രണ്ടും കൂടി രാവിലെ പോയി ഇപ്പോൾ ആണോ വരുന്നേ…. അവൾക്ക് നല്ല ക്ഷീണം ഉണ്ടല്ലോടാ… ” ഇരുട്ടിന്റെ മറവിൽ അങ്ങാടിയിലെ കടതിണ്ണയിൽ ഇരുന്നാരോ പറയുന്നത് കേട്ട് ആയിഷ തിരിഞ്ഞു നിൽക്കുമ്പോൾ….

ആയിഷ..

അലിയുടെ മൂന്നാംപക്കത്തിന് വിളമ്പിയ ബിരിയാണിയും കഴിച്ച്, പല്ലിന്റെ ഇടയിൽ കുടുങ്ങിയ ഇറച്ചിയുടെ അവശിഷ്ടം ഈർക്കിൽ കൊണ്ട് കുത്തി കളയുമ്പോഴും ഖാദറിനെ പോലെ അവിടെ കൂടി നിന്നവരുടെ സംസാരം ആയിഷയിനി എങ്ങനെ ജീവിക്കുമെന്നായിരുന്നു…

” ഓൾക്ക് പത്ത് ഇരുപ്പത്തി മൂന്ന് വയസ്സല്ലേ ഉള്ളു, ഓളെ കെട്ടാൻ ഇനിയും ആള് വരും…. ”

” രണ്ട് പെണ്മക്കൾ ഇല്ലേ കെട്ടാൻ വരുന്നോൻ അവരെ കൂടി ഏറ്റെടുക്കുമോ…”

” നല്ല മൊഞ്ചുള്ള പെണ്ണെല്ലേ ആരേലും വരാതെ ഇരിക്കോ… ”

വായിൽ നിന്ന് കുത്തിയെടുത്ത ഇറച്ചിയുടെ അവശിഷ്ടം വിഴുങ്ങി ഖാദർ അവിടെ കൂടി നിന്നവരുടെ ചർച്ചകൾക്ക് ചൂടേകി….

നാട്ടിലെ പണക്കാരൻ ഒരുത്തനേം കൊണ്ട് വാപ്പ ഓരോന്ന് കാണിച്ചും പറഞ്ഞും നടക്കുന്നത് കണ്ടപ്പോഴെ ആയിഷയ്ക്ക് മനസ്സിലെന്തോ സംശയങ്ങൾ ഉണർന്നു. അയാൾക്ക് പൈസയുടെ അഹങ്കാരം ഉണ്ടെന്നും, പോകുന്ന നാട്ടിലൊക്കെ ഓരോ പെണ്ണുങ്ങളെ വെച്ചോണ്ട് ഇരിപ്പുണ്ടെന്നും അങ്ങനെ പലയിടത്തായി ഭാര്യമാരും മക്കളും ഉണ്ടെന്നും, അയാൾക്ക് പൈസ ഉള്ളോണ്ട് ആരും ചോദ്യം ചെയ്യില്ലെന്നുമുള്ള നാട്ടിലെ വാർത്തമാനങ്ങൾ ആയിഷയും കേട്ടിട്ടുള്ളതാണ്, പോരാത്തതിന് ഇടയ്ക്ക് ഇടയ്ക്ക് അവളെ തേടി ആ കണ്ണുകൾ എത്തുകയും ഒപ്പം ചുണ്ടിലൊരു വഷളൻ ചിരി കൂടി വിരിയുന്നത് കണ്ടപ്പോൾ ഭയമൊന്നൂടെ കൂടി…

” ചന്ദ്രേട്ടാ ഞാൻ കൂടി നിങ്ങൾക്കൊപ്പം ജോലിക്ക് വന്നോട്ടെ… ”

മാസം മൂന്ന് നാല് കഴിഞ്ഞാണ് ആയിഷ അയൽവാസി ചന്ദ്രേട്ടനോടത് ചോദിക്കുന്നത്…

” മോളെന്തായി പറയുന്നേ അങ്ങേരുടെ കൂടെ ജോലിക്ക് പോകാനോ… ”

ചന്ദ്രേട്ടൻ എന്തേലും പറയും മുന്നേ ഗീതേച്ചിയാണ് ആയിഷയോട് ചോദിച്ചത്….

” എന്തേലും ജോലിക്ക് പോകാതെ ജീവിക്കാൻ പറ്റില്ല ചേച്ചി, വാപ്പ ആണെങ്കിൽ ഏതോ ഒരുത്തന്റെ കൂടെ കെട്ടിച്ചു വിടാൻ നിൽക്കുവാ… ”

ആയിഷയുടെ കണ്ണുകൾ നിറയുന്നത് കണ്ടിട്ട് ഗീതയവളുടെ കയ്യിൽ മുറുക്കെ പിടിച്ചു…

” മോളിവിടെ എനിക്കൊപ്പമിരുന്ന് തയ്യൽ പഠിക്ക്, വരുന്ന തയ്യലൊക്കെ നീ ചെയ്ത് പൈസ വാങ്ങിക്കോ, അല്ലാതെ ഏട്ടനൊപ്പം തേപ്പ് പണിക്കൊന്നും മോള് പോണ്ട, അങ്ങേരുടെ കയ്യൊക്കെ ഇരിക്കുന്നത് കണ്ടോ, വെയിലും കൊണ്ട്…. മോള് പോണ്ട…. ”

അവളുടെ കയ്യും തടവി പറയുമ്പോൾ ഗീതയുടെ കണ്ണും നിറഞ്ഞു…

” അറിയാം ചേച്ചി എന്നാലും സാരമില്ല, എനിക്കിപ്പോ പൈസയാണ് ആവശ്യം, എന്റെ മക്കൾക്ക് നല്ല ആഹാരവും, വിദ്യാഭ്യാസവും കൊടുക്കണമെങ്കിൽ എനിക്ക് ജോലിക്ക് പോയെ പറ്റുള്ളൂ… ”

” അല്ല മോളെ എന്നാ ഏതേലും കടയിൽ നോക്കിയാലോ, അതാകുമ്പോ വല്യ പണി ഉണ്ടാവില്ല, ഇതിപ്പോ എന്റെ കൂടെയൊക്കെ വന്നാൽ, മോളെ കൊണ്ട് പറ്റുമോ…. ”

ചന്ദ്രേട്ടൻ സംശയത്തോടെ ആയിഷയേയും ഗീതയേയും മാറി മാറി നോക്കി…

“എനിക്ക് നിങ്ങളെ മാത്രേ വിശ്വസമുള്ളൂ ചന്ദ്രേട്ടാ, ഇപ്പോ തന്നെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഓരോരുത്തരുടെ സംസാരവും നോട്ടവും… എന്ത് പണി ആയാലും കുഴപ്പമില്ല ഞാൻ ചെയ്തോളാം, നിങ്ങൾ പൈസ കൃത്യമായി വാങ്ങി തന്നാൽ മതി…”

” അല്ല മോളെ ഒന്നൂടെ ആലോചിച്ചിട്ട്… ”

അത് പറഞ്ഞ ഗീതയെ ചന്ദ്രേട്ടൻ തടഞ്ഞു…

” മോള് വാ, പറ്റില്ലെങ്കിൽ തിരികെ പോരല്ലോ… ”

” അതേ ഗീതേച്ചി, നാളെ മുതൽ എന്റെ മക്കളെയൊന്ന് നോക്കിയേക്കണേ.. ”

സങ്കടപ്പെട്ടിരിക്കുന്ന ഗീതയുടെ കവിളിൽ വലിച്ചു പിടിച്ചു കൊണ്ടാണ് ആയിഷ അതും പറഞ്ഞ് വീട്ടിലേക്ക് പോയത്…

പിറ്റേന്ന് രാവിലേ ചന്ദ്രേട്ടനൊപ്പമാണ് ആയിഷ പോയത്. അന്ന് മൊത്തവും ചന്ദ്രേട്ടൻ ആയിഷയെ ശ്രദ്ധിക്കുകയായിരുന്നു. ഒരു പരാതിയും പരിഭവവും ഇല്ലാതെ അവളവളുടെ ജോലി അവളാൽ കഴിയുന്നത് പോലെ ചെയ്യുന്നുണ്ട്…

” എന്താണ് മോളെ കൈ പൊട്ടിയോ.. ”

വൈകുന്നേരം ജോലി കഴിഞ്ഞ് കയ്യും കാലും കഴുകുമ്പോൾ, കൈ വെള്ളയിൽ ഉയർന്ന് നിന്ന തൊലി ആയിഷ കടിച്ചു മുറിക്കുന്നത് കണ്ടാണ് ചന്ദ്രേട്ടൻ ചോദിച്ചത്…

” ഏയ്‌ ചെറുതായിട്ട്…. ”

” നോക്കട്ടെ…. ”

പിന്നിലേക്ക് മറച്ച കൈ പിടിച്ചു നോക്കി ചന്ദ്രേട്ടൻ. കൈ വെള്ളയിൽ മൂന്ന് നാലിടത്തായി തൊലി പൊട്ടിയിരിപ്പുണ്ട്, ചുവന്നിരിക്കുന്ന ആ കൈവെള്ളയിൽ നോക്കുമ്പോൾ ചന്ദ്രേട്ടന് സങ്കടം വന്നെങ്കിലും പുറത്തു കാണിക്കാതെ അയാൾ നിന്നു…

” ഇതൊന്നും ആരും ഇഷ്ടം കൊണ്ട് ചെയ്തു തുടങ്ങുന്ന ജോലിയല്ല മോളെ, ജീവിതത്തിലെ ഓരോ അവസ്ഥകൾ വരുമ്പോൾ ഇറങ്ങുന്നത് ആണ് ഇതിനൊക്കെ, ചിലർ ഇട്ടെറിഞ്ഞു പോകും, ചിലർ പിന്നെ ഇഷ്ടമല്ലാഞ്ഞിട്ടും പ്രാരാബദങ്ങൾ ആലോചിച്ചിതിൽ തന്നെ നിൽക്കുന്നു, പക്ഷേ മോള് അങ്ങനെ നിൽക്കരുത് ഗീത പറഞ്ഞത് പോലെ തയ്യൽ പഠിക്ക്, നമുക്ക് കവലയിൽ ഒരു കട മുറി നോക്കാം അവിടെ ആകുമ്പോൾ തയ്യലൊക്കെ കിട്ടും… ”

അയാൾ അത് പറഞ്ഞ് അവൾക്ക് മുഖം കൊടുക്കാതെ പോകുമ്പോൾ, സ്വന്തം വാപ്പ പോലും മനസ്സിലാക്കാത്ത തന്നെ മോളെ പോലെ സ്നേഹിക്കുന്ന അയാളുടെ സ്നേഹം കണ്ടാണ് ആയിഷയുടെ കണ്ണ് നിറഞ്ഞത്…

തിരികെ കവലയിൽ എത്തുമ്പോൾ ഇരുട്ട് വീണു തുടങ്ങിയിരുന്നു…

” രണ്ടും കൂടി രാവിലെ പോയി ഇപ്പോൾ ആണോ വരുന്നേ…. അവൾക്ക് നല്ല ക്ഷീണം ഉണ്ടല്ലോടാ… ”

ഇരുട്ടിന്റെ മറവിൽ അങ്ങാടിയിലെ കടതിണ്ണയിൽ ഇരുന്നാരോ പറയുന്നത് കേട്ട് ആയിഷ തിരിഞ്ഞു നിൽക്കുമ്പോൾ, അവളുടെ കയ്യും പിടിച്ച് ചന്ദ്രേട്ടൻ നടന്നു…

” ആളുകൾ അങ്ങനേയ ഓരോന്ന് പറയും, നമ്മൾ തിരിഞ്ഞു നിന്ന് പ്രതികരിക്കാൻ തുടങ്ങിയാൽ അവരുടെ സംസാരം കൂടും, ആള് കൂടും. ഒന്നും മിണ്ടാതിരുന്നാൽ പതിയെ അവന്മാർ തന്നെ മടുത്ത് നിർത്തിക്കോളും… എന്ന് കരുതി എല്ലായിപ്പോഴും മിണ്ടാതെ ഇരിക്കരുത്, പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം. ഇതിപ്പോ വല്ല കള്ളും കുടിച്ചിരിക്കുന്നത് ആകും മോളത് വിട്…. ”

ആയിഷ ഒന്നും മിണ്ടാതെ ചന്ദ്രേട്ടനൊപ്പം നടന്നു…

” മോളെ ഇനിയൊന്നും ഉണ്ടാക്കാൻ നിൽക്കേണ്ട ഇവിടുന്ന് എടുക്കാം ചോറും കറിയും… ”

മക്കളെയും കൂട്ടി ആയിഷ പോകും മുന്നേ ഗീത പറഞ്ഞു…

” അത് സാരമില്ല ചേച്ചി…. ”

അത് പറഞ്ഞവൾ മക്കളെയും ചേർത്ത് പിടിച്ചാണ് വീട്ടിലേക്ക് പോയത്…

” അവളുടെ ഉള്ളിൽ ഇപ്പോഴൊരു വാശിയുണ്ട്, അതങ്ങനെ നിൽക്കട്ടെ, അവള് രക്ഷപെടും… ”

ചന്ദ്രേട്ടനത് പറയുമ്പോൾ കുളിക്കാനുള്ള ചൂട് വെള്ളം ഗീത എടുത്ത് വച്ചിരുന്നു….

**** ***** ****

” ഈ ഉന്നത വിജയം കരസ്ഥമാക്കിയ താങ്കളുടെ ജീവിതത്തിൽ ആരെങ്കിലും റോൾ മോഡലുണ്ടോ…. ”

മാധ്യമപ്രവർത്തകയുടെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ടവൾ എല്ലാവരെയുമൊന്ന് നോക്കി….

” ആയിഷ…. ആയിഷ ആണെന്റെ റോൾ മോഡൽ… ”

അവൾ പറയുന്നത് കേട്ട് എല്ലാവരുമൊന്ന് നിശബ്ദമായി….

” പെണ്ണ് കുറെ പഠിപ്പിച്ചിട്ടെന്തിനാ, ആരുടെയെങ്കിലും കൂടെ കെട്ടിച്ചു വിടാൻ ഉള്ളതല്ലേയെന്ന ചിന്തയുള്ള കുടുംബത്തിൽ ജനിച്ച ആയിഷ. അവൾക്ക് ഇഷ്ടമല്ലാഞ്ഞിട്ട് കൂടി പതിനെട്ടു തികയുമ്പോഴേക്കും ഭാര്യയായവൾ, മൂന്ന് വർഷത്തിനുള്ളിൽ രണ്ട് പെണ്മക്കളുടെ ഉമ്മയായവൾ, ഇരുപത്തി മൂന്നാം വയസ്സിൽ വിധവയായവൾ….

ഇരുപത്തി മൂന്ന് വയസ്സുള്ള, ചെറുപ്പക്കാരിയായ, കാണാൻ സൗന്ദര്യമുള്ള, വിധവയായ, തനിച്ചു താമസിക്കുന്ന ഒരു സ്ത്രീ സമൂഹത്തിൽ നിന്ന് എന്തെല്ലാം നേരിടേണ്ടി വരുമോ അതൊക്കെ നേരിട്ടവൾ. പുറത്തു ഇറങ്ങുമ്പോൾ ആൾക്കാരുടെ അർത്ഥം വെച്ച സംസാരവും, നോട്ടവും, രാത്രി ആകുമ്പോൾ വീടിന് ചുറ്റും കറങ്ങി നടക്കലും തട്ടി വിളികലും. സമൂഹത്തിന് സ്നേഹം തന്നോടല്ല തന്റെ ശരീരത്തിനോട്‌ മാത്രമാണെന്ന് തിരിച്ചറിഞ്ഞവൾ….

നല്ല ജോലി കിട്ടാൻ, കുടുംബം പോറ്റാൻ, സമൂഹത്തിൽ തല ഉയർത്തി ജീവിക്കാൻ പഠിപ്പ് തന്നെ വേണമെന്ന് മനസ്സിലാക്കിയ സ്ത്രീ. തന്റെ ഗതികേട് മക്കൾക്ക് വരാതെയിരിക്കാൻ, സമൂഹത്തിലെ കളിയാക്കലും, ഒറ്റപ്പെടുത്തലും വക വയ്ക്കാതെ എന്ത് ജോലിയും ചെയ്യാൻ മടി ഇല്ലാത്തവൾ. സ്വന്തം കാലിൽ നിൽക്കാൻ എത്ര വല്യ അധ്വാനവും ചെയ്യാൻ ഇറങ്ങിപുറപ്പെട്ടവൾ, അങ്ങനെ സ്വപ്നം കണ്ട് അതിനു വേണ്ടി പ്രയത്നിച്ച് ജയിച്ചവൾ, അവൾ ആണെന്റെ ഹീറോ ആയിഷ…. ”

അത് പറഞ്ഞവൾ വിരൽ ചൂണ്ടിയ ഇടത്തേക്ക് എല്ലാവരും നോക്കി…

” ആയിഷ ഗാർമെന്റ്സ്… ”

ആ വല്യ ബോഡിലേക്ക് ആയിരുന്നു എല്ലാവരുടെയും കണ്ണുകൾ….

” അവർ ജീവിത വിജയം നേടുക മാത്രമല്ല ഒപ്പം സമൂഹത്തിലെ പത്തൻപത് സ്ത്രീകൾക്ക് കൂടി അവർ ജോലി നൽകി…. ”

അവർക്കരികിലേക്ക് ഒരു സ്ത്രീ ഗ്ലാസും വെള്ളവുമായി വന്നു, അവർ വച്ച് നീട്ടിയതെല്ലാവരും വാങ്ങി…

“ഇതാണ് ആയിഷ… എന്റെ ഉമ്മച്ചി….”

വെള്ളവും കൊണ്ട് വന്ന സ്ത്രീയേ കെട്ടിപ്പിടിച്ചവൾ പറയുമ്പോൾ എല്ലാവരുടെയും മൈക്ക് ആയിഷയ്ക്ക് മുന്നിലേക്ക് നീങ്ങി…

” പറയാനുള്ളതൊക്കെ മോള് പറഞ്ഞു കഴിഞ്ഞു, എനിക്ക് കിട്ടാതെ പോയ പഠിപ്പ് എന്റെ മക്കൾക്ക് കൊടുക്കണമെന്ന ആഗ്രഹമേ എനിക്ക് ഉണ്ടായിരുന്നുള്ളു, അത് ഞാൻ കൊടുത്തു, ഇനിയുള്ള ഭാവി അവളുടെ കയ്യിലാണ്,… ”

മക്കൾ രണ്ടും ആയിഷയ്ക്ക് ഇരുവശവുമായി നിന്നു…

” പിന്നെ ഒരാളുടെ കാര്യം പറയാൻ മോള് വിട്ടുപോയി, വാപ്പയുടെയും ഉമ്മയുടെയും കിട്ടാതെ പോയ സ്നേഹം തന്ന് എന്നെ ഈ നിലയിൽ എത്തിക്കാൻ എനിക്കൊപ്പം നിന്ന ചന്ദ്രേട്ടനും, ഗീതേച്ചിയും…. അവരില്ലെങ്കിൽ ഞാനുമില്ല… ”

ആയിഷ തന്റെ ഇരുവശവും നിന്ന മക്കളെ ചേർത്ത് പിടിച്ചു…

” എടി മോൾക്ക് എന്തോ കോഴ്സ് പഠിക്കണമെന്ന് പറഞ്ഞില്ലേ, അതവളോട് നോക്കാൻ പറ കല്യാണമൊക്കെ പിന്നേ നോക്കാം… ”

ആൾക്കൂട്ടത്തിലാരോ ഫോൺ ചെയ്യുന്നത് കേട്ട് ആയിഷ മക്കളെ ഒന്ന് കൂടി മുറുക്കെ പിടിച്ചു കൊണ്ട് ആ മുഖങ്ങളിൽ മാറി മാറി നോക്കി ചിരിച്ചു….

 

✍️ശ്യാം കല്ലുകുഴിയിൽ…

Leave a Reply

Your email address will not be published. Required fields are marked *