“നീയെന്നെ ആഗ്രഹിച്ചിരുന്നോ സ്നേഹിച്ചിരുന്നോ എന്നൊന്നും എനിയ്ക്കറിയില്ല ശാലു….
പക്ഷെ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു… ആഗ്രഹിച്ചിരുന്നു…. അന്ന് മാത്രമല്ല ഇന്നും … ഈ നിമിഷവും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് , ആഗ്രഹിക്കുന്നുണ്ട്…
മോഹിക്കുന്നുണ്ട്….”
ഒട്ടും നാണമോ മടിയോ മുഖത്തോ വാക്കിലോ ഇല്ലാതെ ശാലിനിയുടെ മുഖത്തു നോട്ടമുറപ്പിച്ച് കിരൺ തുറന്നങ്ങ് പറഞ്ഞതും നിന്ന നില്പിൽ അവനരികിൽ നിന്നുരുകി വിയർത്തു ശാലിനിയും …
തൊണ്ട വരണ്ടവൾക്ക്…. ഒരിറ്റു വെള്ളം കുടിയ്ക്കാനായ് കിട്ടിയില്ലെങ്കിൽ താനീ നിമിഷം അവനു മുമ്പിൽ വീണുപോവുമെന്ന് തോന്നിയതും വെള്ളം തിരഞ്ഞ് ആ വലിയ മുറിയുടെ നാലു ഭാഗത്തും വേഗത്തിൽ കറങ്ങി തിരിഞ്ഞു അവളുടെ കണ്ണുകൾ
തന്നെ എന്നും ഏറെ മോഹിപ്പിയ്ക്കുന്ന ആ കണ്ണുകളുടെ റൂമിലാകെയുള്ള വട്ടംചുറ്റൽ അവൾ പറയാതെ തന്നെ കാണുന്നുണ്ട് കിരണും… അതെന്തിനപുറമെന്നും അവൾ പറയാതെ അറിയാം അവന്….
“ദാ… ഇതു കുടിച്ചോ.. ദാഹവും ഇന്നത്തെ പകലിൻ്റെ അലച്ചിലുമെല്ലാം വേഗത്തിൽ മാറി കിട്ടും നിനക്ക്…”
മേശപ്പുറത്തിരുന്ന ഇളം ചൂടു പാൽ ശാലിനിയുടെ കയ്യിലായ് പിടിപ്പിച്ചവൻ പറഞ്ഞതും മറ്റൊന്നുമാലോചിക്കാൻ നിൽക്കാതെ
തട്ടിപ്പറിച്ചെന്നപോലെ അവൻ്റെ കയ്യിൽ നിന്നാ ഗ്ലാസ് വാങ്ങി അങ്ങനെയേ വേഗത്തിൽ വായിലേക്ക് കമിഴ്ത്തി ശാലിനി….
ശാലിനിയുടെ പ്രവർത്തിയിലും അവളുടെ അന്നേരത്തെ മുഖഭാവത്തിലും ഒരു ചിരി തെളിഞ്ഞു നിന്നു കിരണിൻ്റെ മുഖത്തും….
“ഞാനൊരിക്കലും കിരണേട്ടനെ എൻ്റെ ഭർത്താവായ് വെറുതെയൊരു സ്വപ്നത്തിൽ പോലും സങ്കല്പിച്ചിട്ടില്ല… അതുകൊണ്ടുതന്നെ നമ്മൾ തമ്മിലൊരു വിവാഹമെന്നത് എൻ്റെ ചിന്തയിൽ പോലും വന്നിട്ടില്ല….
എൻ്റെ എതിർപ്പിനെ മറിക്കടന്ന് എൻ്റെ വീട്ടുകാരുടെ മാത്രം നിർബന്ധത്തിൽ ഇന്ന് നടന്ന നമ്മുടെ ഈ കല്യാണം അതിനിയും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല എനിയ്ക്ക്… ഇനി എപ്പോഴെങ്കിലും ഉൾക്കൊള്ളാൻ സാധിക്കുമോ എന്നും അറിയില്ല… അതുകൊണ്ടു തന്നെ എന്നെ പ്രതി ഒരു മോഹമോ ആശയോ ഒന്നും കിരണേട്ടൻ മനസ്സിലിട്ട് വളർത്തണ്ട … നിരാശ ആയിരിയ്ക്കും അവസാനം ലഭിയ്ക്കുക….”
പാൽ കുടിച്ച് ദാഹമകറ്റിയതിനു ശേഷം കയ്യിലെ ഗ്ലാസ് അടുത്തുള്ള മേശപ്പുറത്ത് വെച്ച് ഒട്ടും ധൃതിയില്ലാതെ കിരണിനെ തന്നെ നോക്കി നിന്ന് ശാലിനി പറയുമ്പോൾ അവളിൽ നിന്നങ്ങനെ ഒരു സംസാരം പ്രതീക്ഷിച്ചിരുന്നു എന്ന ഭാവമാണ് കിരണിൻ്റെ മുഖത്ത്…
നേരം ഒരുപാടായല്ലോ … കിടന്നാലോ ശാലു നമുക്ക്…?
തൻ്റെ സംസാരത്തിനൊരു മറുപടി കിരണിൽ നിന്ന് പ്രതീക്ഷിച്ച് അവനെ നോക്കി നിന്നിരുന്ന ശാലിനി നന്നായ് തന്നെ ഞെട്ടി കിരണിൻ്റെ ആ ചോദ്യത്തിലും അപ്പോഴത്തെ അവൻ്റെ ഭാവത്തിലും….
“ഞാ…ഞാനിപ്പോ കിടക്കുന്നില്ല… കിരണേട്ടൻ കിടന്നോ …”
തനിയ്ക്ക് തനിച്ച് കിടക്കാനായ് ആ മുറിയിൽ എന്തെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞവൾ കിരണിനോട് പറഞ്ഞതും അവളെ നോക്കി നിന്നവൻ്റെ കണ്ണുകളൊന്നു കുറുകി …
“ഇന്ന് പുലർച്ചെ എഴുന്നേറ്റതല്ലേ ശാലൂ നീ … ഇപ്പോൾ സമയം എത്രയായെന്നറിയുമോ നിനക്ക്…?
വാ വന്ന് കിടക്കാൻ നോക്ക്…”
ശാലിനിയ്ക്ക് അരികിലേക്ക് നീങ്ങി നിന്ന് അവളുടെ പിടഞ്ഞടിയ്ക്കുന്ന മിഴികളിൽ മിഴികൾ കൊരുത്ത് വിശാലമായ വിരിച്ചിട്ടിരിയ്ക്കുന്ന ബെഡ്ഡിലേയ്ക്ക് വിരൽ ചൂണ്ടി കിരൺ പറഞ്ഞതും വിറയലോടി കുളിർന്നു പോയ് ശാലിനിയുടെ ശരീരമാകെ…
“അവിടെ ഞാൻ കിടക്കില്ല… ഞാനിവിടെ എവിടെ എങ്കിലും കിടന്നോളാം
എനിയ്ക്ക് ഒരു ഷീറ്റും തലയിണയും തന്നാൽ മാത്രം മതി…”
തൻ്റെ കാര്യം തുറന്നു പറയാൻ താൻ മാത്രമേ ഉള്ളുവെന്ന തിരിച്ചറിവിൽ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നവനെ അതേ രീതിയിൽ തിരികെ നോക്കി വ്യക്തമായ് തന്നെ പറഞ്ഞു ശാലിനിയും…
“വിവാഹം കഴിഞ്ഞന്ന് രാതി മുതൽ ഭർത്താവ് ബെഡ്ഡിലും ഭാര്യ നിലത്ത് പായും വിരിച്ച് കിടന്നുറങ്ങാൻ നമ്മൾ രണ്ടാളും ഇപ്പോൾ സീരിയലിൽ അഭിനയിക്കുകയൊന്നുമല്ലല്ലോ ശാലൂ..?
ഞാൻ കെട്ടിയ താലി നിൻ്റെ കഴുത്തിൽ വീണിട്ടുണ്ടെങ്കിൽ ഇന്നീ രാതിമുതൽ നമ്മൾ കിടന്നുറങ്ങുന്നത് ഒരുമ്മിച്ചാണ്…അതും ഒരു ബെഡ്ഡിൽ… ഒരു പുതപ്പിനു കീഴിൽ … ഒരു ശരീരമായ്….ചെല്ല്… ചെന്ന് ഫ്രഷായ് വന്ന് കിടക്ക്… ഇനിയും എന്നെ കൊണ്ട് പറയിപ്പിക്കാൻ നിൽക്കാതെ ….”
ഒട്ടും മയമില്ലാത്ത എന്നാൽ കനമേറിയ കിരണിൻ്റെ ശബ്ദത്തിൽ അവളിൽ അവനുള്ള അധികാര ഭാവം മുഴുവൻ നിറഞ്ഞുനിന്നിരുന്നു..
അത് തിരിച്ചറിഞ്ഞതും അവനെ എതിർക്കാൻ കഴിയാതെ മരവിച്ചു പോയ മനസ്സോടെ വാഷ് റൂമിലേക്ക് നടന്നു ശാലിനി….
ഒരുത്തനെ മനസ്സറിഞ്ഞ് സ്നേഹിക്കുക, എന്നിട്ടൊരു നാൾ എല്ലാം ഒരു നേരംപോക്കായിരുന്നെന്ന അവൻ്റെ ഒരു വാക്കിൽ തളർന്നു വീണു കിടക്കുമ്പോൾ അയാൾ നമ്മുക്ക് മുന്നിലൂടെ തന്നെ വേറെ ഒരാളെ തേടി പോയി സന്തോഷിക്കുന്നത് കണ്ട് ചങ്ക് തകർന്ന് ജീവിക്കാനുള്ള ആഗ്രഹം നശിച്ച് രക്ഷയ്ക്കായ്
ആത്മഹത്യ ചെയ്യാൻ ശ്രമിക്കുക… ഒടുവിലാ ശ്രമത്തിലും പരാജയമറിഞ്ഞ് ഒടുവിൽ ഒരിക്കലും മനസ്സിൽ പാതിയുടെ സ്ഥാനത്ത് കണ്ടിട്ടില്ലാത്ത ഒരുവനെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കല്യാണം കഴിക്കേണ്ടി വരിക….
തൻ്റെ വിധിയിൽ നെഞ്ചുപൊട്ടി വാഷ് റൂമിലിരുന്ന് കരഞ്ഞു ശാലിനി
അവളുടെ ഉള്ളിലൂടെ അവൾ പ്രണയിച്ച ദീപക്കിൻ്റെ മുഖവും അവളെ കാരണമില്ലാതെ ഉപേക്ഷിച്ചവൻ സ്വീകരിച്ച രഞ്ജിനിയുടെ മുഖവുമെല്ലാം മിന്നിമറഞ്ഞതും അറിയാതവളുടെ തേങ്ങലൊന്നുച്ഛത്തിലായ്…
ശാലൂ…..
അവളിൽ നിന്ന് തേങ്ങൽ ചീളുകൾ പുറത്തു ചാടിയ നിമിഷം തന്നെ വാഷ്റൂമിനു വെളിയിൽ നിന്ന് കിരണിൻ്റെ വിളി അവളെ തേടി എത്തി…
കരച്ചിലടക്കി വേഗത്തിൽ ഫ്രഷായവൾ വാഷ്റൂമിൽ നിന്നിറങ്ങുമ്പോൾ അവളിൽ തന്നെ നോട്ടമുറപ്പിച്ചു നിന്നിരുന്നു പുറത്തുള്ളവനും
കരഞ്ഞു ചുവപ്പോടിയ ശാലിനിയുടെ കണ്ണുകളിൽ കിരണിൻ്റെ നോട്ടം തടഞ്ഞതും വേഗം അവനിൽ നിന്നൊഴിഞ്ഞു മാറി വിറയ്ക്കുന്ന ശരീരത്തോടെ ബെഡ്ഡിലേക്കിരുന്നു ശാലിനി
“അങ്ങോട്ട് കയറി കിടക്ക് , ഇവിടെ ഇരിക്കാതെ….”
കനത്ത ശബ്ദത്തിൽ കിരൺ പറഞ്ഞതും ഭയന്നുപോയ് ശാലിനി…
നിറഞ്ഞു തൂവാനൊരുങ്ങുന്ന മിഴികളെ അമർത്തി തുടച്ച് ബെഡ്ഡിലേക്കവൾ കയറികിടന്നതും ലൈറ്റ് ഓഫ് ചെയ്ത് അവൾക്കരികിലേക്ക് ചേർന്നു കിടന്നു കിരണും
താൻ ചേർന്നു കിടന്നപ്പോൾ വിറച്ചു പോയ ശാലിനിയുടെ പെണ്ണുടലറിഞ്ഞൊരു പുഞ്ചിരി കിരണിൻ്റെ ചുണ്ടിൽ കുസൃതിയായ് മിന്നി…
അതേ ചിരി മായാതെ അവളെ തൻ്റെ കൈക്കുളളിലൊതുക്കി നെഞ്ചോരം ചേർത്തവൻ മുറുക്കി പുണർന്നതും ശ്വാസം വിലങ്ങി ശാലിനിയ്ക്ക്…
അവൻ്റെ കൈക്കുള്ളിൽ നിന്നവൾ കുതറി പിടഞ്ഞു മാറാൻ ശ്രമിച്ചതും അവളിലുള്ള തൻ്റെ പിടുത്തം മുറുകി കിരൺ
“എൻ്റെ കയ്യിൽ നിന്ന്
ഒഴിഞ്ഞുമാറാൻ നീ ശ്രമിയ്ക്കും തോറും കൂടുതൽ മുറുക്കും ശാലൂ ഞാൻഎൻ്റെ കൈകൾ… അതുമല്ല മറ്റു പലതും തുടർന്ന് നടക്കും നമുക്കിടയിൽ ….
അതല്ല ഒതുങ്ങി നീ ഇവിടെ കിടക്കുവാണെങ്കിൽ അതീ കിടത്തത്തിൽ മാത്രം അവസാനിയ്ക്കും… ഏത് വേണം എന്ന് നിനക്ക് തീരുമാനിക്കാം…”
ശ്വാസ തള്ളിച്ചയോടെ അവളുടെ കാതിലായ് അവൻ പറഞ്ഞ നിമിഷം നിശ്ചലയായ് ശാലിനി….
അതോടെ അവളെയും ചേർത്തുപിടിച്ച് ശാന്തമായൊരു ഉറക്കത്തിലേക്ക് ആഴ്ന്നുപോയ് കിരൺ…
അതൊരു തിരിച്ചറിവിൻ്റെ തുടക്കമായിരുന്നു ശാലിനിയ്ക്ക്…
ശരീരം കൊണ്ടല്ലാതെ മനസ്സ് കൊണ്ടും ഒരു പുരുഷന് തൻ്റെ പ്രണയിനിയെ പ്രണയിക്കാമെന്ന തിരിച്ചറിവിൻ്റെ തുടക്കം… കഴിഞ്ഞു പോയ കാര്യങ്ങൾ ഓർമ്മിപ്പിച്ച് കുത്തി നോവിക്കാതെ ഒരു നോട്ടം കൊണ്ടു പോലും പെണ്ണിന് ആശ്വാസമായ് മാറാനൊരു പുരുഷന് കഴിയുമെന്നവൾ ആദ്യം തിരിച്ചറിഞ്ഞതും കിരണിലൂടെയാണ്…
സ്നേഹം മാത്രം കൊതിച്ച് സ്നേഹിക്കപെടുന്നത് എങ്ങനെയാണെന്ന് അവൾ തിരിച്ചറിഞ്ഞതും കിരണിലൂടെയാണ്…
ദിവസങ്ങൾ മുന്നോട്ടു പോകേ ഓരോ രാവിലും കിരണിൽ ഉറങ്ങി കിരണിൽ ഉണരാൻ ശാലിനി കൊതിച്ചു തുടങ്ങിയത് അവൾ പോലും അറിയാതെ ആണ്…
അവനായൊരുകുന്ന ഭക്ഷണം മുതൽ അവനു വേണ്ടിയുള്ള അവളുടെ കാത്തിരിപ്പിൽ വരെ നിറഞ്ഞു നിന്നത് അവനോട് അവൾക്കുള്ള പ്രണയം മാത്രമായിരുന്നു…
ഒടുവിൽ മനസ്സിനപ്പുറം ശരീരം കൊണ്ടു കൂടി കിരൺ ശാലിനിയെ സ്വന്തമാക്കിയ ആ നിമിഷം അതവരുടെ പ്രണയത്തിൻ്റെ സാക്ഷാത്ക്കാരം കൂടിയായിരുന്നു …
എന്നോ മനസ്സിൽ കുടിയേറി പാർത്തവളെ അവൾ പോലും അറിയാതെ മറ്റൊരുവനിൽ നിന്ന് തട്ടിപ്പറിച്ചെടുത്താണ് കിരൺ തൻ്റെ പ്രണയത്തെ സ്വന്തമാക്കിയതെങ്കിൽ ഇന്നും ദീപക്കിനാൽ താനുപേക്ഷിക്കപെട്ടത് ഈ ഒരുവനെ അവൻ ഭയന്നതിനാൽ ആണെന്ന് തിരിച്ചറിയാതെ എത്രത്തോളം ആഴത്തിലവനെ പ്രണയിക്കാമോ അത്രയും ആഴത്തിലവനെ പ്രണയിച്ചു കൊണ്ടിരുന്നു ശാലിനിയും….
ചില അപൂർവ്വ പ്രണയങ്ങൾ അങ്ങനെയാണ്.. ചിലതെല്ലാം മനോഹരമാവണമെങ്കിൽ മറ്റു പലതും നഷ്ടപ്പെടുത്തുന്ന വിധം ആഴമേറിയ പ്രണയങ്ങൾ… പ്രണയിക്കട്ടെ അവർ…
✍️RJ
