സാരീ തിരഞ്ഞെടുക്കുമ്പോൾ ഈ വയറും പൊക്കിളും കാണാത്ത കട്ടിയുള്ള മെറ്റീരിയൽ എടുത്തൂടെ.. ഇതിപ്പോ സാരീ ഉടുക്കുന്നതും ഉടുക്കാത്തതും കണക്കാണ് ആരെ കാണിക്കാനാണ്……

“സാരീ തിരഞ്ഞെടുക്കുമ്പോൾ ഈ വയറും പൊക്കിളും കാണാത്ത കട്ടിയുള്ള മെറ്റീരിയൽ എടുത്തൂടെ.. ഇതിപ്പോ സാരീ ഉടുക്കുന്നതും ഉടുക്കാത്തതും കണക്കാണ് ആരെ കാണിക്കാനാണ്..”

കണ്ണാടിക്ക് മുന്നിൽ നിന്ന് സാരിയുടെ ഞൊറിവുകൾ ശരിയാക്കിക്കൊണ്ടിരുന്ന ചാരുലത, പിന്നിൽ നിന്ന ഭർത്താവിന്റെ ശബ്ദം കേട്ട് പതുക്കെ കണ്ണാടിയിലൂടെ അയാളെ നോക്കി.

അരവിന്ദ് കട്ടിലിനരികിൽ നിൽക്കുകയായിരുന്നു. മുഖത്ത് പതിവുള്ള അസ്വസ്ഥത തളം കെട്ടി നിന്നു.

ചാരുലത സാരിയുടെ തുമ്പ് ഒന്ന് ശരിയാക്കി.

“കാണിക്കാനോ? ആരെ കാണിക്കാൻ?”ചാരുലത നെറ്റി ചുളിച്ചു.

“അത് നീ എന്നോടാണോ ചോദിക്കേണ്ടത്..”

“അല്ല. പക്ഷേ നിങ്ങൾ പറയുന്നത് കേട്ടപ്പോൾ ആകാംഷ കൊണ്ട് ചോദിച്ചതാണ്.”

“ഓഫീസിൽ പോകുമ്പോൾ ആളുകൾ നോക്കില്ലേ?”

അപ്പറഞ്ഞത് അത്ര ദാഹിക്കാത്ത മട്ടിൽ ചാരുലത അയാളെ തിരിഞ്ഞുനോക്കി.

“ആളുകൾ നോക്കുന്നത് എന്റെ തെറ്റാണോ? ആളുകൾ നോക്കുമെന്ന് കരുതി എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പറ്റില്ലെന്ന് ആണോ..?”

അരവിന്ദ് ഒന്നും പറഞ്ഞില്ല.

കണ്ണാടിയിൽ ഒന്നൂടെ നോക്കിയപ്പോൾ ചാരുലതയ്ക്ക് സ്വന്തം രൂപം നന്നേ ഇഷ്ടപ്പെട്ടു. നാല്പതിലേക്ക് എത്തിയിട്ടും അവളുടെ ശരീര വടിവിന് യാതൊരു കോട്ടവും വന്നിട്ടില്ലായിരുന്നു. അതിരാവിലെ എഴുന്നേറ്റ് നടക്കും. ഭക്ഷണത്തിൽ ശ്രദ്ധിക്കും. കഴിയുമ്പോഴൊക്കെ വ്യായാമം ചെയ്യും. പ്രായം കൂടുന്നു എന്ന കാരണത്താൽ സ്വന്തം ആരോഗ്യം നഷ്ടപ്പെടുത്താൻ അവൾ തയാറാല്ലായിരുന്നു.
പക്ഷേ അരവിന്ദിന് അവളുടെ ഈ ആത്മവിശ്വാസം തന്നെയായിരുന്നു ഏറ്റവും വലിയ പ്രശ്നം..ആ തോന്നൽ തോന്നിത്തുടങ്ങിയിട്ട് വർഷങ്ങളായിരുന്നു.

“നിനക്ക് ഇപ്പോൾ നാല്പത് വയസ്സായി ചാരു.”അവളെ ഓർമിപ്പിക്കും മട്ടിൽ അയാൾ പറഞ്ഞു.

അതുകൊണ്ട്?”
അവൾ പുരികം ഉയർത്തി.

“കുറച്ചൊക്കെ പ്രായത്തിനൊത്ത് വസ്ത്രം ധരിച്ചൂടെ?”

“പ്രായത്തിനൊത്ത വസ്ത്രം എന്നൊക്കെ ഉണ്ടോ അരവിന്ദ്? അല്ലെങ്കിലും ഞാൻ ഇപ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു എന്താ കുഴപ്പം? “അവൾക്ക് ദേഷ്യം വന്നു.

“കുഴപ്പമൊന്നും നിനക്ക് തോന്നുന്നില്ലേ ?”

“ഇല്ല. നിങ്ങൾ തന്നെ പറഞ്ഞു താ…”അവൾ നീരസത്തോടെ പറഞ്ഞു.

അരവിന്ദ് സാരിയിലേക്ക് നോക്കി.

“ഇതിന്റെ മെറ്റീരിയൽ കുറച്ച് കട്ടിയുള്ളതെടുത്തിരുന്നെങ്കിൽ നന്നായിരുന്നു. ശരീരത്തിന്റെ ഷേപ്പ് ഇത്രയ്ക്ക് എടുത്തു കാണിക്കേണ്ട കാര്യം ഉണ്ടോ?.”

ചാരുലത കുറച്ചു നേരം മിണ്ടാതെ നിന്നു ശേഷം തുടർന്നു.

“എന്റെ ശരീരത്തിന്റെ ഷേപ്പ് എടുത്തു കാണിക്കാൻ അല്ല ഞാൻ സാരീ ഉടുക്കുന്നത് ഇത് എനിക്ക് ഇഷ്ടം ഉള്ള വസ്ത്രം ആയത് കൊണ്ടാണ്.. പിന്നെ വടിവ് ഒത്ത ശരീരം ഏതൊരു പെണ്ണിന്റെയും സ്വപ്നം ആണ് അതിൽ ഞാൻ അഭിമാനിക്കുകയല്ലേ വേണ്ടത് അരവിന്ദിനു മാത്രം എന്താണ് അതിൽ ഇത്ര പ്രശ്നം?”

“ഞാൻ നിന്റെ ഭർത്താവായത് കൊണ്ട്.”അയാളുടെ ദേഷ്യം വാക്കുകളിൽ പ്രകടമാകാൻ തുടങ്ങി.

“ഭർത്താവാണ് ശരിയാണ് .അതുകൊണ്ട് എന്റെ ശരീരം നിങ്ങളുടെ മാത്രം തീരുമാനം ആകുന്നത് എങ്ങനെ?”

“രാവിലെ തന്നെ വഴക്കുണ്ടാക്കാൻ എനിക്ക് താൽപര്യമില്ല.”അരവിന്ദിന്റെ മുഖം കടുത്തു.

“എനിക്കും ഇല്ല.”
പക്ഷേ എല്ലാ ദിവസവും ഇത് തന്നെ അല്ലെ അരവിന്ദ് നിങ്ങൾ ആവർത്തിക്കുന്നത്.ഞാൻ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് എപ്പോഴും കുറ്റങ്ങൾ മാത്രം കേൾക്കേണ്ടി വരുമ്പോൾ മിണ്ടാതിരിക്കാൻ എനിക്ക് പറ്റുന്നില്ല .”

ചാരുലത ബാഗെടുത്തു കൊണ്ട് വാതിലിനരികിലേക്ക് നടന്നു.

“ചാരു, ഞാൻ പറയുന്നത് നിന്റെ നല്ലതിനാണ്.”

അവൾ തിരിഞ്ഞുനോക്കി.

“എന്റെ നല്ലത് എന്താണെന്ന് എനിക്ക് നന്നായി അറിയാം അരവിന്ദ്.അങ്ങനെ നല്ലത് ഏത് ചീത്ത ഏത് എന്ന് മറ്റൊരാൾ പറഞ്ഞു പഠിപ്പിക്കേണ്ട പ്രായം ആണ് എനിക്കെന്ന് തോന്നുന്നുണ്ടോ?.”

അത്രയും പറഞ്ഞ് അവൾ പുറത്തേക്ക് പോയി.

വിവാഹത്തിന്റെ ആദ്യ നാളുകളിൽ അരവിന്ദിന്റെ ഈ സ്വഭാവം ചാരുലതയ്ക്ക് ഇഷ്ടമായിരുന്നു.

അവൾ പുതിയ സാരി ധരിച്ചാൽ അപ്പൊ അയാൾ അഭിപ്രായം പറയും വയർ കുറച്ചു കാണുന്നുണ്ടല്ലോ ചാരു അത് ഞാൻ മാത്രം കാണേണ്ടതല്ലേ എന്ന്

അവൾ ചിരിക്കും.

“എന്താ അരവിന്ദിന് ഇതൊന്നും ഇഷ്ടം അല്ലെ?”അവളും സ്നേഹത്തോടെ ചോദിക്കും

“എനിക്ക് ഇഷ്ടമാണ്. പക്ഷേ മറ്റുള്ളവർ നോക്കുന്നത് ഇഷ്ടമല്ല.”

അത് കേൾക്കുമ്പോൾ ഒക്കെയും ചാരുലതയുടെ ഉള്ളിൽ ഒരു ചെറിയ സന്തോഷം ഉണ്ടായിരുന്നു.

‘എന്നെ അത്രയും സ്നേഹിക്കുന്നതുകൊണ്ടല്ലേ.അരവിന്ദിന്റെ മാത്രം ആയി കാണുന്നത് കൊണ്ടല്ലേ’ അവൾ കരുതിയിരുന്നത് അങ്ങനെ ആണ്.

പിന്നെ അവന്റെ നിർബന്ധങ്ങൾക്ക് എണ്ണം കൂടി വന്നു..

“ഇത്രയും കഴുത്ത് ഇറങ്ങിയ ബ്ലൗസ് വേണ്ട.”

“മുടി അഴിച്ചിട്ടു പോകരുത്.”

“ലിപ്സ്റ്റിക് എന്തിനാ ഇടുന്നത് ?”

“ഫേസ് ബുക്കിൽ നിന്ന് ആ ഫോട്ടോ ഡിലീറ്റ് ചെയ്യ്.”

“അവനോട് ഇത്രയും സംസാരിക്കേണ്ട ആവശ്യമുണ്ടോ?”

“ഓഫീസിൽ എല്ലാവരോടും ഇത്രയും ഫ്രണ്ട്ലി ആവേണ്ട.”

ആദ്യമൊക്കെ അവൾ കേട്ടില്ലെന്ന് നടിച്ചു..
പിന്നീട് അവൾ അനുസരിക്കുന്നത് വരെ അയാൾ ദേഷ്യപ്പെടും
ഒടുവിൽ വഴക്ക് ഒഴിവാക്കാൻ അവൾ പലതും മാറ്റിവെച്ചു.

ഒരു ദിവസം ഓഫീസിലെ ഒരു ഫങ്ക്ഷൻ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അരവിന്ദ് അവളുടെ മുഖത്തേക്ക് നോക്കി.

“ഇന്ന് ആരൊക്കെയുണ്ടായിരുന്നു?”

“അതെന്ത് ചോദ്യമാ ഓഫീസിൽ ഉള്ളവരൊക്കെ ഉണ്ടായിരുന്നു.”

“ആണുങ്ങളും?”അയാളുടെ മുഖത്ത് ഭവമാറ്റം ഒന്നും ഉണ്ടായില്ല.

അവൾ ചിരിച്ചു.
“അരവിന്ദേ, ഞാൻ ജോലി ചെയ്യുന്ന ഓഫീസല്ലേ അത്?അവിടെ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടാകും.”

“അവരിൽ ആരെങ്കിലും നിന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നുണ്ടോ?”അയാൾ സംശയത്തോടെ ചോദിച്ചു.

“ഇല്ല.”

“ഉറപ്പാണോ?”

“എന്തൊക്കെയാ അരവിന്ദ് നിങ്ങൾക്ക് അറിയേണ്ടത് ഇത്രയും കാലം കൂടെ ജീവിച്ചിട്ടും നിങ്ങൾക്ക് എന്നെ വിശ്വാസമില്ലേ?” ക്ഷമ നശിച്ച് അവൾ അന്ന് ചോദിച്ചു.

അരവിന്ദ് മറുപടി പറഞ്ഞില്ല.
പക്ഷേ ആ മൗനം തന്നെയായിരുന്നു അവർക്കുള്ള ഉത്തരം.

വർഷങ്ങൾ കടന്നു.

ചാരുലതയുടെ ജീവിതം പുറത്ത് നിന്ന് നോക്കുമ്പോൾ പൂർണത നിറഞ്ഞതായിരുന്നു.

ഭർത്താവ്, വീട്, ജോലി.എല്ലാം ഉണ്ട്
പക്ഷേ അവൾ എങ്ങനെ ചലിക്കണം എന്ന് പോലും തീരുമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം അവൾക്കുണ്ടായിട്ടുന്നില്ല ഓരോ തീരുമാനത്തിനും പിന്നിൽ അരവിന്ദിന്റെ കണ്ണുണ്ടായിരുന്നു.

അവൾ സുഹൃത്തുക്കളോടൊപ്പം പുറത്തുപോകണം എന്ന് പറഞ്ഞാൽ പോലും നൂറു ചോദ്യങ്ങൾ ആണ്

“ആരൊക്കെയാണ് വരുന്നത്?”

“എവിടെയാണ് പോകുന്നത്?”

“എത്ര മണിക്ക് വരും?”

മറുപടി പറഞ്ഞ് പറഞ്ഞ് അവൾക്ക് മടുത്തു തുടങ്ങി.

ഫോണിൽ സഹപ്രവർത്തകന്റെ മെസേജ് വന്നാൽ പിന്നെ സംശയത്തോടെ മാത്രമേ അവളെ സമീപിക്കാറുള്ളൂ

“ആരാ ഇത്?” ഇവൻ എന്തിനാ നിനക്ക് മെസ്സേജ് അയക്കുന്നത്?”പിന്നീട് ആ സംസാരം വഴക്കാകും

“നിങ്ങൾക്ക് നാണമില്ലേ എപ്പോഴും എന്റെ ഫോണിങ്ങനെ പരിശോധിക്കാൻ.. ഞാൻ എപ്പോഴെങ്കിലും നിങ്ങളുടെ ഫോൺ പരിശോധിക്കാൻ വരുന്നുണ്ടോ ?”ഒരിക്കൽ അവൾ ക്ഷമകെട്ട് ചോദിച്ചു.

“എനിക്ക് ഒളിപ്പിക്കാൻ ഒന്നുമില്ല അത് കൊണ്ട് നീ നോക്കിയാലും എനിക്ക് പ്രശ്നം ഇല്ല നിനക്ക് ഒളിപ്പിക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെ എന്താ പ്രശ്നം?.”

“ഒളിപ്പിക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് ഫോൺ തരുന്നത്. പക്ഷേ അതുകൊണ്ട് ഓരോ തവണയും കുറ്റവാളികളെ പരിശോധിക്കും പോലെ നോക്കേണ്ട കാര്യമില്ല .”അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല.

“നീ ഇപ്പോൾ വലിയ സ്വാതന്ത്ര്യവാദിയൊക്കെ ആയല്ലോ.”അയാൾ പരിഹസിച്ചു ചിരിച്ചു
ആ ചിരി കണ്ട് അവൾക്ക് സ്വയം നിയന്ത്രണം നഷ്ടപ്പെട്ടു.

“സ്വാതന്ത്ര്യം ചോദിക്കുന്നത് തെറ്റാണോ?

സ്വന്തം വസ്ത്രം തിരഞ്ഞെടുക്കുന്നത് തെറ്റാണോ?

സുഹൃത്തുക്കളോട് സംസാരിക്കുന്നത് തെറ്റാണോ?

സ്വന്തം ഫോണിൽ ആരോട് സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് തെറ്റാണോ?

പതിവില്ലാത്ത അവളുടെ മാറ്റം കണ്ട് അയാൾ ഒന്ന് പരുങ്ങി.. കൂടുതൽ തർക്കിക്കാൻ നിക്കാതെ അവളുടെ ഫോൺ ബെഡിലേക്ക് എറിഞ്ഞു മുറിയുടെ വാതിൽ വലിച്ചടച്ച് അയാൾ പുറത്തേക്ക് പോയി

അവളുടെ കണ്ണ് നിറഞ്ഞെങ്കിലും അവൾ കരഞ്ഞില്ല.. മാറേണ്ടത് ആവശ്യം ആണെന്ന് ആ നിമിഷം അവൾ തിരിച്ചറിഞ്ഞിരുന്നു.

അന്ന് മുതൽ ചാരുലതയിൽ ചെറിയ മാറ്റങ്ങൾ വന്നു.

പക്ഷേ ആ മാറ്റം അരവിന്ദ് ആദ്യം ശ്രദ്ധിച്ചില്ല.

എല്ലാത്തിനും മറുപടി കൊടുക്കുന്നതിനു പകരം മറുപടി പറയേണ്ടതില്ലാത്ത കാര്യങ്ങൾക്ക് മറുപടി പറയാതിരിക്കാനാണ് അവൾആദ്യം പഠിച്ചത്.

അടുത്ത ദിവസവും രാവിലേ ഓഫീസിലേക്ക് ഇറങ്ങാൻ നേരം അയാൾ കുറ്റവുമായി എത്തി

“ഇതും ധരിച്ചാണോ നാലാളുടെ മുന്നിൽ പോകുന്നത്?”

ചാരുലത കണ്ണാടിയിൽ നിന്ന് അയാളെ നോക്കി.

“അതെ.”

“ഞാൻ ഇന്നലെ പറഞ്ഞതൊന്നും നീ കേട്ടില്ലേ?”അയാൾ അധികാരത്തോടെ പറഞ്ഞു.

“കേട്ടു.”

“എന്നിട്ടും ഇതു തന്നെ ധരിക്കണമെന്നാണോ?”

“അതെ.”

അവൾ വളരെ സാധാരണ മട്ടിലാണ് പറഞ്ഞത്.

അരവിന്ദ് കുറച്ചു നേരം അവളെ നോക്കി നിന്നു.

“ചാരു, ഞാൻ പറയുന്നത്—”അവൾ അയാളെ പറയാൻ അനുവദിച്ചില്ല

“അരവിന്ദ്…”
ഇനി എന്റെ വസ്ത്രത്തെക്കുറിച്ച് നിങ്ങൾ അഭിപ്രായം പറയേണ്ടതില്ല.”

“എന്താ?”

അവൾ തിരിഞ്ഞുനിന്നു
“ഞാൻ എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഇനി ഞാനാണ്.” അവൾ ധൈര്യത്തോടെ പറഞ്ഞു.

“രണ്ടു ദിവസം സ്വാതന്ത്ര്യത്തെ പറ്റി വല്ല പുസ്തകത്തിലും വായിച്ചിട്ട് വന്നതാണോ?”അയാൾ ചിരിച്ചു.

“അല്ല. ഇത്രയും വർഷം എന്റെ ജീവിതം തീരുമാനിച്ചത് മറ്റൊരാളാണ് ഇനി ബാക്കി ഉള്ളത് എങ്കിലും ഞാൻ തന്നെ തീരുമാനിക്കാമെന്നു കരുതി .”ചാരുലത ചിരിച്ചില്ല

അരവിന്ദിന്റെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു.

“നീ എന്തൊക്കെയാണ് പറയുന്നത്?”

“നിങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ തന്നെയല്ലേ ഞാൻ പറഞ്ഞത്?.”

അവൾ ബാഗെടുത്ത് പുറത്തേക്ക് നടന്നു.

ആ ദിവസം ഓഫീസിൽ എത്തിയപ്പോൾ ചാരുലതയുടെ മനസ്സിൽ അസാധാരണമായൊരു ശാന്തതയായിരുന്നു.

അരവിന്ദിനോട് എതിർക്കാൻ തുടങ്ങിയതിന്റെ ആവേശമൊന്നുമല്ല.
പകരം, ഇത്രയും വർഷം താൻ എന്തൊക്കെ ഉപേക്ഷിച്ചുവെന്ന തിരിച്ചറിവായിരുന്നു.

അവൾ വർഷങ്ങൾക്ക് മുൻപുള്ള തന്റെ ഫോട്ടോകൾ ഫോണിൽ വെറുതെ നോക്കി കൊണ്ടിരുന്നു.

എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി.
മുടി അഴിച്ചിട്ട് നന്നായി വസ്ത്രം ധരിച്ച പെൺകുട്ടി.

ചെറിയ പൊട്ടും ചുവന്ന ലിപ്സ്റ്റിക്കും ഇട്ട് മനോഹരമായി ചിരിക്കുന്ന പെൺകുട്ടി.

അത് താനാണെന്ന് തിരിച്ചറിയാൻ പോലും അവൾക്ക് ഒരു നിമിഷം വേണ്ടിവന്നു.

അവൾ പതുക്കെ ഫോണിന്റെ സ്ക്രീനിൽ വിരൽ ഓടിച്ചു.

“ഇത്രയും നാൾ എവിടെയാണ് നീ പോയത്..?”
ഇനിയെങ്കിലും തിരിച്ചു വരൂ.. എനിക്ക് നീയാവണം .”അവളുടെ ചുണ്ടിൽ ഒരു ചെറുചിരി വിരിഞ്ഞു.

അന്ന് വൈകുന്നേരം ഓഫീസിലെ സുഹൃത്തുക്കൾ അവളെ പുറത്തേക്ക് പോകാൻ വിളിച്ചു.

“ചാരു, നീയും വാ.”

ഒരുനിമിഷം നാവിൽ വന്നത് വർഷങ്ങളായി അവൾ പറയുന്ന മറുപടി തന്നെ ആയിരുന്നു

‘ഹസ്ബൻഡ് നോട്‌ ചോദിച്ചിട്ട് പറയാം.’

പക്ഷേ ആ വാക്ക് പുറത്തേക്ക് വരാൻ അവൾ അനുവദിച്ചിരുന്നില്ല

“വരാം.”

അവൾ പറഞ്ഞു.

“അരവിന്ദിനോട് ചോദിക്കണ്ടേ?”

സുഹൃത്തുക്കളിൽ ഒരാൾ തമാശയായി ചോദിച്ചു.

ചാരുലത മറുപടി ആയി പുഞ്ചിരിച്ചു.

ആ രാത്രി വീട്ടിലെത്തിയപ്പോൾ അരവിന്ദ് കാത്തിരിക്കുന്നുണ്ടായിരുന്നു.

“എവിടെയായിരുന്നു?”അയാൾ കോപത്തോടെ ചോദിച്ചു.

“ഫ്രണ്ട്സിനൊപ്പം പുറത്തായിരുന്നു.”അവൾ ഭാവ മാറ്റം ഒന്നുമില്ലാതെ പറഞ്ഞു.

“എന്നോട് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ?”

“ഞാൻ പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമായിരുന്നോ?”

അവളുടെ ചോദ്യത്തിന് പെട്ടെന്ന് അയാളുടെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല..

“അതല്ല വിഷയം.”

“അത് തന്നെയാണ് വിഷയം .”

അവൾ ചെരിപ്പഴിച്ച് അകത്തേക്ക് കയറി.

“ഇനി ഞാൻ എവിടെ പോകുന്നു, ആരോടൊപ്പം പോകുന്നു, എത്ര മണിക്ക് വരുന്നു എന്നൊക്കെ ഓരോ തവണയും വന്നു ബോധിപ്പിക്കാൻ എനിക്ക് കഴിയില്ല.”അവൾ ഉറച്ചു പറഞ്ഞു

“നീ ഒരുപാട് മാറിപ്പോയി.”

“അതെ.”

അവൾ അയാളെ നോക്കി.

“മാറി.”

“എന്താണ് നിന്റെ ഉദ്ദേശം?”

“എന്റെ ജീവിതം ഇനിയെങ്കിലും എനിക്ക് ജീവിക്കണം ജീവിക്കണം.”

“ എന്നെ ഒഴിവാക്കി ആണോ?”

ചാരുലതയുടെ മുഖത്ത് ഒരു നിമിഷം വേദന തെളിഞ്ഞു.

“അരവിന്ദ്… നിങ്ങളെ ഒഴിവാക്കാനല്ല ഞാൻ എന്റെ ജീവിതം തിരിച്ചു പിടിക്കുന്നത്.പക്ഷെ നിങ്ങളോടൊപ്പം ജീവിച്ച് എന്നെ തന്നെ നഷ്ടപ്പെടുത്താൻ ഇനി എനിക്കാവില്ല എന്നാണ് പറഞ്ഞത് .”

അയാൾ ഒന്നും പറഞ്ഞില്ല.

അതിനുശേഷം അരവിന്ദ് മറ്റൊരു വഴിയാണ് സ്വീകരിച്ചത്.
കുറച്ച് ദിവസത്തേക്ക് അയാൾ ഒന്നും പറഞ്ഞില്ല.

ചാരുലതയുടെ ഇപ്പോഴത്തെ സ്വാതന്ത്ര്യം അവൾക്ക് മടുത്തുപോകുമെന്ന് അയാൾ കരുതി.

അവൾ വീണ്ടും പഴയപോലെ തന്നെ തന്റെ നിയന്ത്രണത്തിലേക്ക് വരുമെന്ന് അയാൾ വിശ്വസിച്ചു.

പക്ഷേ അവൾ വന്നില്ല.. കുറച്ചു കാലം കഴിഞ്ഞതും അവൾ ഇനി പഴയത് പോലെ ആകില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു തുടങ്ങി.

ഒരു രാത്രി അയാൾ അവളുടെ അടുത്തിരുന്നു.

“ചാരു…”

“ഹ്മ്മ്.”

“നിനക്ക് എന്നോട് ദേഷ്യമാണോ?”

“ദേഷ്യം മാത്രമല്ല.”

“പിന്നെ?”

അവൾ കുറച്ചു നേരം അയാളെ നോക്കി.

“നിങ്ങളോട് ഞാൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അന്നൊന്നും ഒരിക്കൽ പോലും നിങ്ങൾ എന്നെ കേൾക്കാൻ തയാറായില്ല ഇനി ഇപ്പോൾ ഞാൻ പറയുന്നതൊന്നും കേൾക്കേണ്ടതില്ല.”

“എനിക്ക് നിന്നെ മനസ്സിലാകുന്നില്ല.”അയാളുടെ മുഖത്ത് കുറ്റബോധം

അവൾ എഴുന്നേറ്റ് അലമാരയിൽ നിന്ന് ഒരു ഫയൽ എടുത്തു.അയാൾക്ക് നേരെ നീട്ടി
അരവിന്ദ് അത് നോക്കി.

“ഇതെന്താ?”

“എന്റെ കുറച്ചു ഡോക്യൂമെന്റസ് ”

“ഇത് എന്തിനാ?”അയാൾ സംശയത്തോടെ നോക്കി.

“എനിക്ക് ആവശ്യമുള്ളതെല്ലാം ഞാൻ എന്റെ കൈയിൽ വെക്കുകയാണ് . ബാങ്ക് രേഖകൾ, സർട്ടിഫിക്കറ്റുകൾ, ശമ്പള അക്കൗണ്ട്, ഇൻഷുറൻസ്… എല്ലാം.”

അരവിന്ദിന്റെ മുഖം മാറി.

“നീ എന്താണ് ചെയ്യാൻ പോകുന്നത്?”

ചാരുലത ശാന്തമായി പറഞ്ഞു.
“വിവാഹമോചനം.”

മുറിയിൽ കുറച്ചു നിമിഷം നിശ്ശബ്ദത പടർന്നു.

അവൾ തമാശ പറയുന്നതാണെന്ന് കരുതി അരവിന്ദ് ചിരിച്ചു.

“എന്താ ഞാൻ തമാശ പറയുന്നതാണെന്ന് തോന്നുന്നുണ്ടോ?”അയാളുടെ ചിരി കണ്ടതും ഗൗരവത്തോടെ അവൾ ചോദിച്ചു

“ഇത്രയും വർഷത്തെ വിവാഹം ഒരു വാക്ക് കൊണ്ട് അവസാനിപ്പിക്കാമെന്നാണോ നീ കരുതുന്നത്?”

“ഇല്ല.”

അവൾ തലകുലുക്കി.

“ഒരു വാക്ക് കൊണ്ടല്ല.”

അവൾ ഫയൽ മേശപ്പുറത്ത് വെച്ചു.

“വർഷങ്ങളായി നടന്ന ഓരോ ചെറിയ കാര്യവും കൂട്ടിച്ചേർത്താണ് ഞാൻ ഈ തീരുമാനത്തിലെത്തിയത്.”

“നീ എന്നെ ശിക്ഷിക്കുകയാണോ?”അരവിന്ദിന്റെ ശബ്ദം കടുത്തു.

“അല്ല.”
അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“നിങ്ങളെ ശിക്ഷിക്കാനുള്ള അധികാരം എനിക്ക് വേണ്ട. എന്റെ ജീവിതം തീരുമാനിക്കാനുള്ള അവകാശം മാത്രമേ എനിക്ക് ആവശ്യമുള്ളൂ…”

അരവിന്ദ് ഒന്നും പറയാതെ ഇരുന്നു.
തന്റെ മുന്നിൽ നിന്നിരുന്ന ചാരുലത പഴയ ചാരുലതയല്ല എന്നയാൾക്ക് മനസ്സിലായി.

ഒരിക്കൽ അയാൾ പറയുന്ന ഓരോ വാക്കും സ്നേഹമായി കണ്ടിരുന്ന സ്ത്രീ.

അയാൾ ദേഷ്യപ്പെടാതിരിക്കാൻ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്ത്രീ.

അയാൾ സംശയിക്കാതിരിക്കാൻ സുഹൃത്തുക്കളെ അകറ്റിയ സ്ത്രീ.

അയാൾ സന്തോഷിക്കാനായി സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ച സ്ത്രീ.

ആ സ്ത്രീ ഇന്ന് അയാളുടെ മുന്നിൽ നിന്ന് അപ്രത്യക്ഷയായിരിക്കുന്നു.
അവളുടെ സ്ഥാനത്ത് സ്വന്തം ജീവിത്തിൽ സ്വയം തീരുമാനം എടുക്കാൻ പഠിച്ച ഒരാൾ നിൽക്കുകയായിരുന്നു.

“ചാരു…”
നീ ഇങ്ങനെയൊക്കെ പെരുമാറാൻ മാത്രം ഞാൻ മോശമായി പെരുമാറിയെന്ന് എനിക്ക് തോന്നിയിട്ടില്ല.”അരവിന്ദിന്റെ ശബ്ദം ഇത്തവണ താഴ്ന്നിരുന്നു.

“അതാണ് പ്രശ്നം.”
നിങ്ങൾക്ക് ഒന്നും തോന്നിയിട്ടില്ല.”

അരവിന്ദ് തലതാഴ്ത്തി.

“ഞാൻ നിന്നെ സ്നേഹിച്ചതുകൊണ്ടാണ്…”അയാൾക്ക് തന്റെ വാക്കുകൾ മുഴുവപ്പിക്കാൻ കഴിഞ്ഞില്ല.

“സ്നേഹം എന്ന പേരിൽ ഒരാളെ നിയന്ത്രിക്കുന്നതും അയാളുടെ ജീവിതം നശിപ്പിക്കുന്നതും ശരിയാണോ അരവിന്ദ്.”

അവളുടെ ശബ്ദം ശാന്തമായിരുന്നു.

“ഞാൻ എന്ത് ധരിക്കണം, ആരോട് സംസാരിക്കണം, എവിടെ പോകണം, എന്ത് ഫോട്ടോ ഇടണം, ആരുടെ മെസേജിന് മറുപടി കൊടുക്കണം… ഇതൊന്നും തീരുമാനിക്കാൻ സ്നേഹത്തിന് അവകാശമില്ല.”

അവൾ ഒരു നിമിഷം നിർത്തി.

“എനിക്ക് നിങ്ങളോടൊപ്പം ജീവിക്കുമ്പോൾ തോന്നേണ്ടിയിരുന്നത് ഒരു സുരക്ഷിതത്വം ആണ് . പക്ഷേ വർഷങ്ങളായി എനിക്ക് തോന്നിയത് ഞാൻ ഒരു വീട്ടിൽ അല്ല താമസിക്കുന്നത്,ഒരു നിയമപുസ്തകത്തിനുള്ളിലാണ് ജീവിക്കുന്നതെന്നാണ്.”അവൾ കിതച്ചു

“എനിക്കു ഒരു അവസരം കൂടി തരാമോ?”അരവിന്ദിന്റെ കണ്ണുകൾ നിറഞ്ഞു.

ചാരുലതയുടെ കണ്ണുകളും നനഞ്ഞു.
പക്ഷേ അവൾ ഇത്തവണ മുന്നോട്ട് വെച്ച കാൽ പിന്നോട്ടെടുത്തില്ല.

“അവസരം ഞാൻ ഒരുപാട് തവണ തന്നിട്ടില്ലേ.. കുറച്ചു നാളത്തേക്ക് അഭിനയിക്കുക എന്നല്ലാതെ
ഇനി നിങ്ങൾക്ക് മാറാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പാണ്. ”

അവൾ ചെറുതായി പുഞ്ചിരിക്കാൻ ശ്രമിച്ചു .

“എനിക്ക് എന്നെ മാത്രം തിരികെ കിട്ടിയാൽ മതി അരവിന്ദ് .”അയാൾ ഒന്നും പറഞ്ഞില്ല.

അടുത്ത ദിവസങ്ങളിൽ വീട്ടിൽ പലതും സംഭവിച്ചു.

ബന്ധുക്കൾ വന്നു.

“ഇത്രയും വർഷത്തെ വിവാഹം ഇങ്ങനെ അവസാനിപ്പിക്കാനാകുമോ?അതിനിപ്പോ എന്ത് ഉണ്ടായെന്നാ..

“ഭർത്താവല്ലേ, കുറച്ചൊക്കെ സഹിച്ചൂടെ?”

“അയാൾക്ക് നിന്നെ ഇഷ്ടമായതുകൊണ്ടല്ലേ ഇതൊക്കെ പറഞ്ഞത്?”

ചാരുലത എല്ലാവരും പറഞ്ഞത് കേട്ടു.
പക്ഷേ ഇത്തവണ ആരുടെയും വാക്ക് അവളുടെ തീരുമാനത്തെ മാറ്റാൻ അവൾ ഒരുക്കാമായിരുന്നില്ല.

“ഇഷ്ടത്തിന്റെ പേര് പറഞ്ഞു ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുകയല്ല വേണ്ടത്.”

അവൾ പറഞ്ഞു.

“ ഈ വിവാഹത്തോടെ എനിക്ക് നഷ്ടം ആയത് എന്നെ തന്നെയാണ് . ഇനി അതിലേക്ക് തിരിച്ചു പോകാൻ എനിക്ക് കഴിയില്ല.”

അവസാനം നിയമപരമായ നടപടികൾ ആരംഭിച്ചു.

ആദ്യമായി കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ദിവസം അരവിന്ദ് അവളുടെ അരികിലൂടെ നടന്നു.

“നിനക്ക് ഇപ്പോൾ സന്തോഷം കിട്ടുന്നുണ്ടോ ?”

ചാരുലത കുറച്ചു നേരം മിണ്ടാതെ നിന്നു.

“സന്തോഷം ഉണ്ടോ എന്നെനിക്ക് അറിയില്ല .പക്ഷേ ഇപ്പോൾ എനിക്ക് സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നുണ്ട്.”

അവൾ മുന്നോട്ട് നടന്നു.

അരവിന്ദ് അവിടെ തന്നെ നിന്നു.

അവളെ തടയാൻ ഇത്തവണ അയാൾക്ക് കഴിയുമായിരുന്നില്ല.

വർഷങ്ങളായി അയാൾ കരുതിയത് ചാരുലതയെ നിയന്ത്രിച്ചാൽ അവൾ തന്റെ കൂടെ തുടരുമെന്നായിരുന്നു.
പക്ഷെ ഒരു മനുഷ്യനു പിടിച്ചുനിർത്താൻ കഴിയുന്നത് അവളുടെ ശരീരത്തെയാണ്.
മനസ്സിനെ അല്ല. അയാൾ അന്ന് അത് മനസ്സിലാക്കിയില്ല.

ചാരുലത വീട്ടിലേക്ക് മടങ്ങിയില്ല.

ചെറിയ ഒരു വീട് അവൾ വാടകയ്ക്ക് എടുത്തിരുന്നു.

പിറ്റേന്ന് അലമാര തുറന്ന് വർഷങ്ങളായി ഉടുക്കാതെ മാറ്റിവെച്ചിരുന്ന സാരികൾ ഓരോന്നായി പുറത്തെടുത്തു.

അതിൽ തനിക് ഏറ്റവും പ്രിയപ്പെട്ട ഒരു സാരീ ഉടുത്ത് അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു.

അന്നേരം അവൾ പഴയ ചാരുലതയെ ഓർത്തു.തനിക് പുറകിൽ കുറ്റപ്പെടുത്തലുമായി ആരെങ്കിലും ഉണ്ടോ എന്നവൾ വെറുതെ ഉറപ്പ് വരുത്തി

“ഇല്ല ആരുമില്ല …”

സാരിയുടെ ഞൊറിവുകൾ ശരിയാക്കി.
കുറെ വർഷങ്ങൾക്ക് ശേഷംകണ്ണാടിയിൽ നോക്കി അവൾ ചിരിച്ചു ആത്മവിശ്വാസത്തോടെ….

✍️അംബിക ശിവശങ്കരൻ

Leave a Reply

Your email address will not be published. Required fields are marked *