“ഗംഗേ കുഞ്ഞു കരയണ കേട്ടില്ലേ നീ..?” ഉറക്കത്തിന്റെ ആലസ്യത്തിൽ അയാൾ അവളെ തട്ടി ഉണർത്തി.
” വിശ്വേട്ടാ.. എനിക്ക് തീരെ വയ്യ. മോനെ ഒന്ന് എടുക്കുമോ? ” അവൾ തല അമർത്തിപ്പിടിച്ചു കൊണ്ട് അയാളോട് കെഞ്ചി.
“ഞാൻ എടുത്താൽ ഒന്നും മോന്റെ കരച്ചിൽ നിൽക്കില്ല നീ അവന് പാല് കൊടുക്ക്.”
അവൾക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി. മൈഗ്രേൻ കൂടെപ്പിറപ്പായ താൻ ഉറക്കം എന്താണെന്ന് പോലും മറന്നിരിക്കുന്നു. മറ്റുള്ളവരോട് പറയുമ്പോഴൊക്കെ പറയും രാത്രി ഉറങ്ങാൻ പറ്റിയില്ലെങ്കിൽ എന്താ പകൽ കുഞ്ഞു ഉറങ്ങുമ്പോൾ കൂടെ ഉറങ്ങാൻ.. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പകൽ കുഞ്ഞുറങ്ങുമ്പോഴാണ് ഓടി പിടഞ്ഞ് സകല ജോലികളും ചെയ്തു തീർക്കുന്നത് അല്ലെങ്കിൽ പിന്നെ നീ മാത്രമാണല്ലോ ലോകത്ത് ആദ്യമായി പ്രസവിച്ചത് എന്ന കുത്തുവാക്ക് കേൾക്കണം.. ഭക്ഷണം പോലും ആസ്വദിച്ചിരുന്നു കഴിച്ച കാലം മറന്നു.എല്ലാ പണിയും ചെയ്തുതീർത്ത് ഇത്തിരി നേരം ഉറങ്ങാമെന്ന് ആശിച്ചു വരുമ്പോഴേക്കും കുഞ്ഞു ഉണർന്ന് കരച്ചിൽ തുടങ്ങിയിട്ടുണ്ടാകും. അപ്പോൾ തോന്നുന്ന ഒരു സങ്കടം ഉണ്ട്.. കരച്ചിൽ വരും. പക്ഷേ മോന്റെ മുഖം കാണുമ്പോൾ എല്ലാം ഉള്ളിലൊതുക്കും.
അവൾ കുഞ്ഞിന് പാല് കൊടുത്തുറക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. തന്റെ വേദന മറന്ന് കുഞ്ഞിനെയും എടുത്ത് മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ അവൾ ചുരുണ്ടുകൂടി ഉറങ്ങുന്ന തന്റെ ഭർത്താവിനെ നോക്കി. ഇതിൽ യാതൊരു പങ്കുമില്ലാത്തത് പോലെ.. എന്തെങ്കിലും പറഞ്ഞാൽ പറയും നിനക്കൊക്കെ എന്തു സുഖം വെറുതെ കുട്ടികളെ പ്രസവിച്ചു വീടിനുള്ളിൽ തന്നെ ഇരുന്നാൽ പോരെ പുറത്തു പോകേണ്ട…സമ്പാദിക്കേണ്ട… കുട്ടിയാണെങ്കിൽ ഏതുസമയവും ഉറങ്ങിക്കോളും ഞാനല്ലേ കഷ്ടപ്പെടുന്നത് എന്ന്..ശരിയാണ് ഒരു കുഞ്ഞിനെ പ്രസവിച്ചു ഇടുക എന്നത് മാത്രമാണല്ലോ ഒരു സ്ത്രീയുടെ ധർമ്മം. പിന്നെയൊക്കെ അവൻ തനിയെ വളർന്നുകൊള്ളും. അല്ലെങ്കിൽ ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിന്റെ മേൽ എന്താണ് അവകാശം? നാളെ അവൻ അറിയപ്പെടാൻ പോകുന്നത് വിശ്വനാഥന്റെ മകൻ എന്നാണ്.. ജാതി പോലും അച്ഛന്റെയാണ് സ്വീകരിക്കേണ്ടത് സ്കൂളിൽ പേര് ചേർക്കുമ്പോൾ അവന്റെ പേരിനോടൊപ്പം അമ്മയുടെ പേരല്ലല്ലോ അച്ഛന്റെ പേരല്ലേ ചേർക്കുക..അപ്പോൾ പ്രസവിക്കുക എന്നതിനപ്പുറത്തേക്ക് പിന്നെ എന്ത് ധർമ്മമാണ് സ്ത്രീക്കുള്ളത്? ഉണ്ട്..അവൻ വലുതായി എന്തെങ്കിലും തെറ്റ് ചെയ്തു പോയാൽ അപ്പോൾ… അപ്പോൾ മാത്രം അമ്മയുടെ പേര് ചർച്ച ചെയ്യപ്പെടും. വളർത്തു ദോഷമാണെന്ന് പറയും.
കുറച്ചു സമയം എടുത്താണെങ്കിലും കുഞ്ഞ് ഉറങ്ങിയപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. വെളിച്ചം കണ്ടാൽ ഉറങ്ങാത്ത താൻ ഇപ്പോൾ ഏത് കുത്തുന്ന വെളിച്ചത്തിന് താഴെ കിടന്ന് സുഖമായി ഉറങ്ങും എന്ന് അവൾ ഓർത്തു. രണ്ടു മണിക്കൂർ എങ്കിൽ രണ്ടു മണിക്കൂർ സുഖമായൊന്നു ഉറങ്ങണം എന്നു മാത്രമേ ഇപ്പോൾ ആഗ്രഹമുള്ളൂ.
അവൾ വേഗം കണ്ണുകൾ വലിച്ചടച്ചു കുഞ്ഞിപ്പോൾ ഉണരല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട്.
ദിവസങ്ങൾ കടന്നുപോകുമ്പോൾ തന്റെ കുഞ്ഞിന്റെ വളർച്ച എത്രവേഗം ആയിരുന്നു എന്ന് അവൾക്ക് അതിശയം തോന്നി . ഇന്ന് അവൻ നടന്നു തുടങ്ങിയിരിക്കുന്നു!. ആദ്യനാളുകളിൽ ഒരു പണിയും ചെയ്യാൻ സമ്മതിക്കാതെ തൊട്ടിലിൽ കിടന്ന് കരയുമ്പോൾ മുട്ടിലിഴയുന്ന പ്രായമെങ്കിലും ആയി കിട്ടിയാൽ മതി എന്നായിരുന്നു. പിന്നെ മുട്ടിൽ ഇഴഞ്ഞ് കിട്ടിയതൊക്കെയും വായിലിടാൻ തുടങ്ങിയപ്പോൾ ആഗ്രഹിച്ചത് എത്രയും വേഗം ഒന്ന് നടന്നു കിട്ടിയാൽ മതിയെന്നായിരുന്നു. നടത്തമല്ല ഓട്ടമാണ്.. ഒന്ന് കണ്ണ് തെറ്റിയാൽ മതി എവിടെയെങ്കിലും പോയി മറഞ്ഞു നിൽക്കും.. ഇപ്പോൾ വിചാരിക്കുന്നത് ആ തൊട്ടിലിൽ കിടക്കുന്ന ഇത്തിരി കുഞ്ഞു തന്നെ മതിയായിരുന്നു എന്നാണ്.. അതാവുമ്പോൾ എങ്ങോട്ടും ഓടിപ്പോകും എന്തെങ്കിലുമൊക്കെ വായിലോടും എന്നൊരു പേടി ഇല്ലല്ലോ..
