ഈ അൻപത്തിയാറാമത്തെ വയസ്സിൽ അവർ എന്തിനാണ് ഡിവോഴ്സ് വാങ്ങിയത്, ഇനിയീ പ്രായത്തിൽ അവർ എന്ത് ചെയ്യാനാണ്??? വല്ലയിടത്തും അടങ്ങിയൊതുങ്ങിയിരുന്ന്….

ഞങ്ങളുടെ നാട്ടിലെ സംസാരമാകെ ജാനകിയേട്ടത്തിയെ കുറിച്ചാണ്..

ഈ പ്രായത്തിൽ അവർക്കിത് എന്നാത്തിന്റെ സൂക്കേടാണെന്ന് നാട്ടുകാരൊന്നടങ്കം ചോദിച്ചു.

ശരിയാണല്ലോ, ഈ അൻപത്തിയാറാമത്തെ വയസ്സിൽ അവർ എന്തിനാണ് ഡിവോഴ്സ് വാങ്ങിയത്, ഇനിയീ പ്രായത്തിൽ അവർ എന്ത് ചെയ്യാനാണ്???

വല്ലയിടത്തും അടങ്ങിയൊതുങ്ങിയിരുന്ന് കൊച്ചുമക്കളെയും നോക്കി, ബാക്കിയുള്ള കാലം സന്തോഷത്തോടെ ജീവിച്ചാൽ പോരേയവർക്കെന്ന് നാട്ടുകാർ അടക്കം പറഞ്ഞു.

ആളുകൾക്ക് പറഞ്ഞു ചിരിക്കാനും കൂടിയുള്ള വകയായിരുന്നു, ജാനകിയേടത്തിയുടെയും മാധവൻ ചേട്ടന്റെയും ഡിവോഴ്സ്.

അവർ അതീവ സുന്ദരിയായിരുന്നു മുണ്ടും നേര്യതുമുടുത്ത്, മുട്ടോളമുള്ള മുടി തുമ്പു കെട്ടിയിട്ട്, അവർ അമ്പലത്തിലേക്ക് പോകുന്ന കാഴ്ച പലരും നോക്കി നിൽക്കാറുണ്ട്

പൂച്ചയെപ്പോലെ പതുങ്ങിയുള്ള നടത്തമാണ് ജാനകിയേടത്തിക്ക്, വളരെനല്ല സ്വഭാവമുള്ള എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഒരു സാധു സ്ത്രീ.

മാധവൻ ചേട്ടൻ കണിശക്കാരനായ മനുഷ്യനാണ്, സമ്പത്ത് ഉണ്ടെങ്കിലും ആരെയും സഹായിക്കുന്ന ആളൊന്നുമല്ല മാധവൻ ചേട്ടൻ.

അവർക്ക് രണ്ടാൺമക്കളാണ് രണ്ടുപേരും ഡോക്ടർമാരാണ്.

മൂത്തയാൾ വിവാഹം കഴിഞ്ഞ് വേറെയാണ് താമസം. ഇളയവൻ ഇവരുടെ കൂടെ തന്നെയാണ്. ഇളയവൻ വിവാഹം കഴിച്ചിരിക്കുന്നതും ഒരു ഡോക്ടറെയാണ്.

സാമ്പത്തികമായി വളരെ ഉയർന്ന നിലയിൽ ജീവിക്കുന്ന, സമാധാന അന്തരീക്ഷം നിറഞ്ഞ ആ വീട്ടിൽ നിന്നും ജാനകിയേടത്തി മാത്രം എന്തിനാണ് പോയതെന്ന് ഞങ്ങൾ നാട്ടുകാർ അത്ഭുതത്തോടെ ഓർത്തു….

അല്ലെങ്കിലും മിണ്ടാപ്പൂച്ചകൾ കലമുടയ്ക്കും എന്നുള്ള ചൊല്ല് വെറുതെയല്ല..

ജാനകിയേടത്തിയെപ്പോലെ
സാധു സ്ത്രീകളെന്ന് തോന്നിക്കുന്നവരുടെയൊക്കെ
മനസ്സ് മലിനമാണെന്ന് എനിക്ക് തോന്നി..

മാധവൻ ചേട്ടന് അവർ പോയിട്ട് തെല്ലും വിഷമമുണ്ടായിരുന്നില്ല.
എന്തിന് വിഷമിക്കണം, വീട്ടിൽ അയാൾക്ക് വെച്ച് വിളമ്പാൻ അയാൾ ജോലിക്കാരിയെ നിയമിച്ചു.
അയാൾ എല്ലാ ദിവസത്തെയും പോലെ
സദാ സന്തോഷവാനായി കാണപ്പെട്ടു.

മക്കളും അവരുടെ ജോലിയിൽ വ്യാപൃതരായി.

ഡിവോഴ്സ് വാങ്ങി പോയതിൽ തന്നെ മക്കളോ മാധവൻ ചേട്ടനോ ജാനകിയേടത്തിയെ തിരക്കാൻ പോയില്ല.

ജാനകിയേടത്തി മറ്റാരെയോ വിവാഹം ചെയ്ത്, ജാനകിയേടത്തിയുടെ തറവാട്ട് വീട്ടിൽ താമസമാക്കിയെന്നും ആരോ പറഞ്ഞു ഞാനറിഞ്ഞു.

പതിയെ പതിയെ എല്ലാവരും ജാനകിയേടത്തിയെ മറന്നു….

അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ അമ്പലത്തിൽ തൊഴാൻപോയി.

മനസ്സാകെ കലുഷിതമാകുമ്പോൾ ഞാൻ ശാന്തത തേടിയെത്താറുള്ളത് ക്ഷേത്രത്തിലാണ്.

മനസ്സ് നിറഞ്ഞ് പ്രാർത്ഥിച്ച്‌,
അമ്പലക്കുളത്തിനരികിലെ പടവിൽ,
ഇളം കാറ്റേറ്റ് ഞാനങ്ങനെ ഒരുപാട് നേരമിരിക്കും.

വിരിഞ്ഞു നിൽക്കുന്ന ആമ്പൽപൂക്കളും,
മീനുകൾ കുതിച്ചുചാടുമ്പോൾ ഓളം വെട്ടുന്ന ജലപ്പരപ്പുമൊക്കെ നോക്കി ഞാനങ്ങനെ ശൂന്യമായ മനസ്സോടെ ഒരുപാട് നേരമിരിക്കും.

അന്ന് അമ്പലത്തിൽ പോയപ്പോൾ
ഒട്ടും പ്രതീക്ഷിക്കാതെ, ജാനകിയേടത്തിയേയും,
കൂടെ ഒരു മനുഷ്യനെയും ഞാൻ കണ്ടു.

എന്നെ കണ്ട് ജാനകിയേടത്തി മെല്ലെയൊന്ന് പുഞ്ചിരിച്ചു.

ഉള്ളത് പറയാമല്ലോ എനിക്കാ സ്ത്രീയോട് വല്ലാത്ത വെറുപ്പ് തോന്നി.

ആ പ്രായത്തിൽ മാധവൻ ചേട്ടനെയും മക്കളെയും ഉപേക്ഷിച്ച്‌
മറ്റൊരു കൂട്ടുതേടിയിരിക്കുന്നു.

ഒരുപക്ഷേ ഇയാളുമായി പ്രണയത്തിലായിരുന്നിരിക്കാം, അതിനുവേണ്ടിയായിരിക്കും മാധവൻ ചേട്ടനെ ഡിവോഴ്സ് ചെയ്തതെന്ന് എനിക്ക് തോന്നി.

ഈ പ്രായത്തിലും ഇവർ ഇങ്ങനെയായിരുന്നെങ്കിൽ ഇവരുടെ നല്ല പ്രായത്തിൽ ഇവരുടെ സ്വഭാവം എന്തായിരിക്കുമെന്ന് ഞാൻ വെറുതെ ചിന്തിച്ചു നോക്കി.

ഞാൻ അവരെ അവഗണിച്ച്‌,
നേരെ ആമ്പൽ കുളത്തിനരികിലേക്ക് പോയി.

പതിവുപോലെ പടികളിൽ ഇരുന്നു….

വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കളിലേക്ക് നോക്കി

എനിക്ക് ഏറ്റവും ശാന്തതയോടെ ഇരിക്കാൻ കഴിയുന്ന ഒരേയൊരു സ്ഥലമാണിത്.

അല്പം കഴിഞ്ഞപ്പോൾ വെള്ളിക്കൊലുസ്സുകളുടെ കിലുക്കം കേട്ടു.

ഏതെങ്കിലും പെൺകുട്ടിയായിരിക്കും
എന്ന് കരുതി ഞാൻ തലയുയർത്തി നോക്കി. ജാനകിയേടത്തി….

ഈ പ്രായത്തിലും വെള്ളിക്കൊലുസുകൾ കിലുക്കി…..
എനിക്ക് പുച്ഛം തോന്നി….

ജാനകിയേടത്തി എന്റെ അരികിൽ ഇരുന്നു, എനിക്കെന്തോ ദേഷ്യം വന്നു.
ഞാൻ രൂക്ഷമായി അവരെ നോക്കി….

കുട്ടി എന്നെ കണ്ടിട്ട് പരിചയഭാവം കാണിച്ചത് പോലുമില്ലല്ലോ??
അവർ എന്നോട് ചോദിച്ചു.

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

എനിക്കറിയാം കുട്ടിയുടെ മനസ്സിൽ എന്താണെന്ന്, ഈ പ്രായത്തിൽ ഈ ത.ള്ളക്ക് എന്നാത്തിന്റെ കേടാണെന്നല്ലേ..??
അവർ ചിരിച്ചു.

പക്ഷേ ആ മിഴികളിൽ തിളങ്ങിയ കണ്ണുനീർ മുത്തുകളെ,എനിക്ക് പെട്ടെന്ന് തിരിച്ചറിയാനായി..

എനിക്ക് പെട്ടന്നവരോട് അലിവ് തോന്നി.
അല്ലെങ്കിലും മനുഷ്യരുടെ കണ്ണുനീർ എന്നെ തകർത്തു കളയും.

മോളെ…ഞാനൊരു ഭാര്യയും അമ്മയും അമ്മായിയമ്മയും മുത്തശ്ശിയും ഒക്കെയായിരുന്നു. എന്റെ എല്ലാ റോളുകളും ഭംഗിയായി ഞാൻ ചെയ്തു തീർക്കുകയും ചെയ്തു.
പക്ഷേ നമ്മൾ മനുഷ്യർക്ക് ആരെങ്കിലും സ്നേഹിക്കാൻ വേണ്ടേ മോളെ…??

ഞാൻ അവരുടെ കണ്ണുകളിലേക്ക് നോക്കി.

മോളെ, വിവാഹം കഴിഞ്ഞ നാൾ മുതൽ ഞാൻ കൊതിച്ചത് ഒരിറ്റ് സ്നേഹം മാത്രമായിരുന്നു..
പിശുക്കൻ മാധവന്റെ പണത്തിന്റെ പിശുക്കിനെക്കുറിച്ച് മാത്രമേ നാട്ടുകാർക്കറിയൂ…
ആ മനുഷ്യന് സ്നേഹിക്കാൻ അറിയില്ലായിരുന്നു. സ്നേഹത്തിന്റെ കാര്യത്തിലും അയാൾ അതേ പിശുക്കനായിരുന്നു…

ഒരു പെണ്ണ് പൂത്തുലയുന്നത് എപ്പോഴാണ് മോൾക്കറിയാമോ?

ഞാൻ ഉത്തരം പറഞ്ഞില്ല.

അത് തന്റെ പ്രിയപ്പെട്ടവന്റെ ചുംബനമേൽക്കുമ്പോഴാണ് മോളെ,
ഒരു പുരുഷന്റെ കരലാളനങ്ങളിൽ തരളിതയാവാൻ മോഹിക്കാത്ത
ഏത് പെണ്ണുണ്ട് ഈ ഉലകത്തിൽ??

56 വർഷങ്ങൾ ഞാനീ ഭൂമിയിൽ ജീവിച്ചില്ലേ, പതിനെട്ടാമത്തെ വയസ്സിൽ വിവാഹം കഴിഞ്ഞതാ, ആ നാള് തൊട്ട് മാധവേട്ടനെ ഡിവോഴ്സ് ചെയ്യുന്ന കാലം വരെ
ഞാനെന്ന സ്ത്രീ ആഗ്രഹത്തോടെ എന്റെ പുരുഷനെ അറിഞ്ഞിട്ടില്ല… നോവുകൾ മാത്രം നിറഞ്ഞ രാത്രികളെ എനിക്ക് ഭയമായിരുന്നു…
ഭാര്യയായും അമ്മയായുമൊക്കെ ജീവിതം തള്ളിനീക്കുന്നുണ്ടെങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും ര.തി.മൂ.ർ.ച്ഛ.യറിയാത്ത സ്ത്രീകൾ ഉണ്ടെന്ന് പറഞ്ഞാൽ മോൾ വിശ്വസിക്കുമോ??

ഞാൻ ഞെട്ടലോടെ അവരെ നോക്കി

അവരുടെ കണ്ണുകൾ പൊട്ടിയൊഴുകുന്നത് കണ്ടപ്പോൾ എന്റെയുള്ളുരുകി പോയി

മോളെ… ശാ.രീ.രിക സുഖങ്ങളേക്കാൾ ഒരു സ്ത്രീ പ്രാധാന്യം നൽകുന്നത് പങ്കാളിയുടെ പരിഗണനയെ തന്നെയാണ്
എന്നോട് മാധവേട്ടൻ ഒന്നും സംസാരിക്കില്ല, ഒന്ന് ചേർത്തു പിടിക്കില്ല… ഒരിടത്തേക്കും കൊണ്ടുപോവില്ല. സ്വയം എങ്ങോട്ടെങ്കിലും പോകാൻ എന്നെ അനുവദിക്കാറുമില്ല.
എന്റെ ലോകം ആ വീടും, അമ്പലവും മാത്രമായിരുന്നു…

എന്നിട്ടും എല്ലാ സ്ത്രീകളെയും പോലെ ഞാൻ എന്റെ മക്കളെയോർത്ത് മാത്രം ജീവിച്ചു. ഇപ്പോൾ മക്കൾക്ക് ജീവിതമായി, അവർക്ക് കുട്ടികളുമായി..
അവർക്ക് ഞാൻ വെറുമൊരു
വീട്ട് ജോലിക്കാരി…

എനിക്കും ജീവിക്കണ്ടേ മോളെ…?. സ്നേഹിക്കാൻകൊതിയാണ്…
സ്നേഹിക്കപ്പെടാൻ കൊതിയാണ്…
പ്രണയിക്കാൻ കൊതിയാണ്…..

എന്റെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്ന സ്നേഹം, ആർക്കെങ്കിലുമൊന്ന് പകർന്നു കൊടുത്തില്ലെങ്കിൽ, അവ ഞാനെന്ത് ചെയ്യും മോളെ…??
എന്റെ പേരക്കുട്ടികളെയെങ്കിലും
എന്റെ കൈകളിലേക്ക് വച്ച് തന്നിരുന്നെങ്കിൽ മരണംവരെ ഞാനാ വീട്ടിൽ തുടരുമായിരുന്നു…
പക്ഷെ,എന്നെ അവർക്കാവശ്യമില്ല മോളെ…

ഞാൻ ചിന്തിച്ചു. ഇനിയുള്ള കാലവും,
ഞാൻ അങ്ങനെ തന്നെ തന്നെ ജീവിച്ച് മ.രി.ക്കണോ, അതോ സ്നേഹിക്കപ്പെട്ട് ജീവിക്കണോ എന്ന്.
രണ്ടാമത്തെ തീരുമാനമെടുത്തു.
എന്തിന് ഞാൻ ഇഷ്ടമില്ലാത്ത ജീവിതത്തിൽ തുടരണം. എന്റെ ഉടമ ഞാൻ തന്നെ ആണെന്നിരിക്കെ,
എന്നെ സന്തോഷിപ്പിക്കേണ്ടത് എന്റെ തന്നെ കടമയല്ലേ…

ഞാൻ ജാനകിയേടത്തിയുടെ നേരേ നോക്കി

അവരുടെ വേദനയുടെ ആഴംഎനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്.

കാരണം ഞാനും അവരെ പോലെ തന്നെ ജീവിക്കുന്ന ഒരു സ്ത്രീയാണ്..

ഭ്രാ.ന്ത് പിടിച്ചു പോകുമെന്ന് തോന്നുന്ന നേരങ്ങളിൽ ഒരു അഭയമെന്നോണം അമ്പലത്തിലേക്ക് വരും, പ്രാർത്ഥിക്കും.
ഈ കൽപ്പടവുകളിലിരുന്ന് ഹൃദയവേദനകളെ ഒഴുക്കിവിട്ട്, കണ്ണുനീർ കൊണ്ട്
നോവുകളെ കഴുകിത്തുടച്ച്,
മനസ്സ് ശാന്തമാക്കി മടങ്ങി പോകും…

കാരണം എനിക്ക് രണ്ടു പൊടിക്കുഞ്ഞുങ്ങളുണ്ട്…
അവർക്ക് അവരുടെ അച്ഛനെ പ്രാണനാണ്… ആ കുഞ്ഞുങ്ങളുടെ സന്തോഷത്തെ ഇല്ലാതാക്കാൻ എന്നെക്കൊണ്ട് കഴിയില്ല

ദാമ്പത്യ ജീവിതത്തിൽ എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാകുന്നതെന്ന്
എനിക്കറിയില്ല. കുഞ്ഞുങ്ങൾ ഉള്ളതുകൊണ്ട് മാത്രം ഒരുമിച്ചു പോകുന്ന രണ്ട് മനുഷ്യർ മാത്രമാണ് ഞങ്ങളും.

എനിക്കിപ്പോൾ ജാനകിയേടത്തിയെ മനസ്സിലാകുന്നുണ്ട്.

ജാനകിയേടത്തി മിഴിനീർ തുടച്ചു.

ഞാൻ എന്തിനാണ് മോളോട് ഇക്കാര്യങ്ങളൊക്കെ പറഞ്ഞതെന്ന് അറിയോ..??

ഇല്ല… ഞാൻ പറഞ്ഞു.

മോളുടെ ജീവിതം ദൂരെ നിന്ന് നോക്കി കണ്ടിട്ടുണ്ട് ഞാൻ. പലവട്ടം മോളീ പടികളിൽ ഇരുന്ന് കരയുന്നതും കണ്ടിട്ടുണ്ട്.
ചില തീരുമാനങ്ങൾ എടുക്കാൻ തെല്ലും വൈകരുത്…ധൈര്യപൂർവ്വം നമ്മൾ മുന്നിട്ടിറങ്ങണം…

എനിക്കെന്തോ മനസ്സിന് വല്ലാത്ത സമാധാനം തോന്നി.

ജാനകിയേടത്തി മുമ്പത്തേതിനേക്കാൾ കൂടുതൽ സുന്ദരിയാണെന്ന് എനിക്ക് തോന്നി.

അവർ സ്വപ്നം കൊണ്ടാണ് മിഴി എഴുതിയിരിക്കുന്നതെന്നും,
കവിളുകൾ പ്രണയത്തരികൾപൂശി ചുവപ്പിച്ചിരിക്കുന്നുവെന്നും എനിക്ക് തോന്നി.

പുരികത്തിന്റെ ഒത്ത നടുവിലെ ചുവന്ന പൊട്ട് സ്നേഹ ചുംബനത്താൽ ചാലിച്ചു തൊട്ടതാണെന്നുമെനിക്ക് തോന്നി..

ശരിയാണ്, മനുഷ്യനേറെ സന്തോഷമനുഭവിക്കുന്നത് പ്രണയിക്കപ്പെടുമ്പോഴാണ്..

ആ സന്തോഷത്തിളക്കം
അവരിലെനിക്ക് കാണാൻ കഴിയുന്നുണ്ട്..

ജാനകിയേട്ടത്തിയുടെ പുരുഷൻ പുഞ്ചിരിയോടെ ഞങ്ങളുടെ അരികിലേക്ക് വന്നു.

കൗമാര കാലഘട്ടത്തിലെ, പരസ്പരം പറയാത്ത മൗനപ്രണയത്തിന്റെ ഉടമകളായിരുന്നു അവർ രണ്ടുപേരുമെന്ന് ജാനകിയേടത്തി പറഞ്ഞു.
ഉള്ളിലെ പ്രണയം മുഴുവൻ പങ്കിടുന്ന സന്തോഷത്തിലാണവർ…

അയാൾ ജാനകിയേടത്തിയുടെ കൈ പിടിച്ച് എഴുന്നേൽപ്പിക്കുന്നതും, നെറ്റിയിലെ ചന്ദനക്കുറി പടർന്നത് തുടച്ച് കളഞ്ഞവരുടെ കൈ പിടിച്ച് കൂടെ നടത്തുന്നതും ഞാൻ കൊതിയോടെ നോക്കിയിരുന്നു…

പ്രണയം അൻപ്പത്തിയാറുകാരിയെ
കേവലം
ഇരുപതുവയസുകാരിയാക്കിയിരിക്കുന്നു
എന്നെനിക്ക് തോന്നി…

മനുഷ്യരെ….ഞാൻ സത്യമായിട്ടും പറയട്ടെ,
മനുഷ്യന്റെ ഉള്ളിൽ ഒരിക്കലും വറ്റാത്ത പ്രണയം വേണം..
പ്രണയം ജീവജലം പോലെയാണ്… പ്രണയമില്ലെങ്കിൽ ഹൃദയം വറ്റിപ്പോകും
ആ വരൾച്ചയിൽ നിരാശയുടെ മുകുളങ്ങൾ പൊട്ടിമുളയ്ക്കും….
അത് ജീവിതത്തെ മടുപ്പിച്ചു കളയും….

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *