ഭർത്താവ് തോന്നിയത് പോലെ ജീവിക്കാൻ തുടങ്ങിയപ്പോൾ മോളുമായി സ്വന്തം വീട്ടിലേക്ക് വന്നതാണ് സതി. മാതാപിതാക്കൾ മരണപ്പെടുമ്പോൾ ഒറ്റപ്പെട്ട് പോകുന്ന ഒരു മകളുടെ വേദന ആരെക്കാളും നന്നായി….

മോര് കറി വെക്കാൻ അടുക്കളയിലേക്ക് പോയ നേരത്താണ് മോളെ കാണാതായത്. ശ്വാസം മേലോട്ട് കിതക്കുന്ന ആ നേരം തലയിൽ വല്ലാത്ത പെരുപ്പ് അനുഭവപ്പെട്ടു. തൊഴിലുറപ്പിന് പോയ സതിയോട് ഇനിയെന്ത് പറയും…

‘മിന്നു മോള് വന്നോ ഇങ്ങോട്ട്…?’

അയലത്തെ ഭാർഗ്ഗവേട്ടനോട് നീട്ടി ചോദിച്ചു. ഇല്ലെന്നായിരുന്നു ഉത്തരം. മിന്നുമോൾക്ക് ഏഴ് വയസ്സ് ആകുന്നതേയുള്ളൂ…

‘നിങ്ങള് എവിടുന്നാ കളിച്ചോണ്ടിരുന്നേ…?’

ചോദ്യം എന്റെ മോനാടായിരുന്നു. കാലത്ത് പണിക്ക് പോകുമ്പോഴാണ് മിന്നുമോളെ സതി ഇവിടെ ആക്കുന്നത്. സ്കൂൾ ഒഴിവുകളിൽ മുമ്പും ഇങ്ങനെ ചെയ്യാറുണ്ട്. ഇതിപ്പോൾ ഓണത്തിന്റെ അവധി നാളുകളാണ്.

‘ഞാൻ ഊഞ്ഞാല് കെട്ടുകയായിരുന്നു. കയറെടുക്കാൻ അപ്പുറത്തേക്ക് പോയി വന്നപ്പോൾ മിന്നുവിനെ കാണുന്നില്ല. അവള് തുമ്പപ്പൂ പറിക്കുകയായിരുന്നു. ഇവിടെയെല്ലാം ഞാൻ നോക്കിയതാണ്… എന്നിട്ടാണ് അമ്മയോട് പറഞ്ഞേ…’

പതിമൂന്ന് വയസ്സേ ഉള്ളൂവെങ്കിലും മോന് നല്ല കാര്യപ്രാപ്തിയുണ്ട്. ആ വിശ്വാസത്തിലാണ് അടുക്കളയിലേക്ക് പോയത്. പക്ഷെ, ഇങ്ങനെയൊരു രംഗം എന്നെപ്പോലെ അവനും പ്രതീക്ഷിച്ച് കാണില്ല. തുമ്പപ്പൂവെന്ന് പറയാനൊന്നും ഇല്ല. പറമ്പിന്റെ അതിരിൽ നിന്ന് റോഡിലേക്ക് രണ്ടോ മൂന്നോ കാണും.

മിന്നുമോളെയെന്ന് വിളിച്ച് ഞങ്ങൾ ആ പരിസരത്തെല്ലാം ഓടി നടന്നു. വിയർത്ത് ഒഴുകുന്ന ദേഹത്തിൽ നിന്ന് ജീവൻ ഒഴിഞ്ഞ് പോകുന്നുവോയെന്ന് വരെ ചിന്തിച്ച നിമിഷമായിരിന്നുവത്.

ഭർത്താവ് തോന്നിയത് പോലെ ജീവിക്കാൻ തുടങ്ങിയപ്പോൾ മോളുമായി സ്വന്തം വീട്ടിലേക്ക് വന്നതാണ് സതി. മാതാപിതാക്കൾ മരണപ്പെടുമ്പോൾ ഒറ്റപ്പെട്ട് പോകുന്ന ഒരു മകളുടെ വേദന ആരെക്കാളും നന്നായി എനിക്ക് അറിയാം. ആ ചുറ്റുപാടിൽ പറക്കമുറ്റാത്ത ഒരു കുഞ്ഞ് കൂടി ഉണ്ടെങ്കിൽ എന്തായിരിക്കും അവസ്ഥ! എനിക്കല്ലാതെ സതിയെ ആർക്കാണ് മനസിലാക്കുക…

ഒട്ടും സുരക്ഷിതമല്ലാത്ത ചുറ്റുപാടിൽ കുഞ്ഞുങ്ങളെ പൊത്തി പൊത്തി വളർത്തുന്ന മാതാപിതാളുടെ അങ്കലാപ്പിൽ ഞാനും ഉണ്ടായിരുന്നു. ജോലിക്ക് പോയില്ലെങ്കിൽ പട്ടിണിയാകുന്ന അവസ്ഥ. മോന് അന്ന് നാല് വയസ്സ് ആകുന്നതേയുള്ളൂ…. ആരെയാണ് വിശ്വസിച്ച് ഏൽപ്പിക്കുകയെന്ന് അറിയാതെ പകച്ച് പോയ ആ നേരത്താണ് ഒരു പുരുഷൻ തണലായി വന്നത്. അതുകൊണ്ട് തന്നെയാണ് വീട്ട് ഭരണവുമായി ഇങ്ങനെ തുടരാനും കഴിയുന്നത്.

‘മിന്നുമോളെ കാണുന്നില്ലെന്നേ… ആരെങ്കിലുമൊന്ന് നോക്കോ…. സതിയോട് ഞാനെന്ത് പറയും… ദൈവമേ…!’

പരവേശം കണ്ട് കൂടിയ ചില നാട്ടുകാരോട് നിലവിളിയോടെ അപേക്ഷിച്ചു. ദേഹം വിറക്കുന്നുണ്ട്. അത് നോക്കി മോൻ ആശ്ചര്യപ്പെടുകയാണ്. ചുറ്റും ആൾക്കാർ കൂടിക്കൊണ്ടേയിരുന്നു…

‘ചെറിയ കുഞ്ഞുങ്ങളെയെല്ലാം ഇണ്ടാ ഒറ്റക്കാക്കി പോകല്…!’

എന്നോടൊപ്പം മോന്റെയും തല കുനിഞ്ഞു. പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും ആരൊ പറഞ്ഞു. അപ്പോഴേക്കും ഓട്ടോയൊക്കെ തയ്യാറാക്കി ഭാർഗ്ഗവേട്ടൻ വന്നിരുന്നു.

‘സതിയുടെ മോള് മൂസാക്കയുടെ കൂടെ പോണത് കണ്ടല്ലോ…!’

സമാധാനമായി. പക്ഷെ, മൂസാക്കയുടെ കൂടെ മിന്നുമോള് എങ്ങനെയാണ് എത്തിയെന്ന് അറിയില്ല. എന്റേം സതിയുടെയും വീടിന്റെ പുറക് വശത്താണ് മൂസാക്കയുടെ വീട്. കുഞ്ഞിന് എന്ത് പറ്റിയതായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിൽ ആയിരിക്കണം അങ്ങോട്ടേക്കുള്ള ഞങ്ങളുടെ ഓട്ടത്തിന്റെ കൂടെ മറ്റുള്ളവരും കൂടിയത്.

