കയ്യിലെ സി ഗരറ്റ് പുകഞ്ഞു തീരാറായിട്ടും അയാൾ അത് കളഞ്ഞില്ല.
അല്ലെങ്കിലും വിരലുകളിലേക്ക് ചൂടു പടരുമ്പോഴാണ് അയാൾക്ക് ബോധം വീഴാറുള്ളത്,
അല്ലാത്ത നിമിഷങ്ങൾ ഏതോ മായാലോകതെന്ന പോലെ ആയിരുന്നു അയാളുടെ ഇരിപ്പ്!.
അന്ന് കവലയിൽ ബസ്സിറങ്ങി വരുമ്പോൾ സുഭദ്രയ്ക്ക് പഴയ പോലെയൊരു തിടുക്കമൊന്നുമില്ലായിരുന്നു.
തുണിക്കടയിലെ മടുപ്പിക്കുന്ന പ്രകാശത്തിലും തുണികളുടെ പൊടിപടലങ്ങൾക്കിടയിലും എരിഞ്ഞുതീരുന്ന ദിവസത്തിന്റെ തളർച്ച ആ കാലടികളിലുണ്ടായിരുന്നു.
സാരിത്തുമ്പ് ഇടുപ്പിൽ കുത്തി, അല്പം മുമ്പോട്ടു ആഞ്ഞു വളരെ വേഗത്തിൽ വീടെത്താൻ നടന്നു അവൾ.
ആ നടത്തത്തിനാണ് മുരളി കഴിഞ്ഞ പത്ത് കൊല്ലമായി കാത്തു നിൽക്കുന്നതും.
അവന്റ ആ ഇരിപ്പ് കണ്ട് കവലയിലെ പെട്ടിക്കടക്കാരൻ വാസു ഏട്ടൻ ഇടക്കിടെ അവനെ ശ്രദ്ധിച്ചുകൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു,
“എന്താടാ മുരളി … ഇന്ന് തോട്ടത്തിൽ പണി കുറവായിരുന്നോ?”
മുരളി പക്ഷേ അതിന് മറുപടി ഒന്നും പറയാതെ സുഭദ്ര പോകുന്നതും ശ്രദ്ധിച്ച് അതെ ഇരിപ്പിരുന്നു.
സുഭദ്ര ഇടവഴിയിലേക്ക് തിരിഞ്ഞു.
ഇരുട്ട് വീണു തുടങ്ങിയ ആ വഴിയിലേക്ക് മുരളിയും പതുക്കെ നടന്നു.
മുന്നിൽ അവൾ!.
പത്തടി പിന്നിൽ അയാൾ!.
ആ ദൂരമാണ് കുറച്ചു നാളുകളായി അവരുടെ ലോകം.
അവിടെ ആരും കടന്നുവരാറില്ല. സംസാരിക്കാൻ വാക്കുകളില്ലാത്തതുകൊണ്ടല്ല, വാക്കുകൾക്ക് താങ്ങാൻ കഴിയാത്തത്ര കനമുള്ളതുകൊണ്ട് മാത്രം മൗനത്തിൽ പൊതിഞ്ഞുവെച്ച ഒരു പ്രണയം!.
ഇടവഴിയിലെ ആഞ്ഞിലിമരത്തിന്റെ നിഴലിൽ എത്തിയപ്പോൾ അവൾ പെട്ടെന്ന് നടപ്പ് നിർത്തി.
തിരിഞ്ഞു നോക്കിയില്ല.
”മുരളീ …”
അവൾ വിളിച്ചു.
ആ വിളി പ്രതീക്ഷിച്ചു കാത്തു നിൽക്കുംപ്പോലെ മുരളി അവളുടെ ഒപ്പത്തിനൊപ്പം വന്നു നിന്നു.
”അടുത്ത മാസം പതിനാറിനാടോ…”
അവൾ താഴേക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു.
“അവർ ഉറപ്പിച്ചു. കാസറഗോട്ടുകാരനാ. അവിടെയാ പണി.”
കാറ്റിൽ ആഞ്ഞിലിയിലകൾ വീഴുന്ന ശബ്ദം മാത്രം കേട്ടു.
മുരളിയുടെ ഉള്ളിൽ എന്തോ ഒന്നു തകർന്നു വീണപോലെ.
പക്ഷേ, അയാളുടെ മുഖത്ത് ഒരു ചലനവുമുണ്ടായില്ല.
ഉള്ളിലെ കടലിനെ ആ കറുത്ത തൊലിക്കുള്ളിൽ ഒതുക്കിപ്പിടിക്കാൻ അയാൾക്ക് പണ്ടേ ശീലമായിരുന്നു.
”നല്ലതാ…”
അത് പറയുമ്പോൾ മുരളിയുടെ ശബ്ദം പതറിയില്ല.
“ഇവിടെനിന്നു ഒന്നു കരകയറണ്ടേ നിനക്ക്? പെങ്ങളുടേത് കഴിഞ്ഞു, ഇനി നിന്റേതുമാകട്ടെ.”
അവന്റ പുഞ്ചിരിക്ക് അന്നേരം വിഷാദത്തിന്റെ ചുവയായിരുന്നു.
”നിനക്കെന്നോട് ഒരു വാക്ക് ചോദിച്ചൂടെടാ?”
സുഭദ്രയുടെ ശബ്ദത്തിലും ചോദ്യത്തിലും ഒരു പിടച്ചിലുണ്ടായിരുന്നു.
അവൾ നിവർന്നുനിന്ന് അവന്റെ കണ്ണുകളിലേക്ക് നിറഞ്ഞ കണ്ണാൽ നോക്കി.
“ഒരു വാക്ക്… നീ പോകരുതെന്ന് ഒരൊറ്റ വാക്ക്… ഈ പത്തു കൊല്ലത്തിൽ എന്നെങ്കിലും നീയെന്നോട് പറഞ്ഞിട്ടുണ്ടോടാ?”
മുരളി സാവധാനം ഒരു സിഗരറ്റ് കൂടി കൊളുത്തി ആഞ്ഞു വലിച്ചു.
പുക അന്തരീക്ഷത്തിൽ പടർന്നു.
”ഞാൻ എന്ത് പറയാനാടി സുഭദ്രേ?”
അയാളുടെ കണ്ണുകളിൽ അപ്പോഴും ഒരു കുഞ്ഞിന്റെ ഭാവമായിരുന്നു.
“എന്റെ കൂടെ പോന്നാൽ നിനക്കെന്താ കിട്ടുക? ടാപ്പിംഗ് കത്തിയും, മാസം തികയുമ്പോൾ വാസു ഏട്ടന്റെ കടയിലെ പറ്റുപ്പുസ്തകവും.
അതല്ലല്ലോ നിനക്ക് വേണ്ടത്?
നീ അനുഭവിച്ച കഷ്ടപ്പാട് ഞാൻ കണ്ടതല്ലേ… നിന്റെ ആഗ്രഹങ്ങൾ എനിക്ക് അറിയാത്തതല്ലല്ലോ.”
അയാൾ മുഖമൊന്ന് അമർത്തി തുടച്ചുകൊണ്ട് അവളെ നോക്കി.
”എന്റെ ആഗ്രഹം എന്താണെന്ന് നീയെന്നോട് ചോദിച്ചിട്ടുണ്ടോ മുരളി ?”
ആ നിമിഷം അവളിൽ നിന്നൊരു തേങ്ങൽ പുറത്തേക്ക് പൊട്ടിയൊഴുകി .
“എനിക്ക് വലുതൊന്നും വേണ്ടായിരുന്നുടാ… ഈ ഇടവഴിയിലൂടെ നടക്കുമ്പോൾ നിന്റെ ഈ തോളിന്റെ ചൂട്… ഈ സാമിപ്യം!
നിന്റ നോട്ടത്തിൽ പോലും എനിക്ക് കിട്ടുന്ന സ്നേഹം.. പരിഗണന… അതൊക്കെ മതിയായിരുന്നു.
എന്റെ വീട്ടിലെ കഷ്ടപ്പാട് തീർക്കാൻ ഞാൻ പറയാതെ പോലും എന്റെ മനസ്സറിഞ്ഞപലപ്പോഴും നീ കയ്യിൽ വെച്ചു തന്ന കാശുണ്ടല്ലോ,
ആ ചേർത്തുപിടിക്കലിനെക്കാൾ വലിയതായി ഒന്നും ഒരു താലിചരടിൽ എനിക്ക് കിട്ടില്ലടാ…”
മുരളി തലതാഴ്ത്തി.
അയാളുടെ കയ്യിലെ സിഗരറ്റ് വിറയ്ക്കുന്നുണ്ടായിരുന്നു.
”വേണ്ടടി…
മനുഷ്യന്റെ മനസ്സ് വല്ലാത്തൊരു സാധനമാ. ഇന്ന് സ്നേഹമുള്ളത് നാളെ കഷ്ടപ്പാട് വരുമ്പോൾ വെറുപ്പായി മാറും. സാഹചര്യങ്ങൾ കൊണ്ട് മനസ്സ് മാറേണ്ടി വന്നാൽ , അന്ന് നീ എന്നെ വെറുക്കുന്നത് എനിക്ക് കാണേണ്ടി വന്നാൽ അതെനിക്ക് സഹിക്കില്ല .
നീ എവിടെയാണെങ്കിലും സന്തോഷമായി ജീവിക്കണം. നിന്നെ ഓർത്തുള്ള വിഷമം…… അത് ഞാൻ എന്റെ കൂടെക്കൊണ്ടുപൊയ്ക്കോളാം.”
അയാൾ തൻ്റെ മുഷിഞ്ഞ മുണ്ടുമടക്കികുത്തി തിരിഞ്ഞുനടക്കാൻ തുടങ്ങി.
”മുരളീ ..”
അവൾ പിന്നിൽ നിന്ന് വീണ്ടും വിളിച്ചു.
അയാൾ നിന്നില്ല.
”നീ ആ കല്ല്യാണത്തിന് വരില്ലേടാ?”
അയാൾ നടപ്പിന്റെ വേഗത കൂട്ടി. ഇരുട്ടിലേക്ക് മറയുന്നതിന് മുൻപ്, കാറ്റിൽ ഒഴുകിവന്ന അവന്റെ വാക്കുകൾ മാത്രം അവൾ കേട്ടു,
”ഞാൻ വന്നാൽ… നിന്റെ കണ്ണുകൾ എന്നെ തിരയും സുഭദ്രേ. അത് ആ വരുന്നവനോട് ചെയ്യുന്ന തെറ്റാകും.
നീ ഇറങ്ങിപ്പോകുമ്പോൾ ഞാൻ ഈ കവലയിലുണ്ടാകും. അന്നും ആരും കാണാതെ നിന്നെ ഞാൻ നോക്കും… ആദ്യമായി കണ്ട അന്നത്തെ അതേ ആവേശത്തോടെ…..”
അവൾ അവിടെത്തന്നെ തളർന്നു നിൽക്കുമ്പോൾ ആ വാക്കുകൾക്ക് വലിയ ഭാരം അനുഭവപ്പെട്ടു.
ഇന്നേക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും ആ ഇടവഴിയിലോ കവലയിലോ വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല.
മുരളി ഇപ്പോഴും വൈകുന്നേരങ്ങളിൽ പെട്ടിക്കടയുടെ ഉമ്മറത്തുണ്ടാകും.
കയ്യിൽ പുകയുന്ന സിഗരറ്റുമായി ആരും കാണാതെ, ഇടവഴിയിലേക്ക് കണ്ണും നട്ട്…
താൻ ഒരുകാലത്തും സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത, എന്നാൽ ജീവനായി കൊണ്ടുനടന്ന ആ പ്രണയത്തിന്റെ നിഴലോരം ചേർന്ന്!.
✍️ദേവൻ