ഒരിക്കൽ കുഞ്ഞ് കട്ടിലിൽ നിന്ന് വീണെന്ന് പറഞ്ഞ് അമ്മയും മകനും കൂടി തന്നെ പറയാത്തത് ഒന്നുമില്ല എന്നവൾ ഓർത്തു. സത്യത്തിൽ വിശ്വേട്ടൻ കട്ടിലിൽ കിടക്കുന്നത് കൊണ്ടാണ് കുഞ്ഞിനെ അവിടെ കിടത്തി അടുക്കളയിലേക്ക് പോയത്. എഴുന്നേറ്റ് പോയപ്പോൾ തലയിണ വയ്ക്കാൻ മറന്നത് വിശ്വേട്ടനാണ്. പക്ഷേ അതിനും പഴി കേൾക്കേണ്ടി വന്നത് അവളാണ് കൊച്ചിനെ നോക്കണം എന്ന് പറഞ്ഞില്ല പോലും. ഒരു അച്ഛനോട് തന്റെ കുഞ്ഞിനെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറയണമെന്ന് അന്നാണ് അവൾക്ക് മനസ്സിലായത്. അല്ലെങ്കിലും നേരത്തെ പറഞ്ഞതുപോലെ കുഞ്ഞിനു എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ അമ്മമാർ മാത്രമാണല്ലോ ഉത്തരവാദികൾ.. കുഞ്ഞിന് പനിയോജനദോഷമോ വന്നാൽ പോലും അത് കുളിപ്പിച്ചിട്ട് നേരെ തോർത്തി കൊടുക്കാത്തത് കൊണ്ടും, ചർദ്ദിച്ചാൽ വയറ്റിന് പിടിക്കാത്തത് കൊടുത്തതുകൊണ്ടും,മെലിഞ്ഞാല് തിന്നാൻ ഒന്നും കൊടുക്കാത്തതുകൊണ്ടും മാത്രമായി. അതും അച്ഛനെ ആരും പറയില്ല അമ്മയെ മാത്രം.
കുഞ്ഞിനു രണ്ടു വയസ്സുള്ളപ്പോഴാണ് വിശ്വേട്ടന്റെ അമ്മ മരിക്കുന്നത്. കുറ്റപ്പെടുത്തുമെങ്കിലും പണിയെടുക്കുന്ന നേരങ്ങളിൽ കുഞ്ഞിനെ നോക്കാൻ ഒരാളുണ്ടായിരുന്നു. അമ്മ കൂടി പോയപ്പോൾ കുഞ്ഞിനെ നോക്കലും വീട്ടു പണിയുമെല്ലാം തന്റെ ഉത്തരവാദിത്വം മാത്രമായി. പലപ്പോഴും വീടുപണികൾ മാറ്റിവെച് കുഞ്ഞിന്റെ പുറകെ നടക്കലാണ് പതിവ്. പേടിയാണ് അവനെ തനിച്ചിരുത്താൻ.. ബാത്റൂമിൽ പോകുമ്പോൾ പോലും കുഞ്ഞിനെയും കൊണ്ടാണ് പോകുന്നത്.അപ്പോഴും ജോലി കഴിഞ്ഞു വരുമ്പോൾ വിശ്വേട്ടന്റെ വക ശകാരം കേൾക്കും.
” നിനക്ക് ഈ വീട് ഒന്നു വൃത്തിയാക്കി വെച്ചുകൂടെ എന്തിനാണ് സകല ടോയ്സും ഇങ്ങനെ വലിച്ചുവാരി ഇട്ടിരിക്കുന്നത് നിനക്ക് ഇവിടെ പിന്നെ എന്താണ് പണി? ഒന്നിനെ പോലും നോക്കാൻ വയ്യ.നാലഞ്ചെണ്ണത്തിനെ നോക്കി വളർത്തിയതാ എന്റെ അമ്മ എന്നാലും എന്തൊരു അടക്കം ചിട്ടയും ആയിരുന്നു. “എന്ന് തുടങ്ങി കുറ്റപ്പെടുത്തലുകളുടെ ചരട് അഴിക്കും. എന്നാൽ രാത്രി ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയാൽ അതിനും കേൾക്കണം പഴി..” ഓരോ ഭാര്യമാർ ഭർത്താക്കന്മാരെ നോക്കുന്നത് കണ്ടാൽ കൊതിയാകും. നിനക്ക് പിന്നെ കുട്ടിയായതിനു ശേഷം എന്നെ മൈൻഡ് ചെയ്യാനെ നേരമില്ലല്ലോ.. കുട്ടിയെ ഉറക്കി കിടത്തിയിട്ട് എന്റെ അടുത്ത് വരാൻ പറഞ്ഞാൽ കുഞ്ഞിന്റെ കൂടെ നീയും കിടന്നുറങ്ങും.. നിനക്ക് ഉറക്കം മാത്രം മതിയല്ലോ എന്റെ ആവശ്യങ്ങളൊന്നും നിനക്ക് വലുതല്ലല്ലോ… ” അപ്പോഴൊക്കെയും അവൾ മൗനമായി നിന്നു.
” കുട്ടിക്ക് ഇപ്പോൾ മൂന്നു വയസ്സ് ആയില്ലേ ഇനി രണ്ടാമത്തേതിനെ പറ്റി ചിന്തിച്ചു കൂടെ.. ” നാട്ടുകാരുടെ ചോദ്യം കേൾക്കുമ്പോഴൊക്കെയും അവൾ അത് മനപ്പൂർവം കേട്ടില്ലെന്ന് നടിച്ചു. ഉറക്കമില്ലാത്ത രാത്രിയെയും കുത്തു വാക്കുകളെയും കുറിച്ച് ഓർക്കുമ്പോൾ കിച്ചൂട്ടന് ഒരു കൂട്ടു വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ കൂടി നെഞ്ചിനകത്ത് ഭയമാണ്.
അന്ന് പിരീഡ്സ് ആയ ഒരു ദിവസമായിരുന്നു. പതിവിലും വിപരീതമായി അവൾക്ക് നല്ലതുപോലെ വയറുവേദന അനുഭവപ്പെട്ടു.
ഒരു ഗ്ലാസ് കട്ടൻ ചായ മാത്രം കുടിച്ചാണ് അന്നത്തെ ദിവസം അവൾ കഴിച്ചുകൂട്ടിയത്. രണ്ടുദിവസം അംഗൻവാടി അവധി ആയതിനാൽ കിച്ചൂട്ടനെ അവിടെ ആക്കാനും നിവർത്തി ഉണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ ആണ് കുഞ്ഞിന് ആഹാരം കൊടുത്തത്. എന്നും പുറകെ കൊണ്ട് നടന്ന് കഥ പറഞ്ഞാലേ എന്തെങ്കിലും ഒരു തരി അവൻ അകത്താക്കുകയുള്ളൂ. വിശ്വൻ വരുമ്പോഴും കിച്ചുവിന്റെ കയ്യിൽ മൊബൈലും കൊടുത്ത് അവൾ കമഴ്ന്ന് അടിച്ചു കിടക്കുകയായിരുന്നു. മൊബൈൽ കയ്യിൽ കിട്ടിയാൽ മാത്രമേ അവൻ അടങ്ങിയിരുന്നിരുന്നുള്ളൂ..
“ഇരുപത്തി നാലു മണിക്കൂറും കൊച്ചിന്റെ കയ്യിൽ ഫോണാണ്.. കൊച്ചിനെയും നോക്കാതെ ഈ സന്ധ്യ സമയത്ത് അവൾ കിടന്നുറങ്ങുന്നു.” വന്നതും കാര്യം അറിയാതെ വിശ്വൻ വഴക്ക് തുടങ്ങി.
“എന്റെ പൊന്നു വിശ്വേട്ടാ ഞാൻ എല്ലായിപ്പോഴും അവന്റെ കയ്യിൽ ഫോൺ കൊടുക്കാറുണ്ടോ? പീരിയഡ്സ് ആയിട്ട് വേദന സഹിക്കാൻ വയ്യ.. ഒന്ന് കിടക്കാൻ വേണ്ടിയാ കുറച്ച് സമയത്തേക്ക് ഞാൻ അവന്റെ കയ്യിൽ ഫോൺ കൊടുത്തത്.”
“ഓ പിന്നെ.. നിനക്ക് മാത്രമാണല്ലോ ഈ പീരിയഡ്സ്. പണ്ടത്തെ ആളുകളും ഇതൊക്കെ സഹിച്ചു തന്നെയാ കുടുംബം നോക്കിയിരുന്നത്. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ആണുങ്ങളുടെ മെക്കിട്ട് കയറാനുള്ള അടവാണല്ലോ പീരിയഡ്സും മൂഡ് സിംങ്സും.”
അത്രയും പറഞ്ഞപ്പോൾ അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
“നിർത്ത് വിശ്വേട്ടാ.. ഞാൻ എല്ലാവരുടെയും കാര്യമല്ല പറഞ്ഞത് എന്റെ കാര്യമാ.. പിന്നെ ഇന്ന് വരെ ഞാൻ ഇത് എന്തെങ്കിലും പറഞ്ഞ് നിങ്ങളുടെ മെക്കിട്ട് കയറാൻ വന്നിട്ടുണ്ടോ? അത്ര സഹിക്കാൻ വയ്യാഞ്ഞിട്ടാണ്.. പിന്നെ കുഞ്ഞിനെ നോക്കുക എന്നത് എന്റെ മാത്രം ഉത്തരവാദിത്വം അല്ലല്ലോ..എന്നെപ്പോലെ തന്നെ നിങ്ങൾക്കും അതിൽ അവകാശമുണ്ട്.”
” ഓഹോ.. അപ്പോൾ ജനിപ്പിച്ച കുഞ്ഞിനെ നോക്കുന്നതിന് കണക്ക് വരെ പറഞ്ഞു തുടങ്ങി അല്ലേ?കൊള്ളാം.. വേണ്ട കുഞ്ഞിനെ നോക്കാൻ എനിക്കറിയാം നീ ഇല്ലെങ്കിലും ഇവിടുത്തെ കാര്യങ്ങൾ ഭംഗിയായി നടക്കുമോ എന്ന് എനിക്ക് അറിയണം. ”
തന്റെ മാനസിക അവസ്ഥ പോലും മനസ്സിലാക്കാതെ കുഞ്ഞിനെയും എടുത്തയാൾ അടുക്കളയിലേക്ക് പോകുന്നത് കണ്ട് സങ്കടം തോന്നിയെങ്കിലും അവൾ അനങ്ങിയില്ല.
പിറ്റേന്ന് അടുക്കളയിൽ പാത്രങ്ങളുടെ കലപില ശബ്ദം കേട്ടപ്പോഴും, അയാൾ തനിച്ച് വീട് വൃത്തിയാക്കുന്നത് കണ്ടപ്പോഴും, കൊച്ചിനെ കൂട്ടാൻ പാടുപെടുന്നത് കണ്ടപ്പോഴും, പലയിടങ്ങളിലും നടു നിവർത്തി ദീർഘനിശ്വാസം ഇടുന്നത് കണ്ടപ്പോഴും അവൾ അനങ്ങിയില്ല.
അടുക്കളയിൽ കയറില്ല എന്നല്ലായിരുന്നു അവൾ തീരുമാനിച്ചത് തുണി അലക്കില്ലെന്നോ വീട് വൃത്തിയാക്കില്ലെന്നോ അല്ല മനസ്സിൽ ഉറച്ചിരുന്നത്.. ബാത്റൂമിൽ പോകണം എന്ന് പറഞ്ഞു കരഞ്ഞ സ്വന്തം കുഞ്ഞിനെ വേദനയോടെയാണെങ്കിലും കണ്ടില്ലെന്ന് നടിച്ചത് മറ്റൊന്നിനും വേണ്ടി ആയിരുന്നില്ല. ഉടുപ്പിൽ കാര്യം സാധിച്ചു നിൽക്കുന്ന കുഞ്ഞിനെ എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന തന്റെ ഭർത്താവിനു മനസ്സിലാക്കി കൊടുക്കണം ആയിരുന്നു കൊച്ചിനെ വളർത്തണതും വീട് നോക്കണതും ചെറിയ കാര്യങ്ങൾ അല്ലെന്ന്..
✍️അംബിക ശിവശങ്കരൻ.
