കുട്ടികളുടെ ഇഷ്ടമല്ലേ നമുക്ക് വലുത്… നാളെ ഒരുമ്മിച്ച് ജീവിക്കേണ്ടതവരല്ലേ…?
നമ്മുടെ വാശിയ്ക്ക് ഇഷ്ടമില്ലാത്ത കല്യാണത്തിന് അവരെ നിർബന്ധിച്ച് ഒടുവിൽ നമ്മൾ കണ്ടെത്തി കൊടുക്കുന്ന പെൺക്കുട്ടിയെ വിവാഹവുംകഴിപ്പിച്ച് നൽകിയിട്ട് അവരുടെ ജീവിതം നരകമായാൽ അതും നമ്മള് തന്നെ വേണ്ടേ കാണാൻ…. ഞങ്ങൾക്കതിനൊന്നും വയ്യ… അവരുടെ കല്യാണം അവരുടെ ഇഷ്ടം…. ഒരുമിച്ച് സന്തോഷത്തോടെ അവർ ജീവിയ്ക്കുന്നത് കണ്ടാൽ മതി ഞങ്ങൾക്ക്…. അല്ലേ ടീ…?
അകത്തെ ഹാളിലിട്ട സോഫയിൽ വിശാലമായിരുന്ന് വിശാലമനസ്കതയോടെ സംസാരിയ്ക്കുന്ന തന്റെ അച്ഛൻ രഘുവരനെ ഞെട്ടലോടെയാണ് സീമ നോക്കിയത്…
സിനിമാ നടൻ രഘുവരനെ കടത്തിവെട്ടുന്ന അഭിനയം കാഴ്ചവെയ്ക്കുന്ന തന്റെ അച്ഛനെ ഇത്രയും നല്ലവനായ് അവളാദ്യം കാണുകയാണ്… അച്ഛന്റെ മുഖത്ത് നിന്ന് സീമയുടെ നോട്ടം അമ്മ രോഹിണിയിലേക്ക് ചെന്നു… അവിടെ പതിവുപോലെ തന്നെ അച്ഛനെന്ന്തു പറയുന്നോ അതാണ് ശരി എന്ന ഭാവത്തിൽ അച്ഛനോടൊട്ടി ഇരിയ്ക്കുന്നുണ്ട്…
“സത്യം പറഞ്ഞാൽ സനൂപിനെ ഇഷ്ടമാണ് തമ്മിൽ പ്രണയമാണെന്നൊക്കെ മോള് ഞങ്ങളോടു പറഞ്ഞപ്പോൾ ആകെ വല്ലാതെയായ് ഞങ്ങൾ…”
തന്റെ അച്ഛനെതിരെ സോഫയിലിരിയ്ക്കുന്ന സുമിതയുടെ അച്ഛന്റെ വാക്കുകൾക്ക് കാതോർത്തു സീമ…
മുമ്പിൽ നടക്കുന്നത് തന്റെ ഏട്ടൻ സനൂപിന്റെ വിവാഹം അവൻ സ്നേഹിയ്ക്കുന്ന സുമിതയുമായ് വാക്കാൽ ഉറപ്പിയ്ക്കുന്ന ചടങ്ങാണെങ്കിലും ഒരു കാഴ്ചക്കാരിയുടെ വേഷത്തിനപ്പുറം മറ്റൊരു സ്ഥാനവും ശബ്ദവുമില്ല സുമിതക്കവിടെ…
“സനൂപിനെ സുമിത മോൾ ഇഷ്ടപ്പെട്ടത്തിന് നിങ്ങളെന്തിനാ വല്ലാതെയായത്….? നിങ്ങൾക്ക് ഈ ബന്ധത്തിന് താൽപര്യ കുറവുണ്ടായിരുന്നോ അപ്പോ…?
കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടൊരു ഭാവത്തിൽ അമ്പരന്നച്ഛൻ ചോദിയ്ക്കുന്നതും അതു കേട്ട് സുമിതയുടെ അച്ഛൻ അയ്യോ അങ്ങനെയല്ല എന്നൊരു പറച്ചിലോടെ അച്ഛന്റെ കൈ പിടിയ്ക്കുന്നതുമെല്ലാം ഒരു സിനിമ കാണുന്ന ലാഘവത്തിൽ നോക്കി കണ്ടു സീമ…
“കുടുംബ പരമായും ജാതിപരമായും നിങ്ങളെക്കാൾ താഴ്ന്നവരല്ലേ ഞങ്ങൾ… അതു കൊണ്ടു തന്നെ
ഈയൊരു ബന്ധത്തിന് നിങ്ങൾക്ക് താൽപര്യമുണ്ടാവില്ലെന്നു തന്നെയാണ് ഞങ്ങൾ ഈയൊരു ആലോചനയുമായ് ഇങ്ങോട്ടു വരുന്നത് വരെ കരുതിയിരുന്നത്…”
സുമിതയുടെ അച്ഛൻ വിനയത്തോടെ പറയുമ്പോൾ തന്റെ അച്ഛന്റമുഖത്തു തെളിയുന്ന അഹങ്കാരവും ഗർവ്വും മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും സീമ കൃത്യമായ് തിരിച്ചറിഞ്ഞു…
“ജാതിയും കുടുംബ മഹിമയുമെല്ലാം ഇന്നത്തെ കാലത്ത് ആരാണ് നോക്കുന്നത്… മറ്റാരു നോക്കിയാലും ഞാനും എന്റെ കുടുംബവും നോക്കില്ല അത്… ഞങ്ങൾക്ക് വലുത് ഞങ്ങളുടെ മക്കളുടെ ഇഷ്ടമാണ്…
പറയുമ്പോൾ അച്ഛന്റെ നോട്ടം അറിയാതെ എന്നോണം സീമയുടെ നേരെ വീശി ചെന്നെങ്കിലും അച്ഛനെ മുഖമുയർത്തി നോക്കിയതേ ഇല്ല സീമ…
ഇനിയും അവിടെ നിന്ന് കൂടുതലെന്തെങ്കിലും കേൾക്കാൻ താൽപ്പര്യമില്ലാതെ പിൻതിരിഞ്ഞ് അകത്തെ മുറിയിലേക്ക് നടക്കുമ്പോൾ സീമയുടെ കണ്ണുകൾ ഒന്നച്ഛനിലും പിന്നെ അച്ഛന്റെ അടുത്തായ് അമ്മയ്ക്കൊപ്പം ഇരിയ്ക്കുന്ന ചേട്ടൻ സനൂപിലും എന്തോ തിരഞ്ഞെന്നത് പോലെ കുറച്ചു സെക്കൻഡ് തങ്ങി നിന്നു
ഇഷ്ട്ടപ്പെട്ട പെണ്ണിനെ തടസ്സങ്ങളൊന്നുമില്ലാതെ സ്വന്തമാക്കാൻ പോവുന്നതിന്റെ സന്തോഷവും തിളക്കവും ആണ് ഏട്ടന്റെ മുഖത്തെങ്കിൽ മകൻ സ്നേഹിച്ച പെണ്ണിലൂടെ ഈ വീട്ടിലേക്ക് വന്നു ചേരുന്ന ഭാരിച്ച സമ്പത്തിലേക്കാണ് അച്ഛന്റെ നോട്ടം
കോടീശ്വരനാണ് സുമിതയുടെ അച്ഛൻ… ആണായിട്ടും പെണ്ണായിട്ടും സുമിത ഒരാളെ ഉള്ളു അവർക്ക്… അതു കൊണ്ടു തന്നെ അവിടെ ഉള്ളതെല്ലാം അവൾക്കാണ്… അതിന്റെ തിളക്കം ഇപ്പോഴേ കാണാം അച്ഛന്റെ കണ്ണുകളിൽ…
പണത്തിനും സമ്പത്തിനും മുമ്പിൽ ഇല്ലാതായിരിക്കുന്നു തന്റെ അച്ഛന്റെ തറവാട്ട് മഹിമയും ജാതി മേൽക്കോയ്മയും എന്നോർത്തതും കണ്ണുകൾ നിറഞ്ഞവൾക്ക്…. ഒപ്പം ഒരു കാലത്ത് ഏറെ പ്രിയപ്പെട്ടവനായ
ഒരുവന്റെ മുഖവും തെളിഞ്ഞു നിറഞ്ഞവളിലാകെ…
“ഇന്നേട്ടൻ കെട്ടാൻ തീരുമാനിച്ച സുമിതയുടെ അതേ ജാതി തന്നെ ആയിരുന്നില്ലേ അമ്മേ ജിതേഷേട്ടനും….?
അന്നയാളെ എന്റെ ഭർത്താവ് ആയി സങ്കല്പിക്കാൻ പോലും പറ്റാതിരുന്ന നിങ്ങൾക്ക് ഇന്നെങ്ങനെ അതേ ജാതിയിലുള്ള സുമിതയെ നിങ്ങളുടെ മരുമകളായ് ഉൾക്കൊള്ളാനും സ്നേഹിക്കാനും പറ്റുന്നത്…?
വീട്ടിലെ ആളൊഴിഞ്ഞതും അമ്മയ്ക്കരികിലെത്തി തിരക്കി സീമ..
അവളുടെ ശബ്ദത്തിലും ചോദ്യത്തിലും അന്നേരം നിറഞ്ഞു നിന്നിരുന്നത് നഷ്ടപ്പെടലിന്റെ വേദനയും ഇഷ്ടമില്ലാത്തൊരു ജീവിതം ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്നതിന്റെ നിരാശയും ആയിരുന്നെങ്കിലും അമ്മ അവളുടെ ചോദ്യത്തെ കേട്ടത് അവളുടെ അഹങ്കാരമായിട്ടാണ്….
നിങ്ങളിവള് ചോദിയ്ക്കുന്നത് കേട്ടില്ലേ… സനൂപേ… എടാ…
അച്ഛനെയും ഏട്ടനെയും ഒരുമിച്ച് വിളിച്ച് താൻ ചോദിച്ചത് പറഞ്ഞു കേൾപ്പിയ്ക്കുന്ന അമ്മയെ വിചിത്ര ജീവി എന്നതുപോലെ നോക്കി സീമ…
കല്യാണം കഴിഞ്ഞ് കൊല്ലം മൂന്നായിട്ടും നീയാ ജിതേഷിനെ മനസ്സിലിട്ടോണ്ട് നടക്കുവാണോ ടീ അസത്തെ….?
അച്ഛന്റെ ചോദ്യവും അടിയുമെല്ലാം ഒരേ വേഗത്തിലും ഒരേ സമയത്തും ആയിരുന്നു… ചുമലിലേറ്റ കനത്ത പ്രഹരത്തിൽ അമർത്തിയൊരു നിലവിളി ഉയർന്നു സീമയിൽ നിന്ന്…
“ഞാനാരെയും മനസ്സിലിട്ട് നടക്കുന്നില്ല… ഒരു വീടിലെ രണ്ട് രീതി കണ്ടു ചോദിച്ചതാണ് ഞാൻ… ഇന്ന് ഏട്ടൻ സുമിതയെ സ്നേഹിക്കുന്നതു പോലെ എന്നെ സ്നേഹിച്ച ഞാൻ സ്നേഹിച്ച ആദ്യ പുരുഷനാണ് ജിതേഷേട്ടൻ…
പക്ഷെ ജാതിയുടെ പേരുപറഞ്ഞ് സമ്പത്തിന്റെ ഇല്ലായ്മ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയും, തല്ലിയുമൊക്കെ എന്നെ നിങ്ങളെല്ലാവരും കൂടി ജിതേഷേട്ടനിൽ നിന്നകറ്റിബലമായ് മനോജിന് വിവാഹം ചെയ്തു കൊടുത്തില്ലേ… രണ്ടു മക്കൾക്ക് രണ്ട് നിയമമാണോ ഇവിടെ… ഞാനും നിങ്ങളുടെ തന്നെ മകളല്ലേ….?
വീറോടെ ചോദിച്ചു സീമ… തനിയ്ക്കായ് സംസാരിക്കാൻ ആ വീട്ടിൽ താനേ ഉള്ളുവെന്നറിവോടെ…
“നിന്നെ ബലമായ് നിർബന്ധിച്ച് മനോജിനെ കൊണ്ട് കെട്ടിച്ചത് കൊണ്ട് നീ സ്വപ്നം കൂടി കാണാത്തൊരു ബന്ധം കിട്ടി നിനക്ക്….. നമ്മുടെ കുടുംബത്തിൽ മനോജിനോളം സമ്പാദ്യമുള്ള ആരെങ്കിലും ഉണ്ടോടീ ഇന്നും…?
അവളുടെയൊരു ജിതേഷേട്ടൻ… കാൽ കാശിന് ഗതിയില്ലാത്ത അവനെ പോലെയാണോ സുമിത… ?
ഇട്ടു മൂടാൻ സ്വത്തുണ്ട് അവൾക്ക്… ആ സ്വത്തൊക്കെ നാളെ സ്വന്തമാക്കുന്നതും അനുഭവിക്കുന്നതും ഞാനാണ്.. അതൊക്കെ മുന്നിൽ കണ്ടിട്ടു തന്നെയാണെടീ നമ്മളെക്കാൾ താഴ്ന്നിട്ടും ഞാനവളെ തന്നെ അങ്ങോട്ടു കയറി പ്രണയിച്ചതും അതിപ്പോൾ ഈ വിവാഹം വരെ കൊണ്ടെത്തിച്ചതും… അറിയ്യോ നിനക്ക്….?
തന്റെ പ്രണയം തട്ടിയെറിഞ്ഞ് കളഞ്ഞിട്ട് സ്വന്തം പ്രണയത്തെ പറ്റി പറയുന്ന ഏട്ടനെ പുച്ഛത്തോടെ നോക്കി സീമ
“നാളെയൊരുന്നാൾ നിങ്ങളുടെ വിവാഹം കഴിഞ്ഞതിന് ശേഷം സുമിതയുടെ ആ സമ്പത്തെല്ലാം അവൾക്ക് നഷ്ടമായാൽ അന്നവളെയും നിങ്ങൾ ഈ വീട്ടീന്നും പിന്നെ നിങ്ങളുടെ മനസ്സീന്നും എടുത്ത് കളയുമായിരിയ്ക്കും അല്ലേ ഏട്ടാ…. അങ്ങനെ നിങ്ങളവളെ കളഞ്ഞാലും അവളെ ജീവനെ പോലെ സ്നേഹിയ്ക്കുന്നൊരു അച്ഛനും അമ്മയും അവർക്കുള്ളതുകൊണ്ട് എന്റെ ഗതി വരില്ല അവൾക്കൊരിക്കലും… അതെനിയ്ക്കുറപ്പാണ്….”
സീമ ആ പറഞ്ഞത് മനസ്സിലാവാത്ത പോലെ അവളെ തുറിച്ചു നോക്കി അവരെല്ലാം…
“എന്താടീ നീയ്യിപ്പോൾ പറഞ്ഞത്…?
നിന്റെ കാര്യങ്ങളൊന്നും ഞങ്ങൾ തിരക്കുന്നില്ല എന്നല്ലേ… നിന്നെ മനോജ് പൊന്നുപോലെ നോക്കുന്നുണ്ടെന്നറിയാവുന്നത് കൊണ്ടാണെടീ അത്… അല്ലാതെ….
ദേഷ്യം കൊണ്ട് വിറച്ച് സീമയുടെ ചുമലിൽ പിടിച്ചുലച്ച് സനൂപ് പറഞ്ഞതും അവന്റെ കയ്യമർന്നയിടം വേദനിച്ചു സീമയ്ക്ക്…
അത് കണ്ടതും അപ്പോൾ തോന്നിയൊരു സംശയ പുറത്ത് അവളുടെ ചുമലിൽ നിന്ന് ചുരിദാർ താഴേക്ക് വലിച്ചിറക്കി നോക്കി അവളുടെ അമ്മ…
തീ പൊള്ളലേറ്റ കുമിളപൊട്ടി നിറഞ്ഞിരിയ്ക്കുന്ന ചുമലും കൈത്തുടയും…
ഞെട്ടി ആ കാഴ്ചയിലവരമ്മയും മറ്റുള്ളവരും എങ്കിൽ ഒട്ടും പ്രതീക്ഷിക്കാത്ത അമ്മയുടെ നീക്കത്തിൽ പതറി നിന്ന സീമ വേഗം തന്റെ ചുരിദാർ വലിച്ചിട്ടു ചുമലിലേക്ക്….
സീമേ… ടീ മോളെ… ഇതെന്താ ടീ….
