എനിക്കിനി പെറാൻ വയ്യ ,
നിങ്ങൾ വേണേൽ വേറെ കെട്ടിക്കോളി,
നാലാമതും പെൺകുട്ടിയെ പ്രസവിച്ചിട്ട് തളർന്നുകിടക്കുന്ന സനൂജ,അരികിൽ വന്നിരുന്ന ഭർത്താവ് ജാബിറിനോട് പറഞ്ഞു.
നിൻ്റെ വേദനയും ബുദ്ധിമുട്ടുകളുമൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് സനൂ ,
പക്ഷേ നമ്മുടെ ഉമ്മമാരെ കുറിച്ച് നീ ഒന്ന് ചിന്തിച്ചു നോക്കൂ, എൻ്റെ ഉമ്മ , പതിനൊന്ന്
മക്കളെ പ്രസവിച്ചു ,
നിൻ്റെ ഉമ്മ ഒൻപതും പ്രസവിച്ചു, എന്നിട്ടും അവർക്കെന്തെങ്കിലും കുഴപ്പമുണ്ടായോ? നീയിപ്പോൾ നാല് പ്രസവിച്ചതും പെൺകുട്ടികള് തന്നെയല്ലേ? ആ കുട്ടികൾക്ക് തുണയായി ഒരു ആങ്ങള വേണ്ടേ ? നീയൊരു ആൺകുട്ടിയെ പ്രസവിച്ചിട്ട് നിർത്തിക്കോളു,
ജാബിർ ഭാര്യയുടെ മൂർദ്ധാവിൽ തടവികൊണ്ട് പറഞ്ഞു
നിങ്ങൾക്കിത് നിസ്സാരമായി പറയാൻ കഴിയും വേദന അനുഭവിക്കുന്നത് ഞാനല്ലേ ? നിങ്ങളോട് ഞാൻ കാര്യമായിട്ട് തന്നെയാണ് പറഞ്ഞത്, എനിക്ക് ഇനി ആൺകുട്ടിയെ പ്രസവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല നിങ്ങൾ മറ്റൊരു നിക്കാഹ് കഴിച്ചോളൂ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.
മേൽക്കൂരയിൽ പ്രയാസപ്പെട്ട് കറങ്ങുന്ന ഖൈതാൻ ഫാനിലേയ്ക്ക് നോക്കിക്കൊണ്ട് സനൂജ പറഞ്ഞു.
അത് കേട്ട് ,ഒന്നും മിണ്ടാതെ ജാബിർ ഇറങ്ങി പുറത്തേക്കു പോയി.
ദിവസങ്ങൾ കടന്നുപോയി, നാലാമത്തെ കുട്ടിയുടെ നൂലുകെട്ടും ,അതിനുശേഷം നടന്ന 40 കുളി ചടങ്ങുമൊക്കെ കഴിഞ്ഞപ്പോൾ ജാബിർ ,സനൂജയോട് ഒരു കാര്യം ചോദിച്ചു.
അല്ല സനൂജ , നീ അന്ന് കാര്യമായിട്ട് തന്നെയാണോ പറഞ്ഞത് ?
നിങ്ങള് ഏത് കാര്യമാണ് ചോദിക്കുന്നത്?
ജിജ്ഞാസയോടെ അവൾ ചോദിച്ചു
അല്ല അന്ന് നീ പറഞ്ഞില്ലേ ?ആൺകുട്ടിയെ വേണമെന്നുണ്ടെങ്കിൽ ,മറ്റൊരു നിക്കാഹ് കഴിച്ചോളാൻ ,അത് നീയന്ന് ,ഗൗരവമായി തന്നെയാണല്ലോ പറഞ്ഞത് അല്ലേ?
അതുകേട്ട് സനൂജ ഒന്ന് പതറിയെങ്കിലും അവളത് പുറത്തു കാണിച്ചില്ല.
നിങ്ങൾക്കങ്ങനെ ആൺകുട്ടിയെ വേണമെന്ന് നിർബന്ധമാണെങ്കിൽ
നിങ്ങൾ മറ്റൊരു വിവാഹം കഴിച്ചോളു
പക്ഷേ അതിന്റെ പേരിൽ ഇനിയും പ്രസവിക്കാൻ എനിക്ക് കഴിയില്ല
സനൂജ തീർത്തു പറഞ്ഞു
അതുകേട്ട് ഒന്നും മിണ്ടാതെ ജാബിർ പുറത്തേക്കിറങ്ങി പോയി
ദിവസങ്ങൾ പിന്നെയും കടന്നുപോയി, ഒരു ദിവസം രാത്രി ,ജാബിർ വീട്ടിലേക്ക് വരുമ്പോൾ ,അയാളുടെ കയ്യിൽ കുറച്ച് യുവതികളുടെ ഫോട്ടോസ് ഉണ്ടായിരുന്നു.
സനു ഇതൊന്നും നോക്കിക്കേ ,ഇതിലേതാണ് നല്ല കുട്ടിയെന്ന് നീ തന്നെ പറയു , ഇത് നമ്മുടെ ബ്രോക്കറ് കോയാക്ക തന്നതാണ്, എല്ലാവരും നിർദ്ധന കുടുംബത്തിലേതാണെന്ന്
അയാള് പറഞ്ഞു,അതുകൊണ്ട് അടങ്ങി ഒതുങ്ങി നിന്നോളും , നിനക്ക് ഒരു ഭീഷണി ആവുകയും ഇല്ലല്ലോ?
താനന്ന് അങ്ങനെ പറഞ്ഞെങ്കിലും
ഭർത്താവ് കാര്യങ്ങൾ ഇത്രത്തോളം വേഗത്തിൽ ആക്കുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല
ഇതെല്ലാം നല്ല പെൺകുട്ടികളാണല്ലോ ? നിങ്ങടെ കൂടെ കഴിയേണ്ടവളല്ലേ ?
അപ്പോൾ നിങ്ങള് തന്നെ ഇഷ്ടപ്പെട്ടത് സെലക്ട് ചെയ്തോളീ,
നീരസത്തോടെ പറഞ്ഞിട്ട് സനൂജ ,
ആ ഫോട്ടോസ് ,ജാബിറിന്റെ കയ്യിലേക്ക് തിരികെ ഏൽപ്പിച്ചു.
രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞു പോയി.
സാധാരണ കുഞ്ഞിനെ ഉറക്കിയിട്ട് കട്ടിലിൽ തന്നോടൊപ്പം വന്ന് കിടക്കുന്ന സനൂജ ,മൊബൈലുമെടുത്ത് ടേബിളിന്റെ അടുത്ത് കിടക്കുന്ന കസേരയിൽ പോയിരുന്നിട്ട് ,ആരെയോ ചാറ്റ് ചെയ്യുന്നത് കണ്ടപ്പോൾ, ജാബിറിന് നീരസം തോന്നി .
നീയീ രാത്രിയിൽ ആരെയാണ് ചാറ്റ് ചെയ്യുന്നത് ?ഇതൊക്കെ പകൽ
ചെയ്തു കൂടെ ?
അസ്വസ്ഥതയോടെ അയാൾ ചോദിച്ചു.
അതിന് പകല് എനിയ്ക്ക് സമയമുണ്ടോ? ഓരോ വയസ്സ് മാത്രം വ്യത്യാസമുള്ള ,നാലു കുഞ്ഞുങ്ങളെയും കൊണ്ട് , ഞാൻ ഇവിടെ കിടന്നു കഷ്ടപ്പെടുന്നത്, നിങ്ങൾ കാണുന്നതല്ലേ ?കുട്ടികളൊക്കെ ഉറങ്ങിക്കഴിഞ്ഞ് ,ഈ സമയമാകുമ്പോഴാണ് എനിയ്ക്കൊന്ന് മൊബൈൽ നോക്കാൻ പറ്റുന്നത്,
തൻ്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് സനൂജ വീണ്ടും ചാറ്റിങ് തുടർന്നു.
അല്ല മുമ്പ് നിനക്ക് ഇങ്ങനെ ചാറ്റിങ് ഒന്നും ഉണ്ടായിരുന്നില്ലല്ലോ? സോഷ്യൽ മീഡിയ തന്നെ, വളരെ അപൂർവ്വമായിട്ടാണ് നീ നോക്കുന്നത്, സാധാരണ നിൻ്റെ വീട്ടുകാരെയും, ബന്ധുക്കളെയുമൊക്കെ ഫോണിൽ വിളിച്ചു സംസാരിക്കുകയാണല്ലോ പതിവ്, പിന്നെ ഇപ്പോഴെന്താ പുതിയൊരു ചാറ്റിങ് ?
സന്ദേഹത്തോടെ അയാൾ ചോദിച്ചു.
ഹേയ് ഒന്നുമില്ല, പഴയ സുഹൃത്തുക്കൾ ഒക്കെ ,സുഖ വിവരങ്ങൾ അന്വേഷിച്ച് മുമ്പ് വരാറുണ്ടായിരുന്നു, അവരെയൊക്കെ ഞാൻ അവോയ്ഡ് ചെയ്തു വിടുകയും ചെയ്തിരുന്നു ,പക്ഷേ ഇപ്പോൾ അങ്ങനെ ചെയ്തത് തെറ്റായിപ്പോയെന്ന് തോന്നി, കൂടെ പഠിച്ചവരാണ് അധികവും ,പിന്നെ എൻ്റെ കുറച്ച് കസിൻസ്, ബാംഗ്ലൂരും മറ്റുമൊക്കെയാണ് ബിസിനസ് ചെയ്യുന്നത് ,ഗൾഫിലുള്ള കുറച്ചു പേര് വേറെയുമുണ്ട് , അവരൊക്കെ സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്, ഒന്നിനും ഞാൻ മറുപടി കൊടുത്തിട്ടില്ല ഇപ്പോൾ ഓരോരുത്തർക്ക് ആയിട്ട് ഇങ്ങനെ മറുപടി കൊടുത്തു കൊണ്ടിരിക്കുകയാണ്,
മൊബൈൽ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ ആസ്വദിച്ച് ചാറ്റ് ചെയ്തു കൊണ്ടാണ്, സനൂജ അയാളോട് മറുപടി പറഞ്ഞത്.
ഹോ അപ്പോൾ മുഴുവൻ ആണുങ്ങളാണല്ലേ ? എടീ അവന്മാര് ഇപ്പോൾ സ്നേഹം നടിച്ച് വിശേഷങ്ങളൊക്കെ ചോദിക്കും ,പിന്നീട് ആദ്യം ചോദ്യത്തിൻ്റെ ശൈലിയൊക്കെ മാറും , പിന്നെ അവര് വീട്ടിലോട്ടു വരട്ടെ എന്ന് ചോദിക്കും , കൂടെ പഠിച്ചവരും കസിൻസ് ഒക്കെ ആയതുകൊണ്ട് ,വേണ്ടെന്ന് നിനക്ക് പറയാനും കഴിയില്ല, ഞാൻ ഇല്ലാത്ത നേരത്ത് എങ്ങാനും അവൻമാര് വരുന്നതെങ്കിൽ ?എന്നുവച്ച് നീ തെറ്റ് ചെയ്യുമെന്നല്ല ഞാൻ പറഞ്ഞത് ,അയൽക്കാര് കണ്ടാലും മതിയല്ലോ ?പരദൂഷണം പറഞ്ഞ് പരത്തും അറിയാല്ലോ ? ഒരു കുടുംബം നശിക്കാൻ അധിക സമയമൊന്നും വേണ്ട
ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷം കടിച്ചമർത്തിക്കൊണ്ട് ,അയാൾ ഉപദേശ രൂപേണ സനൂജയോട് പറഞ്ഞു.
ഒന്ന് ചുമ്മാതിരിക്ക് ജാബിർക്ക, എല്ലാ ആണുങ്ങളും നിങ്ങൾ പറയുന്നതുപോലെ ആവണമെന്നില്ലല്ലോ ?ഇവന്മാരെയൊക്കെ എനിക്ക് നന്നായി അറിയാവുന്നതാണ്, കല്യാണത്തിന് മുമ്പ് ഞാനുമായിട്ട് എന്ത്
നല്ല ഫ്രണ്ട്ഷിപ്പ് ആണെന്നറിയാമോ?
നമ്മളന്ന് ബീച്ചിൽ പോയപ്പോൾ ഞാനുടുത്ത ലാവണ്ടർ കളർ ചുരിദാർ എങ്ങനെയുണ്ടെന്ന് നിങ്ങളോട് ചോദിച്ചപ്പോൾ നിങ്ങൾ അഭിപ്രായം ഒന്നും പറഞ്ഞില്ലല്ലോ? പക്ഷേ ദേ ഈ ഫൈസല് പറഞ്ഞത് കേട്ടോ ?എന്നെയന്ന് കണ്ടപ്പോൾ ,തമിഴ് സിനിമ നടി ലൈലയെ പോലെ ഇരിക്കുവായിരുന്നെന്ന്
അതുകൂടെ കേട്ടപ്പോൾ ജാബിറിന്റെ രക്തം തിളച്ചു കയറി
സനൂജ ഒന്ന് നിർത്തുന്നുണ്ടോ ?ഇല്ലെങ്കിൽ ആ ഫോൺ ഞാൻ വാങ്ങിച്ചു തല്ലി പൊട്ടിക്കും ,നീ കൊച്ചു കുട്ടി ആണെന്നാണോ നിൻ്റെ വിചാരം? നാലു മക്കളെ തള്ളയാണെന്ന് നിനക്ക് ഓർമ്മയുണ്ടോ ?കണ്ട ആണുങ്ങളുമായി പാതിരാത്രിയിലവള് കൊഞ്ചുകുഴയാൻ നടക്കുന്നു , കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ
ചെയ്യുന്ന കാര്യമാണോ നീ കാണിക്കുന്നത്?
രോഷാകുലനായ ജാബിർ ചാടി എഴുന്നേറ്റു.
ഓഹോ !അപ്പോൾ ,ഞാൻ
കണ്ട ആണുങ്ങളുമായി മൊബൈലിലൂടെ ചാറ്റ് ചെയ്യുന്നത് പോലും നിങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല അല്ലേ ?അപ്പോൾ പിന്നെ, എൻ്റെ സ്ഥാനത്ത് മറ്റൊരു സ്ത്രീയോടൊപ്പം ,നിങ്ങൾ ജീവിക്കുന്നത് കണ്ട് കൊണ്ട് , ഞാനെങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?ഒരാൺകുട്ടിക്ക് വേണ്ടി, ഇനിയും എനിക്ക് പ്രസവിക്കാൻ കഴിയില്ലെന്നും, നിങ്ങള് മറ്റൊരു വിവാഹം കഴിച്ച് കൊള്ളു , എന്നും ഞാൻ പറയുമ്പോൾ, എനിയ്ക്ക് പ്രസവ വേദന സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് ,ഞാനങ്ങനെ പറയുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുമെന്നായിരുന്നു ,എൻ്റെ വിചാരം, പക്ഷേ,അപ്പോഴും നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹം മാത്രമായിരുന്നു പ്രധാനം ,അതിനു വേണ്ടി ,അഞ്ചാറ് വർഷം കൂടെയുണ്ടായിരുന്ന സ്വന്തം ഭാര്യ, താൻ മറ്റൊരുവളെ കൊണ്ട് വരുമ്പോൾ അവൾക്കത് അക്സപ്റ്റ് ചെയ്യാൻ കഴിയുമോ എന്ന് പോലും ചിന്തിക്കാതെ ,രണ്ടാമതൊരു ബീവിയെ
തേടി പോയ നിങ്ങളുടെ മനസ്സ് സമ്മതിച്ചേ മതിയാവു,നിങ്ങൾക്ക് എൻ്റെ സ്ഥാനത്ത് മറ്റൊരുവളെ കൂടി കാണാൻ കഴിയുമെങ്കിൽ ഞാൻ ആണുങ്ങളായ എൻ്റെ സുഹൃത്തുക്കളോട് ചാറ്റ് ചെയ്യുന്നത്
നിങ്ങൾ സഹിച്ചേ പറ്റൂ, ഇല്ലെങ്കിൽ നിങ്ങൾ എന്നെ മൊഴി ചൊല്ലിക്കോളൂ,,
സനൂജയുടെ ചോദ്യങ്ങൾ തൻ്റെ ഹൃദയത്തിലേയ്ക്ക് കൂരമ്പുകൾ ആയി തുളച്ചുകയറുന്നത് ജാബിർ തിരിച്ചറിഞ്ഞു
ശരിയാണ് അവൾ പറഞ്ഞത്, താൻ ഒരിക്കലും അവളുടെ ഭാഗം ചിന്തിച്ചിട്ടില്ല, സ്വാർത്ഥനാണ് താൻ ,അഞ്ചാറ് കൊല്ലം
കൂടെ കഴിഞ്ഞിട്ടും, അവളുടെ മനസ്സ് അറിയാതെ പോയത് ,തൻ്റെ പരാജയം തന്നെയാണ്,
എന്നോട് ക്ഷമിക്കൂ സനുജ , ഒരു എടുത്തുചാട്ടത്തിന് ഞാൻ അങ്ങനെയൊക്കെ പ്രവർത്തിച്ചു പോയി, നിന്നെ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചില്ല, എനിക്ക് നീ മാപ്പ് തരൂ,
അവളുടെ അടുത്തേക്ക് ചെന്ന് കൈകൾ രണ്ടും കൂട്ടിപ്പിടിച്ചുകൊണ്ട് , അയാൾ ക്ഷമ ചോദിച്ചപ്പോൾ ,മൊബൈൽ വലിച്ചെറിഞ്ഞിട്ട് അവൾ അയാളുടെ നെഞ്ചിലേക്ക് വീണു.
NB:- കൊള്ളാമോ ഗയ്സ്?
✍️തൈപ്പറമ്പൻ .
