വീട് പണിയാനുള്ള കാശ് മുഴുവൻ കൊടുക്കുന്നതിന് മുമ്പ് എന്തെങ്കിലും രേഖയൊക്കെ എഴുതി വാങ്ങിയാൽ നന്നായിരിക്കില്ലേ എന്ന് അനിയനും ചേട്ടനും കൂടി ഒരുമിച്ചു താമസിക്കാൻ വേണ്ടി വീട് പണിയുന്ന സമയത്ത് ഞാൻ ഭർത്താവിനോട് പതുക്കെ പറഞ്ഞതാണ്.
അന്നേരമാ മനുഷ്യൻ ചിരിച്ചുകൊണ്ടെന്നോട് പറഞ്ഞു.
“ഞങ്ങൾ ഏട്ടനും അനിയനും തമ്മിൽ എന്തിനാടീ രേഖ?”
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല.
ചില ബന്ധങ്ങളിൽ സംശയം പ്രകടിപ്പിക്കുന്നത് പോലും തെറ്റാണെന്ന് തോന്നുന്ന പ്രായമായിരുന്നു അത്.
“രക്തബന്ധത്തിന് മുകളിൽ രേഖയൊന്നും വേണ്ട.”എന്റെ ഭർത്താവിന്റെ ആ വിശ്വാസത്തിന് മുന്നിൽ എന്റെ ചെറിയൊരു പേടി ഞാൻ മനസ്സിൽ തന്നെ അടക്കി.
വർഷങ്ങളോളം ചോര നീരാക്കി സമ്പാദിച്ച പണം കൊണ്ട്, അച്ഛനും അമ്മയും അനിയനും ചേർന്ന് താമസിക്കാനായി ആ മനുഷ്യൻ വീട് പണിതു.
വീടിന്റെ ഓരോ ചുമരിലുമാ മനുഷ്യന്റെ അധ്വാനത്തിന്റെ കഥയുണ്ടായിരുന്നു.
ഒരു മുറി അച്ഛനും അമ്മയ്ക്കും,ഒരു മുറി അനിയന്,മറ്റൊന്ന് ഞങ്ങൾക്കായി.
മുറ്റത്ത് അമ്മയ്ക്ക് വൈകുന്നേരങ്ങളിൽ ഇരിക്കാനുള്ള ഒരു ചെറിയ ചാരുകസേര.വരാന്തയിൽ അച്ഛന് പത്രം വായിക്കാനുള്ള സ്ഥലം.
“ഇനി നമ്മുടെ കുടുംബം ഒരുമിച്ചായിരിക്കും.”
വീട് പണി കഴിഞ്ഞ ദിവസം ഭർത്താവ് പറഞ്ഞ ആ വാക്കുകൾ ഇന്നും എനിക്കോർമ്മയുണ്ട്.
ബന്ധങ്ങൾ എന്നും ഇതുപോലെ തന്നെ നിലനിൽക്കുമെന്ന് ഞാനും വിശ്വസിച്ചു
പക്ഷേ…
ഒരു വീട്ടിൽ ചുമരുകൾ പണിയുന്നത് എളുപ്പമാണ് പക്ഷെ അതേ വീട്ടിനുള്ളിൽ മനസ്സുകൾ ഒരുമിച്ച് നിർത്തുക അത്ര എളുപ്പമല്ല.
അനിയന്റെ കല്യാണം കഴിയുന്നതുവരെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അവന്റെ ഭാര്യ വീട്ടിലേക്ക് വന്നതോടെയാണ് കാര്യങ്ങൾ മാറിത്തുടങ്ങിയത്.
ആദ്യമൊക്കെ ചെറിയ കാര്യങ്ങളായിരുന്നു.
അടുക്കളയിലെ ചില സാധനങ്ങൾ ആരാണ് വാങ്ങേണ്ടത്,വീട്ടുചെലവ് എങ്ങനെ നോക്കണം,ആരൊക്കെ എവിടെ ഇരിക്കണം,ആരോട് എന്തൊക്കെ പറയണം എന്നു തുടങ്ങി ചെറിയ വാക്കുതർക്കങ്ങൾ.
പിന്നെ വലിയ വഴക്കുകൾ.
ഇടയ്ക്കവൾ സ്വന്തം വീട്ടിലെ സൗകര്യങ്ങളെക്കുറിച്ച് പറയാൻ തുടങ്ങി.
“ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയല്ല…”
“അവിടെ ഓരോരുത്തർക്കും പ്രത്യേകം സൗകര്യമുണ്ട്…”
“ഇവിടെ എല്ലാരും കൂടി ഇങ്ങനെ കഴിയുന്നത് എങ്ങനെയാണ്?”ശ്വാസം മുട്ടുന്നു.
ഇതൊക്കെ കേട്ടപ്പോൾ അമ്മായിഅമ്മയും പതിയെ അവളുടെ പക്ഷത്തേക്ക് മാറി.
അവളുടെ വീട്ടുകാർ സാമ്പത്തികമായി കുറച്ചുകൂടി മെച്ചപ്പെട്ടവരായിരുന്നു.
അത് അമ്മയെ സ്വാധീനിച്ചോ എന്നെനിക്കറിയില്ല പക്ഷേ മരുമകൾ പറയുന്ന ഓരോ കാര്യത്തിനും അമ്മയുടെ പിന്തുണ കൂടി കൂടി വന്നു.
ഞാൻ പലപ്പോഴും ഒന്നും മിണ്ടാതെ മാറിനിന്നു.
വിട്ടേക്കൂ…
കുടുംബത്തിൽ വഴക്കുണ്ടാക്കേണ്ട എന്ന് പറഞ്ഞ് ഭർത്താവും പലപ്പോഴും വിഷയം അവസാനിപ്പിക്കും.
എനിക്കപ്പോഴും ഒരു പ്രതീക്ഷയുണ്ടായിരുന്നു.എല്ലാം ശരിയാകും.
പക്ഷേ ചില പ്രശ്നങ്ങൾ ശരിയാകുന്നതിന് മുമ്പ് തന്നെ വേരുറപ്പിക്കും.
ഒരു ദിവസം അവളുടെ അച്ഛനും അമ്മയും വീട്ടിലേക്ക് വിരുന്നു വന്നു.
അവർ വന്നതിൽ ആദ്യം എനിക്ക് സന്തോഷം തന്നെയായിരുന്നു.
അവർക്ക് ഞാൻ ചായയൊക്കെ കൊടുത്തു.
കുറച്ചുനേരം സംസാരിച്ച ശേഷം അവളുടെ അച്ഛൻ എന്നെ നോക്കി ചോദിച്ചു.
“മോളേ നിങ്ങളെന്നും ഇങ്ങനെ ഈ വീട്ടിൽ തന്നെയാണോ കഴിയാൻ ഉദ്ദേശിക്കുന്നത്?”
ഞാൻ അയാളെ നോക്കി.
എനിക്ക് ചോദ്യം മനസ്സിലായില്ല.
“എന്താ എനിക്ക് മനസ്സിലായില്ല.ഞാൻ പറഞ്ഞു.
അയാൾ വളരെ സ്വാഭാവികമായാണത് പറഞ്ഞത്.
“അനിയന്റെ കല്യാണം കഴിഞ്ഞില്ലേ മോളെ ഇനി നിങ്ങൾ വേറെ ഒരു വീട് വെച്ച് മാറുന്നതല്ലേ അതിന്റെ മര്യാദ?”
എന്റെ ചെവിയിൽ ആ വാക്കുകൾ വീണ്ടും വീണ്ടും മുഴങ്ങി.
വേറെ വീട് വെച്ച് മാറുന്നതല്ലേ മര്യാദ!!
സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി.
ഈ വീട്…..എന്റെ ഭർത്താവ് വർഷങ്ങളോളം ചോര നീരാക്കി സമ്പാദിച്ച പണം കൊണ്ടാണ് പണിതത് അതും അച്ഛനും അമ്മയും അനിയനും കൂടെ എല്ലാർക്കും താമസിക്കാനായി.
ഇനി ഞങ്ങളാണ് ഈ വീട്ടിൽ നിന്ന് ഇറങ്ങേണ്ടത് എന്ന ചിന്ത പോലും എനിക്ക് അംഗീകരിക്കാനായില്ല.
ഞാൻ ഒന്നും മറുപടി പറഞ്ഞില്ല.
അന്ന് വൈകുന്നേരം ഭർത്താവ് ജോലി കഴിഞ്ഞ് വന്നപ്പോൾ ഞാൻ പതുക്കെ കാര്യം പറഞ്ഞു.
“അവളുടെ വീട്ടുകാർ ഇന്ന് വന്നിരുന്നു…”
“എന്താ പറഞ്ഞത്?”
ഞാൻ എല്ലാം പറഞ്ഞു.
പുള്ളിക്കാരൻ കുറച്ചുനേരം മിണ്ടാതെ നിന്നു.
പിന്നെ ചിരിച്ചു.
“അവളുടെ വീട്ടുകാർ എന്തെങ്കിലും പറഞ്ഞതിന് നീയെന്തിനാടീ ഇത്ര ടെൻഷനടിക്കുന്നത്?”
ഞാൻ ഒന്നും പറഞ്ഞില്ല.
ആ മനുഷ്യൻ തുടർന്നു.
“എടീ,എന്റെ അച്ഛനും അമ്മയും അനിയനും ഒക്കെ ഞാനിവിടെ നിന്ന് മാറിത്താമസിക്കാൻ പോകുന്നുവെന്ന് പറഞ്ഞാൽ എന്നെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”
ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് കുറച്ചൊരു ആശ്വാസം തോന്നി.
എങ്കിലും…
എന്റെ ഉള്ളിലെ പേടി മാറിയില്ല.
കാരണം ചിലപ്പോൾ പ്രശ്നങ്ങൾ പുറത്തുനിന്നല്ല വരുന്നത് നമ്മൾ ഏറ്റവും വിശ്വസിക്കുന്നവരിൽ നിന്നാണ്.
അന്ന് രാത്രി ഞങ്ങൾ ഭക്ഷണം കഴിക്കാനിരുന്നു.
അമ്മയും കൂടെയുണ്ടായിരുന്നു.
ഭർത്താവ് ചോറിൽ കറി ഒഴിച്ച് ഉരുട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അമ്മ പെട്ടെന്ന് ചോദിച്ചത്.
“അല്ലടാ,എന്നും ഇങ്ങനെ പോയാ മതിയോ?നീയെന്നാ ഇവിടെ നിന്ന് മാറുന്നത്?”
ഉരുട്ടിയ ഉരുള കിണ്ണത്തിലേക്ക് തന്നെ വെച്ചശേഷം പുള്ളിക്കാരൻ അമ്മയെ നോക്കി.
അന്നേരമാ മുഖത്ത് വിശ്വസിക്കാൻ കഴിയാത്ത ഒരു ഭാവം ആയിരുന്നു
“എന്താ അമ്മേ?”
“ഇതിപ്പോ അനിയന്റെ കല്യാണം കഴിഞ്ഞിട്ട് കുറെയായില്ലേ? ഇനി അവൻ ഇവിടെ കുടുംബവുമായി കഴിയുന്നതല്ലേ നല്ലത്?”
പുള്ളിക്കാരൻ പതുക്കെ ചിരിച്ചു.
“അമ്മേ… എന്റെ കയ്യിലുണ്ടായിരുന്ന കാശെടുത്തല്ലേ ഈ വീട് പണിഞ്ഞത്. ഇനി ഞാൻ എങ്ങോട്ട് പോകാനാണ്?”
അമ്മയുടെ മുഖത്ത് ഒരു പ്രത്യേക ഭാവം വന്നു.
“എന്ന് പറഞ്ഞാൽ എങ്ങനെയാടാ ശരിയാവുന്നേ?”
പുള്ളിക്കാരൻ ഒന്നും മനസ്സിലാകാതെ അമ്മയെ നോക്കി.
“എടാ നീ അഞ്ചോ പത്തോ തന്നെന്ന് വെച്ചിട്ട് ഈ വീടും പറമ്പും നിനക്ക് മാത്രം എഴുതി തരാൻ പറ്റുമോ?”
“അമ്മ എന്താ പറയുന്നത്?”
അമ്മ വളരെ സാധാരണമായാണ് അടുത്ത വാക്ക് പറഞ്ഞത്.
“നാട്ടുനടപ്പനുസരിച്ച് ഈ വീട് ഇളയവനുള്ളതാ.”
മുറിയിലാകെ നിശ്ശബ്ദത പടർന്നു.
എനിക്ക് ഭർത്താവിന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞില്ല.
ആ മനുഷ്യൻ കുറച്ചുനേരം അമ്മയെ നോക്കിയിരുന്നു.
പിന്നെ വളരെ പതുക്കെ ചോദിച്ചു.
“അപ്പോൾ… ഈ വീട് പണിയാൻ ഞാൻ ചെലവാക്കിയ കാശ്?”
അമ്മ ചുമലുയർത്തി.
“അതൊക്കെ നീ കുടുംബത്തിന് വേണ്ടി തന്നതല്ലേ?”
“കുടുംബത്തിന് വേണ്ടി തന്നതാണെന്ന വെച്ചാൽ…എന്റെ കുടുംബം എവിടെയാണമ്മേ?”
അമ്മ ഒന്നും പറഞ്ഞില്ല.
“ഞാനും ഭാര്യയും ഈ കുടുംബത്തിൽ പെടുന്നില്ലേ?”
ആ ചോദ്യം കേട്ടപ്പോൾ അമ്മയുടെ മുഖം ഒന്ന് മാറി.
പക്ഷേ മറുപടി വന്നില്ല.
പുള്ളിക്കാരൻ കസേരയിൽ നിന്ന് പതുക്കെ എഴുന്നേറ്റു.
“വീട് പണിയാൻ എന്റെ പണം വേണ്ടിവന്നപ്പോൾ ഞാൻ മൂത്ത മകനായിരുന്നു…”
ആ മനുഷ്യന്റെ ശബ്ദം ഇടറി.
“ഇപ്പോൾ വീട് ആരുടേതെന്ന് പറയുമ്പോൾ ഞാൻ അന്യനായോ?”
ആരും ഒന്നും പറഞ്ഞില്ല.അനിയൻ അമ്മ പറഞ്ഞതിന് സമ്മതമെന്ന മട്ടിൽ മിണ്ടാതിരുന്നു.
പുള്ളിക്കാരൻ ഉരുട്ടി വെച്ച ഭക്ഷണം പോലും കഴിക്കാതെ മുറിയിലേക്ക് നടന്നു.
ഞാനും പിന്നാലെ ചെന്നു.
വാതിൽ അടച്ചപ്പോളാ മനുഷ്യൻ കട്ടിലിൽ കുറച്ചുനേരം തല താഴ്ത്തിയിരുന്നു.
ഞാൻ പതുക്കെയാ മനുഷ്യന്റെ അരികിലിരുന്നു.
“അന്ന് ഞാൻ പറഞ്ഞില്ലേ…”
രേഖയൊക്കെ വാങ്ങിവെക്കാമെന്ന്…”
എന്റെ ശബ്ദം വളരെ പതുക്കെയായിരുന്നു.
ആളെന്റെ നേരെ തല ഉയർത്തി നോക്കി.
ആ കണ്ണുകളിൽ ദേഷ്യമുണ്ടായിരുന്നില്ല.
വേദന മാത്രമായിരുന്നു.
“ഉം….നീ പറഞ്ഞത് ശരിയായിരുന്നു.”
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
കുറച്ചുനേരം കഴിഞ്ഞാ മനുഷ്യൻ പതിയെ ചിരിക്കാൻ ശ്രമിച്ചു.
“ഞങ്ങൾ ഏട്ടനും അനിയനും തമ്മിൽ എന്തിനാടീ രേഖ എന്ന് ഞാൻ തന്നെയല്ലേടീ പറഞ്ഞത്?”
ഞാൻ തലകുനിച്ചു.
ആ മനുഷ്യൻ ജനലിലൂടെ പുറത്തേക്ക് നോക്കി.
“രക്ത ബന്ധത്തിന് രേഖ വേണ്ടെന്ന് കരുതി…”നീയായിരുന്നു ശരി…
വീട് പണിയാൻ നമ്മൾ കൊടുത്തതിന്റെ തെളിവെങ്കിലും വേണമായിരുന്നു.”പറക്കമുറ്റാത്ത ഈ പിള്ളേരേം കൊണ്ട് നമ്മളെങ്ങോട്ട് പോകും?
ആ മനുഷ്യന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ താഴേക്ക് വീണു.
അത് തുടയ്ക്കാൻ ഞാൻ കൈ നീട്ടിയില്ല.
ചില കണ്ണുനീർ തുടയ്ക്കുന്നതിന് മുമ്പ്…
അത് വരാൻ കാരണമായ മുറിവ് മനസ്സിലാക്കണം.
അടുത്ത ദിവസം മുതൽ വീട്ടിലെ അന്തരീക്ഷം മാറി.
ഒരേ വീട്ടിൽ താമസിച്ചിട്ടും എല്ലാവരും അന്യരെപ്പോലെയായി.
വാതിലുകൾ പതുക്കെ അടഞ്ഞു.
സംസാരങ്ങൾ കുറഞ്ഞു.
ചിരികൾ ഇല്ലാതായി.
അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം മാത്രം.
അച്ഛനും അമ്മയും മക്കളും ഒരുമിച്ച് പണിത വീട് പതിയെ മനസ്സുകൾക്കിടയിൽ മതിലുകളുള്ള വീടായി മാറി.
ഞാൻ ഭർത്താവിനെ സമാധാനിപ്പിച്ചു, എന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു സ്വർണം വിറ്റ ശേഷം ഞങ്ങൾ പതിയെ വേറൊരു വാടക വീട്ടിലേക്ക് താമസം മാറി.
ഒരു ദിവസം രാത്രി ഉറങ്ങാൻ കിടക്കവേ ഞാനാ മനുഷ്യനോട് പറഞ്ഞു, ഒരു വീട് പണിയാൻ പണം മാത്രം പോരാ.”
ആരൊക്കെയാണ് അതിൽ സ്വന്തം ആളുകളായി തുടരുക എന്നതും നമ്മൾ അറിയണം.”
ഞാനാ മനുഷ്യന്റെ കൈ പിടിച്ചു നിങ്ങൾ വിഷമിക്കണ്ട നിങ്ങൾക്ക് ഞാനുണ്ട്.
ആളെന്റെ കൈ മുറുകെ പിടിച്ച ശേഷം പറഞ്ഞു,എടീ എല്ലാർക്കും വേണ്ടി ഒരുമിച്ചു താമസിക്കാൻ ആണ് ഞാൻ വീട് പണിഞ്ഞത് പക്ഷെ അതിലുണ്ടായിരുന്ന ആളുകൾക്ക് അത് ഇല്ലാതെ പോയി.
വീട്ടുകാരോട് നമുക്ക് വിശ്വാസം വേണം പക്ഷെ ആ വിശ്വാസത്തിന് രേഖയില്ലെങ്കിൽ ഒരു ദിവസം അതിന്റെ ഉടമസ്ഥാവകാശം മറ്റാരെങ്കിലും ചോദ്യം ചെയ്യും.
രക്തബന്ധം ഉണ്ടായിരിക്കട്ടെ.
സ്നേഹം ഉണ്ടായിരിക്കട്ടെ.
സഹോദരബന്ധവും ഉണ്ടായിരിക്കട്ടെ.
എന്നാലും ജീവിതത്തിലെ വലിയ സാമ്പത്തിക തീരുമാനങ്ങളിൽ വിശ്വാസത്തോടൊപ്പം വ്യക്തമായ രേഖകളും വേണം.
ബന്ധങ്ങൾ മാറില്ലെന്ന് കരുതി രേഖകൾ ഒഴിവാക്കുന്നവർ ഒരുപാട് പേരുണ്ട് പക്ഷേ കാലം മാറുമ്പോൾ ചില ബന്ധങ്ങൾ മാറും അപ്പോൾ നഷ്ടപ്പെടുന്നത് പണം മാത്രമല്ല ഒരു മനുഷ്യൻ വർഷങ്ങളോളം താമസിച്ച ആളുകളോടുള്ള അവന്റെ വിശ്വാസവും കൂടിയാണ്.
NB:“ബന്ധങ്ങളെ വിശ്വസിക്കാം പക്ഷേ ജീവിതം മുഴുവൻ സമ്പാദിച്ച സമ്പാദ്യം ഏൽപ്പിക്കുമ്പോൾ വിശ്വാസത്തിനൊപ്പം രേഖയും വേണം. കാരണം ബന്ധങ്ങൾ മാറുമ്പോൾ, നമ്മൾ പറഞ്ഞ വാക്കുകളല്ല… നമ്മൾ എഴുതി വെച്ച രേഖകളാണ് പലപ്പോഴും നമ്മളെ രക്ഷിക്കുന്നത്.”
കഥ :രേഖയില്ലാത്ത ബന്ധങ്ങൾ.
✍️അച്ചു വിപിൻ