സിഗരറ്റു പൊള്ളലാണ് അതെന്ന തിരിച്ചറിവിൽ സനൂപ് ഞെട്ടി ചോദിയ്ക്കുമ്പോൾ ഏട്ടനെ നോക്കി ചിരിച്ചു സീമ….
ഒരുത്തനെ ജീവനു തുല്യം സ്നേഹിച്ചു പോയതിന്, അവനെ നിസാരമായ് വലിച്ചെറിഞ്ഞു പോയതിന് ഇന്നും അവന്റെ ജീവിതം എന്നെയോർത്ത് ഉരുക്കി തീർക്കുന്നതിന് എനിയ്ക്ക് ഈശ്വരൻ തന്ന അല്ല നിങ്ങള് നേടി തന്ന ശിക്ഷയാണ് ഇത്… ഞാൻ ഇട്ടിരിയ്ക്കുന്ന ഈ വസ്ത്രത്തിന്റെ മറവിൽ എന്റെ ശരീരം നിറയെ ഉണ്ട് ഇതുപോലെ ഏറെ ഇനിയും….. കോടീശ്വരനായ ഭർത്താവ് തരുമ്പോൾ സ്വീകരിച്ചില്ലേൽ നാണക്കേട് ആവില്ലേ നിങ്ങൾക്ക്…. നമ്മുടെ കുടുംബത്തിൽ മറ്റാർക്കും ഉണ്ടാവില്ല ഇതുപോലെ…അല്ലേ ഏട്ടാ….?
സീമയുടെ സംസാരത്തിലും ചോദ്യത്തിലും പകച്ചവളെ നോക്കി അവർ നിൽക്കുമ്പോൾ തിരികെ മനോജിനരികിലേക്ക് പോവാനിറങ്ങി സീമ
“നീ… നീയിത് എങ്ങോട്ടാ ഇനി… ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് മതി ബാക്കിയിനി…”
രോക്ഷം കൊള്ളുന്ന അച്ഛനെ വെറുതെ നോക്കിയവൾ
” എന്തു തീരുമാനം എടുക്കാൻ…?
ഇനി ഉപദ്രവിക്കരുത് എന്ന് ഉപദേശിക്കാനോ… അതോ ബന്ധം വേർപ്പെടുത്തി ഇവിടെ ഈ വീട്ടിൽ നിർത്താനോ… അങ്ങനെയാണെങ്കിൽ ഇനി മടങ്ങാതിരിക്കാം ഞാൻ….
സീമയുടെ ചോദ്യത്തിൽ ഉത്തരം മുട്ടി അച്ഛന്… അച്ഛന്റെ നോട്ടം സനൂപിനെ തേടിചെന്നതും കണ്ടു മുഖം താഴ്ത്തി നിൽക്കുന്നവനെ
” ഞാൻ വെറുതെ പറഞ്ഞതാണ് ഏട്ടാ… കെട്ടിച്ചയച്ചപെങ്ങൾ ബന്ധം കളഞ്ഞ് വീട്ടിൽ നിന്നാൽ ചിലപ്പോ ഏട്ടന് സുമിതയെ നഷ്ടപ്പെടും… അങ്ങനെ വന്നാൽ നിങ്ങളച്ഛനും മകനും സ്വപ്നം കണ്ട അവളുടെ സമ്പത്തും കിട്ടില്ല നിങ്ങൾക്ക്… നിങ്ങളെനിയ്ക്ക് നേടി തന്ന ഈ ജീവിതത്തിൽ ഓക്കെയാണ് ഞാൻ… പിന്നെ ഈ മുറിവുകൾ …വിവാഹത്തിന്റെ ആദ്യ നാൾ മുതൽ ശീലമാണിതെല്ലാം എനിയ്ക്ക്… ഇനിയതെന്റെ മരണം വരെ ആക്കാനും ഒരുക്കമാണ് ഞാൻ….
അവരുടെ മറുപടിയോ പിൻവിളിയോ കേൾക്കാതെ അവിടെ നിന്നിറങ്ങി നടന്നു സീമ അവൾക്ക് അവളായ് വിധിച്ച ശിക്ഷയും ഏറ്റുവാങ്ങി…. ഇനി അവളെയോർത്ത് കുറച്ചെങ്കിലും ഉരുകട്ടെ അവരെന്ന വ്യാമോഹത്തിൽ …..
✍️RJ
