എല്ലാ മാസവും പതിവുള്ള ഡേറ്റ് കാണാതെ വന്നപ്പോഴാണ് ശ്രദ്ധിച്ചു തുടങ്ങിയത്. പോരെങ്കിൽ ആകെയൊരു മനം പിരട്ടലും ക്ഷീണവും. സാറിനോട് പറയുമ്പോൾ വളരെ നിസ്സാരമായിട്ടാണ് അദ്ദേഹം അതിനെ….

ജീവിതത്തിൽ എടുത്ത ഒരൊറ്റ തെറ്റായ തീരുമാനം കൊണ്ട് നഷ്ടപ്പെട്ടത് സ്വന്തം ചോരയെയാണെന്ന് തിരിച്ചറിയാൻ വർഷങ്ങൾ വേണ്ടി വന്നു.
അവന്റെ മുന്നിൽ ചെല്ലാനുള്ള യോഗ്യത ഉണ്ടോ എന്നതല്ലായിരുന്നു എന്നെ അലട്ടിയത്. അവൻ എന്നെ അമ്മയുടെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തു കളഞ്ഞിട്ടുണ്ടാകുമോ എന്നതോർത്തായിരുന്നു ആധി മുഴുവനും.
അത്രയ്ക്കും വലിയ അപരാധമാണ് ഞാൻ അവനോട് ചെയ്തത് എന്ന ബോധം വന്നു തുടങ്ങിയിട്ട് നാളുകൾ ഒരുപാട് ആയിയെങ്കിലും എല്ലാം ഉള്ളിലൊതുക്കി ഉരുകി തീരാനെ എനിക്കാകുമായിരുന്നുള്ളൂ..

തീരെ ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞിട്ടും കുടുംബ ജീവിതത്തിനു ഒരുപാട് ആയുസ്സ് ഇല്ലാതെപോയ ഒരു ഹതഭാഗ്യയായിരുന്നു ഞാൻ. അഞ്ചു വയസ്സുള്ള ഒരു കുഞ്ഞു മാത്രമായിരുന്നു ആറു വർഷത്തെ ദാമ്പത്യ ജീവിതത്തിൽ നിന്ന് കിട്ടിയ ആകെയുള്ള സമ്പാദ്യം. കാണാൻ സുന്ദരിയും തീരെ ചെറുപ്പവുമായ എനിക്ക് അധികം വൈകാതെ തന്നെ വിവാഹ ആലോചനകൾ വന്നു തുടങ്ങി.
ദേവേട്ടന്റെ മരണശേഷം അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം താമസിച്ചിരുന്ന എന്നെയും കുഞ്ഞിനേയും അച്ഛനും അമ്മയും കൂടി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോൾ വേദനയോടെ നോക്കി നിന്ന കുറച്ചു മുഖങ്ങൾ ഇന്നും ഉള്ളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.

ദീപുവിന് ആറു വയസായപ്പോൾ നാട്ടിലുള്ള ഗവണ്മെന്റ് സ്കൂളിൽ കൊണ്ട് പോയി ചേർത്തത് അച്ഛൻ ആയിരുന്നു.
വെറുതെ നിൽക്കണ്ട നീയും എന്തെങ്കിലും പഠിക്കാൻ പൊയ്ക്കോ എന്ന് അച്ഛൻ പറഞ്ഞപ്പോൾ അമ്മയെ അതിശയത്തോടെയാണ് നോക്കിയത്.
അച്ഛന്റെ മുഖത്ത് എപ്പോഴും ഗൗരവമാണ് കാണാൻ കഴിയുക.
പക്ഷെ അന്നത് എന്നോട് പറയുമ്പോൾ അച്ഛന്റെ മുഖത്തെ വേദന ഞാൻ വ്യക്തമായി കണ്ടതാണ്..

“ഈ പ്രായത്തിൽ ഞാൻ ഇനി എന്ത് പഠിക്കാൻ ആണമ്മേ..”
“ഇരുപത്തി ആറു വയസ്സ് വലിയ പ്രായമാണോ.. ഈ പ്രായത്തിൽ കല്യാണം പോലുമാകാതെ നിൽക്കുന്ന എത്രയോ പെൺകുട്ടികളുണ്ട്.. നിനക്ക് ഇനിയും ഒരുപാട് ജീവിതം മുന്നോട്ട് കിടക്കുകയാണ്.
ഞങ്ങളുടെ കാലം കഴിഞ്ഞാൽ നിന്റെ കാര്യം നോക്കാൻ ആരുണ്ട്..”

അവൾക്ക് നേരെ ഇളളയവൾക്കാണ് വീട് അച്ഛൻ എഴുതി കൊടുത്തിരിക്കുന്നത്. അവളും ഭർത്താവും വിദേശത്ത് ആയത് കൊണ്ട് തല്ക്കാലം ഞങ്ങൾക്ക് ആരുടെയും മുഖം കാണാതെ നിൽക്കാം. പക്ഷെ ശരിയാണ് അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞാൽ മകനെ നോക്കാൻ താനല്ലാതെ മാറ്റാരുമില്ല എന്നത് വളരെ സത്യം തന്നെയാണ്.

കമ്പ്യൂട്ടർ പഠിക്കാൻ പോകുന്നത് അങ്ങനെയാണ്.. ഇപ്പോൾ കമ്പ്യൂട്ടർ അറിഞ്ഞാൽ ഏത് ജോലിക്കും നല്ലതാണെന്ന് അച്ഛനോട് കവലയിൽ ട്യൂഷൻ പഠിപ്പിക്കുന്ന രഘു നാഥൻ സാറാണ്ഉപദേശിച്ചത്.

അങ്ങനെ പഠിത്തം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നതിനിടയിൽ ആണ് അവിടെ പഠിപ്പിക്കുന്ന രമേശൻ സാർ എന്നോട് ഒരു പ്രത്യേക താല്പര്യം കാണിച്ചു തുടങ്ങിയത്.. എന്റെ എല്ലാ കഥകളും ആൾക്ക് നന്നായി അറിയാമായിരുന്നു. അത് എങ്ങനെ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.. കമ്പ്യൂട്ടർ സ്‌ക്രീനിൽ ഓരോന്ന് കാണിച്ചു തരുമ്പോൾ സാറിന്റെ നിശ്വാസം എന്റെ കവിളിൽ തട്ടാറുണ്ടായിരുന്നു.
എങ്കിലും ഞാൻ അതൊന്നും അറിഞ്ഞ മട്ടു കാണിച്ചില്ല.. എനിക്ക് ഒരു മകനുണ്ട് അവനും പറഞ്ഞു കൊടുക്കാമെന്നു ഞാൻ സർ അറിയാൻ വേണ്ടി പറയുമായിരുന്നു.

ലക്ഷ്മിയെ കണ്ടാൽ കല്യാണം കഴിഞ്ഞതാണെന്ന് പോലും പറയില്ല, പിന്നെയല്ലേ മകൻ..

സാറിന്റെ പല വാക്കുകളും നോട്ടങ്ങളും എപ്പോഴൊക്കെയോ എന്റെ ഹൃദയത്തിലും കൂട്ടിമുട്ടാൻ തുടങ്ങി.
അവധി ദിവസങ്ങളെ ഞാൻ വല്ലാതെ വെറുത്തു. മകനെ സ്കൂളിൽ വിടുന്നതിലും താല്പര്യം എനിക്ക് ക്ലാസിനു പോകുന്നതിനോടായിരുന്നു.
ഒരിക്കൽ സർ പറഞ്ഞു ലക്ഷ്മി പെട്ടെന്ന് കോഴ്സ് കംപ്ലീറ്റ് ചെയ്താൽ ഇവിടെ തന്നെ കുട്ടികളെ പഠിപ്പിക്കുന്ന ജോലി നൽകാം എന്ന്.. അങ്ങനെ ആകുമ്പോൾ നമുക്ക് എന്നും കാണാമല്ലോ എന്ന്.

സർ അത് പറയുമ്പോൾ എന്റെ മനസ്സ് ഒരു മയിൽ‌പീലി പോലെ ഇളകിയാടി..
ആ ഒരു പ്രതീക്ഷയോടെ ഞാൻ ആവേശത്തിൽ എല്ലാം വളരെ പെട്ടെന്ന് തന്നെ പഠിച്ചെടുത്തു.
മനസ്സ് ആഗ്രഹിച്ചത് പോലെ തന്നെ പഠിച്ച സ്ഥാപനത്തിൽ ആദ്യമായി ജോലിക്ക് കയറുമ്പോൾ വീട്ടിലും എല്ലാവർക്കും വലിയ സന്തോഷവും അഭിമാനവുമായിരുന്നു..

പക്ഷെ വീട്ടിൽ ആർക്കും തന്റെ ഉള്ളിലിരുപ്പ് പിടികിട്ടിയില്ല എന്നതായിരുന്നു സത്യം..
രമേശ്ൻ സാറിനോടൊപ്പം പലയിടത്തും പോകേണ്ടി വന്നിട്ടുണ്ട്.
സാറിന്റെ അപാരമായ വാക്ചാതുരിയിൽ നിലതെറ്റി പോയിട്ടുണ്ട്. എങ്ങോട്ടെക്കെങ്കിലും യാത്ര പോകാൻ വിളിക്കുമ്പോഴൊക്കെ പറ്റില്ല എന്ന് പറയാൻ കഴിയാതെ പോയത് അയാളോടുള്ള സ്നേഹത്തിന്റെ ആഴം കൊണ്ടായിരുന്നു. അതൊന്നും ആരുമറിയാതെയായിരുന്നു..
പക്ഷെ എപ്പോഴോ കാര്യങ്ങൾ കൈ വിട്ടു പോകാൻ തുടങ്ങിയത് ഞാൻ പോലുമറിയാതെ ആയിരുന്നു..

എല്ലാ മാസവും പതിവുള്ള ഡേറ്റ് കാണാതെ വന്നപ്പോഴാണ് ശ്രദ്ധിച്ചു തുടങ്ങിയത്. പോരെങ്കിൽ ആകെയൊരു മനം പിരട്ടലും ക്ഷീണവും.
സാറിനോട് പറയുമ്പോൾ വളരെ നിസ്സാരമായിട്ടാണ് അദ്ദേഹം അതിനെ കണ്ടത് എന്നതാണ് എന്നെ ഏറെ ഞെട്ടിച്ചതും.

“പിന്നെ, ഇങ്ങനെ ഒക്കെ വരുമെന്ന് നിനക്ക് അറിയില്ലായിരുന്നോ.. അതിന് ഇനി ടെൻഷൻ പിടിച്ചിട്ടോ, കരഞ്ഞു വിളിച്ചിട്ടോ ഒരു കാര്യവുമില്ല എന്ന് നീ ആദ്യമേ മനസ്സിലാക്കണം..”

“സർ പറയുന്നത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഇങ്ങനെ ഒരു കാര്യം ഉണ്ടായിട്ട് ഞാൻ എങ്ങനെ സമാധാനത്തോടെ ഇരിക്കും. എന്റെ മോൻ.. എന്റെ വീട്ടുകാർ.. പിന്നെ നാട്ടുകാർ.. ഇവരുടെയൊക്കെ മുന്നിൽ ഞാൻ ഇതെത്ര നാൾ മറച്ചു വെയ്ക്കും.
എന്നെ ഒരു പിഴച്ചവൾ എന്ന് എല്ലാവരും മുദ്ര കുത്തില്ലേ അതിലും ഭേദം ഞാൻ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്..”

