രാത്രിയിൽ എന്തോ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്…. എന്താണതെന്ന് കാതോർത്തു.. ഒരു വാഹനത്തിന്റെ ശബ്ദം പോലെ… ഈ പാതിരാത്രിയിൽ വല്ല ക.ള്ള.ന്മാരും വന്നതായിരിക്കുമോയെന്ന്….

രാത്രിയിൽ എന്തോ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്….
എന്താണതെന്ന് കാതോർത്തു..

ഒരു വാഹനത്തിന്റെ ശബ്ദം പോലെ…
ഈ പാതിരാത്രിയിൽ വല്ല ക.ള്ള.ന്മാരും വന്നതായിരിക്കുമോയെന്ന് എനിക്ക് ഭയം തോന്നി.

അടുത്ത് കിടന്നുറങ്ങുന്ന ഭർത്താവ് റോഷനെ കുലുക്കി ഉണർമ്പോഴേക്കും
ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു..

ഇത് മോഷ്ട്ടാക്കൾ തന്നെ..
ഞാൻ മനസ്സിലുറപ്പിച്ചു…

എനിക്ക് ഭയം ഇരട്ടിച്ചു.
ഒന്നാമത് തൊട്ടടുത്ത് അയൽവക്കവും ഇല്ല..

എന്താടീ…. ഭർത്താവ് എന്നെ നോക്കി.

ആരോ ഗേറ്റ് തുറന്നു….

പിന്നെ,ഈ പാതിരാത്രിയിൽ ആര് ഗേറ്റ് തുറക്കാൻ…??

മുറ്റത്ത് നിന്നും എന്തോ ശബ്ദവും കേൾക്കുന്നുണ്ട്…

ഭർത്താവ് എഴുന്നേറ്റു, ജാഗ്രതയോടെ പുറത്തെ വാതിൽ തുറക്കാൻ തുടങ്ങിയതും ഞാൻ തടഞ്ഞു.

വേണ്ടാ വാതിൽ തുറക്കണ്ട…

പെട്ടന്ന് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് കോളിംഗ് ബെല്ലടിച്ചു…

ജനൽ തുറന്ന് നോക്കാം…
ഞാൻ ഭർത്താവിനെ വാതിൽ തുറക്കാൻ സമ്മതിച്ചില്ല.

അദ്ദേഹം ജനാല തുറന്ന് നോക്കി….

പുറത്ത് നിൽക്കുന്നത് എന്റെ അനിയനാണ്….

ഭർത്താവ് എന്നെ നോക്കി ചിരിച്ചിട്ട്, വാതിൽ തുറന്നു…

എന്താടാ ഈ മുതുപാതിരയ്ക്ക്
മനുഷ്യനെ പേടിപ്പിക്കാൻ നോക്കുകയാണോ..?? ഞാൻ ചോദിച്ചു..

ആഹാ… പേടിച്ചു പോയോ.
അവൻ അകത്തേക്ക് കയറി….

അപ്പച്ചൻ ഉറങ്ങിയ സമയം നോക്കി ഞാൻ ചാടിയതാ…
ഇന്നലെ പറമ്പിലെ നാളികേരം ഇട്ടു. അതുമായി വന്നതാ.
കൂടാതെ … നല്ല ഒന്നാന്തരം അരിയും.
കുറച്ച് പച്ചക്കറിയുമുണ്ട്.
കുഞ്ഞിന് മാർക്കറ്റിൽ നിന്നും വാങ്ങുന്ന ഒന്നും കൊടുത്ത് ശീലിപ്പിക്കരുത് ചേച്ചി.. അവരുടെ ആരോഗ്യം നശിക്കാൻ അത് മതി.
മായം കലർത്താത്ത എന്തെങ്കിലും ഇപ്പോൾ വാങ്ങാൻ കിട്ടുമോ…

വാ അളിയാ നമുക്ക് അതൊക്കെ ഇറക്കി വയ്ക്കാം..അവൻ പറഞ്ഞു..

എന്റെ ഭർത്താവും അവനും കൂടി സാധനങ്ങളൊക്കെ ഇറക്കി…

എടാ… നീ ഞങ്ങളെ ഒരുപാട് സഹായിച്ചു. ഇപ്പോൾ കുഴപ്പമില്ലാതെ ഞങ്ങൾ ജീവിക്കുന്നുമുണ്ട് മോനെ, ഇനി ഇങ്ങനെ സാധനങ്ങൾ ഒന്നും കൊണ്ടുവരണ്ട
അപ്പച്ചനറിഞ്ഞാൽ നിന്നെ ചീത്ത പറയും.
എന്റെ ഭർത്താവ് അവനോട് പറഞ്ഞു

അപ്പച്ചൻ അറിയില്ല… അറിയാതിരിക്കാൻ വേണ്ടിയല്ലേ ഈ പാതിരാത്രിയിൽ ഞാൻ സാധനങ്ങൾ കൊണ്ടുവന്നത്.അവൻ ചിരിച്ചു..

ഞാനവന് ചായ തിളപ്പിച്ച്‌ കൊടുത്തു..

അവൻ ചായ കുടിക്കുമ്പോൾ ഞാനവനെത്തന്നെ നോക്കുകയായിരുന്നു..

കാര്യം, ഞാൻ വളർത്തിയ
എന്റെ കുഞ്ഞനിയനാണ്, പക്ഷെ പ്രവർത്തികൾ കൊണ്ട് അവനിപ്പോൾ എന്റെ ചേട്ടനാണ്.

ഓർമ്മകൾ വന്നെന്നെ മൂടി.
പത്തുവർഷം മുൻപാണ് ഞാൻ റോഷനുമായി പ്രണയത്തിലായത് .അപ്പച്ചന് ആ ബന്ധത്തിൽ താല്പര്യം ഇല്ലായിരുന്നു. റോഷൻ സാമ്പത്തികമായി താഴ്ന്ന നിലയിൽ ഉള്ള ആളാണ്. റോഷന് പപ്പ മാത്രേ ഉള്ളൂ…
ഒരു ചെറിയ വീടും പത്തുസെന്റ് സ്ഥലവും മാത്രേ അവർക്കുള്ളൂ…
ആദ്യമൊക്കെ അപ്പച്ചൻ തടസ്സം പറഞ്ഞെങ്കിലും ഒടുവിൽ എന്റെ ആഗ്രഹം നടക്കട്ടെ എന്ന് പറഞ്ഞു.

ഞങ്ങളുടെ വിവാഹം നടത്താൻ തീരുമാനിച്ചു.
എൻഗേജ്മെന്റ് കഴിഞ്ഞ് നാലുമാസം കഴിഞ്ഞാണ് കല്യാണം നിശ്ചയിച്ചിരുന്നത്.

ആ ഒരു സമയത്താണ് റോഷൻ തല കറങ്ങി വീണത്..
പരിശോധനകൾക്കൊടുവിൽ റോഷന് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചു.
ഫസ്റ്റ് സ്റ്റേജ് ആണ്…

ആ വിവരമറിഞ്ഞതും അപ്പച്ചൻ ഞങ്ങളുടെ കല്യാണത്തെ എതിർത്തു, കൂടെ അമ്മച്ചിയും.

ഈ വിവാഹം നടക്കില്ലെന്നവർ തീർത്തു പറഞ്ഞു.
എന്നെ എങ്ങോട്ടും വിടാതെ വീട്ടിൽ തന്നെ ഇരുത്തി…

പക്ഷെ റോഷനെ ഉപേക്ഷിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല..

ഈ സമയത്തല്ലേ ഞാൻ കൂടെ വേണ്ടത്..

അപ്പച്ചനെ ധിക്കരിച്ച്‌ , അമ്മച്ചിയെ ധിക്കരിച്ച്, സകലതുമുപേക്ഷിച്ച്‌ ഞാൻ റോഷന്റെ വീട്ടിലേക്ക് പോന്നു…

മെഡിക്കൽ കോളേജിലായിരുന്നു റോഷന്റെ ചികിത്സ….

മകന്റെ രോഗം അറിഞ്ഞതിൽ പിന്നെ മാനസികമായി റോഷന്റെ പപ്പ തകർന്നു പോയി…

രണ്ടാളെയും താങ്ങിനിർത്താൻ തന്നെയായിരുന്നു എന്റെ തീരുമാനം…

പ്രിയപ്പെട്ടവരുടെ രോഗാവസ്ഥയിൽ ഇല്ലാതായി പോകുന്ന ഒന്നാണ് സ്നേഹമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല.
എന്റെ സ്നേഹം അങ്ങനെയില്ലാതായതുമില്ല.

റോഷന് ആത്മവിശ്വാസം പകരാൻ എന്നെക്കൊണ്ടായി, ചികിത്സയും മുന്നോട്ട് കൊണ്ട് പോയി…

പക്ഷെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ രോഗമുണ്ടോ എന്നറിയാൻ പരിശോധനകൾ ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ പപ്പക്ക് സഹിക്കാനായില്ല.
ഹൃദയഭാരം താങ്ങാനാവില്ലെന്നു തോന്നിയപ്പോഴാവാം പപ്പ ജീവിതമങ്ങ് മതിയാക്കി…

ഞാൻ ഒറ്റയ്ക്ക് എന്റെ റോഷനെ തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സമയത്താണ് എന്റെ അനിയൻ ആദ്യമായി വീട്ടിലേക്ക് വന്നത്.

അന്നവൻ ഒരുകെട്ട്
നോട്ട് എന്നെ ഏൽപ്പിച്ചു…

പിന്നെപ്പിന്നെ അവന് സാലറി കിട്ടുന്ന ദിവസം അവൻ വരും അവന് കിട്ടിയ ശമ്പളം,എനിക്ക് തരും.
വേണ്ടെന്ന് പറഞ്ഞാലും നിർബന്ധിച്ചു തരും…

ഇതിനിടയിൽ അമ്മച്ചിയെ കർത്താവ് തിരികെ വിളിച്ചു…

പരീക്ഷണങ്ങൾ മാത്രം നിറഞ്ഞ
ആ കാലഘട്ടത്തെ എങ്ങനെയതിജീവിച്ചു എന്നറിയില്ല

ചികിത്സയുടെ ഒടുവിൽ എനിക്കെന്റെ റോഷനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു കിട്ടി..

ഇപ്പോൾ ഏഴ് വർഷമായി ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു..
റോഷൻ ജോലിക്ക് പോകുന്നുണ്ട്.

ഞങ്ങളുടെ മോൾക്ക് ഒന്നര വയസേ ആയിട്ടുള്ളൂ..
മോളെ സ്കൂളിൽ വിടുന്ന പ്രായമായാൽ എനിക്കും ജോലിക്ക് പോകണമെന്നാണ് ആഗ്രഹം…

അപ്പച്ചനെ ധിക്കരിച്ചതിൽ മാപ്പ് പറയാൻ പലവട്ടം ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങിച്ചെന്നു.

അപ്പച്ചൻ എന്നോട് ക്ഷമിക്കാൻ തയ്യാറായില്ല..

ആയിടയ്ക്കാണ് അനിയൻ ജോലി വേണ്ടെന്ന് വച്ചത്.. ജോലിഭാരവും അവിടുത്തെ,
മാനസിക സംഘർഷങ്ങളും താങ്ങാൻ ആകുന്നില്ലെന്ന്..

ഞാനും പറഞ്ഞു ജോലിക്ക് പോകണ്ട.
ഇഷ്ട്ടം പോലെ പറമ്പ് ഉണ്ട്,
അതിലെ ആദായം മാത്രം മതി സുഖമായി ജീവിക്കാനെന്ന്.

പക്ഷെ , കാശിന്റെ കൈകാര്യം ഇപ്പോഴും അപ്പച്ചനാണ്….
അവനുണ്ടാക്കുന്നത് അവന് എടുക്കാം.. അത്രമാത്രം..

എന്നാലും അവൻ പറമ്പിലെ ഓരോ സാധനങ്ങളും അപ്പച്ചൻ അറിയാതെ കൊണ്ടുവന്നു തരും….

പക്ഷെ കഴിഞ്ഞ മാസം അപ്പച്ചൻ അവന്റെ കള്ളത്തരം കണ്ടുപിടിച്ചു…
ഇനി മേലിൽ ഇതാവർത്തിക്കരുതെന്ന് അവന് താക്കീതും നൽകി..

ഞാനും പറഞ്ഞു… ഇനി ഇങ്ങനെ ഓരോന്നും കൊണ്ടുവന്ന് അപ്പച്ചന്റെ ചീത്ത കേൾക്കണ്ട.
ഇപ്പോൾ ബുദ്ധിമുട്ടൊന്നും ഇല്ലാതെ കഴിയാൻഞങ്ങൾക്ക് പറ്റുന്നുണ്ട് അത് മതിയെന്ന്…

പിന്നെ അവൻ സാധനങ്ങളുമായി വന്നതുമില്ല…

ഇന്ന് ആദ്യമായാണ് ഈ പാതിരാത്രിയിൽ അവൻ സാധനങ്ങളുമായി വന്നത്.

അപ്പച്ചൻ ഗാഢനിദ്രയിലായിരിക്കുന്ന സമയം നോക്കി വന്നതാണ്.

പാവം എന്റെ അനിയൻ,
അവൻ എന്തുമാത്രം ഈ ചേച്ചിക്ക് വേണ്ടി കഷ്ടപ്പെട്ടു.
ജോലി ചെയ്ത് നേടിയ സാലറിയിൽ നിന്നും ഒരു രൂപ പോലുമെടുക്കാതെ അതേപടി സഹോദരിക്ക് കൊണ്ടുവന്നു തന്ന
ഏത് സഹോദരനുണ്ട് ഈ ഉലകത്തിൽ??

അവൻ മനസ്സ് നിറച്ചും സ്നേഹമുള്ളവനാണ്..
അപ്പച്ചനെ ധിക്കരിച്ച് സംസാരിക്കാൻ അവൻ ഒരിക്കലും തയ്യാറല്ല..
ഞാൻ എതിർത്തെന്തെങ്കിലും പറഞ്ഞാൽ നമ്മുടെ അപ്പച്ചനത് സഹിക്കാൻ കഴിയില്ല ചേച്ചി, എന്നാണവൻ പറയുക…

ഞാൻ പറഞ്ഞില്ലേ പ്രായംകൊണ്ട് അവൻ എന്റെ കുഞ്ഞനുജനാണെങ്കിലും
പക്വത കൊണ്ട് അവൻ എന്റെ ചേട്ടനാണ്…

ആരെയും വേദനിപ്പിക്കാതെ അവൻ പ്രിയപ്പെട്ടവരെ നിറയ്ക്കാൻ നോക്കുകയാണ്.

അടുത്ത മാസം അവന്റെ വിവാഹമാണ്..
അവനെപ്പോലെ മനസ്സ് നിറച്ചും സ്നേഹമുള്ള ഒരു പെൺകുട്ടിയാണ് വധുവായ് വരാൻ പോകുന്നത്..

അവൻ ഞങ്ങളുടെയൊക്കെ ജീവനാണ്.

അപ്പച്ചന്റെ ഏറ്റവും വലിയ പുണ്യവും അവനാണ്…അപ്പച്ചന്റെ മാത്രമല്ല എന്റെയും…

സാമ്പത്തിന് മാത്രം വില നൽകുന്ന
ഈ കാലഘട്ടത്തിൽ സ്നേഹത്തിന് മാത്രം പ്രാധാന്യം നൽകുന്ന എന്റെ അനിയനെ ഓർത്ത്‌ എനിക്കഭിമാനമാണ്…

അവൻ ഇല്ലായിരുന്നെങ്കിൽ പാതി വഴിയിൽ റോഷനെയും കൊണ്ട് ഞാൻ തളർന്നു വീണേനെ….

അല്ലെങ്കിലും…സഹോദര ബന്ധമെന്നത് ര.ക്ത.ബന്ധത്തിന്റെ മാത്രം പേരല്ലല്ലോ. സ്നേഹവും കരുതലും വിശ്വാസവും ചേർന്ന ആത്മബന്ധമല്ലേ…

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *