പതിവുപോലെ ഒരു ദിവസം വീട്ടിലേക്ക് വന്നു കയറിയപ്പോൾ അവളെന്നോട് ചോദിച്ചു, “നിങ്ങളേതാ?” ആ ചോദ്യം കേട്ട നിമിഷം ഞാൻ ഒന്ന് പകച്ചുപോയി.….

പതിവുപോലെ ഒരു ദിവസം വീട്ടിലേക്ക് വന്നു കയറിയപ്പോൾ അവളെന്നോട് ചോദിച്ചു,

“നിങ്ങളേതാ?”

ആ ചോദ്യം കേട്ട നിമിഷം ഞാൻ ഒന്ന് പകച്ചുപോയി.

അവൾ തമാശ പറയുകയാണെന്നാണ് ഞാൻ ആദ്യം കരുതിയത്.

ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു,

“എന്താടോ കളിയാക്കുവാണോ?… ഇത് ഞാനാടോ… തനിക്കെന്നെ മനസ്സിലായില്ലേ?”

അവൾ എന്നെ കുറച്ചുനേരം നോക്കി നിന്നു.

ആ കണ്ണുകളിൽ പരിചയത്തിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല.

പിന്നെ പെട്ടെന്ന് ഭയന്നതുപോലെ അവൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.

എന്റെ നെഞ്ചിനുള്ളിൽ എന്തോ തകർന്നുവീണതുപോലെ തോന്നി.

ഇരുപത്തിയഞ്ച് വർഷമായി എന്റെ കൂടെ ജീവിക്കുന്ന സ്ത്രീയാണ് മുന്നിൽ നിൽക്കുന്നത്.

എന്റെ കൈപിടിച്ച് നടന്നവൾ…

എന്റെ മക്കളുടെ അമ്മ…

എന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂടെയുണ്ടായിരുന്നവൾ…

പക്ഷേ ആ നിമിഷം അവളുടെ കണ്ണുകളിൽ ഞാൻ ഒരു അപരിചിതൻ മാത്രമായിരുന്നു.

എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുയർന്നു.

“എന്താണ് സംഭവിക്കുന്നത്?”

ഡോക്ടറെ കണ്ടപ്പോഴാണ് സത്യം ഞാൻ അറിഞ്ഞത്.

അവൾക്ക് അൽഷിമേഴ്‌സ് ആണത്രേ.

ആ വാക്ക് കേട്ടപ്പോൾ ആദ്യം ഒന്നും മനസ്സിലായില്ല.

പിന്നീട് ഡോക്ടർ പറഞ്ഞ ഓരോ വാക്കും എന്റെ ഉള്ളിലേക്ക് പതുക്കെ കുത്തിയിറങ്ങി.

“ഇത് പതിയെ പതിയെ കൂടുന്ന രോഗമാണ്. ആദ്യം ചെറിയ കാര്യങ്ങളായിരിക്കും മറക്കുക. പിന്നെ അടുത്ത ആളുകളെയും സ്ഥലങ്ങളെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകും…”

വീട്ടിലേക്ക് മടങ്ങുമ്പോൾ അവൾ എന്റെ കൈയിൽ പിടിച്ചിരുന്നു.

പക്ഷേ ആ കൈപിടിച്ചിരുന്നത് ആരാണെന്ന് അവൾക്കപ്പോൾ അറിയില്ലായിരുന്നു.

ഞാൻ പഴയതൊക്കെ ഒന്നോർത്തെടുക്കാൻ ശ്രമിച്ചു.

ആദ്യമൊക്കെ അവൾ ചെറിയ കാര്യങ്ങളായിരുന്നു മറന്നിരുന്നത്.

രാവിലെ ചായ വെച്ചിട്ട് ഗ്യാസ് ഓഫ് ചെയ്യാൻ മറക്കും.

പച്ചക്കറി വാങ്ങാൻ പോയിട്ട് എന്തിനാണ് പോയതെന്ന് മറക്കും.

“നമ്മുടെ മകൾ ഇന്നലെ വിളിച്ചിരുന്നില്ലേ?” എന്ന് ചോദിക്കും.

ഞാൻ പറയും,

“വിളിച്ചിരുന്നു.”

അവൾ കുറച്ചുനേരം ആലോചിച്ചിട്ട് ചോദിക്കും,

“ആരായിരുന്നു?”

ഞാൻ ചിരിച്ചുകൊണ്ട് പറയും,

“നമ്മുടെ മോളായിരുന്നു.”

അവൾക്കും ചിരി വരും.

“ആണോ?”

ആ ചിരിയുടെ പിന്നിൽ എന്തോ നഷ്ടപ്പെടുന്നുണ്ടെന്ന് അന്നെനിക്ക് മനസ്സിലായിരുന്നില്ല.

കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ അവൾക്ക് സ്വന്തം വീട്ടിലെ മുറികൾ പോലും പരിചയമില്ലാതായി.

ഒരു ദിവസം അടുക്കളയിൽ നിന്നെന്നോട് വിളിച്ചു ചോദിച്ചു

“ഇവിടെ വെച്ച എന്റെ പാത്രങ്ങൾ എവിടെയാ?”

ഞാൻ പറഞ്ഞു,

“അതൊക്കെ ഇവിടെയുണ്ടല്ലോ .”

“ഇത് എന്റെ വീടല്ലേ?”

ഞാൻ ഒന്നും പറയാതെ അവളുടെ അടുത്തേക്ക് ചെന്നു.

“അതെ…ഇത് നമ്മുടെ വീടാണ്.”

അവൾ എന്നെ നോക്കി.

“നമ്മുടെയോ?”

“അതെ.”

“നിങ്ങൾ ആരാ?”

എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്താൻ ഞാൻ ശ്രമിച്ചു.

“ഞാൻ…”

വാക്കുകൾ പുറത്തേക്ക് വന്നില്ല.

നിന്റെ ഭർത്താവ്’എന്ന് പറയാൻ പോലും എന്റെ തൊണ്ട ഇടറി.

അവൾ എന്നെ തന്നെ നോക്കി നിന്നു.

ഞാൻ പതുക്കെ പറഞ്ഞു,

“ഞാൻ നിന്റെ കൂടെയുള്ള ആളാണ്.”

അവൾ തലയാട്ടി.

അത് മതിയായിരുന്നു എനിക്ക്.

പിന്നീടവൾ പഴയ ഫോട്ടോകൾ എടുത്ത് നോക്കുന്നത് പതിവായി.

ഒരു ഫോട്ടോയിൽ ഞങ്ങൾ രണ്ടുപേരും വിവാഹ വേഷത്തിൽ.

അവൾ അതിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു,

“ഇവരാരാ?”

“നീയും ഞാനും.

“നമ്മളോ?”

“അതെ.”

അവൾ കുറച്ചുനേരം ഫോട്ടോ നോക്കി.

പിന്നെ എന്നെ നോക്കി ചോദിച്ചു,

നിങ്ങൾ ഇത്ര സുന്ദരിയായിരുന്നോ?

ആ ചോദ്യം കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു.

അപ്പൊ ഞാനൊ?

“നീ ഇപ്പോഴും സുന്ദരിയാണ്.”

അവൾ ചിരിച്ചു.

“കള്ളം പറയല്ലേ…”

ഞാൻ അവളുടെ തലയിൽ പതുക്കെ തലോടി.

“ഇല്ല… സത്യമാണ്.”

അവൾക്ക് എന്നെ ഓർമ്മയില്ലായിരുന്നു.

ഒരു ദിവസം രാവിലെ അവൾ അലമാര തുറന്ന് തന്റെ വിവാഹസാരി എടുത്തു.

“ഇത് ആരുടേതാ?”

“നിന്റേതാണ്.”

“എന്റെ?”

“അതെ.”

“ഞാൻ ഇത് എപ്പോഴാണ് വാങ്ങിയത്?”

“ഇരുപത്തിയഞ്ച് വർഷം മുമ്പ്.”

അവൾ അത്ഭുതത്തോടെ എന്നെ നോക്കി.

“ഇത്ര പഴയതാണോ?”

“അതെ.”

“അപ്പോൾ ഇത് സൂക്ഷിച്ചുവച്ചത് ആരാണ്?”

ഞാൻ അവളെ നോക്കി ചിരിച്ചു.

“നീ തന്നെ.”

അവൾ സാരി നെഞ്ചോട് ചേർത്തുപിടിച്ചു.

“എന്തിനാ ഇത്രയും വർഷം സൂക്ഷിച്ചത്?”

ഞാൻ പതുക്കെ പറഞ്ഞു,

“ചില സാധനങ്ങൾ പഴയതാകില്ല… ഓർമ്മകൾ മാത്രമേ പഴയതാകൂ.”

അവൾക്ക് ആ വാക്കിന്റെ അർത്ഥം മനസ്സിലായില്ല.പക്ഷെ എനിക്കായിരുന്നു മനസ്സിലായത്.

കാലം പിന്നെയും കടന്നുപോയി.

അവൾക്ക് മക്കളെ തിരിച്ചറിയാൻ കഴിയാതെയായി.

സ്വന്തം മക്കൾ വീട്ടിലേക്ക് വന്നാൽ അവൾ എന്നോട് ചോദിക്കും,

“ഇവരാരാ?”

“നമ്മുടെ മക്കളാണ്.”

“എന്റെ മക്കളോ?”

“അതെ.”

അവൾ അവരെ നോക്കി പുഞ്ചിരിക്കും.

“നല്ല കുട്ടികളാണല്ലോ…”

മക്കൾ മുറിക്ക് പുറത്തേക്ക് പോയി കരയും.

അമ്മയെ ഓർമ്മയില്ലാത്തതിൽ അവർക്കും വേദനയുണ്ടായിരുന്നു.

പക്ഷേ എനിക്കറിയാമായിരുന്നു…

അവൾ ഞങ്ങളെ മറക്കുന്നത് അവളുടെ കുറ്റമല്ലെന്ന്.

അവളുടെ മനസ്സിൽ നിന്ന് ഓർമ്മകൾ ഒന്നൊന്നായി മാഞ്ഞുപോകുകയായിരുന്നു.

ഒരു രാത്രി അവൾ എന്നോട് ചോദിച്ചു,

“എന്റെ ഭർത്താവ് എവിടെയാ?”

ഞാൻ അവളുടെ അരികിൽ തന്നെയിരുന്നു.

“അറിയില്ലേ?”

“ഇല്ല.”

“എന്തിനാ അന്വേഷിക്കുന്നത്?”

“എനിക്ക് പേടിയാകുന്നു.അദ്ദേഹം വന്നില്ലെങ്കിൽ?”

എന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.

ഞാൻ അവളുടെ കൈപിടിച്ചു.

“അദ്ദേഹം വരും.”

“എപ്പോൾ?”

“കുറച്ചു കഴിഞ്ഞു വരും.

അവൾ എന്റെ കൈ മുറുകെ പിടിച്ചു.

“അദ്ദേഹം നല്ല മനുഷ്യനാണോ ?”

ഞാൻ ചിരിച്ചു.

“അതെ.”

“എന്നെ സ്നേഹിക്കുമോ?”

“ഒരുപാട്.”

“എന്നെ വിട്ടുപോകില്ലല്ലോ?”

എന്റെ കണ്ണുനീർ അവളുടെ കൈയിൽ വീണു.

“ഒരിക്കലും ഇല്ലാ .”

അവൾ കണ്ണടച്ച് ഉറങ്ങിപ്പോയി.

ആ രാത്രി മുഴുവൻ ഞാൻ അവളുടെ കൈപിടിച്ചുതന്നെ ഇരുന്നു.

പിന്നീടവൾ എന്നെ ഭർത്താവായി ഓർക്കാതെയായി.

എന്റെ പേര് മറന്നു.

എന്റെ ശബ്ദം മറന്നു.

ഞങ്ങളുടെ വിവാഹദിവസം മറന്നു.

ഞങ്ങൾ ആദ്യമായി കണ്ട ദിവസം മറന്നു.

മക്കളെ മറന്നു.

എന്നോടൊപ്പം ജീവിച്ച ഇരുപത്തിയഞ്ച് വർഷങ്ങൾ മറന്നു.

പക്ഷേ എന്റെ കൈപിടിച്ചാൽ അവൾക്ക് സമാധാനം തോന്നുമായിരുന്നു.

ഞാൻ അടുത്തില്ലെങ്കിൽ അവൾ അസ്വസ്ഥയാകുമായിരുന്നു.

ഞാൻ മുറിയിൽ കയറുമ്പോൾ അവൾ ചിലപ്പോൾ പേടിക്കും.

പക്ഷേ ഞാൻ അവളുടെ കൈപിടിച്ചാൽ അവൾ ശാന്തയാകും.

ഒരു ദിവസം ഞാൻ ചോദിച്ചു,

“എന്നെ ഓർമ്മയില്ലേ?”

അവൾ തലകുലുക്കി.

“ഇല്ല.”

“പക്ഷേ എന്റെ കൈപിടിക്കുമ്പോൾ എന്തിനാണ് പേടി മാറുന്നത്?”

അവൾ കുറച്ചുനേരം എന്റെ കൈ നോക്കി.

പിന്നെ പറഞ്ഞു,

“അറിയില്ല.പക്ഷേ ഈ കൈ പരിചയമുള്ളതുപോലെ തോന്നുന്നു.”

അത്രയും കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി.

അവളുടെ ഓർമ്മകൾ എന്നെ ഉപേക്ഷിച്ചിരുന്നെങ്കിലും, അവളുടെ ഹൃദയം എവിടെയോ എന്നെ തിരിച്ചറിഞ്ഞിരുന്നു

പോകെ പോകെ അവൾക്ക് സംസാരിക്കാനും ബുദ്ധിമുട്ടായി.

ഒരു ദിവസം ഞാൻ അവളുടെ അരികിൽ ഇരുന്നു.

“ഞാൻ ആരാണെന്നറിയാമോ?”

അവൾ ഒന്നും പറഞ്ഞില്ല.

ഞാൻ അവളുടെ കൈയിൽ എന്റെ കൈ വെച്ചു.

അവൾ പതുക്കെ എന്റെ വിരലുകൾ മുറുകെ പിടിച്ചു.

കുറച്ചുനേരം എന്നെ തന്നെ നോക്കിയിരുന്നു.

അന്നേരം എന്റെ ഹൃദയം പൊട്ടിപ്പോയതുപോലെ തോന്നി.

ഞാൻ അവളുടെ നെറ്റിയിൽ ഒരുമ്മ നൽകി.

“നിനക്കെ ഓർമ്മയില്ലെങ്കിലും കുഴപ്പമില്ല…

“നമ്മൾ ജീവിച്ച ഇരുപത്തിയഞ്ച് വർഷവും ഞാൻ ഓർത്തോളാം.”

“നീ മറന്നുപോയ ഓരോ ദിവസവും ഞാൻ നിനക്കായി ഓർത്തുവെച്ചോളാം.”

അവൾ കണ്ണടച്ചു.

എന്റെ കൈ അവളുടെ കൈക്കുള്ളിൽ തന്നെയുണ്ടായിരുന്നു.

അവൾക്കെന്നെ ഓർമ്മയില്ലായിരുന്നു.

പക്ഷേ ഞാനവളെ എന്നും ഓർത്തുകൊണ്ടിരുന്നു.

കാരണം…

സ്നേഹം എന്നത് ഒരാൾ നമ്മളെ ഓർക്കുന്നതുവരെ കൂടെയുണ്ടാകുന്നതല്ല.
ഒരാൾ നമ്മളെ മറന്നുപോയാലും, നമ്മൾ അവരെ മറക്കാതെ കൂടെയുണ്ടാകുന്നതാണ്.

കഥ :ഓർമ്മയുടെ മറവിൽ

✍️അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *