“പത്തു മുപ്പത്തിരണ്ട് വയസ്സുള്ള നീ ഇന്നലെ മിനിഞ്ഞാന്ന് പതിനെട്ടു വയസ്സു തികഞ്ഞൊരു പെൺക്കുട്ടിയെ വീട്ടീന്ന് വിളിച്ചിറക്കി കൊണ്ടുവന്ന് കല്യാണം കഴിക്കുമെന്നോ…?
നിനക്കെന്താ ശബരീ തീരെ ബുദ്ധിം ബോധോം ഒന്നുമില്ലേ… അതോ ഒരു ചെറിയ പെണ്ണിനെ കണ്ടപ്പോൾ ഇളക്കം തട്ടി നിന്റെ അതൊക്കെ ഒലിച്ചു പോയോ ….?
ഇക്കണ്ട കാലം കല്യാണം കഴിക്കാതെ പെണ്ണും പിടക്കോഴിയുമൊന്നും വേണ്ടാന്നു പറഞ്ഞു നടന്ന അവൻ അവസാനം കല്യാണം കഴിക്കാൻ കണ്ടു വെച്ചേക്കുന്നു മുലക്കുടി മാറാത്ത പിഞ്ചൊരണ്ണത്തെ…. കഷ്ടം …
എടാ ശബരീ ഇത് മോശാണ്…. മോശം… മോശമെന്ന് പറഞ്ഞാൽ മഹാമോശം….
അവിശ്വാസത്താൽ കണ്ണുതുറുപ്പിച്ച് തലയും കുടഞ്ഞ് ഒരേ കാര്യം വീണ്ടും വീണ്ടും പറയുന്ന ജയകൃഷ്ണനെ യാതൊരു ഭാവമാറ്റങ്ങളും മുഖത്തു വരുത്താതെ നോക്കി നിന്നു ശബരി
എന്തു പറഞ്ഞാലാണ് അവന് മനസ്സിലാക്കുന്നത് എന്ന് സത്യം പറഞ്ഞാൽ ശബരിയ്ക്കും അറിയില്ല… തന്റെ കല്യാണക്കാര്യം അറിയുന്ന ഏതൊരാളുടെയും ചിന്തയും സംസാരവും ഇപ്പോൾ ജയകൃഷ്ണൻ പറഞ്ഞതുപോലൊക്കെ തന്നെയാവുമെന്നുറപ്പാണ് അവനും…
ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ ജയാ… നേരം പത്തു കഴിഞ്ഞു…. അമ്മ അത്താഴം വിളമ്പി കാത്തിരിയ്ക്കുന്നുണ്ടാവും, ഉറങ്ങാതെ…”
ഇനിയൊരു സംസാരം വയ്യ അവനുമായെന്നുറപ്പിച്ച് ശബരിതിരിഞ്ഞു നടക്കുമ്പോഴും ജയൻ
കേട്ട കാര്യങ്ങൾ വിശ്വസിക്കാനാവാതെ ശബരി പോയ വഴിയിലേക്ക് നോക്കി നിന്നു
നീയെന്താ മോനെ ഫോണെടുക്കാതെ പോയത്…?
ആ കൊച്ച് കുറെ പ്രാവശ്യം വിളിച്ചു നിന്നെ… നീയൊന്ന് തിരിച്ചുവിളിച്ച് നോക്ക്… കാര്യബോധോം ബുദ്ധിയും ഇല്ലാത്ത പെൺകൊച്ചാണ്… വല്ല ബുദ്ധിമോശവും ചെയ്താലോ….?
വീടെത്തിയതും ശബരിയോട് അമ്മയൊരു ആധിയോടെ പറഞ്ഞതും അമ്മയെ മിഴിച്ചു നോക്കി അവൻ
“ബുദ്ധിമോശം കാണിച്ചാൽ അവളുടെ മരണം എന്റെ കൈ കൊണ്ടാവും നടക്കുക… അരിഞ്ഞിടും ഞാനവളെ… വെറുതെ ഇരുന്ന എന്നെ ഓരോന്നും പറഞ്ഞിളക്കി കല്യാണമെന്ന ചിന്തയും മനസ്സിലിട്ടു തന്നിട്ടവള് ബുദ്ധിമോശം കാണിക്കുവല്ലേ…”
അമ്മ കേൾക്കാതെ മെല്ലെ ചുണ്ടിനിടയിലിട്ട് പിറുപിറുത്തവൻ അടുക്കള പടിയിലിരുന്ന ഫോണും എടുത്ത് റൂമിലേക്ക് നടന്നതും തന്റെ മകന്റെ ഭാവങ്ങളോരോന്നും സസൂക്ഷ്മം നോക്കി നിന്ന അമ്മയുടെ ഉള്ളം സന്താഷം കൊണ്ട് നിറഞ്ഞു…. ഒപ്പമവരുടെ ഉള്ളിൽ നിഷ്കളങ്ക ചിരിയോടെ കണ്ണിലും മുഖത്തും നിറയെ തന്റെ മകനോടുള്ള ഇഷ്ടം നിറച്ച് അവനായ് കാത്തിരിയ്ക്കുന്നവളുടെ മുഖവും തെളിഞ്ഞു…
അമ്മൂട്ടി എന്ന നമ്പറിലേക്ക് കോൾ ചെയ്ത് ഫോൺ കാതോടു ചേർത്ത് വെച്ച് കിടക്കയിൽ മലർന്നു കിടക്കുമ്പോൾ വല്ലാതെ തുടിയ്ക്കുന്നുണ്ട് ശബരിയുടെ നെഞ്ചകം…
എവിടെയായിരുന്നു ശമ്പരിയേട്ടാ… ഞാനെത്ര പ്രാവശ്യം വിളിച്ചു നിങ്ങളെ എന്നറിയാമോ നിങ്ങൾക്ക്..
മറുവശം കോളെടുത്തതും ശബരിയെ തേടി അവന്റെ അമ്മൂട്ടിയുടെ ചോദ്യമെത്തിയിരുന്നു…
എന്തായിരുന്നു എന്നെ ഇത്രയും പ്രാവശ്യം തിരക്കിട്ട് വിളിയ്ക്കാൻ മാത്രം അവിടെ.?
കനമുള്ള ശബ്ദത്തിൽ ശബരി ചോദിച്ചതും നിശബ്ദമായ് മറുവശം… അതറിഞ്ഞുതന്നെ ഒരു ചെറു ചിരി മിന്നി ശബരിയുടെ ചുണ്ടിലും…
അല്ലെങ്കിലും എനിയ്ക്കറിയാലോ എനിയ്ക്ക് ശബരിയേട്ടനോടുള്ള ഇഷ്ടമൊന്നും ശബരിയേട്ടന് എന്നോടില്ലെന്ന്… ഞാൻ ചെറിയ കുട്ടി… പൊട്ടി… ഇതൊക്കെ അല്ലേ ശബരിയേട്ടന്റെ മനസ്സിലെ ഞാൻ…?
നേർത്ത തേങ്ങലിന്റെ അകമ്പടിയോടെ ചോദിയ്ക്കുന്നവളെ അറിഞ്ഞിട്ടും നിശബ്ദനായ് നിന്നു ശബരി….
‘ശബരിയേട്ടന് സത്യമായിട്ടും ഇപ്പോഴും എന്നോടിഷ്ടമില്ല അല്ലേ…?
എന്നെ ഇഷ്ടമാണ് കൂടെ കൂട്ടിക്കോളാം എന്നൊക്കെ സമ്മതിച്ചത് ഞാൻ മരിച്ചു കളയും എന്ന് പറഞ്ഞതുകൊണ്ടു മാത്രമാണല്ലേ….?
നേർത്ത തേങ്ങലിൽ നിന്ന് പൊട്ടിക്കരച്ചിലോടെ ചോദിയ്ക്കുന്നവളെ നിറയുന്ന മിഴികളോടെ കേട്ടു നിന്നവൻ….
ശബരിയേട്ടാ…. എന്നോടിങ്ങനെ മിണ്ടാതെ നിൽക്കല്ലേ…. ശബരിയേട്ടൻ എന്നോട് മിണ്ടാതെ ആയാൽ പിന്നെ ആരാ എനിയ്ക്ക്….?
ആരും ഉണ്ടാവില്ല… ഞാനും എന്റെ ഈ റൂമും മാത്രമാവും ഇപ്പോഴത്തെ പോലെ…. എനിയ്ക്കത് പേടിയാണ് ശബരിയേട്ടാ… ഒറ്റയ്ക്കാവുന്നത് എനിയ്ക്ക് പേടിയാ ശബരിയേട്ടാ… ഇപ്പോഴും ഞാനിവിടെ ഒറ്റയ്ക്കാണ്… അതല്ലേ ഞാനെന്റെ ശബരിയേട്ടനെ വിളിച്ചത്…. ഒന്ന് മിണ്ട് പ്ലീസ്…”
അത്ര നേരവും അവൾ പറഞ്ഞതെല്ലാം കേട്ടു നിന്നവന്റെ നെഞ്ചൊന്നാളി അവളവിടെ ഒറ്റയ്ക്കാണെന്ന് കേട്ടതോടെ…
കോട്ട പോലൊരു വീട്ടിൽ അടച്ചിട്ട ജനലിനും വാതിലിനും ഉള്ളിൽ പുറത്തെ കാലൊച്ചകൾക്ക് ഭയന്ന് ശ്വാസം പോലും കഴിക്കാതെ ഭയന്നിരിയ്‌ക്കുന്നൊരു പെൺ രൂപം തെളിഞ്ഞവന്റെ ഉള്ളിൽ…. അവന്റെ അമ്മൂട്ടിയുടെ….
പപ്പയും മമ്മിയും എവിടെ കുഞ്ഞേ….?
അവരെവിടെ പോയതാണ്…?
ചോദിച്ചു പോയവൻ…. ഒപ്പമവന്റെ കണ്ണുകൾ ധൃതിയിൽ ക്ലോക്കിലേക്കൊന്ന് ചെന്നു…
സമയം രാത്രി പത്തരയും കഴിഞ്ഞു പോയിരിക്കുന്നു….
“അവരിങ്ങോട്ട് ജോലി കഴിഞ്ഞ് മടങ്ങി വന്നിട്ടില്ല ശബരിയേട്ടാ…. ഞാനിന്നവരെ കണ്ടിട്ടില്ല…. ജോലിക്കാരി ചേച്ചി വൈകുന്നേരം തന്നെ തിരിച്ചും പോയി… എനിയ്ക്ക് പേടിയാണ് ഇവിടെ…. ശബരിയെട്ടൻ എന്നോട് സംസാരിച്ചിരിക്കാവോ കുറച്ചു നേരം….?
ഭയത്തിന്റെ മുൾമുനയിൽ നിന്ന് ചോദിക്കുന്നവൾ…
ബുള്ളറ്റിന്റെ താക്കോലുമെടുത്ത് പുറത്തേക്ക് കുതിച്ചിരുന്നു ശബരി…
ടൗണിൽ ട്യൂഷൻ സെൻറർ നടത്തുകയാണ് ശബരി… അവിടെ പത്താം ക്ലാസ് ട്യൂഷന് വേണ്ടി വന്നതാണ് അമ്മൂട്ടി എന്നവൻ വിളിയ്ക്കുന്ന അനഘ…
മറ്റുള്ള കുട്ടികളിൽ നിന്നൊഴിഞ്ഞുമാറിയിരിയ്ക്കുന്ന ആരോടും യാതൊരു അടുപ്പവുമില്ലാത്ത അനഘയെ അവനന്നേ ശ്രദ്ധിച്ചിരുന്നു…
ഒരിക്കലവളെ പറ്റി തിരക്കിയപ്പോഴവനറിഞ്ഞു ഐ ടി സ്ഥാപനം നടത്തുന്ന സാമ്പത്തികമായ് വലിയ നിലയിൽ താമസിയ്ക്കുന്ന ദമ്പതികളുടെ ഏകമകളാണവളെന്ന്…. വലിയൊരു വീട്ടിൽ ആരോടും അടുപ്പമില്ലാതെയാണവൾ വളരുന്നതെന്ന്….
ഒരിക്കൽ ക്ലാസിൽ ബോധരഹിതയായ് വീണ അനഘയെ ഹോസ്പിറ്റലിൽ എത്തിച്ചത് ശബരിയാണ്…. അവൾ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായെന്ന അറിവ് അവനെ ഞെട്ടിച്ചു… അന്നൊരു ദിവസം മുഴുവൻ ഹോസ്പ്പിറ്റലിൽ അവൾക്ക് കാവലായ് ഇരിയ്ക്കുമ്പോൾ എത്രയോ പ്രാവശ്യം അവളുടെ മാതാപിതാക്കളെ അവൻ ഫോൺ വിളിച്ചു നോക്കിയെങ്കിലും ഒരിക്കൽ പോലും അവർ രണ്ടാളും അവന്റെ കോളെടുത്തതേയില്ല….
ഒടുവിൽ ഡിസ്ചാർജ്ജായി അവളെ വൈകുന്നേരം വീട്ടിലെത്തിച്ച് ജോലിക്കാരിയെ കാര്യങ്ങൾ പറഞ്ഞേല്പിച്ച് മടങ്ങേണ്ടി വന്നവന്… അതു കഴിഞ്ഞ് രണ്ടാം നാൾ താങ്സ് എന്നൊരു മെസേജും ഹോസ്പ്പിറ്റലിൽ ചിലവായ പണവും അവന്റെ ഫോണിലേക്കവളുടെ പപ്പ അയച്ചതല്ലാതെ മറ്റൊന്നും തിരക്കിയില്ല അവർ അവനോട്… അന്നു മുതൽ അവൻ തിരിച്ചറിഞ്ഞൂ തുടങ്ങിയിരുന്നു അനഘയെന്ന പാവം പെണ്ണിനെ എങ്കിലും അന്നേരമവനറിഞ്ഞില്ല താനെന്ന അധ്യാപകനൊരു കാമുകന്റെ വേഷത്തിൽ അനഘയ്ക്ക് ഉള്ളിൽ കയറി പറ്റിയത്….
അറിഞ്ഞതും അവളെ ശാസിച്ചും വഴക്കു പറഞ്ഞും തിരുത്താൻ ശ്രമിച്ചു ശബരി… പക്ഷെ ശബരി എന്നൊരാളിൽ തന്റെ അഭയവും ആശ്രയവും കണ്ടെത്തിയ അനഘ പിന്മാറാതെ വന്നതോടെ വർഷങ്ങൾ ഒന്നു രണ്ടു കഴിഞ്ഞുപ്പോയി അവർക്കിടയിൽ…
എത്രയെല്ലാം കണ്ടിട്ടില്ലെന്നു നടിച്ചിട്ടും പ്രതീക്ഷയോടെ തന്നെ നോക്കുന്ന ആ കണ്ണുകളിൽ കുടുങ്ങുക തന്നെ ചെയ്തു ശബരി…. ഇപ്പോഴവൾക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞിരിക്കുന്നു… അപ്പോൾ തുടങ്ങിയതാണവൾ ശബരിയ്ക്കൊപ്പം പോരാനുള്ള തിടുക്കം കൂട്ടി….
ആരൊക്കയോ ഉണ്ടായിരുന്നിട്ടും ആരുമല്ലാതെ ജീവിയ്ക്കുന്നവൾക്ക് കിട്ടിയ നിധിയാണ് ശബരീ… അതു കൊണ്ടു തന്നെ അവനെത്ര പിൻതിരിപ്പിച്ചിട്ടും അവനിൽ നിന്നകന്ന് മാറിയതേയില്ല അനഘ. പകരം അവനു പറിച്ചെറിയാൻ പറ്റാത്ത വിധം കൂടുതൽ ആഴത്തിൽ അവനുളളിൽ സ്ഥാനം ഉറപ്പിയ്ക്കുക കൂടി ചെയ്തു അവൾ…
“സാറെ ഇന്നലെ രാത്രി പതിനൊന്നു മണി കഴിഞ്ഞപ്പോ എന്റെ കൂടെ ഇറങ്ങി വന്നവളാണ് ഇവൾ…. ഞാനിവളെ ഇന്നമ്പലത്തിൽ വെച്ച് എന്റെ നാട്ടുകാര് കാൺകെ താലിയും കെട്ടി… പക്ഷെ ഇവളുടെ വീട്ടുകാർ ഇത്ര നേരമായിട്ടും ഇവളാ വീട്ടിലില്ലാ എന്നതു പോലും അറിഞ്ഞിട്ടില്ല…”
തലേ രാത്രിയിൽ അനഘയുടെ വീട്ടിലെത്തിയ ശബരി ഭയന്നു വിറച്ചു നിന്ന അനഘയെ തന്റെയൊപ്പം കൂട്ടി ….നേരം പുലർന്നതും അമ്പലത്തിൽ ചെന്നവളെ താലിയും കെട്ടി അടുത്തുള്ള സ്റ്റേഷനിൽ ചെന്ന് കാര്യങ്ങളെല്ലാം വ്യക്തമാക്കിയപ്പോൾ അമ്പരന്നു പോയത് പോലീസുക്കാരാണ്… ഇങ്ങനെയും മക്കളെ ശ്രദ്ധിക്കാത്ത മാതാപിതാക്കമുണ്ടാവുമോ എന്നതായിരുന്നു അവരുടെ അപ്പോഴത്തെ ചിന്ത…
എന്നാൽ അങ്ങനെയും ചിലർ
ഉണ്ടെന്നുത്തരം അവർക്കു നൽകുന്ന തരത്തിലായിരുന്നു പിന്നെയും ഒരു ദിവസം കൂടി കഴിഞ്ഞ് അനഘയെ തിരക്കി വന്ന അവളുടെ പാരന്റ്സ്…
ബിസിനസ് ടൂറിലായതിനാൽ മകളുടെ മിസ്സിംഗ് അറിഞ്ഞില്ലെന്നു പറഞ്ഞ അവരെ ചീത്ത വിളിയ്ക്കാൻ സ്റ്റേഷനിലെ ഓരോ പോലീസുകാരും മത്സരിക്കുന്നതിനിടയിലേക്കാണ് അനഘയുടെ കൈ പിടിച്ച് ശബരി കയറി ചെന്നത്…
ഒരു നുള്ള് സിന്ദൂരത്തിലും ഒരിത്തിരി പൊന്നിന്റെ താലിയിലും തിളങ്ങി നിൽക്കുന്ന മകളെ പകപ്പോടെ നോക്കിയ അനഘയുടെ മാതാപിതാക്കളുടെ തല അവിടെ കൂടിയവർക്കു മുമ്പിൽ താഴ്ന്നു പോയതും അനഘയെ നിറഞ്ഞ സ്നേഹത്തോടെയും അതിലേറെ തുളുമ്പുന്ന പ്രണയത്തോടെയും ചേർത്തു പിടിച്ചു ശബരി… ആ ചേർത്തു പിടിയ്ക്കലിൽ അവനോട് ഒട്ടിനിന്നവളും.. അടർന്നു മാറില്ലൊരിക്കലും എന്നുറപ്പോടെ….
✍️രജിത ജയൻ