മൂസാക്കയുടെ സ്വഭാവം അത്ര പന്തിയല്ലായെന്ന് നാട്ടിലാകെ സംസാരമുണ്ട്. ഒരുനാൾ ചിരിച്ച് കൊണ്ടാണെങ്കിൽ മറുനാൾ കടുത്ത ദേഷ്യത്തിൽ ആയിരിക്കും. പിള്ളേര് അടിച്ച് പറത്തിയ പന്ത്‌ തന്റെ പറമ്പിൽ വീണെന്നും പറഞ്ഞ് അയാൾ ഉണ്ടാക്കിയ പുകില് ചില്ലറയല്ല. മേലാൽ ഇങ്ങോട്ടേക്ക് അടിക്കരുതെന്ന് പറഞ്ഞ് പന്തെടുത്ത് ഒരു ഏറായിരുന്നു. അതിന്റെ പിറ്റേന്നാൾ അയാൾ തന്നെ പുതിയത് വാങ്ങി കൊടുക്കുകയും ചെയ്തു.

ഇങ്ങനെ ഒരു സ്ഥിരതയുമില്ലാതെ തനിയേ താമസിക്കുന്ന മൂസാക്കയുടെ അടുത്താണ് മിന്നുമോളെന്ന് കേൾക്കുമ്പോൾ ചെറുതല്ലാത്ത ഭയമുണ്ട്. കുടുംബം പോലും അയാളിൽ നിന്ന് ഇല്ലാതാകണമെങ്കിൽ സ്വഭാവത്തിൽ കാര്യമായ പ്രശ്നമുണ്ടെന്നല്ലേ അർത്ഥമാക്കേണ്ടത്….

പ്രാണൻ പോകുന്ന വെപ്രാളത്തോടെ ആ മുറ്റത്തേക്ക് എത്തിയപ്പോൾ വീട് പൂട്ടിയിരിക്കുന്നു. ശ്വാസം നിന്ന് പോയി. അവൾക്ക് വല്ല അപകടവും സംഭവിച്ചിരിക്കുമോയെന്ന സംശയത്തിലാണ് ഹൃദയമിടിപ്പ് പിന്നീട് തുടർന്നത്…

‘അമ്മേ… ഊഞ്ഞാല് കെട്ടാൻ കയറ് എടുക്കാൻ പോയപ്പോൾ മൂസാക്ക റോഡിലൂടെ പോകുന്നുണ്ടായിരുന്നു…’

നേരത്തേ പറയാതിരുന്നത് എന്തുകൊണ്ടാണ് എന്നൊന്നും മോനോട് ചോദിച്ചില്ല. മിന്നുമോൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കിൽ മൂസാക്കയെ കാണണം. മോളെയെങ്ങാനും ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അയാളെ ഞാൻ വകവരുത്തും. സതിക്ക് വേണ്ടിയല്ല. ഒരു അമ്മയുടെ നിമിഷനേരത്തെ നോട്ട പിശകിനെ അവസരമായി എടുക്കുന്നവർക്ക് പാഠമാകാൻ ഞാനത് തീർച്ചയായും ചെയ്യും…

‘ സതിയുടെ മോളുമായി മൂസാക്ക പാടത്തേക്ക് പോകുന്നത് കണ്ടു…’

ആരാണ് പറഞ്ഞതെന്ന് അറിയില്ല. കേട്ട പാതി കേൾക്കാത്ത പാതി പരിസരത്തെ പാടത്തേക്ക് ഞങ്ങൾ ഓടി. ഓട്ടത്തിന് ഇടയിൽ ഫോൺ ശബ്ദിക്കുന്നുവെന്ന് മോനാണ് പറഞ്ഞത്. നോക്കിയപ്പോൾ സതി വിളിക്കുന്നു. എടുക്കണ്ടായെന്ന് പറഞ്ഞു. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, മിന്നുമോൾ കൂടെ ഇല്ലാതെ ആ ശബ്ദം കേൾക്കാനുള്ള കെൽപ്പ് ഇല്ലായിരുന്നു…

പാടത്തേക്ക് എത്തി. കൊയ്ത്ത് കഴിഞ്ഞതിന് ശേഷം ആളോളം പൊക്കത്തിൽ ഉയർന്ന പുല്ലുകൾക്ക് ഇടയിലേക്ക് ഞങ്ങൾ പരത്തി നോക്കുകയാണ്. ശ്രദ്ധിപ്പോൾ, പൂത്താലി മാലകൾ കഴുത്തിൽ ഇട്ട് ഒരു രാജകുമാരിയെ പോലെ മിന്നുമോൾ വരുന്നു. കക്ഷത്തിൽ വരെ ആമ്പലുകളുണ്ട്. മുട്ടോളം വെള്ളത്തിൽ നടക്കുന്ന മൂസാക്കയുടെ കഴുത്തിലാണ് അവൾ ഇരിക്കുന്നത്. അയാളുടെ ഇരു കൈകളിലും അരിപ്പൂ ആയിരുന്നു…

‘മൂസാക്കയിത് എന്ത് പണിയാ കാണിച്ചേ…? ആരോട് ചോദിച്ചാ കുട്ടിയേം കൊണ്ട് ഇങ്ങോട്ട് വന്നേ…’

വരമ്പിലേക്ക് എത്തും മുമ്പേ ഭാർഗവേട്ടൻ ചോദിച്ചു. മൂസാക്ക മിണ്ടിയില്ല. മിന്നുമോളെ താഴേക്ക് ഇറക്കും മുമ്പേ ഞാൻ അവളെ കോരിയെടുത്ത് ഉമ്മവെച്ചു.

‘എന്നെ പേടിപ്പിച്ചല്ലോ മോളെ… മൂസാക്ക ഉപദ്രവിച്ചോ…?’

അങ്ങനെ കേട്ടപ്പോൾ മിന്നുമോൾക്ക് സങ്കടമായി. അവൾ കരയുമെന്ന് തോന്നിയത് കൊണ്ട് കൂടുതലൊന്നും ചോദിച്ചില്ല. അരിപ്പൂക്കളെല്ലാം മിന്നുമോളുടെ കൈകളിൽ കൊടുത്തിന് ശേഷമാണ്, തന്നെ പേടിപ്പിക്കാൻ നിൽക്കുന്ന നാട്ടുകാരോട് ചിരിച്ച് കൊണ്ട് മൂസാക്ക നടന്നത്. ശേഷം, തിരിഞ്ഞ് തിന്ന് സംഭവിച്ചതെല്ലാം വിശദമാക്കി. രംഗം വ്യക്തമാണ്.

തുമ്പപ്പൂ തിരഞ്ഞ് തിരഞ്ഞ് മിന്നുമോള് റോഡിലേക്ക് എത്തി. ഓണത്തിന് പൂക്കളം ഇടുന്നില്ലേയെന്ന് മൂസാക്കയാണ് ചോദിച്ചത്. അമ്മയുടെ കൈയ്യിൽ പണമില്ലെന്ന് മോള് പറഞ്ഞ് പോലും. കാശില്ലാതെ പൂക്കളെ കിട്ടുമോയെന്ന് അറിയാൻ ഇറങ്ങിയതാണ് രണ്ടാളും. പിള്ളേരെ റോഡിൽ ഒറ്റക്കാക്കിയാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും അയാൾ ചേർത്തു. എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. സ്വഭാവത്തിൽ പന്തികേട് ഉള്ളത് കൊണ്ട് അയാളോട് കയർക്കാനും ആരും തയ്യാറായില്ല. കുറ്റബോധത്തിന്റെ തലയുമായി മിന്നുമോളെ വീണ്ടും ഞാൻ ഉമ്മവെച്ചു. അകന്ന് തുടങ്ങും മുമ്പേ ഞങ്ങളോട് എല്ലാവരോടുമായി മറ്റൊരു കാര്യം കൂടി മൂസാക്ക പറഞ്ഞിരുന്നു….

‘ഹാപ്പി ഓണം…!!!’

✍️ശ്രീജിത്ത് ഇരവിൽ

Leave a Reply

Your email address will not be published. Required fields are marked *