വീട്ടുകാരെ ഉപേക്ഷിച്ച്‌ ഒളിച്ചോടുമ്പോൾ എനിക്കധികം സ്വപ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. മനസ്സമാധാനത്തോടെ ജീവിക്കാനുള്ള മോഹം….

വീട്ടുകാരെ ഉപേക്ഷിച്ച്‌ ഒളിച്ചോടുമ്പോൾ എനിക്കധികം സ്വപ്നങ്ങൾ
ഒന്നുമുണ്ടായിരുന്നില്ല.

മനസ്സമാധാനത്തോടെ ജീവിക്കാനുള്ള മോഹം കൊണ്ടു മാത്രമാണ് ഞാൻ ഒളിച്ചോടിയത്.

എന്റെ പേര് ഷാജൻ
എനിക്ക് ഭാര്യയും ഒരു മകനും ഉണ്ട്.

ദു:ശീലങ്ങൾ ഒന്നുമില്ലാത്ത, കുടുംബം നന്നായി നോക്കുന്ന ഗൃഹനാഥൻ തന്നെയായിരുന്നു ഞാൻ.

ഭാര്യയും മകനും എന്റെ ജീവനാണ്.
പക്ഷേ അവർക്ക് ഞാനങ്ങനെയാണോയെന്ന്
എനിക്ക് നല്ല സംശയമുണ്ട്.

അവർക്ക് ഞാൻ അവരുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കാനുള്ള ഒരാൾ മാത്രമായിരുന്നു.

എന്നെക്കുറിച്ച് സ്വയം ചിന്തിക്കുമ്പോഴെല്ലാം
ഭാരം ചുമന്നു മടുത്ത കഴുതയെ എനിക്കോർമ്മ വരും….

ആകെയുള്ള കൊച്ചുജീവിതം സമാധാനത്തോടെ ജീവിച്ചു തീർക്കണമെന്ന മോഹം എന്നിലെപ്പോഴുമുണ്ടായിരുന്നു.

പക്ഷേ മന:സമാധാനം മാത്രം,
എനിക്ക് വിധിച്ചിട്ടില്ലായിരുന്നു.

ഭാര്യയുടെയും മകന്റെയും ആവശ്യങ്ങൾ അനുദിനം വർധിച്ചുവരുകയായിരുന്നു

ഞാനെങ്ങനെയാണ് പണമുണ്ടാക്കുന്നതെന്നും,
എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്നും അവരാരും മനസ്സിലാക്കിയില്ല…

അവരുടെ ആവശ്യങ്ങളെല്ലാം പറയുമ്പോൾ തന്നെ നടത്തി കൊടുക്കണം.

എന്റെ സമ്പാദ്യമെന്ന് പറയുന്നത് തന്നെ എന്റെ കുടുംബമാണെന്ന മിഥ്യാധാരണ എന്നിലുണ്ടായിരുന്നു….
അത് തെറ്റാണെന്ന് മനസ്സിലായപ്പോഴേക്കും പ്രായം അൻപത് കഴിഞ്ഞിരുന്നു

ആകെയുള്ള നാല് ഷർട്ടും, രണ്ട് മുണ്ടും, ഒരുജോഡി ചെരുപ്പും, പഴയ മോഡൽ ഒരു വാച്ചുമാണ് എന്റേതെന്ന് പറയാൻ എനിക്കാ വീട്ടിലുണ്ടായിരുന്നുള്ളൂ

തറവാട്ടിൽ ജീവിക്കുന്നത് കൊണ്ട് തന്നെ എന്റെ രണ്ടു പെങ്ങന്മാരും ഇടയ്ക്കിടെ വന്ന് എന്നോട് പണം മേടിക്കും.

ഇല്ലെന്ന് പറഞ്ഞാലും കണ്ണുനീരൊഴുക്കി എങ്ങനെയെങ്കിലും അവർ അവരുടെ ആവശ്യങ്ങൾ നടത്തിയെടുക്കും….

ശരിയാണ്, അവർക്ക് ഞാനല്ലേ ഉള്ളൂ…

അച്ഛനും അമ്മയും മരിച്ചതിൽ
പിന്നെ, ആ സ്ഥാനത്ത്,അവർ എന്നെയാണ് കാണുന്നത്. എങ്ങനെയെങ്കിലും അവർ ആവശ്യപ്പെടുന്ന പണം ഞാനുണ്ടാക്കി കൊടുക്കും.

പക്ഷേ എന്റെ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങളെല്ലാം ഓരോ ദിവസവും ഏറിയേറി വന്നു.

ഞാൻ തളരുന്നതും എനിക്ക് വയസ്സാകുന്നതുമൊന്നും ആരെയും ബാധിക്കുന്ന കാര്യങ്ങളായിരുന്നില്ല..

വീട്ടിൽ കയറി വരുമ്പോൾ തന്നെ ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റ് ഭാര്യയും മകനും കൂടി നിരത്തി വെക്കും.അത് കേൾക്കുമ്പോൾ ഞാൻ ദയനീയമായി അവരെ നോക്കും.

പ്രായത്തിന്റെ അവശതകൾ എന്നെ ബാധിച്ചു തുടങ്ങിയതും, എന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയതും അവർ അറിഞ്ഞിട്ടില്ല

ഞാനെന്റെ കഴിഞ്ഞുപോയ കാലങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ,
ഞാൻ ജീവിച്ചിരുന്നുവെന്ന തോന്നൽ ഇതുവരെയുമുണ്ടായിട്ടില്ല.

എന്റെ ബാല്യത്തിൽ പോലും ,
മൂത്ത കുട്ടിയാണെന്നും പറഞ്ഞുത്തരവാദിത്തങ്ങൾ എന്റെ തലയിലേക്ക് വച്ച്‌ തന്നിരുന്നു.
അന്നും ബുദ്ധിമുട്ടുകൾ,
ഇന്നും ബുദ്ധിമുട്ടുകൾ….

എനിക്ക് ജന്മം തന്ന എന്റെ അച്ഛനെയും അമ്മയെയും ഞാൻ പൊന്നുപോലെ നോക്കി . എന്റെ പെങ്ങന്മാരെ നോക്കി.
എന്റെ ഭാര്യയെയും എന്റെ മകനെയും നോക്കി.
അതെന്റെ കടമ തന്നെയാണ് എനിക്കറിയാം.
പക്ഷെ എന്നെമാത്രം ഞാനിതുവരെയും നോക്കിയില്ല….

എന്റെ ഇഷ്ട്ടങ്ങളുടെ നേരേ,
എന്റെ മോഹങ്ങളുടെ നേരേ ഞാനെന്നും കണ്ണടച്ചിരുന്നു…

ഇനി എനിക്ക് എന്നെയൊന്നു പരിഗണിക്കണം…

മകന്റെ പഠനം കഴിഞ്ഞ അവസാന ദിവസം ഞാനാ വീട്ടിൽ നിന്ന് ഇറങ്ങി.

ഒരിറ്റു മനസ്സമാധാനം മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്, എന്റെ ബന്ധങ്ങളെല്ലാംഎനിക്ക് ബാധ്യതകൾ മാത്രമായിരുന്നു..

പരസ്പരം സ്നേഹിക്കുന്ന പങ്കാളികളെയും,
അവരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും പരിപാലിക്കുന്ന മക്കളെയും ഒക്കെ കാണുമ്പോൾ എന്റെ കണ്ണുകളീറനണിയും.
എനിക്ക് അങ്ങനെയൊരു കുടുംബമുണ്ടായിരുന്നില്ലല്ലോയെന്ന് ഞാൻ വേദനയോടെ ഓർക്കും…

ഒരുതവണ….ഒരൊറ്റ തവണ ഒരാശ്വാസവാക്ക് പറഞ്ഞെന്നെയൊന്ന് ആരെങ്കിലും ചേർത്ത് പിടിച്ചിരുന്നെങ്കിൽ, ഞാനാ വീടുപേക്ഷിച്ചു പോരില്ലായിരുന്നു.
പ്രിയപ്പെട്ടവർക്കായി ഇനിയുള്ള കാലവും കഷ്ടപ്പെടുമായിരുന്നു.

എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമെന്ന തിരിച്ചറിവുണ്ടായപ്പോഴാണ് ഞാനവിടെ നിന്ന് ഇറങ്ങിയത്.

ഞാനിപ്പോൾ ഏറെ സന്തോഷവാനാണ് എന്റെ ചുമലിൽ ഭാരമൊന്നുമില്ല.

ആളുകൾ എന്നെയിപ്പോൾ കുറ്റപ്പെടുത്തുന്നുണ്ടാവും
കുടുംബം ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോയവനെന്ന് പറയുന്നുണ്ടാവും.
പറയട്ടെ……

എന്തായാലും കുറച്ചുനാളെങ്കിലും
എനിക്ക് സമാധാനത്തോടെയൊന്ന് ജീവിക്കണം.

കുടുംബമെന്നാൽ രണ്ടു പേർ ചേർന്നുണ്ടാക്കുന്ന ഒരു കൊച്ചുസ്വർഗ്ഗമായിരിക്കണം.

പങ്കാളികൾക്കിടയിൽ ബഹുമാനമുണ്ടാകണം, സ്നേഹമുണ്ടാകണം.
ഒരാൾ മറ്റേയാളുടെ ഉടമയല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം.അതൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.

ഒന്നുമാത്രമെനിക്കറിയാം
നമ്മൾ എല്ലായ്പ്പോഴും എല്ലാവർക്കും അവൈലബിൾ ആവരുത്..
അങ്ങനെ വരുമ്പോൾ അവർ നമുക്ക് തെല്ലും വില കൽപ്പിക്കില്ല.

അല്ലെങ്കിലും സുലഭമായി കിട്ടുന്ന എന്തിനും എല്ലായിടത്തും വിലക്കുറവാണല്ലോ അല്ലേ…

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *