ഭർത്താവിന്റെ അച്ഛനെ ഞാൻ നോക്കുന്നില്ലെന്ന പരാതി കുറേക്കാലങ്ങളായി കേൾക്കുന്നതാണ്.
വലം കാൽ വച്ച് ആ കുടുംബത്തിലേക്ക് ചെന്ന ദിവസം മുതൽ അതെന്റെ വീടാണെന്ന് എനിക്ക് തോന്നിയിട്ടില്ല.
ഭർത്താവ് പറയും,സിതാര ഇത് നിന്റെ വീടല്ലേ ഇവിടുള്ളവരെ നോക്കേണ്ടത് നിന്റെ കടമയല്ലേയെന്ന്..
ശരിയാണ്. കടമകൾ മാത്രം എന്നും എനിക്കുള്ളതായിരുന്നു.
ഭർത്താവിന്റെ അച്ഛനാണ് ഇവിടുത്തെ സകല കാര്യങ്ങളും തീരുമാനിച്ചിരുന്നത്.
രാവിലേയിടേണ്ട അരി അളന്ന് എടുത്തു വച്ചേക്കും, കൃത്യം അളവ്.
അതിൽ കൂടുതൽ ഇടാനുള്ള അനുവാദമെനിക്കില്ല.
കറികൾ ഇന്നത് വയ്ക്കണമെന്ന് പറയും അത് മാത്രേ പറ്റൂ…
ബ്രേക്ക് ഫാസ്റ്റ് അച്ഛൻ പറയുന്നത് ഉണ്ടാക്കണം.
കുറച്ച് ദിവസങ്ങൾ സഹിച്ചു.
പിന്നെ പ്രതികരിച്ചു. ഞാൻ എന്റെ ഇഷ്ട്ടത്തിന് ഭക്ഷണം ഉണ്ടാക്കി.
വീട്ടിലെ സകല പണിയും കഴിഞ്ഞ്
ഞാൻ ജോലിക്ക് പോയി.
ഭർത്താവ് സ്നേഹമുള്ളവനാണ് എന്നുള്ള ഒറ്റ കാരണം കൊണ്ട് മാത്രമാണ് ഞാനാ വീട്ടിൽ കഴിഞ്ഞത്.
നാട് നീളെ കുറ്റം പറഞ്ഞ്, എന്നെ മോശക്കാരിയാക്കാൻ അച്ഛന് വലിയ ഇഷ്ട്ടമായിരുന്നു.
അയാൾ എന്നിലുണ്ടാക്കിയ
മെന്റൽ ട്രോമ എത്രത്തോളമായിരുന്നെന്ന് എനിക്കിന്നും പറയാൻ കഴിയില്ല.
ജീവിതം അ.വ.സാ.നിപ്പിക്കാൻ പോലും തോന്നിയ ആ നാളുകളെക്കുറിച്ച് ഓർക്കാൻ പോലുമാകുന്നില്ല.
കാലം എന്തിനും തിരിച്ചടി കൊടുക്കുന്ന പോലെ ഒരിക്കൽ അയാൾ രോഗിയായി
ഓരോ സ്ത്രീയിലും ഉറങ്ങിക്കിടക്കുന്ന അലിവിന്റെ കടൽ എന്നിലും തിരയടിച്ചതോടെ എല്ലാം മറന്ന് ഞാൻ അയാളെ പരിചരിച്ചു.
കുറഞ്ഞ നാളുകൾ കൊണ്ട് അയാൾ പഴയതിലും ഊർജ്ജസ്വലനായി.
എന്നിട്ട് അയാൾ നാട്ടുകാരോട് പറഞ്ഞത് ഞാൻ ഭക്ഷണം പോലും കൊടുക്കില്ലെന്നായിരുന്നു.
അങ്ങേരുടെ ഇളയ മകനാണത്രേ പരിചരിച്ചത്.
അച്ഛന്റെ ഡയപ്പർ മാറ്റാൻ പോലുംഅവൻ ഒന്ന് കൂടിയിട്ടില്ല.
എനിക്ക് ഇരട്ടി പണിയുണ്ടാക്കിവയ്ക്കുന്നതായിരുന്നവന്റെ ജോലി.
ഭർത്താവിന് സത്യം അറിയാമെങ്കിലും സ്വന്തം പിതാവിനെ കുറ്റപ്പെടുത്താൻ അറിയാത്ത ആ മനുഷ്യൻ പലപ്പോഴും മൗനം പാലിച്ചു.
ഞാനിനി ഈ വീട്ടിൽ തുടരില്ലെന്ന് തീർത്തു പറഞ്ഞു. അതോടെ ഞാൻ എന്റെ വീട്ടിൽ നിന്നും എനിക്ക് വീതം കിട്ടിയ സ്ഥലം വിറ്റ്, കിട്ടിയ പണം ഉപയോഗിച്ച് സ്വന്തമായി ഒരു വീട് വാങ്ങി.
ഞാനും ഭർത്താവും താമസം മാറി.
അതിന്റെ വാശിയിൽ അച്ഛൻ വീടും സ്ഥലവും അനിയന് എഴുതി കൊടുത്തു.
അച്ഛന്റെ ചിലവുകൾ എല്ലാം എന്റെ ഭർത്താവ് നന്നായി നോക്കുന്നുണ്ട്. കൂടാതെ ആവശ്യത്തിനുള്ള പണവും കൊടുക്കുന്നുണ്ട്.
ഭരിക്കാൻ ആരുമില്ലാഞ്ഞിട്ടാവും അയാൾ ഇടയ്ക്കു ഞങ്ങൾ താമസിക്കുന്നിടത്ത് വന്ന് വഴക്കുണ്ടാക്കുമായിരുന്നു.
ഇപ്പോൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വീണ്ടും ക്ഷീണിതനാണ്, ആളുകൾ പറയുന്നു കഴിഞ്ഞതൊക്കെ കഴിഞ്ഞു, ഞാൻ പോയി അയാളെ നോക്കാൻ.
പറ്റില്ലെന്ന് തീർത്തു പറഞ്ഞു.
എന്റെ മനസ്സ് തകർത്ത് സന്തോഷിച്ച ആ മനുഷ്യനെ എന്തിന്റെ പേരിലായാലും ഇനി പരിഗണിക്കാൻ വയ്യ.
അയാൾ ജന്മം നൽകിയ രണ്ട് മക്കൾ ഉണ്ടല്ലോ, അയാളെ നോക്കേണ്ടത് അവരുടെ മാത്രം കടമയാണ്.
അവർക്കില്ലാത്ത ഒരുത്തരവാദിത്തവും എനിക്കില്ലലോ.
അവർ നോക്കട്ടെ
എപ്പോഴും ക്ഷമിക്കാനും സഹിക്കാനും എനിക്ക് മനസ്സില്ല…
ഇന്നും പരാതി കേൾക്കേണ്ടി വന്നു.
എന്നെപ്പോലുള്ളവളുമാരാണത്രെ കുടുംബം നശിപ്പിക്കുന്നത്..
പറഞ്ഞത് മാറ്റാരുമല്ല…ഭർത്താവിന്റെ വീട്ടുകാർ തന്നെയാണ്…
ഞാനത് ചെവിക്കൊണ്ടില്ല.
അനിയൻ ഇതിനിടയിൽ വിദേശത്തേക്ക് പോയി…
അതോടെ അച്ഛനെ നോക്കേണ്ട ഉത്തരവാദിത്തം എന്റെ ഭർത്താവിന്റെ മാത്രം കടമയായി….
അതിബുദ്ധിമാനായ അനിയൻ വീട് വിറ്റ കാര്യം ഞങ്ങൾ പിന്നീടാണ് അറിഞ്ഞത്.
അതും വീട് വാങ്ങിയവർ
സാധനങ്ങളുമായി താമസത്തിന് എത്തിയപ്പോൾ….
മറ്റ് വഴി ഇല്ലാത്തത് കൊണ്ട് അച്ഛനെ
ഇങ്ങോട്ട് കൊണ്ടുവന്നു.
ഇത്തവണ അച്ഛൻ ഒന്ന് ഒതുങ്ങിയിട്ടുണ്ട്.
ഞങ്ങളോടുള്ള വാശിയിൽ എല്ലാം ഇളയവന് കൊടുത്തത് കൊണ്ട് കയറിക്കിടക്കാൻ സ്വന്തം വീട് പോലുമില്ലെന്ന സത്യം മനസ്സിലായപ്പോൾ അച്ഛന് നല്ല വിഷമവും കുറ്റബോധവും ഉണ്ട്….
ഈ അവസ്ഥയിൽ കൂടുതൽ നോവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.അതുകൊണ്ട് അച്ഛനെ ഇനിയുള്ള കാലം പറ്റുന്നത് പോലെ നന്നായി നോക്കാൻ തന്നെയാണ് തീരുമാനം…
അല്ലെങ്കിലും പന്തിയിൽ പക്ഷേഭേദം കാണിക്കുന്നവർക്ക് ഇങ്ങനെയേ വരൂ..
ആരെയാണോ നിസ്സാരരായി കണ്ട് പുച്ഛിക്കുന്നതും നോവിക്കുന്നതും, അവരുടെ അരികിൽ തന്നെ കാലം കൊണ്ടുചെന്നെത്തിക്കും…
കാരണം ഈ പ്രപഞ്ചം നമ്മെ
സദാ വീക്ഷിക്കുന്നുണ്ട്..
എല്ലാ ചെയ്തികൾക്കും ഒരു അനന്തരഫലമുണ്ട്..
അത് അനുഭവിക്കുക തന്നെ വേണം…
ആരെയും സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ദ്രോഹിക്കാതെ കടന്നുപോകാനെങ്കിലും മനുഷ്യന് കഴിയണം അല്ലേ..??
✍️Anju Thankachan
