ഈ കുഞ്ഞ് നമുക്ക് വേണ്ട, ഇളയതിന് നാല് മാസം മാത്രമേ ആയിട്ടുള്ളൂ. അപ്പോഴേക്കും അടുത്തത്,ആളുകളറിഞ്ഞാൽ എന്ത് കരുതും?” അച്ഛന്റെയാ വാക്കുകൾ കേട്ടപ്പോൾ അമ്മ കുറച്ചുനേരം ഒന്നും മിണ്ടിയില്ല.…

ഈ കുഞ്ഞ് നമുക്ക് വേണ്ട, ഇളയതിന് നാല് മാസം മാത്രമേ ആയിട്ടുള്ളൂ. അപ്പോഴേക്കും അടുത്തത്,ആളുകളറിഞ്ഞാൽ എന്ത് കരുതും?”

അച്ഛന്റെയാ വാക്കുകൾ കേട്ടപ്പോൾ അമ്മ കുറച്ചുനേരം ഒന്നും മിണ്ടിയില്ല.

അമ്മയുടെ വയറ്റിൽ കിടന്നിരുന്ന എനിക്കപ്പോൾ രണ്ടു മാസം മാത്രമേ വളർച്ചയുണ്ടായിരുന്നുള്ളൂ.

പുറത്തെ ലോകം എന്താണെന്നോ,അച്ഛൻ ആരാണെന്നോ, അമ്മയുടെ മുഖം എങ്ങനെയാണെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു.

പക്ഷേ,അമ്മയുടെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.

അമ്മയുടെ ശ്വാസത്തിന്റെ താളം എനിക്കറിയാമായിരുന്നു.

അമ്മ കരയുമ്പോൾ ആ കരച്ചിലിന്റെ വിറയൽ പോലും എന്റെ കുഞ്ഞുശരീരത്തിലേക്ക് എത്തുന്നതുപോലെ തോന്നിയിരുന്നു.

അച്ഛന്റെ വാക്കുകൾ കേട്ടതിനു പിന്നാലെ അമ്മയുടെ ഹൃദയമിടിപ്പ് വേഗത്തിലായി.

അമ്മയും എന്നെ വേണ്ടാന്നു പറയുമോ?
അമ്മയെന്താണ് പറയാൻ പോകുന്നതെന്നോർത്തെനിക്ക് പേടി തോന്നി.

“പറ്റില്ല…”

അമ്മ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“എന്ത് കൊണ്ട് പറ്റില്ല?”

അച്ഛന്റെ ശബ്ദത്തിൽ ദേഷ്യം നിറഞ്ഞിരുന്നു.

എന്റെ കുഞ്ഞിനെ വേണ്ടെന്ന് പറയാൻ എനിക്ക് പറ്റില്ല, അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

നമ്മുടെ ഇളയ മോൾക്ക് നാല് മാസം മാത്രമേ ആയിട്ടുള്ളുവെന്നെനിക്കറിയാം… ഇത്ര പെട്ടെന്ന് മറ്റൊരു കുഞ്ഞ് വരുന്നതും ബുദ്ധിമുട്ടാണെന്നും അതിനെ പറ്റി ആളുകൾ എന്ത് പറയുമെന്നും എനിക്കറിയാം.”

അമ്മ ഒന്ന് നിശ്ശബ്ദയായി.

പിന്നെ വയറ്റിൽ കൈവെച്ച് പതുക്കെ പറഞ്ഞു.

“പക്ഷേ… എന്റെ കുഞ്ഞിനെ എനിക്ക് വേണം.”

ആ വാക്കുകൾ കേട്ടപ്പോൾ എനിക്കെന്തോ സന്തോഷം തോന്നി.

ഞാൻ ആണാണെന്നോ പെണ്ണാണെന്നോ പോലും അറിയാത്ത അമ്മ…

എന്നെ കണ്ടിട്ടില്ലാത്ത അമ്മ…

എന്നെ കൈകളിൽ എടുത്തിട്ടില്ലാത്ത അമ്മ…

ആ അമ്മയ്ക്കെന്നെ വേണമത്രേ….

അച്ഛൻ വീണ്ടും പറഞ്ഞു.

“നിനക്ക് മനസ്സിലാകുന്നില്ലേ? നാല് മാസം പ്രായമുള്ള കുഞ്ഞുള്ളപ്പോൾ തന്നെ വീണ്ടും ഗർഭിണിയായെന്ന് പറഞ്ഞാൽ ആളുകൾ അറിഞ്ഞാൽ എന്ത് പറയും?

“ആളുകൾ എന്ത് പറഞ്ഞാലും പറഞ്ഞോട്ടെ.”

അമ്മയുടെ ശബ്ദം ഇത്തവണ കുറച്ചുകൂടി ഉറച്ചതായിരുന്നു.

“അവർ രണ്ട് ദിവസം ഇതിനെ പറ്റി സംസാരിക്കും പിന്നെ അവരൊക്കെ അവരുടെ ജീവിതത്തിലേക്ക് പോകും. പക്ഷേ ഈ കുഞ്ഞിനെ ഞാൻ വേണ്ടെന്ന് വെച്ചാൽ ജീവിതകാലം മുഴുവൻ ആ കുറ്റബോധം എനിക്കുണ്ടാകും.”

അമ്മ വീണ്ടും കരഞ്ഞു.

“എനിക്ക് പറ്റില്ല,എന്റെ കുഞ്ഞിനെ കളയാൻ എനിക്ക് പറ്റില്ല.”

അത് കേട്ടപ്പോൾ അമ്മയുടെ വയറ്റിനുള്ളിൽ കിടന്നിരുന്ന എനിക്കും കരച്ചിൽ വന്നു.

കരയാൻ എനിക്ക് ശബ്ദമുണ്ടായിരുന്നില്ല.

മുഖമുണ്ടായിരുന്നില്ല….

കുഞ്ഞി കയ്യുണ്ടായിരുന്നില്ല…

കുഞ്ഞി കാലുണ്ടായായിരുന്നില്ല….

എന്തിനേറെ കണ്ണുതുറക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല.

എങ്കിലും…

അമ്മയെന്നെ വേണമെന്ന് പറഞ്ഞപ്പോൾ എന്റെ കുഞ്ഞുമനസ്സിൽ ഒരു വാക്ക് മാത്രം നിറഞ്ഞു.

അമ്മേ,ഞാൻ ഇവിടെ തന്നെയുണ്ട്.’

അച്ഛന് ഞാനൊരു പ്രശ്നമായിരിക്കാം.

ആളുകൾക്ക് ഞാനൊരു ചോദ്യമായിരിക്കാം.

പക്ഷേ ആർക്കെന്നെ വേണ്ടെങ്കിലും
അമ്മയ്ക്കെന്നെ വേണമല്ലോ,അത് മതിയെനിക്ക്.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി.

ഞാൻ പതുക്കെ വളരാൻ തുടങ്ങി.

അമ്മയുടെ വയറ്റിനുള്ളിലെ ആ ചെറിയ ഇരുട്ട് തന്നെയായിരുന്നു എന്റെ ലോകം.

പുറത്ത് നടക്കുന്നതെന്താണെന്നെനിക്കറിയില്ല.
പക്ഷേ ഒരു കാര്യം എനിക്ക് നന്നായി അറിയാമായിരുന്നു.

അമ്മ എന്നെ കാത്തിരിക്കുകയാണ്.

അമ്മ ദിവസവും എന്നോട് സംസാരിച്ചു….

എനിക്കുവേണ്ടി ഭക്ഷണം കഴിച്ചു…

എന്റെ പേരൊന്നും അറിയില്ലെങ്കിലും എന്നെ “വാവേ” എന്ന് വിളിച്ചു….

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് വയറ്റിൽ കൈവെച്ചമ്മയെന്നോട് പറയും—

“വേഗം വലുതാവട്ടോ അമ്മയ്ക്ക് നിന്നെ കാണാൻ കൊതിയാവുന്നുവെന്ന് .”

അങ്ങനെ ദിവസങ്ങൾ കടന്നുപോയി…

അമ്മയുടെ വയറ്റിനുള്ളിൽ ഞാൻ വളർന്നുകൊണ്ടിരുന്നു.

അമ്മയുടെ ഓരോ ചിരിയും, ഓരോ കരച്ചിലും, ഓരോ വാക്കുകളും കേട്ടുകൊണ്ടായിരുന്നു എന്റെ വളർച്ച.

ഒടുവിൽ…

ഒരു ദിവസം അമ്മയ്ക്ക് വല്ലാത്ത വേദന തുടങ്ങി.

ആദ്യമൊക്കെ എന്താണ് നടക്കുന്നന്തെന്നെനിക്ക് മനസ്സിലായില്ല.

അമ്മയുടെ ഹൃദയമിടിപ്പ് പെട്ടെന്ന് വേഗത്തിലായി.

ശ്വാസം വല്ലാതെ മാറി.

അമ്മ വേദനകൊണ്ട് പതുക്കെ ഞരങ്ങി.

“അമ്മേ… എന്തുപറ്റി?

എന്റെ കുഞ്ഞുമനസ്സ് പേടിച്ചു.

അമ്മയുടെ വയറ്റിനുള്ളിൽ ഞാൻ അനങ്ങിക്കൊണ്ടിരുന്നു.

പക്ഷേ അമ്മയ്ക്കെന്നോട് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.

വേദന ഓരോ നിമിഷവും കൂടിവന്നു.
അമ്മ കരഞ്ഞുകൊണ്ടിരുന്നു

ആ കരച്ചിൽ കേട്ടപ്പോൾ എനിക്കും സങ്കടമായി.

