“അതെന്താ അമ്മേ, രാജീവേട്ടന് ഇതൊന്നും തിന്നാൽ ഇറങ്ങില്ലേ?”
മനപ്പൂർവ്വം തന്നെയാണ് ശാലിനി അങ്ങനെ ചോദിച്ചത്. അത് കേട്ടതും വസന്ത അവളെ ഒന്ന് തുറിച്ചു നോക്കി. കൈയ്യിലിരുന്ന ലഡു പാത്രത്തിലേക്ക് തിരികെ ഇട്ടു കൊണ്ട് വസന്ത പറഞ്ഞു, “അവന് ഇതൊന്നും ഇഷ്ടമല്ല. ഇനിയിപ്പോ എടുത്തു വെച്ചാലും അവൻ കഴിക്കില്ല!”
മുന്നിലിരിക്കുന്ന പലഹാരങ്ങളിലേക്ക് നോക്കി വസന്ത അത് പറയുമ്പോൾ ശാലിനിയുടെ ഉള്ളിൽ ഒരു തരം അമർഷം ഇരച്ചു കയറി.
“” അതിപ്പോ ആൾക്ക് കൊടുത്താൽ അല്ലേ അമ്മേ അറിയു ഇഷ്ടമാണോ അല്ലയോ എന്ന്??
ശാലിനി അത് പറഞ്ഞപ്പോൾ തുറിച്ച് ഒരു നോട്ടം ആണ് അവൾക്ക് കിട്ടിയത്..
അപ്പുറത്തെ വീട്ടിലെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങായിരുന്നു. അയൽപക്കത്തെ ബന്ധം വെച്ച് അവർ സ്നേഹത്തോടെ കൊടുത്തു വിട്ടതാണ് ഈ ലഡുവും അച്ചപ്പവും കുഴലപ്പവുമെല്ലാം. വസന്ത അത് വളരെ ജാഗ്രതയോടെ ഇളയ മക്കൾക്കായി വീതിച്ചു മാറ്റിവെക്കുന്നത് കണ്ടപ്പോൾ ശാലിനി ചോദിച്ചു പോയത്.
രാജീവ് വസന്തയുടെ മൂത്ത മകനാണ്. ആ കുടുംബം മുഴുവൻ നോക്കുന്നത് അയാളാണ്.
വെയിലത്തും മഴയത്തും പണിയെടുത്തു അയാൾ കൊണ്ടു വരുന്ന കാശുകൊണ്ടാണ് ആ വീട്ടിൽ അടുപ്പ് പുകയുന്നത്. രാജീവിന് താഴെ രണ്ട് അനിയന്മാരാണ്—സുദീപും അനീഷും. അനീഷ് പിജി ചെയ്യുന്നു, സുദീപിന് ബാങ്കിലാണ് ജോലി. പക്ഷെ വീട്ടിലെ ഒരു കാര്യത്തിനും അവർക്ക് ഉത്തരവാദിത്തമില്ല.. എന്നാൽ അവരുടെ കാര്യം മുഴുവൻ രാജീവേട്ടൻ നോക്കുകയും വേണം.
”അമ്മേ, രാജീവേട്ടൻ വരാൻ നേരമാവുന്നുണ്ട്. ഒരു ലഡു എങ്കിലും ആൾക്ക് മാറ്റി വെക്കണ്ടേ?” ശാലിനി വിടാൻ ഭാവമില്ലായിരുന്നു.
”നീ എന്തിനാ ശാലിനി ഇല്ലാത്ത കാര്യത്തിന് വാശി പിടിക്കുന്നത്? അവന് മധുരം കണ്ടുകൂടാ എന്ന് എനിക്കറിയില്ലേ? നീ പോയി നിന്റെ പണി നോക്ക്.” വസന്ത ദേഷ്യത്തോടെ അടുക്കളയിലേക്ക് കയറിപ്പോയി.
ശാലിനി ഒന്നും മിണ്ടിയില്ല. അവൾ പതുക്കെ ആ പാത്രത്തിൽ നിന്ന് ഒരു കുഴലപ്പവും ലഡുവും എടുത്ത് അടുക്കളയിലെ ഒരു ചെറിയ ഡപ്പിയിലാക്കി ഒളിപ്പിച്ചു വെച്ചു. വിവാഹം കഴിഞ്ഞു വന്ന കാലം മുതൽ കാണുന്നതാണ് വസന്തയുടെ ഈ വിവേചനം. എന്ത് നല്ല സാധനം വീട്ടിൽ വന്നാലും അത് ഇളയവർക്ക് നൽകും..
അതിപ്പോ ഒരു ചിക്കൻ കറി ആയാലും ശരി കഷ്ണം മുഴുവൻ ഇളയവർക്ക് ഇട്ടുകൊടുക്കും.. രാജീവേട്ടന് കറിയുടെ ചാറു വച്ചാൽ ആയി.. അമ്മയും എടുക്കില്ല.. ഓക്കേ ഇളയവർക്ക് നൽകും അപ്പോൾ പിന്നെ തനിക്കും അതിൽ നിന്ന് ആവശ്യപ്പെടാൻ കഴിയില്ല അമ്മ കഴിക്കുന്നില്ല അപ്പോൾ ഞാനും അങ്ങനെ വേണം എന്നാണ് അമ്മയുടെ ഭാഷ്യം…
രാജീവിനെ പറ്റി ചോദിച്ചാൽ “അവനത് ഇഷ്ടമല്ല” എന്ന ഒറ്റവാക്കിൽ എല്ലാം തീർക്കും.
രാത്രി രാജീവ് പണി കഴിഞ്ഞു വന്നപ്പോൾ ശാലിനി ആരും കാണാതെ ആ പലഹാരങ്ങൾ അയാൾക്ക് നൽകി.
”ഇതെവിടുന്ന് ശാലിനി?” രാജീവ് കണ്ണുകൾ തിളങ്ങിക്കൊണ്ട് ചോദിച്ചു.
”അപ്പുറത്തെ വീട്ടിലെ ചടങ്ങിന് തന്നതാ. അമ്മ തന്നില്ലേ?”
രാജീവ് ഒന്നും മിണ്ടാതെ അത് ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ ശാലിനിക്ക് സങ്കടം വന്നു. “ഇത്രയും ഇഷ്ടത്തോടെ കഴിക്കുന്ന മനുഷ്യനെയാണല്ലോ അമ്മ എന്നും ഇങ്ങനെ മാറ്റി നിർത്തുന്നത്,” അവൾ ഓർത്തു.
പിറ്റേന്ന് സുദീപ് ബാങ്കിൽ നിന്ന് വന്നപ്പോൾ വസന്ത വലിയ സ്നേഹത്തോടെ അവന് ചായയും പലഹാരങ്ങളും നൽകുന്നത് ശാലിനി കണ്ടു. സുദീപിന് നല്ല ശമ്പളമുണ്ട്, എന്നിട്ടും വീട്ടിലേക്ക് ഒരു രൂപ പോലും അവൻ കൊടുക്കില്ല. വല്ലപ്പോഴും ഒരു കിലോ മീൻ വാങ്ങി വരും. അത് വന്നാൽ പിന്നെ വീട്ടിൽ വലിയ ആഘോഷമാണ്. അതിൽ ഏറിയ പങ്കും സുദീപിന് തന്നെ കിട്ടണം. അഥവാ കുറഞ്ഞു പോയാൽ അവൻ അവിടെ വലിയ ബഹളമുണ്ടാക്കും.
”രാജീവേട്ടാ, എന്തിനാ ഇങ്ങനെ സഹിക്കുന്നത്?” ഒരു ദിവസം ശാലിനി ചോദിച്ചു. “നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശല്ലേ ഈ വീട് നടക്കാൻ ഉപയോഗിക്കുന്നത്? എന്നിട്ടും എന്തിനാ അമ്മ നിങ്ങളെ ഒരു അന്യനെ പോലെ കാണുന്നത്?” ഒരു ദിവസം ശാലിനി ചോദിച്ചുപോയി ഇതുവരെ രാജീവേട്ടന്റെ മനസ്സ് വേദനിക്കും എന്ന് കരുതി അവൾ അതിനെക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല.
രാജീവ് ഒരു നെടുവീർപ്പോടെ അവളെ നോക്കി. “ശാലിനി, ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എനിക്ക് ഓർമ്മ ഉള്ള കാലം തൊട്ടേ അമ്മ ഇങ്ങനെയാണ്. അനിയന്മാർക്ക് നല്ല വസ്ത്രം വാങ്ങും, എനിക്ക് പഴയത് തരും. അവർക്ക് നല്ല ആഹാരം കൊടുക്കും. എനിക്ക് കൂലിപ്പണിയാണല്ലോ എന്ന് കരുതിയാവാം അമ്മയ്ക്ക് എന്നോട് പുച്ഛം. ഞാൻ കൊടുക്കുന്ന ഓരോ രൂപയും അമ്മ വാങ്ങി വെക്കും, എന്നിട്ട് അത് സുദീപിന് കൊടുക്കും. ചിലപ്പോഴൊക്കെ അമ്മയ്ക്ക് ഞാൻ മകനാണ് എന്ന് പറയുന്നത് പോലും നാണക്കേടാണെന്ന് എനിക്ക് തോന്നാറുണ്ട്!”
രാജീവേട്ടൻ മനസ് തുറന്നപ്പോൾ ആ ഉള്ളിലും ഇത് ഒരു സങ്കടമായി കിടക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി ഒന്നും ആരോടും പറയാതെ സഹിക്കുകയാണ്.
ഇതിനിടയിലാണ് സുദീപ് താൻ സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചു വീട്ടിലേക്ക് കൊണ്ടുവരുന്നത്. അതോടെ ശാലിനിയുടെ കഷ്ടപ്പാട് കൂടി. സുദീപിന്റെ ഭാര്യയ്ക്കും കൂടി രാജീവ് അധ്വാനിച്ചുണ്ടാക്കണം എന്നായി. വസന്ത അതിനും സപ്പോർട്ട് നൽകി.. സുദീപിന്റെ കല്യാണം പ്രമാണിച്ച് അവന്റെ റൂമിൽ എസി വാങ്ങി വെച്ചിരുന്നു.. ഇത്തവണ കറണ്ട് ബിൽ വന്നപ്പോൾ ഒരു വലിയ തുക അതുകൊണ്ട് വസന്ത രാജീവിന്റെ അടുത്തേക്ക് പോയി..
അവനോട് പണം ചോദിച്ചു അതും കൂടി ആയപ്പോൾ ശാലിനിക്ക് നിയന്ത്രണം വിട്ടു.
അവൾ വസന്തയോട് കയർത്തു. “അമ്മേ, സുദീപിന് ശമ്പളമില്ലേ? അവന് എന്താ കരണ്ട് ബില്ല് അടച്ചാൽ?? ഇതിപ്പോൾ അവനും അവന്റെ ഭാര്യയ്ക്കും കൂടി രാജീവേട്ടൻ പണിയെടുക്കണല്ലോ ?” ശാലിനി ചോദിച്ചു അത് കേട്ടതും അത് വലിയ പ്രശ്നമാക്കി
വസന്ത…
“ദാ നോക്കടാ നിന്റെ പെണ്ണ്. അവൾക്ക് എന്റെ മക്കളെ ഇവിടെ താമസിപ്പിക്കുന്നത് ഇഷ്ടമല്ലത്രേ. കുടുംബം പിരിക്കാൻ നോക്കുകയാ അവൾ.”
രാജീവ് പാവമാണ്. അമ്മ പറയുന്നത് കേട്ട് അയാൾ ശാലിനിയെ വഴക്ക് പറഞ്ഞു. പക്ഷെ ഉള്ളിൽ അയാൾക്ക് എല്ലാം അറിയാമായിരുന്നു. ഒടുവിൽ സഹികെട്ട ശാലിനി ഉറച്ച തീരുമാനമെടുത്തു.
”രാജീവേട്ടാ, നമ്മൾ ഇവിടെ നിന്നാൽ ശരിയാവില്ല. നമുക്ക് മാറി താമസിക്കാം. ഈ നന്ദികെട്ടവരെ ഇങ്ങനെ തീറ്റിപ്പോറ്റേണ്ട കാര്യം നമുക്കില്ല.”
ആദ്യം വിസമ്മതിച്ചെങ്കിലും രാജീവിനും കാര്യങ്ങൾ ബോധ്യപ്പെട്ടു. അവർ ഒരു ചെറിയ വാടക വീട്ടിലേക്ക് മാറി. രാജീവ് പോയതോടെ ആ വലിയ വീട്ടിലെ വരുമാനം നിലച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ സുദീപിന് മനസ്സിലായി കാര്യങ്ങൾ പന്തിയല്ലെന്ന്. വീട്ടിലെ ചെലവ് മുഴുവൻ നോക്കേണ്ടി വന്നപ്പോൾ അവൻ മെല്ലെ ആ വീട്ടിൽ നിന്ന് തടി തപ്പി. വസന്തയും ഇളയ മകനും മാത്രം അവിടെ ഒറ്റപ്പെട്ടു.
ഒരു ദിവസം വസന്ത ശാലിനിയുടെ വാടക വീട്ടിൽ വന്നു ബഹളമുണ്ടാക്കി. “നീ കാരണം എന്റെ കുടുംബം തകർന്നു. മര്യാദയ്ക്ക് രാജീവിനോട് കുടുംബത്തിലെ ചെലവ് ചെയ്യാൻ പറ.” വസന്ത ഉറഞ്ഞുതുള്ളി..
“അമ്മേ, ഒരു രൂപ പോലും ഇവിടെ നിന്ന് അങ്ങോട്ട് പ്രതീക്ഷിക്കണ്ട. നിങ്ങൾക്ക് സുദീപും അനീഷും ഉണ്ടല്ലോ, അവരോട് പോയി ചോദിക്ക്.” അവൾ പറഞ്ഞു രാജീവ് ഒന്നും മിണ്ടാതെ നിന്നു ശാലിനിയാണ് ശരി എന്ന് അവന് തോന്നി
വസന്ത അവിടെ നിന്ന് ശപിച്ചു കൊണ്ടിറങ്ങി.
“നിനക്ക് കൊച്ചുങ്ങൾ ഇല്ലാത്തത് നിന്റെ ഈ നശിച്ച മനസ്സ് കാരണമാണ്,” അവർ വിളിച്ചു പറഞ്ഞു. അത് ശാലിനിയുടെ നെഞ്ചിൽ ഒരു കല്ലുപോലെ തറച്ചു. അവൾ ഒരുപാട് കരഞ്ഞു.
മാസങ്ങൾ കടന്നുപോയി. വസന്തയ്ക്ക് വരുമാനമില്ലാതെയായി. ഇളയ മക്കൾ അവരെ തിരിഞ്ഞു നോക്കിയില്ല. അവസാനം ആ പ്രായത്തിലും അവർക്ക് ജോലിക്കു പോകേണ്ടി വന്നു. തോട്ടത്തിൽ പണിയെടുക്കുന്ന വസന്തയെ കണ്ടപ്പോൾ രാജീവിന്റെ മനസ്സ് അലിഞ്ഞു. ശാലിനിയുടെ എതിർപ്പ് വകവെക്കാതെ അയാൾ അവരെ വീണ്ടും വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നു.
”ഇനി പഴയതൊക്കെ മറക്കാം അമ്മേ,” രാജീവ് പറഞ്ഞു.
പക്ഷെ വസന്ത മാറിയിരുന്നില്ല. വീട്ടിൽ തിരിച്ചെത്തിയ ഉടനെ അവർ പഴയ സ്വഭാവം പുറത്തെടുത്തു. ശാലിനി ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറ്റം പറയുകയും അവൾക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതിന് അവളെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കുകയും ചെയ്തു.
അവർക്കിടയിൽ വീണ്ടും വഴക്കുകൾ ഉണ്ടായി.
ഒടുവിൽ രാജീവിന് കാര്യം മനസ്സിലായി—പാമ്പിന് പാൽ കൊടുത്താൽ വിഷമേ കൂടൂ. ഒരിക്കലും തിരുത്താൻ കഴിയാത്ത ചില മനുഷ്യരുണ്ട്.
”അമ്മേ, ഇനിയിവിടെ അമ്മ നിന്നാൽ ഞങ്ങളുടെ സമാധാനം പോകും. അമ്മയ്ക്ക് വീട്ടിൽ പോകാം. മാസം തോറും മരുന്നിനും ഭക്ഷണത്തിനുമുള്ള പണം ഞാൻ എത്തിക്കാം. പക്ഷെ ഒരേ മേൽക്കൂരയ്ക്ക് താഴെ നമുക്ക് പറ്റില്ല.”
രാജീവ് തന്നെ വസന്തയെ തിരികെ കൊണ്ടുപോയി വിട്ടു. ശാലിനിയുടെ കൈ പിടിച്ചു അയാൾ നടക്കുമ്പോൾ അവന്റെ ഉള്ളിൽ ഒരു വലിയ ഭാരം ഒഴിഞ്ഞു പോയതുപോലെ തോന്നി. ചില ബന്ധങ്ങൾ അകന്നു നിൽക്കുമ്പോഴാണ് കൂടുതൽ ഭംഗിയെന്ന് അവർ തിരിച്ചറിഞ്ഞു.
സ്റ്റോറി by JK
