേഹിച്ചതിന്റെ പേരിൽ ആ പെൺകുട്ടി നാളെ സങ്കടപ്പെടേണ്ടി വരരുത്… നിന്നെയോർത്തത് നെഞ്ചുരുക്കേണ്ടി വരരുത്… ആലോചിക്ക്…. എന്നിട്ടുറപ്പിയ്ക്ക് എന്ത് വേണമെന്ന്…. ”

സുധീറിന്റെ ചുമലിൽ ഒന്നു തട്ടി അവനു മനസ്സിലാവും വിധം കാര്യങ്ങൾ പറഞ്ഞ് തിരിഞ്ഞു നടക്കുന്നതിന്റെ ഇടയിൽ ഗോവിന്ദന്റെ കണ്ണുകൾ സുധീറിന്റെ ഫോണിലെ ഡിസ്പ്ലേയിൽ ഒന്നു തങ്ങി…

സുധീറും അവനിപ്പോൾ സ്നേഹിയ്ക്കുന്നുണ്ടെന്ന് പറയുന്ന ആര്യയും ചേർന്നു നിന്നെടുത്ത ഫോട്ടോ ആണ് സുധീറിന്റെ വാൾപേപ്പറിൽ

വെളുത്തു മെലിഞ്ഞ് നീണ്ട മുടിയുള്ള പെണ്ണിനെ ഭാര്യയായ് സ്വപ്നം കണ്ടിരുന്നവൻ അവസാനം കണ്ടു പിടിച്ചത് അവന്റെ സങ്കല്പങ്ങൾക്ക് നേർവിപരീതമായ കറുത്തല്പം കൂടിയ തടിയുള്ള ഒരു ചുരുണ്ട മുടിക്കാരിയെ…

ഒരു ദീർഘനിശ്വാസത്തോടെ ഗോവിന്ദ് അവിടെ നിന്ന് നടന്നു മറഞ്ഞതും ഉള്ളിലുയർന്ന അനേകം ചിന്തകളുടെ ഭാരത്താൽ അവിടെ തന്നെ നിന്നു പോയ് സുധീർ… അവന്റെ മനസ്സിൽ നിറയെ ഗോവിന്ദിന്റെ വാക്കുകളാണ്

അവൻ പറഞ്ഞതത്രയും സത്യമാണ്, തന്നോടു ഇങ്ങോട്ടു വന്നു സുഹൃത്തായതാണ് ആര്യ… അതും പി എസ് സി കോച്ചിംഗ് ക്ലാസിൽ വെച്ച്…..

തനിയ്ക്ക് ആദ്യമൊരു അമ്പരപ്പായിരുന്നു ആര്യയുടെ ആ സമീപനം…. അന്നേവരെ താനവളെ വെറുതെ പോലുമൊന്ന് ശ്രദ്ധിച്ചിട്ടില്ല… അങ്ങനെ ശ്രദ്ധിക്കാൻ തക്ക പ്രത്യേകതകളൊന്നുമില്ലാത്ത എന്നാൽ ധാരാളം പോരായ്മകൾ ഉള്ളൊരുവളായിരുന്നു തനിയ്ക്കവൾ….

ഒരു കൗതുകത്തിന്റെ പുറത്ത് അവളുമായ് കൂട്ടായെങ്കിലും അതികം വൈകാതെ തന്നെ ആര്യ എന്ന പെണ്ണിന്റെ കഴിവും ബുദ്ധിയും തന്നെ അത്ഭുതപ്പെടുത്തി… തങ്ങളുടെ കൂട്ടത്തിൽ ധാരാളം റാങ്ക് ലിസ്റ്റുകളിൽ പേര് വന്നിട്ടും പഠനം നിർത്താത്തത് അവൾ മാത്രമാണ്….

സാമ്പത്തിക ഭദ്രതയുള്ള വീട്ടിൽ ജനിച്ചിട്ടും സമ്പന്നതയിൽ വളർന്നിട്ടും സർക്കാർ ജോലി സ്വപ്നമായ് കരുതുന്നവൾ…. അവളുടെ ആ വക കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞതിനു ശേഷമാണ് സൗഹൃദമെന്ന തങ്ങളുടെ ബന്ധത്തെ താൻ പ്രണയമെന്ന വഴിയിലേക്ക് തിരിച്ചത്….

താനാഗ്രഹിച്ചത് പോലെ ആര്യ തന്നെ പ്രണയിച്ചു… ഫോറസ്റ്ററി ഡിപ്പാർട്ടുമെന്റിൽ നല്ലൊരു ജോലിയും നേടിയവൾ…. ഞാനപ്പോഴും ഇപ്പോഴും തൊഴിൽ രഹിതൻ തന്നെയാണ്…… തന്റെ എല്ലാ കാര്യങ്ങൾക്കും കണക്കില്ലാതെ പൈസ ചിലവാക്കുന്നതും ആര്യയാണ്…..

തന്റെ ഇഷ്ടം താൻ വീട്ടിലറിയിച്ച നാൾ മുതൽ പെൺക്കുട്ടിയെ കാണാൻ കൊതിച്ചിരുന്ന വീട്ടുകാരുടെ മുഖം ആര്യയെ കണ്ടതും തെളിച്ചം കെട്ടു പോയ്….

മറ്റാരും കണ്ടില്ലെങ്കിലും താനത് വ്യക്തമായ് കണ്ടിരുന്നു….

അവളുടെ ജോലിയുടെയും തന്റെ ജോലി ഇല്ലായ്മയുടെയും പോരായ്മ ചൂണ്ടിക്കാട്ടി താൻ വാദിച്ചതും അവരൊന്നു തണുത്തെങ്കിലും ആര്യയോടുള്ള ആ ഇഷ്ടക്കേട് മാറിയിട്ടില്ല അവർക്ക്…. അതിപ്പോൾ തന്റെ ഉള്ളിലും ഉണ്ട് തന്റെ ഭാര്യയായ് അവളെ സങ്കല്പ്പിയ്ക്കുമ്പോഴൊരു ഇഷ്ടക്കുറവ്…. അല്ല തൃപ്തിക്കുറവ്…

ഗോവിന്ദുമായുള്ള സംസാരത്തോടെ സുധീറിന്റെ ആര്യയോടുള്ള തൃപ്തിക്കുറവ് ഏറി….

അന്ന് നല്ലതായ് തോന്നിയ പലതും ഇന്നവന് മോശമാണ്… ഉറക്കം നഷ്ടപ്പെട്ടു സുധീറിന്…. ആര്യയുടെ ഫോണവൻ എടുക്കാതെയായ്….

“നിനക്കെന്നെ ഉൾക്കൊള്ളാൻ വയ്യെങ്കിൽ അത് എന്റെ മുഖത്തു നോക്കി പറഞ്ഞ് പിന്മാറണം സുധീ നീ… അല്ലാതെ ഇങ്ങനെ ഒളിച്ചു നടക്കണ്ട….. എനിയ്ക്ക് മനസ്സിലാവും നിന്നെ….

സുധീറിന്റെ അവഗണന ഏറിയതും അവനെ തിരഞ്ഞെത്തിയ ആര്യ അവന്റെ മാറ്റത്തിന്റെ കാരണമവനിൽ നിന്നറിഞ്ഞതും ശാന്തമായ് നേരിട്ടവനെ…

“എനിയ്ക്ക് പറ്റുന്നില്ലെടോ…. സോറി…. നീയെനിയക്ക് വേണ്ടി ചിലവാക്കിയ പൈസ കുറച്ചു താമസിച്ചാണെങ്കിലും ഞാൻ തന്നു തീർത്തോളാം നിനക്ക്….

മുഖമുയർത്തി അവളെ നോക്കാതെ അവൻ പറഞ്ഞതും ഒന്നു ചിരിച്ചു ആര്യ..

“അതൊക്കെ ഞാനെന്റെയൊരു സുഹൃത്തിന് നൽകിയതായ് കരുതിക്കോളാം… തിരിച്ചു തരണ്ട സുധി…. കുറച്ചു മാസങ്ങളെങ്കിലും എന്നെ പ്രണയിച്ചു സഹിച്ചതിന്റെ കൂലിയിനത്തിൽ കൂട്ടിക്കോ നീ അത്…. ബൈ….”

ഒരു പുഞ്ചിരിയിൽ യാത്ര പറഞ്ഞ് ആര്യ നടന്നു പോവുമ്പോൾ വലിയൊരു ഭാരം മനസ്സിൽ നിന്നൊഴുവായ ആശ്വാസമാണ് സുധീറിന്….

തന്നെ നേരായ വഴിയിലേക്ക് നയിച്ച ,നല്ല തീരുമാനം എടുപ്പിച്ച ഗോവിന്ദന് ഒരായിരം നന്ദി പറഞ്ഞവനുള്ളിൽ….

പലവട്ടം ഗോവിന്ദിനെ കാണാൻ ശ്രമിച്ചു സുധീറെങ്കിലും തിരക്കിന്റെ പേരിൽ ഒഴിഞ്ഞു മാറി ഗോവിന്ദ്….

ദിവസങ്ങൾ മുന്നോട്ടു നീങ്ങിയതും സുധീററിഞ്ഞു തുടങ്ങി ആര്യയെ താനെപ്പോഴൊക്കയോ സ്നേഹിച്ചിരുന്നു എന്നത്… അവളെ നഷ്ടപ്പെടുത്തിയപ്പോഴാണ് താനത് തിരിച്ചറിയുന്നതെന്ന്…

ദിവസങ്ങൾ കഴിയുംതോറും മനസ്സിലെ ഇഷ്ടമേറി ആര്യയെ കാണാതെ വയ്യന്നായ് സുധീറിന്… അവളുടെ ശബ്ദമെങ്കിലും കേൾക്കണമെന്ന കൊതിയോടെ ദിവസങ്ങൾക്കു ശേഷം ആര്യയെ ഫോൺ വിളിച്ചു സുധീർ…. പക്ഷെ മറുവശം ഫോണെടുത്തത് അവനായിരുന്നു ഗോവിന്ദ്…

ഫോണിലൂടെ ഗോവിന്ദിന്റെ ശബ്ദം കേട്ടതും ഞെട്ടി സുധീർ….

“നീ… നീയെങ്ങനെയാണെടാ അവളുടെ ഫോണെടുക്കുന്നത്… ആര്യയ്ക്ക് കൊടുക്ക് ഫോൺ…. ”

മനസ്സിലുടലെടുത്ത ദേഷ്യത്തിലലറി സുധീർ… അതു കേട്ടതും മറുവശം ചിരിയേറി ഗോവിന്ദിനും…

വാട്സാപ്പ് നോക്കെടാ…. എന്നൊരു പറച്ചിലോടെ ഗോവിന്ദ് ഫോൺ കട്ടാക്കിയതും ഭ്രാന്തെടുത്ത പോലെ വേഗത്തിൽ വാട്സാപ്പെടുത്തവൻ…. അതിൽ നിറയെ ആര്യയുടെയും ഗോവിന്ദിന്റെയും വിവാഹ ഫോട്ടോകളാണ്..

ഞെട്ടി അത് കണ്ട് സുധീർ…

‘ആവശ്യക്കാരന് ഔചിത്യം പാടില്ല എന്ന് പറയുന്നതുപോലെ എനിയ്ക്ക് കിട്ടിയ അവസരം ഞാനൊന്ന് നന്നായ് ഉപയോഗിച്ചു സുധീ… അതോടെ അവളെന്റെയായി…. നാട്ടിലൊന്നും കെട്ടാനൊരു പെണ്ണില്ല… അങ്ങനെ ഉള്ളപ്പോ ഇവളെ പോലൊരു സാധു കുട്ടിയെ ആരെങ്കിലും കയ്യൊഴിയുമോ… ?

ഫോണിൽ വന്ന ഗോവിന്ദിന്റെ മെസേജ്….

ഗോവിന്ദിന്റെ ചതിയറിഞ്ഞ് സുധീർ ഞെട്ടി പകച്ചിരിയ്ക്കുമ്പോൾ താൻ നേടിയ പെണ്ണിന്റെ മൂല്യം തിരിച്ചറിഞ്ഞ ഗോവിന്ദ് ആര്യയുമൊത്തൊരു പുതിയ യാത്രയുടെ ആരംഭത്തിലായിരുന്നു… വാടി തളർന്നൊരു പൂവായ് അവന്റെ നെഞ്ചിലൊട്ടി കിടന്നു ആര്യയും….

✍️RJ

Leave a Reply

Your email address will not be published. Required fields are marked *