“നിന്നോട് ആത്മഹത്യ ചെയ്യുന്ന കാര്യമാണോ ഞാൻ പറഞ്ഞത്. വേറെ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്..”

“എന്താ സർ ഉദ്ദേശിക്കുന്നത്.. അബോർഷൻ ആണോ..?”
“ഏയ്‌ എന്തിന്.. അതിന്റെ ആവശ്യം എന്താണ്..?”

ഇത്തവണ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഈ മനുഷ്യൻ എന്ത് ഭ്രാന്ത് ആണ് പറയുന്നത്. അബോർഷൻ ചെയ്യണ്ട എന്നോ.. പിന്നെ ഞാൻ എന്ത് ചെയ്യണം..ഈ കുഞ്ഞിനെ പ്രസവിക്കാനോ…??

എന്റെ വിളറി വെളുത്ത മുഖം കണ്ടാവണം സർ എന്റെ തോളിൽ കൈ വെച്ച് ചേർന്ന് നിന്നു..

“നീ ഈ കുഞ്ഞിനെ കളയാനും പോകുന്നില്ല, ആത്മഹത്യ ചെയ്യാനും പോകുന്നില്ല.. പകരം നമുക്ക് ഒന്നിച്ചു ജീവിക്കാമല്ലോ.. അതെന്താ നീ ചിന്തിക്കാത്തത്..?”

“സർ എന്താണ് ഈ പറയുന്നത്. നമ്മളെങ്ങനെ ഒന്നിച്ചു ജീവിക്കും. സാറിനൊരു കുടുംബമില്ലേ..
എനിക്ക് ഒരു മകനില്ലേ..”

“അവരെയൊക്കെ ഓർത്താൽ നമുക്ക് ഒന്നിച്ചു ജീവിക്കാൻ സാധിക്കുമോ. പിന്നെ എന്തിന് വേണ്ടിയാണ് നമ്മൾ സ്നേഹിച്ചത്. നിന്നെ സ്വന്തമാക്കാൻ തന്നെയാണ് ഞാൻ നിന്നെ പലയിടത്തും കൂടെ കൊണ്ടുപോയിട്ടുള്ളത്. അതിന് വരുന്ന ബാക്കിയുള്ള ബാധ്യതകളെല്ലാം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. നിനക്ക് എന്റെയൊപ്പം വരാൻ പറ്റുമോ എന്ന് മാത്രം അറിഞ്ഞാൽ മതി..”

ഒത്തിരി നേരത്തെ ആലോചനയ്ക്ക് ശേഷമാണ് എനിക്ക് ശബ്ദം വെച്ചത്.

“ഞാൻ വരാം.. അല്ലാതെ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല. എന്റെ കുഞ്ഞിനെ ഇട്ടിട്ട് പോകേണ്ടി വരുന്നത് എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. പക്ഷെ ഇത്തരത്തിൽ ഒരു പേര് ദോഷം അവന് ഞാൻ ഉണ്ടാക്കി കൊടുത്ത സ്ഥിതിക്ക് ഇനിയവന്റെ മുന്നിൽ നിൽക്കാനുള്ള യോഗ്യത പോലും എനിക്കില്ല. ഞാൻ വരാം.. എവിടെയ്ക്കാണെങ്കിലും ഞാൻ വരാം..”

അത് പറയുമ്പോൾ എന്റെ ശബ്ദത്തിന് വല്ലാത്തൊരു കനമുണ്ടായിരുന്നു.

അങ്ങനെ ഒരു പകൽ ഞങ്ങൾ ആ തീരുമാനം നടപ്പിലാക്കി. ആരും ഒന്നും അറിഞ്ഞില്ല. ഒന്നിച്ചു ഒരുപാട് ദൂരെയൊരു നാട്ടിലേക്ക് കുടിയേറുമ്പോൾ പലതും മനഃപൂർവം മറന്നു കളയാൻ ശ്രമിച്ചു കൊണ്ടിരുന്നു..

വർഷങ്ങൾ പലതും കടന്നു പോയി. സാറിന്റെ കൂടെയുള്ള ജീവിതം വളരെ സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു. എന്റെ കണ്ണ് ഒന്ന് നിറയാൻ പോലും അദ്ദേഹം സമ്മതിച്ചില്ല. പൊന്ന് പോലെയാണ് എന്നെ നോക്കിയത് .
ഞങ്ങൾക്ക് ഒരു മകളാണ് ജനിച്ചത്..
അവൾക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴാണ്, സർ പതിവ് പോലെ ജോലിക്ക് പോയിട്ട് തിരികെ വരാഞ്ഞത്.. ഫോണിലേക്ക് വിളിച്ചിട്ട് സ്വിച്ച് ഓഫ് എന്ന് പറഞ്ഞത് കേട്ട് ആധിയായി.. ആരോടൊക്കെയോ ചോദിച്ചു, അന്വേഷിച്ചു, പക്ഷെ ഒരു വിവരവും കിട്ടിയില്ല. പിന്നീട് ഒരിക്കൽ പോലും ആളിനെ കാണാനോ, സംസാരിക്കാനോ കഴിഞ്ഞിട്ടുമില്ല.

എങ്കിലും എപ്പോഴോ ഒരിക്കൽ ഒരു പരിചയക്കാരൻ വഴി ആ സത്യം അറിയാൻ കഴിഞ്ഞു.. സർ ഇപ്പോൾ സ്വന്തം നാട്ടിൽ തന്നെ ഉണ്ടെന്നും ഭാര്യയുടെയും കുട്ടികളുടെയും ഒപ്പമാണ് താമസമെന്നും…!!
പിന്നെ എന്തിന് വേണ്ടിയായിരുന്നു തന്നേക്കൂടി ഇങ്ങനെയൊരു നാടകത്തിലേക്ക് വലിച്ചിഴച്ചത് എന്ന് മാത്രമായിരുന്നു സംശയം.
അത് കേട്ട് വലിയ ഞെട്ടലൊന്നും തോന്നിയില്ല. എത്രയോ നാളുകൾക്ക് മുൻപേ താൻ ഊഹിച്ചെടുത്തത് സത്യമായിരുന്നു എന്നത് മാത്രമായിരുന്നു വലിയ തിരിച്ചറിവ്..

കമ്പ്യൂട്ടർ പഠിച്ചത് വലിയ അനുഗ്രഹമായി തോന്നിയത് അന്നായിരുന്നു. ടൗണിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിട്ട് ജോലി കിട്ടിയിട്ട് കുറെ നാളുകൾ ആയിരുന്നു. രണ്ട് വയറുകൾ പട്ടിണി കിടക്കാതിരിക്കാൻ സാറിനെ കാണാതായ ആദ്യ ആഴ്ചയിൽ തന്നെ എനിക്ക് ജോലി അത്യാവശ്യമായിരുന്നു. അങ്ങനെ ഒരുപാട് പേരോട് ചോദിച്ചും പറഞ്ഞുമാണ് ആ ജോലി നേടിയെടുത്തത്..

രാത്രി നേരത്ത് ഉറക്കം വരാതെ കിടക്കുമ്പോൾ ആദ്യം ചെന്നെത്തുന്ന ഓർമ്മകൾ തന്നെ ആദ്യമായി അമ്മേയെന്ന് വിളിച്ച ആ രൂപത്തിലാണ്. കരഞ്ഞു കുതിർത്തെടുത്ത തലയിണകൾ മാത്രമാണ് അന്ന് തന്റെ പ്രായശ്ചിത്തത്തെ തിരിച്ചറിഞ്ഞത്.
മരിക്കുന്നതിന് മുമ്പ് ആ മുഖം ഒന്ന് കൂടെ കാണണം. ആ തിരുനെറ്റിയിൽ ഒരു കുമ്പസാരചിഹ്നം പോലെ ഒരു മുത്തം കൊടുക്കണം. തനിക്ക് പറ്റിയ തെറ്റ് ഏറ്റു പറഞ്ഞു സമാധാനത്തോടെ അവിടെ നിന്ന് പടിയിറങ്ങണം..

മകൾക്ക് വിവാഹ പ്രായം ആയിരുന്നു. അവൾ പോലുമറിയാതെ ആയിരുന്നു മകനെപ്പറ്റിയുള്ള തന്റെ അന്വേഷണം മുഴുവനും..
ഒടുവിൽ തന്റെ പരിശ്രമത്തിന്റെ ഫലമായി അവനെ കുറിച്ചുള്ള വിവരങ്ങൾ മുഴുവനും അറിയാൻ കഴിഞ്ഞു.

അച്ഛൻ മരിച്ചിട്ട് നാല് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു !
പ്രായമായ അമ്മയോടൊപ്പമാണ് അവനും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും കഴിയുന്നത്..
ആ മുഖം ഒരിക്കൽ, ഒരൊറ്റ തവണ മാത്രം ഒന്ന് കാണാൻ ഹൃദയം വല്ലാതെ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു.

അവന്റെ നമ്പർ സംഘടിപ്പിച്ച് ഒരു ദിവസം പകൽ അങ്ങോട്ടേക്ക് വിളിക്കുമ്പോൾ മനസ്സിന് നല്ല ബലം കൊടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

തന്റെ കുഞ്ഞിന്റെ ശബ്ദം അന്ന് ആദ്യമായ് കേൾക്കുമ്പോൾ വല്ലാതെ പതറിപ്പോയി.
ഹലോ ഹലോ എന്ന് അവൻ ആവർത്തിച്ചാവർത്തിച്ചു വിളിച്ചു കൊണ്ടിരുന്നു. പിന്നെ ഫോൺ കട്ട് ചെയ്തു കളഞ്ഞു.

വീണ്ടും വിളിക്കുമ്പോൾ പ്രതീക്ഷ കൈ വിട്ടില്ല. ഇത്തവണ അവൻ ഫോൺ കട്ടാക്കുന്നതിനു മുൻപ് ചാടിക്കയറി വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.

“മോനെ ഇത് ഞാനാണ് നിന്റെ അമ്മ..”
പെട്ടെന്ന് മറുപുറത്ത് വലിയൊരു നിശബ്ദത തങ്ങി നിൽക്കുന്നത് അറിഞ്ഞു.

“അമ്മയോ.. ഏത് അമ്മ..? എന്റെ അമ്മ ഇപ്പോഴും എന്റെ കൂടെ ഉണ്ട്. നിങ്ങൾക്ക് നമ്പർ തെറ്റിയതാകും.”

അവൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്യാനൊരുങ്ങുമ്പോൾ നിലവിളിച്ചു കൊണ്ട് ഉച്ചത്തിൽ പറഞ്ഞു.

“മോനെ ഫോൺ വെയ്ക്കല്ലേ.. ഇത് നിന്നെ പ്രസവിച്ച നിന്റെ സ്വന്തം അമ്മയാണ്. എന്നോട് ക്ഷമിക്കണം.. ഈ അമ്മയ്ക്ക് തെറ്റ് പറ്റിപ്പോയതാണ്. ഞാൻ നിന്നോട് പൊറുക്കാൻ പറ്റാത്ത തെറ്റാണ് ചെയ്തത്. നീ എനിക്ക് മാപ്പ് തരില്ലേ മോനെ. ”

“എന്നെ പ്രസവിച്ച എന്റെ അമ്മയോ..? അവര് മരിച്ചു പോയിട്ട് കുറെ വർഷമായല്ലോ..! അപ്പൂപ്പൻ അവരുടെ ചാവടിയന്തിരോം നടത്തിയതാണല്ലോ..!
നിങ്ങൾക്ക് ആള് തെറ്റിയതായിരിക്കും. സോറി ഞാൻ വെക്കുവാണ്. എനിക്ക് സംസാരിക്കാൻ സമയമില്ല. പ്രത്യേകിച്ച് അപരിചിതരോട് ..”

അവൻ ഫോൺ കട്ട് ചെയ്യുക മാത്രമല്ല, സ്വിച്ച് ഓഫ്‌ ആക്കുകയും ചെയ്തു..

അതോടെ ഞാൻ തകർന്ന് തരിപ്പണമായി പോയി.. എല്ലാ പ്രതീക്ഷയും അവിടം കൊണ്ട് തീർന്നു.

പിന്നെ കുറെ നാളത്തേയ്ക്ക് ആ ആഗ്രഹം ഞാൻ മനഃപൂർവം നിർത്തി വെച്ചു.

മകൾക്ക് ഒരു ജോലി ശരിയായത് ആ ഇടയ്ക്കാണ്. ജോലി കിട്ടിയതിനു ശേഷം മതി കല്യാണം എന്ന് ഒരേ വാശിയിലായിരുന്നു അവൾ.. എങ്കിൽ അവളുടെ ഇഷ്ടം നടക്കട്ടെ എന്ന് കരുതി. പ്രൈവറ്റ് കമ്പനിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആയിട്ടാണ് അവൾ ജോലിക്ക് കയറിയത്.അതാകട്ടെ മറ്റൊരു നാട്ടിലും. എന്നും പോക്ക് വരവ് ബുദ്ധിമുട്ട് ആയത് കൊണ്ട് അവൾ അവിടെ തന്നെ ഒരു വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിൽ താമസിക്കാമെന്ന് തീരുമാനം എടുത്തു.അതോടെ ഒറ്റയ്ക്ക് ആയിപോയത് ഞാൻ ആയിരുന്നു. പഴയ ഓർമ്മകൾ കുത്തിനോവിക്കാൻ തുടങ്ങിയതോടു കൂടി വീണ്ടും ഇരിക്കപ്പൊറുതി ഇല്ലാതായി..
ദീപു മാത്രമായി മനസ്സ് നിറയെ.. മറ്റെല്ലാം ഞാൻ മറന്നു തുടങ്ങി.

ഒടുവിൽ രണ്ടും കല്പ്പിച്ചു സ്വന്തം നാട്ടിലേയ്ക്ക് ഒരു ഞായറാഴ്ച പുലർച്ചെ ബസ് കയറി. വഴികളും കടകളുമൊക്കെ വലിയ മാറ്റമില്ലാതെ തന്നെ ഉണ്ട്.. പഴയതിലും നല്ല തിരക്കേറിയിട്ടുണ്ട്. എങ്കിലും എന്ത് ധൈര്യത്തിലാണ് കയറി ചെല്ലുന്നത് എന്ന് സ്വയം ചോദിക്കാതിരുന്നില്ല.അതിന് ആകെ കൊടുക്കാനുള്ള മറുപടി ഞാൻ ഒരമ്മയാണ് എന്ന് മാത്രമായിരുന്നു..
ഒരമ്മ എന്നത് മാറ്റി നിർത്തിയാൽ സാധാരണ ഒരു മനുഷ്യ ജീവിയ്ക്ക് ഉണ്ടായേക്കാവുന്ന ഒരു തെറ്റ് തനിക്കും പറ്റി. അത് ക്ഷമിക്കാൻ കഴിയുമെങ്കിൽ ക്ഷമിച്ചു തരട്ടെ..

വർഷങ്ങൾക്ക് ശേഷം ആ വീടിന്റെ പടിവാതിൽക്കൽ വീണ്ടും എത്തുമ്പോൾ, ഉള്ളിൽ ആഞ്ഞുതറച്ച കുറ്റബോധത്തിന്റെ വിറയലോടെയാണ് അവൾ ഓരോ നിമിഷവും കാത്തു നിന്നത്.
വാതിൽ തുറന്നു പുറത്തേക്ക് നോക്കിയ ആളിനെ കണ്ട്
നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. അത് എന്റെ അമ്മയായിരുന്നു..!
കൺ പീലികളിൽ പോലും നര ബാധിച്ചിരുന്നു.
തന്റെ മുഖത്തേക്ക് നോക്കുന്ന രണ്ട് കണ്ണുകൾ വല്ലാതെ ജ്വലിക്കുന്നത് കണ്ടു.
പിന്നെ സാവകാശം അത് പൊട്ടിയൊഴുകുന്നതും..!

ഒന്നും മിണ്ടാതെ വെറുതെ നിന്നു. കണ്ണ് വറ്റി വരണ്ട് പോയിരുന്നു എത്രയോ നാളുകൾക്ക് മുൻപ്.
കുനിഞ്ഞ് ആ ചുളിഞ്ഞ കാൽപ്പാദത്തിൽ തൊട്ട് തൊഴുമ്പോൾ അതൊരു മാപ്പ് ചോദിക്കൽ മാത്രമായിരുന്നില്ല. ഹൃദയം അപ്പാടെ ആ കാൽക്കീഴിലേയ്ക്ക് ഇട്ട് കൊടുക്കുകയായിരുന്നു.

“അവനും പെണ്ണും കൊച്ചുങ്ങളും ഒന്നും ഇവിടെ അല്ല.. ഇവിടെ ഞാൻ തനിച്ചാണ്..”

തന്റെ ഉള്ളിലിരുപ്പ് അറിഞ്ഞത് പോലെയാണ് അമ്മ ശബ്ദിച്ചത്.

“എനിക്ക് മരിക്കുന്നതിന് മുൻപ് എങ്കിലും അവനെ ഒന്ന് കണ്ടാൽ മതി. ഒരു തവണ എങ്കിലും..”

നാണവും മാനവും മറന്ന് അമ്മയുടെ മുന്നിൽ കൈകൾ കൂപ്പി പൊട്ടിപ്പിളർന്നു കരഞ്ഞു.
അവരും ഒരമ്മയായിരുന്നല്ലോ..!!
മകൾ അപമാനപ്പെടുത്തി,
ഹൃദയം തകർത്ത ഒരു മകളുടെ അമ്മ..!!

കണ്ണട എടുത്തു മുഖത്ത് വെച്ചിട്ട് എവിടെയോ എഴുതി വെച്ചിരുന്ന അഡ്രസ്സും നമ്പറും പറഞ്ഞു തന്നിട്ട് അമ്മ കൂട്ടിച്ചേർത്തു.

“നീയാണെന്ന് അറിഞ്ഞാൽ അവൻ സംസാരിക്കാൻ കൂട്ടാക്കില്ല. നിന്നോട് അവന് അത്രയ്ക്ക് വൈരാഗ്യമാണ്..”

“അത് സാരമില്ല.. അവനെന്നെ ആട്ടി ഇറക്കിക്കോട്ടെ.. പക്ഷെ ഒരു തവണയെങ്കിലും എനിക്ക് അവനെ ഒന്ന് കാണണം. എന്നിട്ട് ആ കാലിൽ വീണു മാപ്പ് പറയണം. എന്നിട്ട് ഞാൻ സന്തോഷത്തോടെ മരിച്ചോളാം..”

അമ്മ ഒന്നും മിണ്ടാതെ ദൂരേയ്ക്ക് നോക്കി നിന്നതേയുള്ളൂ..

ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ തിരിഞ്ഞു നോക്കാൻ പേടിച്ചു..
അമ്മ അവിടെ തന്നെ നിൽപ്പുണ്ടാവുമോ,
അതോ വാതിൽ വലിച്ചടച്ചിട്ടുണ്ടാവുമോ..

കയ്യിലിരുന്ന മേൽവിലാസം കാണിച്ചാണ് ഓട്ടോയിൽ കയറിയത്.. ദൂരം ഒരുപാട് ഉണ്ടായിരുന്നു. എങ്കിലും സാരമില്ല.. ഇന്ന് എത്ര വൈകിയാലും അവനെ ഒന്ന് കണ്ടിട്ടേ തിരിച്ചു പോകുന്നുള്ളു..

പലരോടും ചോദിച്ചും പറഞ്ഞുമാണ് വീട് കണ്ടു പിടിച്ചത്..അവന്റെ പുതിയ ഇരു നില വീടിന്റെ മുൻപിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു.

കോളിങ് ബെൽ കേട്ട് വാതിൽ തുറന്ന ചെറുപ്പക്കാരിപ്പെണ്ണിനെ ഉറ്റു നോക്കി.
ഇതായിരിക്കുമോ അവന്റെ പെണ്ണ്.എന്താ ഒരേയൊരു മരുമകൾ..!
അവൾ നല്ല സുന്ദരി ആയിരുന്നു. തന്നെ തുറിച്ചു നോക്കി നിൽക്കുന്ന അവളോട് മെല്ലെ ചോദിച്ചു..

“മോളുടെ ഭർത്താവ് ഇവിടെ ഇല്ലേ.
ഒന്ന് വിളിക്കാമോ..”

“ആരാ.. എവിടുന്നാ.. ഏട്ടൻ ഇപ്പോൾ പുറത്ത് പോയിട്ട് എത്തീട്ടെ ഉള്ളൂ., കുളിക്കുവാണ്. കയറി ഇരിക്കൂ..”

ഓഹ് സമാധാനം.. ഒന്നിരിക്കാൻ പറയാനുള്ള നല്ല മനസ്സ് ഉണ്ടായല്ലോ.. പക്ഷെ ഇരുത്തിയിട്ട് പിന്നെ ഇറങ്ങിപ്പോകാൻ പറഞ്ഞാൽ അത് തനിക്ക് താങ്ങാൻ കഴിയില്ലല്ലോ..

“വേണ്ട മോളേ.. ഞാൻ ഇവിടെയെവിടെയെങ്കിലും നിന്നോളാം.”

“എങ്കിൽ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..ചായയാണോ കാപ്പിയാണോ വേണ്ടത്..”

“കുറച്ചു തണുത്ത വെള്ളം കിട്ടിയാൽ നന്നായിരുന്നു മോളേ..”

അവൾ അകത്തേയ്ക്ക് പോകുന്നത് നോക്കി നിന്നു.
അകവും പുറവും നന്നായി എരിയുന്നുണ്ട്. അതിന്റെ പുകച്ചില് തീരാൻ എത്ര വെള്ളം കുടിച്ചാലും മതിയാവില്ല.

അവൾ കൊണ്ട് തന്ന തണുത്ത നാരങ്ങാ വെള്ളം ആർത്തിയോടെയാണ് കുടിച്ചത്.
ഗ്ലാസ്‌ തിരികെ കൊടുത്തിട്ട് സാരിത്തുമ്പു കൊണ്ട് മുഖം തുടക്കുമ്പോഴാണ് ഒരനക്കം കേട്ടത്.

“ഏട്ടനെ കാണാൻ കുറെ നേരമായിട്ടു കാത്തു നിൽക്കുവാണ്. ഞാൻ ഇരിക്കാൻ പറഞ്ഞതാ. പക്ഷെ വേണ്ടെന്ന് പറഞ്ഞു.”

അവന്റെ കണ്ണുകൾ ഒരസ്ത്രം പോലെ തന്റെ നെഞ്ചിനു നേരെ പാഞ്ഞു വരുന്നതാണ് കണ്ടത്.

“നിങ്ങളാരാ, എന്തിനാ ഇവിടെ വന്നത്. ഞാൻ ഇതിന് മുൻപ് നിങ്ങളെ കണ്ടിട്ടില്ലല്ലോ.. എന്തെങ്കിലും സഹായം വേണോ.. രേഖ ആ അലമാരയിൽ നിന്ന് കുറച്ചു ക്യാഷ് എടുത്തു കൊടുത്തേരെ. എനിക്ക് കുറച്ചു തിരക്കുണ്ട്..”

അവൻ പെട്ടന്ന് തിരിഞ്ഞു നടക്കാൻ ഭാവിച്ചതും മോനെ… എന്നറിയാതെ ഞാൻ വിളിച്ചു പോയി..!

“ഞാൻ നിന്നെ ഒന്ന് കാണാൻ വേണ്ടി മാത്രം വന്നതാ. എനിക്ക് ആ ഒരു സഹായം മാത്രം ചെയ്തു തന്നാൽ മതി.”

അവൻ ചുവന്നു പോയ മുഖത്തോടെ തിരിഞ്ഞു നിന്നു.

“ഇപ്പോൾ കണ്ടല്ലോ. ഇനി പൊയ്ക്കൂടേ. എനിക്ക് ഇത്രയും നാളുകൾ കൊണ്ട് യാതൊരു കുഴപ്പവും വന്നിട്ടില്ല..അത് പോലെയാണ് എന്നെ എന്റെ അമ്മ വളർത്തിയത്..”

വാക്കുകൾ നഷ്ടപ്പെട്ട് വെറുതെ കണ്ണ് നീരൊലിപ്പിച്ചു നിൽക്കുന്ന എന്നെയും അരിശം പൂണ്ടു നിൽക്കുന്ന മകനെയും കഥയൊന്നുമറിയാതെ മരുമകൾ മാറി മാറി നോക്കുന്നുണ്ടായിരുന്നു.

“രേഖേ ഇവരെ പറഞ്ഞു വിട്ടിട്ട് ആ ഗേറ്റ് പൂട്ടിയേക്ക്. ഓരോരോ മാരണങ്ങൾ..”

“എന്റെ പൊന്ന് മോൻ അമ്മയോട് ക്ഷമിച്ചൂന്ന് ഒരു വാക്ക് പറയാതെ ഞാൻ ഇവിടുന്ന് എങ്ങോട്ടും പോകില്ല..”

രേഖ ഇത്തവണ ശരിക്കും ഞെട്ടി.
ഇത് ദീപുവേട്ടന്റെ സ്വന്തം അമ്മയാണോ. ഇവരാണോ ചെറുപ്പത്തിൽ സ്വന്തം മകനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സ്ത്രീ..
അവൾക്കും പെട്ടെന്ന് അവരോട് നീരസം തോന്നി..ഇപ്പോഴെന്തിനാണാവോ ഈ മടങ്ങി വരവും കാല് പിടുത്തവും..

“അമ്മയ്ക്ക് മരിച്ചാൽ പോലും ശാന്തി കിട്ടില്ലെടാ നീയെന്നോട് ക്ഷമിക്കാതെ. ഒരേയൊരു വാക്ക് മതി. ഞാൻ തിരിച്ചു പൊയ്ക്കോളാം..”

രേഖ ദീപുവിന്റെ അരികിൽ ചെന്ന് ആ ചുമലിൽ കയ്യമർത്തി.

“എനിക്ക് അവരെ കണ്ടിട്ട് എന്തോ വല്ലാത്ത പേടി തോന്നുന്നു ഏട്ടാ. അവരെന്തെങ്കിലും കടും കൈ ചെയ്താലോ. എന്തെങ്കിലും ഒന്ന് സംസാരിച്ചിട്ട് പറഞ്ഞു വിട്..”

“അതിന് അവരാരാണെന്ന് നിനക്ക് മനസ്സിലായില്ലേ.. ഞാൻ അവരെ ഇനി ഇവിടെ കേറ്റി താമസിപ്പിക്കണമെന്നാണോ..”

“എനിക്ക് എല്ലാം മനസ്സിലായി. പക്ഷെ അവരിപ്പോൾ ആകെ തകർന്ന അവസ്ഥയിലാണ്. ഏട്ടനവരോട് പൊറുത്തു എന്നൊരു വാക്ക് മിണ്ടിയാൽ അതോടെ അവരിവിടം വിട്ടു പൊയ്ക്കോളും. എന്തൊക്കെപ്പറഞ്ഞാലും ഏട്ടനെ പ്രസവിച്ച…”

പൂർത്തിയാക്കാൻ അവൻ അനുവദിച്ചില്ല.

“മതി.. കൂടുതൽ പറയണ്ട. ഞാൻ അനുഭവിച്ചതൊന്നും നിനക്ക് അറിയില്ലല്ലോ. ഞാൻ അനുഭവിച്ച അപമാനം, നാണക്കേട്, വേദന അതൊന്നും നിനക്ക് ഉണ്ടായിട്ടില്ലല്ലോ..”

രേഖ ഒന്നും മിണ്ടിയില്ല. എല്ലാം ശരിയാണ്.. താനുമായി വിവാഹം ഉറപ്പിക്കുന്നതിനു മുൻപ് തന്നെ തന്റെ വീട്ടുകാരോട് ഈ കാര്യമെല്ലാം ദീപു തുറന്നു സംസാരിച്ചിട്ടുള്ളതാണ്. പിന്നീട് മറ്റാരും ഇത് പറഞ്ഞറിയരുത് എന്നത് കൊണ്ട് മാത്രം..അന്ന് അയാൾ അത് പറയുമ്പോൾ അനുഭവിച്ച വേദനകൾ മുഴുവനും ആ മുഖത്തും സംസാരത്തിലും നിറഞ്ഞു നിന്നിരുന്നു.. അതിന്റെ യഥാർത്ഥ കാരണക്കാരിയാണ് ജീവിച്ചിരിക്കുന്ന ഒരു രക്ത സാക്ഷിയെ പോലെ ഇപ്പോൾ തങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്..!!

ദീപു മുന്നോട്ട് നാലഞ്ചടി നടന്ന് എനിക്ക് നേരെ തലയുയർത്തി നിന്നു..
എന്നിട്ട് ലേശം ഉച്ചത്തിൽ തന്റെ നെഞ്ചിൽ തട്ടിക്കൊണ്ടാണ് പറഞ്ഞത്.

“ദേ, ശരിക്കും കണ്ടോ.. ഈ നിൽക്കുന്നതാണ് ദീപു ദേവദത്തൻ.. വളരെ പണ്ട് എനിക്ക് ഒരച്ഛനും അമ്മയും ഉണ്ടായിരുന്നു. അച്ഛൻ മരിച്ചു പോയി. പിന്നെ കുറെ നാളുകൾക്ക് ശേഷം അമ്മയും..! പിന്നീട് എന്റെ അപ്പൂപ്പനും അമ്മൂമ്മയും കൂടിയാണ് എന്നെ വളർത്തി ഈ നിലയിലാക്കിയത്.
അപ്പൂപ്പനും മരിച്ചു പോയി. ഇപ്പോൾ എനിക്ക് ആകെയുള്ളത് എന്റെ അമ്മൂമ്മയും, പിന്നെ ദേ എന്റെ എല്ലാമെല്ലാമായ ഇവളും രണ്ടു കൊച്ചു പിള്ളേരും മാത്രമേയുള്ളൂ..
ഇനി ഈ കൊച്ചു സ്വർഗ്ഗത്തിലേയ്ക്ക് അധികപ്പറ്റായോ, ഒരു കട്ടുറുമ്പായോ പോലും ആരെയും കുത്തിക്കേറ്റാൻ ഞാനൊട്ട് ഉദ്ദേശിക്കുന്നുമില്ല..
എന്താ പോരെ.. ഇനി നിങ്ങൾക്ക് പോകരുതോ.”

മകന്റെ മുന്നിൽ നിന്നുരുകിയൊലിച്ചില്ലാതെയായി..
അവിടെ എവിടെയെങ്കിലും ബോധക്ഷയം വന്നു വീണു പോകുമോ എന്ന് പോലും ഞാൻ ഭയന്നു..

കേട്ടിടത്തോളം തൃപ്തിയായത് പോലെ ഞാൻ പെട്ടന്ന് തിരിഞ്ഞു നടന്നു.
ഒന്ന് പിന്തിരിഞ്ഞു പോലും നോക്കാതെ, എന്തിനെയോ കണ്ടു ഭയന്നത് പോലെ തിടുക്കത്തിൽ പുറത്തോട്ട് നടക്കുമ്പോൾ ആകാശത്ത് സൂര്യൻ അസ്തമിച്ചിട്ടുണ്ടായിരുന്നു…
വീണ്ടുമൊരു ഉദയം കാണാനാശയില്ലാതെ,കെൽപ്പില്ലാതെ ഞാൻ ഇരുട്ട് കനത്ത നിരത്തിലെ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലേയ്ക്ക് പതിയെ നടന്നു കയറി..!!

അമ്മ റോഡിലെ വാഹനങ്ങൾക്ക് മുന്നിലേക്ക് വികാരഭരിതയായി നടന്നു പോകുന്നത് കണ്ട് പേടിയോടെ അവൾ ഭർത്താവിന്റെ കയ്യിൽ അമർത്തി പിടിച്ചു.

“ഇത്രയും വേണ്ടിയിരുന്നില്ല..
മനുഷ്യനല്ലേ.. ആർക്കാണ് തെറ്റ് പറ്റാത്തത്. അവർക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ കുറ്റബോധം നമ്മളെ ഒരിക്കലും പിന്തുടരരുത്…”

അവൻ ഒന്നമർത്തി മൂളിയിട്ട് മെല്ലെ പുറത്തേക്ക് നടന്നു.
ചീറിപ്പായുന്ന വാഹനങ്ങളെ തീരെ ഗൗനിക്കാതെ അലസമായി നടന്നു പോകുന്ന ആ നിഴലിന്റെ ഒപ്പമെത്താൻ
അവൻ കുറച്ചു പാടുപെട്ടു.
പക്ഷേ, അവൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയോ എല്ലാം മാപ്പാക്കുകയോ ചെയ്യുന്നില്ല.

പകരം, അവൻ വളരെ ശാന്തനായി പറഞ്ഞു

“എനിക്ക് നിങ്ങളോട് ക്ഷമിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല…
കളഞ്ഞുപോയ എന്റെ ബാല്യവും അനുഭവിച്ച പരിഹാസങ്ങളും എനിക്ക് മറക്കാൻ ഒരിക്കലും കഴിയുകയുമില്ല.
പക്ഷേ, ഒരു മകനായി എനിക്ക് നിങ്ങളെ അപകടത്തിലേക്ക് തള്ളിവിടാനും കഴിയില്ല.”

ചുമലിൽ ഇരുന്ന മകന്റെ കൈകൾക്ക് വല്ലാത്ത ഭാരം തോന്നുന്നുണ്ടായിരുന്നു. പിടിച്ചു മാറ്റാനോ, അവനെ അവഗണിച്ചു കടന്നു പോകാനോ എന്തുകൊണ്ടോ കഴിഞ്ഞില്ല.
കാലം കൊണ്ടുള്ള മുറിവുകൾ പതുക്കെ ഉണങ്ങുമെന്ന പ്രതീക്ഷയോടെ, പൂർണ്ണമായി അടുത്തില്ലെങ്കിലും ഒരു പുതിയ തുടക്കത്തിനായി അവൻ എന്നെ തുറന്നു കിടന്ന വീടിനുള്ളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുമ്പോൾ ഈ നിമിഷം മരിച്ചാലും വേണ്ടില്ലെന്ന് എനിക്ക് തോന്നി..

✍️ശാലിനി

Leave a Reply

Your email address will not be published. Required fields are marked *