പിന്നീടാണ് എനിക്ക് മനസ്സിലായത് എന്നെ പുറത്തേക്ക് കൊണ്ട് വരാൻ വേണ്ടിയാണമ്മ വേദന സഹിക്കുന്നതെന്ന്…

അമ്മയുടെ കൈ വയറ്റിൽ അമർന്നു.

വേദന വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു..

അമ്മയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.

അമ്മ കരഞ്ഞുകൊണ്ടിരുന്നു.

പക്ഷേ എന്നെയീ ലോകത്തേക്ക് കൊണ്ടുവരാനുള്ള ആ പോരാട്ടത്തിൽ നിന്നമ്മ പിന്നോട്ടുപോയില്ല ഞാനും അമ്മയ്‌ക്കൊപ്പം പുറത്തേക്ക് വരാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഒടുവിൽ ഒരു വലിയ നിലവിളിക്കൊപ്പം ഞാനമ്മയുടെ വയറ്റിൽ നിന്ന് പുറത്തേക്ക് വന്നു.

പുതിയ ശബ്ദങ്ങൾ.

പുതിയ ലോകം.

പുതിയ ആളുകൾ

എനിക്ക് പേടിയായി.

ഞാൻ ഉറക്കെ കരഞ്ഞു….

ഏതോ ഒരാളെന്നെ അമ്മയുടെ നെഞ്ചിലേക്ക് കിടത്തി.

“എന്റെ മോനെ…”
എന്റെ ചെവിയിലാ ശബ്ദം വീണ്ടും കേട്ടു.

എത്രയോ മാസങ്ങളായി ഞാൻ കേട്ടുകൊണ്ടിരുന്ന ശബ്ദം.

അതെന്റെ അമ്മയായിരുന്നു.

എന്റെ ശരീരത്തിൽ ജനിച്ചപ്പോഴുണ്ടായിരുന്ന ചോരയും നനവും ഉണ്ടായിരുന്നു.എന്നെ കണ്ടതും അമ്മ പൊട്ടിക്കരഞ്ഞു.

ആ കരച്ചിലിൽ വേദനയില്ലായിരുന്നു.

സന്തോഷം മാത്രമായിരുന്നു.

അമ്മ എന്നെ ഇരുകൈകളാലും ചേർത്തുപിടിച്ചു.എന്റെ മുഖം അമ്മയുടെ നെഞ്ചോട് ചേർത്തു.

എന്റെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ടമ്മ കരഞ്ഞു.

“എന്റെ കുഞ്ഞേ…”എന്റെ പൊന്നു മോനെ…..

അമ്മയുടെ ശബ്ദം ഇടറി.

അമ്മയുടെ കണ്ണുനീർ എന്റെ മുഖത്ത് വീണു.അമ്മയെന്നെ വീണ്ടും വീണ്ടും ഉമ്മവെച്ചു.

“എന്റെ വാവേ…ആർക്കും വേണ്ടെങ്കിലും അമ്മയ്ക്ക് നിന്നെ വേണമായിരുന്നു…”

അമ്മയെന്നെ ചേർത്തുപിടിച്ചു.
ഞാനെന്റെ കുഞ്ഞക്കണ്ണുകൾ തുറന്ന ശേഷം അമ്മയെ നോക്കി…

ഇതാണോ എന്റെ അമ്മ….
അതെ ഇത് തന്നെ….

ഞാനമ്മയെ നോക്കി ഉറക്കെയുറക്കെ കരഞ്ഞു….

കരയല്ലേ മോനെ….
അമ്മയെന്റെ നെറ്റിയിൽ ഒരിക്കൽ കൂടി ഉമ്മവെച്ചു.ഞാൻ കണ്ണുകളടച്ചു.

ഇത്രയും നാൾ ഇരുട്ടിലായിരുന്ന എന്റെ ലോകത്തിന്നാദ്യമായി വെളിച്ചം വന്നിരിക്കുന്നു ആ വെളിച്ചത്തിനൊരു മുഖമുണ്ട്.

എന്റെ അമ്മ.

അമ്മയുടെ നെഞ്ചിൽ മുഖം ചേർത്ത് ഞാൻ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.

പുറത്തു നിൽക്കുന്ന ആളുകൾ എന്നെ കുറിച്ചെന്ത് പറഞ്ഞുവെന്നെനിക്കറിയില്ല,അവരെന്നെ എങ്ങനെ കണ്ടുവെന്നുമറിയില്ല.

പക്ഷെ എനിക്കറിയാവുന്നത് ഒന്നുമാത്രമാണ്‌ ഞാനിന്നാർക്കും വേണ്ടാത്തൊരു കുഞ്ഞല്ല.

എന്നെ ഏറ്റവും കൂടുതൽ വേണ്ടിയിരുന്ന ഒരാളുടെ ഹൃദയത്തിൽ നിന്ന് ജനിച്ച കുഞ്ഞാണ്‌ ഞാൻ.

എന്റെ അമ്മയുടെ കുഞ്ഞ്

കഥ : പുനർജനി
✍️രചന : അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *