രാവിലെ എനിക്കായുള്ള പതിവ് ചായയുമായി വന്ന എന്റെ ഭാര്യയെ ഞാൻ കണ്ണെടുക്കാതെയൊന്നു നോക്കി.ഇന്നു ഞങ്ങളുടെ ഇരുപത്തി അഞ്ചാം വിവാഹവാർഷികമാണ്.…

രാവിലെ എനിക്കായുള്ള പതിവ് ചായയുമായി വന്ന എന്റെ ഭാര്യയെ ഞാൻ കണ്ണെടുക്കാതെയൊന്നു നോക്കി.ഇന്നു ഞങ്ങളുടെ ഇരുപത്തി അഞ്ചാം വിവാഹവാർഷികമാണ്.

മുടിയിഴകളിൽ ഇച്ചിരി നര കയറിയിരിക്കുന്നു.
മുഖത്ത് കാലം വരച്ച ചില നേർത്ത വരകളും ഉണ്ടെങ്കിലും ഇന്നുമെനിക്കവളാ പഴയ പതിനെട്ടുകാരി തന്നെയായിരുന്നു…

ചായക്കപ്പ് എന്റെ കൈകളിലേക്ക് നീട്ടുമ്പോൾ അവൾ പതിവുപോലെ ചോദിച്ചു,

“എന്താ എന്നെയിങ്ങനെ നോക്കുന്നേ?”

ഞാൻ ഒന്നും പറഞ്ഞില്ല.

അവൾ തല താഴ്ത്തി അടുക്കളയിലേക്ക് തിരിഞ്ഞുനടന്നു.

ഞാൻ ചുവരിൽ തൂക്കിയിരുന്ന പഴയ ഫോട്ടോയിലേക്ക് വെറുതെയൊന്ന് നോക്കി. ചുവന്ന സാരിയിൽ അഴിച്ചിട്ട മുടിയിൽ വളരെ സുന്ദരിയായ അവളെ എന്റെ മനസ്സ് പെട്ടെന്ന് ഇരുപത്തിയഞ്ച് വർഷം പുറകിലേക്ക് ഓടിപ്പോയി.

ഞാൻ കോളേജിൽ പഠിച്ചിരുന്ന കാലം…

അന്നത്തെ കോളേജ് മുറ്റത്തിന് ഇന്നത്തെ പോലെ തിരക്കുപിടിച്ച കാഴ്ചകളൊന്നുമില്ലായിരുന്നു.
പക്ഷേ, അവിടെ ഒരു പ്രത്യേക സൗന്ദര്യമുണ്ടായിരുന്നു…

ആൺകുട്ടികളെ കണ്ടുമുട്ടുമ്പോൾ കണ്ണുകൾ താഴ്ത്തുന്ന പെൺകുട്ടികളുടെ നാണവും,അവരെ നോക്കി സൈക്കിളിലും ബുള്ളറ്റിലും ഇരിക്കുന്ന ആൺകുട്ടികളെയും കാണാൻ തന്നെ ഒരു പ്രത്യേക രസമായിരുന്നു.

ചെറിയ കുടയും തോളിൽ തൂക്കിയ ബാഗും, നീളമുള്ള മുടിയിൽ കെട്ടിയ റിബ്ബണും, പട്ടത്തി കനകാംബരവും
ലളിതമായ ചുരിദാറോ പാവാടയും ബ്ലൗസുമോ, ചിലപ്പോൾ സാരിയോ അങ്ങനെ അലങ്കാരങ്ങളേക്കാൾ കൂടുതൽ അവരുടെ സ്വാഭാവികതയ്ക്കായിരുന്നു അന്നത്തെ ഭംഗി.

അത്തരം പെൺകുട്ടികളുടെ കൂട്ടത്തിൽ അവളെ ആദ്യമായി കണ്ട ദിവസം ഇന്നും എന്റെ ഓർമ്മയിലുണ്ട്.

കോളേജ് മുറ്റത്തേക്ക് അന്ന് പതിവിലും നേരത്തെ എത്തിയതായിരുന്നു ഞാൻ. എന്തിനാണെന്ന് എനിക്കുതന്നെ അറിയില്ല. ഒരുപക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയെ കാത്തിരിക്കുകയായിരുന്നിരിക്കണം.

അപ്പോഴാണ് കോളേജ് ഗേറ്റിലൂടെ അവൾ അകത്തേക്ക് വന്നത്.

മജന്ത നിറത്തിലുള്ള സാരി… അതിൽ ചിതറിക്കിടക്കുന്ന ചെറിയ മഞ്ഞ പൂക്കൾ.

രാവിലത്തെ ഇളം വെയിലിൽ ആ സാരിയിലെ മഞ്ഞ പൂക്കൾ കൂടുതൽ തിളങ്ങുന്നതുപോലെ തോന്നി.

നീളമുള്ള മുടി പിന്നിലേക്ക് ഒതുക്കി കെട്ടിയിരുന്നു. നെറ്റിയിൽ ചെറിയൊരു ചുവന്ന പൊട്ടും.കാറ്റിൽ സാരിയുടെ മുന്താണി പതിയെ ഇളക്കിക്കൊണ്ട്
കൂട്ടുകാരികളോടൊപ്പം എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ടാണവൾ നടന്നുവന്നത്.

ഞാൻ അവിടെത്തന്നെ നിന്നുപോയി.

ചുറ്റുമുള്ള ശബ്ദങ്ങളെല്ലാം പെട്ടെന്ന് അകന്നുപോയതുപോലെ.

കോളേജ് മുറ്റവും മരങ്ങളും മറ്റു കുട്ടികളുടെ സംസാരവും ഒന്നും ഞാൻ ശ്രദ്ധിച്ചില്ല.

എന്റെ കണ്ണുകളിൽ നിറഞ്ഞുനിന്നത് ആ മജന്ത സാരിയും അതിലെ മഞ്ഞ പൂക്കളും മാത്രം.

അവൾ അടുത്തേക്ക് വന്നപ്പോൾ അറിയാതെ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.

ഒരു നിമിഷം.

അവൾ എന്നെ നോക്കി.

പിന്നെ, ആരോ പിടിച്ചുനിർത്തിയതുപോലെ പെട്ടെന്ന് കണ്ണുകൾ താഴ്ത്തി.

ചുണ്ടിൽ വിരിഞ്ഞ ആ ചെറിയ പുഞ്ചിരി…

അത് ഇന്നും എന്റെ ഓർമ്മയിലുണ്ട്.

അന്ന് എനിക്ക് അറിയില്ലായിരുന്നു…

ആ മജന്ത സാരി ധരിച്ച പെൺകുട്ടിയാണ് ഒരുനാൾ എന്റെ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ഓർമ്മകളെല്ലാം സ്വന്തമാക്കാൻ പോകുന്നതെന്നെനിക്കറിയില്ലായിരുന്നു…

അന്ന് കോളേജ് മുറ്റത്ത് കണ്ട ആ പെൺകുട്ടിക്കായി ഒരിക്കൽ ഞാൻ കാത്തിരിക്കുമെന്നും, അവളുടെ ഒരു നോട്ടത്തിനായി ദിവസങ്ങൾ എണ്ണുമെന്നും, ഒടുവിൽ അവളുടെ കൈപിടിച്ച് ജീവിതം മുഴുവൻ നടക്കുമെന്നും.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അവളെ കാത്തു നിന്നു.അവൾ വരുന്ന സമയമൊക്കെ എനിക്ക് കൃത്യമായി അറിയാമായിരുന്നു.

കോളേജ് ഗേറ്റിനരികിൽ ഞാൻ നേരത്തേ എത്തും.

അവൾ കൂട്ടുകാരികളോടൊപ്പം വരും.

അവളെന്നെ നോക്കും.

അവൾ എന്നെ നോക്കുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി ഞാനും നോക്കും.

അവൾ നോക്കുന്നതു പോലെ തോന്നുമ്പോൾ ഞാൻ പെട്ടെന്ന് വേറെ ഭാഗത്തേക്ക് നോക്കും.

അവൾ ചിരിക്കുമ്പോൾ എന്തോ വലിയൊരു രഹസ്യം മനസ്സിലാക്കിയതുപോലെ എന്റെ മനസ്സും ചിരിക്കും.

ഒന്നാം വർഷ സുവോളജി ക്ലാസ് മുറിയുടെ ജനാലയ്ക്കരികിൽ അവൾ ഇരിക്കുമ്പോൾ, അവളെയൊന്നു കാണാൻ വേണ്ടി മാത്രം ഇടവേളകളിൽ ഞാനാ വഴിയിലൂടെ നടക്കുമായിരുന്നു.

അവളുടെ ചിരി കേൾക്കാൻ വേണ്ടി മാത്രം അടുത്തുകൂടിയിരുന്ന ദിവസങ്ങളുണ്ടായിരുന്നു.

പക്ഷേ പ്രണയം അന്നൊക്കെ ഇന്നത്തെ ഈസിയായി തുറന്നു പറയാനുള്ള ഒന്നായിരുന്നില്ല.

ഒരു കത്തെഴുതാൻ പോലും എത്രയോ ധൈര്യം വേണം!

ഒടുവിൽ ഒരുദിവസം ഞാൻ വിറയ്ക്കുന്ന കൈകളോടെ ഒരു കടലാസിൽ എഴുതി…

“എനിക്ക് നിന്നെ ഇഷ്ടമാണ്.”
നിനക്കെന്നെ ഇഷ്ടമാണെങ്കിൽ നാളെ വരുമ്പോളാ മജന്ത സാരിയുടുത്തു വരണം.

ആ നാല് വാക്കുകൾ എഴുതിയിട്ട് എത്ര നേരം അതും നോക്കിയിരുന്നുവെന്ന് എനിക്കുതന്നെ ഓർമ്മയില്ല.

കടലാസ് മടക്കി പത്മരാജന്റെ പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചു ഞാൻ ലൈബ്രറിയിൽ വെച്ചു.അതിനു ശേഷം ഞാനാ വിവരമവളോട് പറഞ്ഞു.

അതവളുടെ കയ്യിലെത്തുമോ?

അവൾ വായിക്കുമോ?

വായിച്ചിട്ട് കൂട്ടുകാരികളോട് പറയുമോ?

എന്നെ കളിയാക്കുമോ?

ആലോചിച്ചിട്ട് ആ രാത്രി എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല.

അടുത്ത ദിവസം ആ കത്ത് അവളുടെ കയ്യിലെത്തി.

അവൾ അത് വായിച്ചോ ഇല്ലയോ എന്നറിയാതെ ഞാൻ മുഴുവൻ ദിവസവും അവളുടെ മുഖത്തേക്ക് നോക്കി നടന്നു.

വൈകുന്നേരം ബസ് സ്റ്റോപ്പിൽ അവൾ എന്നെ കടന്നുപോകുമ്പോൾ ഒന്ന് തിരിഞ്ഞുനോക്കി.

ഒരു ചെറിയ പുഞ്ചിരി.

അത്ര മാത്രം.

പിറ്റേ ദിവസം അവൾ കോളേജിലേക്ക് വന്നതാ മജന്ത സാരി ഉടുത്തു കൊണ്ടാണ്.

എന്റെ പ്രണയത്തിനുള്ള അവളുടെ മറുപടി അതായിരുന്നു.

അന്നൊന്നും വീട്ടിൽ ഫോൺ ഉണ്ടായിരുന്നില്ല.

മെസേജുകളില്ല.

വാട്സ്ആപ്പ് ഇല്ല.

അതുകൊണ്ടുതന്നെ കാത്തിരിപ്പിനും ഒരു മാധുര്യമുണ്ടായിരുന്നു.

ബസ്‌റ്റോപ്പിൽ ഞാൻ കുറച്ച് നേരത്തെ എത്തും.

അവൾ വരുന്ന ബസ് ദൂരത്തുനിന്ന് കാണുമ്പോൾ തന്നെ എന്റെ ഹൃദയം വേഗത്തിൽ മിടിക്കും.

ഞാൻ ബസിൽ കയറിയ ശേഷം അവളുടെ സീറ്റിന് പറ്റെ പോയി നിൽക്കും.

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കണ്ടുമുട്ടും

അവൾ നാണത്തോടെ ചിരിക്കും കൂടെ ഞാനും.

അവളൊന്നു നോക്കിയാൽ മതിയാരുന്നു അന്നത്തെ ദിവസം മനോഹരമാകാൻ.

പിന്നെ കാലം പതിയെ ഞങ്ങളെ ഒരുമിച്ചു നടത്തിത്തുടങ്ങി.

ഒടുക്കം ഞങ്ങളുടെ ദിവ്യ പ്രണയം അവളുടെ വീട്ടിൽ പിടിച്ചു.വീട്ടുകാർ അവളുടെ പഠിപ്പ് നിർത്തി അങ്ങനെ അവളെയൊന്നു കാണാൻ വേണ്ടി പാതിരാത്രിക്കവളുടെ വീട്ടിലേക്ക് കൂട്ടുകാരന്റെ സൈക്കിളിന്റെ പുറകെയിരുന്നു പോയതും, ജനാലയ്ക്കരികിൽ നിന്നു ഞാനവളോട് സംസാരിക്കുമ്പോൾ അവളുടെ അച്ഛൻ എന്നെ പൊക്കിയതും അത് ഞങ്ങളുടെ വിവാഹത്തിൽ കലാശിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലുണ്ട്.

ഒന്നും രണ്ടുമല്ല ഇരുപത്തിയഞ്ച് വർഷങ്ങൾ…..

കാലം ഇത്രയും പെട്ടെന്ന് കടന്നുപോയെന്ന് വിശ്വസിക്കാനാകുന്നില്ല.

അതിനിടയിൽ എത്രയോ സന്തോഷങ്ങൾ.

എത്രയോ ചെറിയ വഴക്കുകൾ.

ഒരുമിച്ച് കരഞ്ഞ രാത്രികൾ.

ഒരുമിച്ച് ചിരിച്ച പ്രഭാതങ്ങൾ.

ജീവിതത്തിന്റെ തിരക്കിൽ പലപ്പോഴും ഞങ്ങൾ പ്രണയിച്ചിരുന്നുവെന്ന് മറന്നു പോയി.

വിവാഹം ശേഷം ഞങ്ങൾ ഭർത്താവും ഭാര്യയുമായി മാറിയപ്പോൾ പ്രണയം പതിയെ ഉത്തരവാദിത്വങ്ങളായി മാറി.

കുട്ടികൾ വന്നു.

വീടായി.

ജോലിയായി.

തിരക്കുകളായി.

എങ്കിലും ഇന്നുമെനിക്കാവളാ പഴയ പെൺകുട്ടി തന്നെയാണ്.

കുറച്ചു മുന്നേ ചായയുമായി എന്റെ മുന്നിൽ വന്നു നിൽക്കുമ്പോൾ ഞാൻ കണ്ടത് നരച്ച മുടിയുള്ള എന്റെ ഭാര്യയെ ആയിരുന്നില്ല,കൂട്ടുകാരികളോടൊപ്പം കോളേജ് ഗേറ്റിലൂടെ എന്റെ നേരെ നോക്കി ചിരിച്ചോണ്ട് നടന്നുവരുന്ന ആ പതിനെട്ടുകാരിയെയായിരുന്നു.

കഴിക്കാനുള്ള ദോശ എടുത്തു ടേബിളിൽ വെച്ച ശേഷം അന്നത്തെ പോലെ ഇന്നും അവളെന്നോട് ചോദിച്ചു,

“എന്താ ഇങ്ങനെ നോക്കുന്നേ?”

ഞാൻ ചിരിച്ചുകൊണ്ടവളുടെ കൈ പിടിച്ചു.

“ഒന്നുമില്ല…”

അവളെന്റെ മുഖത്തേക്ക് നോക്കി.

ഞാൻ പതിയെ പറഞ്ഞു,

“ഇരുപത്തിയഞ്ച് വർഷം കഴിഞ്ഞിട്ടും നിന്നോടുള്ള പ്രണയം മാത്രം പഴയതായില്ല.”

അവളുടെ കണ്ണുകൾ നിറഞ്ഞു.

പണ്ടത്തെപ്പോലെ തന്നെ അവൾ വീണ്ടും കണ്ണുകൾ താഴ്ത്തി.

അപ്പോൾ എനിക്ക് തോന്നി…

കാലം അവളുടെ മുടിയിൽ നര പടർത്തിയിരിക്കാം.

മുഖത്ത് ചുളിവുകൾ വരച്ചിരിക്കാം.

പക്ഷേ, എന്റെ ഹൃദയത്തിൽ അവൾ ഇന്നുമാ പതിനെട്ടുകാരി തന്നെയാണ്.

എൺപതുകളിലെ പ്രണയം ഒരുപക്ഷേ ഇത്രയേ ഉണ്ടായിരുന്നുള്ളൂ പക്ഷേയാ പ്രണയം വിവാഹത്തിന് ശേഷം അവസാനിച്ചില്ല പകരം അതിന്റെ രൂപം മാത്രം മാറി.

ഞാനവളെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു
മുടിയിൽ നര കയറിയാലും, മുഖത്ത് കാലം കുറച്ച് വരകൾ വരച്ചാലും…
എന്റെ കണ്ണിൽ നീ ഇന്നും അന്നത്തെ മജന്ത സാരിയുടുത്ത് നാണത്തോടെ കണ്ണുകൾ താഴ്ത്തിയ ആ പെൺകുട്ടി തന്നെയാണ്.നിന്നോടൊപ്പം കഴിഞ്ഞ ഈ ഇരുപത്തിയഞ്ച് വർഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം

എന്റെ ആദ്യ പ്രണയമേ നിനക്കെന്റെ വിവാഹ വാർഷിക ആശംസകൾ

കഥ : ഓർമയിലെ വസന്തം
രചന : അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *